ഈ വര്‍ഷത്തെ 'കീം' (Kerala Engineering Architecture Medical - KEAM) പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ ആവശ്യമായ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
പഴയ രീതിയിലേക്കുപോയാൽ
റാങ്ക് ലിസ്റ്റ് മാറിമറിയും
ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ, ഇത്തവണത്തെ എഞ്ചിനീയറിങ് പ്രവേശനം കടുത്ത പ്രതിസന്ധിയിലായി. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകില്ല എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. പഴയ രീതിയിലായിരിക്കും ഈ വർഷം പ്രവേശനം. ഇതിനുള്ള നടപടിയ്ക്ക് ഇന്നുതന്നെ തുടക്കമായി. പഴയ രീതിയിലുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു.
പഴയ രീതിയിലാണ് പ്രവേശനമെങ്കില്‍, ഇപ്പോള്‍ റാങ്ക് ലിസ്റ്റിലുള്ള 76,230 പേരുടെയും റാങ്കുകളില്‍ മാറ്റമുണ്ടാകും. ആദ്യ റാങ്കുകാരനടക്കം നിരവധി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പുറകോട്ടുപോകും.
പഴയ രീതിയിലേക്ക് പ്രവേശനം മാറുമ്പോൾ, ഇപ്പോള്‍ റാങ്ക് ലിസ്റ്റിലുള്ള 76,230 പേരുടെയും റാങ്കുകളില്‍ മാറ്റമുണ്ടാകും. ഇത്തവണത്തെ ആദ്യ റാങ്കുകാരനടക്കം നിരവധി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പുറകോട്ടുപോകും. നിരവധി പേർക്ക് പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും പ്രവേശനം ലഭിക്കാതാകും. കഴിഞ്ഞവര്‍ഷം 8000-മത്തെ റാങ്ക് നേടിയ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥി ഇത്തവണത്തെ റാങ്ക് ലിസ്റ്റില്‍ 13,000-ാം റാങ്കിലായിരുന്നു. പഴയ രീതിയിൽ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചാൽ, സി.ബി.എസ്.ഇ വിദ്യാർത്ഥികൾ മുന്നിലേക്കു വരും.

രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം അന്തിമ ഘട്ടത്തിലാണ്. പഴയ രീതിയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോയാല്‍, കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ അപ്പീലിന് പോകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ വീണ്ടും പ്രവേശനം വൈകും. ഇതെല്ലാം സാഹചര്യം അത്യന്തം സങ്കീര്‍ണമാക്കും. അതുകൊണ്ടുതന്നെ സര്‍ക്കാറിനുമുന്നില്‍ പ്രശ്‌നപരിഹാരത്തിന് എളുപ്പവഴികളില്ല.
സർക്കാറിന്റെ
വിഫലവാദങ്ങൾ
കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുമായി തുല്യത ഉറപ്പു വരുത്തുന്നതിനാണ് ഫോര്‍മുലയില്‍ മാറ്റം വരുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയിൽ വാദിച്ചെങ്കിലും പ്രോസ്‌പെക്ടസ് മാറ്റത്തിനും തിടുക്കത്തിലുള്ള നടപടികള്‍ക്കും കൃത്യമായ വിശദീകരണം നല്‍കാനായില്ല.
പഴയ ഫോര്‍മുല തിരിച്ചുകൊണ്ടുവന്നാൽ ആദ്യ പത്തില്‍ കേരള സിലബസുകാർ ആരും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. റാങ്ക് പട്ടികയിലെ ആദ്യ നൂറില്‍ 86 പേരും സി.ബി.എസ്.ഇ വിദ്യാർത്ഥികളാകും. ഓഗസ്റ്റ് 14നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സർക്കാർ വാദിച്ചു.
സ്റ്റാന്‍ഡഡൈസേഷന്‍ റിവ്യൂ കമ്മിറ്റിയുടെയും എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണറുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫോർമുലയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അപ്പീല്‍ രേഖകള്‍ക്കൊപ്പം ഈ റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. ഇത് പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്ന ന്യായമാണ് ഇതിന് സർക്കാർ അഭിഭാഷകൻ പറഞ്ഞത്. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് പിന്നീട് ഈ റിപ്പോര്‍ട്ട് ഹാജരാക്കിയത്. ഇത് പരിശോധിച്ച കോടതി, റിവ്യൂ റിപ്പോര്‍ട്ട് അനുസരിച്ചല്ല പുതിയ ഫോര്‍മുല തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി. കമ്മിറ്റി നിര്‍ദേശിച്ചതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് സര്‍ക്കാര്‍ എടുത്തതെന്നും ഒറ്റയടിക്ക് ഫോര്‍മുല മാറ്റുന്നതിനെ റിവ്യൂ കമ്മറ്റി അനുകൂലിച്ചിരുന്നില്ല എന്നും കോടതി പറഞ്ഞു.

റാങ്ക് നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍ അവസാന നിമിഷം വരുത്തിയ മാറ്റം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.കെ. സിങിന്റെ ബെഞ്ച് ഇന്നലെ പരീക്ഷാഫലം റദ്ദാക്കിയത്. ജൂലൈ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ്, പുതിയ ഫോര്‍മുല ഉള്‍പ്പെടുത്തി പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ചും ഇത് ശരിവച്ചു. പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിന് അവകാശമുണ്ട് എന്ന് ഇന്നലെ ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞിരുന്നു. എന്നാല്‍, 'കളി തുടങ്ങിയ ശേഷം ചട്ടത്തില്‍ മാറ്റം വരുത്താനാകില്ല' എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ജൂണ്‍ രണ്ടിന് സമിതി റിപ്പോര്‍ട്ട് നല്‍കുമ്പോഴേക്കും 'കീം' പ്രവേശനപരീക്ഷ പൂര്‍ത്തിയായി സ്‌കോറും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷമാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രവേശനപരീക്ഷാ കമീഷണറുടെ പരിശോധനയ്ക്കയച്ചത്.
നിലവിലെ പ്രോസ്‌പെക്ടസിലുള്ള വ്യവസ്ഥയനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന് അപേക്ഷിക്കുന്നതും പരീക്ഷ എഴുതുന്നതും. അതുകൊണ്ടുതന്നെ, പരീക്ഷ കഴിഞ്ഞ്, സ്‌കോര്‍ പ്രസിദ്ധീകരിച്ചശേഷം വരുത്തുന്ന മാറ്റം അംഗീകരിക്കാനാകില്ല എന്നായിരുന്നു, സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ വാദം.
നിയമക്കുരുക്കിനിടയാക്കിയത്
സർക്കാർ അനാസ്ഥ
സര്‍ക്കാറിന്റെ കടുത്ത അനാസ്ഥയാണ്, വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായ അനിശ്ചിതത്വത്തിന് കാരണം. പുതിയ ഫോര്‍മുല പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തി, അതില്‍ മാറ്റം വരുത്താനുള്ള സമയം നല്‍കിവേണം റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടവര്‍ നേരത്തെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍, തുടക്കം മുതല്‍ മെല്ലെപ്പോക്കിലായിരുന്നു ഉദ്യോഗസ്ഥ സംവിധാനം. അതുകൊണ്ടുതന്നെ, ഇത്തവണത്തെ പ്രവേശനപരീക്ഷാനടപടികള്‍ നിയമക്കുരുക്കിലേക്ക് പോകുമെന്ന് ഉറപ്പായിരുന്നു.

സമീകരണം കേരള സിലബസ് വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണ് എന്ന് വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ SCERT-യെ ഈ വിഷയം പഠിക്കുന്നതിന് നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അതില്‍ ഒരു നടപടിയുമുണ്ടായില്ല. 2024-ല്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് 27 മാര്‍ക്ക് കുറയ്ക്കുകയും സി.ബി.എസ്.സിക്ക് എട്ട് സ്‌കോര്‍ കൂട്ടിക്കൊടുക്കുകയും ചെയ്തതിനെതുടര്‍ന്ന് വീണ്ടും പ്രതിഷേധം ശക്തമായപ്പോള്‍ മാര്‍ക്ക് സമീകരണം പുനഃപരിശോധിക്കാന്‍ പഠനം വേണമെന്നാവശ്യപ്പെട്ട് എന്‍ട്രന്‍സ് പരീക്ഷാ കമീഷണര്‍ സര്‍ക്കാറിന് കത്തയച്ചു. എന്നാല്‍, 2025 ഫെബ്രുവരിയില്‍ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചശേഷമാണ് സമീകരണം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സമിതി രൂപീകരിച്ച് ഉത്തരവിറങ്ങാന്‍ പിന്നെയും താമസമുണ്ടായി. ഒരു മാസം കൊണ്ടാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഈ വിഷയത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാകുമായിരുന്നില്ല എന്നത് വ്യക്തമാണ്. കാരണം, സമീകരണം മൂലം കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ നഷ്ടങ്ങളും സി ബി എസ് ഇ അടക്കമുള്ള സ്ട്രീമുകള്‍ ഉണ്ടാക്കിയ മെച്ചവും പഠിച്ചശേഷമായിരിക്കണം റിപ്പോര്‍ട്ട് തയാറാക്കാന്‍.
അതീവ നിര്‍ണായകമായ ഫോര്‍മുല മാറ്റത്തിനുള്ള തീരുമാനം നടപ്പാക്കിയത് മണിക്കൂറുകൾ കൊണ്ടാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന ഈ അലംഭാവമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ജൂണ്‍ രണ്ടിന് സമിതി റിപ്പോര്‍ട്ട് നല്‍കുമ്പോഴേക്കും 'കീം' പ്രവേശനപരീക്ഷ പൂര്‍ത്തിയായി സ്‌കോറും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷമാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രവേശനപരീക്ഷാ കമീഷണറുടെ പരിശോധനയ്ക്കയച്ചത്. ജൂണ്‍ 30ന് മന്ത്രിസഭായോഗം, കമീഷണറുടെ ശുപാര്‍ശ പരിഗണിച്ച് പുതിയ ഫോര്‍മുല അംഗീകരിക്കുകയായിരുന്നു, ജൂലൈ ഒന്നിന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രിൽ അവസാനവാരം നടന്ന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത് ഈ മാസം ഒന്നിനാണ്. സർക്കാർ തീരുമാനമെടുക്കാൻ വൈകിയതാണ് ഫലപ്രഖ്യാപനം വൈകാനിടയാക്കിയത്. അതേസമയം, അതീവ നിര്‍ണായകമായ ഫോര്‍മുല മാറ്റത്തിനുള്ള തീരുമാനം നടപ്പാക്കിയത് മണിക്കൂറുകൾ കൊണ്ടും. വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന ഈ അലംഭാവമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ഇത്തവണ റിസൾട്ട് ഇങ്ങനെ
വിവിധ പരീക്ഷാ ബോർഡുകളുടെ വ്യത്യസ്തമായ പരമാവധി മാർക്കുകൾ നൂറിലേക്ക് മാറ്റുന്ന രീതിയാണ് ഇത്തവണ ‘കീം’ പരീക്ഷാഫലത്തിൽ സ്വീകരിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളുടെ മാർക്ക്, ഔട്ട് ഓഫ് 100 എന്ന സ്‌കെയിലിലേക്ക് കൊണ്ടുവന്നു. കേരള സിലബസ്, സി.ബി.എസ്.ഇ അടക്കം ഏത് സ്ട്രീമിൽ പരീക്ഷയെഴുതിയാലും സ്കോറുകളെല്ലാം ഒരേ സ്‌കെയിലിലാകും. ‘കീ’മിലും പ്ലസ് ടുവിനും ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് 300 + 300 = 600 ആയി ഏകീകരിച്ച്, 600 എന്ന ഇൻഡക്സ് മാർക്കിലാണ് സ്കോർ നിശ്ചയിച്ചത്. ഏകീകരണത്തിലൂടെ ഓരോ വിഷയത്തിനും ലഭിക്കുന്ന മാർക്ക് 5:3:2 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിച്ചത്. അതായത് മൂന്ന് വിഷയങ്ങൾക്കും ആകെയുള്ള 300 മാർക്കിൽ, മാത്തമാറ്റിക്സിന് 150 മാർക്കിന്റെയും ഫിസിക്സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്റ്റേജാണ് നൽകിയത്.
കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറച്ചിരുന്ന 'സമീകരണം' എന്ന ഫോർമുലയിൽ മാറ്റം വരുത്തി, പുതിയ ഫോർമുല കൊണ്ടുവന്നപ്പോൾ, ഈ വർഷം 'കീം' റാങ്ക് പട്ടികയിൽ കേരള സിലബസ് വിദ്യാർത്ഥികൾക്കായിരുന്നു ആധിപത്യം. ഒന്നാം റാങ്ക് അടക്കം, ആദ്യ പത്തു റാങ്കുകളിൽ അഞ്ചും നേടിയത് കേരള സിലബസ് വിദ്യാർത്ഥികൾ.
ആദ്യ 100 റാങ്കുകളിൽ 43 പേർ കേരള സിലബസുകാരാണ്. സി.ബി.എസി.ഇയിൽനിന്ന് 55 പേരുണ്ട്. രണ്ടുപേർ ഐ.എസ്.സി വിദ്യാർത്ഥികളാണ്.
ആദ്യ 5000 റാങ്കിൽ കേരള സിലബസുകാർക്കാണ് മുൻതൂക്കം. അവരുടെ എണ്ണം 2539 ആണെങ്കിൽ സി.ബി.എസ്.ഇക്കാരുടേത് 2220 ആയി കുറഞ്ഞു. കേരള സിലബസുകാരിൽനിന്ന് 47,175 പേരും സി.ബി.എസ്.സിയിൽനിന്ന് 18,284 പേരും റാങ്ക് ലിസ്റ്റിലുണ്ട്.
2011-മുതലാണ് സമീകരണം എന്ന പ്രക്രിയ തുടങ്ങിയത്. പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണവും ശരാശരി സ്‌കോറും മറ്റും പരിഗണിച്ച് എൻട്രൻസ് പരീക്ഷാ കമീഷണറേറ്റ്, 12-ാം ക്ലാസിലെ മാർക്ക് സമീകരിക്കുന്ന രീതിയായിരുന്നു ഇത്. സി ബി എസ് ഇ അടക്കമുള്ള മറ്റ് സിലബസുകളിലെ വിദ്യാർത്ഥികൾക്ക് മെച്ചം ലഭിക്കുന്ന രീതിയിലായിരുന്നു ഇത് നടപ്പാക്കിയിരുന്നത്.
