എല്ലാ കാലത്തും സ്ത്രീകളെ നിശബ്ദരാക്കുന്ന ചരിത്രമുള്ള സിനിമാ വ്യവസായത്തിൽ ലിംഗനീതി കൊണ്ടുവരാനുള്ള ശ്രമങ്ങളിലെ നിർണായക നാഴികക്കല്ലായാണ് ജസ്റ്റിസ് ഹേമ കമീഷൻ രൂപീകരണം വിലയിരുത്തപ്പെട്ടത്. എന്നാൽ സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അപ്പാടെ സംശയത്തിലാക്കുന്ന വിധത്തിലാണ്, പ്രതീക്ഷയോടെ കാത്തിരുന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് റിപ്പോർട്ട് ഇന്നും കാണാമറയത്തിരിക്കുന്നത്. ഹേമ കമീഷന്റെ തുടക്കത്തിന് കാരണമായ, നടി ആക്രമിക്കപ്പെട്ട കേസിൽ, ആരോപണവിധേയനായ നടനെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിലും അവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിലും ഇനിയും പുറത്തുവരാത്ത ഹേമ കമീഷൻ വീണ്ടും ശ്രദ്ധകേന്ദ്രമാകുകയാണ്.
2019 ഡിസംബർ 31-നാണ് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ കമീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ രണ്ടുവർഷം പൂർത്തിയായിട്ടും റിപ്പോർട്ട് സർക്കാർ ഫയലിൽ ഉറങ്ങുകയാണ്. സിനിമാ മേഖലയിലെ സ്ത്രീകൾ തൊഴിൽപരവും ലിംഗപരവുമായ വിവേചനം നേരിടുന്നതായി കമീഷൻ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ശുപാർശ അനുസരിച്ച് സിനിമ, ടെലിവിഷൻ, സീരിയൽ മേഖലയിലെ തർക്കപരിഹാരങ്ങൾക്ക് നിയമപരമായ അധികാരങ്ങളോടെ ട്രൈബ്യൂണൽ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ഇതിന്റെ നിയമവശം പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയതായും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ, ഇത്തരം ‘പരിശോധന’കളല്ലാതെ, തുടർനടപടിക്ക് ഫലപ്രദമായ ഒരു മുൻകൈയും സർക്കാറിൽനിന്നുണ്ടായിട്ടില്ല.
‘എവിടെയാണ് ജസ്റ്റിസ് ഹേമ കമീഷൻ’ എന്നുചോദിച്ച് നടി പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ ഒരു പ്രതിഷേധക്കുറിപ്പും പോസ്റ്റുചെയ്തിരുന്നു: ‘‘ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ തങ്ങൾ കടന്നു പോകുന്ന ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങളുടെ തൊഴലിടം സുരക്ഷിതമാക്കാൻ കഴിയുന്ന നിയമം കൊണ്ടുവരാൻ കഴിയുന്നതാണ് ഈ റിപ്പോർട്ട്. എന്നാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്ന ഓർമ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമീഷൻ'’- എന്നായിരുന്നു പാർവതിയുടെ കുറിപ്പ്.
റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഡസൻ കണക്കിന് അപേക്ഷകളാണ് വിവരാവകാശ നിയമപ്രകാരം സമർപ്പിക്കപ്പെട്ടത്. പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവരാണ് അപേക്ഷ നൽകിയത്. എന്നാൽ ഇരകളുടെ സ്വകാര്യത ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെടുകയാണുണ്ടായത്. രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ഡബ്ല്യു.സി.സി.യ്ക്കും റിപ്പോർട്ട് കൈമാറാൻ സർക്കാർ തയ്യാറായിട്ടില്ല. ഡബ്ല്യു.സി.സി.യിൽ അംഗങ്ങളായ 25 പേരാണ് കമ്മീഷനു മുന്നിൽ തെളിവെടുപ്പിന് ഹാജരായിരുന്നത്.
എന്തുകൊണ്ടാണ് സർക്കാർ ഇത്രയും പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിടുകയോ ചർച്ച ചെയ്യുകയോ ചെയ്യാത്തതെന്ന് സമൂഹം ഉറക്കെ ചിന്തിക്കണമെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറഞ്ഞു. ""മൊഴി നൽകിയിട്ടുള്ളവരുടെ രഹസ്യസ്വഭാവം കാരണം ഈ റിപ്പോർട്ട് മറ്റു റിപ്പോർട്ടുകളെപ്പോലെ പുറത്തുവിടാൻ പറ്റില്ലെന്നതാണ് റിപ്പോർട്ട് പുറത്തുവിടാത്തിന് കാരണമായി പറഞ്ഞുകേട്ടത്. കമ്മീഷനിലെ മൂന്നംഗങ്ങളുടെയും നിരീക്ഷണങ്ങൾ സംയോജിപ്പിച്ചിട്ടില്ല. അതുകൊണ്ട് ആരെയെങ്കിലും നിയോഗിച്ച് മൂന്ന് പേരുടെയും നിരീക്ഷണങ്ങൾ ചേർത്ത് ഒരു കൺക്ലൂഷൻ ഉണ്ടാക്കണം''- ഇതാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടിയിട്ടുള്ള മറുപടിയെന്നും അവർ പറഞ്ഞു. റിപ്പോർട്ട് ഏകോപിപ്പിക്കാൻ ചലച്ചിത്ര അക്കാദമി ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഈ കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് മാത്രമെ പൊതുസമൂഹത്തിന് ലഭ്യമാവുകയുള്ളൂവെന്നും ദീദി പറഞ്ഞു.
മൊഴി നൽകിയവരുടെ സ്വകാര്യത കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഫെബ്രുവരി 19-ന് ജസ്റ്റിസ് കെ. ഹേമ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ റിപ്പോർട്ട് രഹസ്യമാക്കി വെക്കുന്നതാണ് വിവരാവകാശ പ്രകാരം ലഭിക്കുന്ന രേഖകൾ വ്യക്തമാക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് ഉടൻ മേശപ്പുറത്ത് വെക്കുമെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജസ്റ്റിസ് ഹേമ കത്ത് നൽകിയത്. മൊഴി നൽകുന്നവരുടെ സ്വകാര്യത മാനിച്ചുകൊണ്ട്, പേരുകൾ വെളിപ്പെടുത്താതെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുക എന്നായിരുന്നു തെളിവെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്.
കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനു പിന്നാലെ റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്ന് പ്രതിപക്ഷ എം.എൽ.എ.മാർ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് ആറുമാസമായപ്പോൾ, വിഷയം മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഹേമ കമ്മീഷൻ 1952-ലെ കമ്മീഷൻസ് ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ വരുന്നതല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് നൽകിയ മറുപടി. കമ്മീഷന്റെ പ്രവർത്തനത്തിനായി 46.55 ലക്ഷം രൂപ ചെലവായതായി അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം. സ്വരാജ് എം.എൽ.എ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് നിയമസഭയിൽ ഉന്നയിച്ചിരുന്നു. റിപ്പോർട്ട് മേശപ്പുറത്തുവെച്ച് കഴിഞ്ഞാൽ പരിഹാരമുണ്ടാകുമെന്നാണ് അന്ന് മന്ത്രി എ.കെ. ബാലൻ നൽകിയ മറുപടി. കോവിഡ് പ്രതിസന്ധിയിൽ പിന്നീട് റിപ്പോർട്ട് സംബന്ധിച്ച നടപടികൾ മുന്നോട്ടുപോയില്ല എന്നാണ് പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായതെന്നും എങ്കിലും ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ സ്തംഭനാവസ്ഥ വളരെ വ്യക്തമാണെന്നും ദീദി ദാമോദരൻ പറഞ്ഞു.
കാസ്റ്റിങ് കൗച്ച്, വിലക്ക്, ...
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട പാശ്ചാത്തലത്തിലാണ്, സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം കാണണമെന്ന, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യുടെ ആവശ്യം പരിഗണിച്ച് 2017 ജൂലൈ ഒന്നിന് മുഖ്യമന്ത്രി ജസ്റ്റിസ് ഹേമ കമീഷനെ നിയോഗിച്ചത്.
സിനിമാ മേഖലയിൽ നിലനിൽക്കുന്ന ലിംഗവിവേചനം, പ്രതിഫലത്തിലുള്ള വിവേചനം, കാസ്റ്റിങ് കൗച്ച് തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ പഠിച്ച് അസമത്വങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. നടി ശാരദ, മുൻ ഐ.എ.എസ്. ഓഫീസർ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമ്മീഷനിലെ മറ്റംഗങ്ങൾ. കമ്മീഷൻ സിനിമാ മേഖലയിലെ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ത്രീകളെയും പുരുഷൻമാരെയും വിളിച്ചുവരുത്തുകയും മൊഴിയെടുക്കുകയും ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
തെളിവെടുപ്പിൽ മൊഴി നൽകാൻ ചില സ്ത്രീകളും പുരുഷൻമാരും മടി കാണിച്ചതായി കമ്മീഷൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തങ്ങൾ അനുഭവിക്കുന്ന വിവേചനവും പീഡനവും തുറന്നുപറയാൻ പലരും ഭയക്കുന്നതായാണ് കമ്മീഷന്റെ കണ്ടെത്തൽ. സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവേചനത്തിന്റെയും അടിച്ചമർത്തലിന്റെയും തീവ്രത എത്രയേറെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. ഭാവിയിൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയമാണ് പലരെയും തുറന്നുപറയുന്നതിൽ നിന്ന് തടയുന്നത്. പീഡനവും വിവേചനവും നടത്തുന്നവർ തങ്ങളുടെ ജോലിയും ജീവിതവും ഇല്ലാതാക്കാൻ മാത്രം കരുത്തരാണെന്നതാണ് സഹിച്ച് മിണ്ടാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ സിനിമാരംഗത്ത് ഇല്ലാതാക്കാൻ ശക്തമായ നിയമനിർമാണം വേണമെന്നാണ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ജസ്റ്റിസ് കെ. ഹേമ ആവശ്യപ്പെട്ടത്.
സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ഉണ്ടെന്നാണ് കമ്മീഷന് മൊഴി നൽകിയ ഒട്ടേറെ നടിമാർ വെളിപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നത്. സിനിമയിൽ അവസരം ലഭിക്കുന്നതിനായി ലൈംഗിക ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കേണ്ടി വന്നവർ ഉണ്ട്. ഇവരാരും പോലീസിൽ പരാതി നൽകില്ല. പരാതി നൽകുന്നത് തങ്ങളുടെ ഭാവി തന്നെ ഇല്ലാതാക്കുമെന്ന് അവർക്ക് പേടിയുണ്ട്. മലയാള സിനിമയിൽ ആര് നിലനിൽക്കണം എന്ന് തീരുമാനിക്കാൻ മാത്രം സ്വാധീനമുള്ള ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. തെളിവായി ഓഡിയോ, വിഡിയോ ക്ലിപ്പുകളും സ്‌ക്രീൻഷോട്ടുകളും കമ്മീഷൻ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല, പുരുഷൻമാരും അനൗദ്യോഗിക വിലക്കുകൾ നേരിടുന്നുണ്ടെന്നും കോംപ്രമൈസസ് ചെയ്യാൻ തയ്യാറാകാത്തവർ വിലക്കപ്പെടുകയാണെന്നും ജസ്റ്റിസ് ഹേമ പറയുന്നു. സിനിമാ മേഖലയിലെ അനീതികൾ ഇല്ലാതാക്കണമെങ്കിൽ ഒരു ട്രൈബ്യൂണൽ രൂപീകരിച്ച് നിയമം നടപ്പാക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും ജസ്റ്റിസ് ഹേമ വ്യക്തമാക്കുന്നു.
ലൈംഗിക അതിക്രമം കൂടാതെ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെ തുടർന്നുള്ള അതിക്രമങ്ങളും അശ്ലീല പദപ്രയോഗങ്ങളും സ്ത്രീകൾക്ക് സിനിമാ സെറ്റുകളിൽ നേരിടേണ്ടിവരുന്നുണ്ട്.
വേണം സ്ത്രീപക്ഷ നിലപാട്
കേവലം നിയമനിർമാണത്തിലൂടെ സിനിമാ വ്യവസായത്തെ ആകെ ശുദ്ധീകരിക്കാമെന്ന ധാരണ പ്രായോഗികമല്ല. മറ്റേതൊരു മേഖലയിലും ഉള്ളതുപോലെയുള്ള ലിംഗവിവേചനവും അവഗണനകളും ചൂഷണങ്ങളും തന്നെയാണ് സിനിമാരംഗത്തുമുള്ളത്. പൊതുസമൂഹം കൂടുതൽ ശ്രദ്ധിക്കുന്ന മേഖലയും അവിടെയുള്ളവർ സെലിബ്രിറ്റികളുമാകുന്നതിനാൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നുവെന്നു മാത്രം. സിനിമാരംഗത്തുള്ളവരുടെ പ്രശ്‌നങ്ങൾക്ക് മാധ്യമശ്രദ്ധയും കൂടുതൽ ലഭിക്കുന്നു. അസമത്വങ്ങളും വിവേചനങ്ങളും വാർത്തയാക്കി ജനശ്രദ്ധയിലെത്തിക്കുന്ന മാധ്യമങ്ങളും അകത്തളങ്ങളിലും അസമത്വവും വിവേചനവും നിലനിൽക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം.
സിനിമയിൽ മാത്രമല്ല, ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളിലൊക്കെയുള്ള സ്ത്രീവിരുദ്ധ നിലപാടുകൾക്ക് പരിഹാരം കാണാൻ മാധ്യമമേഖലയിൽ ഒരു മാർഗരേഖ അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മാധ്യമങ്ങൾക്ക് മൊത്തത്തിൽ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് ഉണ്ടാക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും ഇതിനായുള്ള നിർദേശം വനിതാ കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. സിനിമാ മേഖലയിൽ പ്രത്യേകമായിട്ടുള്ള പ്രശ്‌നങ്ങൾ ഹേമ കമ്മീഷൻ കണ്ടെത്തിയത് എന്താണെന്ന് അറിയില്ലെന്നും അതുകൊണ്ടുതന്നെ അതേക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
പരമ്പരാഗത വർക്ക് കൾച്ചറിന്റെ ഭാഗമായി സ്ത്രീകൾ നേരിടുന്ന അനവധി ബുദ്ധിമുട്ടുകളും സിനിമാമേഖലയിലുണ്ട്. അതെല്ലാം മറികടക്കണമെങ്കിൽ നിയമനിർമാണത്തിനൊപ്പം തന്നെ കൂടുതൽ സ്ത്രീകൾ സാങ്കേതികരംഗത്തടക്കം കടന്നുവരേണ്ടതുണ്ട്. അഭിനയത്തിനു പുറമെ സിനിമയിലെ ഒട്ടേറെ മേഖലകളിലേക്ക് എത്തുന്ന പെൺകുട്ടികളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ഇങ്ങനെ വരുന്നവർ നിർണായക സ്ഥാനങ്ങളിലേക്കെത്തുകയും തീരുമാനങ്ങളെടുക്കുന്നവരായി മാറുകയും ചെയ്യുമ്പോൾ സിനിമാസെറ്റുകളിലെ അസമത്വം ഇല്ലാതാവുക തന്നെ ചെയ്യും.
""പുരുഷാധിപത്യം വളരെ വലിയതോതിൽ നിലനിൽക്കുന്ന സിനിമയിൽ സ്ത്രീകൾക്ക് അനുകൂലമായ നീക്കമുണ്ടാവുക എന്നത് അത്ര എളുപ്പമല്ല എന്ന് എല്ലാവർക്കുമറിയാം. എന്നാൽ മലയാള സിനിമയിൽ ചരിത്രപരമായ ഒരു മാറ്റത്തിനാണ് റിപ്പോർട്ട് വഴിയൊരുക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, അല്ലെങ്കിൽ സർക്കാരിന് ക്ലെയിം ചെയ്യാവുന്ന ഒരു കാര്യമായിരിക്കും ഇത്. എന്നിട്ടുപോലും എന്തുകൊണ്ടാണ് ഈ സ്തംഭനാവസ്ഥ എന്നാണ് മനസ്സിലാകാത്തത്. ഇക്കാര്യം ഇടതുപാർട്ടി നേതാക്കളെ ഉൾപ്പെടെ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷെ വളരെ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്.''- ദീദി പറഞ്ഞു.
ഓരോ പ്രശ്നങ്ങളിലും ഇടപെടുന്നതിന് പകരം, ഒരു നിയമസംവിധാനം ഒരുക്കാനാണ് ഡബ്ല്യൂ.സി.സി. പോലെയുള്ള സംഘടന ശ്രമിക്കേണ്ടതെന്നാണ് താൻ കരുതുന്നതെന്നാണ് ദീദി പറയുന്നത്. സിനിമാരംഗം സ്ത്രീസൗഹൃദമാകണമെങ്കിൽ, സ്ത്രീകൾക്ക് പരാതിപ്പെടാൻ എല്ലാ പ്രൊഡക്ഷൻ ഹൗസുകളിലും പരാതിപരിഹാര സെൽ ഉണ്ടാകണമെന്നും അവർ പറഞ്ഞു. പലരും പുറത്ത് പറയാൻ കഴിയാത്ത തരം ബുദ്ധിമുട്ടുകൾ തുറന്നുപറയുകയും അതൊക്കെയും വെള്ളത്തിൽ വരച്ച വരകളായി പോവുകയും ചെയ്യുന്നുവെന്നാണ് പ്രയാസമുണ്ടാക്കുന്നത്. കമ്മീഷൻ അംഗങ്ങളെല്ലാം വളരെ നല്ല രീതിയിലാണ് അവരുടെ ജോലി ചെയ്തത്. പക്ഷെ അതിന്റെ ഫലം ഇല്ലാതെ കാണാതെ പോകുന്നതിൽ വലിയ വിഷമമുണ്ട്.''- ദീദി പറഞ്ഞു.
കമ്മീഷൻ രൂപീകരണവും റിപ്പോർട്ട് സമർപ്പിച്ചതുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഡബ്ല്യു.സി.സി.യും സിനിമയിലും പുറത്തുമുള്ള സ്ത്രീകൾ പൊതുവെയും കണ്ടത്. എന്നാൽ പിന്നീട് ആ റിപ്പോർട്ട് ആരും കണ്ടില്ല. സ്ത്രീമുന്നേറ്റത്തിനും ലിംഗസമത്വത്തിനും വലിയ പ്രാധാന്യം നൽകുന്ന ഒട്ടേറെ നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്ന ഇടതുപക്ഷ സർക്കാർ ഈ റിപ്പോർട്ടിന്റെ കാര്യത്തിൽ അതെല്ലാം മറന്നു. സ്ത്രീകളുടെ കാര്യത്തിൽ സർക്കാരിന്റെ പ്രഖ്യാപിതനയങ്ങളുടെ ലംഘനമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചർച്ചയ്‌ക്കെടുക്കാനെങ്കിലും തയ്യാറാവാത്ത നിലപാടെന്ന വിമർശനമാണ് സ്വാഭാവികമായും ഉയരുന്നത്.
""ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് ഡബ്ല്യൂ.സി.സി. നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഡബ്ല്യു.സി.സി. അംഗമെന്ന നിലയിൽ മാത്രമല്ല, ചലച്ചിത്ര അക്കാദമി ജനറൽ കമ്മിറ്റി അംഗമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും റിപ്പോർട്ട് പുറത്തുവരാൻ വേണ്ടി ശ്രമം നടത്തുന്നുണ്ട്. ഡബ്ല്യൂ.സി.സി.യുടെ മാത്രം ഒരു കാര്യമാണിതെന്ന രീതിയിലുള്ള ധാരണ സമൂഹത്തിലുണ്ട്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഉണ്ടാക്കിയ കമ്മിറ്റി എന്തു ചെയ്തു, അവരുടെ കണ്ടെത്തൽ എന്താണ് എന്നറിയേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.'' -ഡബ്ല്യു.സി.സി. സ്ഥാപകാംഗം കൂടിയായ ദീദി പറയുന്നു.
പുതിയ വെളിപ്പെടുത്തലുകൾ
ഹേമ കമ്മീഷന്റെയും ഡബ്ല്യൂ.സി.സി.യുടെയുമെല്ലാം തുടക്കത്തിന് കാരണമായ കേസ് ഇപ്പോൾ പുതിയ വഴിത്തിരിവിലാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അടുത്തിടെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളാണ് കേസിൽ വഴിത്തിരിവാകുന്നത്. കുറ്റാരോപിതനായ നടൻ ദിലീപ് കൈക്കൂലി നൽകുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും കാണിച്ച് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേസിൽ, രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിലുള്ള ആശയങ്കയും അവർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുണ്ടായിട്ടും സർക്കാരോ നീതിനിർവഹണ സംവിധാനങ്ങളോ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റാരോപിതനുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് എന്നതിനാൽ അതേക്കുറിച്ച് ശരിയായ അന്വേഷണം ആവശ്യമാണ്. നാലുവർഷത്തിനുശേഷം എന്തുകൊണ്ട് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തി എന്നതും അന്വേഷണ വിധേയമാക്കേണ്ടതാണ്. നേരത്തേ തന്നെ കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ തുറന്നുപറയാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന സംശയം സ്വാഭാവികമായും ഉയരും. അതുകൊണ്ടുതന്നെ വെളിപ്പെടുത്തലിന്റെ ഉദ്ദേശമെന്തെന്നും സത്യസന്ധമാണോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ടയാൾ ഇന്ന് ആഘോഷിക്കപ്പെടുകയാണ്, സിനിമയുടെ മറവിൽ. പുതിയ സിനിമയെ മുൻനിർത്തി, കുറ്റം തേച്ചുമായ്ച്ചുകളയാൻ തക്കവിധമുള്ള ആഖ്യാനങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്നു. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഉന്നതർ കുറ്റാരോപിതരാകുന്ന കേസുകളിലെല്ലാം ഇതൊക്കെ തന്നെയാണ് മുമ്പും നടന്നിട്ടുള്ളത്. ഇത്തരത്തിലുള്ള സാമൂഹികസ്ഥിതിക്കെതിരെ കൂടിയാണ് ആക്രമിക്കപ്പെടുന്നവരുടെ പോരാട്ടം.