പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നിൽ വീണ്ടും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ചർച്ച ചെയ്യപ്പെടുകയാണ്. 2018- ലെ പ്രളയത്തിനുശേഷം, 2026-ലെ വെള്ളപ്പൊക്കത്തിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ചർച്ച ചെയ്യപ്പെടുന്നുവെന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. എന്നാൽ, വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ തിരയുന്നത് സംബന്ധിച്ച വിഷയത്തിൽ ഉയർന്നുവരുന്ന ചർച്ചകളാണ്. ഇതാകട്ടെ, വളരെ ഗൗരവകരമായ രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിവെക്കുന്നതുമാണ്. കുഴപ്പം പരസ്പരം തലയിൽ ചാരി എല്ലാ രാഷ്ട്രീയമുന്നണികളും തർക്കത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന ഇവർ നല്ല പിള്ള ചമയാൻ ശ്രമിക്കുന്നു. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഈ വിഷയം, പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ചതിൽ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളും വഹിച്ച പങ്ക് ചെറുതല്ലെന്നു പറയുമ്പോഴും ബന്ധുക്കളെ നഷ്ടമായത്തിൽ പ്രതികരിക്കുന്ന തീരദേശ മനുഷ്യരെയും അവരുടെ ചോദ്യങ്ങളേയും അസഹിഷ്ണുതയോടെ നേരിടുന്ന ഒരു വിഭാഗം മനുഷ്യരുണ്ടെന്നത് ലജ്ജാകരവുമാണ്.
തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടാൻ രാഷ്ട്രീയ മുന്നണികൾക്കും മാറിമാറിവരുന്ന ഭരണകൂടങ്ങൾക്കും താല്പര്യമുണ്ടാകില്ല. കാരണം, കാടും മലയും നദികളും കായലുകളും കരയും അശാസ്ത്രീയമായ രീതിയിൽ ചൂഷണം ചെയ്യുന്നവരാണ് ഭൂരിഭാഗവും. സ്വന്തം കീശ വികസിപ്പിച്ച് ജനങ്ങളെ പെരുവഴിയിലാക്കിയ ഇത്തരക്കാർക്ക്, അടുത്തതായി കീശ വീർപ്പിക്കാനുള്ളത് കടൽ ചൂഷണം ചെയ്താണ്. കടലിന്റെ ഉടയോരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ ഒരിക്കലും തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ പിന്മാറുകയില്ല. ഇത് വികസന രാജാക്കന്മാർക്കും കോർപ്പറേറ്റുകൾക്കും പ്രതികൂലമാണ്.

‘ബ്ലൂ എക്കണോമി' എന്ന വലിയ സ്വപ്നം കാണുന്ന കോർപ്പറേറ്റുകളുടെയും വ്യവസായികളുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുതെന്ന ചിന്ത രാഷ്ട്രീയപാർട്ടികൾക്കുണ്ട്. അദാനിയെ പോലുള്ള കോർപ്പറേറ്റുകളെയും വ്യവസായികളെയും പിണക്കിയാൽ ഇവിടത്തെ രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ട് ലഭിക്കില്ലെന്നുള്ളത് പകൽപോലെ സത്യമാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി തീരദേശവുമായി ബന്ധപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്താൻ മാറിമാറി ഭരിച്ച ഭരണകൂടങ്ങൾ തയ്യാറാകാത്തത്. എന്നാൽ, ഓരോ അഞ്ചുവർഷം കഴിയുമ്പോഴും തീരംനീളെ പാൽ പുഞ്ചിരി വിതറി വോട്ട് ചോദിച്ചെത്തുന്ന വിവിധ രാഷ്ട്രീയപാർട്ടികൾ മോഹന വാഗ്ദാനം നൽകും. നാളെയുടെ സ്വർഗ്ഗം സ്വപ്നം കാണുന്ന കടലിന്റെ മക്കളാകട്ടെ, മുൻകാലങ്ങളിൽ ഭരണകൂടങ്ങളാൽ കബളിപ്പിക്കപ്പെട്ടതെല്ലാം മറന്ന് പൊരിവെയിലത്ത് കാത്തുനിന്ന് കൈവിരലിൽ മഷി പുരട്ടി പുതിയ ഭരണകൂടത്തെ തെരഞ്ഞെടുക്കും. പുതിയപുലരി സ്വപ്നം കണ്ട് പഴയ പങ്കായവും കൈയിലേന്തി കടലിലേക്ക് അന്നം തേടി പോയ മനുഷ്യരാണ് ഇപ്പോൾ കടലാഴങ്ങളിൽ ഒഴുകിനടക്കുന്നത്. അവർ തെരഞ്ഞെടുത്തവരാണ് അവരെയും അവരുടെ സമൂഹത്തെയും പുച്ഛിച്ചുതള്ളുന്നത്. ജീവൻ രക്ഷിക്കാൻ ഭരണസംവിധാനങ്ങളോട് യാചിച്ച് കടലിന്റെ അഗാധതയിൽ മിഴിയടച്ച മനുഷ്യരിൽ അവസാനത്തെ പേരുകാരാണ് കൊല്ലം നീണ്ടകരയിലെ ഗൗതം കൃഷ്ണയും മുതലപൊഴിയിലെ ഷിജിനും വിഴിഞ്ഞത്തെ ജോണും ആലപ്പുഴയിലെ പുഷ്പനും.
കഴിഞ്ഞ ഭരണകൂടത്തിനും ഇപ്പോഴുള്ള ഭരണകൂടത്തിനും തീരദേശവാസികളോടുള്ള വേർതിരിവ് ഒന്നുതന്നെയാണ്. തീരദേശജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനേക്കാൾ ഉപരിയായി, ഇവർക്കെല്ലാം താല്പര്യം തീരം കൊള്ളയടിക്കുന്ന അദാനിയെപ്പോലുള്ള കോർപ്പറേറ്റുകളുടെ കൂടെനിൽക്കലാണ്.
കുടുംബം പോറ്റാനുള്ള മോഹവുമായി കടലിലേക്ക് പോകുന്നവരിൽ നൂറുകണക്കിന് മനുഷ്യരാണ് സ്വപ്നങ്ങളും ജീവിതവും നഷ്ടമായി ചേതനയറ്റ ശരീരങ്ങളായി തീരത്തടിയുന്നത്. കുടുംബത്തിലെ നെടുംതൂണുകളായ പുരുഷന്മാർ കടലപകടങ്ങളിൽ ഇല്ലാതാകുന്നതോടെ കുടുംബങ്ങളുടെ വേരറ്റുപോകുകയാണ്. ആ കുടുംബത്തിലെ സ്ത്രീകളുടെ, കുഞ്ഞുങ്ങളുടെ ജീവിതത്തിൽ പിന്നീട് ഒരിക്കലും പുഞ്ചിരി തിരികെ വരാറില്ല. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതത്തിൽ ഇരുൾ വീഴാൻ കാരണമാകുന്ന ഭരണസംവിധാനങ്ങളുടെ പരാജയം പതിറ്റാണ്ടുകളായി തുടരുന്നതാണ്. ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഭരണാധികാരികളെയാണ് തീരത്തിന് ആവശ്യം.
ഉറ്റവരും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ട് ദുരിതംപേറി സങ്കടപ്പെരുമഴനനഞ്ഞു നിൽക്കുന്ന തീരദേശ ജനതയുടെ മുന്നിൽ നേരിട്ടുചെന്ന് അവരെ ആശ്വസിപ്പിക്കുന്നതിന് പകരം, 'തീരദേശത്തു ചെന്നാൽ അവിടുത്തെ ജനങ്ങൾ എന്തോ മോശമായി ഇടപെടൽ നടത്തു'മെന്ന തരത്തിൽ മാധ്യമങ്ങൾക്കു മുന്നിലിരുന്ന് സംസാരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ.

2017 നവംബർ അവസാനം, കാലാവസ്ഥാ മുന്നറിയിപ്പിലെ പിഴവുമൂലം ഓഖി ദുരന്തത്തിൽ നൂറുകണക്കിന് മനുഷ്യർ മരിച്ചപ്പോൾ തിരിഞ്ഞുനോക്കാതെ പത്തുനാൾ കഴിഞ്ഞാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തീരത്തുവന്നത്. കഴിഞ്ഞ ഭരണകൂടത്തിനും ഇപ്പോഴുള്ള ഭരണകൂടത്തിനും തീരദേശവാസികളോടുള്ള വേർതിരിവ് ഒന്നുതന്നെയാണ്. തീരദേശജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനേക്കാൾ ഉപരിയായി, ഇവർക്കെല്ലാം താല്പര്യം തീരം കൊള്ളയടിക്കുന്ന അദാനിയെപ്പോലുള്ള കോർപ്പറേറ്റുകളുടെ കൂടെനിൽക്കലാണ്.
അദാനി ഞങ്ങളുടെ സ്വന്തം ആളാണെന്നു പറയാനും അവർക്കുവേണ്ടി വാചകക്കസർത്ത് നടത്താനുമാണ് അവർക്കിഷ്ടം. തീരദേശവാസികളുടെ ഇടയിൽ വർഗീയത വിളമ്പി പുതിയ ഇരിപ്പിടം ഒരുക്കാൻ ശ്രമിക്കുന്ന ബിജെപിയോട് മുന്നണി ഭേദമില്ലാതെ തോൾചേർന്ന്, തീരദേശവാസികളെ ഒതുക്കിയത് പൊതുജനം കണ്ടതുമാണ്.

രാഷ്ട്രീയപാർട്ടികൾക്ക് തീരദേശവാസികൾ വോട്ട് ബാങ്ക് മാത്രമാണ്. എല്ലാ പാർട്ടികൾക്കും കമ്മീഷൻ കിട്ടണമെങ്കിൽ ഇനി തീരദേശത്ത് 'വികസനം' നടക്കണം. അതിന് കടലും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതണം. ഇതിനെതിരെ ഏതെങ്കിലും കോണുകളിൽനിന്നും മത്സ്യത്തൊഴിലാളികൾ എതിർശബ്ദമുയർത്തിയാൽ, അവർ വിവരമില്ലാത്തവരും പെട്ടെന്ന് പ്രകോപിതരാകുന്ന ജനവിഭാഗമാണെന്നുമുള്ള ദുഷ്ചിന്ത പൊതുസമൂഹത്തിൽ പ്രചരിപ്പിക്കാൻ ഭരണകൂടം ബോധപൂർവ്വം ശ്രമിക്കുന്ന കാഴ്ചകളാണ് നമ്മൾ കണ്ടിട്ടുളളത്. അതിൽ രാഷ്ട്രീയഭേദമില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തീരദേശത്തെ ജനങ്ങൾക്കെതിരായ പ്രസ്‌താവനകൾ നടത്തുന്നതിന്റെ കാരണമിതാണ്. സുനാമി ഉണ്ടായ ശേഷവും വിഴിഞ്ഞം സമരത്തിലും കോവിഡ് കാലത്തും ഓഖി ദുരന്തസമയത്തും മാറിമാറി ഭരിച്ച ഭരണകർത്താക്കൾ തീരദേശത്തിനെതിരായി സംസാരിച്ചിട്ടുള്ളത് ഇതിന് ഉദാഹരണമാണ്.
കാലാവസ്ഥാ മുന്നറിയിപ്പിൽ കാറ്റിന്റെ വേഗതയും ദിശയും പ്രാദേശികമായി അറിയിക്കുന്ന തരത്തിലേക്ക് കാലാവസ്ഥാ വകുപ്പ് മാറണം. ഇപ്പോൾ നൽകുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ കാടടച്ച് വെടിവെക്കും പോലെയാണ്.
ഇപ്പോഴും, ചിലരെങ്കിലും ചോദിക്കുന്ന ചോദ്യമുണ്ട് കാലാവസ്ഥ മോശമായ ദിവസങ്ങളിൽ ഇവർ എന്തിനാണ് കടലിൽ പോകുന്നതെന്ന്? ജീവിക്കാൻ വേണ്ടിയാണ്, മക്കളെ പഠിപ്പിക്കാൻ വേണ്ടിയാണ് അവർ പോകുന്നത്. ആ ജോലിക്ക് പോകരുതെന്ന് പറയുന്ന ഭരണകൂടം അവരെ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. ഭരണകൂടങ്ങൾ ഒന്നും ചെയ്യാത്തതുകൊണ്ടാണ് ജീവൻ പണയംവെച്ചും കടലിൽ പോകുന്നത്. ഇങ്ങനെ ഒരു മത്സ്യത്തൊഴിലാളി ജീവൻ പണയംവച്ച് ജോലി ചെയ്ത് നിങ്ങളുടെ തീൻമേശയിലെത്തുന്ന മത്സ്യവിഭവങ്ങൾ രുചിയോടെ കഴിക്കുമ്പോഴും, ചിലരെങ്കിലും ഇവരെ കുറ്റപ്പെടുത്താറുണ്ട്. പക്ഷേ ഈ മനുഷ്യർ നൽകുന്ന സേവനത്തെയും രാജ്യത്തിന്റെ ഖജനാവിലേക്ക് തരുന്ന കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യത്തെയും ആരും ഓർക്കാറില്ല.

ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച് എല്ലാ ദിവസവും പണിക്കു പോകാൻ കഴിയില്ല. മഴയുള്ളപ്പോഴാണ് മത്സ്യലഭ്യത കൂടുന്നത്. മത്സ്യലഭ്യതക്കനുസരിച്ചാണ് അവർ കടലിൽ പോകുന്നത്. കടലിൽ പോയാലും എല്ലാവർക്കും മത്സ്യം കിട്ടണമെന്നുറപ്പില്ല. കാറ്റാണ് ഈ സമയങ്ങളിൽ വില്ലനാകുന്നത്. കാലാവസ്ഥാ മുന്നറിയിപ്പിൽ കാറ്റിന്റെ വേഗതയും ദിശയും പ്രാദേശികമായി അറിയിക്കുന്ന തരത്തിലേക്ക് കാലാവസ്ഥാ വകുപ്പ് മാറണം. ഇപ്പോൾ നൽകുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ കാടടച്ച് വെടിവെക്കും പോലെയാണ്. കേരളം മുഴുവനും ഒറ്റ മുന്നറിയിപ്പിൽ നിർത്താൻ ശ്രമിക്കുന്നതും വലിയ അപകടകരമാണ്. ഓഖി ദുരന്തമുണ്ടായപ്പോൾ, അന്നത്തെ സർക്കാരിന് മുന്നറിയിപ്പ് നൽകാൻ കഴിയാത്തതിന്റെ ഫലമായി നൂറുകണക്കിന് മനുഷ്യർ മരിച്ചതിനുശേഷമാണ് കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയത്. എന്നാൽ, ഇത് പലപ്പോഴും ഉദ്യോഗസ്ഥർക്ക് അവരവരുടെ ജോലി സംരക്ഷിക്കാനുള്ള ഒരു കയ്യൊഴിയൽ ജോലി മാത്രമായി.
കാലാവസ്ഥാവകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെയുള്ള 2920 ദിവസങ്ങളിൽ 745 ദിവസങ്ങളിലാണ് കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത് (2025 നവംബർ 10 വരെയുള്ള കണക്ക്). എന്നാൽ, ഈ തൊഴിൽനഷ്ടത്തിന് നഷ്ടപരിഹാരമായി ഒരു രൂപ പോലും തരാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയമോ കാലാവസ്ഥാ വകുപ്പോ തയ്യാറായിട്ടില്ല.
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (KSMTF) 2019 ജൂലൈ 25ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പു മൂലം കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനമായ 600 രൂപ നൽകണമെന്നും കടൽ സുരക്ഷാ ഉപകരണങ്ങൾ സൗജന്യമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഇതിന്റെ ഫലമായി 5310/11/1/2019 നമ്പർ ഉത്തരവിൽ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽനഷ്ടവേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനുശേഷം 2020 ൽ സംസ്ഥാന സർക്കാർ ദിവസം 200 രൂപ വീതം മൂന്നു ദിവസത്തേക്ക് 600 രൂപയും 2025- ൽ തെരെഞ്ഞെടുപ്പിനു മുന്നോടിയായി 200 രൂപ വീതം 14 ദിവസത്തേക്ക് 2800 രൂപയും തൊഴിൽദിന നഷ്ടവേതനമായി മത്സ്യത്തൊഴിലാളികൾക്ക് നൽകി. ഇതാണ് 745 ദിവസം തൊഴിൽ നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് ഭരണകൂടത്തിന്റെ കയ്യിൽ നിന്നും കിട്ടിയ ആകെ തുക.
കഴിഞ്ഞ എട്ടുവർഷത്തിനിടെയുള്ള 2920 ദിവസങ്ങളിൽ 745 ദിവസങ്ങളിലാണ് കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ഈ തൊഴിൽനഷ്ടത്തിന് നഷ്ടപരിഹാരമായി ഒരു രൂപ പോലും തരാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയമോ കാലാവസ്ഥാ വകുപ്പോ തയ്യാറായിട്ടില്ല.
കാലാവസ്ഥാമുന്നറിയിപ്പുകൾ അവഗണിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും കടലിലെ മരണങ്ങൾക്കും ഉത്തരവാദികൾ ഇവിടുള്ള ഭരണകൂടങ്ങളാണ്. ഒരു പൗരന് സർക്കാർ അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വേതനമാണ് 600 രൂപ എന്നിരിക്കെ 745 ദിവസത്തേക്ക് 600x 745= 4,47,000 രൂപ നൽകേണ്ടതാണ്.
ഇനി 200 രൂപയാണ് നൽകുന്നതെങ്കിൽ, 745 ദിവസത്തേക്ക് ഒരു തൊഴിലാളിക്ക് 200 x 745 = 1,49,000 രൂപ കിട്ടേണ്ടതാണ്. ഇതുവരെ ആകെ കിട്ടിയതാകട്ടെ 3400 രൂപയും. അതായതു ഒരുദിവസത്തേക്കു 4 രൂപ 56 പൈസ. ഇതിനെക്കുറിച്ച് സംസാരിക്കാൻ പൊതുസമൂഹമോ ഇവിടത്തെ മാധ്യമങ്ങളോ തയ്യാറാകുന്നില്ല.
ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് മത്സ്യത്തൊഴിലാളികൾ പിഴയിനത്തിൽ സർക്കാരിന് കൊടുക്കുന്നത്. ഈ പണംകൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ രക്ഷാപ്രവർത്തനത്തിന് പുതിയ ആധുനിക സജ്ജീകരണങ്ങളുള്ള പുതിയ ബോട്ടുകൾ വാങ്ങാനാകും. അതിനുപോലും സർക്കാർ തയ്യാറാകുന്നില്ലെന്നുള്ളത് ഗുരുതരമായ കൃത്യവിലോപവും അലംഭാവവുമാണ്.
ഫിഷറീസ് വകുപ്പിൽനിന്ന് കിട്ടിയ വിവരാവകാശ രേഖകൾ പ്രകാരം 2018 ജനുവരി ഒന്നു മുതൽ 2023 ജൂലൈ 31 വരെ 10,59,06693 രൂപ നിയമലംഘനങ്ങൾക്കുള്ള പിഴയായി സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളിൽനിന്ന് ഈടാക്കിയിട്ടുണ്ട്.

ഓരോ വർഷവും മൺസൂൺ സമയത്തെ പട്രോളിഗിംനെന്ന പേരിൽ ഒമ്പത് തീരദേശ ജില്ലകളിലുമായി കോടിക്കണക്കിന് രൂപയാണ് സ്വകാര്യ വ്യക്തികളുടെ ബോട്ടുകൾക്കുള്ള വാടകയിനത്തിൽ ഫിഷറീസ് വകുപ്പ് നൽകുന്നത്. ട്രോളിംഗ് നിരോധന സമയത്ത് തീരത്തു കെട്ടിയിടുന്ന ആക്രിബോട്ടുകളിൽ ചിലതാണ്, രക്ഷാപ്രവർത്തനത്തിന് എന്ന പേരിൽ ഫിഷറീസ് സ്റ്റേഷനുകൾ വാടകക്കെടുക്കുന്നത്. രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടിലുള്ള ചിലരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഈ വാടകക്കെടുക്കൽ. അപകടസമയത്ത് ഇവരെ വിളിച്ചാൽ ഇത്തരം ബോട്ടുകൾ കടലിലേക്ക് പുറപ്പെടുന്നതും തിരിച്ചുവരുന്നതും വളരെ പതുക്കെയാണ്. അപകടമുണ്ടാകുമ്പോൾ കൃത്യസമയത്ത് ഓടിയെത്താൻ കഴിയാത്ത ഇത്തരം ബോട്ടുകൾ കൊണ്ട് രക്ഷാപ്രവർത്തനം സാധ്യവുമല്ല. രക്ഷാപ്രവർത്തനത്തിന് പോയ ഫിഷറീസിന്റെയും കോസ്റ്റൽ പോലീസിന്റെയും ബോട്ടുകൾ കടലിൽ കേടായി കിടന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിന് പോയ ബോട്ടുകളും കൂടി മറ്റു മത്സ്യത്തൊഴിലാളികൾ കെട്ടിവലിച്ചു കരയിലെത്തിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ഇതിനേക്കാൾ മികച്ച ഇന്റർസെപ്റ്റർ ബോട്ടുകളും 'പ്രത്യാശ' എന്ന മറൈൻ ആംബുലൻസുകളും കരയിലിരിക്കുമ്പോഴാണ് അതിനേക്കാൾ മോശമായ ബോട്ടുകൾ വാടകക്ക് എടുക്കുന്നത്. ‘പ്രത്യാശ’യിലും ഇന്റർസെപ്റ്ററിലും പട്രോളിംഗ് നടത്തുന്നതിന് ആവശ്യമായ ഡീസൽ ഇല്ലെന്ന് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും എപ്പോഴും പറയാറുണ്ട്. ഫിഷറീസിലെയും കോസ്റ്റൽ പോലീസിലേയും നല്ലവരായ ചില ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽ നിന്ന് പണം കൊടുത്ത് ബോട്ടുകൾക്ക് ഡീസൽ അടിച്ചുകൊടുത്ത ചരിത്രത്തിനും ഞങ്ങൾ മത്സ്യത്തൊഴിലാളികൾ സാക്ഷികളാണ്. അതുകൊണ്ടുതന്നെ പൂർണമായി ഉദ്യോഗസ്ഥരെ കുറ്റം പറയാൻ പറ്റില്ല. കാരണം, ഭരണകർത്താക്കളാണ് ആവശ്യമായ ഫണ്ട് നൽകേണ്ടത്. അത് നൽകാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനത്തിന് സമയത്തെത്താൻ പറ്റാത്തത്. മാത്രമല്ല, ഉദ്യോഗസ്ഥരിൽ പലർക്കും കടലിനെക്കുറിച്ചോ കടലിന്റെ ഒഴുക്കിനെ കുറിച്ചോ GPS സംവിധാനത്തെ കുറിച്ചോ (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) കാര്യമായ അറിവില്ല. കടൽ ചൊരുക്ക് മൂലം അവർ ശാരീരികമായി തളർന്നുപോകുന്നതും രക്ഷാപ്രവർത്തനത്തിന് വേഗത കുറക്കുന്നു.

മറൈൻ ആംബുലൻസുകളും പട്രോളിംഗ് ബോട്ടുകളും ഉപയോഗിക്കാൻ കഴിയുന്നത് കടൽ ശാന്തമായ അവസ്ഥകളിൽ മാത്രമാണ്. കടൽ പ്രക്ഷുബ്ധമായ അവസ്ഥയിൽ ഡ്രോൺ, എയർ ആംബുലൻസ് എന്നിവ ഉപയോഗിച്ചുള്ള സംയുക്ത രക്ഷാപ്രവർത്തനമാണ് നടത്തേണ്ടത്. ഇതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവരുടെ സഹകരണം ആവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിലാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടത്. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനമില്ലായ്മ ജീവനുകൾ നഷ്ടമാക്കുന്നു.
ചന്ദ്രയാൻ ദൗത്യം നടത്തിയ ഇന്ത്യയെ പോലൊരു രാജ്യത്ത്, ISRO പോലെയുള്ള ശാസ്ത്രസ്ഥാപനങ്ങളാക്കായി സ്വന്തം തൊഴിലിടവും വീടിരിക്കുന്ന സ്ഥലങ്ങളും വിട്ടുനൽകി മാതൃകയായ മത്സ്യത്തൊഴിലാളികളുടെ രക്ഷിക്കാൻ സൗകര്യങ്ങൾ വേണ്ടതല്ലേ? കടലിന്റെ മക്കൾ ഈ രാജ്യത്തിനായി നേടിത്തരുന്ന കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം കണക്കിലെടുക്കേണ്ടതല്ലേ? വിലക്കുറവിൽ പ്രോട്ടീൻ സമ്പുഷ്ടമായ മത്സ്യവിഭവങ്ങൾ പൊതുജനത്തിന്റെ മേശയിലെത്തിക്കാൻ കടലുമായി മല്ലിടുന്നവരുടെ വേദനകളെ പുച്ഛിക്കാതിരിക്കാനെങ്കിലും ഉത്തരവാദിത്വം ഇല്ലേ? രാജ്യത്തിന്റെ ദ്വീപുകൾ ഉൾപ്പെടെ 11,098 കിലോമീറ്റർ കടൽ കാക്കുന്ന, വേതനം വാങ്ങാത്ത ഈ സൈനികർക്ക് ശാസ്ത്രപുരോഗതിയുടെ ഗുണഫലങ്ങൾ ലഭ്യമാക്കണം. ശാസ്ത്രനേട്ടങ്ങൾ കടലാളർക്ക് നൽകാൻ ഭരണകർത്താക്കൾ തയാറാകുന്നില്ല. ഇതുതന്നെയാണ് മത്സ്യ തൊഴിലാളിയെ അവഗണിക്കുന്നു എന്നതിന്റെ തെളിവ്.

സുനാമിയും ഓഖി ചുഴലിക്കാറ്റും നമ്മുടെ മുന്നിലെ ഉദാഹരണങ്ങളാണ്. ഇപ്പോഴും, കാലാവസ്ഥാ മുന്നറിയിപ്പിലെ അപാകതകളും രക്ഷാപ്രവർത്തനത്തിന്റെ അപര്യാപ്തതകളും നിലനിൽക്കുന്നു. 2015 ജനുവരി ഒന്നുമുതൽ 2025 ഏപ്രിൽ മുപ്പതു വരെയുള്ള പത്തുവർഷത്തിനുള്ളിൽ 539 മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിനിടെ മരിച്ചത്. കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്തു നിന്നും കിട്ടിയ വിവരാവകാശ മറുപടിയിലാണ് ഞെട്ടിക്കുന്ന ഇ കണക്കുളളത്. കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്തു നിന്നു കിട്ടിയ വിവരാവകാശ മറുപടിയിലാണ് ഞെട്ടിക്കുന്ന ഇ കണക്കുളളത്. 12 നോട്ടിക്കൽ മൈലിന് അപ്പുറത്തുണ്ടായ ഓഖി ദുരന്തത്തിൽ മരിച്ച മനുഷ്യരുടെ മരണസംഖ്യയും മറ്റു അപകടമരണങ്ങളും ഈ കണക്കിൽപെടുന്നില്ല. കേരളത്തിലെ 18 കോസ്റ്റൽ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം തുടങ്ങിയത് മുതലുള്ള കണക്കാണിതെന്ന് കോസ്റ്റൽ പോലീസ് പറയുന്നു.
ഫിഷറീസിലെയും കോസ്റ്റൽ പോലീസിലേയും നല്ലവരായ ചില ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽ നിന്ന് പണം കൊടുത്ത് ബോട്ടുകൾക്ക് ഡീസൽ അടിച്ചുകൊടുത്ത ചരിത്രത്തിനും ഞങ്ങൾ മത്സ്യത്തൊഴിലാളികൾ സാക്ഷികളാണ്.
എത്ര കുടുംബങ്ങളാണ് ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥവീഴ്ചയുടെയും ഫലമായി അനാഥരാകുന്നതെന്നു ആരും ചർച്ച ചെയ്യുന്നില്ല. തീരത്തെ മനുഷ്യരെ എക്കാലവും അവഗണിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇതെല്ലാം. അവരുടെ ജീവന് വിലകല്പിക്കാത്ത ഭരണകൂടങ്ങളാണ് ഇവിടെ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്നതും ഇപ്പോൾ ഭരിക്കുന്നതും. അതുകൊണ്ടു തന്നെയാണ് വിഴിഞ്ഞം സ്വദേശി ജോണിന്റെ മകൾ ജിജിയും നീണ്ടകരയിൽ ഗൗതം കൃഷ്ണയെന്ന മകനെ അന്വേഷിച്ചിറങ്ങിയ അമ്മയും മുതലപ്പൊഴിയിലെ ഷിജിന്റെ ഭാര്യയും ഇവിടുത്തെ സിസ്റ്റത്തിന്റെ തകരാറിനെ കുറിച്ച് വ്യാകുലപ്പെടുമ്പോൾ ഭരണകർത്താക്കൾക്കു ഉത്തരമില്ലാത്തത്.
ലോകത്തിന്റെ മുന്നിൽ 'കേരളമാതൃക' എന്നുപറഞ്ഞ് ബലൂൺ കണക്കെ കെട്ടിപ്പൊക്കിയ ഭരണാധികാരികളുടെ പൊങ്ങച്ചങ്ങൾക്ക്, അടിത്തട്ട് മനുഷ്യരുടെ ജീവനും തൊഴിലും സംരക്ഷിക്കാൻ കഴിയുന്നില്ല എന്നുള്ള നഗ്‌നസത്യം പരസ്യമായി വിളിച്ചുപറയുകയാണ് ജോണിന്റെ മകൾ ജിജിയെ പോലുള്ളവർ.

നാടിന്റെ തകർന്ന സാംവിധാനങ്ങൾക്കു, തങ്ങളുടെ ബന്ധുക്കളെ രക്ഷിക്കാൻ കഴിയുന്നില്ലെന്ന വിലാപം ഇനിയെങ്കിലും കേരളത്തിന്റെ കടൽത്തീരങ്ങളിൽ നിന്ന് ഉയരാതിരിക്കട്ടെ. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ഈ ദുരിതങ്ങൾക്ക്, കേരളം ഭരിച്ച എല്ലാ രാഷ്ട്രീയപാർട്ടികളും ഉത്തരവാദികളാണ്. ഭരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും നിങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പ് നയങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവരല്ല മത്സ്യത്തൊഴിലാളികൾ. അത് ഇനിയെങ്കിലും ഓർക്കുന്നത് നല്ലതാണു. രാഷ്ട്രീയ നേട്ടങ്ങൾക്കായി പരിസരം ചെളി വാരിയെറിയുന്നതിനു പകരം, എല്ലാവരും ഒന്നിച്ചു നിന്ന് കടൽത്തീരത്തു കണ്ണീർ വീഴാതിരിക്കാൻ ശ്രമിക്കണം. അങ്ങനെയുള്ളവരെയാണ് യഥാർത്ഥ ജനസേവകരായി ഞങ്ങൾ കാണാനാഗ്രഹിക്കുന്നത്.
