ഓട്ടോറിക്ഷ പിടിച്ചുവെച്ച് ഡ്രൈവറെ
മരണത്തിലേക്ക് തള്ളിവിട്ട പോലീസ്

പൊതുജനത്തിനും യാത്രക്കാർക്കും മാർഗ തടസ്സമുണ്ടാക്കി എന്ന കുറ്റം ചുമത്തി കാസർഗോഡ് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ നാല് ദിവസം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാത്തതിൽ മനം നൊന്ത് അബ്ദുൽ സത്താർ എന്ന ഡ്രൈവർ ജീവനൊടുക്കി. പിഴയടച്ച് ഓട്ടോ വിട്ടുകൊടുക്കാൻ ഡി.വൈ.എസ്.പി നിർദേശം നൽകിയിട്ടും അത് ചെവികൊള്ളാതെ എസ്‌.ഐ പല കാരണം പറഞ്ഞ് ഓട്ടോ വിട്ടുകൊടുക്കാതെ സ്റ്റേഷനിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. സംഭവം ക്രൈബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അറിയിച്ചിട്ടുണ്ട്.

News Desk

‘‘എന്റെ ഓട്ടോറിക്ഷ പൊലീസ് പിടിച്ചു വെച്ചിട്ട് ഇന്നേക്ക് നാല് ദിവസമായി. ഞാൻ എങ്ങനെ ജീവിക്കും, എന്റെ വീടിപ്പോൾ പട്ടിണിയാണ്. എനിക്ക് വീടില്ല, വാടകയ്ക്ക് താമസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യുകയാണ്’’- ഇങ്ങനെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞ ശേഷമാണ് കാസർഗോഡ് നഗരത്തിൽ ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തിയിരുന്ന അറുപതുകാരനായ അബ്ദുൽ സത്താർ തന്റെ വാടകമുറിയിൽ തൂങ്ങിമരിച്ചത്. പൊതുജനത്തിനും യാത്രക്കാർക്കും മാർഗ തടസ്സമുണ്ടാക്കി എന്ന കുറ്റം ചുമത്തി കാസർഗോഡ് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ നാല് ദിവസം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാത്തതിൽ മനം നൊന്താണ് അബ്ദുൽ സത്താർ പൊലീസ് തന്നെ പീഡിപ്പിക്കുന്നെന്നും കുടുംബം പട്ടിണിയിലാണെന്നും വെളിപ്പെടുത്തി ജീവിതം അവസാനിപ്പിച്ചത്.

കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി സ്വദേശിയായ അബ്ദുൽ സത്താർ മൂന്ന് വർഷമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. നിത്യേന 250 രൂപയ്ക്ക് വാടകയ്‌ക്കെടുത്താണ് കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നത്. മരിക്കുന്നതിന് നാല് ദിവസം മുമ്പ് വൈകീട്ട് 5.55-ഓടെ കാസർഗോഡ് നെല്ലിക്കുന്ന് ഗീത ജംഗ്ഷൻ റോഡിൽ വെച്ച് അബ്ദുൽ സത്താർ ഓടിച്ച കെ.എൽ 14 എ.ഡി 9971 നമ്പർ ഓട്ടോറിക്ഷ പൊതുജനങ്ങൾക്കും യാത്രക്കാർക്കും മാർഗതടസ്സമുണ്ടാക്കുന്ന വിധം റോഡിന്റെ മധ്യത്തിൽ നിർത്തിയെന്ന കുറ്റം ചുമത്തിയാണ് ബി എൻ എസ് എസ് ആക്ട് 35/3 പ്രകാരം നോട്ടീസ് നൽകി പോലീസ് കസ്റ്റഡിയിലെടുത്തത്.

വായ്പയെടുത്താണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും കരഞ്ഞുപറഞ്ഞ് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും എസ്ഐ അനൂപ് ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഓട്ടോ ഓടിച്ചാൽ മാത്രം കുടുംബം പുലരുന്ന അബ്ദുൽ സത്താർ സുഹൃത്തുക്കളായ മറ്റ് ഡ്രൈവർമാരെയും കൂട്ടി കാസർഗോഡ് ഡിവൈ എസ്.പി സി.കെ. സുനിൽകുമാറിന്റെ ഓഫീസിൽ നേരിട്ട് ചെന്ന് പരാതി പറഞ്ഞു. തുടർന്ന് പിഴയടച്ച് ഓട്ടോ വിട്ടുകൊടുക്കാൻ ഡി.വൈ.എസ്.പി നിർദേശം നൽകി. എന്നാൽ നിർദേശം ചെവികൊള്ളാതെ എസ്‌.ഐ പലകാരണങ്ങൾ പറഞ്ഞ് ഓട്ടോ വിട്ടുകൊടുക്കാതെ സത്താറിനെ സ്റ്റേഷനിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഓട്ടോ വിട്ടുകൊടുക്കാതായപ്പോഴാണ് അബ്ദുൽ സത്താർ ഫേസ്ബുക്ക് ലൈവിൽ തനിക്ക് നേരിട്ട അനീതി തുറന്നുപറഞ്ഞ് എസ്.ഐ അനൂപിനെ പേരെടുത്ത് വിമർശിച്ച്, തിങ്കളാഴ്ച വൈകീട്ടോടെ ജീവനൊടുക്കിയത്.

അബ്ദുൽ സത്താർ സംഭവം വിവരിക്കുന്നതിങ്ങനെ: ‘‘യാത്രക്കാരുമായി പോകുന്നതിനിടെ ഷാജിയെന്ന ഹോം ഗാർഡ് വന്ന് മുന്നോട്ടുപോകാൻ പാടില്ലെന്ന് പറഞ്ഞു. ആ റോഡ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങൾക്ക് മുന്നിലോട്ടും പിറകിലോട്ടും പോകാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഹോം ഗാർഡ് എസ്.ഐയെ വിളിച്ചു. പിന്നാലെ എസ്.ഐ ഓട്ടോയുടെ താക്കോൽ എടുത്തുകൊണ്ടു പോയി. വണ്ടിയിലുള്ളവർ പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ചോദിച്ചെത്തിയ എനിക്കെതിരെ ഏതാനും വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു''. പിന്നീട് ഓട്ടോ വിട്ടുകിട്ടാൻ നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയും പൊലീസിനോട് കെഞ്ചിപ്പറയുകയും ചെയ്‌തെങ്കിലും ഇന്ന് വാ നാളെ വാ എന്നും പറഞ്ഞ് പൊലീസ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അബ്ദുൽ സത്താർ ആരോപിക്കുന്നു.

വാടക വീട്ടിൽ കഴിയുന്ന ഹൃദ്രോഗി കൂടിയായൊരു സാധാരണക്കാരനെയാണ് പൊലീസിന്റെ അമിതാധികാരം ആത്മാഹത്യയിലേക്ക് തള്ളിവിട്ടത്. അബ്ദുൽ സത്താറിന്റെ മരണത്തെ തുടർന്ന് കാസർഗോട്ടെ ഓട്ടോ തൊഴിലാളികൾ പണിമുടക്കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൊലീസ് അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ഡ്രൈവർമാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനെ തുടർന്ന് എസ്‌ഐ അനൂപിനെ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കാസർകോട് ഡി.വൈ.എസ്.പി പ്രശ്ന പരിഹാരത്തിനായി ഡ്രൈവർമാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്‌ഐ അനൂപിനെതിരെ നടപടി. സംഭവം ക്രൈബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അറിയിച്ചു.

60 വയസ്സായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് കാസർഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.

Comments