ലീഗിന് വെല്ലുവിളിയില്ലാത്ത കാസർകോട്

Election Desk

ഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം ലീഗിലെ എൻ.എ. നെല്ലിക്കുന്ന് ജയിച്ച കാസർകോട്ട് ഇത്തവണയും ലീഗിന് വെല്ലുവിളികളില്ല. 2011ൽ 9738 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയിലെ ജയലക്ഷ്മി എൻ. ഭട്ടിനെ തോൽപ്പിച്ച നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 2016ൽ 8607 ആയി കുറഞ്ഞു. രവീശ തന്ത്രി ആയിരുന്നു ബി.ജെ.പി സ്ഥാനാർഥി. രണ്ടുതവണയും എൽ.ഡി.എഫിലെ ഐ.എൻ.എൽ സ്ഥാനാർഥി മൂന്നാമതായി. ഇത്തവണയും ഇതേ പറ്റേണിൽ തന്നെയാകും ജനവിധി.

നെല്ലിക്കുന്ന്​ തന്നെയാണ്​ ലീഗ് സ്ഥാനാർഥി. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്​ എൽ.ഡി.എഫ് സ്ഥാനാർഥി. അഭിഭാഷകനായ കെ. ശ്രീകാന്താണ്​ ബി.ജെ.പി സ്ഥാനാർഥി.

ഐ.എൻ.എൽ പ്രവാസി സംഘടനയായ ഐ.എം.സി.സിയുടെ യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയാണ് ലത്തീഫ്. 30 വർഷമായി പ്രവാസജീവിതം നയിച്ച അദ്ദേഹം പത്തുവർഷം മുമ്പാണ് തിരിച്ചെത്തിയത്.
എൻ.എ. നെല്ലിക്കുന്നും പ്രവാസിയായിരുന്നു. യു.എ.ഇയിൽ ഒരു ഓട്ടോമെബൈൽ സ്ഥാപനത്തിൽ ജോലി ചെയ്ത അദ്ദേഹം 1984ലാണ് നാട്ടിലേക്കു മടങ്ങിയത്. ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം കൾചറൽ സെന്റർ പ്രസിഡന്റുമായിരുന്നു.

നെല്ലിക്കുന്നിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പുകയുന്ന വിവാദം കെട്ടടങ്ങിയിട്ടില്ല. ലീഗ് ജില്ലാ പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ ടി.ഇ. അബ്ദുള്ളയുടെ പേര് വെട്ടിയാണ് പട്ടികയിൽ നെല്ലിക്കുന്നിന്റെ പേര് ചേർത്തതെന്നാണ് പരാതി. വെട്ടിത്തിരുത്തിയ ലിസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ നേർക്കുള്ള സ്ഥാനാർഥികളുടെ പേരിൽ, കാസർകോടിനുനേരെ ടൈപ്പ് ചെയ്തിരുന്ന പേര് വെട്ടി പകരം നെല്ലിക്കുന്നിന്റെ പേര് പേന കൊണ്ട് എഴുതിച്ചേർത്ത നിലയിലുള്ള ലിസ്റ്റാണ് പ്രചരിക്കുന്നത്. പത്തുവർഷം മുമ്പും മണ്ഡലത്തിൽ അബ്ദുള്ളയുടെ പേര് പരിഗണിച്ച ഘട്ടത്തിലാണ് ഐ.എൻ.എൽ വിട്ടുവന്ന നെല്ലിക്കുന്ന്, ലീഗ് നേതൃത്വത്തിന്റെ ആശീർവാദത്തോടെ സ്ഥാനാർഥിയായത്.

ലീഗിന്റെ സിറ്റിങ് സീറ്റ്. 1977നുശേഷം തുടർച്ചയായി ലീഗിനാണ് ജയം. 2016ൽ ബി.ജെ.പിയുമായി അതിശക്തമായ മത്സരമായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.

നെല്ലിക്കുന്ന് 64,727 വോട്ട് നേടിയപ്പോൾ എൻ.ഡി.എയുടെ കെ. രവീശ തന്ത്രിക്ക് 56,120 വോട്ട് ലഭിച്ചു. എൽ.ഡി.എഫിന്റെ എ.എ. അമീന് 21,615 വോട്ടാണ് ലഭിച്ചത്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പാണ് നെല്ലിക്കുന്ന് ഐ.എൻ.എൽ വിട്ട് ലീഗിലെത്തിയത്. ഇതേതുടർന്നാണ് കഴിഞ്ഞ രണ്ട് തവണയും ലീഗ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്.

രണ്ടാം സ്ഥാനത്തെത്താനുള്ള സാധ്യത പോലും അടഞ്ഞതിനെതുടർന്ന് ഇത്തവണ ഉദുമയോ കാഞ്ഞങ്ങടോ വേണമെന്നായിരുന്നു ഐ.എൻ.എല്ലിന്റെ ആവശ്യം. 2006 മുതൽ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഐ.എൻ.എല്ലിനാണ് എൽ.ഡി.എഫ് ഈ മണ്ഡലം നൽകുന്നത്. എന്നാൽ, ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ രവീശ തന്ത്രി പാർട്ടിയുമായി അകന്നുനിൽക്കുകയാണ്. താൻ ഇത്തവണ മത്സരംഗത്തുണ്ടാകില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഭിന്നത രൂക്ഷമായത്. കെ. ശ്രീകാന്തിനെ ജില്ലാ പ്രസിഡന്റാക്കിയതിനെതിരെ രവീശ തന്ത്രി പ്രതിഷേധിച്ചിരുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം വേണ്ടത്ര രീതിയിൽ പ്രവർത്തിച്ചില്ലെന്നു കാണിച്ച് രവീശ തന്ത്രി കത്തുനൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.


Comments