മൂല്യവർധിത ഉത്പന്നങ്ങളാണ് ഇനിയുള്ള കാലത്തിന്റെ സാധ്യത; സ്പൈസസ് പാർക്ക് കൃഷിക്കാർക്ക് കൂടുതൽ മെച്ചം നൽകുമെന്നും മുഖ്യമന്ത്രി

Think

മൂല്യവർധിത ഉത്പന്നങ്ങളാണ് ഇനിയുള്ള കാലത്തിന്റെ സാധ്യതയെന്നും തൊടുപുഴയിൽ ഉദ്ഘാടനം ചെയ്ത സ്പൈസസ് പാർക്ക് കർഷകർക്ക് കൂടുതൽ മെച്ചം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടം പൂർത്തിയായ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവർധിത ഉൽപ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാൻ സ്പൈസസ് പാർക്ക് സഹായകരമാവും. ഇടുക്കിയിലെ മുട്ടത്തെ തുടങ്ങനാട്ടിൽ 15.29 ഏക്കർ സ്ഥലത്ത് ആരംഭിച്ച സ്‌പൈസസ് പാർക്ക് ഏകദേശം 20 കോടി മുതൽ മുടക്കിയാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചത്. 2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവർത്തനങ്ങൾ 2023 ആഗസ്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു.

സ്‌പൈസസ് പാർക്കിൽ ഒന്നാംഘട്ടത്തിൽ നിർമിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ എല്ലാം തന്നെ സംരംഭകർക്ക് അനുവദിച്ചുനൽകിയിരിക്കുകയാണ്. സുഗന്ധവ്യഞ്‌ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ്, മാലിന്യ നിർമാർജന പ്ലാന്റ്, മഴവെള്ള സംഭരണികൾ തുടങ്ങിയവ പാർക്കിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.

സ്‌പൈസസ് പാർക്കിന്റെ രണ്ടാം ഘട്ടമായി അവശേഷിക്കുന്ന ഭൂമിയിലെ വികസന പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവുമാണ് സ്പൈസസ് പാർക്ക് ലക്ഷ്യമിടുന്നത്. ജില്ലയുടെ പൊതുവായ വികസനക്കുതിപ്പിന് ഇത് കരുത്തുപകരും.

Comments