Kerala Police Act amendment പിണറായി തള്ളിപ്പറയുന്നത് സ്വന്തം പാർട്ടിയുടെ സമരത്തെയാണ്, മുൻകാലപ്രാബല്യത്തോടെ

സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ പൊലീസ് ആക്റ്റിൽ കൊണ്ടുവന്ന ഭേദഗതിയുടെ പ്രത്യാഘാതങ്ങൾ പരിശോധിക്കപ്പെടുന്നു. നിലവിലെ നിയമമനുസരിച്ച്, പിണറായി വിജയനെ ആരെങ്കിലും അപമാനിച്ചാൽ പിണറായി വിജയൻ തന്നെ പരാതിപ്പെടണം. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം പൊലീസിന് സ്വമേധയാ കേസെടുക്കാം. എന്നു തന്നെയല്ല, ഇന്നയാൾ പിണറായി വിജയനെ അപമാനിച്ചു എന്നു പറഞ്ഞ് പിണറായി വിജയനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരാൾക്കും പരാതിപ്പെടാം. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് പ്രതിപക്ഷ പ്രതിഷേധത്തെയല്ല, മുൻകാല പ്രാബല്യത്തോടെ സ്വന്തം പാർട്ടിയുടെ സമരത്തെയാണ്. പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ട സാഹചര്യത്തിൽ, ഭേദഗതിയുടെ ജനവിരുദ്ധത വിലയിരുത്തപ്പെടുന്നു

2014 ജൂണിലാണ് സംഭവം. മലയാള മനോരമ പത്രത്തിലെ ലേഖകന് ഒരവാർഡ് ലഭിച്ച വാർത്ത ഒരാൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നു. ‘പിതൃശൂന്യ പത്രപ്രവർത്തനത്തിന്റെ പോസ്റ്റ് മോഡേൺ മാതൃകയ്ക്കാണോ അവാർഡ്’ എന്ന ചോദ്യം കൊടുങ്ങല്ലൂർ സ്വദേശിയായ അനൂപ് കുമാരൻ എന്ന യുവ അഭിഭാഷകൻ ആ പോസ്റ്റിനുചുവടെ കമന്റായി രേഖപ്പെടുത്തുന്നു.
മൂന്നാഴ്ചയ്ക്കുശേഷം ഒരു പൊലീസ് സ്റ്റേഷനുമുന്നിലെ മരം വെട്ടുന്നതിനെതിരെ ഇതേ അഭിഭാഷകൻ നൽകിയ കേസിൽ സിവിൽ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് ലഭിക്കുന്നു. ദിവസങ്ങൾക്കകം മനോരമ ലേഖകന്റെ പരാതി എത്തുകയായി. ആ പരാതിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് ആക്റ്റ്, 2011ലെ 118(D) ചുമത്തി അനൂപിനെ അറസ്റ്റ് ചെയ്തു. അനൂപ് ജാമ്യത്തിൽ പുറത്തിറങ്ങി.

ഒരാഴ്ചത്തെ ഇടവേളയിൽ അനൂപിനെതിരെ അടുത്ത കേസുമെത്തി. ആറുമാസം മുമ്പ് ക്രാഫ്റ്റ് ആശുപത്രിക്കാർ ഫയൽ ചെയ്ത പരാതിയിലായിരുന്നു, ഇത്തവണത്തെ അറസ്റ്റ്. വകുപ്പ് ഐ.ടി ആക്റ്റിലെ 66A.
ജനുവരി 2014ലാണ് ക്രാഫ്റ്റ് ആശുപത്രിയിലെ നഴ്‌സുമാർ ശമ്പളവർധനവാവശ്യപ്പെട്ട് സമരം ചെയ്യുന്നത്. സ്വകാര്യ ആശുപത്രികളുടെ തൊഴിൽ ചൂഷണത്തിനെതിരെ നാടെങ്ങും നഴ്‌സിങ് സമരങ്ങൾ നടക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ഈ സമരം സംബന്ധിച്ച് ഫേസ്ബുക്കിൽ വന്ന ഒരു കമന്റ് ലൈക്ക് ചെയ്ത എല്ലാവരുടെയും പേരിൽ ആശുപത്രി അധികൃതർ പരാതി കൊടുത്തിരുന്നു. ആ പരാതിയാണ് പൊടിതട്ടിയെടുത്തിരിക്കുന്നത്. ഇത്തവണയും അനൂപ് കുമാരൻ ജാമ്യത്തിൽ പുറത്തിറങ്ങി.

ഈ കേസുകൾ ക്വാഷ് ചെയ്യാൻ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചില്ല. പകരം കെ.പി ആക്റ്റ് 118(D)യ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഐ.ടി വകുപ്പിലെ 66Aക്കെതിരെ ശ്രേയ സിംഘാൾ എന്ന അഭിഭാഷക ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിക്കൊപ്പം ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് ആർ.എഫ് നരിമാനും അടങ്ങുന്ന രണ്ടംഗ ബഞ്ചാണ് കേസ് കേട്ടത്. ശ്രേയ സ്വന്തം കേസുമായല്ല, സുപ്രീംകോടതിയിലെത്തിയത്. ശിവസേന തലവൻ ബാൽ താക്കറെ മരിച്ചതിനെ തുടർന്ന് നടന്ന മഹാരാഷ്ട്ര ബന്ദിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനും ആ പോസ്റ്റ് ലൈക്ക് ചെയ്തതിനും 2012 നവംബറിൽ ഷഹീൻ ദാദ, രേണു ശ്രീനിവാസൻ എന്നീ രണ്ടു പെൺകുട്ടികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്ന് 21കാരിയായ ഷഹീൻ എഴുതിയ പോസ്റ്റ് ഇപ്രകാരമായിരുന്നു: With all respect, every day, thousands of people die, but still the world moves on. Just due to one politician died a natural death, everyone just goes bonkers. They should know, we are resilient by force, not by choice. When was the last time, did anyone showed some respect or even a two-minute silence for Shaheed Bhagat Singh, Azad, Sukhdev or any of the people because of whom we are free-living Indians? Respect is earned, given, and definitely not forced. Today, Mumbai shuts down due to fear, not due to respect.

ഭയം കൊണ്ടാണ് മുംബൈ അടച്ചിടപ്പെടുന്നത്, ബഹുമാനംകൊണ്ടല്ല എന്നു സ്ഥൈര്യത്തോടെ പറഞ്ഞ ആ പെൺകുട്ടിയുടെ പോസ്റ്റ് ലൈക്ക് ചെയ്തു എന്നതായിരുന്നു പാൽഘർ നിവാസിയും മലയാളിയുമായ രേണു ശ്രീനിവാസൻ എന്ന 20കാരിയുടെ തെറ്റ്.

മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി IPC 295A, ഐ.ടി ആക്റ്റിലെ 66A എന്നീ വകുപ്പുകൾ എഫ്.ഐ.ആറിൽ ഇട്ട പൊലീസ് സമ്മർദ്ദത്തെ തുടർന്ന് IPC 295A പിൻവലിക്കുകയും പകരം IPC 505(2) ചുമത്തുകയും ചെയ്തു. അറസ്റ്റിലായ ഇരുവരും കോടതിയിൽ നിന്ന് 15,000 രൂപയുടെ വീതം ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. വിവിധ വർഗങ്ങൾ തമ്മിൽ ശത്രുതയോ വെറുപ്പോ സൃഷ്ടിക്കുന്ന പ്രസ്താവങ്ങൾക്കെതിരായാണ് ആ വകുപ്പ്. അവർക്കെതിരായ കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാർ പിന്നീടു തീരുമാനിച്ചെങ്കിലും ഈ നിയമത്തിന്റെ ദുരുപയോഗം അപ്പോഴേക്കും വ്യാപക ചർച്ചയായിരുന്നു.

2012 ഏപ്രിലിൽ ഇതിനു സമാനമായ സംഭവം ബംഗാളിൽ ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ മമത ബാനർജിയെ വിമർശിക്കുന്ന മീം പങ്കുവച്ചതിന് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസർ അംബികേഷ് മൊഹാപത്രയേയും അയൽവാസിയേയും അറസ്റ്റ് ചെയ്തതായിരുന്നു സംഭവം. മുഖ്യമന്ത്രി മമതാ ബാനർജിയും റെയിൽവേ മന്ത്രി മുകുൾ റോയിയും സംസാരിക്കുന്ന ഒരു ചിത്രത്തിനു ചുവടെ സത്യജിത് റായിയുടെ ഒരു സിനിമയിൽ നിന്നുള്ള ഡയലോഗ് എടുത്തുചേർത്ത മീം ആയിരുന്നു, അംബികേഷ് തന്റെ ഫേസ്ബുക്ക് പേജിലിട്ടത്. റെയിൽവെ മന്ത്രിയായ ദിനേഷ് ത്രിവേദിയെ മാറ്റി മുകുൾ റോയിയെ ആ സ്ഥാനത്തു പ്രതിഷ്ഠിച്ച പശ്ചാത്തലത്തിലായിരുന്നു, ഈ മീം.

ഇത് കാർട്ടൂൺ അല്ലെന്നും യഥാർത്ഥ വ്യക്തികളുടെ ചിത്രമാണ് എടുത്തുപയോഗിച്ചിരിക്കുന്നതെന്നും ആയിരുന്നു ബംഗാൾ പൊലീസ് നിലപാട്. ബഹുമാന്യരായ വ്യക്തികൾക്കെതിരെ നിന്ദാപരമായ സന്ദേശങ്ങൾ അയയ്ക്കുന്നു എന്നു പറഞ്ഞാണ് ഇരുവർക്കുമെതിരെ 66A ചുമത്തി അറസ്റ്റ് ചെയ്തത്.

കാർത്തി ചിദംബരത്തിനെതിരെ ട്വിറ്ററിൽ ആരോപണം ഉന്നയിച്ചതിന് 2012 ഒക്ടോബറിൽ പുതുച്ചേരി പൊലീസ് രവി ശ്രീനിവാസൻ എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ട്രേഡ് യൂണിയൻ നേതാവിനും ചില രാഷ്ട്രീയക്കാർക്കുമെതിരെ ഫേസ്ബുക്കിലും ഓർക്കുട്ടിലും പോസ്റ്റ് ഇട്ടതിന് വി ജഗന്നാഥറാവു, മായങ്ക് ശർമ എന്നീ എയർ ഇന്ത്യ ജീവനക്കാർ മേയ് 2012ൽ അറസ്റ്റിലായിരുന്നു. ഈ കേസുകളൊക്കെ ശ്രേയ സിംഘാൾ തന്റെ പൊതുതാൽപര്യ ഹർജിയിൽ പരാമർശിച്ചിരുന്നു.

ശ്രേയ സിംഘാൾ
ശ്രേയ സിംഘാൾ

ഇത്തരം അനവധി കേസുകളാണ് ആ കാലയളവിൽ രാജ്യത്തെമ്പാടും ഈ നിയമം ദുരുപയോഗം ചെയ്ത് രജിസ്റ്റർ ചെയ്തിരുന്നത്. ശമ്പളവർധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത ജേണലിസ്റ്റുകളെ ബ്യൂറോ പോലുമില്ലാത്ത വിദൂര സംസ്ഥാനങ്ങളിലേക്കു സ്ഥലം മാറ്റിയതിനെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് bodhi commons, dool news, malayal.am എന്നിങ്ങനെ മൂന്ന് ഓൺലൈൻ മാധ്യമങ്ങൾക്കും അവയുടെ എഡിറ്റർമാർക്കും എതിരെയാണ് മാതൃഭൂമിയുടെ പരാതിയിൽ കേരള പൊലീസ് 66A ചാർത്തിയത്. ഒരേ സമയം കോഴിക്കോടും തിരുവനന്തപുരത്തും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തായിരുന്നു, അന്നത്തെ വേട്ട. ഈ നടപടിക്കെതിരെ അന്ന് ദ ഹിന്ദു മുഖപ്രസംഗം വരെയെഴുതി.

ഈ പശ്ചാത്തലത്തിലാണ് ഐ.ടി ആക്റ്റിലെ ഏതാനും വകുപ്പുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രേയ സിംഘാൾ അപ്പെക്‌സ് കോടതിയെ സമീപിച്ചത്. ശ്രേയ സിംഘാൾ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിലെ 52 പേജുള്ള വിധി പ്രസിദ്ധവും ഫ്രീഡം ഓഫ് സ്പീച്ച് ഉറപ്പു തരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉയർത്തിപ്പിടിച്ച വിധി എന്ന നിലയിൽ എക്കാലത്തും പ്രസക്തവുമാണ്. അമേരിക്കൻ സുപ്രീം കോടതി ‘ഫ്രീഡം ഓഫ് സ്പീച്ചിനെ' എങ്ങനെയാണ് നിർവചിച്ചിരിക്കുന്നത് എന്നതടക്കം പരാമർശിക്കുന്ന വിധിയിൽ വിവിധ ഇന്ത്യൻ കോടതികളിലെ വിധികൾ ചർച്ച ചെയ്യുന്നുണ്ട്.

106 ഡോക്യുമെന്റുകളാണ് വിധിയിൽ ഉദ്ധരിച്ചിരിക്കുന്നത്. സബ്ജക്റ്റീവ് ഇന്റർപ്രെറ്റേഷനു സാധ്യതയുള്ളതും അവ്യക്തമായതുമായ പദാവലികൾ നിയമത്തിൽ ഉപയോഗിക്കുന്നതിന്റെ അസാംഗത്യം വിധിയിൽ പ്രശ്‌നവത്കരിക്കുന്നു. സമാനമായ കേസുകളിൽ തികച്ചും വ്യത്യസ്തമായ വിധികൾ രണ്ടുകോടതികളിൽ നിന്ന് ഒരേ കാലത്ത് ഉണ്ടാകാൻ ഇടയാകുന്ന സാഹചര്യവും ഇരുവരും പരിശോധിക്കുന്നു. അല്പം സമയം മെനക്കെടുത്തിയാണെങ്കിലും ആ വിധി ഒന്നു മനസ്സിരുത്തി പഠിക്കുന്നത്, റദ്ദാക്കിയ നിയമങ്ങൾക്കു പകരമായി നിയമം വേണമെന്നു വാദിക്കുന്നവർക്ക് ശുപാർശ ചെയ്യുന്നു (വിധിപ്പകർപ്പ്: Shreya Singhal vs U.O.I on 24 March, 2015).

ഈ വിധിയുടെ പശ്ചാത്തലത്തിൽ IT act 66A‌ക്കെതിരെ സി.പി.എമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രാധിപരുമായ പി. രാജീവ് അന്ന് രാജ്യസഭക്കകത്തും ‘ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം’ എന്ന സംഘടന വഴി പാർലമെന്റിനു പുറത്തും നടത്തിയ പോരാട്ടത്തിന്റെ ചരിത്രം സിപിഐഎം ഡോട്ട് ഓർഗ് എന്ന വെബ്‌സൈറ്റിൽ സംക്ഷിപ്തമായി കൊടുത്തിട്ടുള്ളതു കൂടി വായിച്ചുനോക്കണം. കബിൽ സിബൽ എന്ന സുപ്രീം കോടതി അഭിഭാഷകനായ പ്രഗത്ഭ നിയമമന്ത്രിയെ ‘സൈബർ കമ്മി'കളുടെ ഭാഷയിൽ ‘തേച്ചൊട്ടിച്ചു', അന്നത്തെ പി. രാജീവ് എംപി. (സംഗതി ഇവിടെ: P. Rajeev on 66A | Communist Party of India -Marxist)).

21-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിലും പി.ബി കമ്യൂ ണിക്കിലും അടക്കം ഈ കരിനിയമത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത പാർട്ടി കൂടിയാണ് ഇന്ന് കേരളത്തിൽ ഭരിക്കുന്നത്. പാർലമെന്റ് തള്ളിക്കളഞ്ഞ നിയമമായിട്ടുകൂടി ഇപ്പോഴും ഈ സെക്ഷൻ ചില സംസ്ഥാനങ്ങൾ എടുത്തുപയോഗിക്കുന്നു എന്നാണ് പി.ബി കമ്യൂണിക്ക് പറയുന്നത്.

ഇവിടംകൊണ്ടും തീരുന്നില്ല. പതിനേഴാം ലോകസഭയിലേക്ക് 2019ൽ നടന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം പുറത്തിറക്കിയ മാനിഫെസ്റ്റോയുടെ രണ്ടാംഭാഗത്ത് പ്രത്യേകം പരാമർശമർഹിക്കുന്ന നാല് ബുള്ളറ്റ് പോയിന്റുകളുണ്ട്.

പി.രാജീവ്
പി.രാജീവ്

*Repeal the colonial era Sedition Law, Sec. 124A of IPC.
*Repeal the Armed Forces Special Powers Act and replace it with a suitable law which provides a legal framework for the operation of the armed forces without the draconian provisions.
*Repeal/amend the National Security Act and the Unlawful Activities Prevention Act.
*Repeal Section 499 of IPC relating to defamation.

AFSPA, NSA, UAPA എന്നിവ‌ക്കൊപ്പം പാർട്ടി റദ്ദാക്കണം എന്നാവശ്യപ്പെടുന്ന മറ്റു രണ്ടു നിയമവകുപ്പുകൾ ശ്രദ്ധിക്കുക. കൊളോണിയൽ ഭരണാധികാരികളുടെ സൗകര്യത്തിനുവേണ്ടി ചമച്ചുവച്ച ‘രാജ്യദ്രോഹക്കുറ്റം' ചാർത്തി ഇന്നും യുവാക്കളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ പതിവാണ്. ആരാണ് ഈ നിയമത്തിന്റെ ഗുണഭോക്താക്കളെന്നും ആരാണ് സ്ഥിരം ഇരകളെന്നും കണ്ണടച്ചു പറയാൻ സാധിക്കും.

യു.എ.പി.എ ചുമത്തി അലനെയും താഹയേയും അറസ്റ്റ് ചെയ്തത് കേരള പൊലീസാണ്, എൻ.ഐ.എ അല്ല. അവർ മാവോയിസ്റ്റുകളാണ് എന്നാണ് പൊലീസ് മന്ത്രി തറപ്പിച്ചു പറഞ്ഞത്. മാവോയിസ്റ്റുകളാണ് എന്ന ഒറ്റ കാരണം മതി, യുവാക്കൾ അറസ്റ്റ് ചെയ്യപ്പെടാൻ. അവർ എന്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കെടുത്തിരിക്കണം എന്നില്ല. പോസ്റ്റർ ഒട്ടിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും പോലും ഭീകരവാദമാണ്. അതായത് ചിന്ത തന്നെ കുറ്റമായി തീരുന്ന കാലമാണിത്. ഭീമാ കോരേഗാവ് സംഭവത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ അറസ്റ്റുകളും വേട്ടയാടലുകളും ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയാണ്.

അല്പം ബെയർ ആക്റ്റ് പരിചയപ്പെടുന്നത് ഇവിടെ ഗുണം ചെയ്യും. IPC Section 124A ഇപ്രകാരമാണ്: 124A. Sedition.-Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards, the Government estab­lished by law in India, shall be punished with im­prisonment for life, to which fine may be added, or with impris­onment which may extend to three years, to which fine may be added, or with fine. Explanation 1.-The expression 'disaffection' includes disloyalty and all feelings of enmity. Explanation 2.-Comments expressing disapprobation of the meas­ures of the Government with a view to obtain their alteration by lawful means, without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section. Explanation 3.-Comments expressing disapprobation of the admin­istrative or other action of the Government without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.

IPC Section 499 കൂടി വായിക്കാം: 499 Defamation.-Whoever, by words either spoken or intended to be read, or by signs or by visible representations, makes or publishes any imputation concerning any person intending to harm, or knowing or having reason to believe that such imputation will harm, the reputation of such person, is said, except in the cases hereinafter expected, to defame that person. Explanation 1.-It may amount to defamation to impute anything to a deceased person, if the imputation would harm the reputation of that person if living, and is intended to be hurtful to the feelings of his family or other near relatives. Explanation 2.-It may amount to defamation to make an imputation concerning a company or an association or collection of persons as such. Explanation 3.-An imputation in the form of an alternative or expressed ironically, may amount to defamation. Explanation 4.-No imputation is said to harm a person's reputa­tion, unless that imputation directly or indirectly, in the estimation of others, lowers the moral or intellectual character of that person, or lowers the character of that person in respect of his caste or of his calling, or lowers the credit of that person, or causes it to be believed that the body of that person is in a loathsome state, or in a state generally considered as disgrace­ful.

അതായത്, ഈ രണ്ടു വകുപ്പുകളും ഐ.പി.സിയിൽ നിന്ന് എടുത്തുകളയണം എന്ന സുചിന്തിതമായ അഭിപ്രായം തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ സധൈര്യം പ്രഖ്യാപിച്ച ഒരു പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ് ഇന്ന് കേരളം ഭരിക്കുന്നത്.

നേരത്തെ സുപ്രീം കോടതി റദ്ദു ചെയ്ത കേരള പൊലീസ് ആക്റ്റിലെ 118(D) യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടാക്കിയതാണ്. അന്ന് ആ നിയമത്തെ പുഷ് ചെയ്ത സാമാജികരിൽ പ്രമുഖനാണ് പറവൂർ എം.എൽ.എ വി. ഡി. സതീശൻ. ഇനി എന്തായിരുന്നു ആ റദ്ദ് ചെയ്ത വകുപ്പ് എന്നു നോക്കാം.

118 Penalty for causing grave violation of public order or danger.- Any person who,-
(d) Causes annoyance to any person in an indecent manner by statements or verbal or comments or telephone calls or calls of any type or by chasing or sending messages or mails by any means; shall, on conviction be punishable with imprisonment for a term which may extend to three years or with fine not exceeding ten thousand rupees or with both.'

annoyance എന്ന വാക്ക് വകുപ്പിൽ കടന്നുകൂടിയതിനെ സുപ്രീം കോടതി ജഡ്ജിമാർ വിധിയിൽ ‘വാരിയുടുത്തി'ട്ടുണ്ട്. അവർ മാത്രമല്ല, മുമ്പ് 66Aയ്‌ക്കെതിരെ രാജ്യസഭയിൽ നടന്ന ചർച്ചയിൽ പി. രാജീവും ഇതേ വാക്കിന്റെ ദുരുപയോഗ സാധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാൽ വകുപ്പ് റദ്ദായി കഴിഞ്ഞപ്പോൾ ന്യായീകരണവുമായി വി. ഡി. സതീശനും നിയമം ഡ്രാഫ്റ്റ് ചെയ്ത പൊലീസ് പാനലിനെ നയിച്ച മുൻ ഡി.ജി.പി ജേക്കബ് പുന്നൂസും രംഗത്തെത്തിയിരുന്നു.

ദി ഇന്ത്യൻ എക്‌സ്പ്രസ് ലേഖകൻ ഷാജു ഫിലിപ്പിനു നൽകിയ ബൈറ്റിൽ ജേക്കബ് പുന്നൂസ് പറയുന്നത് ഇങ്ങനെ: That section was meant to deal with stalking. It does not infringe upon the freedom of public expression of opinion. Section 118D is meant to address a person's safety. However, if combined with Section 66A of the IT Act, one may feel that it is against freedom of expression. It was never meant to curb freedom of expression.

വി. ഡി. സതീശൻ
വി. ഡി. സതീശൻ

സ്റ്റോക് ചെയ്യുന്നവർക്കെതിരെ പ്രയോഗിക്കാൻ ഉണ്ടാക്കിയ നിയമമാണ് അനൂപ് കുമരനെതിരെ ദുരുപയോഗം ചെയ്യപ്പെട്ടത് എന്നു സാരം. ഈ ബിൽ സംബന്ധിച്ച നിയമസഭാ സമിതിയിൽ അംഗമായിരുന്ന സതീശന്റെ പ്രതികരണം കൂടി വായിക്കാം: In Kerala, a large number of women were facing abusive comments, mails and phone calls. Police had informed us that a major chunk of complaints from women pertained to abusive calls. There had been several instances in which morphed images were used to tarnish women.
In Kerala, thousands of women live alone while their husbands work abroad. Such women have always been the target of malicious mails or calls. The particular section was added in the Police Act with a good intention. There was no voice of dissent against this section either from the committee or from the members of the Assembly when the draft was discussed.

അനൂപ് കുമാരൻ ഈ നിയമത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: കേരളത്തിലെ സ്ത്രീകൾക്കെതിരായ സോഷ്യൽ മീഡിയയിലെ അക്രമങ്ങളെ പ്രതിരോധിക്കാനെന്നു പറഞ്ഞ് കൂട്ടിചേർത്ത ഈ വകുപ്പിൽ സ്ത്രീത്വത്തെപറ്റി യാതൊരു പരാമർശവുമുണ്ടായിരുന്നില്ല. സ്ത്രീകൾക്കുവേണ്ടിയെന്ന വ്യാജേന കൊണ്ടുവന്ന ഈ വകുപ്പ് യഥാർത്ഥത്തിൽ രാഷ്ട്രീയക്കാർക്കും ഭരണകൂടങ്ങൾക്കും അധികാരത്തിലിരിക്കുന്നവർക്കും എതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെ അടിച്ചമർത്താനുള്ള വകുപ്പായി രൂപാന്തരപ്പെടുത്തുകയായിരുന്നു.

ഇനി ഇന്നലെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തയിലേക്കു വരാം. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്തി എന്നാണ് ദേശാഭിമാനി റിപ്പോർട്ട്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാലാണിത് എന്നാണ് കാരണമായി പറയുന്നത്. നിയമം ഓർഡിനൻസായി പുറത്തിറക്കാൻ ഗവർണറോടു ശുപാർശ ചെയ്യും എന്നും പറയുന്നു.

‘2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. ഇതിനാൽ സാമൂഹ്യമാധ്യമങ്ങൾവഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയുന്നില്ല.
സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ച് കേരള ഹൈക്കോടതി മേയിൽ ഒരു കേസിൽ പരാമർശിച്ചിരുന്നു. വർധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശവും നൽകി. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.'

സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകൾക്കു പകരമായ പുതിയ നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്നില്ല എന്നു വിലപിക്കുന്നത് ആരാണ് എന്നു നോക്കൂ.

ഈ സാഹചര്യത്തിലാണ് തോട്ടണ്ടി അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷന് സംസ്ഥാന സർക്കാർ അനുമതി നൽകാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഒരു കൈചൂണ്ടിയാവുന്നത്. നേരത്തെ നടന്നുവരുന്ന സമ്പ്രദായം പിന്തുടർന്നതിന്റെ പേരിൽ പ്രോസിക്യൂട്ട് ചെയ്യാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഈ വിഷയത്തിൽ സി.പി.എം സമരം ചെയ്തതു വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന ചോദ്യം വാർത്താസമ്മേളനത്തിലുയർന്നു. അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്: സമരത്തിന്റെ അടിസ്ഥാനത്തിലല്ല, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുക്കുക. (മലയാള മനോരമ: ഒക്ടോ 23, 2020).

ആഭ്യന്തര മന്ത്രി കൂടിയായ സംസ്ഥാന മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് പ്രതിപക്ഷ പ്രതിഷേധത്തെയല്ല, മുൻകാല പ്രാബല്യത്തോടെ സ്വന്തം പാർട്ടിയുടെ സമരത്തെയാണ്. ഈ മുഖ്യമന്ത്രിയോട് യു.എ.പി.എ വിഷയത്തിലെ സി.പി.എം നിലപാടോ ഐ.പി.സി 499 റദ്ദു ചെയ്യണമെന്ന തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ ആവശ്യമോ ചൂണ്ടിക്കാട്ടുന്നത് കുടം കമഴ്ത്തിവച്ച് വെള്ളം ഒഴിക്കുന്നതു പോലെയാകില്ലേ എന്നാണ് ന്യായമായ സംശയം.

റദ്ദാക്കപ്പെട്ട ഐ.ടി ആക്റ്റിലെ 66എ വകുപ്പ് ഇപ്രകാരമായിരുന്നു: 66-A. Punishment for sending offensive messages through communication service, etc.-Any person who sends, by means of a computer resource or a communication device,-
(a) any information that is grossly offensive or has menacing character; or
(b) any information which he knows to be false, but for the purpose of causing annoyance, inconvenience, danger, obstruction, insult, injury, criminal intimidation, enmity, hatred or ill will, persistently by making use of such computer resource or a communication device; or
(c) any electronic mail or electronic mail message for the purpose of causing annoyance or inconvenience or to deceive or to mislead the addressee or recipient about the origin of such messages, shall be punishable with imprisonment for a term which may extend to three years and with fine.
Explanation.- For the purposes of this section, terms 'electronic mail' and 'electronic mail message' means a message or information created or transmitted or received on a computer, computer system, computer resource or communication device including attachments in text, image, audio, video and any other electronic record, which may be transmitted with the message.

ഓർഡിനൻസായി വരാൻ പോകുന്ന കെപി ആക്റ്റിലെ 118A എന്താണെന്നു നോക്കാം: anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both.
(source: Times of India, Oct 22, 2020).

റദ്ദാക്കിയ വകുപ്പുമായി ഇതിനുള്ള പ്രസക്തമായ വ്യത്യാസം ഇലക്ട്രോണിക് കമ്യൂണിക്കേഷൻ എന്നതു മാറ്റി any means of communication എന്നാക്കിയിട്ടുണ്ട് എന്നതു മാത്രമാണ്. അതേ സമയം റദ്ദാക്കപ്പെട്ട വകുപ്പുകളേക്കാൾ അവ്യക്തമായാണ് പുതിയ ഓർഡിനൻസ് വരാൻ പോകുന്നത്.

നിലവിലെ നിയമം അനുസരിച്ച് ഒരാൾക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചാൽ കോടതിയെ സമീപിക്കാൻ കഴിയുന്നത് ആ വ്യക്തിക്കു മാത്രമാണ്. അതായത് പിണറായി വിജയനെ ആരെങ്കിലും അപമാനിച്ചാൽ പിണറായി വിജയൻ തന്നെ പരാതിപ്പെടണം. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം പൊലീസിന് സ്വമേധയാ (suo moto) കേസെടുക്കാം. എന്നു തന്നെയല്ല, ഇന്നയാൾ പിണറായി വിജയനെ അപമാനിച്ചു എന്നു പറഞ്ഞ് പിണറായി വിജയനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരാൾക്കും പരാതിപ്പെടാം. അനൂപ് കുമാരനെതിരെ നടന്നതുപോലെ വ്യക്തികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന നിയമമായി ഇതു മാറുമെന്ന് ഭയക്കാൻ വേറെന്താണ് വേണ്ടത്?

നിയമത്തിന്റെ പക്ഷപാതിത്വത്തെ കുറിച്ച് ഇവിടെ ഓർമ്മിക്കുന്നത് നല്ലതാണ്. വി ഡി സതീശന്റെ അടുത്ത അനുയായിയുടെ പരാതിയിൽ ‘സിംഹത്തിന്റെ മടയിൽ പോകുന്നവനാണ് എന്നാക്ഷേപിച്ചു’ എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തി കെ പി ആക്റ്റ് 120(O) പ്രകാരം നയീബിനെതിരെ കേസ് എടുത്ത അതേ പൊലീസ് സതീശനെതിരെ സോഷ്യൽ മീഡിയയിൽ അവഹേളിക്കപ്പെട്ട വ്യക്തികൾ നൽകിയ പരാതിയിൽ എന്തു നടപടി സ്വീകരിച്ചു എന്നതും ആലോചിക്കാവുന്നതാണ്. സതീശന്റെ ഫേസ്ബുക്ക് പേജ് ആ സമയത്തു കൈകാര്യം ചെയ്ത പേരറിയാത്ത വ്യക്തിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റം പറയരുതല്ലോ, അവിടെയും ചുമത്തിയത് 120(o). ആക്ഷേപം പക്ഷെ എത്ര കഠിനമായിരുന്നു എന്ന് സ്ക്രീൻഷോട്ടുകൾ കണ്ടാൽ മനസ്സിലാകും. നിരവധി പരാതികൾ നൽകിയിട്ടും തനിക്കും കുടുംബത്തിനും എതിരെ ലൈംഗികാധിക്ഷേപം അടക്കം നടത്തിയവർക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല എന്ന് ദീപ നിശാന്ത് പരസ്യമായി തന്നെ ഫേസ്ബുക്കിൽ കുറിച്ചതുമാണ്. സമാനമായ പരാതി ഒരുപക്ഷെ സുനിത ദേവദാസിനും മറ്റു പല സ്ത്രീകൾക്കുമുണ്ടാകും. എന്തിന്, ഏഷ്യാനെറ്റിന്റെ ന്യൂസ് ആങ്കർ തന്നെ ‘കാനഡയിൽ നിന്ന് ഒരു മദാമ്മയും വന്നിട്ടുണ്ട്, മലയാളി മദാമ്മയാണ്,’ എന്നാക്ഷേപിച്ചത് ഇപ്പോഴും ഓൺലൈനിൽ കിടപ്പുണ്ട്. മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, വനിത തുടങ്ങിയവരുടെ ലേഖകർ പരാതിപ്പെട്ടാൽ കേസ് എടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് വാങ്ങുകയും ചെയ്യുന്ന പൊലീസ് ഇവരുടെ വേട്ടയാടലുകളെ അവഗണിക്കുകയാണ് പതിവ്. ആമസോണിൽ റിലീസ് ചെയ്ത c u soon. എന്ന സിനിമയിലെ നായികാ നായകന്മാർക്കെതിരെ അവർ പറയാത്ത കാര്യം അഭിമുഖത്തിൽ അച്ചടിച്ചെന്നു പറഞ്ഞതിന് വനിതയിലെ ജേണലിസ്റ്റ് കേസ് കൊടുത്തതും കൂട്ടിവായിക്കാവുന്നതാണ്

ഇതൊക്കെ കാണിക്കുന്നത് നിലവിലെ നിയമത്തിൽ തന്നെ കുറ്റം ചെയ്തു എന്നു പൊലീസിന് 'ബോധ്യമുള്ള'വർക്കെതിരെ കേസ് എടുക്കാൻ ആവശ്യത്തിനു വകുപ്പുകൾ ഉണ്ടെന്നതാണ്. ഉദാഹരണത്തിന് കെപി ആക്റ്റ് 119 പറയുന്നതു നോക്കാം: any person who performs, in public places, any sexual gestures or acts degrading the dignity of women or takes photographs or records videos or propagates them at any place in a manner affecting the reasonable privacy of women, shall, on conviction, be punished with imprisonment which may extend to three years or with fine not exceeding Rs 10,000 or with both.

അതായത് ഭാഗ്യലക്ഷ്മിക്കും മറ്റുമെതിരെ ഉണ്ടായതുപോലെ യൂടൂബിലൂടെ സ്ത്രീയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്ന പ്രവൃത്തി നിലവിലുള്ള നിയമം കൊണ്ടുതന്നെ നേരിടാവുന്നതാണ്. മൂന്നുവർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഈ നിയമത്തിലെ ‘propagates' എന്ന വാക്ക് ഏതു മാധ്യമം ഉപയോഗിച്ചും അപമാനകരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ നിലനിൽക്കുന്നതാണ്. ഇക്കാര്യം മുൻ നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ കെ.പി. സായ്കിരണിനു നൽകിയ ബൈറ്റിൽ എടുത്തുപറയുന്നുണ്ട്.

എന്തുകൊണ്ട് ഒറ്റപ്പെട്ട സ്ത്രീകൾ ഇരയാക്കപ്പെടുന്ന കേസുകളിൽ പൊലീസ് ഈ വകുപ്പ് ചുമത്താൻ തയ്യാറാവുന്നില്ല എന്ന ചോദ്യമാണ് ആദ്യമുയരേണ്ടത്.
പുതിയ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത് കോടതിയുടെ പരാമർശമാണെന്നു ദേശാഭിമാനി വാർത്തയിൽ പറയുന്നുണ്ട്. ഇനി എന്താണ് ഈ കോടതി പരാമർശം എന്നുകൂടി കാണാം. ശ്രീജ പ്രസാദ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിൽ ഹർജി കക്ഷിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി പി. വി. കുഞ്ഞിക്കൃഷ്ണൻ 11-05-2020 പുറപ്പെടുവിച്ച വിധിയിലെ പരാമർശിത ഖണ്ഡിക ഇപ്രകാരമാണ്: Even after this judgment, the social media fight is continuing. The verbal fight in social media is increasing. If one person post a defamatory or lascivious comment in the social media, instead of approaching the police, the others will respond to the same with more vulgar words. There is no end to it. This is a situation where the rule of law will fail. The parallel societies who are not concerned about the rule of law will emerge. This is a grave situation. In the light of the decision in Sreekumar s case (supra), some of the abusive and unparliamentary comments may not come within the four corners of Section 67 of the Information Technology Act. In such situation, the State has to wake up and legislate appropriate enactments to curtail the social media war. It is the duty of the State to maintain the public order. Moreover, as per the existing penal law itself, such culprits can be booked, for which state police should be vigilant. Therefore the registry of this Court will forward a copy of this order to the Director General of Police and the Chief Secretary of the Government of Kerala for taking appropriate action in accordance to law.

നിലവിലുള്ള പീനൽ നിയമം തന്നെ ഇത്തരം അവസരങ്ങളിൽ പര്യാപ്തമാണെന്നും അക്കാര്യത്തിൽ പൊലീസ് ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ വ്യക്തമായി തന്നെ പറയുന്നു. അപ്പോൾ പ്രധാനപ്പെട്ട പ്രശ്‌നം ഇത്തരം അവസരങ്ങളിൽ പൊലീസ് എന്തു നടപടി സ്വീകരിക്കുന്നു എന്നതാണ്. അതു സ്വീകരിക്കാൻ തയ്യാറാകാത്തത് പൊലീസിന്റെ ഓറിയന്റേഷന്റെ പ്രശ്‌നമാണ്. പൊലീസ് ആവശ്യപ്പെടുംപോലെ റദ്ദായിപ്പോയ നിയമത്തിനു പകരം അതേ പോലെ മറ്റൊരു നിയമം കൊണ്ടു പരിഹരിക്കാവുന്ന കാര്യമല്ല, അത്.

പുതിയ വ്യവസ്ഥ, അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും ഒരേ പോലെ കാണുന്നതാണ്. അതായത്, ഏതെങ്കിലും പോസ്റ്റോ വീഡിയോയെ എഴുതിയ ആൾ മാത്രമല്ല, അതു ഷെയർ ചെയ്തവർ, റീട്വീറ്റ് ചെയ്തവർ, ലൈക്ക് ചെയ്തവർ തുടങ്ങിയവരൊക്കെ പ്രതിയാകാം. 66A റദ്ദാക്കാനിടയായ കേസുകളിലൊന്നിൽ രേണു ശ്രീനിവാസൻ എന്ന മറുനാടൻ മലയാളി പെൺകുട്ടി തന്റെ കൂട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തിരുന്നതേയുള്ളൂ എന്നതോർമ്മിക്കുക. അതുകൊണ്ടുതന്നെ പുതിയ നിയമനിർമ്മാണം സുപ്രീം കോടതിയുടെ നിയമപരമായ സ്‌ക്രൂട്ടിനിക്കു മുന്നിൽ നിലനിൽക്കുമോ എന്നു കണ്ടുതന്നെ അറിയണം.

സോഷ്യൽ മീഡിയയിൽ നിന്നു തന്നെയല്ല, സാമ്പ്രദായിക മാധ്യമങ്ങളിൽ നിന്നടക്കം വ്യക്ത്യധിക്ഷേപങ്ങളും മറ്റും അതിരു കടക്കുന്നുണ്ട്. അതിനെ നിയന്ത്രിക്കാൻ തീർച്ചയായും നിയമം ഉപയോഗിക്കേണ്ടതുമുണ്ട്. സാമ്പ്രദായിക മാധ്യമങ്ങളിൽ പണ്ടു പ്രസിദ്ധീകരിക്കുന്ന ഒരു കാര്യം ഏതാനും മാസങ്ങൾ കഴിയുമ്പോൾ അഗണ്യകോടിയിൽ പോകുമായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിൽ അതു കാലാകാലം കിടക്കും എന്നതുകൊണ്ടുതന്നെ ആക്രമണത്തിന് വിധേയരാകുന്നവർക്ക് അത് നീണ്ടുനിൽക്കുന്ന മനഃപ്രയാസത്തിനു കാരണമാക്കുന്ന സംഗതിയുമാണ്. എന്നാൽ ഇതിനായി പ്രത്യേകം നിയമുണ്ടാക്കണമെങ്കിൽ താഴെപ്പറയുന്ന നാലുകാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

ഓൺലൈനായി നടക്കുന്ന അപകീർത്തിപ്പെടുത്തൽ പോലെയുള്ള കാര്യങ്ങളിൽ പൊലീസിനു നൽകുന്ന പരിശീലനത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഉത്തരവാദിത്തമുള്ള സംഘങ്ങളുടെ/സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കണം.

ഓൺലൈൻ ഡീഫമേഷൻ കേസുകളിൽ പരാതിയുണ്ടായിട്ടും പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്യപ്പെടുന്നതിലെ കുറവുകൾ പരിഹരിക്കുകയും നിയമത്തിന്റെ അഭാവമാണോ മറ്റെന്തെങ്കിലും കാരണമാണോ അതിനിടയാക്കുന്നത് എന്നു പരിശോധിക്കുകയും വേണം.

നിലവിലെ നിയമം ഭേഗഗതി ചെയ്യും മുമ്പ് വ്യാപക പബ്ലിക് കൺസൽട്ടേഷൻ ഉണ്ടാവണം.

നിയമത്തിന്റെ അഭാവം ഏതെങ്കിലും തരത്തിൽ ഇത്തരം കേസുകളിൽ പ്രതികൾക്ക് അനുകൂലമാകുന്നുണ്ട് എന്നു കണ്ടെത്തുന്ന പക്ഷം സ്ത്രീസുരക്ഷയ്ക്കായി ഉദ്ദിഷ്ടകാര്യത്തിന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന പരിമിത ഉപയോഗസാധ്യതയുള്ള നിയമമാണ് പൊലീസ് ആക്റ്റിനു കീഴിലെ പൊതുവായ അഭിപ്രായ നിയന്ത്രണ നിയമത്തെക്കാൾ നല്ലത്.

ഇതൊക്കെ അവഗണിച്ച് തിടുക്കപ്പെട്ട് നടത്തുന്ന ഈ നിയമപരിഷ്‌കരണ നീക്കം അപകടത്തിലാക്കാൻ പോകുന്നത് ഇന്നാട്ടിലെ രാഷ്ട്രീയ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയാകും. ഇതിനെതിരെ സുബോധമുള്ള മനുഷ്യർ രംഗത്തുവരിക തന്നെ വേണം.


Summary: സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ പൊലീസ് ആക്റ്റിൽ കൊണ്ടുവന്ന ഭേദഗതിയുടെ പ്രത്യാഘാതങ്ങൾ പരിശോധിക്കപ്പെടുന്നു. നിലവിലെ നിയമമനുസരിച്ച്, പിണറായി വിജയനെ ആരെങ്കിലും അപമാനിച്ചാൽ പിണറായി വിജയൻ തന്നെ പരാതിപ്പെടണം. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം പൊലീസിന് സ്വമേധയാ കേസെടുക്കാം. എന്നു തന്നെയല്ല, ഇന്നയാൾ പിണറായി വിജയനെ അപമാനിച്ചു എന്നു പറഞ്ഞ് പിണറായി വിജയനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരാൾക്കും പരാതിപ്പെടാം. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് പ്രതിപക്ഷ പ്രതിഷേധത്തെയല്ല, മുൻകാല പ്രാബല്യത്തോടെ സ്വന്തം പാർട്ടിയുടെ സമരത്തെയാണ്. പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ട സാഹചര്യത്തിൽ, ഭേദഗതിയുടെ ജനവിരുദ്ധത വിലയിരുത്തപ്പെടുന്നു


Comments