64,006
കുടുംബങ്ങളിൽ
ഒതുങ്ങാത്ത
അതിദാരിദ്ര്യം

ദാരിദ്ര്യം സാക്ഷരത പോലെ പ്രഖ്യാപിച്ച് മായ്ക്കാവുന്ന ഒന്നല്ല. അതൊരു നിരന്തര സാമൂഹിക- സാമ്പത്തിക പ്രക്രിയയാണ്, അതിദാരിദ്ര്യ നിർമാർജ്ജനം ഒറ്റത്തവണ നേട്ടമല്ല. ക്ഷേമസൂചികകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി യഥാർത്ഥ ദാരിദ്ര്യപരിഹാരത്തിൽ നിന്ന് അകലുന്നു എന്ന ആശങ്ക ബാക്കിയാവുകയാണ്- ജിജിൻ പാണ്ടികശാല, ശ്രീനിജ് കെ.എസ്., അഞ്ജു സി.​ മോഹൻ, അശ്വതി എ.പി. എന്നിവർ എഴുതുന്നു.

കേരളപ്പിറവി ദിനത്തിൽ, കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ആവോളം സർക്കാരിനെ പ്രശംസിച്ചു. സാമൂഹിക ശാസ്ത്ര മേഖലയിലെ വിദഗ്ദ്ധരും സാമൂഹ്യ പ്രവർത്തകരും വിമർശനാത്മകമായ ചോദ്യങ്ങളുമായി വന്നു. ഇവർ മുന്നോട്ടുവെച്ച അടിസ്ഥാനപരമായ കാര്യങ്ങളെ അവഗണിച്ച് ഈ വിഷയത്തെ സമീപിക്കാനാകില്ല.

EPEP-യിൽ നടന്നത്

2021-ൽ അധികാരത്തിലെത്തിയ രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു 'അതിദരിദ്രരില്ലാത്ത കേരളം' പദ്ധതി (Extreme Poverty Eradication Programme- EPEP). വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, അഞ്ചുതെങ്ങ് പഞ്ചായത്ത്, തിരുനെല്ലി പഞ്ചായത്ത് എന്നിവിടങ്ങളിൽ തുടക്കത്തിൽ പരീക്ഷണം നടത്തി ജയിച്ചതോടെ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിച്ചു. കേരള ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA), കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സയുക്ത സഹകരണത്തോടെ വർഷങ്ങൾ നീണ്ട പഠനങ്ങളുടെയും വാർഡ് തലം വരെ നീളുന്ന പ്രവർത്തങ്ങളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. അതുവഴി 64,006 അതിദരിദ്ര കുടുംബങ്ങളെ (1,03,099 വ്യക്തികൾ) തിരിച്ചറിയുകയും, ഇതിൽ 96%-ലധികം കുടുംബങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു.

‘കില’യുടെ നേതൃത്വത്തിൽ നാലു ലക്ഷം പേർക്ക് നേരിട്ട് പരിശീലനം നൽകി. തദ്ദേശസ്ഥാപനങ്ങളും, വാർഡ് തലങ്ങളും കേന്ദ്രീകരിച്ചുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ (Focus Group Discussion- FGD) ആദ്യ പട്ടികയിൽ 1.18 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി. മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള സർവ്വേ, വീട് സന്ദർശനം, വിവിധ ശ്രേണിയിലുള്ള കമ്മിറ്റികൾ, സാമ്പിൾ അടിസ്ഥാനത്തിൽ സൂപ്പർചെക്ക് രീതി, ഗ്രാമസഭാ പരിശോധന എന്നിവയിലൂടെ അന്തിമ പട്ടിക 64,006 കുടുംബങ്ങളിലേക്ക് ചുരുങ്ങി. ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോപ്ലാൻ തയ്യാറാക്കി. സർക്കാരിന്റെ 'അവകാശം അതിവേഗം' പദ്ധതിയിലൂടെ 21,263 അടിയന്തര സേവനങ്ങൾ നൽകി. ആധാർ, റേഷൻ കാർഡ്, തൊഴിൽ കാർഡ്, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയവയുടെ വിതരണം, തുടർച്ചയായ ആഹാരം, ഭക്ഷ്യക്കിറ്റ്, ചികിത്സയും മരുന്നും, പാലിയേറ്റീവ് കെയർ സഹായങ്ങൾ എന്നിവ ലഭ്യമാക്കി. സ്വയംതൊഴിൽ സഹായം, പുതിയ വീടുകൾ നൽകൽ, ഏകാംഗ കുടുംബങ്ങളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റൽ, തുടങ്ങി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ പദ്ധതി നിർവഹണം പൂർണതയിലെത്തി എന്നാണ് സർക്കാർ അവകാശവാദം.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG goals), ലോകബാങ്കിൻ്റെ ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index - MPI) എന്നിവ നിർണയിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളോട് സാമ്യമുള്ള രീതിയിൽ, ഭക്ഷണം, ആരോഗ്യം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളായി കണ്ടത്. ഇത്തരം മാനദണ്ഡങ്ങൾക്കുള്ള സൈദ്ധാന്തിക അടിത്തറയെക്കുറിച്ചും അതിദരിദ്രരെ കണ്ടെത്തുന്നതിൽ ഘട്ടംഘട്ടമായി അനുവർത്തിച്ചു വന്ന പ്രവർത്തനശൈലിയെക്കുറിച്ചും കിലയുടെ പഠനറിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ഈ ഉദ്ദ്യമത്തിൽ പങ്കാളികളായ ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങി, താഴെ ശ്രേണിയിലുള്ള എന്യുമറേറ്റർമാർക്കു വരെ കാര്യങ്ങൾ വിശദമാക്കും വിധം കൈപ്പുസ്തകവും ലഭ്യമാക്കി. അതുകൊണ്ടുതന്നെ, ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ അടിസ്ഥാന ഘടകങ്ങൾ, ഇവയുടെ നിർണയത്തിൻ്റെ മാനദണ്ഡങ്ങൾ, ഉപയോഗിച്ച സർവ്വേ ചോദ്യങ്ങൾ, എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഏറെക്കുറെ അടിസ്ഥാനരഹിതമാണ്‌.

ഭൂമിയില്ലാത്തതും വീടില്ലാത്തതും സ്ഥിരവരുമാനമില്ലാത്തതുമായ നിരവധി ആദിവാസി കുടുംബങ്ങളും, ഗ്രാമീണ / ഹിൽ ട്രൈബൽ ഏരിയകളും EPEP-യിൽ തഴയപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അവർക്കിടയിലെ ദാരിദ്ര്യത്തിൻ്റെ വ്യവസ്ഥാപിതവും ചരിത്രപരവുമായ വേരുകളായ ഭൂരാഹിത്യവും സാമൂഹിക ചൂഷണവും വേണ്ട രീതിയിൽ പരിഗണിക്കപ്പെടേണ്ടതാണ്.

വിവിധ തലങ്ങളിലെ സമൂഹികപ്രവർത്തകർ വഴി 57,947 ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തുകയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെ തുടക്കത്തിൽ കണ്ടെത്തുകയും ചെയ്തുവല്ലോ. അതിദരിദ്രരെ കണ്ടെത്തുന്നതിന് സ്വീകരിച്ച പങ്കാളിത്ത പ്രക്രിയ കുറ്റമറ്റതല്ലെങ്കിലും, ഇതൊരു നല്ല മാർഗമായി വേണം കാണാൻ. പല മേഖലകളിലും ഏറെ മുന്നേറിയ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ട് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത് മാതൃകാപരവുമാണ്. സ്വയം അവകാശങ്ങൾക്കു വേണ്ടി മുന്നോട്ടുവരാൻ കഴിയാത്തവരെയും, പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടാതെ ജീവിക്കുന്നവരെയും കണ്ടെത്താൻ പരമ്പരാഗതമായ ദാരിദ്ര്യസർവ്വേ ഫലപ്രദമാകണമെന്നില്ല. അതേസമയം, വോട്ടിനുവേണ്ടി ഗുണഭോക്തൃപട്ടികയിൽ പാർട്ടി അനുഭാവികൾക്ക് മുൻഗണന നൽകാൻ (ക്ലയന്റലിസം) പ്രാദേശിക കക്ഷികൾ ശ്രമിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനുമാകില്ല.

‘അതിദരിദ്രർ’ എന്ന വിവാദവിഷയം

‘ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍’ നേടിയെടുക്കാന്‍ തീരെ കഴിയാതെ പോകുന്നവരെയാണ് ‘അതിദരിദ്രര്‍’ എന്ന് കണക്കാക്കിയിരിക്കുന്നത്. ഒരുപക്ഷേ, അതിദരിദ്രർ എന്ന പ്രയോഗം തന്നെയാവാം തുടക്കം മുതലേ പലരെയും ആശയക്കുഴപ്പത്തിലാക്കിയത്.

 സിവിൽ- സപ്ലൈസ് വകുപ്പിന്റെ കണക്കുപ്രകാരം, AAY ഗുണഭോക്തൃ പട്ടികയിൽ നാലാം സ്ഥാനത്തുള്ള മലപ്പുറം, EPEP പട്ടികയിൽ- അതിദരിദ്രരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്.
സിവിൽ- സപ്ലൈസ് വകുപ്പിന്റെ കണക്കുപ്രകാരം, AAY ഗുണഭോക്തൃ പട്ടികയിൽ നാലാം സ്ഥാനത്തുള്ള മലപ്പുറം, EPEP പട്ടികയിൽ- അതിദരിദ്രരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്.

നിലവിൽ അന്ത്യോദയ അന്നയോജന (AAY) എന്ന ചട്ടക്കൂടിൽ പരമദരിദ്രരെ നിർവചിക്കുകയും 2000-മാണ്ടിൻ്റെ തുടക്കം മുതൽ തുടർച്ചയായി പൊതുവിതരണ സമ്പ്രദായത്തിലൂടെ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ 5.92 ലക്ഷം AAY കാർഡുകളാണ് കേരളത്തിലുള്ളത്. ഈ കണക്ക് പ്രകാരം, അത്രയും കുടുംബങ്ങൾ അതിദരിദ്രരാണെങ്കിൽ, ഇപ്പോൾ 64,006 മാത്രമായി ചുരുങ്ങുന്നത് എങ്ങനെ എന്ന ചോദ്യമായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ടത്.

"തൊഴിൽശേഷിയും, അടിസ്ഥാന വരുമാനവും അടിസ്ഥാന ജീവിതസാഹചര്യങ്ങളുമുള്ള ദരിദ്ര കുടുംബങ്ങളെയല്ല, അടിസ്ഥാന അവകാശങ്ങൾ പോലും നേടിയെടുക്കാൻ ശേഷിയില്ലാത്ത, പൊതുവിൽ ബാഹ്യസഹായമില്ലാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാനാകാത്ത അശരണരും, നിരാലംബരും, അഗതികളുമായ കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കേണ്ടത്" എന്ന് ‘കില’യുടെ പഠനത്തിൽ പറയുന്ന നിർവചനം ഇവിടെ വ്യക്തത നൽകുന്നു. കൂടാതെ, "തെരുവില്‍ കഴിയുന്നവര്‍, മറ്റു വരുമാന സാദ്ധ്യതകളോ, ആസ്തികളോ ഇല്ലാതെ അതിജീവനം പ്രതിസന്ധിയിലായ ഭിന്നശേഷിക്കാര്‍, വയോജനങ്ങൾ, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ മുതലായ വിഭാഗങ്ങള്‍ മാത്രമുള്ള കുടുംബങ്ങള്‍, കുടുംബനാഥയോ കുടുംബനാഥനോ ഉപേക്ഷിച്ച മറ്റു വരുമാന സാദ്ധ്യതകളോ, ആസ്തികകളോ തൊഴിൽശേഷിയോ ഇല്ലാത്ത കുടുംബങ്ങള്‍, കിടപ്പു രോഗികൾ മാത്രമുള്ള- തൊഴിൽശേഷിയുള്ള കുടുംബാംഗങ്ങളില്ലാത്ത, ..." എന്നിങ്ങനെ നീളുന്നു അതിദരിദ്രരുടെ അവസ്ഥയെ മനസിലാക്കുന്നതിനുള്ള ഉപാധികൾ.

ഗൗരവകരമായ ​ചോദ്യങ്ങളുന്നയിച്ച് സംവാദത്തിനു തുടക്കമിട്ട വിദഗ്ദ്ധരെ പരിഹസിച്ചു തള്ളുന്നതുവഴി അക്കാദമിക വിലയിരുത്തലുകൾക്ക് തടയിടുകയാണ് ചെയ്യുന്നത്.

ഈ രീതിയിൽ, "AAY പദ്ധതിയില്‍ ഭക്ഷ്യധാന്യം ലഭിക്കുന്ന" (അടിസ്ഥാന ജീവിതസാഹചര്യങ്ങളുള്ള) ഒരു കുടുംബം വെറും ‘ദരിദ്രർ’ ആയും, "റേഷന്‍ കാർഡില്ലാത്ത, ഭക്ഷ്യധാന്യം ലഭ്യമാകാത്ത, തൊഴിലെടുക്കാന്‍ ശേഷിയില്ലാത്ത കുടുംബം", ‘അതിദരിദ്രർ’ ആയും പരിഗണിക്കപ്പെടുന്നു.

EPEP -യുടെയും, AAY-യുടെയും മാനദണ്ഡങ്ങൾ വ്യത്യസ്തമായതുകൊണ്ടുതന്നെ EPEP പട്ടിക പ്രകാരമുള്ള അതിദരിദ്രരുടെ എണ്ണം AAY-യെ അപേക്ഷിച്ച് സ്വാഭാവികമായും കുറവായിരിക്കും. എങ്കിലും, 64,006 എന്ന സംഖ്യയിൽ അതിദരിദ്ര കുടുംബങ്ങൾ ഒതുങ്ങുമോ എന്നത് സർക്കാർ വ്യക്തത നൽകേണ്ട വിഷയമാണ്. വിശാലവും ബഹുമുഖവുമായ അർത്ഥത്തിലുള്ള അതിദാരിദ്ര്യം തന്നെയാണ് പുതിയ നിർവചനത്തിലും എന്ന് തിരിച്ചറിയണം.

AAY- യും EPEP- യും തമ്മിലുള്ള താരതമ്യം പൊതുവിൽ അപ്രസക്തമെങ്കിലും, ഇവ തമ്മിലുള്ള കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധാവിഷയമാണ്.  (സിവിൽ സപ്ലൈസ് വകുപ്പ്)
AAY- യും EPEP- യും തമ്മിലുള്ള താരതമ്യം പൊതുവിൽ അപ്രസക്തമെങ്കിലും, ഇവ തമ്മിലുള്ള കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധാവിഷയമാണ്. (സിവിൽ സപ്ലൈസ് വകുപ്പ്)

ഒരുപക്ഷെ, "നിരാശ്രയത്വ / അഗതി നിർമാർജനം" ആയിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെങ്കിൽ ആ അർഥം വ്യക്തമാകുന്ന പദ്ധതിനാമകരണം ഏറെക്കുറെ ആശയക്കുഴപ്പങ്ങൾ ലഘൂകരിക്കുമായിരുന്നേനെ. കേവലം ‘പേരിന്റെ’ പേരിൽ മുറുകിയ ഒരു മണിക്കൂർ ചാനൽ ചർച്ചകൾ നിമിഷങ്ങളായി ചുരുങ്ങിയേനെ.

AAY, EPEP:
കണക്കിലെ വൈരുദ്ധ്യങ്ങൾ 

നിർവചനത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ AAY- യും EPEP- യും തമ്മിലുള്ള താരതമ്യം പൊതുവിൽ അപ്രസക്തമെങ്കിലും, ഇവ തമ്മിലുള്ള കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധാവിഷയമാണ്. സിവിൽ- സപ്ലൈസ് വകുപ്പിന്റെ കണക്കുപ്രകാരം, AAY ഗുണഭോക്തൃ പട്ടികയിൽ നാലാം സ്ഥാനത്തുള്ള മലപ്പുറം, EPEP പട്ടികയിൽ- അതിദരിദ്രരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്. കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ EPEP-യുടെ തോത് AAY-യെ അപേക്ഷിച്ച് കൂടിനിൽക്കുമ്പോൾ, വയനാടിന്റെ EPEP- അതിദാരിദ്ര്യപട്ടികയിലെ പങ്ക് വളരെ കുറവാണ്. അതായത്, സംസ്ഥാനത്തെ മൊത്തം AAY കാർഡ് ഗുണഭോക്തൃ കുടുംബങ്ങളിൽ വയനാടിന്റെ പങ്ക്  9.34 ശതമാനമാണെന്നിരിക്കെ, EPEP ഗുണഭോക്താക്കളിൽ ജില്ലയുടെ പങ്ക് 4.58 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. മൊത്തം AAY ഗുണഭോക്താക്കളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വയനാട്, EPEP അതിദരിദ്രരുടെ പട്ടിക പ്രകാരം പത്താം സ്ഥാനത്ത് മാത്രമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ജീവിക്കുന്ന (18.5%) ജില്ലയാണ് വയനാട്. ദുർബല വിഭാഗങ്ങളായ ആദിവാസികളുടെയും ദലിത് വിഭാഗത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാത്തതും കണക്കുകളിലെ താൽക്കാലിക നേട്ടങ്ങളിൽ മാത്രമൂന്നിയുള്ളതുമായ ഭരണപരമായ പ്രചാരണം മാത്രമാണ് അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിപ്രഖ്യാപനം എന്ന വിമർശനം ഈ കണക്കുകളോട് ചേർത്തുവായിക്കണം.

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ സാമൂഹിക ദുർബലത അനുഭവിക്കുന്നവർക്ക് പ്രത്യേക പരിഗണനയുണ്ട് എന്ന് ‘കില’യുടെ റിപ്പോർട്ടിൽ വ്യക്തമാണെങ്കിൽ പോലും, വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന ഉറപ്പുവരുത്തേണ്ടതുണ്ട്.  

ആദിവാസി വിഭാഗത്തിൽ പലരും കണക്കുകളിൽ തഴയപ്പെടുന്നുവെന്ന് ഗോത്രമഹാസഭ പോലുള്ള സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. AAY-ൽ ST കുടുംബങ്ങൾക്ക് മുൻഗണനയുണ്ട് എങ്കിലും, EPEP-യിലെ കർശനമായ നിർവചനം കാരണം ബഹുഭൂരിപക്ഷവും ഉൾപ്പെടാതെ പോയതാവാം. അവർക്ക് ഭക്ഷണം AAY വഴി ലഭിക്കുമെങ്കിലും, ഭൂമിയില്ലാത്തതും വീടില്ലാത്തതും സ്ഥിരവരുമാനമില്ലാത്തതുമായ നിരവധി ആദിവാസി കുടുംബങ്ങളും, ഗ്രാമീണ / ഹിൽ ട്രൈബൽ ഏരിയകളും EPEP-യിൽ തഴയപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അവർക്കിടയിലെ ദാരിദ്ര്യത്തിൻ്റെ വ്യവസ്ഥാപിതവും ചരിത്രപരവുമായ വേരുകളായ ഭൂരാഹിത്യവും സാമൂഹിക ചൂഷണവും വേണ്ട രീതിയിൽ പരിഗണിക്കപ്പെടേണ്ടതാണ്.

കൂടാതെ ദലിതർ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, പ്രകൃതിക്ഷോഭ ബാധിതർ തുടങ്ങിയ ദുർബല വിഭാഗങ്ങൾ അവഗണിക്കപ്പെട്ടുവെന്നും വിമർശങ്ങളുണ്ട്. ക്ഷേമസൂചികകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതി യഥാർത്ഥ ദാരിദ്ര്യപരിഹാരത്തിൽ നിന്ന് അകലുന്നു എന്ന ആശങ്ക നിലനിൽക്കുകയാണ്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ സാമൂഹിക ദുർബലത അനുഭവിക്കുന്നവർക്ക് പ്രത്യേക പരിഗണനയുണ്ട് എന്ന് ‘കില’യുടെ റിപ്പോർട്ടിൽ വ്യക്തമാണെങ്കിൽ പോലും, ഈ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന ഉറപ്പുവരുത്തേണ്ടതുണ്ട്.  

ആശങ്കകൾ ബാക്കി

രീതീശാസ്ത്രത്തിനപ്പുറത്ത്, ദാരിദ്ര്യത്തെയും അതിദാരിദ്ര്യത്തെയും സർക്കാർ പ്രചാരണ തന്ത്രമായി കാണുന്നുണ്ടോ എന്ന വിമർശനവും പ്രസക്തമാണ്. വായിക്കാനും എഴുതാനും കഴിയുക എന്ന അർത്ഥത്തിൽ ‘സാക്ഷരത’ പോലുള്ള നിലനിർത്താവുന്ന നേട്ടങ്ങളെ ഉടനടി പ്രഖ്യാപിക്കാൻ സാധിക്കും. പക്ഷെ, ഏത് ഘട്ടത്തിലും സംഭവിക്കാവുന്ന സാമ്പത്തിക ആഘാതം, ജോലിനഷ്ടം, പ്രകൃതിദുരന്തം എന്നിവയിലൂടെ നിലവിലെ ഗുണഭോക്താക്കളോ അല്ലാത്തവരോ എപ്പോൾ വേണമെങ്കിലും അതിദാരിദ്ര്യത്തിലേക്ക് തള്ളപ്പെടാം എന്ന വസ്തുത സർക്കാർ കാണാതെ പോകുന്നു. കേരളം നിരന്തരമായി നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്‌മ, പ്രത്യേകിച്ച്‌ വിദ്യാഭ്യാസമുള്ള യുവാക്കൾക്കിടയിൽ, വിലങ്ങുതടിയായി നിൽക്കുകയാണെന്ന കാര്യവും വിസ്മരിച്ചുകൂടാ. അതിനാൽ, ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സാധ്യമാക്കിയ ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന നേട്ടം യുക്തിസഹമല്ല. ദാരിദ്ര്യം സാക്ഷരത പോലെ പ്രഖ്യാപിച്ച് മായ്ക്കാവുന്ന ഒന്നല്ല. അതൊരു നിരന്തര (dynamic) സാമൂഹിക- സാമ്പത്തിക പ്രക്രിയയാണെന്നും, ദാരിദ്ര്യ നിർമാർജ്ജനം ഒറ്റത്തവണ നേട്ടമല്ല എന്നും മനസ്സിലാക്കണം.

നിലവിലെ ഗുണഭോക്താക്കളിൽ തുടർനിരീക്ഷണം നടത്തുകയും തിരിച്ചടി (relapse) തടയുകയും ചെയ്യുക എന്നത് ശ്രമകരമാണ്. ഇത്തരത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി, അവർക്ക് അടിസ്ഥാന ആവശ്യങ്ങൾ എത്തിച്ചാൽ തന്നെയും, പദ്ധതിയുടെ വിജയം വിലയിരുത്തേണ്ടതിന് ഗവണ്മെന്റ് ചട്ടക്കൂടുകൾക്കുപുറത്ത് നിൽക്കുന്ന ഏജൻസികളെ ഏല്പിക്കേണ്ടതായിരുന്നു. അക്കാദമിക് സ്വാഭാവമുള്ള സ്ഥാപനങ്ങളെ ഉപയോഗിച്ച് കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ മാനദണ്ഡങ്ങളുടെ പിൻബലത്തോടെ ഗുണഭോക്താക്കൾക്കിടയിൽ സാമ്പിൾ സർവേ നടത്തുകയും, അവരിൽ അതിദാരിദ്ര്യം നിർമാജനം ചെയ്യപ്പെട്ടോ എന്ന് വിലയിരുത്തേണ്ടതും അത്യാവശ്യമാണ്. അതിന് കില, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (CDS) തുടങ്ങിയ സർക്കാരിന്റെ തന്നെ അക്കാദമിക സ്ഥാപങ്ങളെയോ മറ്റു ഏജൻസികളെയോ ചുമതലപ്പെടുത്താം എന്നിരിക്കെ, സർക്കാർ സ്വയംപ്രഖ്യാപനം നടത്തുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് സന്ദർഭം തന്നെയാവാം ഈ പ്രചാരണത്തിനുള്ള പ്രചോദനം (നാലു വർഷം മുമ്പ് ഈ പ്രഖ്യാപനത്തിന്റെ സമയം നിശ്ചയിച്ചിരുന്നുവെന്ന് സർക്കാർ പറയുന്നു. വരാനിരിക്കുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളെ അന്നുതന്നെ മുന്നിൽ കാണാവുന്നതാണല്ലോ എന്നും ചോദിക്കാം). ഗൗരവകരമായ ​ചോദ്യങ്ങളുന്നയിച്ച് സംവാദത്തിനു തുടക്കമിട്ട വിദഗ്ദ്ധരെ പരിഹസിച്ചു തള്ളുന്നതുവഴി അക്കാദമിക വിലയിരുത്തലുകൾക്ക് തടയിടുകയാണ് ചെയ്യുന്നത്.

Comments