ഭരണപ്പാർട്ടിയുടെ
ഭരണകൂട
അധിനിവേശങ്ങൾ

സ്വതന്ത്ര സ്ഥാപനങ്ങളെ പിടിച്ചടക്കാൻ ഭരണപാർട്ടികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നു. കേരളത്തിൽ പബ്ലിക് സർവ്വീസ് കമ്മീഷനെതിരെ ഉയർന്നുവന്ന പാർട്ടി രക്ഷാകർത്തൃത്വവൽക്കരണം ഈ നിലയിലാണ് പരിശോധിക്കേണ്ടത്- അശോകകുമാർ വി. എഴുതുന്നു.

"What we now see emerging is a notion of democracy that is being steadily stripped of its popular component – easing away from the demos." - Peter Mair, ‘Ruling the void: the hollowing of Western democracy’.

രിത്രപ്രസിദ്ധമായ തൻ്റെ ഗറ്റിസ്ബർഗ് പ്രസംഗത്തിൽ (1863), ഭാവിയിൽ ക്ലാസിക് ആയി മാറിയ നിർവ്വചനം എബ്രഹാം ലിങ്കൺ ജനായത്തത്തിനു നൽകി: "ജനായത്തമെന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണം."

എന്നാൽ അനുഭവത്തിൽ ഇന്ന് ജനായത്തം പലയിടത്തും അതിൻ്റെ ആത്മശോഷണം സംഭവിക്കുന്ന നിലയിൽ എത്തിയിരിക്കുന്നു എന്നു കാണാം. ജനായത്തമെന്നാൽ "പാർട്ടികൾക്കു വേണ്ടി പാർട്ടികളാൽ പാർട്ടികൾ നടത്തുന്ന ഭരണ"മായി മാറിയിട്ടുണ്ട് മിക്കവാറും. ഈ രീതിയാണ് ശരിയായ നാട്ടുനടപ്പെന്നു വരെ കരുതപ്പെടുന്ന സ്ഥിതിയായിരിക്കുന്നു.

ഭരിക്കുന്ന പാർട്ടിക്കുവേണ്ടി അവർ തന്നെ നടത്തുന്ന ഭരണമാണ് ജനായത്തം എന്നു വരുമ്പോൾ ജനായത്തം ഉറപ്പാക്കുന്ന സാർവ്വത്രിക നീതി, അവസരസമത്വം എന്നിവയിൽനിന്ന് ബഹുഭൂരിപക്ഷം പൗരസമൂഹവും പുറത്താക്കപ്പെടുന്നു. ഭരണപ്പാർട്ടികളാൽ ഭൂരിപക്ഷത്തിന് നീതിയും അവസരസമത്വവും നിഷേധിക്കുന്നത് ജനായത്തത്തിൻ്റെ സ്വാഭാവിക ശൈലിയായി അംഗീകരിക്കപ്പെടുകയാണോ? അതിനാൽ ഏതെങ്കിലും പാർട്ടിയുമായി ഒട്ടിനിന്ന്, തൻ്റെ പാർട്ടിയെ ഭരണത്തിലെത്തിച്ച്, അതു വഴി തൻകാര്യം നേടിയെടുക്കലാണ് ജനായത്തമെന്ന സ്ഥിതിവിശേഷത്തിൻ്റെ സാധാരണത്വത്തിൽ പൗരസമൂഹം ഏറെയും എത്തിച്ചേർന്നിട്ടുണ്ട്. അങ്ങനെ രാഷ്ട്രീയപാർട്ടികൾ ജനായത്തത്തിന്റെ ഉപാധികൾ എന്ന നിലയിൽനിന്ന് അധികാരത്തിന്റെ കേന്ദ്രങ്ങളായി മാറുകയും, പാർട്ടിയുമായി ബന്ധമില്ലാത്ത ബഹുഭൂരിപക്ഷത്തിനും അർഹമായ നീതിയും അവസരവും നിഷേധിക്കപ്പെടുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്യുന്നു. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമായ, പാർട്ടി കേന്ദ്രീകൃത അധികാരഘടനയുടെ വളർച്ചയെയാണ് കാണിക്കുന്നത്.

ഭരണകൂടം പിടിച്ചെടുക്കുന്ന പാർട്ടികൾ

എന്തുകൊണ്ട് ജനായത്തം പാർട്ടികളുടെ ഭരണാധിപത്യമായി അധഃപതിച്ച് ജനകീയ ഇച്ഛയെ പുറന്തള്ളുന്ന കേന്ദ്രീകൃത രാഷ്ട്രീയഘടനയായി മാറുന്നു? സത്യത്തിൽ, ഭരണകൂടവും (state) ഭരണകക്ഷിയും തമ്മിലുള്ള വ്യത്യാസത്തെ പൗരസമൂഹത്തിൽനിന്ന് മറച്ചുവെയ്ക്കുന്നിടത്താണ് ജനായത്തം പാർട്ടികളുടെ ആധിപത്യമായി തരംതാഴുന്നത്. ജനായത്തത്തിൻ്റെ പ്രാഥമിക പാഠങ്ങളിൽ ഒന്നിനെ- ഭരണകൂടം, സർക്കാർ (ഭരണകക്ഷി) എന്നിവ തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തെ പറ്റി ജനങ്ങളെ നിരക്ഷരരാക്കുന്നതിനാൽ ജനായത്തം പാർട്ടി ഭരണമായി മൂല്യം ചോർന്നു ജനായത്ത വിരുദ്ധമാകുന്നുവെന്നു പറയാം.

ജനായത്ത ഭരണകൂടമെന്നത് സാർവ്വത്രിക നീതിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള ജനകീയ ഇച്ഛയുടെ ശാശ്വത സംവിധാനമാണ്. അതിനാൽ ജനായത്തം രാജ്യത്തെ എല്ലാ പൗരരെയും തുല്യരായി പരിഗണിക്കുകയും, ജാതി, മതം, വർഗം, ഭാഷ, പ്രദേശം, രാഷ്ട്രീയാഭിപ്രായം തുടങ്ങിയ ഏതൊരു വിഭാഗീയ വേർതിരിവിനും അതീതമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അവിടെ ഭരണകൂടം ഒരു പാർട്ടിയുടേതല്ല; അത് മുഴുവൻ ജനങ്ങളുടേതാണ്. ജനാധിപത്യത്തിൽ ഭരണകൂടം എന്നത് ജനാഭിലാഷത്തിന്റെ സ്ഥാപനവൽക്കരിക്കപ്പെട്ട രാഷ്ട്രീയരൂപമാണ്. അത് രാജ്യത്തെ എല്ലാ പൗരസമൂഹത്തെയും സമത്വാധിഷ്ഠിതമായി ഉൾക്കൊള്ളുന്നു. പൗരസമൂഹത്തിനുള്ളിൽ വിഭാഗീയമായ എല്ലാവിധ പുറന്തള്ളലിനും അതീതമാണ് ജനായത്തം.

 ജനാധിപത്യത്തിൽ ഭരണകൂടം എന്നത് ജനാഭിലാഷത്തിന്റെ സ്ഥാപനവൽക്കരിക്കപ്പെട്ട രാഷ്ട്രീയരൂപമാണ്. അത് രാജ്യത്തെ എല്ലാ പൗരസമൂഹത്തെയും സമത്വാധിഷ്ഠിതമായി ഉൾക്കൊള്ളുന്നു.
ജനാധിപത്യത്തിൽ ഭരണകൂടം എന്നത് ജനാഭിലാഷത്തിന്റെ സ്ഥാപനവൽക്കരിക്കപ്പെട്ട രാഷ്ട്രീയരൂപമാണ്. അത് രാജ്യത്തെ എല്ലാ പൗരസമൂഹത്തെയും സമത്വാധിഷ്ഠിതമായി ഉൾക്കൊള്ളുന്നു.

എന്നാൽ ഭരണപ്പാർട്ടി /കക്ഷിയാകട്ടെ ജനായത്ത ഭരണകൂടത്തിൻ്റെ ലക്ഷ്യങ്ങൾ നിശ്ചിത കാലത്തേക്ക് സാക്ഷാത്കരിക്കുന്നതിനു ജനങ്ങൾ തെരഞ്ഞെടുക്കുന്ന താൽക്കാലിക സംവിധാനം മാത്രമാണ്. തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെയല്ല ഭരണകക്ഷി പിടിച്ചെടുക്കുന്നത്; ഭരണനിർവ്വഹണത്തെ- സർക്കാരിനെ മാത്രമാണ്. ഭരണാധികാരമെന്നത് ഭരണനിർവ്വഹണത്തിനുള്ള ജനവിധിയാണ്. ഭരണകക്ഷിയെ ജനകീയ സാർവത്രിക നീതിയുടെ ശാശ്വത പ്രതിനിധിയായി അവതരിപ്പിക്കുകയും ഭരണകൂടത്തെ അതിന്റെ രാഷ്ട്രീയ വിപുലീകരണ മാർഗ്ഗമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുമ്പോൾ, എല്ലാവർക്കും തുല്യനീതി ഉറപ്പാക്കേണ്ട പൊതുസ്ഥാപനങ്ങൾ ഭരണകക്ഷിയുടെ ഇച്ഛാനുവർത്തികളായി മാറുന്നു. അങ്ങനെ ഭരണകൂടം പൗരന്മാരെ സേവിക്കുന്ന നിഷ്പക്ഷ സ്ഥാപനമെന്ന നിലയിൽ നിന്ന് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഉപകരണമായി രൂപാന്തരപ്പെടുകയും, ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ ക്ഷയിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ സർക്കാർ എന്നത് ഭരണകക്ഷി തയ്യാറാക്കുന്ന താൽക്കാലിക സംവിധാനമാണെങ്കിൽ ഭരണകൂടം അഥവാ സ്റ്റേറ്റ് എന്നത് അതിനേക്കാൾ വിശാലവും ശാശ്വതവുമായ പൊതുസംവിധാനമത്രേ.

ഭരണപ്പാർട്ടി /കക്ഷിയെ സാർവ്വത്രിക നീതിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള ജനകീയ ഇച്ഛയുടെ ശാശ്വത സംവിധാനമായ ജനായത്ത ഭരണകൂടമായി തെറ്റിദ്ധരിപ്പിക്കുമ്പോൾ, ഭരണം പാർട്ടിഭരണമായി മൂല്യം ചോർന്നു, എല്ലാവർക്കും നീതി ഉറപ്പാക്കേണ്ട ഭരണകൂടസ്ഥാപനങ്ങൾ ഭരണകക്ഷിയുടെ ഇച്ഛാനുവർത്തി മാത്രമായി ജനവിരുദ്ധമാകുകയും ചെയ്യുന്നു.

ഭരണകൂട സ്ഥാപനങ്ങളിൽ ജനായത്തനീതിയും നിയമവും ലംഘിച്ച്, പാർട്ടിനേതാക്കളെയും വിശ്വസ്തരെയും നിയമിക്കുന്നതിനെ ഭരണകക്ഷിയുടെ അവകാശമായി പൗരസമൂഹം കൂടി അംഗീകരിക്കുന്ന നിലയിൽ എത്തിയിട്ടുണ്ട്.

ജനായത്തത്തിൻ്റെ ഈറ്റില്ലം എന്നു പേരുകേട്ട പുരാതന ഗ്രീസിൽ- ഏതൻസിൽ പൗരസമൂഹം ഒന്നാകെ ചേർന്ന് ഭരണപരമായ തീരുമാനങ്ങൾ കൈകൊണ്ടിരുന്നുവെന്നു പറയപ്പെടുന്നു. പ്രാചീന ഏതൻസിലെ പൗരർ മൊത്തം ജനസംഖ്യയുടെ ഏകദേശം 10 - 15% പേർ മാത്രമായിരുന്നു. അടിമകളെയും സ്ത്രീകളെയും പരദേശീ താമസക്കാരെയും മറ്റും പൗരത്വത്തിനു പുറത്തു നിർത്തി ഏതൻസ്. ഏകദേശം 30,000 - 40,000 പേർ മാത്രം വരുന്ന ഏതൻസിൻ്റെ പൗരസമൂഹം നേരിട്ടു കൂടി ജനസഭയായി തീരുമാനങ്ങളെടുത്തു. എന്നാൽ ആധുനിക ലോകത്ത് ലക്ഷക്കണക്കിനുവരുന്ന പൗരസമൂഹത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട പൗരപ്രതിധിനികൾ ആവശ്യമായി തീർന്നു. ജനപ്രതിനിധികൾ തമ്മിൽ ചില തത്ത്വങ്ങളിലും ആശയങ്ങളിലും ആദർശങ്ങളിലും ഐക്യപ്പെട്ടപ്പോൾ രാഷ്ട്രീയപാർട്ടികൾ രൂപം കൊള്ളുകയും അവർ ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കുകയും ചെയ്തു.

രാഷ്ട്രീയ പാർട്ടികളുടെ സംഘടനാപരമായ സ്വഭാവത്തെയും അവ ജനാധിപത്യത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും ഗൗരവമായി പഠിച്ച ആദ്യകാല ചിന്തകരിൽ ഒരാളാണ് റഷ്യൻ രാഷ്ട്രീയചിന്തകനായ മോയ്‌സീ യാക്കോവ്ലെവിച്ച് ഓസ്ട്രോഗോർസ്‌കി (Moisey Yakovlevich Ostrogorsky). 1902-ൽ പ്രസിദ്ധീകരിച്ച Democracy and the Organization of Political Parties എന്ന ഗ്രന്ഥത്തിൽ, രാഷ്ട്രീയപാർട്ടികൾ ക്രമേണ സംഘടിതമായ രാഷ്ട്രീയ യന്ത്രഘടനകളായി രൂപാന്തരപ്പെടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വതന്ത്രവും വിമർശനാത്മകവുമായ പൗരബോധം വളർത്തുന്നതിനുപകരം പാർട്ടികൾ അച്ചടക്കത്തിനും സംഘടനാപരമായ വിധേയത്വത്തിനും മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിന്റെ ഫലമായി, ജനങ്ങൾ പൗരർ എന്ന നിലയിൽ നേരിട്ട് രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതിനേക്കാൾ പാർട്ടികളിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൽ പങ്കാളികളാകാൻ തുടങ്ങുന്നത്. ഈ പ്രവണത ജനായത്തത്തിന്റെ കേന്ദ്രബിന്ദുവിനെ പൗരരിൽ നിന്ന് പാർട്ടിയിലേക്ക് മാറ്റുന്നുവെന്ന ആശങ്കയാണ് ഓസ്ട്രോഗോർസ്‌കി പങ്കുവെച്ചത്.

രാഷ്ട്രീയ പാർട്ടികളുടെ സംഘടനാപരമായ സ്വഭാവത്തെയും അവ ജനാധിപത്യത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും ഗൗരവമായി പഠിച്ച ആദ്യകാല ചിന്തകരിൽ ഒരാളാണ് റഷ്യൻ രാഷ്ട്രീയചിന്തകനായ മോയ്‌സീ യാക്കോവ്ലെവിച്ച് ഓസ്ട്രോഗോർസ്‌കി
രാഷ്ട്രീയ പാർട്ടികളുടെ സംഘടനാപരമായ സ്വഭാവത്തെയും അവ ജനാധിപത്യത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും ഗൗരവമായി പഠിച്ച ആദ്യകാല ചിന്തകരിൽ ഒരാളാണ് റഷ്യൻ രാഷ്ട്രീയചിന്തകനായ മോയ്‌സീ യാക്കോവ്ലെവിച്ച് ഓസ്ട്രോഗോർസ്‌കി

ഓസ്ട്രോഗോർസ്‌കിയുടെ ആശയങ്ങളെ വികസിപ്പിച്ചാൽ, പാർട്ടി കേന്ദ്രീകൃത രാഷ്ട്രീയം പൗരബോധത്തെ ക്രമേണ പാർട്ടി വിധേയത്വത്തിലേക്ക് ചുരുക്കുന്ന അപകടസാധ്യത കാണാനാവും. അത്തരം സാഹചര്യത്തിൽ നീതിബോധം, അവസരസമത്വം, സ്വതന്ത്രചിന്ത, വ്യക്തിവികാസം തുടങ്ങിയ ജനായത്ത മൂല്യങ്ങൾക്ക് പകരം അനുസരണം, പ്രീണനം, വ്യക്തിപൂജ, സംഘടനാവിധേയത്വം എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കുന്നു. അങ്ങനെ ജനായത്തം സ്വതന്ത്ര പൗരരുടെ രാഷ്ട്രീയത്തിൽനിന്ന് സംഘടിത പാർട്ടി സംവിധാനങ്ങളുടെ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നുവെന്നതാണ് ഓസ്ട്രോഗോർസ്‌കിയുടെ മുന്നറിയിപ്പിന്റെ കാതൽ.

പാർട്ടിയന്ത്രത്തിന്റെ ഭാഗമായി വ്യക്തിത്വം ഹോമിക്കപ്പെടുന്നവർക്കു ക്രമേണ തങ്ങൾ ആദ്യം ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങളല്ല, മറിച്ച് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പൗരരാണെന്ന അടിസ്ഥാനബോധ്യം നഷ്ടപ്പെടുത്തുന്നു. അതോടൊപ്പം, അവരുടെ പ്രാഥമിക രാഷ്ട്രീയ സ്ഥാപനം ജനാധിപത്യ ഭരണകൂടമാണെന്നും രാഷ്ട്രീയപാർട്ടി അതിനെ ചലിപ്പിക്കുന്നതിനുള്ള താൽക്കാലിക ജനാധിപത്യ ഉപകരണം മാത്രമാണെന്ന യാഥാർഥ്യവും മങ്ങിത്തുടങ്ങുന്നു. ഈ പൗരബോധത്തിന്റെ ക്ഷയമാണ് ഭരണകക്ഷിയെ ഭരണകൂടമായി തിരിച്ചറിയുന്ന തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നത്. അങ്ങനെ പാർട്ടിയോടുള്ള വിധേയത്വം ഭരണകൂടത്തോടുള്ള ഉത്തരവാദിത്തത്തെ മറികടക്കുകയും, പാർട്ടിയുടെ താൽപര്യങ്ങൾ തന്നെയാണ് പൊതുതാൽപര്യമെന്ന ധാരണ സ്വാഭാവികമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

ഭരണകൂടത്തിനും ജനങ്ങൾക്കും ഇടയിൽ മധ്യവർത്തികളായി പ്രവർത്തിക്കേണ്ട രാഷ്ട്രീയ പാർട്ടികൾ ക്രമേണ ഭരണകൂടത്തിന്റെ ഭാഗമായി മാറുന്ന പ്രവണതയെ പീറ്റർ മെയർ (Peter Mair) വിശകലനം ചെയ്യുന്നുണ്ട്. സമൂഹത്തെ പ്രതിനിധീകരിക്കുന്ന ജനകീയ സംഘടനകളെന്ന നിലയിൽ നിന്ന് ഭരണകൂടത്തിന്റെ വിഭവങ്ങളെയും സ്ഥാപനങ്ങളെയും കൂടുതലായി ആശ്രയിക്കുന്ന പ്രൊഫഷണൽ രാഷ്ട്രീയ സംഘടനകളായി പാർട്ടികൾ രൂപാന്തരപ്പെടുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഇതോടെ പാർട്ടികൾക്ക് ജനങ്ങളുമായുള്ള പ്രതിനിധാനബന്ധം ദുർബലമാവുകയും ഭരണകൂടവുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യുന്നു.

ഭരണകൂട സ്ഥാപനങ്ങളായ കമ്മീഷനുകൾ, ബോർഡുകൾ, കോർപ്പറേഷൻ, ഉപദേശക സമിതികൾ സമാന രീതിയിലുള്ള ഇതര സ്ഥാപനങ്ങൾ എന്നിവയെ ഭരണപാർട്ടിയുടെ രക്ഷാകർത്തൃ താവളങ്ങളാക്കി നിയമനങ്ങൾ നടത്തുമ്പോൾ ഭരണകൂടത്തിൻ്റെ തന്നെ സ്വകാര്യവൽക്കരണമാണ് സംഭവിക്കുക.

ഈ വിശകലനത്തെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ, ഭരണകൂടത്തിന്റെ നിഷ്പക്ഷമായ പൊതുസ്വഭാവത്തെ പാർട്ടിഭരണം കൈയടക്കുകയും പൊതുസ്ഥാപനങ്ങൾ പാർട്ടിയുടെ സ്വാധീനമേഖലയായി മാറുകയും ചെയ്യുന്ന അവസ്ഥയെ ഒരു തരത്തിലുള്ള ഭരണകൂടത്തിന്റെ പാർട്ടിവൽക്കരണം എന്ന് വിശേഷിപ്പിക്കാം. അത്തരം സാഹചര്യത്തിൽ സർക്കാർ എന്ന താൽക്കാലിക രാഷ്ട്രീയ സംവിധാനവും ഭരണകൂടം എന്ന ശാശ്വത പൊതുസ്ഥാപനവും തമ്മിലുള്ള വ്യത്യാസം മായാൻ തുടങ്ങുന്നു. ഈ അതിർവരമ്പ് ഇല്ലാതാകുമ്പോൾ, ഭരണകൂടം മുഴുവൻ പൗരരുടെയും നിഷ്പക്ഷ സ്ഥാപനമെന്ന ജനാധിപത്യസ്വഭാവം ക്ഷയിച്ച് ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനത്തിന് വിധേയമാകാനുള്ള അപകടം ഉയരുന്നു. അതായത് പാർട്ടികൾ ഭരണകൂടത്തിൽ തങ്ങളുടെ കോളനികൾ നിർമ്മിക്കുന്നു.

ഭരണപ്പാർട്ടികൾ ഭരണകൂടഭാഗങ്ങളിൽ കോളനികൾ സാധ്യമാക്കുന്നത് പാർട്ടി വളർത്താൻ അവർ രാഷ്ട്രീയ രക്ഷാകർത്തൃത്വം (Political Patronage) എന്ന വളഞ്ഞ വഴി സ്വീകരിക്കുന്നതിലൂടെയാണ്. സാർവ്വത്രിക നീതി, അവസരസമത്വം, യോഗ്യത എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കേണ്ട ഭരണകൂട സംവിധാനങ്ങളായ പൊതുസ്ഥാപനങ്ങൾ, കരാറുകൾ, സ്ഥാനക്കയറ്റം, ലൈസൻസ്, മറ്റ് സൗകര്യങ്ങൾ- ആനുകൂല്യങ്ങൾ എന്നിവ ഭരണപ്പാർട്ടിയിലെ നേതാക്കൾക്കും വിശ്വസ്തർക്കും വിധേയർക്കും മാത്രം അധികാരബലത്തിൽ അനർഹമായി തട്ടിയെടുത്ത് വിതരണം ചെയ്യുന്നതാണ് പാർട്ടി / രാഷ്ട്രീയ രക്ഷാകർത്തൃത്വം. ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പാലിക്കേണ്ട നിഷ്പക്ഷത, കാര്യക്ഷമത, സ്ഥാനയോഗ്യത എന്നിവയെ തഴഞ്ഞ് സ്ഥാനമാനങ്ങൾ പാർട്ടിരക്ഷാകർത്തൃത്വത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതിലൂടെ പാർട്ടിയും ഭരണകൂടവും തമ്മിലുള്ള സ്ഥായിയായ അതിർ വരമ്പുകൾ പൊളിച്ചുകളയുന്നു. ഇങ്ങനെയാണ് പ്രധാനമായും ഭരണകൂടത്തിൻ്റെ പാർട്ടി കോളനിവൽക്കരണം നടക്കുന്നത്.

പാർട്ടിയന്ത്രത്തിന്റെ ഭാഗമായി വ്യക്തിത്വം ഹോമിക്കപ്പെടുന്നവർക്കു ക്രമേണ തങ്ങൾ ആദ്യം ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങളല്ല, മറിച്ച് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പൗരരാണെന്ന അടിസ്ഥാനബോധ്യം നഷ്ടപ്പെടുത്തുന്നു.
പാർട്ടിയന്ത്രത്തിന്റെ ഭാഗമായി വ്യക്തിത്വം ഹോമിക്കപ്പെടുന്നവർക്കു ക്രമേണ തങ്ങൾ ആദ്യം ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങളല്ല, മറിച്ച് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പൗരരാണെന്ന അടിസ്ഥാനബോധ്യം നഷ്ടപ്പെടുത്തുന്നു.

ഭരണകൂട സ്ഥാപനങ്ങളായ കമ്മീഷനുകൾ, ബോർഡുകൾ, കോർപ്പറേഷൻ, ഉപദേശക സമിതികൾ സമാന രീതിയിലുള്ള ഇതര സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള നിയമനങ്ങൾ സാർവ്വത്രിക നീതിയും അവസരസമത്വവും യോഗ്യതയും പരിചയവും അടിസ്ഥാനമാക്കി മാത്രം നടത്തേണ്ടതാണെന്നിരിക്കേ, അവയെ ഭരണപാർട്ടിയുടെ രക്ഷാകർത്തൃ താവളങ്ങളാക്കി വശത്താക്കി നിയമനങ്ങൾ നടത്തുമ്പോൾ ഭരണകൂടത്തിൻ്റെ തന്നെ സ്വകാര്യവൽക്കരണമാണ് സംഭവിക്കുക. പൗരസമൂഹത്തിനാകെ നീതി ഉറപ്പാക്കാനായി തയ്യാറാക്കപ്പെട്ട സ്ഥാപനങ്ങളും പദവികളും പാർട്ടിയുടെ സ്വകാര്യമായ സ്ഥാപിതലക്ഷ്യങ്ങൾ നേടുന്നതിനുള്ള, അതുവഴി ഭരണകൂടത്തെ തന്നെ പിടിച്ചെടുക്കുന്നതിനുള്ള ഉപാധികളായി മാറുന്നു. പൗരസമൂഹത്താൽ ജനായത്ത ഭരണകൂടം വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളുടെ സ്വയംഭരണം പാർട്ടി കോളനിവൽക്കരണത്തിലൂടെ അട്ടിമറിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പുപ്രക്രിയ ഏറെക്കുറെ സത്യസന്ധമായി തന്നെ നടന്നാലും ഭരണകൂടം ജനങ്ങളുടേതാകുന്നില്ല. അതിൻ്റെ മർമ്മഭാഗങ്ങളിൽ ഭരണപാർട്ടികൾ സ്വകാര്യവൽക്കരണം നടത്തിക്കഴിഞ്ഞു.

ഭരണകൂട സ്ഥാപനങ്ങളിൽ ജനായത്തനീതിയും നിയമവും ലംഘിച്ച്, പാർട്ടിനേതാക്കളെയും വിശ്വസ്തരെയും നിയമിക്കുന്നതിനെ ഭരണകക്ഷിയുടെ അവകാശമായി പൗരസമൂഹം കൂടി അംഗീകരിക്കുന്ന നിലയിൽ എത്തിയിട്ടുണ്ട്. ഏറിവന്നാൽ ഇത്തരം പിടിച്ചെടുക്കലുകളെ അഴിമതിയെന്നോ സ്വജനപക്ഷപാതമെന്നോ വിമർശിക്കാൻ സമൂഹം തയ്യാറായേക്കും. യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഭരണപ്പാർട്ടിയെന്ന സർക്കാർ ഭരണകൂടമായി സ്വയം അവരോധിക്കപ്പെടലാണ്. അഥവാ ജനായത്ത ഭരണകൂടത്തിൻ്റെ അവയവങ്ങളുടെ മുറിച്ചു മാറ്റലാണത്.

അവയവങ്ങൾ മുറിച്ചുമാറ്റപ്പെട്ട ഭരണകൂടത്തിൽ ആകെ അവശേഷിക്കുന്നത് ജനായത്തത്തിൻ്റെ അന്ത്യശ്വാസം വലിയാണ്. അതായത് തെരഞ്ഞെടുപ്പുപ്രക്രിയ ഏറെക്കുറെ സത്യസന്ധമായി തന്നെ നടന്നാലും ഭരണകൂടം ജനങ്ങളുടേതാകുന്നില്ല. അതിൻ്റെ മർമ്മഭാഗങ്ങളിൽ ഭരണപാർട്ടികൾ സ്വകാര്യവൽക്കരണം നടത്തിക്കഴിഞ്ഞു.

അതിനാൽ ഭരണകക്ഷികളാൽ സ്വകാര്യവൽക്കരിക്കപ്പെട്ട ജനായത്തഭരണം പാർട്ടിക്കുവേണ്ടി പാർട്ടിയാൽ നടത്തുന്ന പാർട്ടിയുടെ ഭരണമാണ്. അത് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാകണമെങ്കിൽ ഭരണവർഗ്ഗവും ഭരണകൂടവും, രണ്ടും രണ്ടായി തന്നെ നിൽക്കേണ്ടതുണ്ട്. ഇതാണ് ആരോഗ്യമുള്ള ജനായത്തം. തെരഞ്ഞടുപ്പിൽ ജയിക്കുക എന്നത് എല്ലാ ഭരണകൂടസ്ഥാപനങ്ങളും കൈയടക്കാനുള്ള ജനസമ്മതിയായി പാർട്ടികളും അനുയായികളും പൗരസമൂഹവും തെറ്റിദ്ധരിക്കുമ്പോൾ ജനായത്തം രോഗശയ്യയിലാകുന്നു. കാരണം ഭരണകൂട സ്ഥാപനങ്ങളിൽ നിന്നും പൗരസമൂഹത്തിനാകെ ലഭിക്കേണ്ട നീതിയും അവസര സമത്വവും പാർട്ടി മേധാവിത്വത്തിൽ ഞെരിഞ്ഞമരുന്നു.

പൗരസമൂഹത്തിനാകെ നീതി ഉറപ്പാക്കാനായി തയ്യാറാക്കപ്പെട്ട സ്ഥാപനങ്ങളും പദവികളും പാർട്ടിയുടെ സ്വകാര്യമായ സ്ഥാപിതലക്ഷ്യങ്ങൾ നേടുന്നതിനുള്ള, അതുവഴി ഭരണകൂടത്തെ തന്നെ പിടിച്ചെടുക്കുന്നതിനുള്ള ഉപാധികളായി മാറുന്നു.
പൗരസമൂഹത്തിനാകെ നീതി ഉറപ്പാക്കാനായി തയ്യാറാക്കപ്പെട്ട സ്ഥാപനങ്ങളും പദവികളും പാർട്ടിയുടെ സ്വകാര്യമായ സ്ഥാപിതലക്ഷ്യങ്ങൾ നേടുന്നതിനുള്ള, അതുവഴി ഭരണകൂടത്തെ തന്നെ പിടിച്ചെടുക്കുന്നതിനുള്ള ഉപാധികളായി മാറുന്നു.

ഇന്ത്യൻ അനുഭവങ്ങൾ

കോൺഗ്രസ് നേതാവും മൈസൂർ മുഖ്യമന്ത്രിയുമായിരുന്ന ബി.ഡി. ജട്ടിക്ക് 1961- ൽ ജവഹർലാൽ നെഹ്രു അയച്ച കത്ത് ഭരണകൂട സ്ഥാപനങ്ങളെ ഭരണപാർട്ടിയുടെ താവളമാക്കുന്നതിൻ്റെ അനൗചിത്യം ബോധ്യപ്പെടുത്തുന്നുണ്ട്. മൈസൂർ ഹൈക്കോടതിയിൽ ഒരു വർഷമായിട്ടും ചീഫ് ജസ്റ്റീസിനെ ശുപാർശ ചെയ്തിട്ടില്ല എന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പ്രധാനമന്ത്രി നെഹ്രുവിനെഴുതിയ കത്ത് ചൂണ്ടിക്കാട്ടി മൈസൂർ മുഖ്യമന്ത്രിയോട് നെഹ്രു പറയുന്നു: "ജഡ്ജിനിയമനങ്ങളിൽ എക്സിക്യൂട്ടീവ് ഇടപെടുന്നതായി പരാതികൾ വരുന്നുണ്ട്. നമ്മൾ അത് ശക്തമായി നിരാകരിക്കുന്നു. അത്തരം ഇടപെടലുകൾ ഉണ്ടാകാൻ പാടുള്ളതല്ല... ജഡ്ജി നിയമനശുപാർശ ഒരു വർഷം വൈകിപ്പിച്ചു എന്നത് ദുഷ്പേരുണ്ടാക്കുന്നതാണ്’’. കോടതികളെ ഭരണപ്പാർട്ടിയുടെ അധികാര കേന്ദ്രമാക്കുന്നത് തികച്ചും ജനായത്ത വിരുദ്ധമാണ് എന്നു നെഹ്റു ഓർമ്മിപ്പിക്കുകയാണ്, മറ്റൊരു കോൺഗ്രസ് നേതാവിനെ.

പൊതുപണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഭരിക്കുന്നവരുടെ ആധിപത്യത്തിൽ നിൽക്കാതെ അവയുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്നത് നെഹ്റു പല തവണ പറയുന്നുണ്ട്. 1957- ൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റി ക്യാബിനറ്റ് സെക്രട്ടറിക്കുള്ള നോട്ടിൽ അദ്ദേഹം കുറിച്ചു: "ഗവൺമെൻ്റിന് ഈ സ്ഥാപനത്തെ നിയന്ത്രിക്കാം, എന്നാൽ അതിൻ്റെ പ്രവർത്തനങ്ങളിൽ ഇടപെടരുത്. അതിനെ ഒരു ഗവൺമെൻ്റ് ഡിപ്പാർട്ടുമെൻ്റായി മാറ്റുന്നത് അഭികാമ്യമല്ല. ഒരു സ്വയംഭരണസ്ഥാപനത്തെ അതിൻ്റെ തന്നെ പോളിസികളെ അടിസ്ഥാനമാക്കിയാകണം സർക്കാർ നിയന്ത്രണം’’.

ജനായത്തത്തെ ശക്തിപ്പെടുത്തേണ്ട സ്വതന്ത്ര സ്ഥാപനങ്ങളെ അവയുടെ ഭരണനിയമാവലികൾ വെച്ച് മേൽനോട്ടം നടത്തുക മാത്രമാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്വമെന്നു സാരം.

ഭരണകൂടത്തിൻ്റെ മേലുള്ള ഈ പാർട്ടിഅധിനിവേശം സമൂഹത്തെ പൗരബോധമോ ആത്മാഭിമാനമോ നീതിബോധമോ രാഷ്ട്രീയ ധാർമ്മികതയോ ഇല്ലാത്ത പാർട്ടി അനുചരവൃന്ദങ്ങളായി വിഭജിച്ചു അധഃപതിപ്പിക്കുന്നു.

നെഹ്റു ബി.ഡി. ജട്ടിക്കെഴുതിയ കത്ത് ജനായത്ത ഭരണകൂട സംരക്ഷണയിൽ നെഹ്റു കാണിച്ച വ്യഗ്രതയും ഒപ്പം അന്നുമുതലേ ഭരണസ്ഥാപനങ്ങളുടെ സ്വയംഭരണത്തിനുള്ള സ്വാതന്ത്ര്യത്തിൽ ഭരണപാർട്ടി നടത്തുന്ന സമ്മർദ്ദങ്ങളെയും വ്യക്തമാക്കുന്നുണ്ട്. ഇന്നു നം കാണുന്നതാകട്ടെ, ജനായത്ത സംരക്ഷണത്തിനായുള്ള ഇത്തരം ആന്തരിക സംഘർഷങ്ങൾ പാർട്ടികളിൽ പാടെ വറ്റിപ്പോയിരിക്കുന്നതായിട്ടാണ്. മാത്രമല്ല, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളെ പാർട്ടിവൽക്കരിക്കാൻ നിയമഭേദഗതി വരെ നടത്തിക്കഴിഞ്ഞു. കൂടാതെ ജുഡീഷ്യറി, അക്കാദമികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സർവ്വകലാശാലകൾ, പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നു വേണ്ട, പൊതുപണത്താൽ സ്വതന്ത്രമായി നിലകൊള്ളേണ്ട സ്ഥാപനങ്ങൾ പാർട്ടി ആധിപത്യത്തിൻ്റെ കീഴിലാണ്.

ഏറെക്കുറെ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതി ഇതുപോലെ തന്നെ. ഭരണപാർട്ടികൾ തമ്മിൽ സ്വതന്ത്ര സ്ഥാപനങ്ങളെ പിടിച്ചടക്കാൻ കടുത്ത മത്സരം തന്നെ നടക്കുന്നു. കേരളത്തിൽ പബ്ലിക് സർവ്വീസ് കമ്മീഷനെതിരെ ഉയർന്നുവന്ന പാർട്ടി രക്ഷാകർത്തൃത്വവൽക്കരണം ഈ നിലയിലാണ് പരിശോധിക്കേണ്ടത്. ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനമാനങ്ങൾ പാർട്ടി നോമിനികൾക്കായി നിക്കിവെയ്ക്കുന്നതിൻ്റെ അനന്തരഫലമാണ് എല്ലാ ഉദ്യോഗാർത്ഥികൾക്കുള്ള നീതിനിഷേധം. വിവാദമായ കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയും വിരൽ ചൂണ്ടുന്നത് അധികാര പദവികൾ വിതരണം ചെയ്യുന്ന പാർട്ടിരക്ഷാകർത്തൃത്വത്തിലേക്കാണ്. ഇടതു- വലതു ഭരണങ്ങളിൽ കശുവണ്ടി അഴിമതിക്കുറ്റവാളികൾ രക്ഷപ്പെടാൻ കാരണം കക്ഷിരാഷ്ട്രീയത്തിനതീതമായി പാർട്ടിരക്ഷാകർത്തൃത്വത്തെ ഇവർ ഒരേപോലെ സംരക്ഷിച്ചുപോരുന്നതാണ്.

ബി.ഡി. ജട്ടി. കോൺഗ്രസ് നേതാവും മൈസൂർ മുഖ്യമന്ത്രിയുമായിരുന്ന ബി.ഡി. ജട്ടിക്ക് 1961- ൽ ജവഹർലാൽ നെഹ്രു അയച്ച കത്ത് ഭരണകൂട സ്ഥാപനങ്ങളെ ഭരണപാർട്ടിയുടെ താവളമാക്കുന്നതിൻ്റെ അനൗചിത്യം ബോധ്യപ്പെടുത്തുന്നുണ്ട്.
ബി.ഡി. ജട്ടി. കോൺഗ്രസ് നേതാവും മൈസൂർ മുഖ്യമന്ത്രിയുമായിരുന്ന ബി.ഡി. ജട്ടിക്ക് 1961- ൽ ജവഹർലാൽ നെഹ്രു അയച്ച കത്ത് ഭരണകൂട സ്ഥാപനങ്ങളെ ഭരണപാർട്ടിയുടെ താവളമാക്കുന്നതിൻ്റെ അനൗചിത്യം ബോധ്യപ്പെടുത്തുന്നുണ്ട്.

ഗ്രാമസഭയിലെ ആനുകൂല്യവിതരണം മുതൽ സ്ഥലംമാറ്റത്തിലുമൊക്കെ ഒന്നാമത്തെ മാനദണ്ഡം ഭരണപാർട്ടിയുടെ ആളാണോ എന്നതാണ്. മാത്രമല്ല സ്ക്കൂൾ പി.ടി.എകൾ, പ്രാദേശിക ലൈബ്രറികൾ, ലൈബ്രറി കൗൺസിൽ, സഹകരണസംഘങ്ങൾ എന്നിവയെല്ലാം പാർട്ടികോട്ടകളാക്കി മാറ്റിയിട്ടുണ്ട്, കേരളത്തിൽ.

ഭരണകൂടത്തിൻ്റെ മേലുള്ള ഈ പാർട്ടിഅധിനിവേശം സമൂഹത്തെ പൗരബോധമോ ആത്മാഭിമാനമോ നീതിബോധമോ രാഷ്ട്രീയ ധാർമ്മികതയോ ഇല്ലാത്ത പാർട്ടി അനുചരവൃന്ദങ്ങളായി വിഭജിച്ചു അധഃപതിപ്പിക്കുന്നു. ജനായത്തത്തിൽനിന്ന് അകന്നുപോകുന്ന ഇത്തരം പൗരസമൂഹം ക്രമേണ വ്യക്തിപൂജയുടെ ഏകാധിപത്യത്തിന് കാവൽക്കാരായി തീരുന്നു. ഇതാണ് പ്രാദേശികവും ദേശീയവുമായി ഇന്ത്യൻ രാഷ്ട്രീയം എത്തിനിൽക്കുന്ന വഴിത്തിരിവ്.

ഭരണത്തിൻ്റെ സുതാര്യത ഉറപ്പാക്കാൻ പൗരസമൂഹ ഇടപെടലിലൂടെ നിർമ്മിതമായ വിവരാവകാശ കമ്മീഷൻ പോലും പാർട്ടിവൽക്കരിക്കുന്നതിനാൽ പലപ്പോഴും അവയുടെ ശരിയായ ധർമ്മം നിർവ്വഹിക്കുന്നതിൽ വീഴ്ചവരുത്തുന്നു. ഞെട്ടിപ്പിക്കുന്നതെന്തെന്നാൽ, വിവരാവകാശ പ്രവർത്തകർ മർദ്ദനങ്ങൾ ഏൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു ഇന്ത്യയിൽ എന്നതാണ്.

ലോകരാഷ്ട്രങ്ങളിൽ ജനായത്തപ്രക്രിയയുടെ നിലവാരം അളക്കുന്ന ലിബറൽ ഡെമോക്രസി ഇൻഡക്സിൽ (V-Dem Institute) ഇന്ത്യയുടെ സ്ഥാനം 179 ൽ 100-ാമതാണ്. അതുപ്രകാരം തെരഞ്ഞെടുപ്പുണ്ടെങ്കിലും സ്വേച്ഛാധിപത്യമുള്ള "ഇലക്ട്രൽ ഓട്ടോക്രസി" എന്ന വിഭാഗത്തിൽ പെടുന്നു ഇന്ത്യ. ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ മറ്റൊരു ജനായത്ത സർവ്വേയിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നത് "വികല ജനായത്തം" ( Flawed Democracy) എന്നാണ്. ഈ പഠനത്തിൽ തെരഞ്ഞെടുപ്പ് നടത്തിപ്പ്, രാഷ്ട്രീയ പങ്കാളിത്തം, പൗരസ്വാത്രന്ത്യം ഇവ കൂടാതെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ എത്രമാത്രം നീതിപൂർവ്വകവും നിഷ്പക്ഷവുമാണെന്നു കൂടി വിലയിരുത്തുന്നുണ്ട്.

മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും നാനാവിധ കോർപ്പറേഷനുകളും ഭരിക്കാൻ സ്വന്തക്കാരെ യാതൊരു യോഗ്യതയും നോക്കാതെ നിയമിക്കുക ഭരണപാർട്ടിയുടെ കുത്തകാവകാശമായി അംഗീകരിച്ചു പോരുന്നു.

ജനായത്തപ്രക്രിയയിൽ മുന്നിൽ നിൽക്കുന്ന നോർഡിക് രാജ്യങ്ങൾ - ന്യൂസിലാൻ്റ്, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവ രാഷ്ട്രീയ രക്ഷാകർത്തൃത്വം വഴി ഭരണകൂടത്തിനുമേൽ ഭരണപാർട്ടിയുടെ അധിനിവേശത്തെ ചെറുക്കാൻ പലവിധ പ്രതിരോധ സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. സിവിൽ സർവ്വീസ് നിയമനം, ട്രാൻസ്ഫർ, പ്രൊമോഷൻ എന്നിവയിൽ ഭരണപാർട്ടി ഇടപെടുന്നതിനെ അതു തടയുന്നു. പൊതുസ്ഥാപനങ്ങളായ റെഗുലേറ്ററി അതോറിട്ടികൾ, കോർപ്പറേഷൻ, ഉപദേശക സമിതികൾ, കമ്മീഷനുകൾ, ബോർഡുകൾ എന്നിവയുടെ നിയമനങ്ങൾപോലും തസ്തികകളും യോഗ്യതകളും പരസ്യമാക്കി യോഗ്യരായവർക്ക് അപേക്ഷിക്കാൻ അവസരം നൽകുകയും, സ്വതന്ത്രമായ ഒരു സ്ഥാപനം യോഗ്യത മാനദണ്ഡമാക്കി നിയമനം നടത്തുകയും, നിയമനം വഴിവിട്ടതാണോ എന്നറിയാൻ ഉപരിസമിതി പരിശോധിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിലാകട്ടെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും നാനാവിധ കോർപ്പറേഷനുകളും ഭരിക്കാൻ സ്വന്തക്കാരെ യാതൊരു യോഗ്യതയും നോക്കാതെ നിയമിക്കുക ഭരണപാർട്ടിയുടെ കുത്തകാവകാശമായി അംഗീകരിച്ചു പോരുന്നു.

ബ്രിട്ടനിൽ ഇലക്ഷൻ കമ്മീഷൻ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത് പാർലമെൻ്റിനോടാണ്, ഗവൺമെൻ്റിനോടല്ല. ഹൗസ് ഓഫ് കോമൺസിൻ്റെ അംഗീകാരത്തോടെ ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കുന്നു. കമ്മീഷണർമാരുടെ റിക്രൂട്ട്മെൻ്റ് മേൽനോട്ടം എം.പി മാർ ഉൾപ്പെടുന്ന സ്പീക്കറുടെ കമ്മിറ്റി നടത്തുമ്പോൾ നിയമനം പാർലമെൻ്റിൻ്റെ സൂക്ഷ്മപരിശോധനക്കു വിധേയമാക്കുന്നു. ചുരുക്കത്തിൽ ഭരണപാർട്ടിക്ക് രാഷ്ട്രീയ ഇടപെടലിനുള്ള അവസരങ്ങൾക്കു തടയിടുന്നു.

സ്ക്കൂൾ പി.ടി.എകൾ, പ്രാദേശിക ലൈബ്രറികൾ, ലൈബ്രറി കൗൺസിൽ, സഹകരണസംഘങ്ങൾ എന്നിവയെല്ലാം പാർട്ടികോട്ടകളാക്കി മാറ്റിയിട്ടുണ്ട്, കേരളത്തിൽ.
സ്ക്കൂൾ പി.ടി.എകൾ, പ്രാദേശിക ലൈബ്രറികൾ, ലൈബ്രറി കൗൺസിൽ, സഹകരണസംഘങ്ങൾ എന്നിവയെല്ലാം പാർട്ടികോട്ടകളാക്കി മാറ്റിയിട്ടുണ്ട്, കേരളത്തിൽ.

ഇന്ത്യയിലാകട്ടെ പ്രധാനമന്തി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിശ്ചയിക്കുന്ന ക്യാബിനറ്റ് മന്ത്രി- ഇവർ ചേർന്നാണ് ഇലക്ഷൻ കമ്മീഷണർമാരെ തീരുമാനിക്കുന്നത്. ഭരണകക്ഷിക്ക് അവരുടെ ആജ്ഞാനുവർത്തിയെ തീരുമാനിക്കാൻ ഇത് പ്രത്യക്ഷമായി തന്നെ അവസരമൊരുക്കുന്നു.

ജനായത്തമേന്മയുള്ള പല നാടുകളിലും ലെജിസ്ലേറ്റീവിൻ്റെ തീരുമാനങ്ങൾ പരിശോധനക്കു വിധേയമാക്കി നോമിനികളെ പാർലമെൻ്ററി കമ്മിറ്റി പരിശോധിക്കുന്നു. അവരുടെ യോഗ്യതയും പരിചയവും മറ്റും പരസ്യമാക്കുന്നു. പ്രതിപക്ഷ കക്ഷികൾ കൂടി നോമിനികളെ വിലയിരുത്തുന്നു. അതായത്, ഭരണകക്ഷിയുടെ ആളാണെങ്കിൽ പോലും, അവർ മറ്റുള്ളവരേക്കാൾ തൽസ്ഥാനത്തിന് അർഹതയുള്ളയാളായിരിക്കും. ആസ്ട്രേലിയയിൽ ഗവൺമെൻ്റ് ബോർഡുകളിലെ നിയമനങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പിടിയിൽ നിന്നകറ്റാൻ ചില നിർദ്ദേശങ്ങൾ പരിശോധക സമിതി നൽകുകയുണ്ടായി. അതുപ്രകാരം മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, ഉയർന്ന പാർട്ടിനേതാക്കൾ എന്നിവർ സ്ഥാനമൊഴിഞ്ഞാലുടൻ അവരെ ഗവൺമെൻ്റ് ബോർഡുകളിൽ നിയമിക്കരുത്. പൊതുസ്ഥാപനങ്ങൾക്കുമേൽ നിയമനങ്ങളിൽ അധികാര ദുർവ്വിനിയോഗം തടയാൻ സ്വതന്ത്രമായ എത്തിക്സ് കമ്മിറ്റിയും അഴിമതി നിരോധന സമിതിയും പലയിടങ്ങളിലും ഏർപ്പാടാക്കിയിട്ടുണ്ട്.

ജനായത്തമെന്നാൽ അഞ്ചു വർഷം കൂടുമ്പോൾ ഏതുകക്ഷി ഭരിക്കണം എന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ഒരുത്സവം മാത്രമല്ല. പൊതുധനത്താൽ ചലിക്കുന്ന ഓരോ സ്ഥാപനത്തിൻ്റെയും ആദ്യന്ത പ്രവർത്തനവും സാർവ്വത്രിക നീതിയിലും അവസരസമത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇന്ന് ജനായത്തത്തിന് ഇന്ത്യയിലെ പ്രധാന ഭീഷണികളിലൊന്ന്, ഭരണകൂടസ്ഥാപനങ്ങളിൽ അധിനിവേശം നടത്തുന്ന ഭരണപാർട്ടികൾ തന്നെയാണ്.

(അവസാനിക്കുന്നില്ല).

Comments