സെക്രട്ടറിയേറ്റിൽ ആശാവർക്കർമാരുടെ സമരം ആരംഭിച്ചത് മുതൽ നിരവധി ആരോപണങ്ങൾ ഉയർന്നുകേട്ടിരുന്നു. സമരത്തിന് പിന്നിലുള്ളത് എസ്.യു.സി.ഐ എന്ന സംഘടന മാത്രമാണെന്നും, ബി.ജെ.പി സമരത്തിന് ഫണ്ട് ചെയ്യുന്നുവെന്നും, കേന്ദ്രസർക്കാരിനെതിരെ സമരക്കാർക്ക് യാതൊരു നിലപാടുമില്ലെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളാണ് പ്രധാനമായും കേട്ടത്. ഇടതുപക്ഷവും ഭരണകക്ഷി നേതാക്കളുമായിരുന്നു പ്രധാനമായും ആരോപണങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്. സമരത്തിനെതിരെ ഉയർന്നുവന്ന ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി പറയുകയാണ് ട്രൂകോപ്പി തിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായി നടത്തിയ സംഭാഷണത്തിൽ സമരസമിതി കോഡിനേറ്ററായ എസ്.മിനി. ഏറെക്കാലമായി കേരളത്തിലെ പല സമരങ്ങളുടെയും മുന്നിൽ നിന്നിട്ടുള്ള വ്യക്തിയാണ് മിനി. വിളപ്പിൽശാല ജനകീയ സമര നേതാവ് കൂടിയാണ് അവർ. 12 വർഷക്കാലം മാലിന്യത്തിൽ ജീവിച്ച ഒരു ജനത അതിനെതിരെ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി എത്തിയതായിരുന്നു വിളപ്പിൽശാല സമരം. ആ സമരവും സ്ത്രീകളെ മുൻനിർത്തിയായിരുന്നു നടപ്പാക്കിയത്.
ആ സമരം വിജയിച്ച ഘട്ടത്തിലാണ് ആശാ വർക്കർമാർ തങ്ങളെ സമീപിച്ച് കക്ഷിരാഷ്ട്രീയത്തിനതീതമായി സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് മിനി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ എന്ന സംഘടന ആരംഭിച്ചത്. തുടർന്നാണ് സംഘടന കേരളം മുഴുവൻ വ്യാപിച്ചത്. ഇതൊരു സ്വതന്ത്ര സംഘടനയാണെന്നും എസ്.യു.സി.ഐക്ക് അവരുടേതായ നിലപാടുകളുണ്ടെന്നും അവർ വ്യക്തമാക്കി. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുകയാണ് ഈ സംഘടന ചെയ്യുന്നതെന്നും ആശമാരുമായി ചേർന്നിരുന്നാണ് എല്ലാ തീരുമാനവും എടുക്കുന്നതെന്നും അവർ വ്യക്തമാക്കി.
തൊഴിലാളികളുടെ ശബ്ദം
ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ആശാ വർക്കർമാരുടെ ഇടയിൽ വലിയ സ്വീകാര്യത സംഘടനയ്ക്ക് ലഭിച്ചു. മറ്റ് യൂണിയനുകൾക്ക് ഇത് പ്രതിസന്ധി ആയിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന സമയം മാത്രമാണ് മറ്റ് യൂണിയനുകൾ സമരം ചെയ്യുന്നത്. രണ്ട് ടേമായി ഇടതുപക്ഷം ഭരിക്കുന്നതിനാൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരത്തിനൊന്നും തന്നെ സി.ഐ.ടി.യു മുന്നിട്ടിറങ്ങുന്നിവല്ല. അവർക്കിത് സമരങ്ങളില്ലാത്ത കാലമാണ്.

കോവിഡ് കാലത്താണ് ആശാ വർക്കർമാരുടെ സേവനത്തിൻെറ പ്രാധാന്യം എന്തെന്ന് ശരിക്കും മലയാളികൾ തിരിച്ചറിഞ്ഞത്. അതേകാലത്ത് ആശാ വർക്കർമാർ ചില വിവേചനങ്ങളും നേരിട്ടിരുന്നു. കോവിഡ് ബാധിച്ച് മരണം സംഭവിച്ചാൽ ശവസംസ്കാര ചടങ്ങുകൾക്ക് ഒപ്പമുണ്ടാവേണ്ടത് ആശാവർക്കർമാരുടെ ഉത്തരവാദിത്വമായിരുന്നു. എന്നാൽ, അവർക്ക് യാതൊരു സുരക്ഷാസംവിധാനവും ഇല്ലായിരുന്നു. ആശാ വർക്കർമാരിൽ പലയാളുകൾക്കും കോവിഡ് ബാധിക്കുകയും അവരുടെ കുടുംബാംഗങ്ങൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. വലിയൊരു സേവനം ചെയ്യുന്ന കാലഘട്ടത്തിലും ആശാവർക്കർമാർ നേരിട്ട വിവേചനത്തിനെതിരെ ശക്തമായി സമരം നടത്തി അവർക്ക് വേണ്ട അവകാശങ്ങൾ നേടികൊടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആശാ വർക്കർമാർ കൂടുതലായി സംഘടനയിലേക്ക് അടുത്ത കാലഘട്ടമായിരുന്നു ഇത്.
സമരത്തിൻെറ രാഷ്ട്രീയം
വ്യത്യസ്ത രാഷ്ട്രീയ വിശ്വാസമുള്ളവരും പ്രവർത്തകരും ആയിരിക്കുമ്പോൾ തന്നെ പൊതുവിഷയത്തിൽ ആളുകൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് ആശമാരുടെ സമരത്തിനുള്ളത്. എങ്കിൽ തന്നെയും തങ്ങൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. തങ്ങളെ അരാഷ്ട്രീയവാദികളെന്ന് വിളിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കൃത്യമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് സമരം നടക്കുന്നത്. സമരത്തിനെ പിന്തുണയ്ക്കുന്നവരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്വാഗതം ചെയ്യുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്.
സമരം മുന്നോട്ട് പോകുമ്പോൾ സാമ്പത്തിക ചെലവുകളുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയരുന്നുണ്ട്. ബി.ജെ.പി സ്‌പോൺസെർ ചെയ്യുന്ന സമരമെന്നും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യും സ്‌പോൺസർ ചെയ്യുന്ന സമരമെന്നുമെല്ലാം സമരത്തെ പലരും ആക്ഷേപിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് അവർ വ്യക്തമാക്കുന്നു. 12 വർഷമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംഘടനയുടെ പ്രധാന ആവശ്യം ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക എന്നതാണ്. അത്തരത്തിലുള്ള നിരവധി ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സമരം നടക്കുന്നത്.

“സമരം നടത്തിപ്പിന് സാമ്പത്തികം കണ്ടെത്തുന്നത് ശ്രമകരമാണ്. വളരെ പരിമിതമായ സാമ്പത്തികമാണുള്ളത്. തുടക്കത്തിൽ ഓരോ ആശമാരുടെ കൈയിൽ നിന്നും നൂറ് രൂപ വെച്ച് പിരിക്കുകയാണ് ചെയ്തത്. അത് തരാൻ ഉള്ള സാമ്പത്തിക അവസ്ഥയൊന്നും പലർക്കും ഉണ്ടായിരുന്നില്ല. എ.ഐ.യു.ടി.സിയെന്ന തൊഴിലാളി സംഘടനയാണ് തുടക്കത്തിൽ കാര്യമായി സഹായിച്ചത്. ഞങ്ങളുടെ നേതാവ് വി.കെ സദാനന്ദൻ എ.ഐ.യു.ടി.സിയുടെ സംസ്ഥാന പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയത്. സമരം തുടങ്ങി പത്തു ദിവസം കഴിഞ്ഞതോടെ, പിന്തുണയുമായി എത്തിയവർ ചെറിയ തുക സംഭാവന നൽകി തുടങ്ങി. പിന്നീട് ആശമാരുടെ മൂന്ന് മാസത്തെ ഓണറേറിയം കുടിശിക എത്തിയതോടെ അവരും അവരവർക്കാകുന്ന തുക സംഭാവന നൽകി,” ഇങ്ങനെയാണ് സമരനടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്തിയതെന്ന് മിനി വ്യക്തമാക്കി.
ASHA WORKERS' STRIKE TRUECOPY WEBZINE PACKET 224 കാണാം,വായിക്കാം,കേൾക്കാം
എസ്.ഡി.പി.ഐയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ നേതാക്കളെയൊന്നും തങ്ങൾ കണ്ടിട്ട് പോലുമില്ല. ബി.ജെ.പി നേതാക്കൾ വന്നിരുന്നെങ്കിലും അവരോട് കൃത്യമായ രാഷ്ട്രീയവും നിലപാടും തുറന്നുപറഞ്ഞിട്ടുണ്ട്. സമരപ്പന്തലിൽ ആര് വന്ന് പിന്തുണച്ചാലും അത് സ്വാഗതം ചെയ്യും. ബി.ജെ.പി നേതാക്കൾ വന്നപ്പോഴെല്ലാം കേന്ദ്രമാണ് ഈ വിഷയത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടതെന്ന് ഞങ്ങൾ അവരോട് പറഞ്ഞിട്ടുണ്ട്. പതിനെട്ട് വർഷമായി മാറ്റമില്ലാതെ തുടരുന്ന ഇൻസെന്റീവ് വർധിപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം അവരോട് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും മിനി പറഞ്ഞു. വിഷയങ്ങളെ വളച്ചൊടിക്കാനാണ് ബി.എം.എസ് ബന്ധവും ബി.ജെ.പി ബന്ധവുമെല്ലാം ആരോപിക്കുന്നതെന്നും മിനി പറഞ്ഞു.
ആശാ വർക്കർമാരുടെ ജോലികൾ
“ആശവർക്കർമാരുടെ പദ്ധതി കേന്ദ്ര സർക്കാരിന്റേതാണ്. അവർ നൽകിയിരുന്ന നിശ്ചിതമായ ജോലിയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. സന്നദ്ധപ്രവർത്തകരായത് കൊണ്ട് തന്നെ ഈ ജോലികൾക്ക് തുച്ഛമായ ഇൻസെന്റീവാണ് നൽകി വന്നിരുന്നത്. ഇൻസെന്റീവുകളിൽ കേന്ദ്ര സർക്കാർ ഇതു വരെ ഒരു വർധനവും ഏർപ്പെടുത്തിയിട്ടില്ല. സംസ്ഥാനങ്ങൾ അധികമായി ഏൽപ്പിക്കുന്ന ജോലികൾക്ക് സംസ്ഥാന സർക്കാരാണ് ഓണറേറിയം നൽകുന്നത്. തുടക്കത്തിൽ 300 രൂപയായിരുന്നു ഓണറേറിയം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അത് 500 രൂപയായി. പിന്നീടത് 700 രൂപയായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഓണറേറിയം 1000 രൂപയായി വർധിച്ചത്. എന്നാൽ ഈ വർധനവുകളെല്ലാം അതാത് കാലത്ത് നടത്തിയ സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് ലഭിച്ചത്. ഓണറേറിയം 500 രൂപയായിരുന്ന കാലത്ത് കൂട്ടിക്കിട്ടുന്നതിന് വേണ്ടി നിവേദനങ്ങളുമായി സെക്രട്ടറിയേറ്റിൽ പലതവണ കയറിയിറങ്ങിയിട്ടുണ്ട്,” മിനി പറഞ്ഞു.
സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. ഇൻസെന്റീവ് വർധിപ്പിക്കുകയെന്നത് അടിയന്തര ആവശ്യമാണ്. സ്‌കീം വർക്കേഴ്‌സായ മുഴുവൻ തൊഴിലാളികൾക്കും കൂലി കൊടുക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കുണ്ടെന്നും മിനി പറഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ആശാവർക്കർമാർക്ക് മറ്റ് ജോലികളിൽ ഏർപ്പെടാമെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ. എന്നാൽ ആശമാർ മറ്റ് ജോലികൾ ചെയ്യാൻ പാടില്ലെന്ന ഉത്തരവ് 2018 മുതലുണ്ടെന്നാണ് മിനി പറയുന്നത്.
“ആദ്യ ഘട്ടത്തിൽ സ്ത്രീകൾ തോഴിലുറപ്പിനും കടകളിൽ ജോലി ചെയ്യാനും ട്യൂഷൻ എടുക്കാനുമെല്ലാം പോകുമായിരുന്നു. എന്നാൽ ഒരു വാർഡിൽ ഒരു ആശ എന്ന രീതി വന്നതോടെയാണ് മറ്റ് ജോലികൾ ചെയ്യാൻ പാടില്ലെന്ന ഉത്തരവ് വരുന്നത്. ഒരു വാർഡിൽ ഒരു ആശ എന്ന ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രി പറയുന്നത് ആ ഉത്തരവ് പിൻവലിച്ചു എന്നാണ്. പക്ഷെ അത് പിൻവലിച്ചിട്ടില്ല. കാരണം ആശമാരെ എപ്പോഴെല്ലാം പിരിച്ചുവിടാമെന്ന കാരണങ്ങൾ പറയുന്നതിൽ മറ്റെന്തെങ്കിലും ജോലിക്ക് പോകുന്ന ആശമാരെ ഒരു മാസത്തെ നോട്ടീസ് നൽകി പിരിച്ചുവിടാമെന്ന് പറയുന്നുണ്ട്.” മിനി വിശദീകരിച്ചു.