ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് എന്തെന്ന് ഹൈക്കോടതി; പൂർണരൂപം ഹാജരാക്കണം

ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാനാണ് നിർദേശം. കേസെടുക്കുന്ന കാര്യത്തിൽ സർക്കാരിൻെറ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു…

News Desk

  • ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോതി. പരാതികളിൽ കേസെടുക്കണമെന്ന ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനോട് ചോദ്യമുന്നയിച്ചത്.

  • കമ്മറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ വിഷയങ്ങളാണ്. മൊഴി തന്നവരുടെ പേരുകൾ സർക്കാരിന്റെ പക്കലുണ്ടോയെന്ന് അന്വേഷിച്ച കോടതി പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ റിപ്പോർട്ടിലുണ്ടോ എന്നും ചോദിച്ചു.

  • മൊഴി തന്നവരുടെ പേരുവിവരങ്ങൾ കൈവശമുണ്ടോയെന്ന ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മറുപടി. മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു.

  • ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്.

  • ഹേമ കമ്മറ്റിറിപ്പോർട്ടിന്റെ പൂർണരൂപം (റിപ്പോർട്ടിൽ പരാമർശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്) മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. നടപടിയെടുത്തില്ലെങ്കിൽ കമ്മറ്റി രൂപീകരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിച്ചു.

  • മൊഴി നൽകിയവർക്ക് സ്വമേധയാ മുന്നോട്ട് വരാൻ കഴിയാത്ത സാഹചര്യമാണ്. കമ്മറ്റിയോട് പേര് പറയാൻ ആവശ്യപ്പെടാൻ കഴിയില്ലെന്ന സർക്കാരിന്റെ ധർമ്മസങ്കടവും മനസ്സിലാവുമെന്നും കോടതി വ്യക്തമാക്കി.

  • ഹേമ കമ്മിറ്റി ജുഡീഷ്യൽ കമ്മീഷനല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. മൊഴിനൽകിയവരുടെ പേരുകളെല്ലാം രഹസ്യമാണ്. സർക്കാരിന്റെ പക്കലും പേരുകളില്ല. പരാതിയുമായി ആരെങ്കിലും മുന്നോട്ട് വന്നാൽ നിയമനടപടി സ്വീകരിക്കും.

  • ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത് ഹർജി ഫയലിൽ സ്വീകരിച്ച കോടതി വനിതാ കമ്മീഷനെയും കക്ഷി ചേർത്തു.

Comments