ചർച്ചാ പ്രഹസനം നടത്തി സർക്കാർ,
ആശമാരുടെ നിരാഹാരം നാളെ മുതൽ

പ്രധാന ആവശ്യങ്ങളൊന്നും ചർച്ച ചെയ്യാതെ, സർക്കാർ സ്വീകരിച്ച ‘അനുഭാവ നടപടികൾ കണക്കിലെടുത്ത് സമരത്തിൽനിന്ന് പിന്മാറാൻ മന്ത്രി വീണ ജോർജ്ജിന്റെ ‘അഭ്യർത്ഥന’. ആശ വർക്കർമാർ നാളെ മുതൽ നിരാഹാരം പ്രഖ്യാപിച്ചിരിക്കേ, ഒത്തുതീർപ്പ് ശ്രമം നടത്തിയെന്ന് വരുത്തിത്തീർക്കാൻ സർക്കാർ നടത്തിയ ചർച്ചാ പ്രഹസനം പൊളിഞ്ഞു, നാളെ മുതൽ ആശമാരുടെ അനിശ്ചിതകാല നിരാഹാരം.

News Desk

സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ASHA വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ ചർച്ച പരാജയം. നാളെ മുതൽ അനിശ്ചിതകാല നിരാഹാരവുമായി മുന്നോട്ടുപോകുമെന്ന് ASHA വർക്കർമാർ അറിയിച്ചു. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കാനാകില്ല എന്ന സൂചനയാണ് മന്ത്രി നൽകിയത്.

38 ദിവസമായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെതുടർന്നാണ് ഇന്ന് രണ്ടുവട്ടം ചർച്ചകൾ നടന്നത്. ആദ്യം NHM ഡയറക്ടർ ഡോ. വിനയ് ഗോയലുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ്, തൊട്ടുപുറകേ മന്ത്രിതല ചർച്ച നടന്നത്. ഇതു​വരെ സർക്കാർ സ്വീകരിച്ച നടപടികൾ ആവർത്തിച്ചശേഷം, സമരത്തിൽനിന്ന് പിന്മാറണം എന്ന അഭ്യർത്ഥന മാത്രമാണ് ആരോഗ്യമന്ത്രിക്ക് മുന്നോട്ടുവെക്കാനുണ്ടായത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം തുടങ്ങിയ പ്രധാന ആവശ്യങ്ങളിലൊന്നിലും ചർച്ചയുണ്ടായില്ല.

Enter caption
Enter caption

ASHA വർക്കർമാരുടെ പ്രശ്നങ്ങളിൽ അനുഭാവപൂർവമായ നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും അത് മനസ്സിലാക്കി സമരത്തിൽനിന്ന് പിന്മാറാനാണ് ചർച്ചയിൽ ആവശ്യപ്പെട്ടതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ സന്നദ്ധപ്രവർത്തകർ എന്ന നിലയില്‍നിന്ന് ആശ പ്രവര്‍ത്തകരെ മാറ്റുന്ന തരത്തിൽ ഗൈഡ്‌ലൈനില്‍ മാറ്റം വരുത്തണമെന്നും ഇൻസെന്റീവ് കൂട്ടണമെന്നും ആവശ്യപ്പെട്ട് ഉടൻ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നും വീണ ജോർജ് അറിയിച്ചു.

‘‘ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ നൽകുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. 7000 രൂപ ഓണറേറിയം അടക്കം ആശമാരുടെ കാര്യത്തിൽ ഏറ്റവും നല്ല നിലപാട് എടുക്കുന്ന സംസ്ഥാനമാണ് കേരളം. ഓണറേറിയം കൂട്ടണം എന്നുതന്നെയാണ് സർക്കാർ നിലപാട്. എന്നാൽ, അത് മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂ’’.

നിരാഹാരസമരം തുടങ്ങുന്നതിനുമുമ്പ് ആശ വർക്കർമാരുമായി ചർച്ച നടത്തി സമരം ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് വരുത്തിത്തീർക്കാനാണ് ഒരു ദിവസം രണ്ടു ചർച്ചകൾ പൊടുന്നനെ തട്ടിക്കൂട്ടിയതെന്നത് വ്യക്തമാണ്.

വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ നൽകണം എന്ന ആവശ്യത്തെക്കുറിച്ച് മന്ത്രി നിലപാട് വ്യക്തമാക്കിയില്ല.

‘‘ആശമാരുടെ കാര്യത്തിൽ സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഓ​ണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങള്‍ ഒഴിവാക്കുന്ന കാര്യം ഈ സമരം തുടങ്ങുന്നതിനുമുമ്പേ സർക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നു. അതിനായി ഒരു ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇപ്പോൾ, മാനദണ്ഡങ്ങൾ പിൻവലിച്ച് ഉത്തരവിറങ്ങി’’- മന്ത്രി പറഞ്ഞു.
‘‘കേരളത്തിലെ 26,125 ആശമാരില്‍ 13,000 പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല. ഈ വിഷയം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം ഇവരുടെ വിവരങ്ങള്‍ ഒന്നര വര്‍ഷം മുമ്പ് അയച്ചുകൊടുത്തു. NHA- യുമായി SHA അടുത്തകാലം വരെ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, അനുകൂല തീരുമാനമുണ്ടായില്ല’’- മന്ത്രി പറഞ്ഞു.

ആശമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും ചർച്ച ചെയ്യാൻ സർക്കാറിന് താൽപര്യമില്ല എന്ന് ചർച്ചയിൽ മന്ത്രി വീണ ജോർജ്ജ് സ്വീകരിച്ച സമീപനം തെളിയിക്കുന്നു.
ആശമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും ചർച്ച ചെയ്യാൻ സർക്കാറിന് താൽപര്യമില്ല എന്ന് ചർച്ചയിൽ മന്ത്രി വീണ ജോർജ്ജ് സ്വീകരിച്ച സമീപനം തെളിയിക്കുന്നു.

ദേശീയ ഗൈഡ്‌ലൈനില്‍ പറയുന്നതിനേക്കാൾ കൂടുതല്‍ ജോലി കേരളത്തിൽ ആശമാർക്ക് ചെയ്യേണ്ടിവരുന്നു എന്ന പ്രചാരണം ശരിയല്ല എന്ന് മന്ത്രി പറഞ്ഞു. പല കാര്യങ്ങളും ഡിജിറ്റൈസ് ചെയ്ത് ജോലിഭാരം ലഘൂകരിച്ചിട്ടുണ്ട്.
2006- ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കാണുമെന്ന് സമരക്കാരെ അറിയിച്ചതാണ്- മന്ത്രി പറഞ്ഞു. ആശമാര്‍ക്ക് മറ്റു തൊഴില്‍ ചെയ്യാന്‍കഴിയില്ല എന്ന വ്യവസ്ഥ കോവിഡ് കാലത്താണുണ്ടായിരുന്നത്. 2021 നവംബര്‍ 17ന് സ്‌റ്റേറ്റ് മിഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ മുഴുവന്‍ സമയം മറ്റു ജോലികള്‍ ചെയ്യാന്‍ പാടില്ലെന്നുണ്ട്, എന്നാല്‍, ഭാഗികമായി മറ്റു ജോലികള്‍ ചെയ്യാമെന്ന് വ്യക്തമാക്കുന്നുണ്ട്- വീണ ജോർജ്ജ് പറഞ്ഞു.

മന്ത്രിതല ചർച്ച നടക്കു​മ്പോൾ സർക്കാർ ഭാഗത്തുനിന്ന് പരിഹാരത്തിലേക്ക് എത്തുന്ന വ്യക്തമായ ഫോർമുലയോ നിർദേശങ്ങളോ ഉണ്ടാകേണ്ടതാണ്. അതിനുപകരം, സമരത്തിൽനിന്ന് ഏകപക്ഷീയമായി പിന്മാറണം എന്ന അഭ്യർത്ഥന മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

ആശമാരുടെ വിരമിക്കല്‍ പ്രായം 62 വയസ്സായി നിശ്ചയിച്ചത് സംഘടനകളുടെ ആവശ്യപ്രകാരം മരവിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഇന്ന് കേരളത്തിൽ ഒരാളും 62 വയസ്സില്‍ പുറത്തുപോയിട്ടില്ല, 62 വയസ്സ് കഴിഞ്ഞവരും ആശ പ്രവര്‍ത്തകരായിട്ടുണ്ട്. അത് സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഫലമായാണെന്ന് വീണ ജോർജ്ജ് പറഞ്ഞു. എന്നാൽ, വിരമിക്കൽ പ്രായം 62 വയസ്സാക്കിയത് മരവിപ്പിച്ച തീരുമാനത്തെക്കുറിച്ച് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സമരസമിതി പറയുന്നു.

നിരാഹാരസമരം തുടങ്ങുന്നതിനുമുമ്പ് ആശ വർക്കർമാരുമായി ചർച്ച നടത്തി സമരം ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് വരുത്തിത്തീർക്കാനാണ്, തലേന്നുതന്നെ രണ്ടു ചർച്ചകൾ പൊടുന്നനെ തട്ടിക്കൂട്ടിയതെന്നത് വ്യക്തമാണ്. ആശമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും ചർച്ച ചെയ്യാൻ സർക്കാറിന് താൽപര്യമില്ല എന്ന് മന്ത്രിയുടെ സമീപനം തെളിയിക്കുന്നു. ഒരു പരിഹാരനിർദേശവും മുന്നോട്ടുവെക്കാൻ കഴിയാതിരുന്നത് ഇതുമൂലമാണ്. മാത്രമല്ല, മന്ത്രിതലത്തിൽ ഇത്തരമൊരു ചർച്ച നടക്കു​മ്പോൾ സർക്കാർ ഭാഗത്തുനിന്ന് പരിഹാരത്തിലേക്ക് എത്തുന്ന തരത്തിൽ വ്യക്തമായ ഫോർമുലയോ നിർദേശങ്ങളോ ഉണ്ടാകേണ്ടതാണ്. അതിനുപകരം, സമരത്തിൽനിന്ന് ഏകപക്ഷീയമായി പിന്മാറണം എന്ന അഭ്യർത്ഥന മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന്, ASHA വർക്കർമാർ പറയുന്നു.

ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ലോക്‌സഭയിൽ ഉന്നയിക്കപ്പെടുകയും ചെയ്ത ഒരു സമരത്തെ സംസ്ഥാന സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ വ്യക്തമായി സൂചനയായിരുന്നു ഇന്നു നടന്ന രണ്ടു ചർച്ചകളും.
ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ലോക്‌സഭയിൽ ഉന്നയിക്കപ്പെടുകയും ചെയ്ത ഒരു സമരത്തെ സംസ്ഥാന സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ വ്യക്തമായി സൂചനയായിരുന്നു ഇന്നു നടന്ന രണ്ടു ചർച്ചകളും.

തങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ കേൾക്കാൻ പോലും ആദ്യ ചർച്ചയിൽ NHM ഡയറക്ടർ തയാറായില്ലെന്നും സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി, ഉടൻ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും ആശ വർക്കർമാർ പറഞ്ഞു. ഒരു മണിക്കൂറാണ് NHM ഡയറക്ടർ ആശമാരുമായി ചർച്ച നടത്തിയത്. സമരം തുടങ്ങിയശേഷം സർക്കാർ സ്വീകരിച്ച നടപടികൾ ഡയറക്ടർ എടുത്തു പറഞ്ഞു. ഓണറേറിയത്തിനുള്ള നിബന്ധനകൾ എടുത്തുകളഞ്ഞതിനുപുറകിലെ കെണികളെക്കുറിച്ച് ആശമാർ പരാതി ഉന്നയിച്ചു. കഴിഞ്ഞ 16-ലെ ചർച്ചയിൽ പറഞ്ഞ അതേ കാര്യങ്ങൾ ആവർത്തിക്കുക മാത്രമായിരുന്നു ഡയറക്ടർ. തൊട്ടുപുറകേ മന്ത്രിയുമായി നടന്ന ചർച്ചയിലും ഇതേ കാര്യങ്ങൾ ആവർത്തിച്ചു.

ജനാധിപത്യപരമായ സമരത്തെ ജനാധിപത്യപരമായാണ് സർക്കാർ സമീപിച്ചത് എന്ന മന്ത്രി വീണ ജോർജ്ജിന്റെ അവകാശവാദത്തെയും സമരക്കാർ തള്ളിക്കളയുന്നു.

ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും പാർലമെന്റിൽ ഉന്നയിക്കപ്പെടുകയും ചെയ്ത ഒരു സമരത്തെ സംസ്ഥാന സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ വ്യക്തമായി സൂചനയായിരുന്നു രണ്ടു ചർച്ചകളും. നിരാഹാരം തുടങ്ങുന്നതിനുമുമ്പ് ഒരു ഒത്തുതീർപ്പുശ്രമം നടത്തി എന്ന് വരുത്തിത്തീർക്കുകയായിരുന്നു സർക്കാറിന്റെ ഉദ്ദേശ്യം. ചർച്ചയുടെ പേരിൽ സർക്കാർ നടത്തിയ പ്രഹസനത്തിൽ സമരം ചെയ്യുന്ന ആശമാർ രോഷാകുലരാണ്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പിന്നോട്ടില്ലെന്ന് അവർ പറയുന്നു. മാത്രമല്ല, ജനാധിപത്യപരമായ സമരത്തെ ജനാധിപത്യപരമായാണ് സർക്കാർ സമീപിച്ചത് എന്ന മന്ത്രി വീണ ജോർജ്ജിന്റെ അവകാശവാദത്തെയും സമരക്കാർ തള്ളിക്കളയുന്നു. സ്ത്രീകളുടെ സമരമാണ് എന്നതുപോലും പരിഗണിക്കാതെ സി.ഐ.ടി.യു നേതാക്കളും സർക്കാർ സംവിധാനങ്ങളും സമരക്കാരെ ആക്ഷേപിച്ചും പൊലീസ് ബലപ്രയോഗം നടത്തുകയും ചെയ്താണ് ആശ സമരത്തെ നേരിട്ടത്. മാത്രമല്ല, തൊഴിലാളി സമരത്തെ പൊളിക്കാൻ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ നേരിട്ടുതന്നെ രംഗത്തിറങ്ങിയതും ആശമാർ ചൂണ്ടിക്കാട്ടുന്നു.

ചർച്ചയുടെ പേരിൽ സർക്കാർ നടത്തിയ പ്രഹസനത്തിൽ സമരം ചെയ്യുന്ന ആശമാർ രോഷാകുലരാണ്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പിന്നോട്ടില്ലെന്ന് അവർ പറയുന്നു.
ചർച്ചയുടെ പേരിൽ സർക്കാർ നടത്തിയ പ്രഹസനത്തിൽ സമരം ചെയ്യുന്ന ആശമാർ രോഷാകുലരാണ്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പിന്നോട്ടില്ലെന്ന് അവർ പറയുന്നു.

പ്രതിമാസ ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

ഓണറേറിയം കുടിശ്ശിക അനുവദിച്ചും ഓണറേറിയം ലഭിക്കാനുള്ള പത്ത് മാനദണ്ഡങ്ങൾ പിൻവലിക്കുകയും ചെയ്ത് സർക്കാർ ഉത്തരവിറക്കിയിരുന്നു. ​ഓരോ മാസത്തെയും നിശ്ചിത ഓണറേറിയമായ 7000 രൂപ ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ് ഒഴിവാക്കിയത്. എന്നാൽ, 3000 രൂപ വരെയുള്ള ഫിക്‌സിഡ് ഇൻസന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ ഭേദഗതി പുതിയ കെണിയാണ് എന്നാണ് ആശ വർക്കർമാർ പറയുന്നത്. ഓണറേറിയത്തിലെ മാനദണ്ഡങ്ങൾ പിൻവലിച്ചു എന്ന് പറയുമ്പോഴും ആ മാനദണ്ഡങ്ങളെല്ലാം ഇൻസെന്റീവിൽ ഉൾപ്പെടുത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നാണ് ഇവരുടെ പരാതി.

വ്യാഴാഴ്ച രാവിലെ 11 മുതലാണ് അനിശ്ചിതകാല നിരാഹാരം. നിരാഹാരത്തിന് നിരവധി ആശമാരാണ് പേര് നല്‍കിയിരിക്കുന്നതെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു.

അതിനിടെ, ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അനുകൂല സമീപനമുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ രാജ്യസഭയെ അറിയിച്ചു.

Comments