ഗവർണർക്കും മുഖ്യമന്ത്രിക്കും എതിരായ
ഒരേതരം കരി​ങ്കൊടികളുടെ വിചിത്ര യുക്തികൾ

ഗവർണർക്കെതിരെയുള്ള തങ്ങളുടെ കരിങ്കൊടി പ്രകടനം ജനാധിപത്യപരവും തങ്ങൾക്കെതിരെ മറ്റുള്ളവർ നടത്തുന്നത് അക്രമപ്രവർത്തനവുമാണെന്ന യുക്തിയാണ് സി.പി.എമ്മും ഇടതുപക്ഷ സർക്കാരും പുലർത്തുന്നത്. ഓരോരുത്തർക്കും തരാതരം പോലെ അണിയാനാവുന്ന തൊപ്പിയായി ജനാധിപത്യം മാറിയിരിക്കുന്നു.

നാധിപത്യത്തെ നശിപ്പിക്കാനുള്ള ആയുധം അത് സ്വയം അതിന്റെ ശത്രുക്കൾക്ക് നൽകുമെന്നത് അഡോൾഫ് ഹിറ്റ്‌ലറുടെ പ്രൊപ്പഗാന്റ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിന്റെ (കു)പ്രസിദ്ധമായ നിരീക്ഷണമാണ്. ഇതിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പോക്ക്. നരേന്ദ്ര മോദിയും കൂട്ടരും ഇത് പലതരത്തിൽ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് പാർലമെന്റിൽനിന്ന് പ്രതിപക്ഷത്തെ പുറത്താക്കിയത്. ശീതകാല സമ്മേളനത്തിൽ മാത്രം പുറത്തുപോയത് 141 എം.പിമാരാണ്, ലോക്സഭയിൽ നിന്ന് 95 പേരും രാജ്യസഭയിൽ നിന്നും 46 പേരും. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പുറത്തായവരുടെ എണ്ണം ഇരുനൂറും! ബുക്കർ പുരസ്കാരം നേടിയ (2023) പോൾ ലിഞ്ചിന്റെ പ്രവാചക ഗീതത്തിലെ വാചകം ഇത്തരുണത്തിൽ ഓർമ വരുന്നു:

“ഒരുനാൾ നിങ്ങളുടെത് ആറ് അംഗങ്ങളുള്ള വീടായിരുന്നു, ഇപ്പോഴത് അഞ്ചായി, ഇനിയത് നാലാവും”.
ഇതു തന്നെയല്ലേ നമ്മുടെ പാർലമെന്റിന്റെ അവസ്ഥയും?

കേന്ദ്ര സർക്കാർ ചെയ്യുന്നതിന്റെ തനിയാവർത്തനം അവരുടെ തന്നെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കാണാം. ഇതിനർഥം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിൽ നിന്ന് പൂർണ്ണമായും മുക്തമാണെന്നല്ല. അവിടെയും ജനാധിപത്യത്തിന്റെ ഭാവി ശോഭനീയമല്ല തന്നെ. ഇത്തരം പ്രവണതകൾ തടയിടാൻ ഭരണഘടനാ ബാധ്യതയുള്ള ഗവർണർമാർ തന്നെ പലപ്പോഴും അതിൽ പങ്കാളികളാവുന്നു എന്നതാണ് ഏറെ ദൗർഭാഗ്യകരം. “ഭരണകൂടം യൂണിഫോമിലൂടെ സംസാരിക്കുന്നു” എന്ന് പോൾ ലിഞ്ച് പറയും പോലെ, ഇവിടെ കേന്ദ്രം ഗവർണർമാരിലൂടെ സംസാരിക്കുന്നു, പ്രവർത്തിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലുമൊക്കെ അരങ്ങേറുന്ന സംഭവങ്ങൾ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.

സ്ഥാനം, മാനം, പദവി, വ്യക്തി

സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദുരന്തം ഉന്നത ഭരണഘടനാപദവികൾ വഹിക്കുന്നവർക്ക് അവർ അലങ്കരിക്കുന്ന സ്ഥാനങ്ങൾക്കൊത്ത് ഉയരാനാവുന്നില്ല എന്നതാണ്. മുൻകാലങ്ങളിൽ ‘സ്ഥാനമാനങ്ങൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പദവികളിൽ നിന്ന് മാനം കുടിയിറങ്ങി അവ സ്ഥാനങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. അതുകൊണ്ടാവണം ഏറ്റെടുത്തിരിക്കുന്ന പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ പലർക്കും കഴിയാതെ പോകുന്നത്. ഇത് സമീപകാല സംഭവവികാസമല്ലെന്ന് അംഗീകരിക്കുമ്പോഴും, മുൻപെങ്ങും ഇത്രയധികം അധഃപതനം ഉണ്ടായിട്ടില്ലെന്ന് പറയാതിരിക്കാനാവില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ / photo: Manoj Chemancheri
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ / photo: Manoj Chemancheri

കേരളത്തിന്റെ കാര്യംതന്നെ എടുത്താൽ, ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കേട്ടുകേൾവിയില്ലാത്തവിധം തരംതാണിരിക്കുന്നു. ഗവർണറുടെ പെരുമാറ്റം തന്റെ പദവിക്ക് ചേർന്നതല്ലെന്നതിനപ്പുറം രാഷ്ട്രീയ (ദുരന്ത)നാടകമായി അരങ്ങ് തകർക്കുന്നു. മുഖ്യമന്ത്രിയെയും വിദ്യാർത്ഥികളെയും ഒരു പ്രദേശത്തെ ജനങ്ങളെ തന്നെയും മോശമായ ഭാഷയിൽ പരാമർശിക്കുക, എസ്.എഫ്.ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തെ പരസ്യമായി വെല്ലുവിളിച്ച് അവർ തനിക്കെതിരെ ഉയർത്തിയ ബാനറുകൾ അഴിച്ചുമാറ്റാൻ മുറവിളികൂട്ടുക, സർക്കാരിനെത്തന്നെ വെല്ലുവിളിക്കുംവിധം തെരുവിലൂടെ സഞ്ചരിക്കുക, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വൈസ് ചാൻസലറെയും പരസ്യമായി ശാസിക്കുക, ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ചെയ്തികൾ.

കരിങ്കൊടി കാണിക്കുന്നതിനും പ്രതിഷേധം സംഘടിപ്പിക്കുന്നതിനുമുള്ള അവകാശം സി.പി.എമ്മിനും അവരുടെ പോഷക സംഘടനകൾക്കും മാത്രമുള്ളതല്ലെന്ന പ്രശ്നവുമുണ്ട്. സർക്കാരിനെതിരെ ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ മറ്റുള്ളവർക്കും ഭരണഘടനാദത്തമായ അവകാശമുണ്ടെല്ലോ.

മറുവശത്ത്, നിയമസഭ പാസാക്കിയ ബില്ലുകൾ മാസങ്ങളായി പിടിച്ചുവയ്ക്കുകയും ഒടുവിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ചിലത് ഒപ്പിടുകയും മറ്റുള്ളവ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരിക്കുന്നു. ഭരണസ്തംഭനത്തിനപ്പുറം അധികാര തർക്കത്തിന്റെ പ്രശ്നവും ഇതിൽ അന്തർലീനമാണ്.

സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ മാത്രമാണ് ഗവർണർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നിൽ നിൽക്കുന്നത്. മറ്റുകാര്യങ്ങളിൽ, വിശേഷിച്ച് ഭരണകാര്യങ്ങളിലും നയരൂപീകരണത്തിലും, അദ്ദേഹത്തിന്റെ സ്ഥാനം നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും പിന്നിലാണെന്ന കാര്യം സംശയാതീതമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിവേചനാധികാരമുള്ള അത്യപൂർവം ചില കാര്യങ്ങളിലൊഴികെ, അദ്ദേഹത്തിന്റെ പദവി ആലങ്കാരികവും ഔപചാരികവുമാണ്. സംസ്ഥാന സർക്കാരിന്റെ സുഹൃത്തും ദാർശനികനും വഴികാട്ടിയും എന്നതിനപ്പുറത്തേക്ക് അദ്ദേഹം കടക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. ഇതാണ് ഭരണഘടനയുടെ അന്തഃസത്ത. ഭരണഘടന നിർമാണസമിതി, തിരഞ്ഞെടുക്കപ്പെടുന്ന ഗവർണർ പദവി വേണ്ടന്നുവച്ചതു തന്നെ സംസ്ഥാന സർക്കാരുകളുമായി ഉണ്ടായേക്കാവുന്ന ഈ മൂപ്പ്-ഇളമ തർക്കം ഒഴിവാക്കാനിയിരുന്നു എന്നത് സുവിദിതമാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തില്‍ നിന്ന് / photo: SFI,facebook page
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തില്‍ നിന്ന് / photo: SFI,facebook page

ഇത് പറയുമ്പോൾ തന്നെ, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും അതിന്റെ വിദ്യാർഥി യുവജന സംഘടനകളും ചില ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു. ഗവർണർക്കെതിരെ കരിങ്കൊടി കാണിക്കുന്നതും പ്രതിഷേധ ബാനറുകൾ കെട്ടുന്നതും തികച്ചും ജനാധിപത്യപരം തന്നെ. അതിൽ ഗവർണർ കലഹിക്കേണ്ട കാര്യവുമില്ല. എന്നാൽ, അദ്ദേഹത്തിന്റെ വാഹനത്തിൽ ഇടിക്കുന്നതും അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കും വിധമുള്ള മുദ്രാവാക്യം മുഴക്കുന്നതും ബാനറുകൾ ഉയർത്തുന്നതും എങ്ങനെ ന്യായീകരിക്കാനാവും? സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഏത് പുസ്തകങ്ങളിലാണ് ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്? ഭരണത്തലവന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കും വിധമുള്ള സമരമാർഗങ്ങൾ ഭരണകക്ഷി തന്നെ അവലംബിക്കുമ്പോൾ അത് ക്രമസമാധാന തകർച്ചയുടെ തെളിവായി വ്യാഖ്യാനിക്കപ്പെടില്ലേ?

നമ്മുടെ ഭരണകർത്താക്കൾക്ക് അധികാരത്തിന്റെ ഭാഷ മാത്രമേ വശമുള്ളു, പ്രത്യയശാസ്ത്രം ഏതായാലും.

കരിങ്കൊടി കാണിക്കുന്നതിനും പ്രതിഷേധം സംഘടിപ്പിക്കുന്നതിനുമുള്ള അവകാശം സി.പി.എമ്മിനും അവരുടെ പോഷക സംഘടനകൾക്കും മാത്രമുള്ളതല്ലെന്ന പ്രശ്നവുമുണ്ട്. സർക്കാരിനെതിരെ ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ മറ്റുള്ളവർക്കും ഭരണഘടനാദത്തമായ അവകാശമുണ്ടെല്ലോ. പ്രതിപക്ഷം അതിന് തുനിയുമ്പോൾ എന്തിനാണ് സർക്കാരും സി.പി.എമ്മും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? എന്തിനാണ് പോലീസും ഡി.വൈ.എഫുകാരും ചേർന്ന് അത്തരക്കാരെ കായികമായി നേരിടുന്നത്? മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കുന്നത് തടയാനും അവർക്കെതിരെയുള്ള ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാനും പൊലീസ് കാണിക്കുന്ന ശുഷ്ക്കാന്തി അതേ അളവിൽ ഗവർണക്കെതിരെയുള്ള കരിങ്കൊടി പ്രകടനങ്ങൾ തടയാനും പോസ്റ്ററുകൾ നീക്കം ചെയ്യാനും കാണിക്കേണ്ടതല്ലേ? എന്നാൽ കാര്യങ്ങളുടെ പോക്ക് മറ്റൊരു രീതിയിലാണ്. ഗവർണർക്കെതിരെയുള്ള തങ്ങളുടെ കരിങ്കൊടി പ്രകടനം ജനാധിപത്യപരവും തങ്ങൾക്കെതിരെ മറ്റുള്ളവർ നടത്തുന്നത് അക്രമപ്രവർത്തനവുമാണെന്ന യുക്തിയാണ് സി.പി.എമ്മും ഇടതുപക്ഷ സർക്കാരും പുലർത്തുന്നത്. ഓരോരുത്തർക്കും തരാതരം പോലെ അണിയാനാവുന്ന തൊപ്പിയായി ജനാധിപത്യം മാറിയിരിക്കുന്നു എന്നാണ് ഇത് നൽകുന്ന സൂചന.

ഗവർണർ പദവിയും ഭരണഘടനാ നിർമാണ സമിതിയും

ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയുടെ സുപ്രധാന വീഴ്ചകളിൽ ഒന്ന് അത് ഭരണകൂട സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തിയില്ല എന്നതാണ്. എന്തുതരം ഭരണസംവിധാനം, അതായത്, പാർലമെന്ററിയോ പ്രസിഡൻഷ്യൽ രീതിയോ ഏത് വേണം എന്നൊക്കെ കൂലംകഷമായി ആലോചിച്ചെങ്കിലും, ഏതുതരം സ്ഥാപനസ്വരൂപങ്ങൾ വേണമെന്നത് ഗഹനമായ ചിന്തയ്ക്ക് വഴിവച്ചില്ല. ഗവർണർ, പ്രസിഡന്റ് പദവികൾ വേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഗൗരവാർഹമായ കൂടിയാലോചനകൾ നടന്നില്ലെന്ന് വിവക്ഷ. അതിനുപകരം കൊളോണിയൽ ഭരണകൂട സ്ഥാപന സ്വരൂപങ്ങളെ അപ്പടി സ്വീകരിക്കുകയാണ് നാം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഭരണഘടനയിലെ ഏതാണ്ട് 150 വകുപ്പുകൾ ബ്രിട്ടിഷ് പാർലമെന്റ് പാസാക്കിയ 1935- ലെ ഗവൺമെന്റ ഒഫ് ഇന്ത്യ ആക്ടിൽ നിന്ന് അതേപടിയോ ചില്ലറ മാറ്റങ്ങളോടെയൊ കടം കൊണ്ടതാണന്ന വസ്തുതയും അവശേഷിക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, ഫെഡറൽ സംവിധാനം, പാർലമെന്റും നിയമസഭകളും, സുപ്രീംകോടതിയും ഹൈകോടതികളും, ഗവർണർ, കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, അറ്റോണി ജനറൽ തുടങ്ങിയ പലതും ഇതിൽപ്പെടുന്നു. സ്വന്തം ഭരണം ഉറപ്പിക്കാനായി അങ്ങേയറ്റം കേന്ദ്രീകൃതമായൊരു ഭരണസംവിധാനമാണ് ഈ ആക്ടിലൂടെ ബ്രിട്ടിഷുകാർ ലക്ഷ്യമിട്ടിരുന്നത് എന്നകാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്.

ഇത്തരമൊരു സംവിധാനം നാം സ്വീകരിക്കുന്നതിന്റെ അഭംഗിയെക്കുറിച്ചും അതിന്റെ ദുരുപയോഗ സാധ്യതകളെക്കുറിച്ചും ഭരണഘടനാ നിർമാണ സമിതിയിൽ തന്നെ ചിലർ ചൂണ്ടിക്കാണിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മലയാളിയും സമിതിയിലെ ഒരേയൊരു ദലിത് വനിതാംഗവുമായിരുന്ന ദാക്ഷായണി വേലായുധനായിരുന്നു ഇവരിൽ ഒരാൾ. ഗവർണർ പദവിയുടെ രാഷ്ട്രീയവൽക്കരണവും അതിന്റെ അപകടത്തെക്കുറിച്ചുള്ള ആശങ്കയും പങ്കുവച്ചുകൊണ്ട് അവർ പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെ:

ദാക്ഷായണി വേലായുധന്‍
ദാക്ഷായണി വേലായുധന്‍

"ഇന്ത്യയെ ശക്തിപ്പെടുത്താൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന്, അധികാര കേന്ദ്രീകരണവും മറ്റേത് അധികാര വികേന്ദ്രീകരണവും. കരടു ഭരണഘടന ഊന്നൽ നൽകുന്നത് ഇതിൽ ആദ്യത്തേതിനാണ്. വികേന്ദ്രീകരണത്തിന്റെ മഹത്തായ പാരമ്പര്യമുള്ളൊരു രാജ്യത്തെ ഭരണഘടന നമുക്ക് അന്യമായൊരു ആശയത്തിൽ - കേന്ദ്രീകൃതമായൊരു ഭരണസംവിധാനത്തിൽ - അധിഷ്ഠിതമായിരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്”.
വിരോധാഭാസമാവാം, കാലം ശരിവച്ചത് ഗവർണർ പദവിയെ അനുകൂലിച്ച അംബേദ്കറും നെഹ്റുവും പട്ടേലും പുലർത്തിയ ശുഭാപ്തിവിശ്വാസത്തെയല്ല, ദാക്ഷായണി വേലായുധൻ പങ്കുവച്ച ആശങ്കയെയാണ്.

ഭരണഘടനാ ധാർമികതയുടെ അഭാവം

ഇതിന്റെ സുപ്രധാന കാരണം അംബേദ്കർ തന്നെ മറ്റൊരിടത്ത് സൂചിപ്പിക്കുന്നുണ്ട്: “ഇന്ത്യാക്കാർക്ക് ഭരണഘടനാ ധാർമികത ഒരു സഹജപ്രവണതയല്ല”. ജാതിസമ്പ്രദായത്തിന്റെ ഉച്ചനീചത്വങ്ങൾ മനുഷ്യ ബന്ധങ്ങളെ നിർവചിക്കുന്നൊരു സമൂഹത്തിൽ അധികാരബന്ധങ്ങളിൽ ജനാധിപത്യം പുലരില്ലല്ലോ. അധികാര കേന്ദ്രങ്ങൾ തമ്മിലായാലും അധികാരവർഗവും ജനങ്ങളും തമ്മിലായാലും സമൂഹത്തിലായാലും സ്ത്രീ പുരുഷ ബന്ധത്തിലായാലും ഇതാണ് അവസ്ഥ.

ഇക്കാരണത്താലാണ് "വ്യക്തിയുടെ അന്തസിന്"(dignity of the individual) അംബേദ്കർ അങ്ങേയറ്റം ഊന്നൽ നൽകിയത്. ഭരണഘടന നിർമാണസമിതിയിൽ “വ്യക്തിയുടെ അന്തസ്” എന്ന പ്രയോഗം 150 തവണയാണ് അദ്ദേഹം ഉപയോഗിച്ചത്. വ്യക്തിയുടെ അന്തസിനെ, ഒരർഥത്തിൽ ആത്മാഭിമാനത്തെ, ബഹുമാനിക്കുന്നിടത്തേ ജനാധിപത്യം പുലരൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇതുതന്നെയാണ് ഭരണഘടന ലക്ഷ്യമിടുന്നതും. ജനാധിപത്യം സഹജവാസനയല്ലാത്തൊരു സമൂഹത്തിൽ അത് ജനാധിപത്യത്തെ കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്നു; പരമ്പരാഗത അധികാര ബന്ധങ്ങളുടെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യവും സമത്വവും നീതിയും ഉറപ്പാക്കാൻ ശ്രമിക്കുന്നു; നമ്മുടെ നീതിബോധത്തെയും അധികാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടിനെ നിർവചിക്കാൻ തുനിയുന്നു. പല പുസ്തകങ്ങളിൽ വിശ്വസിക്കുന്നവരെ (പുണ്യഗ്രന്ഥങ്ങളാവാം, രാഷ്ട്രീയ പ്രമാണങ്ങളാവാം അല്ലെങ്കിൽ മറ്റെന്തുമാവാം) അവയെയെല്ലാം കവച്ചുവയ്ക്കുന്നൊരു മഹാഗ്രന്ഥത്തിനുള്ളിൽ കൊണ്ടുവരാനാണ് ഭരണഘടനാശില്പികൾ ശ്രമിച്ചത് എന്നു സാരം.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

എന്നാൽ ഇതെല്ലാം അഴിക്കുന്തോറും മുറുകുന്ന കുരുക്കു പോലെയാണെന്ന് നമ്മുടെ ഭരണകർത്താക്കൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് അധികാരത്തിന്റെ ഭാഷ മാത്രമേ വശമുള്ളു, പ്രത്യയശാസ്ത്രം ഏതായാലും. എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപ്, പെരിയാർ ഇത് സൂചിപ്പിക്കുകയുണ്ടായി, ജനാധിപത്യം “തിരഞ്ഞെടുപ്പുകളത്തിലെ വെറും രാഷ്ട്രീയ ചൂതാട്ടമായി മാറും” എന്നാണ് അദ്ദേഹം ദീർഘദർശനം ചെയ്തത്. അപവാദങ്ങൾ മാറ്റിവച്ചാൽ, ഈ ചൂതാട്ടക്കളത്തിലെ കേന്ദ്ര സർക്കാരിന്റെ പ്രോക്സികളാണ് ഗവർണർമാർ. ഇത്തരക്കാരെ എങ്ങനെ നേരിടണമെന്നറിയാതെ വിഷമിക്കുകയാണ് ബി.ജെ.പി. ഇതര സർക്കാരുകൾ. ഒരുവേള അവരുടെ ഊർജ്ജത്തിന്റെ നല്ലൊരുഭാഗം ചെലവഴിക്കുന്നത് ഭരിക്കുന്നതിനെക്കാൾ ഇത്തരക്കാരെ മെരുക്കുന്നതിലാണ്.

Comments