മഹാമാഘം എന്ന പേരിൽ തിരുന്നാവായയിൽ അരങ്ങേറിയ ഹിന്ദുത്വ രാഷ്ട്രീയ പരിപാടിക്ക് അവിടെ നിലനിന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രവുമായി യാതൊരു യാഥാർത്ഥ്യബന്ധവുമില്ലെന്നത് ചരിത്രപരമായ തെളിവുകൾ വ്യക്തമായി സൂചിപ്പിക്കുന്നതാണ്. മാമാങ്കത്തെ ഒരു മേമ്പൊടിയായി ഉപയോഗിച്ച്, ആവശ്യാനുസരണം ഐതീഹ്യങ്ങളും കെട്ടുകഥകളും ചേർത്ത് രൂപകൽപ്പന ചെയ്ത ഒരു ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയാണ് ഫെബ്രുവരി 3-ന് അവസാനിച്ച മഹാമാഘം. അതിനാൽ തന്നെ ഈ ഇടപെടലിന്റെ ചരിത്രസത്യാവസ്ഥ പരിശോധിക്കുക എന്നതല്ല ഈ ലേഖനത്തിൻറെ ലക്ഷ്യം; മറിച്ച്, മഹാമാഘം പോലുള്ള വൈദിക–ബ്രാഹ്മണിക പദ്ധതികൾ വഴി ‘ആത്മീയത’ എന്ന അവകാശവാദത്തിൽ താൽക്കാലികമെങ്കിലും കേരളത്തിൽ നിർമിക്കപ്പെടുന്ന ഒരു പുതിയ സ്ഥലക്രമം (Spatial order) നമ്മുടെ സാമൂഹിക ഘടനയെ ഏതെല്ലാം വിധത്തിൽ പരിക്കേൽപ്പിക്കാൻ പ്രാപ്തമാണ് എന്ന ആലോചനയാണ് മുന്നോട്ടുവെക്കുന്നത്.
മതേതരവും പുരോഗമനപരവുമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായ കേരളം പോലൊരു സമൂഹത്തിൽ, ഇത്തരമൊരു ഹൈന്ദവ ബ്രാഹ്മണ്യ പദ്ധതിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഹിന്ദുത്വ ശക്തികൾക്ക് സൂക്ഷ്മമായി സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞുവെന്നതിലാണ് ആശങ്കയുടെ തുടക്കം. മതസ്വാതന്ത്ര്യത്തിന്റെ, മലപ്പുറത്തിന്റെ മതേതര സ്വഭാവത്തിന്റെ, അപകടരഹിതമായ ആത്മീയ ഒത്തുചേരലിന്റെ, പൈതൃക വീണ്ടെടുക്കലിന്റെ ഭാഷയിൽ ഈ പരിപാടിയെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി നടക്കുമ്പോൾ, മറുവശത്ത് സംഘാടകരുടെയും ഹിന്ദുത്വ പ്രവർത്തകരുടെയും ഭാഷയിൽ കടുത്ത രാഷ്ട്രീയ സൂചനകളും വെല്ലുവിളികളുടെ സ്വരങ്ങളും വ്യക്തമാണ്. സർക്കാരിനോടുള്ള തുറന്ന വെല്ലുവിളികളും, ‘നായാടി മുതൽ നമ്പൂതിരി വരെയുള്ള എല്ലാ ഹിന്ദുക്കളും ഒന്നിക്കുക’ എന്ന ഇലക്ടറൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആഹ്വാനങ്ങളും ഇതിന്റെ ഭാഗമാണ്.
‘മലപ്പുറത്തിന്റെ സെക്കുലർ ഭൂമിയിൽ’ എന്ന പ്രയോഗത്തിലൂടെ തന്നെ ഈ പരിപാടി ആസൂത്രണം ചെയ്യപ്പെട്ടതിൽ, കേരളത്തിൽ രാഷ്ട്രീയ ഹിന്ദുത്വം നിർമ്മിച്ചെടുക്കാനുള്ള ശ്രമം വ്യക്തമായി വായിക്കാവുന്നതാണ്. എന്നാൽ, ഇതിനെതിരെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും നാടിന്റെ സമാധാനം തകർക്കുമെന്ന ഭീതിയും, വർഗീയ ചേരിതിരിവുകൾക്ക് ആയുധമാകുമെന്ന തിരിച്ചറിവും, ഈ അജണ്ട മനസ്സിലാകുന്നവരെയും മൗനത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ന് മതമൈത്രിയുടെ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്ന ഈ പദ്ധതി, ഭാവിയിൽ ഇതേ മാനങ്ങളോട് കൂടി തുടരാൻ സാധ്യതയില്ലെന്നത് തിരിച്ചറിയേണ്ടതാണ്. അതിനാൽ തന്നെ കേരളത്തിലെ പൊതുസമൂഹത്തിനിടയിൽ ഹിന്ദുത്വവൽക്കരണത്തിന്റെ അടയാളങ്ങളും ആഘോഷങ്ങളും ശക്തമായി കടത്തിവിടുന്ന ഒരു രാഷ്ട്രീയ ഇടപെടലായി മഹാമാഘത്തെ വായിക്കേണ്ടതുണ്ട്. ഐതീഹ്യങ്ങളുടെയും കെട്ടുകഥകളുടെയും സഹായത്തോടെ കേരളത്തെ ഒരു ഹൈന്ദവ–ബ്രാഹ്മണ്യ പൈതൃകഭൂമിയായി ചിത്രീകരിക്കുന്ന ചരിത്രവിരുദ്ധ ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. കേരളചരിത്രത്തെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത, എന്നാൽ മാമാങ്കം പോലുള്ള വിഷയങ്ങളിൽ സാമാന്യ അറിവുള്ള വലിയൊരു ജനവിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കാൻ ഈ കഥനങ്ങൾക്ക് സാധിക്കുന്നുവെന്നത് ഗൗരവകരമാണ്. അതിനാൽ, ചരിത്രബോധമുള്ള അക്കാദമിക സമൂഹം ഇതിനെ വ്യക്തമായ ഹിന്ദുത്വ അജണ്ടയായി തുറന്നുകാട്ടി മുന്നോട്ട് വരേണ്ടതുണ്ട്; അപ്പോൾ മാത്രമേ പൊതുസമൂഹത്തിന് ഇതിനെ പ്രത്യക്ഷമായി എതിർക്കാനുള്ള ആർജവം കൈവരൂ.
മഹാമാഘത്തിന്റെ ഭൂമിശാസ്ത്രമാനങ്ങൾ
ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയുള്ള പതിനഞ്ച് ദിവസങ്ങളിൽ ‘മഹാമാഘ മഹോത്സവം’ എന്ന പേരിൽ നമ്മൾ കണ്ടത്, നാളിതുവരെ പരിചിതമായിരുന്ന ഭാരതപ്പുഴയുടെയോ തിരുനാവായയുടെയോ ലാൻഡ്സ്കേപ്പ് അല്ല. ആത്മീയ പരിപാടിയുടെ പരിധി കടന്ന്, ഉത്തരേന്ത്യൻ ഹിന്ദുത്വത്തിന്റെ ദൃശ്യചിഹ്നങ്ങളായ കാവിക്കൊടികൾ, കാവിവസ്ത്രധാരികളായ സന്യാസിമാർ, ആരതികൾ, അപരിചിതമായ ഹരഹര മഹാദേവ നാമജപങ്ങൾ എന്നിവയിലൂടെ തിരുനാവായയിൽ ഒരു പുതിയ ഹിന്ദുത്വ ലാൻഡ്‌സ്‌കേപ്പ്, ഒരു പുതിയ ചിത്രം, ചരിത്രം, ഓർമ്മ, നിർമിക്കപ്പെട്ടു. സംഗീതത്തിന്റെ അകമ്പടിയോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുമ്പോൾ, വർഷങ്ങളോളം ആവർത്തിക്കപ്പെടുമ്പോൾ, ഈ നിർമിത ചിത്രം, ചരിത്രം, ഓർമ്മ, ഭൂമിശാസ്ത്രം എന്നിവ നാളെ രൂപപ്പെടുന്ന സാമൂഹികക്രമത്തിലേക്ക് സ്വാഭാവികമായി ലയിക്കുമെന്ന വസ്തുതയാണ് ഏറ്റവും വലിയ ആശങ്കയായി മുന്നിൽ നിൽക്കുന്നത്.
നമ്മൾ മലയാളികൾ കാലങ്ങളായി പരിചയിച്ചുപോരുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയുടെ ലാൻഡ്‌സ്‌കേപ്പ് മതപരമായ അതിരുകൾ കൊണ്ട് നിയന്ത്രിക്കപ്പെട്ട ഒന്നായിരുന്നില്ല. കൃഷി, സാഹിത്യം, ഇസ്ലാമികവും ഹൈന്ദവവുമായ ജനകീയ ആചാരങ്ങൾ, ദൈനംദിന ജീവിതക്രമങ്ങൾ ഇവയൊക്കെ പരസ്പരം ഇഴചേർന്നു നിർമ്മിക്കപ്പെട്ട സാമൂഹികമായി പങ്കുവെക്കപ്പെട്ട ഒരു ഇടമായിരുന്നു ചരിത്രപരമായി തിരുനാവായ. എന്നാൽ, മഹാമാഘം നടന്ന പതിനഞ്ചു ദിവസങ്ങളിൽ അവിടെ നാം കണ്ടതും പകർത്തിയതും ഓർത്തുവെച്ചതും ആ പരിചിത ലാൻഡ്‌സ്‌കേപ്പിന്റെ തുടർച്ചയായിരുന്നില്ല. മറിച്ച്, അവിടെ യഥാർത്ഥത്തിൽ നിലനിൽക്കുന്ന തിരുനാവായ എന്ന ജീവതാനുഭവത്തിന്റെ റദ്ദാക്കലും, പുതിയൊരു ഹിന്ദുത്വവത്കരിക്കപ്പെട്ട ഭൂമിശാസ്ത്രത്തിന്റെ ഉൽപാദന പ്രവർത്തനങ്ങളുമാണ് അവിടെ നടന്നത്.

ഈ ഇടപെടലിനെ ഒരു ആത്മീയ സംഗമമെന്നോ പൈതൃകത്തിന്റെ വീണ്ടെടുക്കലെന്നോ നിർവചിക്കുക അസാധ്യമാണ്. യഥാർത്ഥത്തിൽ സംഭവിച്ചത് ഒരു പുതിയ ഇടപരമായ/സ്ഥലപരമായ ക്രമീകരണത്തിന്റെ (spatial order) നിർമാണമാണ്. ഉത്തരേന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയ ഭൂപ്രകൃതിയിൽ സാധാരണമായ കാവിക്കൊടി, കാവിവസ്ത്രധാരികളായ സന്യാസികൾ, ആരതി, ‘ഹര ഹര മഹാദേവ’ പോലുള്ള നാമജപങ്ങൾ ഇവയൊന്നും തിരുനാവായയുടെയോ കേരളത്തിന്റെയോ സാമൂഹിക ഓർമ്മയിൽ നിന്നു ഉദ്ഭവിച്ചതല്ല. അവ രാഷ്ട്രീയമായി തന്നെ, ഉത്തരേന്ത്യൻ സാംസ്കാരിക–രാഷ്ട്രീയ ഭൂപ്രകൃതിയിൽ നിന്ന് ഇറക്കുമതി ചെയ്ത അടയാളങ്ങളാണ്.
സ്ഥലം–സമൂഹം: വൈരുദ്ധ്യാത്മക ബന്ധം
മനുഷ്യസമൂഹവും അവർ ജീവിക്കുന്ന സ്ഥലവും തമ്മിൽ വൈരുദ്ധ്യാത്മക ബന്ധമാണ് നിലനിൽക്കുന്നത് എന്നുപറയാം. സമൂഹം നിർമ്മിക്കുന്ന സ്ഥലങ്ങൾ പിന്നീട് തിരിച്ച് സമൂഹത്തെ തന്നെ നിർമ്മിക്കാൻ തുടങ്ങുന്നു എന്നതാണ് ഈ ബന്ധത്തിന്റെ ഏറ്റവും ലളിതമായ സാരം. നമ്മൾ വളർന്നുവന്ന കേരളം മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകൾ ഇല്ലാത്ത പൊതുവായ ഇടങ്ങളുടെ കേരളമായിരുന്നു: സ്കൂളുകൾ, കോളേജുകൾ, ഗ്രാമങ്ങൾ, കളിസ്ഥലങ്ങൾ, ചായപ്പീടികകൾ, പുഴത്തീരങ്ങൾ, ഉത്സവപ്പറമ്പുകൾ, നേർച്ചമൈതാനങ്ങൾ, പള്ളിപ്പെരുന്നാളുകൾ എന്നിവയെല്ലാം അവയിൽപെടും. നവോത്ഥാന മൂല്യങ്ങളുടെയും മതേതര രാഷ്ട്രീയ ഇടപെടലുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും ഫലമായി സാമൂഹികമായി നിർമ്മിക്കപ്പെട്ട ഇത്തരം പൊതുഇടങ്ങളാണ് നമ്മെ വളർത്തിയെടുത്തത്.
ഈ ഇടങ്ങളിൽ പങ്കുവെച്ചു ജീവിക്കുകയും പഠിക്കുകയും ചെയ്തതിലൂടെയാണ് “ഇത് എല്ലാവരുടെയും നാടാണ്” എന്ന ബോധം സ്വാഭാവികമായി രൂപപ്പെട്ടത്. അങ്ങനെ മതേതരത്വവും സഹവർത്തിത്വവും സാധാരണബോധമായി മാറിയ ഒരു സമൂഹമാണ് ഇവിടെ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ, നമ്മൾ സാമൂഹികമായി നിർമ്മിക്കുന്ന സ്ഥലങ്ങൾക്ക് നമ്മുടെ സമൂഹത്തിന്റെ സ്വഭാവത്തെ മാറ്റാനുള്ള ശേഷിയുണ്ടെന്ന തിരിച്ചറിവ്, തിരുനാവായയിൽ ഹിന്ദുത്വ ശക്തികൾ പതിനഞ്ചു ദിവസത്തേക്ക് നിർമ്മിച്ച ഇടം ഭാവിയിൽ അവർക്കനുകൂലമായ സാമൂഹിക മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമാണെന്ന ആശങ്കയിലേക്ക് നമ്മെ നയിക്കുന്നു.
മഹാമാഘം എന്ന പേരിൽ നിർമ്മിക്കപ്പെട്ട ഇടം
“മഹാമാഘ മഹോത്സവം” എന്ന പേരിൽ തിരുനാവായയിൽ നടന്നത് ഒരു ഉത്സവം മാത്രമായിരുന്നില്ല; ആ സ്ഥലത്തിന് പുതുതായി അർത്ഥങ്ങൾ നൽകുന്ന ഒരു രാഷ്ട്രീയ ഇടപെടലായിരുന്നു അത്. ഇതിനായി നാല് പരസ്പരം ശക്തിപ്പെടുത്തുന്ന ക്രമങ്ങൾ (regimes) അവിടെ ഏകോപിതമായി പ്രവർത്തിച്ചു:
ഒന്ന്—ദൃശ്യക്രമം (ആരതി, സ്‌നാനം, കാവിക്കൊടികൾ), രണ്ട്—ശബ്ദക്രമം (മന്ത്രോച്ചാരണങ്ങൾ, ഗണഗീതം, നാമജപങ്ങൾ), മൂന്ന്—ശരീരക്രമം (കാവിവസ്ത്രധാരികളായ സന്യാസി ശരീരങ്ങൾ), നാല്—ചലനക്രമം (ഘോഷയാത്രകൾ, ആചാരപാതകൾ).
ദൃശ്യക്രമം എന്നത് ഒരു സ്ഥലത്ത് എന്താണ് ‘സ്വാഭാവികം’ എന്ന് തോന്നിക്കപ്പെടുന്നത് നിയന്ത്രിക്കുന്ന അധികാരമാണ്. കാവിക്കൊടികളും ഒരേ രൂപവും നിറവും ആവർത്തിക്കുന്ന ആചാരവേദികളും തിരുനാവായയുടെ ലാൻഡ്‌സ്‌കേപ്പിനെ പ്രത്യക്ഷത്തിൽ തന്നെ പുനർരചിച്ചു. “ഇവിടം സ്വാഭാവികമായി ഹിന്ദുവാണ്”എന്ന തോന്നൽ അങ്ങനെ നിർമ്മിക്കപ്പെട്ടു, അവിടെ യഥാർത്ഥത്തിൽ നിലനിന്നിരുന്ന ജൈവിക സാമൂഹിക സാന്നിധ്യങ്ങളെ തുറന്നെതിർക്കാതെ തന്നെ അദൃശ്യമാക്കിക്കൊണ്ട്.

ശബ്ദങ്ങളിലൂടെയും സ്ഥലം നമ്മളിൽ പതിയുന്നു. മഹാമാഘത്തിൽ നാമജപങ്ങളും ആരതിയും, ഗണഗീതവും ആവർത്തിച്ച മുദ്രാവാക്യങ്ങളും തിരുനാവായയ്ക്ക് പുതിയൊരു ശബ്ദാധിപത്യം നൽകി. അതുവരെ സ്വാഭാവികമായിരുന്ന ആ പ്രദേശത്തിൻറെ തനതു ശബ്ദങ്ങൾ ‘അസ്വാഭാവികം’ ആയി തോന്നുന്ന നിലയിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ, അവിടത്തെ സാധാരണ ശബ്ദഭൂപടം ഒരു ഹിന്ദുത്വ സൗണ്ട്‌സ്‌കേപ്പായി രൂപാന്തരപ്പെട്ടു.
ശരീരങ്ങളും അധികാരത്തിന്റെ വാഹകരായി മാറി. കാവിവസ്ത്രധാരികളായ സന്ന്യാസി ശരീരങ്ങളും കാവി ജാക്കറ്റുകളണിഞ്ഞ പ്രവർത്തകരും അവിടെ “സ്വാഭാവിക അധികാരമുള്ള ശരീരങ്ങൾ” ആയി പ്രത്യക്ഷപ്പെട്ടു. ഒരേ രൂപത്തിലുള്ള ശരീരങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ, “ഇവരാണ് ഇവിടെ അവകാശമുള്ളവർ” എന്ന അദൃശ്യ സന്ദേശം സ്ഥലത്തോട് ചേർന്ന് സ്ഥാപിതമാവുന്നു.
ചലനക്രമം: ആരാണ് ഏത് വഴിയിലൂടെ നടക്കുന്നത്, എവിടെ നിൽക്കാം, എവിടെ പ്രവേശിക്കാം എന്നതെല്ലാം അധികാരക്രമം വ്യക്തമാക്കുന്നു. ഘോഷയാത്രകളും നിർദിഷ്ട ആചാരപാതകളും തിരുനാവായയിലെ മണൽപ്പുറത്തെ ഒരു ഹിന്ദുത്വ ആചാരമാപ്പായി പുനർക്രമീകരിച്ചു. ഇത് ആ സ്ഥലത്തെ രാഷ്ട്രീയമായി കോഡുചെയ്തു; കേന്ദ്രവും അതിരുകളും നിർവചിച്ചു.
ദൃശ്യാധിപത്യം, സാധാരണബോധം, സോഷ്യൽ മീഡിയ
ഒരു സ്ഥലത്തെ നിയന്ത്രിക്കാൻ തുറന്ന അക്രമണം ആവശ്യമില്ല; ആവശ്യമായ ദൃശ്യ–ശബ്ദ–ശരീര–ചലന ക്രമീകരണങ്ങൾ മതി. അങ്ങനെ നിർമ്മിക്കപ്പെടുന്ന “സ്വാഭാവികത” എതിർപ്പുകളെ അസ്വാഭാവികമാക്കുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവർ “വിശ്വാസവിരോധികൾ” ആയി ചിത്രീകരിക്കപ്പെടുന്നു. ഇങ്ങനെയാണ് സാമൂഹിക ബോധം മന്ദഗതിയിൽ പുനർക്രമീകരിക്കപ്പെടുന്നത്.
സോഷ്യൽ മീഡിയ ഈ പ്രക്രിയയെ ശക്തിപ്പെടുത്തി. തിരുനാവായയിൽ നിർമ്മിക്കപ്പെട്ട രാഷ്ട്രീയ സ്ഥലം, സ്ഥലപരമായും സമയപരമായും അതിരുകൾ കടന്ന്, ഒരു ആശയമായും ഭാവിയിലെ ‘നോർമൽ’ ആയും പുനരുത്പാദിപ്പിക്കപ്പെടുന്നു. ഇന്ന് പലരും ഇതിനെ ലഘുവായി “ഒരു ഉത്സവം” എന്ന നിലയിൽ കാണുന്നുവെങ്കിൽ, നാളെ ഇതേ ദൃശ്യക്രമം സ്ഥിരഘടനകൾ ആവശ്യപ്പെടും. ചരിത്രവിരുദ്ധമായ “ഇത് എപ്പോഴും ഇങ്ങനെ തന്നെയായിരുന്നു” എന്ന വാദം ഉയരും. ചോദ്യം ചെയ്യുന്നവർ സംസ്കാരവിരുദ്ധരായി, ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടും. അങ്ങനെ, പതിനഞ്ചു ദിവസത്തെ ഒരു താൽക്കാലിക ചടങ്ങ് സ്ഥിരമായ സ്ഥലപരമായ ക്രമമായി മാറാനുള്ള സാധ്യത നിലനിൽക്കുന്നു. അത് പിന്നീട് സമൂഹത്തെ നിയന്ത്രിക്കുന്ന ഹിന്ദുത്വത്തിന്റെ പ്രധാന ഉപകരണങ്ങളിലൊന്നായി മാറുകയും ചെയ്യും. ചരിത്രത്തെ കെട്ടുകഥകളാൽ പൊതിഞ്ഞ് മിത്തുകൾ ചിത്രമെന്ന രീതിയിൽ അവതരിപ്പിക്കുക എന്നത് ഹിന്ദുത്വത്തിന്റെ എല്ലാ കാലത്തെയും ആയുധമാണ്. എന്നാൽ ഇന്ന് നിർണായകമായ ചോദ്യം ഇതാണ്: കേരളത്തിൽ അത്തരം ഒരു ഹിന്ദുത്വ അനുകൂല സ്ഥലനിർമ്മിതിക്ക് ആവശ്യമായ അന്തരീക്ഷം എങ്ങനെ ഒരുക്കപ്പെട്ടു?
ഇന്ന് നിർമ്മിക്കപ്പെടുന്ന രാഷ്ട്രീയ സ്ഥലങ്ങളാണ് നാളത്തെ രാഷ്ട്രീയ സമൂഹങ്ങൾ. അതുകൊണ്ട്, മൗനവും അവഗണനയും മൃദു പ്രതിഷേധങ്ങളും ഉപേക്ഷിച്ച്, സ്ഥലം–സമൂഹം എന്ന വൈരുദ്ധ്യാത്മക ബന്ധത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, ഇത്തരം ഇടങ്ങളുടെ ഹിന്ദുത്വവത്കരണത്തെ തുറന്നുകാട്ടുകയും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നത്, കേരളത്തിന്റെ മതേതര–ഇടത് രാഷ്ട്രീയ സ്വഭാവം നിലനിർത്താൻ അനിവാര്യമായിത്തീരുന്നു.

