കെ.സി. വേണുഗോപാൽ

ആലപ്പുഴ തിരിച്ചുപിടിച്ച് കെ.സി. വേണുഗോപാൽ

ദേശീയ നേതാവായതിനാൽ കെ.സി. വേണുഗോപാലിനെ തോൽപ്പിക്കാൻ ബി.ജെ.പി പലതരം രഹസ്യനീക്കങ്ങളും നടത്തുന്നുവെന്ന കാമ്പയിൻ ശക്തമായിരുന്നു. ഇത്, മണ്ഡലത്തിലുടനീളം കോൺഗ്രസുകാർക്കിടയിലും പുറത്തും വേണുഗോപാലിന് അനുകൂലമായ സാഹചര്യമൊരുക്കി. മാത്രമല്ല, പല എൽ.ഡി.എഫ് കേന്ദ്രങ്ങളിലും ശോഭ സുരേന്ദ്രന് മുന്നേറാനായി.

Election Desk

2019-ൽ നഷ്ടപ്പെട്ട ഏക സീറ്റ് തിരിച്ചെടുത്ത് കോൺഗ്രസ്. ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ കെ.സി. വേണുഗോപാൽ ജയം ഉറപ്പാക്കി. സിറ്റിങ്ങ് എം.പിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എ.എം. ആരിഫിനെയാണ് വേണുഗോപാൽ തോൽപ്പിച്ചത്. ശോഭ സുരേന്ദ്രനെ നിർത്തി ത്രികോണ മത്സരപ്രതീതിയുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമം ചെറിയ തോതിലെങ്കിലും വിജയിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ശോഭാ സുരേന്ദ്രന് അപ്രതീക്ഷിതമായ ലീഡുണ്ടായിരുന്നു. പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോൺഗ്രസിന്റെ ദേശീയ നേതാവ് എന്ന പ്രതിച്ഛായയും മണ്ഡലവുമായുള്ള അടുത്ത ബന്ധങ്ങളും വേണുഗോപാലിന് തുണയായി. മൂന്ന് വട്ടം നിയമസഭയിലേക്കും രണ്ടുതവണ ലോക്‌സഭിലേക്കും വേണുഗോപാലിനെ വിജയിപ്പിച്ച മണ്ഡലമാണ് ആലപ്പുഴ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തിൽ പിടിച്ചുനിന്ന ഏക മണ്ഡലമെന്ന നിലയ്ക്ക് ഇത്തവണയും ജയം ആവർത്തിക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫിനുണ്ടായിരുന്നു. തുടക്കത്തിൽ ഈസി വാക്കോവർ പ്രതീക്ഷിച്ചാണ് വേണുഗോപാൽ എത്തിയതെങ്കിലും ആരിഫ് അതിശക്തമായ വെല്ലുവിളിയാണുയർത്തിയത്. ദേശീയതലത്തിലുള്ള സംഘടനാപ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന വേണുഗോപാൽ, പിന്നീട് മണ്ഡലത്തിൽ തങ്ങാൻ നിർബന്ധിതമായത് ആരിഫ് ഉയർത്തിയ വെല്ലുവിളിയെ തുടർന്നാണ്.

ദേശീയ നേതാവായതിനാൽ കെ.സി. വേണുഗോപാലിനെ തോൽപ്പിക്കാൻ ബി.ജെ.പി പലതരം രഹസ്യനീക്കങ്ങളും നടത്തുന്നുവെന്ന കാമ്പയിൻ ശക്തമായിരുന്നു. ഇത്, മണ്ഡലത്തിലുടനീളം കോൺഗ്രസുകാർക്കിടയിലും പുറത്തും വേണുഗോപാലിന് അനുകൂലമായ സാഹചര്യമൊരുക്കി. മാത്രമല്ല, പല എൽ.ഡി.എഫ് കേന്ദ്രങ്ങളിലും ശോഭ സുരേന്ദ്രന് മുന്നേറാനായത് കോൺഗ്രസിനെ തുണക്കുകയും ചെയ്തു.

കഴിഞ്ഞ തവണ എ.എം. ആരിഫിന് പരസ്യമായ പിന്തുണ നൽകിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഇത്തവണ ശോഭ സുരേന്ദ്രന്റെ വരവോടെ നിശ്ശബ്ദത പാലിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ നേടിയെടുക്കാനുള്ള ശോഭ ശ്രമത്തിന് ഫലമുണ്ടായിട്ടുണ്ട്.

അവസാനനിമിഷം കേരളത്തിലെ ‘എ’ ക്ലാസ് മണ്ഡലങ്ങളിൽ പെടുത്തിയ ആലപ്പുഴയിൽ ബി.ജെ.പി അതിശക്തമായ കാമ്പയിനാണ് ആസൂത്രണം ചെയ്തിരുന്നത്. ആലപ്പുഴയിൽ ‘ശോഭ തരംഗ’മുണ്ടാകുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ഇതിനായി, ബൂത്തു തലം മുതലുള്ള പ്രവർത്തനത്തിന്റെ ഏകോപനം ആർ.എസ്.എസ് ഏറ്റെടുത്തു. എന്നാൽ, തരംഗം പോയിട്ട്, ശക്തമായ കാമ്പയിൻ പോലും അസാധ്യമാക്കും വിധം ശോഭക്കെതിരെ സ്വന്തം പാർട്ടിയിൽനിന്നുതന്നെ ഇടപെടലുണ്ടായി. ധീവര, ഈഴവ, നായർ സമുദായങ്ങളുടെയും സി.പി.എമ്മിലെ അസംതൃപ്തരുടെയും വോട്ടുകളോടെ മുന്നേറാമെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതീക്ഷ. എന്നാൽ, ശോഭക്ക് സ്വന്തം പാർട്ടിയിൽനിന്നുതന്നെ പിന്തുണ കിട്ടിയില്ല. ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മിറ്റി ചുമതലക്കാരൻ പോസ്റ്റർ പോലും ഒട്ടിക്കാതെ മാറിനിന്നതായി പരാതി ഉയർന്നു. ആലപ്പുഴ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനെ ഇടയ്ക്കുവച്ച് മാറ്റി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന് ചുമതല നൽകിയത് ശോഭയുടെ കാമ്പയിനെ പ്രതികൂലമായി ബാധിച്ചു. 326 ബൂത്തുകൾ പ്രവർത്തിച്ചില്ലെന്നും പ്രചാരണ സാമഗ്രികൾ വിതരണം ചെയ്തില്ലെന്നും വോട്ടെടുപ്പിനുശേഷം പാർട്ടിയിൽ തന്നെ പരാതിയുയർന്നു.

2014-ൽ സി.പി.എമ്മിലെ സി.ബി. ചന്ദ്രബാബുവിനെ 19,407 വോട്ടിന് പരാജയപ്പെടുത്തിയാണ് കെ.സി. വേണുഗോപാൽ എം.പിയായത്. 2009-ലും വേണുഗോപാൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്ന് ജയിച്ചു, 57,635 വോട്ടിന്റെ ഭൂരിപക്ഷം. 2014- ൽ വേണുഗോപാലിനുശേഷം നഷ്ടമായ ആലപ്പുഴ സീറ്റ് അദ്ദേഹത്തിലൂടെ തന്നെ തിരിച്ചെടുത്തിയിരിക്കുകയാണ് കോൺഗ്രസ്.

കരിമണൽ ഖനനത്തിനെതിരായ പോരാട്ടമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനും മത്സരരംഗത്തുണ്ടായിരുന്നു. സേവ് കേരള ഫോറം സ്ഥാനാർഥിയായ അദ്ദേഹത്തിന് സി.പി.എമ്മിലെ ഏതാനും വിമതരാണ് പിന്തുണ നൽകിയിരുന്നത്. സി.പി.എമ്മിൽ പ്രാദേശികമായുണ്ടായ സംഘടനാപ്രശ്‌നങ്ങൾ ആരിഫിന് പ്രതികൂലമായിട്ടുണ്ട്.

ഐക്യകേരള രൂപീകരണത്തിനുമുമ്പ് തിരുക്കൊച്ചിയുടെ ഭാഗമായ ആലപ്പുഴയിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ പി.ടി. പുന്നൂസ് ആണ് ആദ്യമായി ജയിക്കുന്നത്. സംസ്ഥാന രൂപീകരണത്തെതുടർന്ന്, 1957-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പി.ടി. പുന്നൂസ് വിജയിയായി. 1962-ൽ പി.കെ. വാസുദേവൻ നായരും 67-ൽ സുശീല ഗോപാലനും എം.പിയായി. 1971-ൽ ആർ.എസ്.പിയുടെ കെ. ബാലകൃഷ്ണനാണ് ജയിച്ചത്.
1977-ലാണ് അമ്പലപ്പുഴ മണ്ഡലം ആലപ്പുഴ ലോക്സഭ മണ്ഡലമായി മാറിയത്. അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു അമ്പലപ്പുഴ ലോക്സഭ മണ്ഡലം.
1977 മുതൽ 2019 വരെയുള്ള 12 തെരഞ്ഞെടുപ്പുകളിൽ എട്ടിലും കോൺഗ്രസ് മുന്നണിക്കൊപ്പമായിരുന്നു ആലപ്പുഴ. 1977-ൽ വി.എം. സുധീരനും 80-ൽ സുശീല ഗോപാലനും 84, 89 വർഷങ്ങളിൽ വക്കം പുരുഷോത്തമനും 1991-ൽ സി.പി.ഐയിലെ ടി.ജെ. ആഞ്ജലോസുമാണ് ആലപ്പുഴയെ പ്രതിനിധീകരിച്ചത്.
1996, 1998, 1999 വർഷങ്ങളിൽ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച് സുധീരൻ ഹാട്രിക് നേടി. 2004-ൽ സി.പി.എമ്മിലെ ഡോ. കെ.എസ്. മനോജ് സുധീരനെതിരെ അട്ടിമറി ജയം നേടി. 2009, 2014 വർഷങ്ങളിൽ കെ.സി. വേണുഗോപാലിനായിരുന്നു ജയം. 2019-ൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി എ.എം. ആരിഫാണ് വിജയിച്ചത്.

Comments