എല്ലാവർക്കും പൊതുമാപ്പ് നൽകുന്ന ഗീവർഗീസാശാൻ സീസണാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതൊക്കെയും പാതിരാത്രിയിൽ സൂര്യനുദിച്ചപ്പോൾ പെട്ടുപോയവന്റെ വെപ്രാളവും പരവേശവുമാണ്. പതിവുമട്ടിൽ; എന്റെ സ്വരം മാറും, നിങ്ങളൊരാൾക്കാണ് പ്രശ്നം എന്ന് മാധ്യമപ്രവർത്തകരെ ഒറ്റയ്‌ക്കൊറ്റക്ക് പുള്ളിക്കുത്തുക, എന്നെ നിങ്ങൾക്കറിയാം എന്നൊക്കെയുള്ള പതിവ് മുനപോയ പഴഞ്ചൊല്ലുകൾക്കപ്പുറം മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് മനസിലാക്കേണ്ടത്; പറ്റിപ്പോയി, ഇനിയിങ്ങനെയൊക്കെയേ നടക്കൂ, കൂടുതലൊന്നും പ്രതീക്ഷിക്കരുത്, ബുദ്ധിമുട്ടിക്കരുത് എന്നാണ്.
മുഖ്യമന്ത്രിയുമായി അഭിമുഖം ഏർപ്പാടാക്കാൻ ഒരു സ്വകാര്യ പി.ആർ കമ്പനിയുടെ പ്രതിനിധി വന്നപ്പോൾ മുഖ്യമന്ത്രി അയാളുടെ അച്ഛനുമായുള്ള പരിചയം വെച്ച് സമ്മതിച്ചുപോലും! അതും 'ഹിന്ദു' പോലെ കേരള മുഖ്യമന്ത്രിയുടെ മൂളിപ്പാട്ട് വരെ ഏതുസമയവും നൽകാൻ തയ്യാറുള്ളൊരു പത്രത്തിൽ. മുഖ്യമന്ത്രിയുടെ അഭിമുഖം ആർക്ക് നൽകണം, എപ്പോൾ നൽകണം എന്നതിനൊക്കെ അച്ഛൻ വഴിക്കുള്ള പരിചയമാണോ മാനദണ്ഡം? ഇങ്ങനെയുള്ള സ്വജനപക്ഷപാതത്തിന്റെ വലിയ ഇടപാടുകളാണ് മുഖ്യമന്ത്രിയുടെ കാര്യാലയം വഴി സർക്കാരിൽ നടക്കുന്നതെന്ന ആരോപണങ്ങൾ ശരിവെക്കുകയാണ് ഇതൊക്കെച്ചെയ്യുന്നത്. സൈബർ പ്രചാരണ സംഘങ്ങളിലെ കമാണ്ടർമാരടക്കമുള്ള നിരവധി പേർ ഇത്തരത്തിലുള്ള ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണ് എന്നത് മറ്റൊരു വിഷയം.
മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് ഒരു PR കമ്പനി പ്രതിനിധിക്ക് അഭിമുഖം ഏർപ്പാടാക്കാൻ കഴിയുന്നത്ര സുഗമമായ പ്രാപ്യതയാണോ ‘അവതാരങ്ങൾക്കെതിരെ’ മുന്നറിയിപ്പ് നൽകിയ പിണറായി വിജയനുള്ളത്? ഹിന്ദുവിന് അഭിമുഖം വേണമെങ്കിൽ അവരല്ലേ സമീപിക്കേണ്ടത് എന്നും ഇത്തരത്തിലൊരു അഭിമുഖം ഏർപ്പാടാക്കിക്കൊടുക്കുന്നതിൽ നിങ്ങൾക്കെന്താണ് നേട്ടമെന്നും മുഖ്യമന്ത്രി ചോദിച്ചില്ലേ? ഇത്തരത്തിലൊരു കമ്പനിയെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ കാര്യാലയത്തിനോ പ്രസ്, മാധ്യമ സെക്രട്ടറിമാർ അടക്കമുള്ള സർവ്വവിജ്ഞാനകോശങ്ങൾക്കോ മുൻധാരണയില്ലാതെയാകില്ല അഭിമുഖ ഇടപാടിന് തയ്യാറായതെന്ന് സാമാന്യബുദ്ധിയിൽ ഊഹിക്കാവുന്നതേയുള്ളൂ. അതങ്ങനെയല്ല എന്ന് പറയാനും വ്യക്തമാക്കാനുമുള്ള ഇന്നത്തെ അവസരത്തിൽ വിജയൻ നിലത്തുകിടന്ന് നീന്തൽ പഠിക്കുന്നതാണ് നമ്മളിന്ന് കണ്ടത്.
മുഖ്യമന്ത്രിയുടെ വൻസുരക്ഷ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെയൊക്കെ ചക്രവ്യൂഹത്തിനുള്ളിലാണ് അഭിമുഖം നടക്കുന്നത്. അവിടെ 'ഹിന്ദു' പത്രത്തിന്റെ ലേഖിക വരുന്നു.
ഹിന്ദു പത്രം പറയുന്നതനുസരിച്ച് Kaizzen എന്ന PR കമ്പനിയുടെ രണ്ടുപേർ അഭിമുഖ സമയത്ത് അവിടെയുണ്ടായിരുന്നു. PR കമ്പനിയെ പത്രം ഏർപ്പാടാക്കിയതല്ല, അവർ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമാണ് വന്നതെന്നത് വ്യക്തമാണ്. അഭിമുഖം തുടങ്ങുമ്പോൾത്തന്നെ PR കമ്പനിയിലെ ഒരാൾ അവിടെയുണ്ടായിരുന്നു. സംഭാഷണം പുരോഗമിക്കുന്നതിനിടെ അതേ കമ്പനിയിലെ മറ്റൊരാൾക്കൂടി അവിടേക്ക് കയറിവന്നു എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. അതായത് വലിയ സുരക്ഷയുള്ള, കറുത്ത കുപ്പായമിട്ടവരെയും കാക്കകളെയുംവരെ ആട്ടിപ്പായിക്കുന്ന ജാഗ്രതയും കരുതലുമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്റെ ഇടയിലൂടെയാണ് ഒരു സ്വകാര്യ PR കമ്പനി ജീവനക്കാർ കേരള മുഖ്യമന്ത്രിയുടെ മുറിയിലേക്ക് പൂരപ്പറമ്പിലെന്നോണം കയറിയിറങ്ങുന്നത്. അതും പിണറായി വിജയൻ അഭിമുഖം നൽകുന്ന നേരത്ത്.
രണ്ടു പേർ സംസാരിക്കുന്ന സമയത്ത് അതിനിടയിലേക്കോ ആ മുറിയിലേക്കോ അത്യാവശ്യമല്ലെങ്കിൽ കയറിച്ചെല്ലുന്നത് സാമാന്യമര്യാദയുടെ ലംഘനമായി നമ്മളെപ്പോലുള്ള സാധാരണ മനുഷ്യർ പോലും കണക്കാക്കുമെന്നിരിക്കെയാണ് കേരള മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന മുറിയിലേക്ക് ഒരാൾ കയറിയിറങ്ങുന്നത്. കാർക്കശ്യത്തിന്റെ വൈരുദ്ധ്യാത്മക ഭൗതിക രൂപമായ പിണറായി വിജയൻ എത്ര സൗമ്യമായാണ് ആ വിവരം നമ്മളോട് പറയുന്നത്. ഇതൊക്കെ യാദൃച്ഛികമാണെന്ന് നമ്മൾ വിശ്വസിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.
കേരള മുഖ്യമന്ത്രിയുടെ അഭിമുഖസംഭാഷണത്തിന്റെ പാഠത്തിൽ അദ്ദേഹം പറയാത്ത കാര്യങ്ങൾ, തന്റെയോ തന്റെ കാര്യാലയത്തിന്റെയോ അറിവോടെയല്ലാതെയെന്ന് മുഖ്യമന്ത്രിയും കൂട്ടരും അവകാശപ്പെടുകയും ചെയ്യുന്നവ, സംസ്ഥാനത്തെ ക്രമസമാധാനത്തെയും സാമുദായിക ഐക്യത്തേയും മതേതര രാഷ്ട്രീയ നിലപാടുകളേയും അതിഗുരുതരമായി മുറിപ്പെടുത്തുന്ന തരത്തിലുള്ളവ, PR കമ്പനിക്കാർ മുഖ്യമന്ത്രിയുടേതെന്ന മട്ടിൽ തെറ്റിദ്ധരിപ്പിച്ച് അഭിമുഖത്തിൽ കൂട്ടിച്ചേർത്തിട്ടും അവർക്കെതിരെ എന്തെങ്കിലും നിയമനടപടികൾക്ക് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാകാത്തതിൽ ദുരൂഹതയൊന്നുമില്ല; എല്ലാം പകൽപോലെ വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ കാര്യാലയത്തിന്റെ കയ്യൊപ്പിലാണ് മൊത്തം കാര്യങ്ങളും നടന്നത്. അതുകൊണ്ടാണ് അഭിമുഖത്തിന്റെ അച്ചടിച്ച പതിപ്പ് പുലർകാലത്ത് കയ്യിൽക്കിട്ടിയിട്ടും മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗമടക്കമുള്ളവർക്ക് ഒരു തിരുത്ത് നൽകാൻ ഒന്നര ദിവസം കാക്കേണ്ടിവന്നത്. ഒന്നുകിൽ അവിടെയുള്ള ഒരുത്തനും ഇതൊന്നും ശ്രദ്ധിക്കുന്നില്ല, അല്ലെങ്കിൽ തങ്ങൾ തയ്യാറാക്കി നൽകിയ ഭാഗം കൃത്യമായി വന്നതുകൊണ്ടാണ് മിണ്ടാതിരുന്നത്. തങ്ങളുടെ പൂർണ്ണമായ അറിവോടുകൂടിയാണ് അഭിമുഖത്തിലെ എല്ലാ സംഗതികളും വന്നത് എന്നതുകൊണ്ടാണ് ഇന്നടക്കം മുഖ്യമന്ത്രി PR കമ്പനിക്കെതിരെ ഒന്നും പറയാഞ്ഞത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ വെറുപ്പിന്റെ രാഷ്ട്രീയാഖ്യാനം ചേർത്തുവെക്കാൻ ഇത്ര എളുപ്പമാണെങ്കിൽ എന്തുതരം രാഷ്ട്രീയ പ്രതിരോധമാണ് പിണറായി കമ്പനി അവകാശപ്പെടുന്നത്?
വേദാന്തയെപ്പോലുള്ള വലിയ ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ സേവനം ഉപയോഗിക്കുന്നു എന്നവകാശപ്പെടുന്ന Kaizzen എന്നൊരു Public Relations സ്ഥാപനമാണ് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മാധ്യമങ്ങൾക്ക് അഭിമുഖങ്ങളൊക്കെ തയ്യാറാക്കിക്കൊടുക്കുന്നതെന്നാണ് ഹിന്ദു അഭിമുഖത്തിന്റെ പശ്ചാത്തലത്തിൽ മനസിലാകുന്നത്. ഹിന്ദു പത്രം പറയുന്നതനുസരിച്ച് മുഖ്യമന്ത്രി വിജയന് ഹിന്ദു പത്രത്തിൽ ഒരഭിമുഖം വരുത്താൻ താത്പര്യമുണ്ട് എന്നുപറഞ്ഞുകൊണ്ട് PR കമ്പനിക്കാർ പത്രത്തെ സമീപിക്കുന്നു. അവർ തയ്യാറാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖം നൽകുമ്പോൾ PR കമ്പനിയുടെ രണ്ടു പ്രതിനിധികൾ അയാൾക്കൊപ്പമിരിക്കുന്നു. എന്ത് പറയണം പറയണ്ട എന്നൊക്കെ മൂപ്പരെ ശട്ടം കെട്ടുന്നു. അഭിമുഖം തീർന്നിട്ട് അതങ്ങനെത്തന്നെ കൊടുക്കുകയല്ല ഇത്തരം അഭിമുഖങ്ങളിലെ പതിവെന്ന് അത്തരം മാധ്യമപ്രവർത്തനം നടത്തിയവർക്ക് അറിയാവുന്നതാണ്. ഉയർന്ന രാഷ്ട്രീയ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ളവർ, പരാമർശങ്ങളിൽ എന്തെങ്കിലും പാളിച്ചയോ അല്ലെങ്കിൽ വേണ്ടത്ര ആലോചന കൂടാതെ അഭിമുഖത്തിൽത്തന്നെ പറഞ്ഞുപോയ എന്തെങ്കിലും വന്നാൽ അത് പ്രശ്നമാകുമെന്നുള്ളവർ തുടങ്ങിയവരൊക്കെ അഭിമുഖത്തിനുശേഷം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന final draft അവർക്കയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ശേഷം മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്യും. വലിയ മാധ്യമ ധാർമ്മികത പ്രശ്‌നമൊന്നുമില്ലാത്ത സന്ദർഭങ്ങളിലെല്ലാം അവർ ചില ഭാഗങ്ങൾ ഒഴിവാക്കാൻ പറഞ്ഞാൽ അത് ചെയ്യുകയും പതിവാണ്. കാരണം ആത്യന്തികമായി ഒരാൾക്ക് പൊതുജനത്തോട് എന്താണ് പറയാനുള്ളതെന്ന് അയാളാണല്ലോ തീരുമാനിക്കുന്നത്.
മുഖ്യമന്ത്രി വിജയന്റെ അഭിമുഖത്തിന് ശേഷം PR കമ്പനിക്കാർ കുറച്ചുകാര്യങ്ങൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നും അതാണ് വിവാദമായതെന്നുമാണ് പറയുന്നത്. അതിലൊരു തട്ടിപ്പുണ്ട്. മുഖ്യമന്ത്രിയുടെ Press secretary -യും മുഖ്യമന്ത്രി തന്നെയും അറിയാതെ ഇത്തരത്തിലൊരു ഭാഗം PR കമ്പനിയുടെ പ്രതിനിധികൾ കൂട്ടിച്ചേർക്കാൻ തയ്യാറാകില്ല. അഥവാ അങ്ങനെയാണെങ്കിൽ പിണറായി വിജയന്റേതെന്ന് നാം കരുതുന്ന പല പ്രസ്താവനകളും അഭിപ്രായങ്ങളും അഭിമുഖങ്ങളുമെല്ലാം ഏതോ PR കമ്പനിക്കാർ അടിച്ചുകൊടുക്കുകയും ഇങ്ങേരതിനു താഴെ ശൂ ക്രാ എന്ന് ഒപ്പിടുകയുമാണെന്ന് കരുതേണ്ടി വരും. മുഖ്യമന്ത്രിയുടെ അഭിമുഖം ദേശീയ ദിനപ്പത്രത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അതെങ്ങനെയാണെന്ന് PR കമ്പനിയാണ് തീരുമാനിക്കുന്നതെങ്കിൽ സർക്കാർ ശമ്പളവും വാങ്ങി ഇപ്പോൾ തിരുത്തും തേങ്ങലുമായി അഭിനയിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ ആദ്യം പിടിച്ചു പുറത്താക്കണം.
കേരളത്തിന്റെ മുഖ്യമന്ത്രി അഭിമുഖം നൽകുമ്പോൾ ഒരു സ്വകാര്യ PR കമ്പനിയുടെ പ്രതിനിധികൾക്ക് ഒപ്പമിരുന്നും അതിനുശേഷവും അതിനെ നിയന്ത്രിക്കാനും ഉള്ളടക്കം രൂപപ്പെടുത്താനും കഴിയുന്നുണ്ട് എന്നത് ആരാണ് നമ്മളെയൊക്കെ ഭരിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്. ചുരുങ്ങിയത് ആറ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള വിജയന് ഒരു പത്രത്തിന് അഭിമുഖം നൽകുമ്പോൾ PR കമ്പനി പ്രതിനിധികളെ ഒപ്പമിരുത്തി അവരുടെ സഹായം വേണമെങ്കിൽ എത്ര പരിതാപകരമാണ് അയാളുടെ അവസ്ഥ.
ഒന്നുറപ്പാണ്, ഇത്രയും നിർണ്ണായകവും പ്രശ്നഭരിതവുമായ ഒരു പ്രസ്താവന, അതും നിലവിലെ സാഹചര്യങ്ങളെ കൃത്യമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ളത്, ദേശീയ മാധ്യമങ്ങളിൽ വന്നാൽ ദേശീയ രാഷ്ട്രീയത്തിൽ സംഘപരിവാറിന്റെ രാഷ്ട്രീയാഖ്യാനത്തോട് ചേർത്തുവെക്കുന്നത്, ഇത്ര കൃത്യമായും നൽകണമെങ്കിൽ അത് PR കമ്പനിയുടെ രണ്ട് പേർ മാത്രം ആലോചിച്ചാണെന്നൊക്കെ വിശ്വസിക്കാൻ ആവശ്യപ്പെടുമ്പോൾ പിണറായി കമ്പനി കേരളീയരുടെ സാമാന്യബുദ്ധിയെ വല്ലാതെ പരീക്ഷിക്കുകയാണ്. അല്ലെങ്കിൽ BJP-യായിരിക്കണം പിണറായി വിജയന് PR പ്രമുഖിനെ ഏർപ്പാടാക്കിക്കൊടുത്തത്.
ഡൽഹിയിൽ കേന്ദ്ര സർക്കാരുമായി ഇടപെടാൻ സർക്കാർ ചെലവിൽ കെ.വി.തോമസ്, രാഷ്ട്രീയ വൃത്തങ്ങളുമായുള്ള ഇടപാടുകൾക്ക് അത്തരം പരിചയമുള്ള മാധ്യമപ്രവർത്തനവും കൂടെനടത്തിയിരുന്ന ജോൺ ബ്രിട്ടാസ് എം.പി, രാഷ്ട്രീയ കൃത്യത മാധ്യമ പ്രസ്താവനകൾക്കും അഭിമുഖങ്ങൾക്കും ഉണ്ടാകണമെന്നുകൂടി ഉറപ്പാക്കുന്ന സി പി എം സംസ്ഥാന സമിതി അംഗം കൂടിയായ, ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന മാധ്യമ സെക്രട്ടറി- ഇതൊക്കെയുണ്ടായിട്ടും PR കമ്പനിയിലെ രണ്ടുപേർ ചേർന്നാണ് ഇത്രയും നിർണ്ണായകമായ ഒരു രാഷ്ട്രീയ സന്ദർഭത്തിൽ നൽകുന്ന അഭിമുഖത്തിൽ കൂട്ടിച്ചേർക്കലുകൾ നല്കിയതെന്നത് വല്ലാത്തൊരു ന്യായമായിപ്പോയി. അൻവറിനെയും മുസ്‌ലിം തീവ്രവാദത്തെയും ഇസ്‌ലാമിക് രാഷ്ട്രീയ സംഘടനകളെയുമൊക്കെ കൂട്ടിക്കെട്ടിക്കൊണ്ട് കഴിഞ്ഞ കുറച്ചുദിവസമായി കൃത്യമായി ആസൂത്രണം ചെയ്തുനടത്തുന്ന പ്രചാരണത്തിന്റെയും ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ വളരെ സുഘടിതമായി യോജിക്കുന്ന ഒന്നാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ ആ ഭാഗം. എന്നാലത് തിരിച്ചടിച്ചു എന്നുകണ്ടപ്പോൾ അതിലെ വസ്തുതയുടെ ഒരു ഭാഗം മാത്രമെടുത്ത് തടി രക്ഷിക്കാനുള്ള വെപ്രാളമാണ് ഇപ്പോൾ കാണുന്നത്.
ഒരു PR കമ്പനിക്ക് മുഖ്യമന്ത്രിയുടെ കാര്യാലയം വഴി ഇത്രയൊക്കെ ചെയ്യാമെങ്കിൽ മുഖ്യമന്ത്രിയുടെ മകൾക്ക് ‘നിയമപരമായ സേവനകരാർ’ വഴി കോടിക്കണക്കിന് രൂപ കൈമാറിയ മുതലാളിയൊക്കെ എന്തൊക്കെ സേവനങ്ങളായിരിക്കും ഈ സംസ്ഥാനത്തിന്റെ കയ്യിൽ നിന്ന് ഈടാക്കുന്നത് എന്നത് ആലോചിച്ചാൽ ഒരന്തവുമുണ്ടാകില്ല എന്നേ പറയേണ്ടൂ.
ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ മറ്റൊരു കാര്യം, തൃശൂർ പൂരത്തെക്കുറിച്ചുള്ള അന്വേഷണമാണ്. അത് പൂരപ്പറമ്പിലെ സായാഹ്‌നനടത്തം പോലെ അലസവും ലക്ഷ്യവിഹീനവുമായ് തമാശയാവുകയാണ്. പൂരം നടത്തിപ്പിൽ പൊലീസിന് വീഴ്ച പറ്റിയെന്നതിൽ പൂരത്തിന്റെ പ്രദേശത്തുകൂടെപ്പോയ ആർക്കും തർക്കമുണ്ടാകില്ല. പൂരം കാണാൻ വന്ന ജനങ്ങളെ കുറ്റവാളികളെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്തത്. അതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മാസങ്ങളുടെ കാലതാമസമെടുത്തിട്ട് അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ല എന്നുമാത്രമല്ല, ആ റിപ്പോർട്ട് നൽകിയ ADGP തന്നെ അതിൽ കൃത്യനിർവഹണവീഴ്ച വരുത്തിയ ആളാണെന്നാണ് വരുന്നത്.
ADGP യുടെ വീഴ്ചയായി ഇപ്പോൾ പറയുന്ന പ്രത്യക്ഷത്തിലുള്ള സംഭവം തുടക്കം മുതലേ മുഖ്യമന്ത്രിയടക്കം സകലർക്കുമറിയാം. പൂരം കൊടിയേറിയ അന്നുമുതൽ അവിടെ തമ്പടിച്ച സി പി ഐ മന്ത്രിക്കും മുൻമന്ത്രി സുനിൽകുമാർ അടക്കമുള്ളവർക്കുമറിയാം. എന്നിട്ടും അയാളെത്തന്നെ അന്വേഷണമേല്പിച്ചു. അയാളാകട്ടെ പതിവുമട്ടിൽ സാമാന്യബുദ്ധിയെ അവഹേളിക്കുന്നൊരു റിപ്പോർട്ടും നൽകി. ഇപ്പോളിതാ ഇന്ദ്രജാലക്കാരന്റെ തൊപ്പിയിൽ നിന്നെന്നപോലെ മൂന്ന് അന്വേഷണങ്ങൾ ആ വിഷയത്തിൽ നടത്തുന്നു. റിപ്പോർട്ട് നൽകാൻ അഞ്ചു മാസം വൈകിയതിന് വിശദീകരണം പോലും നൽകേണ്ടാത്ത ADGP ക്രമസമാധാന പാലന ചുമതലയുമായി ചീറിപ്പാഞ്ഞുനടക്കുന്നു.
ADGP വിഷയത്തിൽ എല്ലാ കാര്യത്തിലും തന്റെ നിലപാട് വ്യക്തമാണ്, പറഞ്ഞിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നും പറഞ്ഞിട്ടുമില്ല, ഒന്നും വ്യക്തവുമല്ല എന്നാണ് വാസ്തവം. കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ADGP അജിത്കുമാർ എന്തിനാണ് RSS എന്ന ഹിന്ദു വർഗീയ സംഘടനയുടെ ദേശീയ നേതാക്കളെ ഒന്നിനുപിറകെ ഒന്നായി പോയിക്കണ്ടത്? അങ്ങനെയൊരു സന്ദർശനത്തിന് സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെങ്കിൽ അത് സർക്കാരിന്റെയും സി പി എമ്മിന്റെയും രാഷ്ട്രീയ നയങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമല്ലേ? ഇപ്പോൾ വത്സൻ തില്ലങ്കേരി എന്ന RSS നേതാവുമായും ADGP ചർച്ച നടത്തിയെന്ന വിവരങ്ങൾ പുറത്തുവരുന്നു. ADGP -യുടെ RSS നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിക്ക് അതാതുദിവസത്തെ രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ട് വഴി ലഭിച്ചിട്ടുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ഇന്നേവരെയും, ഇത്രയും മാസങ്ങൾക്കിടയിലും അക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടുകയോ നടപടിയെടുക്കുകയോ ചെയ്യാതിരുന്നത്? ഉദ്യോഗസ്ഥൻ എന്ന നിലയിൽ തൊഴിൽസേവന ചട്ടങ്ങൾ ലംഘിച്ചിട്ടില്ല എന്നാണ് വാദമെന്ന് വന്നാൽത്തന്നെയും ഇത്തരത്തിൽ സംശയാസ്പദമായ രാഷ്ട്രീയമാനങ്ങളുള്ള ഒരു ഉദ്യോഗസ്ഥൻ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും അയാളെ മറ്റൊരു പദവിയിലേക്ക് മാറ്റിയിരുത്തുകയെങ്കിലും വേണ്ടതാണെന്നും മുഖ്യമന്ത്രിക്ക് തോന്നാഞ്ഞത് എന്തുകൊണ്ടാണ്?
തൃശൂർ പൂരത്തിൽ സംഘപരിവാർ തിരക്കഥ നടപ്പാക്കാൻ സഹായം ചെയ്തുകൊടുത്തു എന്ന ആരോപണങ്ങൾക്ക് പിൻബലമേകുന്ന നിലയിൽ, അന്ന് നടന്ന സംഭവങ്ങളിൽ ADGP -ക്ക് വീഴ്ചയുണ്ടായെന്ന് DGP സൂചിപ്പിക്കുന്ന അവസ്ഥയുണ്ടെങ്കിൽ ADGP -യുടെ RSS ബന്ധത്തിന്റെ ദുരൂഹത എങ്ങനെയാണ് മുഖ്യമന്ത്രിയും സർക്കാരും കൈകാര്യം ചെയ്യുന്നത്? ഇക്കാര്യങ്ങളിലെല്ലാം മനുഷ്യർക്ക് ബോധ്യമാകുന്ന ഒരു മറുപടിയും മുഖ്യമന്ത്രി വിജയൻ അന്നും പറഞ്ഞിട്ടില്ല ഇന്നും പറഞ്ഞിട്ടില്ല.
ഇത്രയും ദുർബലമായ പ്രതിരോധവും വെളിപ്പെടുത്തപ്പെട്ട ദൗർബല്യങ്ങളും പിടിക്കപ്പെട്ട കള്ളങ്ങളുമായി വെളിച്ചത്തിനു മുന്നിൽ നേത്രരോഗിയെന്നപോലെ പതർച്ച മറച്ചുവെക്കാൻ വെപ്രാളപ്പെട്ട് നവരസങ്ങളും പുറത്തെടുത്ത് പരാജയപ്പെടുന്ന വിജയൻ അയാളുടെ ദുരധികാരത്തിന്റെ അവസാനരംഗത്തിലാണ് അഭിനയിക്കുന്നത്. ഇന്നലെകളുടെ പൊറുക്കാനാവാത്ത ഭാരത്തിൽ കെട്ടുപോകുന്നൊരു നാളെയിലേക്കുള്ള ആ നഹുഷയാത്രയാണ് നാമിപ്പോൾ കാണുന്നത്.
PR ഏജൻസികളടക്കമുള്ള നിരവധി പ്രതിച്ഛായ സംരക്ഷണ സംവിധാനങ്ങളുടെ പിൻബലത്തിൽ കെട്ടിപ്പൊക്കി നിർത്തിയിരിക്കുന്ന പിണറായി വിജയനെന്നെ എടുപ്പുകുതിര അതിന്റെ അതീവദുർബ്ബലവും ജനാധിപത്യവിരുദ്ധവുമായ യഥാർത്ഥ രൂപത്തിൽ മുടന്തിവീഴുന്ന കാഴ്ച നമ്മൾ കാണുകയാണ്. ഒരു കാലം മാറുന്നതിന്റെ വില നമ്മൾത്തന്നെ കൊടുത്തേ മതിയാകൂ.