ഒരു മണിക്കൂറിൽ കുറഞ്ഞേ ഉറങ്ങിയിട്ടുണ്ടായിരുന്നുള്ളൂ. പൊടുന്നനെ ഭീകരത മുറ്റിയ ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു.
'സോർബ’, ഞാൻ നിലവിളിച്ചു, ‘നീ ഒരു വെടിയൊച്ച കേട്ടുവോ?’
‘ഭയപ്പെടേണ്ട ബോസ്’, സോർബ പറഞ്ഞു. അവൻ ദേഷ്യമടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ‘അവർ അവരുടെ കണക്കുകൾ തീർക്കട്ടെ. പന്നികൾ’.
ഇടനാഴിയിൽ നിന്ന് നിലവിളികൾ ഉയർന്നു. കനത്ത പാദരക്ഷകൾ ഏച്ചുവലിച്ചു പോകുന്ന ശബ്ദം ഞങ്ങൾക്കു കേൾക്കാം. വാതിലുകൾ വലിച്ചടക്കുന്ന ശബ്ദം. വിദൂരത്തു നിന്നുള്ള ഒരു തേങ്ങൽ. ആർക്കോ മുറിവേറ്റ പോലെ.
ഞാൻ എന്റെ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു. വാതിൽ തുറന്നു. ശോഷിച്ച ഒരു വൃദ്ധൻ എന്റെ മുന്നിൽ പ്രത്യക്ഷമായി. ഞാൻ പുറത്തുപോകുന്നത് തടഞ്ഞുകൊണ്ട് അദ്ദേഹം കൈകൾ വിരിച്ചു. അദ്ദേഹം വെള്ള കൂർത്തയും മുട്ടോളമെത്തുന്ന വെളുത്ത കുപ്പായവും അണിഞ്ഞിരുന്നു.
‘എന്തായിരുന്നു ആ വെടിയൊച്ച, പ്രഭോ?’ ‘എനിക്കറിയില്ല... എനിക്കറിയില്ല’, അദ്ദേഹം വിക്കിവിക്കി പറഞ്ഞു. എന്നെ പതുക്കെ മുറിയിലേക്കു പിന്നാക്കം തള്ളി.
സോർബ കിടക്കയിൽ നിന്ന് പൊട്ടിച്ചിരിച്ചു.
അവൻ പറഞ്ഞു, ‘എങ്കിൽ അകത്തു വരൂ വയോവൃദ്ധാ, എന്നിട്ട് ഞങ്ങളുടെ കൂടെ നിൽക്കൂ. ഞങ്ങൾ സന്യാസിമാരല്ല. അതിനാൽത്തന്നെ ഭയപ്പെടേണ്ട ആവശ്യമില്ല’.
‘ബഹുമാന്യനായ അച്ചാ…’, ഞാൻ ചോദിച്ചു, ‘എന്തായിരുന്നു ആ റിവോൾവർ ഒച്ച വെച്ചത്?’
‘എനിക്കറിയില്ല എന്റെ മോനേ, ഞാൻ പാതിര വരെ ജോലി ചെയ്ത ശേഷം കിടക്കയിലേക്ക് പോയിട്ടുണ്ടായിരുന്നു. അപ്പോഴാണ് അടുത്തുള്ള ഫാദർ ഡെമെട്രിയോസിന്റെ മുറിയിൽ നിന്ന് ഞാനത് കേട്ടത്’.
‘ഹ..ഹ’, സോർബ ചിരിച്ചു കൊണ്ടു പറഞ്ഞു, ‘സഹാരിയ, നിങ്ങൾ ശരിയാണ് പറഞ്ഞത്. ആ വൃത്തികെട്ട പന്നി’.
ഇടനാഴിയിൽ ബഹളം നിലച്ചു. മൊണാസ്ട്രി ഒരിക്കൽ കൂടി നിശ്ശബ്ദതയിലേക്കു വീണു.
പ്രഭാതത്തിൽ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു. ആതിഥേയനായ സന്യാസിയുടെ കൃത്രിമത്വം നിറഞ്ഞ ശബ്ദം ചെവിയിൽ കേൾക്കാമെന്നായി, ‘വരൂ എഴുന്നേൽക്കൂ സഹോദരന്മാരെ, പ്രഭാത പ്രാർത്ഥനയ്ക്കുള്ള സമയമാണിത്’.
സോർബ ചാടിയെഴുന്നേറ്റു.
‘രാത്രിയിലെ റിവോൾവർ ശബ്ദം എന്തായിരുന്നു’, അവൻ അയാളുടെ അരികിൽ ചെന്ന് ഉച്ചത്തിൽ ആരാഞ്ഞു.
അയാൾ അല്പനേരം കാത്തു. നിശ്ശബ്ദത. സോർബ പറയുന്നത് സന്യാസി വാതിലിലൂടെ കേട്ടിരിക്കും. കാരണം അദ്ദേഹം ദീർഘനിശ്വാസം വിടുന്നത് ഞങ്ങൾക്കു കേൾക്കാമായിരുന്നു. സോർബ ദേഷ്യം കൊണ്ടു വിറച്ചു. ‘എന്തായിരുന്നു ആ റിവോൾവർ ശബ്ദം’, സോർബ പിന്നെയും ക്രുദ്ധനായി.
കാലടികൾ വേഗത്തിൽ അകന്നു പോകുന്നത് ഞങ്ങൾ കേട്ടു. ഒറ്റ കുതിപ്പിന് സോർബ വാതിലിനരികിലെത്തി. വാതിൽ തുറന്നു. ‘വൃത്തികെട്ട തെമ്മാടികൾ. നായ്ക്കൾ... ’, അവൻ ഒച്ചവച്ചു. പിൻവാങ്ങിയ സന്യാസി പോയവഴിയെ കാർക്കിച്ചു തുപ്പി.
‘പുരോഹിതർ, കന്യാസ്ത്രീകൾ, സന്യാസികൾ ചർച്ചു വാർഡന്മാർ, പാതിരിമാർ.
നിങ്ങൾക്കെല്ലാവർക്കുംകൂടി. അതാണ് നിങ്ങൾ അർഹിക്കുന്നത്’, അവൻ വീണ്ടും കാർക്കിച്ചു തുപ്പി.
‘നമുക്കു പോകാം’, ഞാൻ പറഞ്ഞു, ‘അന്തരീക്ഷത്തിൽ ചോര മണക്കുന്നു’.
ഞങ്ങൾ കുന്നു കയറി.
മൊണാസ്ട്രിയിലേക്ക് അവസാനത്തെ നോട്ടമയച്ചു.
"നിനക്ക് എന്തെങ്കിലും പിടി കിട്ടിയോ" ഞാൻ ചോദിച്ചു.
"റിവോൾവർ വെടി ഉതിർത്തതിനെക്കുറിച്ചാണോ? അതിനെക്കുറിച്ചാലോചിച്ചു തലപുണ്ണാക്കേണ്ട, ബോസ്. വൃദ്ധനായ സഹാരിയ പറഞ്ഞതു ശരി തന്നെ. ഡെമെട്രിയോസ് സൗമ്യനായ ആ കൊച്ചു സന്യാസിയെ കൊന്നു. അതുതന്നെ എനിക്കു മനസ്സിലായത്’’.
‘ഡെമെട്രിയോസ്? എന്തിന്?’
‘അത് പുറത്താരോടും പറയണ്ട. അത് വൃത്തികേടും ചതിയുമാണ്’.
(സോർബ ദ ഗ്രീക്ക്, കസാൻദ് സാക്കീസ്).
വെടിവെച്ചും വെട്ടിക്കൊന്നും തെരുവിലിട്ടു നുറുക്കിയും ആഘോഷിക്കുന്ന കുലധർമ്മത്തിന്റെ പ്രാകൃതനീതിയായി ലെനിനിസ്റ്റ് ദുർഗങ്ങൾ മാറിപ്പോയതിന്റെ മറുപുറമാണ് കസാൻദ് സാക്കീസ് തന്റെ പ്രസിദ്ധമായ 'സോർബ'യിൽ പറഞ്ഞുവെച്ചത്.
സ്വബോധം നഷ്ടപ്പെട്ട ആൾക്കൂട്ടങ്ങൾ ആണും പെണ്ണും ഭേദമില്ലാതെ ആഘോഷിക്കുന്ന കൊലയുടെ രാഷ്ട്രീയത്തിന് അവർ ന്യായം പറയുന്നത്, പട്ടാമ്പി കോളേജിലെ സെയ്താലി മുതൽ കൂത്തുപറമ്പ് രക്തസാക്ഷികൾ വരെ അവർക്കും നഷ്ടമായ ഗോത്രാംഗങ്ങളെ ആണയിട്ടാണ്.
സ്വകാര്യ സർവകലാശാലകൾക്കും സ്വാശ്രയ കോളേജുകൾക്കും ലജ്ജയേതുമില്ലാതെ അനുമതി നൽകാൻ തിടുക്കം കൂട്ടുന്ന സാമ്രാജ്യത്വ ദല്ലാളന്മാരുടെ ഭൂതകാലവും, തീർച്ചയായും ഇന്ത്യയിൽ മുപ്പതുകളിൽ ആരംഭിച്ച സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയായിത്തീർന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തന്നെയാണ്. മാലാഖമാർ പിശാചു ബാധയേറ്റ് മോൺസ്റ്റർമാരായിത്തീരുന്ന കുട്ടിച്ചാത്തൻ കഥ ഒരു ദലിത് വിരുദ്ധ വായനയായി എടുക്കരുത്.
അറുപതുകളിലേക്കും ഏഴുപതുകളിലേക്കും വളർന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തീർത്ത ക്യൂബൻ വസന്തവും ലാറ്റിനമേരിക്കൻ വിപ്ലവങ്ങളും ഫ്രഞ്ച് ന്യൂവേവും വിയറ്റ്നാം വിരുദ്ധ കാമ്പസുകളും ഇടതുപക്ഷത്തിന് നവീനമായ ഒരു വെട്ടിത്തിരിവ് നൽകി.
ധൈഷണികവും അക്കാദമികവുമായ പുഷ്കലകാലം സമ്മാനിച്ചു. ആ ഭൂതകാലത്തുനിന്ന്, ആൾക്കൂട്ടക്കൊലയുടെ രാഷ്ട്രീയത്തിലേക്ക് നാം എത്തിച്ചേർന്നത് എങ്ങിനെയെന്ന അന്വേഷണം സി ബി ഐക്ക് വിട്ടുകൊടുത്ത്, തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇറങ്ങി സ്വസ്ഥരാകാൻ എങ്ങനെ കഴിയുന്നു എന്നോർക്കുമ്പോൾ, നമ്മുടെ ലെനിനിസ്റ്റ് മൊണാസ്ട്രികൾ ചെളിയും ചോരയും വടുകെട്ടിയ ഇടനാഴികളായി തീർന്നതിൽ വസിക്കുന്ന ഈച്ചകളായി നാം നിറം കെട്ടോ?
സൈക്കിൾ ചെയിനുകളുമായി കാമ്പസിലെത്തിയ അജയ്ഘോഷുമാർ ഇന്ന് ദലിത് രാഷ്ട്രീയത്തിന്റെ വരണമാല്യമണിഞ്ഞ് ഭാഷയിലെ ബ്രാഹ്മണിസം തിരയുകയാണ്.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ കൊലയുടെ കൊറിയോഗ്രാഫി പുതുതല്ല. കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആർ എസ് എസ് പാളയങ്ങൾക്കും മുറ്റത്തെ തണൽ മരങ്ങൾക്കുമിടയിൽ പ്രണയവും പ്രഭാഷണങ്ങളും ചർച്ചകളും തർക്കങ്ങളും കൊണ്ട്, എസ്.എഫ്.ഐയുടെ ക്രിമിനൽവൽക്കരണ സാധ്യതകളെ നേരിട്ട ഞങ്ങളുടെ കാമ്പസ് കാലം സോവിയറ്റ് യൂണിയൻ തിരോധാനം ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള വർഷങ്ങളിലായിരുന്നു.
അന്ന് ജോബി ആൻഡ്രൂസിനെ കല്ലെറിഞ്ഞു കൊന്നപ്പോൾ ‘ഇത് കുട്ടികളെ കല്ലെറിഞ്ഞു കൊല്ലുന്ന കാലമാണ്’ എന്ന് പോസ്റ്റ് കാർഡിട്ട്, കണ്ണുതട്ടാതിരിക്കാൻ അതിൽ കണ്മഷിപ്പൊട്ട് ചാർത്തിയ കാമിനിമാർ ഇന്ന് അനീതികൾ പേമഴയായി പെയ്തിട്ടും ചെന്നെത്തിയ സുഖാലസ്യങ്ങളുടെ പത്മവ്യൂഹത്തിൽനിന്ന് പുറത്തു കടക്കാനാവാതെ ജീവിതമാടിത്തീർക്കുകയാണ്.
സൈക്കിൾ ചെയിനുകളുമായി കാമ്പസിലെത്തിയ അജയ്ഘോഷുമാർ ഇന്ന് ദലിത് രാഷ്ട്രീയത്തിന്റെ വരണമാല്യമണിഞ്ഞ് ഭാഷയിലെ ബ്രാഹ്മണിസം തിരയുകയാണ്. കെ. സുരേന്ദ്രനെ ബി സോൺ നാളുകളിൽ അടിച്ച് വശംകെടുത്തി ആർ എസ് എസിൽ ചേർത്ത ദീപക്കും സുരേന്ദ്രനും മധ്യവർത്തി ജീവിതം നുണയുകയാണ്.
കാമ്പസിലെ പോസ്റ്റ് ഓഫീസിന്റെ മൂലയിൽ ടോണി തോമസിനെ സൈക്കിൾ ചെയിൻ വീശി ആഞ്ഞടിക്കുമ്പോൾ തടഞ്ഞതിനെ, എതിർത്താൽ നിനക്കാവും നെഞ്ചിൽ നെഞ്ചക്കേറുക എന്നുള്ള ഭീഷണികളിൽ നിന്ന്, സ്വന്തം സഖാക്കളെ കുത്തിമലർത്തുന്ന കുലധർമ്മത്തിന്റെ കുലംകുത്തി രാഷ്ട്രീയത്തിലേക്ക് നാം പുരോഗമിക്കുകയുണ്ടായി.
കേരളത്തിലെ എസ്.എഫ്.ഐയുടെ ഏറ്റവും വലിയ യൂണിറ്റ്, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണത്തിന് വിധേയമായതെങ്ങനെ എന്ന കാര്യം സേതുവിനും കൃഷ്ണപ്രസാദിനും ശശി നമ്പൂതിരിക്കും സുജനും അറിയാത്തതല്ല.
ഈ രാഷ്ട്രീയത്തെ ഇനിമേൽ പ്രോത്സാഹിപ്പിച്ചു കൂടാ എന്നറിഞ്ഞ് പ്രതിരോധിച്ച കരീമും രേഷ്മയും ശശിയും അരവിന്ദനും നടത്തിയ സംവാദ സംഗമങ്ങളിൽ മദ്യവും മയക്കുമരുന്നും ഉറക്കഗുളികകളും നിറച്ച് പൊളിക്കാൻ നടത്തിയ ക്രിമിനൽ രാഷ്ട്രീയത്തെ ഒടുവിൽ സഹികെട്ട് സംസ്ഥാന ഘടകത്തിന് പിരിച്ചുവിടേണ്ടിയും വന്നു.
എഴുപതുകളിൽ രൂപീകരിക്കപ്പെട്ട് അടിയന്തരാവസ്ഥയെ നേരിട്ടു വളർന്നുവന്ന കെ.എസ്.എഫിന്റെയും എസ്.എഫ്.ഐയുടെയും നേതാക്കളാണ് ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള പഴയ തലമുറ.
അങ്ങനെ നെഞ്ചൂക്കും സൈക്കിൾ ചെയിനും സ്ത്രീവിരുദ്ധതയുമായി കാമ്പസിലെത്തിയ എസ്.എഫ്.ഐക്കാർ, നെരൂദയുടെ പ്രണയ കവിതകളും കയ്യിലേന്തി പതുക്കെ ഏകാന്തതയിലേക്കും സ്നേഹോഷ്മള സായാഹ്നങ്ങളിലേക്കും കാടുകയറി.
അക്കാലത്തെ ഒരു എസ്.എഫ്.ഐ നേതാവും പിന്നീട് രാഷ്ട്രീയത്തിലെ കങ്കാണിപ്പണി തുടർന്നില്ല. അവരെല്ലാം അവശേഷിക്കുന്ന ജീവിതം ആൽമരങ്ങളിലെ കാറ്റിനും കവിതയ്ക്കും കുടുംബത്തിന്റെ തടവറയ്ക്കും വിട്ടുകൊടുത്ത്, ഇടതുപക്ഷത്തിന്റെ അവശേഷിക്കുന്ന ദീപസ്തംഭങ്ങളായി തുടർന്നു.
നേതൃത്വം നൽകിയ ശശി നമ്പൂതിരി, ആസാമിൽ അധ്യാപക ട്രെയിനിങ്ങിനു പോയി എസ്.എഫ്.ഐ വിട്ടു. സേതു പോലീസിൽ ചേർന്നു. സുജൻ പരസ്യ രംഗത്തിറങ്ങി. കൃഷ്ണപ്രസാദിനെ ദില്ലിയിലേക്ക് വനവാസത്തിനയച്ചു.
ധിഷണ കൊണ്ടും സ്ത്രീപക്ഷരാഷ്ട്രീയം കൊണ്ടും വായനാ സംസ്കാരം കൊണ്ടും ഞങ്ങൾ ഒരു എസ്.എഫ്.ഐ യൂണിറ്റിനെ തകർത്ത കഥയാണിത്. ക്രിമിനൽവൽക്കരണത്തിൽനിന്ന് ഞങ്ങളുടെ സഖാക്കളെ കരകയറ്റിയ തിരക്കഥ. എന്നാൽ അത് അണ്ണാർക്കണ്ണന്മാർ തന്നാലായത് ചെയ്തതാണ്. നന്മയുടെ പക്ഷികൾ അന്നം തേടി പറന്നു പോയപ്പോൾ, വീണ്ടും രാഷ്ട്രീയ ക്രിമിനലുകൾ സംഘടനയിൽ ചേക്കേറി. പ്രവീൺ കാൻസർ ബാധയേറ്റ് മരിച്ചു. മറ്റു സഖാക്കൾ തീവണ്ടിതട്ടിയും മാഫിയകളുടെ കുത്തേറ്റും മരിച്ചു. എന്തൊരു അപസർപ്പക കഥയാണ് കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയം ബാക്കിയാക്കുന്നത്? പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം ഈ ചോദ്യങ്ങൾ പിന്നെയും മനസ്സിൽ കൊണ്ടുവരുന്നു.
സാമ്രാജ്യത്വ വിരുദ്ധത എന്ന ജീവവായു ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥി നേതാക്കൾക്കില്ലതന്നെ.
റാഗിങ്ങിന്റെ വരേണ്യവർഗ ക്രിമിനാലിറ്റിയെ എതിർക്കാൻ മുന്നിട്ടിറങ്ങിയ സ്കറിയയുടെയും സേതുവിന്റെയും വായിൽ കല്ലുകയറ്റിയ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പിൽക്കാല വക്താക്കളായി മാറിയ ഇടതുപക്ഷ വിദ്യാർത്ഥി നേതാക്കളെ അങ്ങനെയാക്കിയതിൽ അതിന്റെ തള്ളപ്പാർട്ടിക്ക് പങ്കൊന്നുമില്ലേ? മുമ്പേ നടക്കുന്ന ഗോവിന്റെ പിമ്പേ നടക്കുന്ന കിടാങ്ങൾ എന്നല്ലേ പറയേണ്ടൂ.
എഴുപതുകളിൽ രൂപീകരിക്കപ്പെട്ട് അടിയന്തരാവസ്ഥയെ നേരിട്ടു വളർന്നുവന്ന കെ.എസ്.എഫിന്റെയും എസ്.എഫ്.ഐയുടെയും നേതാക്കളാണ് ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള പഴയ തലമുറ. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം. എ. ബേബി, തോമസ് ഐസക് എന്നു തുടങ്ങി എല്ലാവരും.
കർഷക-കർഷകത്തൊഴിലാളി- തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ സമരഭൂവിൽ നിന്ന് ഉയർന്നുവന്ന ആദ്യ കാല നേതാക്കളുടെ ജീവിതാനുഭവമോ ധൈഷണിക സമ്പന്നതയോ അവർക്കൊന്നുമില്ലെങ്കിലും, അറുപതുകളിലും ഏഴുപതുകളിലും ലോകമാകെ പടർന്ന നവ സാമ്രാജ്യത്വ വിരുദ്ധതയുടെയും ഫാഷിസ്റ്റ് വിരുദ്ധതയുടെയും സാർവ്വദേശീയ ജ്ഞാനിമത്തിന്റെ മുഖലാവണ്യം അവരിലും ഉണ്ടായിരുന്നു.
സാമ്രാജ്യത്വ വിരുദ്ധത എന്ന ജീവവായു ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥി നേതാക്കൾക്കില്ലതന്നെ. മറിച്ച് സംഘടനാഘടനയിലെ അധികാരസ്ഥാനങ്ങളാണ് അവരെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നത്. സമൂഹത്തിന്റെയാകെ ധൈഷണികവും ധാർമ്മികവുമായ നേതൃത്വമാണ് കമ്യൂണിസ്റ്റ് എന്ന അറിവിനപ്പുറം, ഗോത്രപരമായ പ്രകൃതത്തിന്റെ സംഘടനാമർമ്മത്തിന്റെ തെക്കും വടക്കുമുള്ള കളരികളുടെ പക്ഷഭേദങ്ങൾ മാത്രമേ അവർ സ്വായത്തമാക്കിയിട്ടുള്ളൂ.
ജാതിയുടെയും മതത്തിന്റെയും കാഴ്ചകളും കാഴ്ചപ്പാടുകളുമാണ്, തെരഞ്ഞെടുപ്പ് രാഷ്ട്രീയവും മുതിർന്ന നേതാക്കളും അവർക്ക് പകർന്നുനൽകിയത്. പുറമേയ്ക്ക് ലെനിനായും പൂജാമുറിയിൽ പൂന്താനവുമായാണ് അവരുടെ നിൽപ്. പുറമേയ്ക്ക് സെക്യുലറും ഉള്ളിൽ ഹിന്ദുത്വയും എന്നു വിവർത്തനം ചെയ്യാം. കമ്യൂണിസവും മാർക്സിസവും അവർക്ക് കണ്ടാലറയ്ക്കുന്ന കാഴ്ചപ്പണ്ടങ്ങളാണ്. ഈ നിലയിൽ ഉള്ളു പാപ്പരായ മനുഷ്യരുടെ സംഘടനയ്ക്ക് കൊലക്കത്തിയേയും കുലധർമ്മത്തെയും ഒന്നായി കാണാൻ കഴിയുന്നതിൽ അത്ഭുതമില്ല. അറിവ് അസ്തമിച്ച ഒരാൾക്കൂട്ടമായി അതിലെ ആണും പെണ്ണും മാറിയതിൽ അതിശയമില്ല. മാർക്സിസത്തിന്റെ മഹത്തായ മനുഷ്യസ്നേഹത്തെ അവർ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് പകരം വെച്ചിരിക്കുന്നു. തൊണ്ണൂറുകൾ മുതലുള്ള ഇടതുപക്ഷത്തിന്റെ സമകാലം ഈ വിധം മാറിപ്പോയതിൽ നാം ആഴത്തിൽ ആശങ്കപ്പെടേണ്ടതുതന്നെ.