കാസർക്കോട്ടെ ചന്ദ്രഗിരി പാലം

കെ റെയിലിലെ കെ യും കാസർകോടും

കാസർകോടിന്​ ആദ്യം വേണ്ടത് അതിവേഗം സഞ്ചരിക്കാനാവുന്ന പാതകളല്ല. ആ പാതകളിൽ നാളെയെന്നെങ്കിലും സഞ്ചരിച്ചേക്കാവുന്ന മനുഷ്യരെ ഇന്ന് നിലനിർത്താനുള്ള സംവിധാനങ്ങളാണ്.

കാസർകോട്ടുകാർക്ക് അതിവേഗം തിരുവനന്തപുരത്ത് എത്താനാണ് സിൽവർ ലൈൻ പാത എന്നാണല്ലോ എല്ലാവരും പറയുന്നത്. തിരുവനന്തപുരത്തുകാർക്ക് അത്രയും സമയം കൊണ്ട് കാസർകോട്ടുമെത്താം എന്നിരിക്കെ ഈ ആവശ്യത്തെ കാസർകോട്ടിനു മേൽ കെട്ടിവെക്കുന്നതിന്റെ താല്പര്യമെന്തായിരിക്കും എന്നാലോചിക്കുന്നത് വെറുതെയാവില്ല.

പതിനാലു ജില്ലകളിൽ ഒന്നാണെങ്കിലും തിരുവനന്തപുരത്തിന് മറ്റു ജില്ലകൾക്കില്ലാത്ത ഒരധിക ഭാഗ്യമുണ്ട് - നാടിന്റെ തലസ്ഥാന നഗരം അവിടെയാണ് എന്ന ബലം. ഓരോരോ കാര്യങ്ങൾ സാധിച്ചു കിട്ടാനായി കാസർക്കോട്ടുകാരടക്കമുള്ള ‘വടക്കർ’ തെക്കോട്ടു പോകേണ്ടത് മുമ്പൊക്കെ ഒഴിവാക്കാനാവാത്ത ഒരാചാരമായിരുന്നു. ഒറ്റക്കാലിൽ നിന്ന്​ ഉറക്കമൊഴിഞ്ഞും മാവേലിയിലും മലബാറിലുമൊക്കെ കയറി നടത്തേണ്ടി വരുന്ന ആ സഹനയാത്ര കഴിയുന്നതും ഒഴിവാക്കാൻ അവർ ശ്രമിച്ചിരുന്നെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ഭരണചക്രം തിരിയുന്നത് അവിടെയാണല്ലോ! എക്കാലത്തും അനന്തപുരിയിലെത്തുന്ന കാസർകോട്ടുകാരുടെ എണ്ണം വളരെ പരിമിതവുമായിരുന്നു. രാഷ്ട്രീയക്കാരും അധികാര ദല്ലാളൻമാരുമായിരുന്നു അധികം. അധികാര വികേന്ദ്രീകരണ ശ്രമങ്ങൾ ഏതാണ്ടു നടപ്പിലായപ്പോൾ കാസർക്കോട്ടുകാരടക്കമുള്ള ഇതര ജില്ലക്കാർക്ക് തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യം കുറഞ്ഞുവന്നു. അപ്പോഴും സർക്കാർ ഉദ്യോഗസ്ഥരായും മൂകാംബികാ സന്ദർശകരായുമൊക്കെ നിരവധി തിരുവനന്തപുരം നിത്യേനയെന്നോണം കാസർക്കോട്ടും അതുവഴി കർണാടകയിലേക്കും പോകുന്നുണ്ടായിരുന്നു. പല പേരിൽ നടത്തപ്പെടുന്ന കേരള യാത്രാ മഹാമഹങ്ങൾക്കായി വർഷം തോറും സകല രാഷ്ട്രീയ നേതാക്കൾക്കും ഇവിടെ എത്തേണ്ടിയുമിരുന്നു.

കാസർഗോഡ് മെഡിക്കൽ കോളേജിലെ അക്കാഡമിക് ബ്ലോക്കിൽ പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രി / Photo: twitter, Shailaja Teacher

തീവണ്ടി തന്നെയാണ് തെക്കുവടക്കു യാത്രയ്ക്ക് കാസർക്കോട്ടുകാർക്കും ഇഷ്ടം. സാധാരണ റിസർവേഷൻ കോച്ചുകളിലും സെക്കൻറ്​ ക്ലാസിലുമായി യാത്ര ചെയ്യുന്നത് അവരുടെ വിനയത്തിന്റെ അടയാളമായി കാണേണ്ടതില്ല. എ.സി. കോച്ചിൽ അങ്ങോട്ടുമിങ്ങോട്ടും സൗകര്യത്തിൽ യാത്ര ചെയ്യാൻ പാവങ്ങളുടെ കീശ സമ്മതിക്കാത്തതു കൊണ്ടാണ്. രാജധാനി എന്ന പേരിലോടുന്ന ‘വലിയവരുടെ’ വണ്ടിയിൽ കയറിയ കാസർക്കോട്ടുകാർ വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും.

എന്തിനാണ് കാസർകോട്ടുകാർ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്? സ്ഥലങ്ങൾ കാണാനും വിനോദിക്കാനും വേണ്ടി പോകുന്നവരും ജോലിയാവശ്യം പോവുന്നവരും കഴിഞ്ഞാൽ ആർ.സി.സിയിലും മറ്റു ആശുപത്രികളിലും ചികിത്സ തേടിപ്പോകുന്നവരാണ് അധികം. ഒരു മണിക്കൂറിൽ താഴെ യാത്ര ചെയ്താൽ എത്തുന്ന വലിയൊരു ഹോസ്പിറ്റൽ ഹബ് ആയ മംഗലാപുരം അടുത്തുണ്ടായിരുന്നിട്ടും ഒരു ദൂരയാത്രക്ക് അവർ നിർബന്ധിക്കപ്പെടുന്നത്​ സാമ്പത്തിക കാരണങ്ങളാലാണ് എന്ന് ആർക്കും മനസ്സിലാവും. മലബാർ കാൻസർ സെന്ററിനെ ഇനിയും മികച്ച ചികിത്സാലയമാക്കി മാറ്റിയെടുത്താൽ ഉത്തര കേരളത്തിന് വലിയൊരു സഹായമാകും. പരിയാരം മെഡിക്കൽ കോളേജും കണ്ണൂർ മെഡിക്കൽ കോളേജും ഇതുവരെ ബാലാരിഷ്ടതകൾ പിന്നിട്ടിട്ടില്ല. കാസർക്കോട്ടുകാരുടെ നിരന്തര സമരത്തിന്റെ ഫലമായി അനുവദിക്കപ്പെട്ട മെഡിക്കൽ കോളേജിന്റെ കഥ പറയാതിരിക്കുന്നതാണ് ഭേദം. സ്വന്തം നാട്ടിൽ തന്നെ മികച്ച ചികിത്സ കിട്ടുകയാണ്, തിരുവനന്തപുരത്തേക്കുള്ള യാത്ര വേഗത്തിലാകുകയല്ല കാസർക്കോട്ടുകാർക്ക് വേണ്ടത്. ആർ.സി.സിയിലേക്കുള്ള യാത്രയ്ക്ക് നിലവിൽ റെയിൽവേ അനുവദിക്കുന്ന യാത്രാ ഇളവ് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് വലിയൊരു അനുഗ്രഹമാണ്. അതിവേഗപ്പാതയിലോടുന്ന വണ്ടികളിൽ അങ്ങനെയൊരു സൗജന്യം പ്രതീക്ഷിക്കാനാവുമോ?

കെ-റെയിൽ വന്നാൽ ഉണ്ടാവാനിടയുള്ള പാരിസ്ഥിതാകാഘാതം ഏറ്റവും ബാധിക്കാനിടയുള്ള രണ്ടു ജില്ലകൾ കാസർക്കോടും കണ്ണൂരുമായിരിക്കും.

മാരക കീടനാശിനിയായ എൻഡോസൾഫാൻ ദുരന്തം വിതച്ച മണ്ണാണ് കാസർകോട്. സർക്കാർ സ്ഥാപനത്തിന്റെ മുൻകൈയിൽ നടന്ന ആ കടുത്ത അക്രമത്തിൽ ജീവനറ്റ ശരീരങ്ങളായി കിടന്നു നരകിക്കുന്ന നൂറുകണക്കിന് സാധു മനുഷ്യർ ഇവിടെയുണ്ട്. അവർക്കു നല്ല ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനായിട്ടില്ല. വംശനാശത്തിലേക്കടുത്തു കൊണ്ടിരിക്കുന്ന ആദിമ ജനവിഭാഗങ്ങളിവിടെയുണ്ട്. അവരെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള കുറ്റമറ്റ സംവിധാനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല.

കാസർക്കോടിന്​ ആദ്യം വേണ്ടത് അതിവേഗം സഞ്ചരിക്കാനാവുന്ന പാതകളല്ല. ആ പാതകളിൽ നാളെയെന്നെങ്കിലും സഞ്ചരിച്ചേക്കാവുന്ന മനുഷ്യരെ ഇന്ന് നിലനിർത്താനുള്ള സംവിധാനങ്ങളാണ്. കെ-റെയിൽ വന്നാൽ ഉണ്ടാവാനിടയുള്ള പാരിസ്ഥിതാകാഘാതം ഏറ്റവും ബാധിക്കാനിടയുള്ള രണ്ടു ജില്ലകൾ കാസർക്കോടും കണ്ണൂരുമായിരിക്കും. കൂറ്റൻ മതിലായി പാതയൊരുക്കാൻ വേണ്ടി വരുന്ന മണ്ണും പാറയും ഏറ്റവും കൂടുതൽ, ഏറ്റവും എളുപ്പം ലഭിക്കാനിടയുള്ളത് ഇവിടെയാണല്ലോ. ദേശീയപാത വികസനത്തിന്​ ഇപ്പോൾത്തന്നെ ലോറിയിൽ കയറാൻ കാത്തു നിൽക്കുന്ന കുന്നുകളിൽ ബാക്കിയാവുന്നവയും ഇല്ലാതാവും എന്നതുറപ്പാണ്.

വലിയ ത്യാഗങ്ങളും നഷ്ടങ്ങളും സഹിച്ചു തന്നെയാണ് ഇക്കാണുന്ന വികസനമൊക്കെ ഉണ്ടായത് എന്ന് കാസർകോട്ടുകാർക്കും അറിയാം. എന്നാൽ ആ വികസനം ദൂരേ നിന്ന് നോക്കിക്കാണാനേ അവർക്ക് വിധിയുണ്ടായുള്ളൂ. മികച്ച വിദ്യാലയങ്ങളും ചികിത്സാലയങ്ങളും തൊഴിൽ സ്ഥാപനങ്ങളും ഇന്നാട്ടിൽത്തന്നെയുണ്ടാവണം എന്ന് മറ്റേതു ദേശക്കാരേയും പോലെ കാസർക്കോട്ടുകാരും ആഗ്രഹിക്കുന്നുണ്ട്. ഇവിടെയുള്ള മികച്ച കലാശാലകളും ചികിത്സാലയങ്ങളും തൊഴിൽ കേന്ദ്രങ്ങളും തേടി തെക്കുനിന്ന് വരുന്ന വണ്ടികളെ തൽക്കാലം സ്വപ്നം കാണുന്നില്ല. അപ്പോഴും പിറകിലായിപ്പോയ ഒരു ദേശം സ്വന്തം കാലിൽ നിൽക്കാനാവുന്ന നാളുകൾ സ്വപ്നം കാണുന്നുണ്ട്. അവയ്ക്കായിരിക്കണം പ്രഥമ പരിഗണന. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments