PSC റാങ്ക് ലിസ്റ്റുകളിലെ അക്കങ്ങൾ മാത്രമാകുന്ന മനുഷ്യരെക്കുറിച്ച്…

‘‘വിവിധ റാങ്ക് ലിസ്റ്റുകളിലെ മനുഷ്യർക്കൊപ്പം കുറച്ചുകാലമായി സഞ്ചരിച്ചുവരികയാണ്. നിയമനഉത്തരവിന് ഓടിനടക്കുന്ന ഈ മനുഷ്യരോടുള്ള ഭരണസംവിധാനത്തിന്റെയും പി എസ് സിയുടെയും മനോഭാവം നേരിൽ കാണാനുള്ള സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. തികച്ചും സാങ്കേതികവും യാന്ത്രികവുമായാണ് ഈ മനുഷ്യരോടുള്ള സമീപനം. രോഷവും വിമർശനവും തോന്നിയ സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടുണ്ട്’’- വൈഷ്ണവി വി. എഴുതുന്നു.

വസരങ്ങളുടെ അസമത്വം വ്യക്തികളെ മാത്രം ബാധിക്കുന്നതല്ല. അത് സമൂഹത്തിന്റെ സൃഷ്ടിപരമായ ശേഷിയെയും ഭരണസംവിധാനത്തിന്റെ ഗുണനിലവാരത്തെയും ജനാധിപത്യത്തിന്റെ ധാർമ്മികതയെയും ബാധിക്കുന്നതാണ്. തുല്യാവസരം എന്നത് ഭരണകൂടത്തിന്റെ ആനുകൂല്യമല്ല, ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ അടിസ്ഥാനവ്യവസ്ഥയാണ്.

പൊതുസേവനം തൊഴിലവസരം മാത്രമായി ചുരുക്കിക്കാണാൻ കഴിയില്ല. ഒരു സമൂഹത്തിന്റെ നിയമങ്ങളും നയങ്ങളും ഭരണഘടനാമൂല്യങ്ങളും ദൈനംദിനജീവിതത്തിൽ യാഥാർഥ്യമാക്കുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്. അതുകൊണ്ടുതന്നെ പൊതുസേവനത്തിലേക്കുള്ള പ്രവേശനത്തിന്റെ ഗുണനിലവാരം, ആ സമൂഹത്തിന്റെ ഭരണത്തിന്റെ ഗുണനിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പക്ഷപാതമോ അപാകതയോ ഉണ്ടാകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതം ഒരു നിയമനത്തിൽ ഒതുങ്ങുകയില്ല, ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലേക്കും അത് വ്യാപിക്കും. അതുകൊണ്ടാണ് പൊതുസേവന നിയമനം ഭരണപരമായ നടപടി മാത്രമല്ലെന്നും, ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കുന്ന ജനാധിപത്യ പ്രക്രിയയാണെന്നും കരുതപ്പെടുന്നത്.

ഇവിടെയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തി. ജനാധിപത്യത്തിൽ അധികാരം കേന്ദ്രീകരിക്കാതിരിക്കാനും, ഭരണനിർവഹണത്തിൽ രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ സ്വാധീനങ്ങൾ കടന്നുകയറാതിരിക്കാനും ഭരണഘടന ചില സ്വതന്ത്രസ്ഥാപനങ്ങളെ വിഭാവനം ചെയ്യുന്നു. അവയുടെ ലക്ഷ്യം ജനങ്ങളുടെ അവകാശങ്ങളും ഭരണത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കുകയാണ്. യോഗ്യത, നിഷ്പക്ഷത, സുതാര്യത, തുല്യാവസരം, സാമൂഹികനീതി തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ പ്രായോഗികമായി നടപ്പാക്കുന്ന സംവിധാനമാണവ.

തുല്യാവസരവും നിഷ്പക്ഷ പൊതുസേവനവും ജനാധിപത്യഭരണത്തിന്റെ അവിഭാജ്യ ഘടകമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന, പബ്ലിക് സർവീസ് കമ്മീഷനുകൾക്ക് ഭരണഘടനാപദവി നൽകിയത്. ഭരണഘടനയുടെ ഭാഗം XIV- ലെ 315 മുതൽ 323 വരെയുള്ള അനുച്ഛേദങ്ങൾ ഈ സ്ഥാപനങ്ങളുടെ രൂപീകരണത്തിനും സ്വതന്ത്രമായ പ്രവർത്തനത്തിനും ഭരണഘടനാപരമായ ഉറപ്പ് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളും രൂപപ്പെട്ടത്.

ജനാധിപത്യം എന്നത് ഒരു ഭരണരീതി മാത്രമല്ല, ഓരോ വ്യക്തിയുടെയും അന്തസ്സിനെയും തുല്യാവസരത്തെയും സാമൂഹികനീതിയെയും സംരക്ഷിക്കുന്ന സാമൂഹിക ഉടമ്പടിയാണ്. ഭരണഘടന ഈ ഉടമ്പടിക്ക് നിയമപരമായ രൂപം നൽകുന്നു. ഭരണഘടനാമൂല്യങ്ങളെ സമൂഹത്തിൽ യാഥാർഥ്യമാക്കുന്ന സ്ഥാപനങ്ങളിലൂടെയാണ് ഭരണഘടന ദൈനംദിനജീവിതത്തിന്റെ ഭാഗമായി മാറുന്നത്.

ഭരണഘടന അനുച്ഛേദം 14; നിയമത്തിനുമുന്നിൽ സമത്വവും നിയമങ്ങളുടെ തുല്യ പരിരക്ഷയും ഉറപ്പാക്കുന്നു. അനുച്ഛേദം 15; മതം, ജാതി, വർഗം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അനുച്ഛേദം 16; പൊതുസേവനനിയമനങ്ങളിൽ എല്ലാ പൗരർക്കും തുല്യാവസരം ഉറപ്പാക്കുന്നു. ഈ അനുച്ഛേദം ഒരു നിയമനവ്യവസ്ഥയെക്കുറിച്ച് മാത്രം പറയുന്നില്ല. ജന്മസാഹചര്യങ്ങളല്ല, കഴിവും അർഹതയുമാണ് പൊതുസേവനത്തിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡമാകേണ്ടത് എന്ന ജനാധിപത്യതത്വമാണ് അത് മുന്നോട്ടുവയ്ക്കുന്നത്.

ഒരു സമൂഹത്തിൽ പൊതുസേവനത്തിലേക്കുള്ള പ്രവേശനം സ്വാധീനത്തിന്റെയോ പണത്തിന്റെയോ രാഷ്ട്രീയബന്ധങ്ങളുടെയോ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നുവെങ്കിൽ, ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാട് തന്നെ ചോദ്യം ചെയ്യപ്പെടും. അതേസമയം യോഗ്യത, സുതാര്യത, നിഷ്പക്ഷത, തുല്യാവസരം എന്നിവ ഉറപ്പാക്കുന്ന നിയമന സംവിധാനങ്ങൾ നിലനിൽക്കുമ്പോൾ ജനങ്ങളുടെ ഭരണസംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടും. അതുകൊണ്ടുതന്നെ പൊതുസേവനനിയമനം ഒരു ഭരണനടപടി മാത്രമല്ല, ഭരണഘടനയുടെ സാമൂഹിക ദർശനത്തെ പ്രായോഗികമാക്കുന്ന ജനാധിപത്യ പ്രക്രിയയാണ്. ഇത്തരമൊരു പ്രക്രിയ രാഷ്ട്രീയമോ ഭരണപരമോ ആയ അനാവശ്യ ഇടപെടലുകളിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഭരണഘടന പ്രധാന ലക്ഷ്യമായി കാണുന്നു.

വിമർശനങ്ങളെ ആത്മപരിശോധനയ്ക്കും നവീകരണത്തിനുമുള്ള അവസരമാക്കി മാറ്റാൻ കഴിയുന്ന ഒരു പി എസ് സിയെയാണ് കേരളത്തിലെ തൊഴിലന്വേഷകർ ആഗ്രഹിക്കുന്നത്.

ഭരണഘടനയിലെ പബ്ലിക് സർവീസ് കമ്മീഷനുകളുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ കമ്മീഷനുകളുടെ രൂപീകരണം, അംഗങ്ങളുടെ നിയമനം, കാലാവധി, സ്വാതന്ത്ര്യം, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകൾ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഭരണവകുപ്പുകളല്ല. ഭരണഘടനാപിൻബലമുള്ള സ്വതന്ത്ര സ്ഥാപനങ്ങളാണ്. പബ്ലിക് സർവീസ് കമ്മീഷനുകളുടെ സ്വതന്ത്രമായ പ്രവർത്തനം സംരക്ഷിക്കുന്നതിന് ഭരണഘടന ചെയർപേഴ്സന്റെയും അംഗങ്ങളുടെയും നിയമനം, കാലാവധി, നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾക്കും പ്രത്യേക വ്യവസ്ഥകൾ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ നിയമനപ്രക്രിയയിൽ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

പി.എസ്.സിയും
കേരളത്തിന്റെ
ആശങ്കകളും

കേരളത്തെ സംബന്ധിച്ച് പബ്ലിക് സർവീസ് കമ്മീഷന് പ്രത്യേക സാമൂഹിക പ്രാധാന്യമുണ്ട്. സർക്കാർജോലി സാമൂഹിക സുരക്ഷയുടെയും സ്ഥിരതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരു സാമൂഹിക മനോഭാവത്തിൽ, ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളും കുടുംബങ്ങളുമാണ് പി എസ് സിയെ വിശ്വസിക്കുന്നത്. ഒരു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഏതാനും പേരുടെ കാര്യമല്ല ഈ ചർച്ച. ഇനിയും പരീക്ഷ എഴുതാനുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ വിശ്വാസത്തെക്കുറിച്ചുള്ള ചർച്ച കൂടിയാണിത്.

സർക്കാർ ജോലികളിലേക്കുള്ള പ്രവേശനം രാഷ്ട്രീയസ്വാധീനത്തിന്റെയോ സാമ്പത്തിക ശേഷിയുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് കഴിവിന്റെയും മത്സരപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്ന ഭരണഘടനാപരമായ തത്വത്തിന്റെ പ്രായോഗിക രൂപമാണ് പി.എസ്.സി. അതുകൊണ്ടുതന്നെ പി.എസ്.സിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒരു സ്ഥാപനത്തെ മാത്രം ബാധിക്കുന്നതല്ല. ഉദ്യോഗാർഥികളുടെ വിശ്വാസത്തെയും പൊതുഭരണത്തിന്റെ വിശ്വാസ്യതയെയും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ബാധിക്കുന്നതാണ്.

പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇവ സമഗ്രമായും സ്വതന്ത്രമായും സമയബന്ധിതമായും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. പി.എസ്.സി പോലുള്ള ഭരണഘടനാസ്ഥാപനങ്ങളുടെ ഏറ്റവും വലിയ മൂലധനം ജനങ്ങളുടെ വിശ്വാസമാണ്. അതിന് മങ്ങലേൽക്കുമ്പോൾ നഷ്ടമാകുന്നത് ഒരു തലമുറയുടെ ആത്മവിശ്വാസമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികൾക്ക്, അവരുടെ പരിശ്രമത്തിന് ന്യായമായ പരിരക്ഷ ലഭിക്കുമെന്ന ഉറപ്പാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് അന്വേഷണം ഒരു വ്യക്തിയിലോ ഏതാനും ഉദ്യോഗസ്ഥരിലോ ഒതുങ്ങരുത്. ആരോപണങ്ങൾക്ക് വഴിവെച്ച സാഹചര്യങ്ങളും നടപടിക്രമങ്ങളിലെ പോരായ്മകളും പരിശോധിക്കണം. നിയമനനടപടികളിലെ സുതാര്യത വർധിപ്പിക്കുന്നതിനും സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര മേൽനോട്ട സംവിധാനം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കണം. ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തി അവ തെറ്റുകൾ ചെയ്യാത്തതിലല്ല, തെറ്റുകൾ സംഭവിക്കുമ്പോൾ തുറന്ന് പരിശോധിക്കാനും തിരുത്താനുമുള്ള ശേഷിയിൽ കൂടിയാണ്. അതിനാൽ, ഈ സാഹചര്യത്തെ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള അവസരമായി കാണാതെ, കൂടുതൽ ശക്തവും സുതാര്യവും വിശ്വാസ്യതയുള്ളതുമായ പി.എസ്.സി.യെ രൂപപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കണം.

മൂല്യനിർണയത്തിൽ പിഴവുണ്ടായി എന്ന പി.എസ്.സി സമ്മതിച്ച സ്ഥിതിക്ക്, എന്തുകൊണ്ടാണ് പിഴവ് സമയബന്ധിതമായി കണ്ടെത്താതിരുന്നത്, അന്തിമഫലം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ആവശ്യമായ ഗുണനിലവാര പരിശോധന നടന്നിരുന്നോ എന്നീ ചോദ്യങ്ങൾ ഉയരുന്നു.
മൂല്യനിർണയത്തിൽ പിഴവുണ്ടായി എന്ന പി.എസ്.സി സമ്മതിച്ച സ്ഥിതിക്ക്, എന്തുകൊണ്ടാണ് പിഴവ് സമയബന്ധിതമായി കണ്ടെത്താതിരുന്നത്, അന്തിമഫലം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ആവശ്യമായ ഗുണനിലവാര പരിശോധന നടന്നിരുന്നോ എന്നീ ചോദ്യങ്ങൾ ഉയരുന്നു.

മെറിറ്റിനും യോഗ്യതയ്ക്കും പകരം അഴിമതിയോ സ്വാധീനമോ നിയമനത്തെ നിർണയിക്കാൻ തുടങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ഓരോ പൗരനുമാണ്. ആരോഗ്യരംഗത്ത് അത് ചികിത്സയുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. വിദ്യാഭ്യാസരംഗത്ത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചേക്കാം. പൊതുമരാമത്ത് രംഗത്ത് പദ്ധതികളുടെ നിലവാരത്തെയും സുരക്ഷയെയും ബാധിച്ചേക്കാം. ഭരണരംഗത്ത് തീരുമാനങ്ങളുടെ കാര്യക്ഷമതയെയും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ വേഗതയെയും സുതാര്യതയെയും ബാധിക്കാം. അതിനാൽ പി.എസ്.സി.യിലെ സുതാര്യത സംരക്ഷിക്കുന്നത് ഉദ്യോഗാർഥികളുടെ അവകാശം മാത്രം സംരക്ഷിക്കുന്നതല്ല, ജനങ്ങളുടെ ഗുണമേന്മയുള്ള പൊതുസേവനത്തിനുള്ള അവകാശവും സംരക്ഷിക്കുന്നതാണ്.

മെറിറ്റിനും യോഗ്യതയ്ക്കും പകരം അഴിമതിയോ സ്വാധീനമോ നിയമനത്തെ നിർണയിക്കാൻ തുടങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ഓരോ പൗരനുമാണ്.

അടുത്തകാലത്തായി കേരളം ഉൾപ്പെടെ ഇന്ത്യയിലെ പബ്ലിക് സർവീസ് കമ്മീഷനുകളെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ നിയമന സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ചോദ്യപേപ്പർചോർച്ച, പരീക്ഷാ നടത്തിപ്പിലെ വീഴ്ച, ചോദ്യപേപ്പറുകളിലും ഉത്തരസൂചികകളിലുമുണ്ടാകുന്ന പിഴവ്, പരിഭാഷാ പ്രശ്നങ്ങൾ, ആൾമാറാട്ടം, പരീക്ഷാകേന്ദ്രങ്ങളിലെ പരിശോധനകളുടെ അഭാവം, മൂല്യനിർണയത്തിലെ അപാകതകൾ, റാങ്ക് പട്ടിക വിവാദങ്ങൾ, സമയബന്ധിതമല്ലാത്ത നിയമനങ്ങൾ, റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങളിലെയും ചട്ടങ്ങളിലെയും വിവാദപരമായ മാറ്റങ്ങൾ, ബന്ധുനിയമന- രാഷ്ട്രീയ നിയമന ആരോപണങ്ങൾ, പരീക്ഷാനടപടികളുടെയും പരാതിപരിഹാരസംവിധാനങ്ങളുടെയും സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നിവ ഭരണഘടന വിഭാവനം ചെയ്യുന്ന നിഷ്പക്ഷവും വിശ്വാസ്യതയുള്ളതുമായ സംവിധാനം എന്ന ആശയത്തിന് വിള്ളലേൽപ്പിക്കുന്നു.

വേണം, ഘടനാപരമായ പൊളിച്ചെഴുത്ത്

പി.എസ്.സിയുടെ വിശ്വാസ്യത പരീക്ഷാനടത്തിപ്പിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, സ്ഥാപനത്തിന്റെ നേതൃത്വം രൂപപ്പെടുന്ന രീതിയും അത്രതന്നെ പ്രധാനമാണ്. നിലവിൽ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള അംഗങ്ങളുടെ നിയമനങ്ങൾ രാഷ്ട്രീയനിയമനങ്ങളാണെന്ന വിമർശനം പൊതുസമൂഹത്തിൽ ഉയരാറുണ്ട്. നിയമനം നിയമാനുസൃതമാണെങ്കിലും, രാഷ്ട്രീയബന്ധമോ അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പമോ നിയമനത്തിന്റെ അടിസ്ഥാനമാണെന്ന പൊതുബോധം രൂപപ്പെടുന്നതുപോലും സ്ഥാപനത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാനിടയാക്കും.

  • യോഗ്യത, ഭരണപരിചയം, പൊതുജീവിതത്തിലെ വിശ്വാസ്യത, ഭരണഘടനാമൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സംവിധാനം പരിഗണിക്കേണ്ടതാണ്. സർക്കാർ, പ്രതിപക്ഷം, നീതിന്യായമേഖല, പൊതുഭരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര ശുപാർശാ സമിതി (Search cum Selection Committee) പോലുള്ള മാതൃകകൾ ചർച്ച ചെയ്യാവുന്നതാണ്. ഈ സമിതിയുടെ ശുപാർശകൾക്ക്‌ മന്ത്രിസഭയ്ക്ക് അന്തിമ അംഗീകാരം നൽകാനും സാധിക്കും. വിശദപരിശോധനകൾക്ക് വിധേയമായ ഈ നിർദ്ദേശങ്ങൾ ഗവർണർക്ക് സമർപ്പിക്കാനും കൃത്യമായ നിയമനം ഉറപ്പാക്കാനും സഹായകമാകും.

  • ചോദ്യപേപ്പർ തയ്യാറാക്കൽ, ചോദ്യങ്ങളുടെ പരിഭാഷ, ഉത്തരസൂചിക, മൂല്യനിർണയം, അഭിമുഖ ബോർഡുകളിലെ വിഷയവിദഗ്ധരുടെ നിയമനം എന്നിവയ്ക്ക് വ്യക്തവും സുതാര്യവും ഏകീകൃതവുമായ മാനദണ്ഡങ്ങൾ രൂപീകരിക്കണം. അക്കാദമിക യോഗ്യത, വിഷയപരിചയം, ഗവേഷണ വൈദഗ്ധ്യം, നിഷ്പക്ഷത, രഹസ്യസ്വഭാവം പാലിക്കാനുള്ള ബാധ്യത എന്നിവ അടിസ്ഥാനമാക്കി വിദഗ്ധരുടെ സ്ഥിരം അംഗീകൃത പാനൽ രൂപീകരിക്കണം.
    അതേസമയം, ഒരേ വ്യക്തികൾ തുടർച്ചയായി ഇത്തരം ചുമതലകൾ നിർവഹിക്കുന്ന രീതി ഒഴിവാക്കി, നിശ്ചിത ഇടവേളകളിൽ പാനൽ പുതുക്കുകയും പുതിയ വിദഗ്ധർക്ക് അവസരം നൽകുകയും വേണം. ഇതിലൂടെ പരീക്ഷാ സംവിധാനത്തിന്റെ നിഷ്പക്ഷതയും വൈവിധ്യവും ഗുണനിലവാരവും ഉറപ്പാക്കാൻ കഴിയും. വിഷയവിദഗ്ധർക്ക് പരീക്ഷയുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമപരവുമായ അടിസ്ഥാന മാർഗനിർദേശങ്ങൾ മനസ്സിലാക്കി കൊടുക്കാൻ പി എസ് സി ആഭ്യന്തര ഇടപെടലുകൾ നടത്തണം.

  • വിജ്ഞാപനം മുതൽ നിയമനം വരെയുള്ള ഓരോ ഘട്ടത്തിനും വ്യക്തവും ഏകീകൃതവുമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) തയ്യാറാക്കണം. ഇത് ഒരു നടപടിക്രമരേഖ മാത്രമല്ല, നിയമനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന സമഗ്ര ചട്ടക്കൂടായിരിക്കണം.

  • ദേശീയ തൊഴിൽ പ്രവേശന പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്നുണ്ട്. ആവശ്യമായ സാങ്കേതിക സുരക്ഷ ഉറപ്പാക്കി ഘട്ടംഘട്ടമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാസംവിധാനം കേരളത്തിലും നടപ്പിലാക്കാവുന്നതാണ്.

  • പി.എസ്.സി.യുമായി ബന്ധപ്പെട്ട പരാതികളും, പരാതിക്കാരുടെ നിർദേശങ്ങളും, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം, ഉത്തരസൂചിക, റാങ്ക് പട്ടിക, നിയമന നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും രേഖപ്പെടുത്താൻ ഏകീകൃത ഡിജിറ്റൽ പരാതി പരിഹാര പോർട്ടൽ ആവശ്യമാണ്. ഓരോ പരാതിക്കും ട്രാക്കിംഗ് സംവിധാനവും ഒരുക്കണം.

  • ചോദ്യപേപ്പറുകൾ, ഉത്തരസൂചികകൾ, വിജ്ഞാപനങ്ങൾ, സിലബസുകൾ, നിർദേശങ്ങൾ, രേഖകൾ എന്നിവയിലെ പരിഭാഷാ പിഴവുകളും ഭാഷാപരമായ അവ്യക്തതകളും ഒഴിവാക്കുന്നതിന് പി.എസ്.സി.യിൽ സ്ഥിരമായ പരിഭാഷാ-ഗുണനിലവാര പരിശോധനാ വിഭാഗം രൂപീകരിക്കണം. ഭാഷാവിദഗ്ധർ, വിഷയവിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന ഈ വിഭാഗം എല്ലാ പരീക്ഷാരേഖകൾക്കും പരിശോധന ഉറപ്പാക്കണം. കൂടാതെ, വിവിധ വിഷയങ്ങൾക്കായി ബഹുഭാഷാ സാങ്കേതിക പദാവലി (Standard Bilingual Terminology Database) രൂപീകരിക്കുകയും കാലാനുസൃതമായി പുതുക്കുകയും വേണം. പരിഭാഷ പിഴവുകൾ, ആവർത്തിക്കപ്പെടുന്ന ചോദ്യങ്ങളും ഓപ്ഷനുകളും, ഉത്തരസൂചിക, ഗുണനിലവാര പരിശോധന എന്നിവയ്ക്കായി പി എസ് സിക്ക് സ്വന്തമായി നിർമ്മിത ബുദ്ധി (AI) സംവിധാനം വികസിപ്പിക്കാവുന്നതാണ്.

  • പരീക്ഷകളുമായി ബന്ധപ്പെട്ട രേഖകൾ, ഉത്തരസൂചികകൾ, മൂല്യനിർണയവുമായി ബന്ധപ്പെട്ട വിവരങ്ങൾ, റാങ്ക് പട്ടികകൾ, നിയമന നടപടികൾ എന്നിവ സംബന്ധിച്ച് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും നടപടിക്രമവും രൂപീകരിക്കണം. അതോടൊപ്പം, വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് പൂർണവും കൃത്യവും ഉത്തരവാദിത്വപൂർണവുമായ മറുപടി നൽകുന്ന രീതി ശക്തിപ്പെടുത്തണം. (വ്യക്തിപരമായ അനുഭവത്തിൽ ഇക്കാര്യത്തിൽ വിമർശനമുണ്ട്)

  • പി.എസ്.സിയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം സംരക്ഷിച്ച് പരീക്ഷാ നടത്തിപ്പ്, പരാതിപരിഹാരം, നടപടിക്രമങ്ങളിലെ സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന സ്വതന്ത്ര ഓംബുഡ്സ്മാൻ സംവിധാനം ആവശ്യമാണ്.

  • നിയമനങ്ങൾ, ഒഴിവുകൾ, കാലതാമസം, പരാതികൾ, പരിഹാരനടപടികൾ, പരീക്ഷാ സ്ഥിതിവിവരക്കണക്കുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വാർഷിക പ്രവർത്തന റിപ്പോർട്ട് നിശ്ചിത ഇടവേളകളിൽ പ്രസിദ്ധീകരിക്കണം.

  • സർക്കാർ നിയമനങ്ങൾ, ഒഴിവുകൾ, നിയമനനിരക്ക്, കാലതാമസം, പരീക്ഷാ പരിഷ്കാരങ്ങൾ, മാതൃകകൾ, പൊതുജനാഭിപ്രായ പഠനങ്ങൾ, പരിശീലനങ്ങൾ എന്നിവയിൽ സ്ഥിരമായ ഗവേഷണവും നയപരമായ ശുപാർശകളും നൽകുന്നതിന് കേരള പബ്ലിക് സർവീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം.

  • ഓരോ വർഷവും പരീക്ഷാരീതിയും ചോദ്യ രൂപീകരണവും മെച്ചപ്പെടുത്താൻ നവീനമായ ഉള്ളടക്കങ്ങൾക്കു സാധ്യതയൊരുക്കുന്ന ആഭ്യന്തര ഗവേഷണ വിഭാഗവും പരീക്ഷാ അവലോകന വിഭാഗവും ഗുണനിലവാര പരിശോധനാവിഭാഗവും അനിവാര്യമാണ്.

  • ഓരോ റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് അതിലെ എല്ലാ വിവരങ്ങളും നിർബന്ധമായും സമഗ്രമായ അന്തിമ പരിശോധനയ്ക്ക് വിധേയമാക്കണം. ഈ പരിശോധന നടന്നതായി തെളിയിക്കുന്ന ചെക്ക്ലിസ്റ്റ്, ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള സ്ഥിരീകരണം, പരിശോധനാ രേഖകൾ എന്നിവ പി എസ് സിയുടെ ആഭ്യന്തര രേഖകളിൽ സൂക്ഷിക്കണം. ഈ പരിശോധനാ നടപടിക്രമം ആഭ്യന്തര ഓഡിറ്റിനും അന്വേഷണത്തിനും തെളിവായി ഉപയോഗിക്കാനാകുന്ന തരത്തിലായിരിക്കണം. അതിനാദ്യം, പി എസ് സിയുടെ ആഭ്യന്തര അന്വേഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം

  • പരീക്ഷാ സെന്ററുകളിൽ ബയോമെട്രിക് തിരിച്ചറിയൽ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനം നടപ്പാക്കണം. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധമാക്കണം.

  • എല്ലാ സർക്കാർ വകുപ്പുകളിലെയും സ്ഥിരവും താൽക്കാലികവും പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകൾ തത്സമയം രേഖപ്പെടുത്തുന്ന ഏകീകൃത ഡിജിറ്റൽ സംവിധാനം അനിവാര്യമാണ്. ഒഴിവുണ്ടായാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പി എസ് സി യെ അറിയിക്കുന്നത് നിർബന്ധമാക്കുകയും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി ഉറപ്പാക്കുകയും വേണം. ഭാവിയിലെ ഒഴിവ് മുൻകൂട്ടി കണക്കാക്കാൻ കഴിയുന്ന സംവിധാനം (Predictive Vacancy Analytics) കൂടി ഇതിന്റെ ഭാഗമാകണം.

  • പല വകുപ്പുകളിലേക്കും തസ്തികകളിലേക്കും നടത്തിവരുന്ന ഒറ്റ പരീക്ഷാസംവിധാനം പുനഃ പരിശോധിക്കണം. ഓരോ വകുപ്പിനും പ്രത്യേകമായി പരീക്ഷകൾ നടത്തണം. ഒന്നിലധികം തസ്തികളിലേക്കുള്ള പരീക്ഷകൾ ഒരു പരീക്ഷയായി മാത്രം ചുരുക്കുന്നത് ഉദ്യോഗാർത്ഥികളെ ബാധിക്കുന്നുണ്ട്.

പി.എസ്.സി പരീക്ഷ
ഇങ്ങനെ മതിയോ?

പി എസ് സി പരീക്ഷാരീതിയെക്കുറിച്ചും പുനർവിചിന്തനം ആവശ്യമാണ്. ചോദ്യപേപ്പറുകൾ പലപ്പോഴും കോച്ചിംഗ് സ്ഥാപനങ്ങളുടെ പഠനസാമഗ്രികളുമായും പരിശീലനരീതികളുമായും അടുത്ത ബന്ധം പുലർത്തുന്നു എന്ന ആരോപണം വ്യാപകമാണ്. (2026- ലെ യു പി സി പ്രാഥമിക പരീക്ഷയിൽ ഈ വിവാദം ഉയർന്നിരുന്നു.) അത്തരമൊരു പൊതുധാരണ തന്നെ പരീക്ഷാ സംവിധാനത്തെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കാണാപ്പാഠം, ട്രിക്കുകൾ, കോഡുകൾ എന്നിവ ആശ്രയിച്ചുള്ള പരീക്ഷാസംസ്കാരം ശക്തിപ്പെടുകയും ഉദ്യോഗാർഥിയുടെ ചിന്താശേഷിയും ആശയവിനിമയശേഷിയും വിശകലനകഴിവും വിലയിരുത്തപ്പെടാതെ പോകുകയും ചെയ്യുന്നു.

പരീക്ഷാനിലവാരം നിർണയിക്കേണ്ടത് കമ്മീഷന്റെ സ്വതന്ത്ര അക്കാദമിക സമീപനത്തിന്റെ അടിസ്ഥാനത്തിലാകണം. പരീക്ഷകൾ വസ്തുതകൾ (facts) ഓർമ്മിച്ചുവയ്ക്കാനുള്ള കഴിവിനാണോ അമിത പ്രാധാന്യം നൽകേണ്ടത് എന്ന ചോദ്യം സ്വയം ചോദിക്കേണ്ടതാണ്. വിശകലനശേഷി, യുക്തിചിന്ത, പ്രശ്നപരിഹാര ശേഷി, ഭരണപരമായ വിവേചനബോധം, ഭരണഘടനാപരമായ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, മാറുന്ന സാഹചര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയാണ് ഉദ്യോഗസ്ഥരുടെ യോഗ്യത നിർണയിക്കേണ്ടത്. ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള ആദ്യഘട്ടത്തിൽ തന്നെ അവരുടെ ചിന്താശേഷിക്കും വിശകലനശേഷിക്കും ആശയവിനിമയശേഷിക്കും യാതൊരു ഇടവും നൽകാതെ പോകുന്നത് ശരിയായ സമീപനമല്ല.

ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള ആദ്യഘട്ടത്തിൽ തന്നെ അവരുടെ ചിന്താശേഷിക്കും വിശകലനശേഷിക്കും ആശയവിനിമയശേഷിക്കും യാതൊരു ഇടവും നൽകാതെ പോകുന്നത് ശരിയായ സമീപനമല്ല.
ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള ആദ്യഘട്ടത്തിൽ തന്നെ അവരുടെ ചിന്താശേഷിക്കും വിശകലനശേഷിക്കും ആശയവിനിമയശേഷിക്കും യാതൊരു ഇടവും നൽകാതെ പോകുന്നത് ശരിയായ സമീപനമല്ല.

മിക്ക പരീക്ഷകളിലും ആദ്യഘട്ടം വസ്തുതകൾ ഓർമ്മിച്ചുവയ്ക്കാനുള്ള രീതിയിലേക്ക് ചുരുങ്ങുമ്പോൾ ഭരണപരമായ വിവേകം, യുക്തിചിന്ത, സാമൂഹിക പ്രശ്നങ്ങളെ സമീപിക്കുന്ന രീതി, ആശയങ്ങൾ ക്രമീകരിച്ച് അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയ നിർണായകമായ ഗുണങ്ങൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കാതെ പോകുന്നു. പല പരീക്ഷകളുടെയും കട്ട് ഓഫ് വളരെ ഉയർന്നതാണ്. ചോദ്യങ്ങളുടെ പ്രഡിക്ടിവിറ്റി കൂടിയാണ് അതിന്റെ കാരണം. അതിനാൽ പ്രാഥമിക പരീക്ഷയുടെ സ്വഭാവം വൈവിധ്യപൂർണമാക്കേണ്ടതുണ്ട്. ഒബ്ജക്റ്റീവ് ചോദ്യങ്ങളിൽ തന്നെ വിശകലനശേഷി, സാഹചര്യവിശകലനം, തീരുമാനമെടുക്കൽ, പൊതുഭരണത്തെക്കുറിച്ചുള്ള പ്രായോഗിക ധാരണ എന്നിവ പരിശോധിക്കുന്ന ചോദ്യങ്ങളുടെ അനുപാതം വർധിപ്പിക്കണം. അതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തിലെങ്കിലും നിശ്ചിത അനുപാതത്തിൽ വിഷയാധിഷ്ഠിതമായ ഹ്രസ്വ വിവരണാത്മക ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതും പരിഗണിക്കാം.

പി എസ് സിയുടെ ഫാക്റ്റ് റീകോൾ കേന്ദ്രീകൃത പരീക്ഷാരീതി മാറേണ്ടതുണ്ട്. വസ്തുതാപരമായ അറിവ് തീർച്ചയായും ആവശ്യമാണ്. എന്നാൽ, പൊതുസേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെങ്കിൽ പരീക്ഷകൾ പൊതുസേവനത്തിനാവശ്യമായ കഴിവുകൾ കണ്ടെത്തുന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്.

അതുപോലെ, വിശദീകരണ സ്വഭാവമുള്ള ചോദ്യങ്ങളിലും അതിന്റെ ഉത്തരങ്ങളായി വരുന്ന ഓപ്ഷനുകളിലും ആശയ വ്യക്തതക്കുറവ് സംഭവിച്ചിക്കുന്നുണ്ട്. ചില ചോദ്യങ്ങളുടെ ഒഴിവാക്കലുകളിലേക്ക് അത് നയിക്കാറുണ്ട്. ഇതിൽ ക്ലാരിറ്റി വളരെ പ്രധാനമാണ്.

പി.എസ്.സിയുടെ വിശ്വാസ്യത പരീക്ഷാനടത്തിപ്പിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, സ്ഥാപനത്തിന്റെ നേതൃത്വം രൂപപ്പെടുന്ന രീതിയും അത്രതന്നെ പ്രധാനമാണ്.

വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായ ഡിജിറ്റൽ കാലത്ത്, വിവരങ്ങൾ കാണാപ്പാഠമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായിരിക്കരുത് ഒരു മത്സരപ്പരീക്ഷയുടെ ലക്ഷ്യം. വിവരങ്ങൾ മനസ്സിലാക്കി വിശകലനം ചെയ്യാനും, പരസ്പരം ബന്ധിപ്പിക്കാനും, യുക്തിസഹമായ തീരുമാനങ്ങളിലെത്താനും കഴിയുന്ന ശേഷിയാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്. ഈ മാറ്റം കോച്ചിംഗ് സംസ്കാരത്തിലും ഗുണപരമായ മാറ്റം സൃഷ്ടിക്കും. ട്രിക്കുകളും കോഡുകളും മാത്രം പഠിപ്പിക്കുന്ന പരിശീലനത്തിനുപകരം, ആശയഗ്രഹണം, വിശകലനം, എഴുത്ത്, ഭാഷാപ്രയോഗം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിശീലനരീതിയിലേക്ക് സ്ഥാപനങ്ങൾ മാറേണ്ടിവരും. പി എസ് സി ബുള്ളറ്റിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലും ഈ മാറ്റം പ്രതിഫലിക്കണം.

റാങ്ക് ലിസ്റ്റുകളിലെ മനുഷ്യർ

ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴായിരിക്കും ചില വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. സംവിധാനങ്ങളുടെ ഏകോപന കുറവാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരം അനാസ്ഥകൾ ബാധിക്കുന്നത് ഉദ്യോഗാർത്ഥികളെയാണ്. എം എൽ എമാരുടെയും മന്ത്രിമാരുടെയും ഓഫീസുകളും സെക്രട്ടറിയേറ്റും പി.എസ്.സി ഓഫീസും കയറിയിറങ്ങി, നിയമനത്തിനായി കഷ്ടപ്പെടുന്ന ഒരുപാട് ഉദ്യോഗാർത്ഥികളുണ്ട്. കടുത്ത നിരാശയാണ് അവരെ സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരസമരം നടത്താനും പുല്ല് കഴിക്കാനും ഉപ്പിൽ മുട്ടുകുത്താനും തലമുണ്ഡനം ചെയ്യാനും ശയനപ്രദക്ഷിണം നടത്താനും നിർബന്ധിതരാക്കിയത്. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്ത പലരോടും നേരിൽ സംസാരിച്ചിട്ടുണ്ട്. പ്രതീക്ഷകൾ നഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രതിഷേധം അവരുടെ വാക്കുകളിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ ജോലി ലഭിക്കാനായി ഇത്തരത്തിൽ സമരം ചെയ്യേണ്ടിവരുന്നത് മനുഷ്യാവകാശവിരുദ്ധതയാണ്. അതുകൊണ്ട് ഒഴിവുകൾ നിശ്ചിത സമയത്ത് നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ട നിയമബാധ്യത കൊണ്ടുവരണം.

സെക്രട്ടറിയേറ്റ്, നിയമസഭ, പി എസ് സി ഉൾപ്പെടെയുള്ള ഇടങ്ങളിൽ നീതിക്കായും തൊഴിലവകാശത്തിനായും കയറിയിറങ്ങുന്ന വിവിധ റാങ്ക് ലിസ്റ്റുകളിലെ മനുഷ്യർക്കൊപ്പം കുറച്ചുകാലമായി സഞ്ചരിച്ചുവരികയാണ്. അവരുടെ അവകാശങ്ങളുടെ സാമൂഹികമായ തലം ബോധ്യമുള്ളതുകൊണ്ടുകൂടിയാണ് അവർക്കൊപ്പം സഞ്ചരിക്കുന്നത്.

പലതരം സമ്മർദ്ദങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികളിലും അരക്ഷിതാവസ്ഥകളിലുമാണ് ഈ മനുഷ്യർ കഴിഞ്ഞുകൂടുന്നത്. വ്യക്തതയില്ലാത്ത നിയമനനയങ്ങളിൽ കുരുങ്ങി, നിയമനഉത്തരവിന് ഓടിനടക്കുന്ന ഈ മനുഷ്യരോടുള്ള ഭരണസംവിധാനത്തിന്റെയും പി എസ് സിയുടെയും മനോഭാവം നേരിൽ കാണാനുള്ള സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. തികച്ചും സാങ്കേതികവും യാ​ന്ത്രികവുമായാണ് ഈ മനുഷ്യരോടുള്ള സമീപനം. രോഷവും വിമർശനവും തോന്നിയ സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.

സെക്രട്ടറിയേറ്റ്, നിയമസഭ, പി എസ് സി ഉൾപ്പെടെയുള്ള ഇടങ്ങളിൽ നീതിക്കായും തൊഴിലവകാശത്തിനായും കയറിയിറങ്ങുന്ന വിവിധ റാങ്ക് ലിസ്റ്റുകളിലെ മനുഷ്യർക്കൊപ്പം കുറച്ചുകാലമായി സഞ്ചരിച്ചുവരികയാണ്
സെക്രട്ടറിയേറ്റ്, നിയമസഭ, പി എസ് സി ഉൾപ്പെടെയുള്ള ഇടങ്ങളിൽ നീതിക്കായും തൊഴിലവകാശത്തിനായും കയറിയിറങ്ങുന്ന വിവിധ റാങ്ക് ലിസ്റ്റുകളിലെ മനുഷ്യർക്കൊപ്പം കുറച്ചുകാലമായി സഞ്ചരിച്ചുവരികയാണ്

പി എസ് സിയോട് ചില ചോദ്യങ്ങൾ

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പി എസ് സി പുറത്തിറക്കിയ പ്രസ്താവനകൾ പോലും പരീക്ഷാനടത്തിപ്പിന്റെയും മൂല്യനിർണയ സംവിധാനങ്ങളുടെയും ഗുണനിലവാരം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്.

ഓൺസ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിൽ സാങ്കേതിക പിഴവിനെ തുടർന്ന് ചില ചോദ്യങ്ങൾ മൂല്യനിർണയത്തിന് വിധേയമായില്ലെന്ന കണ്ടെത്തൽ, പരീക്ഷാനടത്തിപ്പിൽ സാങ്കേതിക ഓഡിറ്റ്, ഗുണനിലവാരപരിശോധന, ആഭ്യന്തര മേൽനോട്ടം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തി തുടങ്ങിയവ ചൂണ്ടിക്കാണിക്കുന്നു (2026-ലെ സി ബി എസ് ഇ പരീക്ഷാ ഫലപ്രഖ്യാപനത്തിലും ഓൺ സ്ക്രീൻ മാർക്കിംഗ് വിവാദം ദേശീയതലത്തിൽ ചർച്ചയായതാണ്). ആഭ്യന്തര പരിശോധനയിലൂടെയല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് ഈയൊരു പ്രസ്താവനയിലേക്ക് പി എസ് സിയെ നയിച്ചത് എന്നതാണ് വിരോധാഭാസം.

ഓൺ സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിൽ സാങ്കേതിക പിഴവുണ്ടായതായി വ്യക്തമാക്കിയ സാഹചര്യത്തിൽ കമീഷൻ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്:

  • എന്തുകൊണ്ടാണ് പിഴവ് സമയബന്ധിതമായി കണ്ടെത്താതിരുന്നത്?

  • അന്തിമഫലം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ആവശ്യമായ ഗുണനിലവാര പരിശോധന നടന്നിരുന്നോ?

  • ആഭ്യന്തര മേൽനോട്ട സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചിരുന്നോ?
    ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നിലവിലുള്ള നടപടിക്രമങ്ങൾ പര്യാപ്തമാണോ?

ഒരു ആധുനിക പരീക്ഷാസംവിധാനത്തിൽ സാങ്കേതികവിദ്യ മനുഷ്യന്റെ ഉത്തരവാദിത്വത്തെ പകരംവയ്ക്കുന്നതല്ല, മറിച്ച് അതിനെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഉപകരണമാണ്. അതിനാൽ സാങ്കേതിക പിഴവ് അന്തിമഫലത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ, സാങ്കേതിക സംവിധാനത്തോടൊപ്പം അതിന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനപരമായ സംവിധാനങ്ങളും ഒരുപോലെ വിലയിരുത്തപ്പെടണം. അതിലൂടെ മാത്രമേ ഇവ ആവർത്തിക്കുന്നത് തടയാൻ കഴിയൂ.

ഇവയെ ഒറ്റപ്പെട്ട പിഴവുകളായി കാണാതെ നവീകരിക്കപ്പെടാനുള്ള അവസരമായി കാണണം. പരീക്ഷാ നടത്തിപ്പ്, ഡിജിറ്റൽ മൂല്യനിർണയം, ചോദ്യനിർമാണം, ഫലപ്രഖ്യാപനം എന്നിവയുടെ ഓരോ ഘട്ടത്തിലും സ്വതന്ത്രമായ ഗുണനിലവാര പരിശോധന (Quality Assurance) നിർബന്ധമാക്കണം. ഒരു സാങ്കേതിക പിഴവുപോലും ഒരു ഉദ്യോഗാർഥിയുടെ വർഷങ്ങളുടെ അധ്വാനത്തെ ബാധിക്കാവുന്ന സാഹചര്യത്തിൽ, അനീതി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിയമപരമായ ബാധ്യത പി എസ് സിക്കുണ്ട്.

അന്വേഷണ റിപ്പോർട്ടിലോ കുറ്റപത്രത്തിലോ അവസാനിപ്പിക്കാതെ, കൂടുതൽ വിശ്വാസ്യതയുള്ളതും സുതാര്യവും ഉത്തരവാദിത്വ പൂർണവുമായ പരിഷ്കാരങ്ങൾ രൂപപ്പെടണം. കുറ്റം ചെയ്തവർക്കെതിരെ നിയമനടപടിയെടുത്തതുകൊണ്ടുമാത്രം ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കപ്പെടുന്നില്ല. നിയമപരമായ ഉത്തരവാദിത്തവും സ്ഥാപനപരമായ വിശ്വാസപുനഃസ്ഥാപനവും വ്യത്യസ്ത പ്രക്രിയകളാണ്. ഒന്നാമത്തേത് സംഭവിച്ച വീഴ്ചകൾക്ക് ഉത്തരവാദിത്വം ഉറപ്പാക്കുന്നു, രണ്ടാമത്തേത് ഭാവിയിൽ വീഴ്ച സംഭവിക്കില്ലെന്ന ഉറപ്പുവരുത്തലാണ്.

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്ത പലരോടും നേരിൽ സംസാരിച്ചിട്ടുണ്ട്. പ്രതീക്ഷകൾ നഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രതിഷേധം അവരുടെ വാക്കുകളിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ ജോലി ലഭിക്കാനായി ഇത്തരത്തിൽ സമരം ചെയ്യേണ്ടിവരുന്നത് മനുഷ്യാവകാശവിരുദ്ധതയാണ്.

അതുകൊണ്ടുതന്നെ, ഒരു ഭരണഘടനാസ്ഥാപനം ഗുരുതരമായ വിശ്വാസപ്രതിസന്ധി നേരിടുമ്പോൾ അതിന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ സ്ഥാപനപരമായി പരിഷ്കരിക്കണം എന്നതിനുള്ള ചട്ടക്കൂട് ( Institutional Recovery Framework ) വികസിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനരീതികൾ സ്വതന്ത്രമായി വിലയിരുത്തുക, ആവശ്യമായ പരിഷ്കാരങ്ങൾക്ക് സമയബന്ധിതമായ പ്രവർത്തനപദ്ധതി തയ്യാറാക്കുക, മേൽനോട്ടം വഹിക്കുക, പൊതുവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ വിലയിരുത്തുക തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനാപരമായ ചട്ടക്കൂട് രൂപപ്പെടേണ്ടതുണ്ട്. ഇത് കമ്മീഷന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള സംവിധാനമല്ല, മറിച്ച് ആ സ്വാതന്ത്ര്യത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്താനുള്ള സംവിധാനമാണ്.

 ഒരു സാങ്കേതിക പിഴവുപോലും ഒരു ഉദ്യോഗാർഥിയുടെ വർഷങ്ങളുടെ അധ്വാനത്തെ ബാധിക്കാവുന്ന സാഹചര്യത്തിൽ, അനീതി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിയമപരമായ ബാധ്യത പി എസ് സിക്കുണ്ട്.
ഒരു സാങ്കേതിക പിഴവുപോലും ഒരു ഉദ്യോഗാർഥിയുടെ വർഷങ്ങളുടെ അധ്വാനത്തെ ബാധിക്കാവുന്ന സാഹചര്യത്തിൽ, അനീതി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിയമപരമായ ബാധ്യത പി എസ് സിക്കുണ്ട്.

ആരോപണങ്ങളെ വിവാദത്തിലേക്ക് ചുരുക്കാതെ, സ്ഥാപനപരമായ പരിഷ്കാരങ്ങൾക്കുള്ള അവസരമാക്കി മാറ്റിയാൽ, അത് രാജ്യത്തെ പൊതുനിയമനസംവിധാനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള ഇടപെടലുകളുടെ ജനകീയ ചുവടുവെപ്പായി മാറും, ഒരു ‘കേരളീയ മാതൃക’ കൂടിയാകും.

വിവിധ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകൾ ഗുരുതരമായ വിവാദങ്ങളിലൂടെയും അഴിമതി ആരോപണങ്ങളിലൂടെയും നിയമപരമായ തർക്കങ്ങളിലൂടെയും കടന്നുപോവുകയാണ്. സമീപകാലത്ത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി, സി ബി എസ് ഇ പരീക്ഷാബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, പൊതുപരീക്ഷകളും പൊതുനിയമനങ്ങളും നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന വിശ്വാസ പുനഃസ്ഥാപനാ ചട്ടക്കൂടിനെക്കുറിച്ചുള്ള ദേശീയ കാഴ്ചപ്പാട് അനിവാര്യമാണ്.

പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ Public Examinations (Prevention of Unfair Means) Act, 2024 എന്ന സംവിധാനമുണ്ടെങ്കിലും പരീക്ഷാ സ്ഥാപനങ്ങളുടെ ആഭ്യന്തര ഉത്തരവാദിത്വം, സ്ഥാപനപരമായ പരിഷ്കാരം, പൊതുവിശ്വാസത്തിന്റെ പുനർനിർമാണം എന്നിവയെ ശക്തമായി അഭിസംബോധന ചെയ്യുന്ന അനുബന്ധ നിയമ- നയ സംവിധാനങ്ങൾ രൂപപ്പെടേണ്ടതുണ്ട്.

വിമർശിക്കാം, പക്ഷെ, കൊല്ലരുത്

ഒരു സ്ഥാപനത്തെ തകർക്കുക എളുപ്പമാണ്, എന്നാൽ അതിനെ കൂടുതൽ ശക്തവും വിശ്വാസ്യതയോടെയും പുനർനിർമിക്കുക അതീവ സങ്കീർണമായ ജനാധിപത്യ ദൗത്യമാണ്. അത് സ്ഥാപനപരമായി ഏറ്റെടുക്കാൻ കഴിയുമ്പോഴാണ് ഒരു ഭരണഘടനാസ്ഥാപനം സ്വയം നവീകരിക്കപ്പെടുക.

പി എസ് സിയെക്കുറിച്ചുള്ള വിമർശനങ്ങളുടെ അന്തിമലക്ഷ്യം, ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുക എന്നതായിരിക്കരുത്, അതിനെ കാര്യക്ഷമമായ സ്ഥാപനമാക്കി മാറ്റുക എന്നതായിരിക്കണം.

പി.എസ്.സിയെ സംബന്ധിച്ച് മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ "പൊളിറ്റിക്കൽ സർവീസ് കമ്മീഷൻ" എന്നൊക്കെയുള്ള ആക്ഷേപങ്ങൾ കാണാം. അധികാരസ്ഥാപനങ്ങളെ നിരീക്ഷിക്കുകയും പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ വിമർശിക്കുകയും ചെയ്യുക എന്നതു കൂടിയാണ് ജനാധിപത്യ സമൂഹത്തിൽ മാധ്യമങ്ങളുടെ പങ്ക്. പി എസ് സിയെക്കുറിച്ചുള്ള വിമർശനങ്ങളും അതേ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം വിമർശനങ്ങളുടെ അന്തിമലക്ഷ്യം, ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുക എന്നതായിരിക്കരുത്, അതിനെ കാര്യക്ഷമമായ സ്ഥാപനമാക്കി മാറ്റുക എന്നതായിരിക്കണം. (നിലവിലുള്ള ചർച്ചകൾ അതിലേക്കല്ല കേന്ദ്രീകരിക്കപ്പെടുന്നത്). വിമർശനങ്ങളെ ആത്മപരിശോധനയ്ക്കും നവീകരണത്തിനുമുള്ള അവസരമാക്കി മാറ്റാൻ കഴിയുന്ന ഒരു പി എസ് സിയെയാണ് കേരളത്തിലെ തൊഴിലന്വേഷകർ ആഗ്രഹിക്കുന്നത്.

ഉദ്യോഗാർഥി എന്ന നിലയിലും ഭരണഘടനാമൂല്യങ്ങളിൽ വിശ്വസിക്കുന്ന പൗര എന്ന നിലയിലും തോന്നിയ ചില ചിന്തകളാണ് പങ്കുവെച്ചത്. സ്വാഭാവികമായും പല കാര്യങ്ങളിലും ശക്തമായ വിമർശനങ്ങളുണ്ട്. (ഇപ്പോൾ വിമർശനത്തെക്കാൾ പരിഹാരത്തിനാണ് വ്യക്തിപരമായി പ്രാധാന്യം നൽകുന്നത്). നിലവിലുള്ള സംവിധാനത്തിലെ പോരായ്മകളും വെല്ലുവിളികളും ചൂണ്ടിക്കാണിക്കുന്നതിനൊപ്പം, അവയ്ക്ക് പ്രായോഗികവും സ്ഥാപനപരവുമായ പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കേണ്ടതിന്റെ ആവശ്യകതയാണ് ഉന്നയിക്കാൻ ശ്രമിച്ചിട്ടുള്ളത്.

ജനാധിപത്യത്തിൽ വിമർശനം അനിവാര്യമാണ്. എന്നാൽ, അവ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, പരിഷ്കാരങ്ങൾക്കും നയപരമായ മാറ്റങ്ങൾക്കും വഴിയൊരുക്കുമ്പോഴാണ് അവ കൂടുതൽ അർത്ഥവത്താകുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പി എസ് സി പുറത്തിറക്കിയ പ്രസ്താവനയിൽ, കമ്മീഷന്റെ പാരമ്പര്യവും ഭരണഘടനാപരമായ സ്വാതന്ത്ര്യവും വിശ്വാസ്യതയും സംരക്ഷിക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിശ്വാസ്യത പ്രസ്താവനകളിലൂടെ മാത്രം ഉറപ്പിക്കപ്പെടുന്ന ഒന്നല്ല, സുതാര്യമായ നടപടിക്രമങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ ന്യായമായ ചോദ്യങ്ങൾക്ക് സ്ഥാപനപരമായി മറുപടി നൽകാനുള്ള സന്നദ്ധതയിലൂടെയും തുടർച്ചയായ ആത്മപരിശോധനയിലൂടെയുമാണ് അത് ശക്തിപ്പെടുന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പി എസ് സി പുറത്തിറക്കിയ പ്രസ്താവനകൾ പോലും പരീക്ഷാനടത്തിപ്പിന്റെയും മൂല്യനിർണയ സംവിധാനങ്ങളുടെയും ഗുണനിലവാരം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പി എസ് സി പുറത്തിറക്കിയ പ്രസ്താവനകൾ പോലും പരീക്ഷാനടത്തിപ്പിന്റെയും മൂല്യനിർണയ സംവിധാനങ്ങളുടെയും ഗുണനിലവാരം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്.

മാധ്യമങ്ങൾ "പിശകുകളെ പർവതീകരിക്കരുത്" എന്ന അഭ്യർഥന പ്രസ്താവനയിലുണ്ട്. ആശങ്കകൾക്ക് കാരണമായ നടപടിക്രമങ്ങൾ എങ്ങനെ തിരുത്താമെന്നും ശക്തിപ്പെടുത്താമെന്നും വിശദീകരിക്കുന്നതാണ് പി.എസ്. സിയുടെ പൊതുവിശ്വാസം വർധിപ്പിക്കാൻ കൂടുതൽ സഹായകമാകുക. ജനാധിപത്യത്തിൽ മാധ്യമവിമർശനവും പൊതുജനങ്ങളുടെ ചോദ്യങ്ങളും ആക്രമണമായി കാണേണ്ടതില്ല, മറിച്ച് സ്ഥാപനത്തെ കൂടുതൽ ഉത്തരവാദിത്തമുള്ളതും സുതാര്യവുമാക്കുന്ന ജനാധിപത്യപരമായ പരിശോധനയുടെ ഭാഗമായാണ് കാണേണ്ടത്.

അതിനാൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും ആവശ്യം വിശ്വാസം ആവശ്യപ്പെടുന്ന പ്രസ്താവനകളല്ല, വിശ്വാസം ദൃഢമാക്കുന്ന നടപടികളാണ്. ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം സമഗ്രമായും സമയബന്ധിതമായും പൂർത്തിയാക്കുക, പോരായ്മകൾ പരസ്യമായി അംഗീകരിക്കുക, അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനപദ്ധതി പ്രഖ്യാപിക്കുക, സ്ഥാപനപരമായ പരിഷ്കാരങ്ങൾ നടപ്പാക്കുക എന്നിവയാണ് പി എസ് സിയുടെ ചരിത്രപരമായ വിശ്വാസ്യതയെ കൂടുതൽ ശക്തിപ്പെടുത്തുക.

Comments