സിനിമാമേഖലയിലെ പരാതിപ്പെടുന്ന സ്ത്രീകൾക്ക് നീതി ലഭിക്കണം: കേരള ഫെമിനിസ്റ്റ് ഫോറം

ചലച്ചിത്ര മേഖലയിലും ഒപ്പം സാഹിത്യ, നാടക സാംസ്ക്കാരിക മേഖലകളിലാകെയും സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനുമുള്ള സമഗ്രമായ നയങ്ങളും നിയമനിർമ്മാണങ്ങളും അനിവാര്യമെന്ന് കേരള ഫെമിനിസ്റ്റ് ഫോറം.

News Desk

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമയിലെ അതിജീവിതരായ സ്ത്രീകൾ നൽകുന്ന പരാതികളിൽ നീതിപൂർവമായ അന്വേഷണവും നടപടിയുണ്ടാവണമെന്ന് കേരള ഫെമിനിസ്റ്റ് ഫോറം. കലാസാംസ്കാരിക രംഗത്ത്, നിലനിൽക്കുന്ന സ്ത്രീവിരുദ്ധ സമീപനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് പ്രതീക്ഷ നൽകുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയിൽ നിന്ന്:

“ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണവിധേയമാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന്, എഴുപതിലധികം പേജുകളും ചില ഭാഗങ്ങളും ഒഴിവാക്കിക്കൊണ്ട് കേരള സർക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. തുടർന്നുണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ A.M.M.A ജനറൽ സെക്രട്ടറി സിദ്ദിഖ്, കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്ത് എന്നിവർക്ക് തത്‌സ്ഥാനങ്ങൾ രാജിവെക്കേണ്ടി വന്നു. ഇത് രണ്ടും പൊതുസമൂഹത്തിൽ, വിശേഷിച്ച് കലാസാംസ്കാരിക രംഗത്ത്, നിലനിൽക്കുന്ന സ്ത്രീവിരുദ്ധ സമീപനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് പ്രതീക്ഷ നൽകുന്ന സംഭവങ്ങളാണ്. WCC അംഗങ്ങളുടെ സുധീരമായ പോരാട്ടങ്ങളുടെ ഫലം കൂടിയാണിത്. എന്നാൽ ഈ വിഷയത്തിൽ കേരള സർക്കാർ കൈകൊണ്ട നിരുത്തരവാദപരമായ നിലപാട് പ്രതിഷേധാർഹമാണ്. നാലരവർഷം തുടർനടപടികൾ കൈക്കൊള്ളാതെ, ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറാനാവില്ല. മാത്രമല്ല, സിനിമ മേഖലയിൽ നിന്നുള്ള, ഭരണകക്ഷിയിലെ ഒരു മന്ത്രിയും എം.എൽ.എയും അടക്കമുള്ളവർക്കെതിരെയുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ ഉണ്ടോ എന്ന് പൊതു സമൂഹത്തോട് പറയാനുള്ള ധാർമ്മിക ഉത്തരവാദിത്വവും സർക്കാരിനുണ്ട്. പരാതികൾ സ്വീകരിക്കാനും നടപടികൾ കൈക്കൊള്ളാനും രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം മാറ്റങ്ങൾ ഉണ്ടാവില്ല. കൂടുതൽ കൃത്യമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്.

ഹേമ കമ്മിററി റിപ്പോർട്ടിലും, ഇപ്പോൾ മാധ്യമങ്ങളിലും അതിജീവിതരായ സ്ത്രീകൾ നടത്തിയ വെളിപ്പെടുത്തലുകൾ അടിസ്ഥാനപ്പെടുത്തി കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം വെളിപ്പെടുത്തലുകളിലും പരാതികളിലും കേസുകൾ രജിസ്റ്റർ ചെയ്ത് കാലതാമസമില്ലാതെ നീതി നടപ്പാക്കുന്നതിനും അതിവേഗ കോടതികൾ സ്ഥാപിക്കണം. കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള സിനിമാ മേഖലക്കായുള്ള ട്രിബ്യൂണൽ അടിയന്തിരമായി നിലവിൽ വരണം. കൂടാതെ, എല്ലാ സിനിമാ സെറ്റുകളിലും നിയമം അനുശാസിക്കും വിധം അധികാരമുള്ള ഇൻ്റേണൽ കമ്മിറ്റികൾ (IC) രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റിയിൽ പരാതി നൽകുന്നത് സുരക്ഷിതമായിരിക്കുമെന്നുമുള്ള അവബോധം പ്രചരിപ്പിക്കാനുള്ള നിബന്ധനകളും ഉണ്ടാകണം. ചലച്ചിത്ര മേഖലയിലും ഒപ്പം മറ്റു സാഹിത്യ, നാടക സാംസ്ക്കാരിക മേഖലകളിലാകെയും സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനുമുള്ള സമഗ്രമായ നയങ്ങളും നിയമനിർമ്മാണങ്ങളും അവയുടെ കൃത്യമായ നിർവഹണവും ഉണ്ടാവണം. സ്ത്രീകളുടെ സർഗ്ഗാത്മക ശേഷികളെ ആദരവോടെ ഉൾക്കൊള്ളുന്ന നീതിപൂർവ്വമായ സംസ്കാരം ഉണ്ടാക്കിയെടുക്കണം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സത്വരനടപടി ഉണ്ടാകണമെന്ന് കേരള ഫെമിനിസ്റ്റ് ഫോറം ആവശ്യപ്പെടുന്നു.”

Comments