PSC ചെയർമാൻ എം.ആർ. ബൈജുവിനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട്, ഗവർണറായിരിക്കേ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് അയച്ച ശുപാർശ നിയമപരമായും ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിലും ചില ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു. ഒപ്പം, കേരളത്തിൽ പി.എസ്.സി എന്ന ഭരണഘടനാ സംവിധാനത്തിന്റെ ജീർണതകളെക്കുറിച്ചുള്ള ആശങ്കകളും.
ഗവർണറുടെ സംസ്ഥാനമാറ്റത്തിന് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ മൂന്നാം ദിവസം, അതായത്, കേരളം വിടുന്നതിന് വെറും ഒരാഴ്ച മുമ്പാണ് രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ഈ ശുപാർശ അയച്ചത്.
ഭരണഘടനയുടെ 316-ാം അനുച്ഛേദമനുസരിച്ച് പി.എസ്.സി ചെയർമാനെ ഗവർണറാണ് നിയമിക്കുന്നത് എന്നതിനാൽ, നീക്കം ചെയ്യാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാനും ഗവർണർക്ക് അധികാരമുണ്ട്.
അതേസമയം, ഗവർണർക്ക് ഏകപക്ഷീയമായി പി.എസ്.സി ചെയർമാനെയോ അംഗങ്ങളെയോ പിരിച്ചുവിടാൻ കഴിയില്ല. പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് വിടും. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞാൽ മാത്രമേ രാഷ്ട്രപതിക്ക് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ കഴിയുകയുള്ളൂ എന്ന് ഭരണഘടനയുടെ 317-ാം അനുച്ഛേദം പറയുന്നു.
എന്നാൽ, ഗവർണറുടെ ശുപാർശയ്ക്ക്, സംസ്ഥാന മന്ത്രിസഭയുടെ അറിവും അംഗീകാരവും ആവശ്യമുണ്ട് എന്നും ആവശ്യമില്ല എന്നുമുള്ള പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾ ഉയരുന്നുണ്ട്. ഗവർണറെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങളുടെ ഉപകരണമാക്കി മോദി സർക്കാർ മാറ്റിയ സാഹചര്യം കൂടി ഇത്തരം തർക്കങ്ങൾക്കിടയാക്കുന്നുണ്ട്.
PSC ചെയർമാനെയും അംഗങ്ങളെയും നീക്കാനുള്ള ഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീംകോടതിയിലേക്ക് കൈമാറിക്കഴിഞ്ഞാൽ, ചെയർമാനെയും അംഗങ്ങളെയും ഗവർണർക്ക് സസ്പെന്റ് ചെയ്യാം എന്ന വാദം ഉയർന്നിട്ടുണ്ട്. ആർട്ടിക്കിൾ 317 അനുസരിച്ച് ഗവർണർ സ്വീകരിക്കുന്ന നടപടികൾക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം തേടണം എന്ന് ഭരണഘടനയിൽ പരാമർശമില്ല എന്നും വാദമുണ്ട്.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യത അപകടത്തിലാകുമ്പോൾ, അതിന്റെ ചെയർമാനോ അംഗങ്ങൾക്കോ എതിരെ നടപടിയെടുക്കാൻ ഗവർണർക്ക് അധികാരം നൽകുന്നതാണ് ആർട്ടിക്കിൾ 317(2). എന്നാൽ, ഇതനുസരിച്ചുള്ള ഗവർണറുടെ നടപടി കോടതിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാണ്. ഈ അധികാരം പ്രയോഗിക്കുമ്പോൾ സ്വാഭാവിക നീതി, നടപടിക്രമങ്ങളിലെ നിഷ്പക്ഷത തുടങ്ങിയ ഭരണഘടനാതത്വങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.
ഗവർണറുടെ ആദ്യ നടപടിയും പിന്നീട് അതിന്മേലുള്ള മന്ത്രിസഭയുടെ അംഗീകാരവും തമ്മിൽ യോജിച്ചുപോകുന്ന പക്ഷം, ഗവർണറുടെ നടപടിക്ക് പിന്നീട് മുൻകാല പ്രാബല്യത്തോടെ മന്ത്രിസഭയ്ക്ക് അനുവാദം നൽകാം എന്നൊരു 'ഡോക്ട്രിൻ ഓഫ് റാറ്റിഫിക്കേഷൻ' ക്ലോസും ഈ ആർട്ടിക്കിളുമായി ബന്ധപ്പെട്ടുണ്ട്. ഈ ക്ലോസ്, ഗവർണറുടെ സ്വേച്ഛാപരമായ നടപടികളെ തടയാൻ പര്യാപ്തമാണ് എന്നും വാദമുണ്ട്.
എന്നാൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റേതടക്കമുള്ള നിരവധി വിധിന്യായങ്ങൾ ഗവർണറുടെ നടപടികൾക്ക് സംസ്ഥാന മന്ത്രിസഭയുടെ അനുമതിയും അംഗീകാരവും ആവശ്യമാണ് എന്ന് ശക്തമായി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
1974-ൽ ഷംഷേർ സിങും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിൽ, സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയുണ്ട്: ‘‘ചില അസാധാരണ സാഹചര്യങ്ങളിലൊഴികെ, മന്ത്രിമാരുടെ ഉപദേശപ്രകാരം മാത്രമേ, ഗവർണർ അവരുടെ ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കാവൂ’’ എന്നായിരുന്നു ആ വിധി. അതായത്, ഭരണഘടന പ്രകാരം ഗവർണർക്ക് സ്വയം നിർവഹിക്കാൻ കഴിയുന്ന ഒരു പ്രവൃത്തിയും ഒരു ചുമതലകളും ഇല്ലെന്നും അതേസമയം, ഗവർണർക്ക് നിറവേറ്റാൻ ചില കടമകളുണ്ടെന്നും ഭരണഘടനാബെഞ്ച് വ്യക്തമായി വിധിച്ചിട്ടുണ്ട്.
ആർട്ടിക്കിൾ 317 പ്രകാരമുള്ള അധികാരം വിവേചനാധികാരപരമായും ഏകപക്ഷീയമായും (discretionary and whimsical) പ്രയോഗിക്കാൻ പാടുള്ളതല്ല എന്ന് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2017-ലെ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആർട്ടിക്കിൾ 317-ൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങളുടെ സ്വഭാവം, ഗവർണർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാൻ കഴിയുന്ന ആർട്ടിക്കിൾ 356 പ്രകാരമുള്ള അടിയന്തരാവസ്ഥാ വ്യവസ്ഥയ്ക്ക് തുല്യമല്ല എന്നും ഈ വിധിയിൽ കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത്, പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നീക്കുക എന്ന ശുപാർശ, സ്വന്തം വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് സമർപ്പിക്കാനാകില്ല എന്നാണ് ഈ വിധിയുടെ വ്യാഖ്യാനം.
മാത്രമല്ല, കേരളത്തിലേതിനുസമാനമായ ഒരു പ്രതിസന്ധി സമീകാലത്ത് കർണാടകയിലുണ്ടായി. ചോദ്യപേപ്പർ ചോർച്ച, മക്കളുടെ നിയമന അഴിമതി എന്നീ ആരോപണങ്ങളുടെ പേരിൽ കർണാടക പി.എസ്.സി ചെയർമാനായിരുന്ന ശിവശങ്കരപ്പ എസ്. സഹൂക്കറെ പിരിച്ചുവിടാൻ ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തോടെയാണ് ഗവർണർ രാഷ്ട്രപതിയ്ക്ക് ശുപാർശ അയച്ചത്. എന്നാൽ സുപ്രീംകോടതി അന്വേഷണത്തിന് കാത്തുനിൽക്കാതെ ഗവർണർ ചെയർമാനെ സസ്പെന്റ് ചെയ്തു. നടപടി പി.എസ്.സി ചെയർമാൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, സസ്പെൻഷൻ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരമല്ല എന്ന് വിലയിരുത്തി, ഹൈക്കോടതി ഗവർണറുടെ നടപടി സ്റ്റേ ചെയ്തു. 163, 166 ആർട്ടിക്കിളുകൾ പ്രകാരം, നടപടിയ്ക്കുമുമ്പ് മന്ത്രിസഭയുടെ ഉപദേശം തേടണമെന്ന ഭരണഘടനാബാധ്യത ഗവർണർ നിറവേറ്റിയില്ല എന്ന് സുപ്രീംകോടതി ഈ വിധിന്യായത്തിൽ എടുത്തുപറഞ്ഞിരുന്നു. പിന്നീട്, സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയോടെ, ഭരണഘടനാപരമായി തന്നെ, ഗവർണർ ചെയർമാനെ സസ്പെന്റ് ചെയ്യുകയായിരുന്നു.
ഭരണഘടനയുടെ 163-ാം ആർട്ടിക്കിൾ അനുസരിച്ച്, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഗവർണർക്ക് തന്റെ മന്ത്രിസഭയുടെ ഉപദേശത്തിനെതിരെയോ അല്ലാതെയോ പ്രവർത്തിക്കാനുള്ള വിശാലമായ വിവേചനാധികാരം ആർട്ടിക്കിൾ 163 നൽകുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
രാഷ്ട്രീയതാൽപര്യങ്ങൾക്കതീതമായി, ഭരണഘടനാമൂല്യങ്ങൾക്കനുസരിച്ച് കേന്ദ്ര- സംസ്ഥാന ഫെഡജൽ ബന്ധങ്ങൾ സുഗമമാക്കുന്ന എന്നത് ഗവർണറുടെ ഉത്തരവാദിത്വമായി ഭരണഘടന നിർമ്മാണവേളയിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, ഭരണഘടനാപരമായി നിറവേറ്റേണ്ട കടമകളുടെ മറവിൽ വിവേചനാധികാരം എന്ന പരിമിതമായ അധികാരത്തെ, സ്വന്തം രാഷ്ട്രീയതാൽപര്യത്തിനനുസരിച്ച് സ്വേച്ഛാപരമായി പ്രയോഗിക്കുന്ന പദവിയായി ഗവർണർ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ കസേരയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊളോണിയൽ അധികാരത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്നും അവർക്ക് പഥ്യം. ഈ സാഹചര്യമാണ്, ഭരണഘടനാവകുപ്പുകളുടെ വ്യാഖ്യാനങ്ങളെ പ്രസക്തമാക്കുന്നത്. മാത്രമല്ല, ഭരണഘടനാ വകുപ്പുകളുടെ സമകാലികമായ വ്യാഖ്യാനങ്ങളാണ്, ഭരണഘടനയെ തന്നെ രാഷ്ട്രീയമായി നവീകരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ഫെഡറൽ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പദവിയായി ഗവർണർ തുടരാത്തിടത്തോളം കാലം, ഇത്തരം വ്യാഖ്യാനങ്ങൾ ആവശ്യമായി വരുന്നു.
കേരള പി.എസ്.സിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കാര്യത്തിൽ, ഗവർണറുടെ ഇടപെടൽ പോലെ തന്നെ അത്യന്തം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്, സംസ്ഥാന സർക്കാറിന്റെ ഒത്തുതീർപ്പുകൾ.
ആസൂത്രണബോർഡിലെ നിയമനക്രമക്കേടുമായി ബന്ധപ്പെട്ട കേസിനിടെ, പി.എസ്.സി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹൈക്കോടതിയെ അറിയിച്ചപ്പോൾ, കോടതി പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു: കൊലപാതകക്കേസാണെങ്കിൽ എന്താണ് ചെയ്യുക? അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ പ്രതിയെ അറസ്റ്റു ചെയ്യില്ലേ? ഒരു വ്യവസ്ഥാപിത രീതിയില്ലേ, അതല്ലേ പിന്തുടരേണ്ടത്?’’ എന്നാണ് ഹൈക്കോടതി ചോദിച്ചത്.
അതായത്, പി.എസ്.സി ചെയർമാനും അംഗങ്ങൾക്കെതിരെയും ഉന്നയിക്കപ്പെട്ടിട്ടുള്ളത്, ഗുരുതര കുറ്റകൃത്യമാണെന്നും അത് ഭരണഘടനാപദവിയുടെ ദുരുപയോഗമാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
എന്നാൽ, പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമെതിരായ അന്വേഷണവും നടപടിയും ദുരൂഹമായ കാരണങ്ങളാൽ താമസിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ആസൂത്രണബോർഡിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം തുടരാൻ നിലവിൽ ഒരു തടസവുമില്ലാതിരുന്നിട്ടും സർക്കാറിന് എന്താണ് വിമുഖത?
മാത്രമല്ല, കേരള പി.എസ്.സിയിൽ ചെയർമാനും ഏതാനും അംഗങ്ങളും ഒരു വശത്തും മറ്റംഗങ്ങൾ എതിർവശത്തുമായി ചേരിതിരിഞ്ഞുനിൽക്കുന്ന ഗുരുതര സാഹചര്യമുണ്ടെന്ന വിവരവും പുറത്തുവന്നുകഴിഞ്ഞു. ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ഏതാനും അംഗങ്ങൾ അതീവ ഗുരുതരമായ പരാതികൾ മുഖ്യമന്ത്രിയെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ പരാതികൾക്കു പുറമേയാണിത്.
ഇപ്പോൾ ക്രമക്കേട് നടന്നതായി തെളിയിക്കപ്പെട്ടുകഴിഞ്ഞ ആസൂത്രണബോർഡ് പരീക്ഷയ്ക്കുപുറമേ, 150-ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് സർക്കാറിനുമുന്നിലുള്ളത്. മുമ്പില്ലാത്തവിധം, കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുണ്ടായിരുന്ന ഒരു ഭരണഘടനാ സ്ഥാപനത്തിനുനേരെ ഇത്ര ഗുരുതര ആരോപണങ്ങളുണ്ടായിട്ടും, അതിനെ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നത് എത്ര ലാഘവത്തോടെയാണ് എന്നത് നിയമവാഴ്ചയെക്കുറിച്ച് സംശയകരമായ സാഹചര്യമുണ്ടാക്കുന്നു.
സർക്കാർ വീഴ്ചക്കെതിരെ നില കൊള്ളേണ്ട പ്രതിപക്ഷത്തെ ഉറക്കം കൊടുത്തുന്നത് ഗവർണറുടെ ഭരണഘടനാലംഘനം മാത്രമാണ്. തങ്ങളുടെ ഭരണകാലത്ത്, തങ്ങളുടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിന് നടന്ന അഴിമതികളുടെ കറയുള്ളതുകൊണ്ടാകാം, കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലന്വേഷകരോടുള്ള ഈ കടുത്ത അനീതി ഒരു പ്രതിപക്ഷവിഷയമാകാത്തത്.
ശരിക്കും, ആകെ മൊത്തത്തിലൊരു ‘ഭായി ഭായി’ കളിയാണ് പി.എസ്.സിയുടെ പേരിൽ കേരളത്തിൽ നടക്കുന്നത്. അത്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദ്ദീൻ സൂചിപ്പിച്ച, യു.ഡി.എഫ് സർക്കാറും പി.എസ്.സിയും തമ്മിലുള്ളതുമാത്രമല്ല. വിശാലാർഥത്തിൽ, കേരളത്തിലെ ഉദ്യോഗാർഥികളുടെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ‘ഭായി ഭായി’ കളിയാണിത്. അതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഗവർണറുമെല്ലാം അവരവരുടേതായ റോൾ ‘ഭംഗിയായി’ തന്നെ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്.
