കേരള ചരിത്ര ഗവേഷണ കൗൺസിൽ ആസ്ഥാനം (തിരുവനന്തപുരം).

KCHR ചെയർപേഴ്സൺ:
നിയമനം ചട്ടവിരുദ്ധം,
നടന്നത് അധികാര
ദുർവിനിയോഗം

KCHR ചെയർപേഴ്സ​നെ തെരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റിയെ നിയോഗിച്ച സർക്കാർ തന്നെ, ആ സെർച്ച് കമ്മിറ്റി അറിയാതെ ഒരാളെ നിയമിച്ചിരിക്കുന്നു. ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ ഈ നിയമനത്തിനെതിരെ സെർച്ച് കമ്മിറ്റി അംഗങ്ങൾ തന്നെ രംഗത്തുവന്നിരിക്കുന്നു. സ്വതന്ത്രഗവേഷണ സ്ഥാപനമായി നിലനിൽക്കേണ്ട KCHR-ന്റെ കാര്യത്തിൽ വി.ഡി. സതീശന്റെ സർക്കാറിന് എന്തുകൊണ്ടാണ് ദുരൂഹ താൽപര്യം?- കെ. കണ്ണൻ എഴുതുന്നു.

കേരള ചരിത്രഗവേഷണ കൗൺസിൽ (KCHR) ചെയർപേഴ്സണായി സർക്കാർ നിയമിച്ചത് സെർച്ച് കമ്മിറ്റിയുടെ അറിവോ അംഗീകാരമോ ഇല്ലാത്തയാളെ. നിയമനം ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി, സെർച്ച് കമ്മിറ്റി അംഗങ്ങൾ തന്നെ വിയോജനക്കുറിപ്പ് നൽകിയിരിക്കുകയാണ്.

KCHR ചെയർപേ​ഴ്സനായി എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം പ്രൊഫസർ വിനോദ്കുമാർ കല്ലോലിക്കലിനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പേര്, സെർച്ച് കമ്മിറ്റിയുടെ പരിഗണനയിൽ ഒരിക്കലും വന്നിട്ടില്ല. സെർച്ച് കമ്മിറ്റിയിലെ സർക്കാർ പ്രതിനിധിയായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ചട്ടവിരുദ്ധമായി പ്രൊഫ. വിനോദ്കുമാറിന്റെ പേര് നിർദ്ദേശിക്കുകയും അത് സർക്കാർ അംഗീകരിക്കുകയുമായിരുന്നു.

ഡോ. ജെ. ദേവിക (സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്), ​പ്രൊഫ. കെ.എസ്. മാധവൻ (കാലിക്കറ്റ് സർവകലാശാല), സംസ്ഥാന ആർക്കൈവ്സ് മുൻ ഡയറക്ടർ പ്രൊഫ. റയ്മണ്ട് എന്നിവരെയാണ് ചെയ​ർപേഴ്സൺ സ്ഥാനത്തേക്ക് സെർച്ച് കമ്മിറ്റി നിർദേശിച്ചത്.

സെർച്ച് കമ്മിറ്റിയിൽ KCHR എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. പി. സനൽ മോഹൻ, പ്രൊഫ. വി. ജെ. വർഗ്ഗീസ് എന്നിവരും വിദഗ്ധ അംഗമായി (Expert Member) ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഡോ. ജ്യോതി അത്‌വാളുമാണുണ്ടായിരുന്നത്. ഇവർക്കുപുറമേ, സർക്കാർ പ്രതിനിധിയായി ഡോ. ബി. അശോകും. KCHR ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്ന കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ് സെർച്ച് കമ്മിറ്റി കൺവീനർ.

ഹിസ്റ്റോറിക്കൽ സ്കോളർഷിപ്പിന്റെ തുരുത്തായെങ്കിലും KCHR-നെ നിലനിർത്തുക എന്നത്, ബി.ജെ.പിയുടെ ഹിന്ദുത്വ ചരിത്രനിർമിതിയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിലൊന്നാണ്. എന്നാൽ, ശ്വാസം വിടുന്ന ഓരോ മാത്രയിലും ‘ഞാൻ നെഹ്റുവിയൻ ലെഫ്റ്റ്’ ആണ് എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയായ കേരളത്തിൽ തന്നെയാണ്, ഇത്തരം അട്ടിമറി സംഭവിക്കുന്നത്.

സർക്കാർ പ്രതിനിധിക്ക് ഏകപക്ഷീയമായി ചെയർപേഴ്സന്റെ പേര് നിർദേശിക്കാനാകുമോ എന്നതും വിവാദവിഷയമാണ്. ഇതിന് അധികാരമുണ്ടെങ്കിൽ തന്നെ, ആ പേര് സെർച്ച് കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്. അതാണ് ലംഘിക്കപ്പെട്ടത്.

സെർച്ച് കമ്മിറ്റിയുടെ തീരുമാനങ്ങളെ അട്ടിമറിക്കുംവിധം, തുടക്കം മുതൽ നിയമവിരുദ്ധ ഇടപെടലുകളുണ്ടായിരുന്നു.

സെർച്ച് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ നാല് പേരെയാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിർദേശിച്ചത്. എന്നാൽ, രണ്ടു മാസമായിട്ടും ഇതിൽ സർക്കാർ തീരുമാനമെടുത്തില്ല. രണ്ടു മാസത്തിനുശേഷം, നാലു പേരിൽ ഒരാൾ വിദേശത്തായതിനാൽ അദ്ദേഹത്തെ പരിഗണിക്കാനാവില്ലെന്നും അതുകൊണ്ട് പാനൽ റിവൈസ് ചെയ്യണമെന്നും പുതുതായി രണ്ടു പേരുകൾ കൂടി നിർദേശിക്കാനും സെർച്ച് കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടു.

എന്നാൽ, നാലുപേരെ മുൻകൂട്ടി അറിയിച്ചശേഷവും അവരുടെ അനുമതിയോടെയുമാണ് സെർച്ച് കമ്മിറ്റി ഇവരുടെ പാനൽ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ, വിദേശത്തുള്ളയാളുടെ പേരു പറഞ്ഞ് പാനൽ റിവൈസ് ചെയ്യാനുള്ള ആവശ്യത്തിനുപുറകിൽ സർക്കാറിന്റെ നിക്ഷിപ്ത താൽപര്യം വ്യക്തമായിരുന്നു.

സർക്കാർ നിർദേശത്തെ തുടർന്ന് ​സെർച്ച് കമ്മിറ്റിയിലെ ഒരംഗം രണ്ടു പേരുടെയും മറ്റൊരംഗം ഒരാളുടെയും കൂടി പേര് നിർദേശിച്ചു. മൂന്നാമത്തെ അംഗം ഒരാളെയും നിർദേശിച്ചില്ല. ഈ പാനൽ സമർപ്പിച്ചശേഷവും നിയമനം അനിശ്ചിതമായി നീണ്ടുപോയി.

കേരള ചരിത്രഗവേഷണ കൗൺസിൽ (KCHR) ചെയർപേഴ്സണായി നിയമിക്കപ്പെട്ട  പ്രൊഫ. വിനോദ് കുമാർ.
കേരള ചരിത്രഗവേഷണ കൗൺസിൽ (KCHR) ചെയർപേഴ്സണായി നിയമിക്കപ്പെട്ട പ്രൊഫ. വിനോദ് കുമാർ.

സെർച്ച് കമ്മിറ്റി അംഗങ്ങളുടെ ഒപ്പോടെ വേണം അന്തിമ പാനൽ സർക്കാറിന് സമർപ്പിക്കാൻ. സർക്കാറിന് അന്തിമ പട്ടിക സർപ്പിക്കുന്നതിനുമുമ്പ്, സെർച്ച് കമ്മിറ്റിയുടെ ഒരു യോഗം കൂടി ചേരണമെന്നാവ​ശ്യപ്പെട്ട് പ്രൊഫ. പി. സനൽമോഹൻ ഇ മെയിൽ അയച്ചിരുന്നു. എന്നാൽ, സെർച്ച് കമ്മിറ്റി കൺവീനർ ഇതിന് മറുപടി നൽകിയില്ല. മാത്രമല്ല, സെർച്ച് കമ്മിറ്റിയുടെ രണ്ടാം യോഗത്തിനുശേഷം റിവൈസ് ചെയ്ത പാനൽ, അംഗീകാരത്തിനായി കമ്മിറ്റിക്ക് അയച്ചുകൊടുത്തുമില്ല. ഇതിനിടെയാണ്, സെർച്ച് കമ്മിറ്റി ഒരിക്കൽപോലും ചർച്ച ചെയ്തിട്ടില്ലാത്ത പ്രൊഫ. വിനോദ് കുമാറിനെ നിയമിക്കുന്നത്.

സെർച്ച് കമ്മിറ്റിയുടെ നിർദ്ദേശത്തിൽ തീരുമാനമെടുക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയ സർക്കാർ പക്ഷെ, പ്രൊഫ. വിനോദ്കുമാറിന്റെ നിയമനത്തിൽ ദുരൂഹമായ തിടുക്കമാണ് കാട്ടിയത്. നവംബർ ഏഴിന് വിനോദ്കുമാറിനെ നിയമിച്ച് ഉത്തരവിടുന്നു, ഒമ്പതിന് രാവിലെ തന്നെ അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു.

അക്കാദമിക് വൈദഗ്ധ്യമുള്ളവരുടെ നിർദേശമാണ് KCHR -നെപ്പോലൊരു ചരിത്ര ഗവേഷണ സ്ഥാപനത്തിന്റെ ചെയർപേഴ്സൺ നിയമനത്തിന് മുഖ്യമായും പരിഗണിക്കേണ്ടത്. എന്നാൽ, അത് അട്ടിമറിച്ച്, ബ്യൂറോക്രാറ്റിക് ഇടപെടലിലാണ് നിയമനം നടന്നിരിക്കുന്നത്. അതിനുപുറകിൽ സർക്കാറിനുള്ള രാഷ്ട്രീയ താൽപര്യമാണ് ദുരൂഹമായിരിക്കുന്നത്.

SFI നേതാവ് പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് കേസിലെ ഒന്നാം പ്രതി കൂടിയാണ് പ്രൊഫ. വിനോദ് കുമാർ. അടുത്തകാലം വരെ ഇടതുപക്ഷ അധ്യാപക സംഘടനാനേതാവായിരുന്ന പ്രൊഫ. വിനോദ് കുമാർ, ആർഷോ നൽകിയ ക്രിമിനൽ കേസിൽ നിന്ന് രക്ഷപ്പെടാൻ ഈയിടെയാണ് കോൺഗ്രസ് അധ്യാപക സംഘടനയിൽ ചേർന്നതെന്നും ആരോപിക്കപ്പെടുന്നു.

ഇത്തരമൊരു വിവാദപാശ്ചാത്തലമുള്ള ഒരാളെയാണ്, ഒരു സ്വയംഭരണ സ്ഥാപനത്തിന്റെ തലപ്പത്ത്, ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് നിയമിച്ചത്. മാത്രമല്ല, KCHR ചെയർമാന്റെയും കൺവീനറുടെയും അധികാരമില്ലാത്ത, സർക്കാർ പ്രതിനിധി മാത്രമായ ബി. അശോക് നഗ്നമായ അധികാരദുർവിനിയോഗമാണ് നടത്തിയിരിക്കുന്നതെന്ന് സെർച്ച് കമ്മിറ്റി അംഗങ്ങളുടെ വിയോജനക്കുറിപ്പിൽ നിന്ന് വ്യക്തമാണ്.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി  ഡോ. ബി. അശോക്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്.

ബി. അശോകിന്റെ ഇടപെടലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണുയരുന്നത്. സെർച്ച് കമ്മിറ്റി കൺവീനറുടെ ചുമതല ചട്ടവിരുദ്ധമായി കവർന്നെടുത്ത്, നിയമപരമായി ഇല്ലാത്ത അധികാരം ഉപയോഗിച്ച്, ഓൺലൈനായി കൂടിയ സെർച്ച് കമ്മിറ്റിയുടെ മിനിട്സ് അംഗീകരിക്കുകയും സെർച്ച് കമ്മിറ്റി കൺവീനർക്ക് നിയമവിരുദ്ധമായി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവെന്നാണ് അശോകിനെതിരായ ആരോപണം. ഇത്, KCHR-ന്റെ സ്വയംഭരണ അവകാശത്തിന്മേലുള്ള കൈകടത്തലും KCHR നിയമാവലിക്ക് എതിരാണെന്നും വിയോജനക്കുറിപ്പിൽ സെർച്ച് കമ്മിറ്റി അംഗങ്ങൾ ആരോപിക്കുന്നു.

സെർച്ച് കമ്മിറ്റിയെ സർക്കാർ വിശ്വാസ​ത്തിലെടുത്തില്ല എന്ന പ്രശ്നമാണ്, അംഗങ്ങളുടെ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്. അക്കാദമിക് വൈദഗ്ധ്യമുള്ളവരുടെ നിർദേശമാണ് KCHR -നെപ്പോലൊരു ചരിത്ര ഗവേഷണ സ്ഥാപനത്തിന്റെ ചെയർപേഴ്സൺ നിയമനത്തിന് മുഖ്യമായും പരിഗണിക്കേണ്ടത്. എന്നാൽ, അത് അട്ടിമറിച്ച്, ബ്യൂറോക്രാറ്റിക് ഇടപെടലിലാണ് നിയമനം നടന്നിരിക്കുന്നത്. അതിനുപുറകിൽ സർക്കാറിനുള്ള രാഷ്ട്രീയ താൽപര്യമാണ് ദുരൂഹമായിരിക്കുന്നത്.

ജെ. ദേവിക
ജെ. ദേവിക

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത സംവിധാനമാണ് KCHR. ശാസ്ത്രീയ ഗവഷേണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സ്വതന്ത്രമായി നിലനിർത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.​ പ്രത്യേകിച്ച്, ചരിത്രഗവേഷണ സ്ഥാപനങ്ങളെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും നിയന്ത്രണത്തിലാക്കി, അവയെ സംഘ്പരിവാർ പ്രൊജക്റ്റുകളുടെ കേന്ദ്രങ്ങളാക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കങ്ങളുടെ പാശ്ചാത്തലത്തിൽ. ചരിത്രത്തിൽ ശാസ്ത്രീയഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യയി​ലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ KCHR, സ്വതന്ത്ര ഗവേഷണ- പഠന സംവിധാനമായി നിലനിൽക്കേണ്ടത് അനിവാര്യമാണ്. ഈ സ്ഥാപനത്തിന് ബൗദ്ധികമായ നേതൃത്വം നൽകേണ്ട ചുമതലയാണ് ചെയർപേഴ്സണുള്ളത്. പ്രഗത്ഭ ചരിത്രകാരരായ ഡോ. കെ. എൻ. പണിക്കർ, ഡോ. കെ.എൻ. ഗണേഷ്, ഡോ. മൈക്കിൾ തരകൻ എന്നിവരായിരുന്നു മുൻ ചെയർപേഴ്സൺമാർ.

പ്രൊഫ. കെ.എസ്. മാധവൻ
പ്രൊഫ. കെ.എസ്. മാധവൻ

അധ്യാപനത്തിലും ചരിത്രഗവേഷണത്തിലും പ്രവര്‍ത്തനപരിചയമുള്ള വിനോദ് കുമാർ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. ബംഗളൂരുവിലെ ട്രാന്‍സ്-ഡിസിപ്ലിനറി സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി. KCHR ചെയർപേഴ്സൺ സ്ഥാനത്തിന് അനുയോജ്യമാണ്, അദ്ദേഹത്തിന്റെ അക്കാദമിക വൈദഗ്ധ്യം എന്ന വാദം ചിലർ ഉയർത്തുന്നുണ്ട്. വിനോദ് കുമാറിന് KCHR ചെയർപേഴ്സണായിരിക്കാൻ വൈദഗ്ധ്യമുണ്ടോ എന്നത് ചർച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്. അതിനേക്കാളുപരി, സർക്കാർ ഒത്താശയോടെ നിയമവിരുദ്ധമായി നിയമനം നടന്നു എന്നതാണ്, ഇവിടെ സംഭവിച്ച ഗുരുതര വീഴ്ച.

പ്രൊഫ. പി. സനൽ മോഹൻ
പ്രൊഫ. പി. സനൽ മോഹൻ

അക്കാദമിക് സ്വാതന്ത്ര്യം, അക്കാദമിക് എത്തിക്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണിത്. അക്കാദമിക നിലവാരം നിലനിർത്തിക്കൊണ്ടുപോകുന്ന സ്ഥാപനമാണ് KCHR. പ്രസിദ്ധീകരണങ്ങൾ, ഗവേഷണങ്ങൾ, പഠനങ്ങൾ, അന്താരാഷ്ട്ര പ്രശസ്തരായ ഫെ​ല്ലോകളും സ്ഥാപനങ്ങളുമായുള്ള വിനിമയങ്ങൾ എന്നിവയെല്ലാം KCHR -നെ വേറിട്ടുനിർത്തുന്നു. ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്, കേരളത്തിന്റെ ചരിത്രഗവേഷണത്തിൽ അതിപ്രധാനമാണ്.

ജവഹർലാൽ നെഹ്റുവിന്റെ കാലത്താണ്, ഇത്തരം ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയിൽ വികസിച്ചുവരുന്നത്. അതുകൊണ്ടുതന്നെ, ഈ സ്ഥാപനങ്ങളെ തകർക്കുക എന്നത് മോദി സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യവുമാണ്. ഹിസ്റ്റോറിക്കൽ സ്കോളർഷിപ്പിന്റെ തുരുത്തായെങ്കിലും KCHR-നെ നിലനിർത്തുക എന്നത്, ബി.ജെ.പിയുടെ ഹിന്ദുത്വ ചരിത്രനിർമിതിയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിലൊന്നാണ്. എന്നാൽ, ശ്വാസം വിടുന്ന ഓരോ മാത്രയിലും ‘ഞാൻ നെഹ്റുവിയൻ ലെഫ്റ്റ്’ ആണ് എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയായ കേരളത്തിൽ തന്നെയാണ്, ഇത്തരം അട്ടിമറി സംഭവിക്കുന്നത്.

Comments