മൂന്നാംഘട്ട മന്ത്രിതല ചർച്ചയും പരാജയപ്പെട്ടതോടെ സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ രാപ്പകൽ സമരം തുടരുകയാണ്. നിലവിൽ സമരം 55ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ട്രേഡ് യൂണിയനുകളെ കൂട്ടുപിടിച്ച് സമരത്തെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി വ്യക്തമാക്കുന്നു. ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും പ്രഖ്യാപിക്കാൻ ഒരു സമിതിയുടെ ആവശ്യമില്ലെന്നാണ് ആശമാരുടെ നിലപാട്. മന്ത്രിതല ചർച്ച വിജയിക്കാതിരുന്നത് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ വഞ്ചനാപരമായ നിലപാട് കാരണമാണെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്ന് അസോസിയേഷൻ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
ആശമാരുടെ നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിട്ടും കമ്മീഷനെ നിയോഗിക്കാമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് ആശാ സമര സമിതി അറിയിച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പിൽ നിന്നും അനുകൂലമായ മറുപടി വന്നിട്ടില്ല. ഓണറേറിയം വർധനവ് അടക്കമുള്ള സമരസമിതിയുടെ ആവശ്യങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാമെന്നാണ് ഏപ്രിൽ മൂന്നിന് നടന്ന മൂന്നാംഘട്ട ചർച്ചയിൽ സർക്കാർ അറിയിച്ചിരുന്നത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി അടക്കമുള്ള ട്രേഡ് യൂണിയനുകൾ ഇതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

ഓണറേറിയം വർദ്ധിപ്പിക്കുവാനും വിരമിക്കുന്ന ആശ വർക്കർമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകുവാനും യാതൊരു കമ്മിറ്റിയും ആവശ്യമില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു പ്രസ്താവനയിൽ അറിയിച്ചു.
53 ദിവസം കാത്തിരുന്നിട്ട് ഇപ്പോൾ പഠന കമ്മിറ്റിയെ വയ്ക്കുന്നതിലെ കുടിലബുദ്ധി വ്യക്തമായിരുന്നു. ഇക്കാരണങ്ങളാൽ ഈ സമരത്തിൽ ഉന്നയിച്ച ഡിമാന്റുകൾ അനുവദിക്കാൻ ആവശ്യമില്ലാത്ത കമ്മിറ്റി എന്ന നിർദ്ദേശത്തോട് KAHWA അനുകൂലിക്കില്ല. എന്നിരുന്നാലും, ഓണറേറിയം വർദ്ധനയും വിരമിക്കൽ ആനുകൂല്യവും സർക്കാർ നിശ്ചയിക്കണമെന്നും, മറ്റുള്ള കാര്യങ്ങളിൽ ഒരു കമ്മിറ്റി ആകാമെന്നും ഞങ്ങൾ ചർച്ചയിൽ സമ്മതിക്കുകയുണ്ടായി. മാത്രമല്ല, ഓണറേറിയം ഇപ്പോൾ 3000 രൂപ വർദ്ധിപ്പിച്ച് പതിനായിരമാക്കി നൽകണമെന്നും, ഘട്ടം ഘട്ടമായി വർദ്ധിപ്പിച്ച് 21,000 രൂപയാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. ഇത് തീരുമാനിക്കുകയാണെങ്കിൽ അതിന് സമ്മതമാണെന്ന് ചർച്ചയിൽ സംഘടന അറിയിച്ചു.

വിരമിക്കൽ പ്രായം, വിരമിക്കൽ ആനുകൂല്യം, ഓണറേറിയത്തിന് പുതുതായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചും സമരപ്രവർത്തകർക്കെതിരെ എടുത്തുവരുന്ന കേസുകളും പ്രതികാര നടപടികളും പിൻവലിക്കണമെന്ന ആവശ്യത്തിലും സർക്കാർ രേഖാമൂലമുള്ള ഉറപ്പുകൾ നൽകിയിട്ടില്ല. അതേസമയം ഇനിയും ചർച്ച ചെയ്യാമെന്ന മന്ത്രിയുടെ നിർദ്ദേശത്തെ മാനിച്ചുകൊണ്ട് ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്ന കാര്യം 3-ന് രാത്രി തന്നെ സംഘടനാനേതൃത്വം മന്ത്രിയുടെ ഓഫീസ്സിൽ അറിയിച്ചിട്ടുമുണ്ട്. - എം.എ ബിന്ദു പറഞ്ഞു.
അതേസമയം, സമര നേതൃത്വം ഒത്തുതീർപ്പ് ആഗ്രഹിക്കുന്നില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ വിമർശിച്ചു. സർക്കാർ തീരുമാനത്തെ അംഗീകരിക്കുന്നതായി ഐ.എൻ.ടി.യു.സി പറയുമ്പോഴും ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഐ.എൻ.ടി.യു.സി യുടെ നിലപാടിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് മുൻ പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തലയും പറഞ്ഞു. മൂന്നാംഘട്ട ചർച്ചക്കു ശേഷവും തങ്ങളുടെ പ്രധാന ആവശ്യങ്ങളായ ഓണറേറിയം വർധനവ്, വിരമിക്കൽ ആനുകൂല്യം നൽകുക അടക്കമുള്ള പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.