രഞ്ജിത്ത്, താങ്കൾ ഒരു അക്കാദമി ചെയർമാനാണ്, കാർണിവൽ മാനേജരല്ല

വലിയ സമ്പത്തും വിഭവ ശേഷിയും ചെലവഴിച്ച് ചലച്ചിത്ര അക്കാദമി നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ സാംസ്കാരിക മൂലധനത്തെ ഇത്ര മാത്രം വില കുറച്ചും അപഹസിച്ചും കാണുന്ന രഞ്ജിത്ത് ആ അക്കാദമിയുടെ തലപ്പത്തിരിക്കാൻ ധാർമികമായി യോഗ്യനാണോ എന്ന് അദ്ദേഹം തന്നെ ഒരു പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ധനം, വാണിജ്യം എന്നീ രണ്ട് ആധാരങ്ങളിൽ ഊന്നി മാത്രം സിനിമ എന്ന ഉദാത്തമായ കലാവിഷ്കാരത്തെ കാണാൻ കഴിയുന്ന ഒരു മനുഷ്യനോട് ഇതല്ലാതെ മറ്റൊന്നും പറയാനില്ല.

നപ്രിയമായ ഒട്ടേറെ സിനിമകൾ എഴുതുകയും തീയറ്ററുകളിൽ ആളെക്കൂട്ടുന്ന നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ഒരു സിനിമാ പ്രവർത്തകനാണ് രഞ്ജിത്ത്. ഇതിൽ ആരെങ്കിലും തർക്കിക്കുമെന്നോ കൊമേഴ്സ്യൽ മലയാള സിനിമക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ചെറുതാണെന്ന് പറയുമെന്നോ തോന്നുന്നില്ല. അതിൻ്റെ ഒരു ലെഗസിയിൽ തന്നെയാണ് അദ്ദേഹത്തെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് അവരോധിച്ചിട്ടുള്ളത്. ചില വിമർശനങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ആ സ്ഥാനത്തേക്ക് വരാനുള്ള രഞ്ജിത്തിൻ്റെ അർഹതയിൽ ആളുകൾക്ക് മറ്റൊരഭിപ്രായം ഉണ്ടായിരുന്നില്ല. പക്ഷേ സംഭവിച്ച ഒരു പ്രധാന പ്രശ്നം, മനുഷ്യർ കൂടുതൽ കൂടുതൽ ജനാധിപത്യ ബോധമുള്ളവരായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് അത് ഒട്ടും സംഭവിച്ചിട്ടില്ലാത്ത രഞ്ജിത്ത് എന്ന സംവിധായകൻ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിപ്പോയത് എന്നതാണ്. അത് സൃഷ്ടിക്കുന്ന കോലാഹലങ്ങളാണ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. അത് രഞ്ജിത്തിൻ്റെ കുഴപ്പം കൊണ്ടാണോ അതോ ആളുകളുടെ കുഴപ്പമാണോ എന്നത് കൂടിയാണ് ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടി വരുന്നത്.

സംവിധായകൻ രഞ്ജിത്ത്.

ചലച്ചിത്ര അക്കാദമി എന്നത് ഒരു വൈജ്ഞാനിക സ്ഥാപനമാണ്. സോദ്ദേശപൂർവമാണ് അത് സ്ഥാപിക്കപ്പെട്ടത്. അതിൻ്റെ സ്ഥാപിത ലക്ഷ്യം സിനിമ കൊണ്ട് ആളുകളെ രസിപ്പിക്കുക എന്നതോ കേരളത്തിലെ സിനിമ വ്യവസായത്തെ സാമ്പത്തികമായി പരിപോഷിപ്പിക്കുക എന്നതോ അല്ല. അതിനുമപ്പുറം അതിനൊരു മാനവികവും വൈജ്ഞാനികവുമായ ദൗത്യമാണുള്ളത്. അത് കൊണ്ടാണ് അതിൻ്റെ പേര് അക്കാദമി എന്നായിരിക്കുന്നത്. ഈയൊരു അടിസ്ഥാന ബോധം സിനിമയുമായി ബന്ധപ്പെട്ടുളള അഭിപ്രായങ്ങളിലോ സമീപനങ്ങളിലോ പുലർത്താൻ രഞ്ജിത്ത് എന്ന സിനിമാക്കാരന് ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഖേദകരം. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പരാജയവും ഇത് തന്നെയാണ്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ രഞ്ജിത്തിൻ്റെ തന്നെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പോലെ, അദ്ദേഹത്തിനെതിരിലുള്ള മറ്റെല്ലാ വിമർശനങ്ങളും ഇതിൽ താഴെയാണ്.

അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മാധ്യമങ്ങൾക്ക് മുമ്പിൽ ആരോപണം ഉന്നയിക്കുന്ന അക്കാദമി അംഗങ്ങൾ

ഇതാദ്യമായല്ല രഞ്ജിത്ത് വിമർശിക്കപ്പെടുന്നത്. ജനാധിപത്യ ബോധമോ മൂല്യങ്ങളോ പുലർത്താത്ത പ്രമേയങ്ങളും പരിഷ്കൃത മനുഷ്യൻ്റെ നൈതിക ബോധങ്ങളെ പിന്നിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്ന പാത്ര സൃഷ്ടികളും കൊണ്ട് രഞ്ജിത്ത് നിരന്തരം വിമർശിക്കപ്പെട്ടിട്ടുണ്ട്. സവർണത, സ്ത്രീ വിരുദ്ധത, ആൺകോയ്മ, ഫ്യൂഡലിസം തുടങ്ങിയ പിന്തിരിപ്പൻ ആശയങ്ങളെ അതിഷ്ടപ്പെടുന്ന കുറെ മനുഷ്യർക്ക് വേണ്ടി വിളമ്പി വിജയം വരിച്ച ഒരു സംവിധായകൻ എന്ന നിലയിൽ നിന്ന് വളർന്ന് വരാൻ ഒരു തരിമ്പ് പോലും രഞ്ജിത്തിന് സാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവാദങ്ങൾ പോലും ബോധ്യപ്പെടുത്തുന്നത്. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ അദ്ദേഹത്തിൻ്റേതായി വന്നിട്ടുള്ള ഒരു ഇൻ്റർവ്യൂ. ധനം, ആൾക്കൂട്ടം എന്നീ രണ്ട് മാനദണ്ഡങ്ങളിൽ സിനിമയുടെ വിജയ പരാജയങ്ങളെ നിർവചിക്കുകയും അതിൻ്റെ സാംസ്കാരികവും സാമൂഹ്യവുമായ നിലനിൽപുകളെ നിഷ്കരുണം, അല്പം പരിഹാസ്യമായി തള്ളിക്കളയുകയും ചെയ്യുന്ന അദ്ദേഹത്തിൻ്റെ നിലപാട് നിരാശാപരവും പ്രതിഷേധജനകവുമാണ്. താൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണെന്ന് പരസ്യമായി പറയുമ്പോൾ അദ്ദേഹത്തിൻ്റെ സത്യസന്ധതയെ നമുക്ക് മാനിക്കാം. പക്ഷേ ഒരു കാർണിവൽ നടത്തിപ്പ്കാരൻ്റെ കസേരയിൽ ഇരിക്കാൻ മാത്രമേ അദ്ദേഹം ആയിട്ടുള്ളൂ എന്ന് കൂടിയാണ് അദ്ദേഹം പറഞ്ഞ് വെക്കുന്നതെന്ന് കൂടി അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്.

ഐഎഫ്എഫ്കെ വേദികളിലെ തിയേറ്റർ ഹാളുകളിലെ തിരക്ക്

കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യർ ആഴ്ചകൾക്ക് മുമ്പ് തന്നെ തയാറെടുപ്പുകൾ നടത്തി തിരുവനന്തപുരത്തിന് വണ്ടി കയറുന്നത് രഞ്ജിത്ത് പറയുന്നത് പോലുള്ള സിനിമകൾ കാണാനല്ല. മറിച്ച്, ഒരു പക്ഷെ തീയറ്ററുകളിൽ കളിച്ചാൽ രണ്ട് റോ തികച്ച് ഇരിക്കാൻ ആളെ കിട്ടാത്ത വിധം ജനപ്രിയമല്ലാത്ത ഒട്ടേറെ സിനിമകൾ കാണാനാണ് ആ മനുഷ്യർ തിക്കും തിരക്കും കൂട്ടി, പണം ചെലവഴിച്ച്, പൊരിവെയിലത്ത് പോലും ക്യൂവിൽ നിന്ന് സിനിമ കാണാൻ വരുന്നത്. മനുഷ്യൻ്റെ ബോധങ്ങളെയും വിചാരങ്ങളെയും മൂല്യചിന്തകളെയും പോലും പുനർ നിശ്ചയിക്കാൻ പോന്ന വിധം ആന്തരികവത്കരിച്ച സിനിമകളുടെ ഘടനയും ആവിഷ്കാരവും അനുഭവങ്ങളും അത് നിർമിച്ചിരിക്കുന്ന രീതികളും തേടിയാണ് ആ വരവ്. അങ്ങനെ സിനിമ എന്ന കലാവിഷ്‌കാരം മനുഷ്യൻ്റെ ബോധ നിർമിതിയിൽ നേരിട്ട് ഇടപെടുന്നതെങ്ങനെയെന്ന് അനുഭവിച്ചറിയുന്ന ഒരു ഉത്സവകാലമാണ് ചലച്ചിത്ര അക്കാദമി നടത്തുന്ന ഐ എഫ് എഫ് കെ എന്ന കേരളത്തിൻ്റെ സ്വന്തം ചലച്ചിത്രോത്സവം. വലിയ സമ്പത്തും വിഭവ ശേഷിയും ചെലവഴിച്ച് ചലച്ചിത്ര അക്കാദമി നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ സാംസ്കാരിക മൂലധനത്തെ ഇത്ര മാത്രം വില കുറച്ചും അപഹസിച്ചും കാണുന്ന രഞ്ജിത്ത് ആ അക്കാദമിയുടെ തലപ്പത്തിരിക്കാൻ ധാർമികമായി യോഗ്യനാണോ എന്ന് അദ്ദേഹം തന്നെ ഒരു പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ധനം, വാണിജ്യം എന്നീ രണ്ട് ആധാരങ്ങളിൽ ഊന്നി മാത്രം സിനിമ എന്ന ഉദാത്തമായ കലാവിഷ്കാരത്തെ കാണാൻ കഴിയുന്ന ഒരു മനുഷ്യനോട് ഇതല്ലാതെ മറ്റൊന്നും പറയാനില്ല.

സിനിമയുടെ ആവിഷ്കാര സാധ്യതകളെയും മനുഷ്യൻ്റെ നിരന്തരമായ ആധുനികവൽക്കരണത്തിനുതകുന്ന അതിൻ്റെ സാമൂഹിക പ്രസക്തിയെയും കണ്ണും പൂട്ടി നിരാകരിക്കുകയും സിനിമ നിർവഹിക്കുന്ന സാമൂഹിക വളർച്ച എന്ന ആശയത്തെ പരിഹാസത്തോടെ ഉപമിക്കുകയും ചെയ്യുന്ന രഞ്ജിത്തിനോട്, സിനിമയെ അദ്ദേഹം കാണുന്നത് പോലെയല്ലാതെ കാണുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് കുറെ കാര്യങ്ങൾ പറയാനുണ്ടാകും. കേരളത്തിൻ്റെ സാമൂഹിക വളർച്ചയ്ക്കും ഇന്ന് കാണുന്ന വിധമുള്ള സാംസ്കാരിക ജനാധിപത്യം വികസിച്ച് വരുന്നതിലും കലാവിഷ്കാരങ്ങൾക്ക് വലിയ പങ്കുണ്ട്. കലകളിലൂടെ വലിയ സാമൂഹിക വിപ്ലവങ്ങൾ നടന്നിട്ടുള്ള മണ്ണാണിത്. നാടകത്തിനും സിനിമയ്ക്കുമൊക്കെ അതിൽ പങ്കുണ്ട്. രഞ്ജിത്ത് എഴുതിയതും സംവിധാനം ചെയ്തതുമായ സിനിമകളെയും അത് പോലുള്ള മറ്റ് സിനിമകളെയും മാത്രം പോര ഈ സമൂഹത്തിന്. അത്തരം സിനിമകൾ കാണാൻ തീയറ്ററുകളിൽ ആളുകൾ ഇരച്ച് കയറുന്നുണ്ട് എന്ന ന്യായം കൊണ്ട് ഒരു സിനിമയുടെ വിജയ പരാജയങ്ങളെ വിലയിരുത്താൻ രഞ്ജിത്ത് ശ്രമിക്കുമ്പോൾ മറ്റൊരു ചോദ്യത്തിന് കൂടി അദ്ദേഹം മറുപടി പറയേണ്ടി വരും. മുടക്ക് മുതൽ തിരിച്ച് പിടിക്കുന്ന സ്‌ട്രാറ്റജിയിൽ ഉണ്ടാക്കപ്പെടുന്ന സന്തോഷ് പണ്ഡിറ്റ് സിനിമകളെയും ഒരു കാലത്ത് ബി ക്ലാസ് തീയേറ്ററുകൾ നിറച്ച് ആളുകളെ ഇരുത്തി ഷോ നടത്തിയിട്ടുള്ള സെമി പോൺ സിനിമകളെയും ബഹുമാന്യനായ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ത് കാറ്റഗറിയിൽ ഉൾപ്പെടുത്തും എന്ന് കൂടി പറയേണ്ടതുണ്ട്. അത് കൂടി പറയുമ്പോഴേ അദ്ദേഹം ഉയർത്തുന്ന വാദങ്ങൾ പൂർണമാകുകയുള്ളൂ. അവയൊന്നും മോശമാണെന്ന് പറയാനല്ല ഇത്. അത് നിർമിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അറക്കൽ മാധവനുണ്ണിയെയും ആറാം തമ്പുരാനായ ജഗന്നാഥനേയും മംഗലശ്ശേരി നീലകണ്ഠനേയും വെള്ളമടിച്ച് കോൺ തിരിഞ്ഞ് വരുമ്പോൾ കാലു മടക്കി അടിക്കാനായി പെണ്ണ് കെട്ടുന്ന കാർത്തികേയനെയും കാണാൻ ആളുകൾ തീയറ്ററുകളിൽ കയറുന്ന വൈകാരികാവസ്ഥയുടെ മറ്റൊന്നാണ് മേൽ പറഞ്ഞതും.

മുടക്ക് മുതൽ തിരിച്ച് പിടിക്കുന്ന സ്‌ട്രാറ്റജിയിൽ ഉണ്ടാക്കപ്പെടുന്ന സന്തോഷ് പണ്ഡിറ്റ് സിനിമകളെയും ഒരു കാലത്ത് ബി ക്ലാസ് തീയേറ്ററുകൾ നിറച്ച് ആളുകളെ ഇരുത്തി ഷോ നടത്തിയിട്ടുള്ള സെമി പോൺ സിനിമകളെയും ബഹുമാന്യനായ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ത് കാറ്റഗറിയിൽ ഉൾപ്പെടുത്തും എന്ന് കൂടി പറയേണ്ടതുണ്ട്

ഒരു സിനിമ മനുഷ്യൻ്റെ ജീവിതത്തെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് രഞ്ജിത്ത് മറുപടി നൽകുന്നത്. അദ്ദേഹത്തിന് അതിന് പറയാനുള്ള പരമാവധി ഉദാഹരണം അദ്ദേഹത്തിൻ്റെ മംഗലശ്ശേരി നീലകണ്ഠനെ കണ്ടിട്ട് അത് പോലെ മുണ്ടും മടക്കി കുത്തി ആളുകളുടെ മെക്കിട്ട് കേറാൻ പ്രേക്ഷകർ ആരെങ്കിലും പോകുന്നോ എന്ന ചോദ്യമാണ്. അങ്ങനെ പോയാൽ നാട്ടുകാരുടെ കൈയിൽ നിന്ന് അടി കിട്ടുമ്പോൾ അവർ പഠിച്ച് കൊള്ളും എന്ന് കൂടി പറഞ്ഞ് അദ്ദേഹം ഉത്തരം പൂർത്തിയാക്കുമ്പോൾ മനുഷ്യൻ്റെ ആന്തരിക ബോധങ്ങളോടും അവയോട് സംവദിക്കാൻ ശ്രമിക്കുന്ന പ്രതിഭാധനരായ നൂറു കണക്കിന് സിനിമാ പ്രവർത്തകരോടുമാണ് അദ്ദേഹം തൻ്റെ പരിഹാസച്ചിരിയുടെ മുന തൊടുത്ത് വിടുന്നത്.

കേരള ചലച്ചിത്ര അക്കാദമി

ചലച്ചിത്ര അക്കാദമിയുടെ ഉള്ളിൽ നിന്നും രഞ്ജിത്തിന് നേരെ അതി ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. അദ്ദേഹം പുലർത്തുന്ന താൻ പോരിമയും ഏകപക്ഷീയതയും ജനാധിപത്യ വിരുദ്ധമായ ഭാവങ്ങളുമൊക്കെയാണ് അവിടെ നിന്നുള്ള പ്രതിഷേധങ്ങളുടെ പ്രധാന കാരണം. അദ്ദേഹത്തെ അടിയന്തരമായി മാറ്റണം എന്നാണ് അവിടെ നിന്നും ഉയരുന്ന ആവശ്യം. അത് ഒരുപക്ഷെ നയതന്ത്രപരമായി പരിഹരിക്കപ്പെട്ടേക്കാം. പരിഹാരത്തിനായി ചില ക്രമീകരണങ്ങൾ നടത്തിയേക്കും. അത് അക്കാദമിയുടെ ആഭ്യന്തര കാര്യമാണ്. അത് എന്ത് തന്നെയായാലും സിനിമ എന്ന വലിയൊരു കാലാവിഷ്കാരത്തെ പണമുണ്ടാക്കാനുള്ള മനുഷ്യൻ്റെ അനേകം വഴികളിൽ ഒന്ന് മാത്രമായി കാണുകയും മനുഷ്യബോധങ്ങളുമായി സംഘർഷാത്മകമായും ആസ്വാദ്യപരവുമായി സംവദിക്കാനുള്ള അതിൻ്റെ അപാരമായ ആന്തരികശേഷിയെ പരിഹാസ്യമായി നിരാകരിക്കുകയും ചെയ്യുന്ന ഒരാൾ ചലച്ചിത്ര അക്കാദമി എന്ന വൈജ്ഞാനിക സ്ഥാപനത്തിൻ്റെ അമരത്ത് ഇരിക്കുന്നത് ഒട്ടും ഭൂഷണമല്ല.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments