വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളിലൊന്നായിരുന്നു, 2005 ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ കടം പൂർണമായും എഴുതിതള്ളുക എന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എന്നാൽ, കേരള ബാങ്ക് മാതൃകാപരമായ ഒരു തീരുമാനമെടുത്തിരിക്കുന്നു. ചൂരൽമല, മേപ്പാടി ശാഖകളിലെ 207 വായ്പകൾ എഴുതിത്തള്ളാനാണ് തീരുമാനം. 3.85 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുക. ദുരന്തം നടന്നതിനു പിന്നാലെ ഓഗസ്റ്റിൽ ചേർന്ന ഭരണസമിതി യോഗം ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ തീരുമാനിച്ചിരുന്നു. ആദ്യ പടിയായി ഒമ്പത് വായ്പകളിൽ നിന്നായി 6.36 ലക്ഷം രൂപ എഴുതിത്തള്ളിയിരുന്നു. ഇപ്പോൾ റവന്യൂ വകുപ്പിൽ നിന്ന് സമഗ്ര വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി വായ്പകളും എഴുതിത്തള്ളുന്നത്.
എഴുതിത്തള്ളുന്ന വായ്പകൾ:
ദുരന്തത്തിൽ മരിച്ച 10 വീട്ടുകാരുടെ 6.63 ലക്ഷം രൂപ.
വീട് നഷ്ടപ്പെട്ട 69 പേരുടെ 139.54 ലക്ഷം.
സ്ഥലം നഷ്ടപ്പെട്ട 18 പേരുടെ 4.53 ലക്ഷം.
തൊഴിൽ നഷ്ടപ്പെട്ട 40 പേരുടെ 65.53 ലക്ഷം.
കുടുംബാംഗം നഷ്ടപ്പെട്ട 16 പേരുടെ 37.51 ലക്ഷം.
വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ട 11 പേരുടെ 28.38 ലക്ഷം. കൃഷി നഷ്ടപ്പെട്ട മൂന്നു പേരുടെ 9.96 ലക്ഷം.
മറ്റു വിഭാഗങ്ങളിൽപെട്ട 25 പേരുടെ 7.75 ലക്ഷം.

മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ കൺസ്യൂമർ- പേഴ്സണൽ വായ്പാ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത് നൽകുന്ന അംഗങ്ങൾക്കാണ് പദ്ധതി പ്രകാരം വായ്പകൾ നൽകുന്നത്. കേരള ബാങ്ക് നിലവിൽ കുറച്ചെങ്കിലും വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചത് വലിയ ആശ്വസമാണെന്നും മറ്റ് ബാങ്കുകളും ഈ ഒരു നടപടിയിലേക്ക് എത്തണമെന്നും ചൂരൽമലയിലെ ദുരന്തബാധിതയായ ബിന്ദു ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:
“കേരള ബാങ്ക് വായ്പ എഴുതിത്തള്ളുമെന്ന വാർത്തകൾ കണ്ടു. ഈ കൂട്ടത്തിൽ ഞങ്ങളുടെ വായ്പ ഉണ്ടോ എന്നറിയില്ല. എനിക്കും പങ്കാളിക്കും കേരള ബാങ്കിൽ വായ്പയുണ്ട്. വായ്പ എഴുതിത്തള്ളുന്നത് വലിയ ആശ്വാസമാണ്. കാരണം ഞങ്ങൾ തോട്ടം തൊഴിലാളികളാണ്. മകളുടെ വിവാഹത്തിനും മറ്റുമായി ഒരുപാട് ലോണുകൾ എടുത്തിട്ടുണ്ട്. കുറച്ചു ദിവസം കൂടി കാത്തിരുന്നിട്ടും കേരള ബാങ്കിൽ നിന്ന് വിളി വന്നില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടാമെന്നാണ് വിചാരിക്കുന്നത്. കേരള ബാങ്കിന് പുറമെ ഇസാഫ്, ഭാരത് ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളിലും വായ്പയുണ്ട്. കേരളബാങ്കിനെ പോലെ ഇവരും കൂടി എഴുതിത്തള്ളിയാൽ മാത്രമെ കാര്യമുള്ളൂ. ഭാരത് ഫിനാൻസിൽ നിന്ന് ഇപ്പോഴും മെസേജുകൾ വരുന്നുണ്ട്” - ബിന്ദു പറയുന്നു.

കേരള ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിനുള്ള തീരുമാനം എടുക്കുമ്പോഴും ദേശസാൽകൃത ബാങ്കുകളോ കേന്ദ്ര സർക്കാരോ അവഗണന തുടരുകയാണ്. ചൂരൽമല- മുണ്ടക്കൈ ഭാഗങ്ങളിൽ പുതിയ വായ്പ നൽകാൻ പോലും പല ബാങ്കുകളും തയ്യാറാകുന്നില്ല.
മുണ്ടക്കൈയിൽ ഏറ്റവും കൂടുതൽ വായ്പയുള്ളത് ഗ്രാമീൺ ബാങ്കിലായിരുന്നു. 12 ബാങ്കുകളിൽ നിന്നായി 35.12 കോടി രൂപയാണ് വയനാട് ദുരിതബാധിതരുടെ ആകെ വായ്പ. ഇതിൽ 11 കോടിയോളം വായ്പയാണ് കേരള ഗ്രാമീൺ ബാങ്കിലുള്ളത്. എന്നാൽ വായ്പ എഴുതിത്തള്ളിയില്ലെന്നുമാത്രമല്ല, ദുരിതബാധിതർക്ക് വായ്പാ തിരിച്ചടവ് ആവശ്യപ്പെട്ട് മെസേജുകൾ അയക്കുന്നുമുണ്ട്. വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മെസേജുകൾ അയച്ചും ചൂരൽമല, മുണ്ടക്കൈ പ്രദേശത്തേക്ക് പുതിയ ലോണുകൾ നൽകാതെയും ബാങ്കുകൾ ഇപ്പോഴും ദുരിതബാധിതരെ കഷ്ടപ്പെടുത്തുകയാണ്. ഇതിനെല്ലാം പുറമെ തിരിച്ചടവ് മുടങ്ങിയതോടെ ഇവരുടെയെല്ലാം സിബിൽ സ്‌കോർ കുറഞ്ഞിട്ടുമുണ്ട്.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ മനുഷ്യർ വായ്പകൾ കാരണം ഇന്നും സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്. ദുരിതബാധിതരുടെ വ്യക്തിഗത, വാഹന, ഭവനവായ്പകൾ എഴുതിത്തള്ളാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും ഹൈക്കോടതി കഴിഞ്ഞ സെപ്തംബറിൽ ചോദിച്ചിരുന്നു. എന്നാൽ അനുകൂല നടപടി ഉണ്ടാവാത്തതോടെ കോടതി വീണ്ടും കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിന് എന്താണ് തടസമെന്നാണ് കോടതി ഫെബ്രുവരി ഒന്നിന് ചോദിച്ചത്.
വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മെസേജുകൾ അയച്ചും ചൂരൽമല, മുണ്ടക്കൈ പ്രദേശത്തേക്ക് പുതിയ ലോണുകൾ നൽകാതെയും ബാങ്കുകൾ ഇപ്പോഴും ദുരിതബാധിതരെ കഷ്ടപ്പെടുത്തുകയാണ്.
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം ഉരുൾപൊട്ടൽബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. 'The National Authority may, in cases of disasters of severe magnitude, recommend relief in repayment of loans or for grant of fresh loans to the persons affected by disaster on such concessional terms as may be appropriate'' എന്നാണ് 2005- ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽ പറയുന്നത്. അതായത്, ഗുരുതര ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ദുരിതബാധിതരുടെ വായ്പകളിൽ ഇളവ് നൽകാനും അവർക്കാശ്വാസകരമാകുന്ന തീരുമാനങ്ങളെടുക്കാനും ദേശീയ ദുരന്തനിവാരണ വകുപ്പിന് സാധിക്കും. ദുരിതബാധിതർക്ക് പുതിയ വായ്പകൾ നൽകുന്നതിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാർശ ചെയ്യാമെന്നും ഈ ആക്ടിൽ പറയുന്നുണ്ട്. എന്നാൽ ദുരിതബാധിതർക്ക് ആശ്വാസമാകുമായിരുന്ന ഈ ആക്ടിൽ ഭേദഗതി വരുത്തി എങ്ങനെ വായ്പ എഴുതിത്തള്ളുന്നത് ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരള ബാങ്ക് ഒഴികെയുള്ള മറ്റ് ബാങ്കുകൾ ഇപ്പോഴും ദുരിതബാധിതരുടെ വായ്പകൾ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് ശ്രമിക്കുന്നത്.
‘‘ഏറ്റവും കൂടുതൽ ലോണുള്ളത് ഗ്രാമീൺ ബാങ്കിലാണ്. എന്നാൽ അവർ ഇപ്പോഴും തിരിച്ചടവ് ആവശ്യപ്പെട്ട് മെസേജുകൾ അയക്കുന്നുണ്ട്. കുറഞ്ഞ തുകയാണുള്ളത്. ദുരന്തം സംഭവിച്ചത് മുതൽ ലീഡ് ബാങ്ക് മാനേജരെയടക്കം കണ്ട് ദുരിതബാധിതരുടെ വായ്പ സംബന്ധിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞതാണ്. റിസർവ് ബാങ്കിലും മന്ത്രിമാർക്കും അപേക്ഷ നൽകി. സർക്കാറും ലീഡ് ബാങ്കും വിചാരിച്ചാൽ വായ്പ മൊത്തത്തിൽ എഴുതിത്തള്ളാവുന്നതേയുള്ളൂ’’- മേപ്പാടിയിലെ കുടുബശ്രീ സെക്രട്ടറി സബിത ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
അപ്രായോഗിക ഉപാധി;
കേരളം കേന്ദ്രത്തിന് കത്തയച്ചു
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അപ്രായോഗികമായ നിബന്ധനകൾ വെച്ച് നൽകിയ വായ്പയിൽ ഹൈക്കോടതി ഇടപെട്ടതോടെ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ഫെബ്രുവരി രണ്ടിന് 16 പദ്ധതിക്കായി അനുവദിച്ച 529.50 കോടി രൂപ മാർച്ച് 31 നകം ഉപയോഗിക്കണമെന്ന ഉപാധി അപ്രായോഗികമാണെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണണെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത്തവണയും ദുരിതബാധിതരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളണമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അപേക്ഷ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. മൂന്നാഴ്ചക്കകം ഈ വിഷയങ്ങളിൽ മറുപടി നൽകണമെന്നാണ് കോടതി നിർദേശം. തുടർന്ന് ഈ കാലാവധി 2026 ഫെബ്രുവരി 11 നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ല. മാർച്ച് 31 നകം വായ്പ ലഭിച്ച തുക ചെലവഴിക്കുകയെന്നത് അപ്രായോഗികമാണെന്ന് കേരളം തുടക്കം മുതൽ പറഞ്ഞിരുന്നു.

ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരിധിവാസത്തിന് ആവശ്യപ്പെട്ട സഹായധനത്തിന് പകരം ഉപാധികളോടെയുള്ള വായ്പ പ്രഖ്യാപനത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായിരുന്നത്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കേരളത്തിന് കേന്ദ്രം വായ്പയല്ല സഹായമാണ് നൽകേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പറഞ്ഞത്. അർഹമായ സഹായം നൽകാൻ കേന്ദ്രം ഇത് വരെ തയ്യാറായിട്ടില്ലെന്നും വായ്പ സഹായത്തിന് പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2000 കോടി സഹായം ചോദിച്ചിട്ട് അത് തരാതെ 530 കോടി കടമായി തരുന്നത് കേരളത്തെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാർ പറയുന്നത് പോലെ മാർച്ച് 31- നകം ഈ തുക വിനിയോഗിക്കാനാകില്ലെന്നും കോടതിയിൽ ഇക്കാര്യം അറിയിക്കുമെന്നും കേന്ദ്രം വായ്പ പ്രഖ്യാപിച്ച ദിവസം റവന്യൂ മന്ത്രി കെ.രാജനും ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞിരുന്നു.
വയനാട് പാക്കേജിന് പ്രത്യേക ധനസഹായം അനുവദിക്കണമെന്ന കേരളത്തെ ആവശ്യം തള്ളിയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വർഷത്തേക്കു നൽകുന്ന വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചത്. വയനാട് ദുരന്തം സംഭവിച്ചതിന് ശേഷം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കുകയും കേന്ദ്ര ബജറ്റിലടക്കം പരിഗണിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ 2024 ൽ വെള്ളപ്പൊക്കം,മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ട അഞ്ചു സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) ൽ നിന്ന് 1554.99 കോടി അധിക ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേരളം തഴയപ്പെട്ടിരുന്നു.