കേരളത്തിന്റെ ഏറ്റവും വടക്ക് ചന്ദ്രഗിരിപ്പാലത്തിന് അപ്പുറം കർണാടകയോട് അതിർത്തി പങ്കിടുന്ന മഞ്ചേശ്വരവും കാസർഗോഡും ഇപ്പുറം ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ, പയ്യന്നൂർ, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് കാസർഗോഡ് ലോക്‌സഭാ മണ്ഡലം.
ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ കേരളത്തിലെ ഏറ്റവും പിന്നാക്ക ജില്ല എന്നറിയപ്പെടുന്ന കാസർഗോഡ്, ലോക്‌സഭാ മണ്ഡലം പിറന്നത് ഐക്യകേരളം ഉണ്ടായതിന്റെ പിറ്റേ വർഷം, 1957- ൽ. അതായത് രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പ്. മണ്ഡല രൂപീകരണശേഷം നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് തവണയൊഴിച്ച് ഇടതിനൊപ്പമായിരുന്നു കാസർഗോഡ്. മൂന്ന് തവണ മാത്രമാണ് കോൺഗ്രസിന് ജയം രുചിക്കാനായത്.
കണ്ണൂരു പോലെ കാസർഗോഡിന്റെയും ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്നത് ആയില്യത്ത് കുറ്റിയാരി ഗോപാലൻ എന്ന എ കെ ജിയിൽ നിന്നാണ്. സ്വതന്ത്രനായി മത്സരിച്ച ബി. അച്യുത ഷേണായിയെ 5,145 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് എ.കെ. ഗോപാലൻ കാസർഗോഡിന്റെ ആദ്യ എം.പിയായി. 1962- ലും സി പി ഐ സ്ഥാനാർത്ഥിയായി എ.കെ.ജി തന്നെ മത്സരിച്ചു. 83,363 വോട്ടിലേക്ക് ലീഡ് ഉയർത്തി എ.കെ.ജി വീണ്ടും കാസർഗോഡിന്റെ എം.പിയായി.
കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം നടന്ന 1967 ലെ പൊതുതെരഞ്ഞെടുപ്പിലും എ.കെ.ജി തന്നെ കാസർഗോഡ് ഇടതിന്റെ സ്ഥാനാർത്ഥി. സി പി എമ്മിന് അതൊരു അഭിമാന പോരാട്ടമായിരുന്നു. സി പി എം ടിക്കറ്റിൽ മത്സരിച്ച എ.കെ.ജിക്ക് ഒരു ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നൽകി കാസർഗോഡ് ഒരു കമ്യൂണിസ്റ്റ് കോട്ടയാണെന്ന് ഉറപ്പിച്ചു. മണ്ഡല ചരിത്രത്തിൽ ഇന്നേവരെ തകർക്കാനാവാത്ത ഭൂരിപക്ഷമായിരുന്നു അത്. 1957 മുതൽ 1971 വരെ കാസർഗോഡിനെ ആർക്കും തകർക്കാനാവാത്ത ചെങ്കോട്ടയാക്കി എ.കെ.ജി.
1972- ൽ പക്ഷെ ആ കമ്യൂണിസ്റ്റ് കോട്ട ഒരു കെ.എസ്.യുക്കാരൻ പൊളിച്ചു. കോൺഗ്രസ് എസ് നേതാവും ഇപ്പോൾ മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ആയിരുന്നു അത്. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു കടന്നപ്പള്ളി. എ.കെ.ജി മാറിയ ഒഴിവിലേക്ക് അന്ന് ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ച ഇ.കെ. നായനാരെ തോൽപ്പിച്ചാണ് രാമചന്ദ്രൻ കടന്നപ്പള്ളി എന്ന ചെറുപ്പക്കാരൻ അന്ന് ഇടതുകോട്ട തകർത്തത്. 28,404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കടന്നപ്പള്ളിയുടെ കന്നി ജയം.
1977- ലെ പൊതുതെരഞ്ഞെടുപ്പിലും കടന്നപ്പള്ളി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി. സി പി എമ്മിന്റെ എം. രാമണ്ണ റൈയെ ആയിരുന്നു കടന്നപ്പള്ളി തോൽപ്പിച്ചത്. പക്ഷെ ഭൂരിപക്ഷം 5,042 ആയി കുറയ്ക്കാൻ രാമണ്ണ റൈയ്ക്കായി. 1980- ലും സി പി എം എം.രാമണ്ണ റൈയിലൂടെ സീറ്റ് നിലനിർത്തി. അന്ന് എതിരാളി ജനതാപാർട്ടിയുടെ ഒ. രാജോഗോപാൽ ആയിരുന്നു.
1984-ൽ ഇന്ദിരാഗാന്ധി വധത്തെതുടർന്ന് ആഞ്ഞുവിശീയ സഹതാപ തരംഗത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഇച്ചിലമ്പാടി രാമ റായ് എന്ന ഐ. രാമ റായി 11,369 വോട്ടിന് സി.പി.എമ്മിലെ ഇ. ബാലാനന്ദനെ തോൽപ്പിച്ചു.
രണ്ട് റായിമാർ തമ്മിലുള്ള മത്സരമായിരുന്നു 1989-ൽ. സി.പി.ഐമ്മിന്റെ രാമണ്ണ റായിയും കോൺഗ്രസിന്റെ ഐ രാമ റായിയും. രാമണ്ണ റായ് മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീടിങ്ങോട്ട് ഇടതുതരംഗമായിരുന്നു. 1991-ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വധത്തെതുടർന്നുണ്ടായ സഹതാപ തരംഗത്തിലും കാസർഗോഡ് ചുവന്നു. കോൺഗ്രസിന്റെ കെ.സി. വേണുഗോപാലിനെ തോൽപ്പിച്ച് രാമണ്ണ റായ് വീണ്ടും എം.പിയായി.
1996- ൽ 74,730 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എമ്മിന്റെ ടി. ഗോവിന്ദൻ കാസർഗോഡിനെ വീണ്ടു ചുവപ്പിച്ചു. ഐ രാമ റായ് ആയിരുന്നു എതിരാളി. 1998- ലും ടി. ഗോവിന്ദൻ വിജയം ആവർത്തിച്ചു. 1999- ലും വിജയിച്ച് ടി ഗോവിന്ദൻ ഹാട്രിക്ക് അടിച്ചു.
2004-ൽ സി.പി.എമ്മിന്റെ പി. കരുണാകരൻ ജയിച്ചു. 2009 ലും 2014 ലും കരുണാകരൻ ജയം ആവർത്തിച്ചു. എന്നാൽ, 2019-ൽ കാസർഗോഡിന്റെ പാർട്ടി കോട്ട കൊല്ലത്തുകാരനായ രാജ് മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസുകാരൻ തകർത്തു. ഇടതിനൊപ്പം 35 വർഷം അടിയുറച്ച് നിന്ന കാസർകോട്ടെ ഒരു അട്ടിമറി ജയം. 2009- ൽ ഷാഹിദ കമാലും 2014- ൽ ടി. സിദ്ധിഖും തോറ്റിടത്ത് ഉണ്ണിത്താൻ കാസർഗോഡിന്റെ എം.പിയായി.
കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് സി പി എം ഇത്തവണ ഇറങ്ങുന്നതെങ്കിൽ നിലനിർത്തുകയാണ് കോൺഗ്രസ് ലക്ഷ്യം. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനാണ് എതിരാളി.
ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷം. കാസർഗോഡും മഞ്ചേശ്വരവും ഒഴിച്ചുനിർത്തിയാൽ കാസർഗോഡ് ബി.ജെ.പി ദുർബലമാണ്. കഴിഞ്ഞ തവണ രവീശ തന്ത്രി കുണ്ടാർ പിടിച്ച 1,76,049 വോട്ടാണ് ബി ജെ പിയുടെ ഏറ്റവും വലിയ വോട്ട് നില. ഇത്തവണ ബി.ജെ.പി. മഹിള മോർച്ച നാഷണൽ എക്‌സിക്യൂട്ടീവ് അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കടമ്പാർ ഡിവിഷൻ പ്രതിനിധിയുമായ എം.എൽ. അശ്വിനിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതയെ മത്സരിപ്പിക്കുന്നത്.