കോടതി വിധി കേട്ട് പുറത്തുവന്ന ദിലീപ് എന്ന എക്കാലത്തേയും മോശം നടൻ്റെ മുഖത്ത് അയാൾ എത്ര ശ്രമിച്ചിട്ടും ഒളിപ്പിക്കാൻ സാധിക്കാത്ത പകയുടെ ഗൂഢമായ പുഞ്ചിരിയുണ്ടായിരുന്നു. വിജയിച്ചുവെന്ന് സ്വയം കരുതുന്ന, ലോകത്തിനു മുന്നിലും അയാൾ പരാജയപ്പെടുത്തിയെന്ന് വിശ്വസിക്കുന്ന സ്ത്രീകൾക്കു മുന്നിലും തോറ്റുപോയ ഒരു വ്യാജകഥാപാത്രത്തിൻ്റെ ഒടുങ്ങാത്ത പക.
നീതിബോധമുള്ള കേരളം ഒരിക്കലും മറന്നിട്ടില്ലാത്ത ദിവസമാണ് 2017 ഫെബ്രുവരി 17. അന്നാണ് സമാനതകളില്ലാത്ത തരത്തിൽ പ്രശസ്തയായ ഒരു ചലച്ചിത്ര നടി കേരളത്തിലെ തിരക്കുള്ള റോഡിൽ വെച്ച് ആക്രമിക്കപ്പെട്ടത്. നീചമായ, ക്രൂരമായ വയലൻസാണ് നടന്നത്. ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകളെ അടക്കിയും ഒതുക്കിയും നിർത്താമെന്നും അവരതിനു പിറകെ പോവില്ലെന്നും കരുതുന്നവരുടെ ക്വട്ടേഷനായിരുന്നു ആ ആക്രമണം.
പക്ഷേ വിക്റ്റിമിൽ നിന്ന് സർവൈവറിലേക്ക്, ആക്രമിക്കപ്പെട്ട ഒരു സ്ത്രീ പിന്നീട് നടത്തിയ ചരിത്രപരമായ യാത്രയാണ് ലോകം കണ്ടത്. ആ യാത്രയെ ഇപ്പോൾ തെളിമയോടെ ഓർക്കേണ്ടതുണ്ട്.
നിയമസംവിധാനത്തെയും സാക്ഷികളെയും തൻ്റെ ചുറ്റും നിൽക്കുന്ന അധികാര സംവിധാനങ്ങളേയും പണവും സ്വാധീനവും ഉപയോഗിച്ച് മാനിപ്പുലേറ്റ് ചെയ്യാൻ കഴിഞ്ഞ ഒരാൾ, ഞാനാണ് യഥാർത്ഥ ഇര എന്ന് പകയോടെ പറയുമ്പോൾ, ഒടുങ്ങാത്ത പകയിൽ അയാൾ ചില പേരുകളെ വിളിച്ചു പറയുമ്പോൾ എൻ്റെ കരിയർ, എൻ്റെ ഇമേജ്, എൻ്റെ ജീവിതം എന്നൊക്കെ പറയുമ്പോൾ അയാളിപ്പോഴും തൻ്റെ മുന്നിൽ അഭിമാനത്തോടെ ഉയർന്നു നിൽക്കുന്ന സ്ത്രീകളെ ഭയപ്പെടുന്നു എന്ന് തന്നെ കരുതണം.
മൂന്ന് വർഷം മുൻപ് പ്രമുഖ ജേണലിസ്റ്റ് ബർഖ ദത്തിൻ്റെ ദ മോജോ സ്റ്റോറിയിലൂടെ ഭാവന തനിക്കു നേരെ വർഷങ്ങൾക്കു മുൻപ് നടന്ന ആക്രമണത്തെക്കുറിച്ച്, ജീവിതം കീഴ്മേൽ മറിഞ്ഞു പോയതിനെക്കുറിച്ച്, തുടർന്നുള്ള അതിജീവന യാത്രയെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ആദ്യമായി, അസാമാന്യ ഉൾക്കരുത്തോടെ, തെളിഞ്ഞ ഭാഷയിൽ, ഉറച്ച ബോധ്യങ്ങളിൽ നിലയുറപ്പിച്ച്, അവസാനം വരെ പോരാടും എന്ന് അവർ അന്ന് പറഞ്ഞു. കോടതിയിലിരിക്കുന്ന കേസ് ജയിക്കുമോ തോൽക്കുമോ എന്നതിനേക്കാൾ അറ്റം കാണും വരെ ഫൈറ്റ് ചെയ്യും എന്ന് അവർ പൊതു സമൂഹത്തോട് പറഞ്ഞു. ആ കേസിൻ്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ആക്രമിക്കപ്പെടുന്ന സ്ത്രീകളൊക്കെയും കടന്നു പോകുന്ന നിസ്സഹായതയുടെ പല തരം മാനസികാവസ്ഥകളെക്കുറിച്ച് അതിലവർ പറയുന്നുണ്ട്. എന്തുകൊണ്ട് ഞാൻ എന്ന് ചിന്തിക്കുന്ന ഒരു ഘട്ടം. തന്നെ അറിയാത്തവർ പോലും നടത്തിയ കുറ്റപ്പെടുത്തലുകളുടേയും പരിഹാസങ്ങളുടേയും വിക്ടിം ഷെയ്മിംഗിൻ്റെയും മറ്റൊരുഘട്ടം. നുറുങ്ങിച്ചിതറിപ്പോയ തന്നെ പെറുക്കിക്കൂട്ടിയെടുത്ത് ഉയർന്നു നിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ ചാനലുകളിലും സോഷ്യൽ മീഡിയയിലും തന്നെ കുറ്റപ്പെടുത്തിയവർ. പുറത്തു കടക്കാനാവാത്ത ഒരു ചുരുളിയിൽ പലതരം മാനസികാവസ്ഥകൾ തന്നെ കുടുക്കിയിട്ടതിനെക്കുറിച്ച് അവർ വേദനയോടെ പറഞ്ഞു. തനിക്കൊപ്പം ഗാഢമായി കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്തു.
പക്ഷേ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ട സന്ദർഭത്തെക്കുറിച്ച് ഭാവന പറഞ്ഞു. അത് കോടതി മുറിയിലായിരുന്നു. ലൈംഗികാക്രമണം നേരിട്ട ഒരു സ്ത്രീ സമൂഹത്തോട് പറയുകയാണ് ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടത് കോടതി മുറിയിലാണെന്ന്. ഏഴ് അഭിഭാഷകരുടെ ചോദ്യങ്ങൾ, ക്രോസ് വിസ്താരങ്ങൾ, ആക്രമണത്തെക്കുറിച്ചുള്ള വിശദീകരണങ്ങളുടെ ആവർത്തനങ്ങൾ. ഒറ്റപ്പെടലിൻ്റെ പതിനഞ്ച് ദിവസങ്ങൾ. പതിനഞ്ചാം ദിവസം അവർ പക്ഷേ പുറത്തിറങ്ങുന്നത് ഇരയായിട്ടല്ല, അതിജീവിച്ച മനുഷ്യനായിട്ടാണ്.
ഭാവന ഫൈറ്റ് ചെയ്തത് സിനിമയിലെ അതിശക്തനായ എതിരാളിയോടാണ്. നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശേഷിയുള്ള ഒരു എതിരാളി. തന്നെക്കുറിച്ചുള്ള വാർത്തകൾക്ക് കോടതിയിൽ നിന്ന് ഗാഗ് ഓർഡർ വാങ്ങിയ എട്ടാം പ്രതി.
ജയിക്കുമെന്ന് ഉറപ്പുള്ള പോരാട്ടമല്ല നടത്തുന്നത് എന്ന് പറയുമ്പോഴും ഡിഗ്നിറ്റി, തിരിച്ചുപിടിക്കാൻ, നിരപരാധിയെന്ന് തെളിയിക്കാൻ, തനിക്കു വേണ്ടിയും ഡിഗ്നിറ്റിക്കു വേണ്ടി നിലകൊള്ളുന്ന ആക്രമണം നേരിട്ട അനവധി സ്ത്രീകൾക്കു വേണ്ടിയും തൻ്റെ ഫൈറ്റ് തുടരുമെന്നാണ് അവർ ഉറപ്പോടെ അന്ന് പറഞ്ഞത്. കോടതി മുറിയിലെ ഒറ്റപ്പെടലിൻ്റെയൊടുവിൽ ഭാവന ഇരയിൽ നിന്ന് സർവൈവറിലേക്ക് നടത്തിയ പരിണാമത്തിൻ്റെ കഥയായിരുന്നു അത്..
ജയിക്കുമെന്ന് ഉറപ്പുള്ള പോരാട്ടമല്ല താൻ നടത്തുന്നത് എന്ന് അവരന്ന് പറഞ്ഞത് കോടതി മുറിയിലെ അവരുടെ അനുഭവങ്ങളുടെ യാഥാർത്ഥ്യ ബോധത്തിലാണ്. ഡിജിറ്റൽ തെളിവുകൾ എങ്ങനെല്ലൊം നിയമത്തിൻ്റെ വഴികളിൽ നിന്ന് മാറ്റി നടത്തപ്പെട്ടു എന്ന് അവരും നമ്മളെല്ലാം അറിഞ്ഞതാണ്. ആദ്യം ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് അനുകൂലമായും എട്ടാം പ്രതി ദിലീപിനെതിരായും മൊഴി നൽകിയ 28 സാക്ഷികൾ നിരനിരയായി കുറുമാറിയതും നമ്മൾ കണ്ടതാണ്.
ദിലീപിനെതിരായ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ തുടർന്നു വന്നു. AMMA എന്ന സംഘടനയും അതിലെ താരങ്ങളും ഒരു അസംബന്ധ തിരക്കഥയിലെ ക്യാരക്ടറില്ലാത്ത പൊള്ള മനുഷ്യരായി മേക്കപ്പിട്ട് ചലിക്കുന്നതും നാം കണ്ടു. പക്ഷേ കേസിൻ്റെ നാൾവഴികളിൽ ചിലപ്പോഴൊക്കെ, ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നമ്മൾ അത്ഭുതപ്പെടുത്തുകയും കോടതിയ്ക്ക് ഇങ്ങനെ സാധിക്കുമോ എന്ന് ആശ്ചര്യപ്പെടുകയും ചെയ്തു.
ഒരു ഘട്ടത്തിൽ ജഡ്ജി പോലും തനിക്കെതിരാണെന്ന് ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് പറയേണ്ടി വന്നു. പക്ഷേ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല അതേ ജഡ്ജി, ആക്രമിക്കപ്പെട്ട സ്ത്രീ അവിശ്വാസം രേഖപ്പെടുത്തിയ, മാറ്റണമെന്ന് ആവശ്യപ്പെട്ട അതേ ജഡ്ജി ഹണി എം. വർഗ്ഗീസ് തന്നെയാണ് ആദ്യ ആറു പ്രതികളെ കുറ്റവാളികളെന്ന് കണ്ടെത്തിയ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്ത ക്വട്ടേഷൻ ആക്രമണം. പ്രശസ്തയും സോഷ്യൽ - കൾചറൽ ക്യാപ്പിറ്റലുമുള്ള ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ പോലും അധികാരവും പണവുമുള്ള ഒരു പുരുഷനു വേണ്ടി ഒരു സിസ്റ്റം എങ്ങനെ സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കാൻ തയ്യാറാവുന്നു എന്നും നമ്മൾ ഒരു സിനിമ പോലെ കണ്ടുകൊണ്ടിരുന്നു. അതിൽ അധികാര രാഷ്ട്രീയ നേതൃത്വത്തിൻ്റെ പൊലീസ് സംവിധാനങ്ങളുടെ നിയമ സംവിധാനത്തിൻ്റെ സിനിമാ ലോകത്തിൻ്റെ മുഴുവൻ പങ്കു കച്ചവടമുണ്ട്. ആ ഉറപ്പിൽ കൂടിയാണ് കോടതിയാൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് എന്ന മോശം നടൻ മാധ്യമങ്ങൾക്കു മുന്നിൽ ഞാനാണ് ഞാനാണ് ഇരയെന്നും എനിക്കെതിരായാണ് ഗൂഢാലോചന നടന്നതെന്നും പകയോടെ ചില പേരുകൾ കൂടി ചേർത്തു കൊണ്ട് വിളിച്ചു പറഞ്ഞത്. ഈ ആൺ ബോധ സാമൂഹികാധികാരത്തിൻ്റെ സുരക്ഷയിലാണതയാൾ വിളിച്ചു പറയുന്നത്.
പക്ഷേ, ഈ നിയമ പോരാട്ടം സമൂഹത്തിലുണ്ടാക്കിയ മാറ്റം, ഇംപാക്റ്റ്, ചെറുതല്ല. സിനിമാ രംഗത്ത് WCC എന്ന സംഘടന രൂപപ്പെട്ടത്, ഹേമകമ്മറ്റി രൂപീകരിക്കപ്പെട്ടത്, സ്ത്രീകളുടെ കൂടി തൊഴിലിടം എന്ന രീതിയിൽ സിനിമാ വ്യവസായം കുറേയെങ്കിലും മാറാൻ നിർബന്ധിതമായത്, തൊഴിൽ സുരക്ഷ, ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മറ്റി തുടങ്ങിയ സംവിധാനങ്ങൾ വേണമെന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്, സിനിമയുടെ ഉള്ളടക്കം തന്നെ ചെറുതായെങ്കിലും മാറ്റത്തിന് മുതിർന്നത് എല്ലാം ചരിത്രപരമായ ചലനങ്ങളാണ്. സിനിമാ രംഗത്ത് മാത്രമല്ല മാധ്യമ രംഗത്തും മറ്റു പല മേഖലകളിലും അതിൻ്റെ ഗുണപരമായ പ്രതിഫലനങ്ങൾ ഉണ്ടായി. മുഖം മറച്ച് നിൽക്കാൻ നിർബന്ധിതരായ സ്ത്രീകൾ ഉറക്കെ സംസാരിക്കാൻ തുടങ്ങിയാൽ തീർന്നു പോവാനുള്ളതേയുള്ളൂ അക്രമികളായ ആൺകൂട്ടത്തിൻ്റെ വ്യാജമായ ഊറ്റങ്ങൾ എന്നൊരു ബോധം പതുക്കെയെങ്കിലും പടരാൻ തുടങ്ങിയതിന് ഈ നിയമ പോരാട്ടത്തിന് നേതൃത്വപരമായ വലിയ പങ്കുണ്ട്.
തിരക്കഥ പൂർണമായിട്ടില്ല പക്ഷേ. അതിക്രൂരമായ ആക്രമണം നടന്നിട്ടുണ്ട്. ഒരു സ്ത്രീ റോഡിൽ ഓടുന്ന വണ്ടിയിൽ ക്വട്ടേഷൻ സംഘത്താൽ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ആ സ്ത്രീ അവരുടെ ജീവിതം മുഴുവൻ കയ്യിൽ വെച്ച് ഈ സാമൂഹിക സംവിധാനത്തിന് ഉണ്ട് എന്ന് കരുതുന്ന നീതിന്യായ ബോധത്തിൽ ഉറച്ച് വിശ്വസിച്ച് നിലനിൽക്കുന്ന സംവിധാനത്തിൻ്റെ മുഴുവൻ സാധ്യതകളും ഉപയോഗിച്ച് പരാതി കൊടുത്തു. തനിക്ക് സംഭവിച്ചത് മുഴുവൻ കാലതാമസം പോലുമില്ലാതെ തുറന്ന് പറഞ്ഞു. സമാനതകളില്ലാത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയി. കോടതിയിൽ വാദിച്ചു. എല്ലാ തുടർ പീഡനങ്ങളെയും നേരിട്ടു. വാദിച്ചുകൊണ്ടേയിരുന്നു. അവർ ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ പ്രചോദനവും പ്രത്യാശയും ധൈര്യവുമായി മുന്നിൽ നിൽക്കാനുള്ള കരുത്തു നേടി. എന്നിട്ട്? അവരെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയത് ആരാണ് എന്ന് കണ്ടുപിടിക്കാൻ പൊലീസിന് സാധിച്ചോ? കോടതിയ്ക്ക് സാധിച്ചോ? അങ്ങനെയെങ്കിൽ അതിൽ തുടരന്വേഷണം നടക്കേണ്ടതില്ലേ? അത്രയ്ക്ക് നിഷ്കളങ്കമായ ക്വട്ടേഷനാണോ അത്?
അത്രയ്ക്ക് ദുരൂഹമാണോ കാര്യങ്ങൾ? അല്ല. മറിച്ച് ഗൂഡാലോചന ആരോപിക്കപ്പെട്ടവരെ രക്ഷിക്കാനുള്ള സിസ്റ്റത്തിൻ്റെ വ്യഗ്രതയിലും പങ്കു കച്ചവടത്തിലുമാണ് ദുരൂഹത. മേൽക്കോടതികൾ ഇനിയുമുണ്ട്. തിരക്കഥ അവസാനിക്കുന്നുമില്ല. പകയുടെ പുഞ്ചിരി ഒളിപ്പിച്ചു വെച്ച, കുറ്റവിമുക്തനാക്കപ്പെട്ട എട്ടാം പ്രതി ദിലീപിൻ്റെ മോശം അഭിനയത്തിൽ, തിരക്കഥ ബാക്കിയാണ്. അയാൾ മുൻപ് അഭിനയിച്ചതും ഇനിയും അഭിനയിക്കാനിരിക്കുന്നതുമായ എല്ലാ സിനിമകളിലും അനീതിയുടെ ഭാരം കനക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട സ്ത്രീയ്ക്കൊപ്പമാണ് നീതിബോധമുള്ള കേരളം നിലനിൽക്കുന്നത്.
