സുരേഷ്ഗോപിമാരിലേക്കും ‘തമ്പുരാട്ടി’മാരിലേക്കുമുള്ള പിൻനടത്തം തടയാൻ ട്രോളുകൾ പോരാ

കേരളത്തിന്റെ പിൻനടത്തതിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ ആകുംവിധം പങ്കാളിത്തം വഹിക്കാൻ ബാധ്യതപ്പെട്ട സർക്കാർ സംവിധാനങ്ങൾതന്നെ അത്തരം ശ്രമങ്ങളെ ഈ നിലയിൽ പ്രതിരോധത്തിലാക്കുന്നത് അത്യന്തം ആശങ്കാജനകമാണ്.

വിഭാവനം ചെയ്യപ്പെട്ട കേരളത്തിന്റെ രണ്ടാം നവോത്ഥാനത്തിനായി എണ്ണമറ്റ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രചാരണ പരിപാടികൾ, പ്രഭാഷണങ്ങൾ, പൊതുപ്രകടനങ്ങൾ, സെമിനാറുകൾ, കൂടിയിരുപ്പുകൾ, മനുഷ്യച്ചങ്ങലകൾ എന്നിവയൊക്കെ തുടരുന്നുണ്ട്. ഇതിലേക്കായി സംസ്ഥാനതലത്തിൽ പ്രത്യേകമായൊരു സംഘടനാസംവിധാനം തന്നെയുണ്ടായി. എന്നാൽ, ബൃഹത്തായ  ഈ പരിപാടിയിൽ പങ്കു കൊണ്ടവരിൽ ആത്മവിശ്വാസം ജനിപ്പിക്കുന്ന ഫലങ്ങൾ ഉണ്ടായെന്നു കരുതാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോൾ. നേരെമറിച്ച്,  നവോത്ഥാനത്തെ (Renaissance) 'പുനരുജ്ജീവനം' എന്ന കേവലാർത്ഥത്തിൽ സ്വീകരിച്ചാൽ, കേരളം ആഴമേറിയതും ശീഘ്രഗതിയിലുള്ളതും ഒരു 'നവോത്ഥാന പ്രക്രിയ'ക്ക് വിധേയമാകുന്നുവെന്ന് വിലയിരുത്തേണ്ടിവരും. ഈ പുനരുജ്ജീവനമാമാങ്കത്തിൽ കുഴിച്ചുമൂടപ്പെട്ട ഫ്യൂഡൽമൂല്യങ്ങളും രാജാധികാരപ്രൗഢിയും പുത്തൻ ആഖ്യാനങ്ങളുടെ പിൻബലത്തിൽ നിലയുറപ്പിക്കുകയാണ്. ഇതു കേവലമായ ഒരു സാംസ്കാരികപ്രശ്നമല്ല. മറിച്ച്, രാജ്യത്തിന്റെ സമ്പൂർണമായ ഫാഷിസ്റ്റുവൽക്കരണത്തിന്റെ കളമൊരുക്കൽ കൂടിയാണെന്നത് അത്യന്തം ഉൽക്കണ്ഠാജനകമായ സംഗതിയാണ്. പ്രതിരോധപ്രസ്ഥാനം കേവലമായ ഒരു 'സാംസ്കാരിക പരിപാടിയായി' ലഘുകരിക്കപ്പെട്ടതാണ് രണ്ടാം നവോത്ഥാനപ്രസ്ഥാനത്തിന്റെ അടിസ്ഥാന ദൗർബല്യം.

തലതാഴ്ത്തിക്കുന്ന പ്രവർത്തികളും സംഭവങ്ങളും പ്രവണതകളും തുടങ്ങിയപ്പോൾ, 'ഇത് യാദൃച്ഛികം', 'ശക്തമായ പ്രതികരണങ്ങൾ വരുന്നതിനാൽ, ഇനിയിതുപോലെ ഉണ്ടാകില്ല' എന്നൊക്ക ആശ്വസിച്ച ജനാധിപത്യ, മതേതര മനസ്സുകളെ വെല്ലുവിളിക്കുന്ന മട്ടിലും അതീവ നിരാശയിലാഴ്ത്തിയും ദുരന്തങ്ങളുടെ ആവർത്തനങ്ങൾ ഇടതടവില്ലാതെ വരുന്നു. പിൻനടത്തിന്റെ വേഗത കൂടിയ ഘട്ടത്തിലാണ് ചാതുർവർണ്യ മൂല്യങ്ങളെയും ആണാധികാര പ്രയോഗങ്ങളെയും ആഘോഷമാക്കി മാറ്റുന്ന സുരേഷ്ഗോപിമാരും രാജ്യഭരണം പോയാലും താൻ തന്നെയാണ് തമ്പുരാട്ടി എന്നാണയിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന 'രാജാക്കന്മാരും തമ്പുരാട്ടിമാരും' അരങ്ങുവാഴാൻ ശ്രമിക്കുന്നത്. ഇത്തരം ആൾക്കാർ കൂടി അണിനിരക്കുന്നതാണ് ജനാധിപത്യപ്രക്രിയയും സാംസ്കാരിക പ്രവർത്തനവുമെന്ന മട്ടിൽ വേണ്ട ഒത്താശകൾ ചെയ്യാനും നടത്തിപ്പുകാരായി മാറാനും മത്സരിക്കുന്ന ജനപ്രതിനിധികളും വേദിയും പ്രസംഗപീഠവുമൊക്കെ സർക്കാർ ചെലവിൽ അണിയിച്ചൊരുക്കുന്ന ഔദ്യോഗിക സംവിധാനങ്ങളും ഇതൊക്കെത്തന്നെ ആവേശപൂർവ്വം മാതൃകയായി സ്വീകരിക്കുന്ന ഇതര സാംസ്കാരിക സംഘടനകളും സന്നദ്ധപ്രവർത്തകരും പതിവുകാഴ്ചയായിട്ടുണ്ട്. പൊതുപ്രതിരോധപ്രസ്ഥാനത്തിന്റെ വിടവുകളിലൂടെയല്ല, തുറന്നിട്ടിരിക്കുന്ന വാതിലുകളിലൂടെത്തന്നെയാണ് ദുരന്തങ്ങൾ പ്രവേശിക്കുന്നത്. തലയുയർത്തിപ്പിടിച്ച്, നിർഭയമായി, അഭിനവ കരപ്രമാണിമാരുടെ കൈകൊട്ടിപ്പാട്ടിനിടയിലൂടെ, പുത്തൻ കുലസ്ത്രീകൾ ആദരവോടെ സമർപ്പിക്കുന്ന തിരുവാതിര ആസ്വദിച്ചാണ് ആ വരവ്. അങ്ങനെ കടന്നുവരുന്ന അവർ വൻപ്രഖ്യാപനങ്ങൾ നടത്തുകയും മഹാഖ്യാനങ്ങളെയും നാടിന്റെ അടിസ്ഥാന നിലപാടുകളെയും കീഴ്മേൽ മറിക്കുകയും ചെയ്യുന്നു.

കവടിയാര്‍ കൊട്ടാരം

ഉപരിപ്ലവത, കേവല ധാർമികത, അനുഭവപരത, അരാഷ്ട്രീയത, സങ്കുചിത കക്ഷിരാഷ്ട്രീയം, സീമകൾ ലംഘിക്കുന്ന പാർലമെന്ററി നീക്കുപോക്കുകളും സമരസപ്പെടലും തുടങ്ങിയ ദൗർബല്യങ്ങളാണ് സാംസ്‌കാരിക പ്രതിരോധ പ്രസ്ഥാനത്തിൽ ഈ വിള്ളലുകൾ സൃഷ്ടിക്കുന്നത്.

പോരാ, കേവല പ്രതിഷേധവും
ട്രോളും

ബ്രാഹ്മണിക മൂല്യങ്ങളെ പ്രകീർത്തിക്കുകയും അതുവഴി പരസ്യമായി ജാതിവിവേചനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, പൊതുവേദിയിൽ ആണാധികാരപ്രയോഗം നടത്തുന്ന സുരേഷ്‌ഗോപിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് ഉചിതമാണ്. എന്നാൽ, മിക്ക പ്രതികരണങ്ങളിലും ഗൗരവമേറിയ ഒരു ദൗർബല്യം പ്രകടമാണ് - അവ വ്യക്ത്യാധിഷ്ഠിതവും കേവല ധാർമികവുമാണ്. അദ്ദേഹം പോയാൽ, ആ സ്ഥാനത്ത് മറ്റൊരാൾക്ക് ഇതൊക്കെ നിർവഹിക്കാൻ പാകത്തിൽ കേരളത്തിന്റെ പൊതുബോധം മാറിമറിയുന്നുണ്ട്. അവിടെയാണ് സുരേഷ്ഗോപിമാർ വിളവിറക്കുന്നത്. നമ്പൂതിരിയുമായി തട്ടിച്ചുനോക്കുമ്പോൾ നായരായി ജനിച്ച താൻ താരതമ്യേന മ്ലേച്ചനാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ആയതിനാൽ, ബ്രാഹ്മണ്യത്തെ മേമ്പൊടിയായി സ്വീകരിക്കുകയോ അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാൻ പ്രാർത്ഥിക്കുകയോ ആണ് ഇനി കരണീയമായിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവിക്കുമ്പോൾ, അങ്ങനെയൊക്ക ചിന്തിക്കുന്നവരുടെ എണ്ണം സാംസ്‌കാരിക തലസ്ഥാനത്തടക്കം ഗണ്യമായി വർദ്ധിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടതാണ്. ട്രോളുകളിലൂടെയും കേവലമായ പ്രതിഷേധ പ്രകടനങ്ങളിലൂടെയും പരിഹരിക്കാവുന്ന വിഷയമല്ലിത്. വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന നവോത്ഥാന സദസ്സുകൾക്കുപോലും ഈ പരിമിതിയുണ്ട്. ജാതി- ജന്മി നാടുവാഴിത്തകാലത്തെ ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ചരിത്രം ആ നവോത്ഥാന വേദികളിലൊക്കെ നല്ലവണ്ണം വിവരിക്കപ്പെടുന്നുണ്ട്. അത് വേണംതാനും. എന്നാൽ, അവ പലപ്പോഴും കേവലവും കാൽപ്പനികവുമായ ചരിത്രം പറച്ചിലുകൾ മാത്രമായി തീരുകയാണ്. സമകാലീന സാമൂഹ്യപൊരുത്തക്കേടുകളെ വിമർശനാത്മകമായി സമീപിക്കുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും പാകത്തിൽ ഈ ചരിത്രപാഠങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ വേണ്ടത്ര പുരോഗതിയില്ല. ഇണ്ടംതുരുത്തിമനയുടെ കഥ കേവലമായി ആവർത്തിച്ചുകൊണ്ടുമാത്രം നിൽക്കാൻ കഴിയില്ല. ഇണ്ടംതുരുത്തിമന ഇന്ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായി മാറിയതുൾപ്പെടെയുള്ള, പിന്നീട് ഏതാനും പതിറ്റാണ്ടുകളിലും പ്രകടമായിരുന്ന, ജനാധിപത്യവൽക്കരണപ്രക്രിയയുടെ തുടർച്ച പിൽക്കാലത്ത് മുരടിച്ചുനിൽക്കുന്നതെന്തുകൊണ്ടാണെന്ന് ആഴത്തിൽ പരിശോധിക്കേണ്ടതാണ്.

സുരേഷ് ഗോപി

നിശ്ശബ്ദവും നിഷ്കളങ്കവുമായി കേരളത്തിൽ അരങ്ങേറിയ 'സംസ്കൃതവൽക്കരണ പ്രക്രിയ' (Sanscritization) ഇന്ന് ശബ്ദഘോഷങ്ങളോടെ ഹിംസാത്മകമായി അരങ്ങുവാഴുകയാണ്. ഏതാനും പതിറ്റാണ്ടുകൾമുൻപ് ആസൂത്രിതമായി ആരംഭിച്ച 'രാമായണമാസചാരണ' ത്തിന്റെയും എണ്ണമറ്റ ആചാരാനുഷ്ഠാനങ്ങളുടെയും, അതിന്റെയെല്ലാം ക്രിസ്ത്യൻ, ഇസ്‍ലാം പകർപ്പുകളുടെയും ഉത്ഘാടകരും മുഖ്യപ്രഭാഷകരും നടത്തിപ്പുകാരുമൊക്കെയായി മാറിയ പൊതുപ്രവർത്തകരും ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളുമൊക്കെ പുത്തൻ ആചാരാനുഷ്ടാനങ്ങൾക്ക് പൊതുഅംഗീകാരം സമ്മാനിച്ചു. വിശ്വാസികളുടെയെല്ലാം വീടകങ്ങളിൽ അങ്ങനെ ബ്രാഹ്മണികമൂല്യങ്ങളും ജാതീയതും മതവിദ്വേഷവും വേരിറക്കി. സമാനമായ പ്രക്രിയ ക്രൈസ്തവ- ഇസ്‍ലാം മതവിശ്വാസികളിലും തടസ്സമേതുമില്ലാതെ നടന്നുവരുന്നു. വിശ്വാസത്തിന്റെ മറവിൽ അനാചാരങ്ങളുടെയും അന്ധവിശ്വാശങ്ങളുടെയും കേന്ദ്രങ്ങൾ കെട്ടിയുയർത്താൻ പൊതുഖജനാവിൽ നിന്നുപോലും പണം നൽകുന്നു. കുലസ്ത്രീകളും കുലപുരുഷന്മാരും പെരുകി. ജാതിമത വിദ്വേഷപ്രഘോഷണങ്ങളിലും വെല്ലുവിളികളിലും അഭിരമിക്കുന്നവർ ധാരാളമായി. അങ്ങനെ, പല അനീതികളിലും അസ്വാഭാവികത തോന്നാത്തവരായി മലയാളികൾ മാറുന്നു.

ഈ സംസ്കൃതവൽക്കരണത്തിന് വിധേയരാകുന്നത് മതഭ്രാന്തർ മാത്രമല്ല. മതേതര, ജനാധിപത്യവിശ്വാസികളും, എന്തിന് നവോത്ഥാനപ്രസ്ഥാനത്തിൽ ആത്മാർഥമായി പങ്കുകൊള്ളുന്നവരിലും നേതൃത്വം കൊടുക്കുന്നവരിൽപോലും അത് അരിച്ചിറങ്ങുന്നുണ്ട്. അങ്ങനെ അവരിൽ പലരും സുരേഷ്‌ഗോപിമാരെ നിഷ്കളങ്കമായി ന്യായീകരിക്കുന്നവരായി മാറുന്നു. 'എന്തൊക്കെപ്പറഞ്ഞാലും ബ്രാഹ്മണർ ശ്രേഷ്ഠർ' ആണെന്ന് അവർ പലരും കരുതുന്നുണ്ട്. വനിതാ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചുകൊണ്ട് മേധാവിത്വം ഉറപ്പുവരുത്താൻ ശ്രമിക്കുന്ന സുരേഷ്‌ഗോപിയെ കണ്ടിട്ട് നല്ലൊരുപങ്ക് മാധ്യമപ്രവർത്തകർക്കും സിനിമാരംഗത്തെ സ്ത്രീകൂട്ടായ്മയുടെ നേതാവായിരുന്ന ഭാഗ്യലക്ഷിക്കും വനിതാപ്രസ്ഥാനത്തിന്റെ നേതാവായ ദലീമ എം എൽ എക്കുപോലും അത് ആണാധികാരപ്രയോഗമാണെന്ന് ബോധ്യമായിട്ടില്ല (സുരേഷ് ഗോപിക്കെതിരെ ട്രോളുകൾ പങ്കുവെക്കുന്ന ഒട്ടേറെപ്പേർക്കും അത് ബോധ്യമാകണമെന്നില്ല). അതിന്റെ പേരിൽ അവരെ വ്യക്തിപരമായി പരിഹസിച്ചുകൊണ്ടുമാത്രം ചർച്ച അവസാനിപ്പിക്കാൻ കഴിയില്ല. അവർക്ക് ഒരു ദുഷ്ടലാക്കും കാണില്ല, നിഷ്കളങ്കമായി അഭിപ്രായം രേഖപ്പെടുത്തുകയാണെന്ന് കരുതിയാൽ മതിയാകും. അവരെ സംബന്ധിച്ച് പ്രത്യക്ഷമായ ലൈംഗിക- അതിക്രമങ്ങൾ മാത്രമാണ് ആണാധികാരപ്രയോഗം. പൊതുബോധത്തിൽ ലിംഗനീതി, ലിംഗസമത്വം തുടങ്ങിയ പരികല്പനകൾ എങ്ങനെയാണ് സന്നിവേശിപ്പിക്കപ്പെടുന്നത് എന്ന് എല്ലാവരും പരിശോധിക്കേണ്ടതാണ്.

ദലീമ ജോജോ എം.എല്‍.എ

ആദിവാസി യുവാവായ മധുവിനെ കെട്ടിയിട്ട് തല്ലിക്കൊന്ന യുവാക്കൾക്ക് അക്കാര്യത്തിൽ വലിയ കുറ്റബോധം അപ്പോൾ തോന്നിയിരുന്നില്ലെന്ന് ഓർക്കണം. ഒരു വീരകൃത്യം ചെയ്തു എന്ന് ആത്മാർത്ഥമായി അവർ വിശ്വസിച്ചു. അതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെക്കപ്പെടുമ്പോൾ അഭിനന്ദനം ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചത് പൊതുബോധത്തേക്കുറിച്ചുള്ള കൃത്യമായ ധാരണയിൽതന്നെയായിരുന്നു. ഭാഗ്യത്തിന് അക്കാര്യത്തിൽ സ്വാഗതാർഹമായ ഇടപെടൽ എവിടെനിന്നോ ഉണ്ടാകുകയും തുടർന്ന് പരക്കെ അപലപിക്കപ്പെടുകയും ചെയ്തു. നിരാലംബരും പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കുന്നവരുമായ എത്രയോ മനുഷ്യരുടെ വേദനകൾ ഇങ്ങനെ നിഷ്കളങ്കമായി ആഘോഷിക്കപ്പെടുന്നുണ്ടാകും?

ഇപ്പോൾ നടന്നുകഴിഞ്ഞ കേരളീയം പരിപാടിയിൽ കേരളത്തിന്റെ പോയകാല സമൂഹത്തെയും ജീവിതങ്ങളെയും അനുഷ്ടാനങ്ങളെയും ദൃശ്യവൽക്കരിക്കാൻ ആദിവാസി മനുഷ്യരെമാത്രം പഴയവേഷം ധരിപ്പിച്ച് പ്രദർശിപ്പിച്ചതും നിഷ്കളങ്കമായിട്ടാകാം. അതിലെ അനീതിയും രാഷ്ട്രീയ ശരികേടും ഉൾക്കൊള്ളുന്ന തരത്തിൽ കേരളത്തിന്റെ പൊതുബോധം മാറാൻ ഇനിയും ഏറെ സഞ്ചരിക്കേണ്ടിവരുമെന്ന് അത് സംബന്ധിച്ച് തുടർന്ന് നടന്നുവരുന്ന വിവാദം വെളിവാക്കുന്നു.

ഭാഗ്യലക്ഷ്മി

കിരീടം വീണ്ടെടുക്കാൻ ശ്രമിക്കുന്ന
'രാജ, റാണി, തമ്പുരാട്ടി' മാർ

പദ്മനാഭക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അളവില്ലാത്ത ധനത്തിന്റെ അവകാശികൾ കേരളജനതയാണെന്നും അതിൽ അവകാശം സ്ഥാപിക്കാനുള്ള മുൻ രാജകുടുംബത്തിലെ ചില പിൻതലമുറക്കാരുടെ (അവർ ഇപ്പോൾ പൗരർ മാത്രം) ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും മറ്റും വർഷങ്ങൾക്കുമുൻപ് ഒരു രാഷ്ട്രീയനേതാവ് ചരിത്രവസ്തുതകളുടെ വെളിച്ചത്തിൽ പറഞ്ഞപ്പോൾ, രാജകുടുംബത്തോട് അനുചിതമായി പെരുമാറരുതെന്ന് നിർദ്ദേശിക്കാൻ കക്ഷിഭേദമന്യേ നേതാക്കളുണ്ടായി. വീണ്ടും 'രാജ, റാണി, തമ്പുരാട്ടി' പദവികൾ സ്വയം അണിയുന്നതിനും രാജാധികാര, ഫ്യൂഡൽ മൂല്യങ്ങളുടെ പ്രായോജകരായി പൊതുമണ്ഡലത്തിലേക്ക് ഇറങ്ങിവരുന്നതിനും ഇതൊക്കെ പലർക്കും ആത്മവിശ്വാസം പകർന്നിട്ടുണ്ട്. പൊതുപരിപാടികൾ, സർക്കാർ പരിപാടികൾ, അക്കാദമിക സെമിനാറുകൾ തുടങ്ങിയ ഇടങ്ങളിലൊക്കെ അവർക്ക് വിശിഷ്ടാതിതിഥി, ഉത്ഘാടകർ, മുഖ്യപ്രഭാഷകർ തുടങ്ങിയ 'ശ്രേഷ്ഠപദവി' കൾതന്നെ നൽകിതുടങ്ങി. ലോകം അംഗീകരിച്ചു കൊണ്ടുനടക്കുന്ന പല അടിസ്ഥാന ശാസ്ത്രതത്വങ്ങളും, ചരിത്രധാരണകളും 'വികലമാണെന്ന്' അവർ ആ വേദികളിൽനിന്ന് നമ്മെ 'ഉദ്ബോധിപ്പിച്ചു'. അതിലൊക്കെ പ്രചോദിതരായ ദേവസ്വംബോർഡ് ഇത്തവണത്തെ ക്ഷേത്രപ്രവേശന വാർഷികാചാരത്തിന്റെ മുഖ്യാതിഥി പീഠങ്ങളിൽ 'ഹെർ ഹൈനസ്സു'മാരെതന്നെ നിശ്ചയിച്ചിട്ടുണ്ട്. 'പ്രജകൾക്കായി' ബോർഡ് പുറപ്പെടുവിച്ച ക്ഷണക്കത്തിലൂടെ മറ്റൊരു 'ചരിത്രസത്യ'വും അസന്നിഗ്ദ്ധമായി അറിയിച്ചിട്ടുണ്ട് - 'സനാധന ധർമം ഉദ്ബോധിപ്പിക്കുന്നതിനുവേണ്ടിയാണ് ചിത്തിരതിരുനാൾ രാജാവ് ക്ഷേത്രപ്രവേശനം അനുവദിച്ചത്!'
ക്ഷേത്രപ്രവേശനത്തിലേക്ക് നയിച്ചതെന്ന് ജനം കരുതിവന്ന നവോത്ഥാനപ്രക്രിയ, സമുദായപരിഷ്കരണം, സത്യാഗ്രഹങ്ങൾ, ഗാന്ധി, പെരിയോർ, കേളപ്പൻ, എ കെ ജി, കൃഷ്ണപിള്ള ... എല്ലാം കെട്ടുകഥകളാണെന്ന് താമസിയാതെ അറിയിപ്പുണ്ടായേക്കും. ഗാന്ധിവധത്തിലെ മുഖ്യ ഗൂഢാലോചനക്കാരനായ സവർക്കർ പിന്നീട് മെല്ലെ 'കുഴപ്പക്കാരനല്ലാതായി' മാറി. ശേഷം ഇപ്പോൾ ഗാന്ധിക്കൊപ്പം പ്രതിഷ്ഠിക്കപ്പെടുന്നു. നാളെ ഗാന്ധി ഒരു കെട്ടുകഥ മാത്രമായേക്കും.

ഇണ്ടംതുരുത്തിമന ഇപ്പോൾ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി കാര്യാലയമാണ്‌.

കേരളത്തിന്റെ പിൻനടത്തതിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ ആകുംവിധം പങ്കാളിത്തം വഹിക്കാൻ ബാധ്യതപ്പെട്ട സർക്കാർ സംവിധാനങ്ങൾതന്നെ അത്തരം ശ്രമങ്ങളെ ഈ നിലയിൽ പ്രതിരോധത്തിലാക്കുന്നത് അത്യന്തം ആശങ്കാജനകമാണ്. ശബരിമല- സ്ത്രീപ്രവേശനവിവാദം ആളിക്കത്തുന്ന സമയത്ത് താൻ 'മറ്റെന്തിനെക്കാളും തന്ത്രിയുടെ വാക്കുകൾക്കാണ് വില കൊടുക്കുന്നതെന്ന്' പ്രഖ്യാപിച്ച് തന്റെ സഹപ്രവർത്തകർക്കും പൊതുജനത്തിനും അന്നത്തെ ദേവസ്വം ബോർഡ് ചെയർമാൻ നൽകിയ സന്ദേശവും എത്രയോ പ്രതിലോമകരമായിരുന്നു. ആരാധനാലയങ്ങളും പുരോഹിതഭവനങ്ങളും സന്ദർശിക്കുന്ന വേളകളിൽ ആചാരാനുഷ്ഠാനങ്ങളോടും തൽസംബന്ധമായ മര്യാദകളോടും തങ്ങൾക്ക് ഏറെ ബഹുമാനവും മതിപ്പുമാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനായി രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും കാട്ടിക്കൂട്ടുന്ന 'പ്രകടനങ്ങളും' അരോചകമായിട്ടുണ്ട്. ശേഷം നവോത്ഥാനസദസ്സിലെത്തി 'ഇനി മലയാളത്തിൽ 'നിർമാല്യം'പോലൊരു സിനിമ ഉണ്ടാകുമോ' എന്ന് ആശങ്ക പ്രകടിപ്പിക്കുന്നതിൽ വലിയ കഴമ്പില്ല.

അതുകൊണ്ട്, ഇന്ന് സുരേഷ്‌ഗോപിമാരും 'ഹെർ ഹൈനസ്സ് / ഹിസ് ഹൈനസ്സ്' മാരും ഫാഷിസ്റ്റുവൽക്കരണത്തിന് മണ്ണൊരുക്കുമ്പോൾ അതിനെ കാല്പനികമോ ധാർമികമോ ആയ വിമർശനങ്ങളിലൂടെയും ട്രോളുകളിലൂടെയും നേരിടാമെന്നത് വ്യാമോഹം മാത്രമാണ്. അതൊക്കെ ആത്മനിർവൃതി നൽകിയേക്കും. അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുകയും ആകാം. സമാനമായി ചിന്തിക്കുന്നവർക്കും സഹപ്രവർത്തകർക്കും ആ കാഴ്ച സന്തോഷവും ആവേശവും പകരും. എന്നാൽ, ഫ്യൂഡൽ മൂല്യങ്ങളും ജനാധിപത്യബോധവും തമ്മിലും ഫാഷിസ്റ്റുവൽക്കരണവും മാനവികതയും തമ്മിലും നടക്കുന്ന സംഘർഷത്തിലെ ബലാബലത്തിൽ അത് കാര്യമായ പ്രഭാവം ഉളവാക്കില്ല.

അരാഷ്ട്രീയതയും മത- സാമുദായിക സമ്മർദ്ദങ്ങളും

പൊതുപ്രവർത്തനത്തിൽ ഒരേസമയം അരാഷ്ട്രീയതും സങ്കുചിത കക്ഷിരാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുനടക്കാൻ കഴിയുമെന്നത് കൗതുകകരമാണ്. തങ്ങൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക എന്ന ഉത്തരവാദിത്വം രാഷ്ട്രീയപ്രവർത്തകർക്ക്, വിശേഷിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് , കൈമോശം വരുന്നുണ്ട്. രാഷ്ട്രീയ യോഗങ്ങളിലും ചാനൽ ചർച്ചകളിലും മാത്രമേ രാഷ്ട്രീയം പറയേണ്ടതുള്ളൂവെന്ന ധാരണ പരക്കെയുണ്ട്. അവിടങ്ങളിലാകട്ടെ, ജനാധിപത്യ സംവാദത്തിന് സാധ്യതയില്ലാത്തവിധം സങ്കുചിതരാഷ്ട്രീയം മാത്രം പറയുക എന്ന രീതിയും വ്യാപകമായി. എന്നാൽ, സാംസ്കാരിക യോഗങ്ങൾ, സെമിനാറുകൾ, ക്ലബുകളും വായനശാലകളും നടത്തുന്ന പരിപാടികൾ തുടങ്ങിയ ഇടങ്ങളിലൊക്കെ സർവ്വാദരണീയരായി നിലകൊള്ളാനും തുടർന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാനും രാഷ്ട്രീയത്തിന്റെ കണിക പോലുമില്ലാത്ത 'നിർദ്ദോഷ നിലപാടുകൾ' മാത്രം പങ്കുവെക്കും. പണ്ട് കാലം മഹത്തരമായിരുന്നു, ഇപ്പോൾ ഏതാണ്ട് 'കലികാല’മാണ്, എല്ലാവരും പരസ്പരം സ്നേഹിക്കണം, കൂട്ടായ്മ വേണം, സദാചാരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം, സൽകൃത്യങ്ങളും സന്നദ്ധപ്രവർത്തനവും നടത്തണം തുടങ്ങിയ ‘മഹദ്‌വചനങ്ങൾ’ മൊഴിയുകയും മേമ്പൊടിയായി അതിനൊക്കെ ചേരുന്ന മട്ടിൽ അൽപം ആഗോള, ദേശീയ കാര്യങ്ങൾകൂടി സൂചിപ്പിക്കുകയും തുടർന്ന് എല്ലാവർക്കും കൂപ്പുകൈ സമ്മാനിച്ച് കുശലം ചോദിച്ച് മടങ്ങുകയും ചെയ്യും.

പത്മനാഭസ്വാമി ക്ഷേത്രം

ഈ പ്രവണതക്ക് രണ്ടു ദോഷങ്ങളുണ്ട്:
ഒരുവശത്ത്, സാമൂഹ്യ- സാംസ്കാരിക ജീവിതത്തിലെ സങ്കീർണതയും പ്രത്യക്ഷമായ കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സൂക്ഷ്മരാഷ്ട്രീയവും പൊതുമണ്ഡലത്തിൽ അനാവൃതമാകുന്നില്ല. മറുവശത്ത്, ഇത്തരം 'സദാചാര പ്രഭാഷണങ്ങളും' സന്നദ്ധപ്രവർത്തനവും കൂടുതൽ നന്നായി നടത്താൻ കഴിയുന്ന പ്രൊഫഷണലുകളും ആത്മീയ പ്രഭാഷകരും ഈ വേദികളിലെത്തുകയും നിലയുറപ്പിക്കുകയും ചെയ്യും. വ്യക്തിത്വവികാസത്തിനും മൂല്യാധിഷ്ഠിത സമൂഹനിർമിതിക്കും വേണ്ടിയുള്ളതെന്ന നിലക്ക് പ്രതിലോമകരവും അശാസ്ത്രീയങ്ങളുമായ ആശയങ്ങൾ ആകർഷകമായി അവരിൽ പലരും പകർന്നുനൽകും. അങ്ങനെയും സമൂഹത്തിന്റെ പിൻനടത്തവേഗത വർദ്ധിക്കും.

മുന്നണിരാഷ്ട്രീയത്തിലൂടെ സമ്മർദ്ദ ശക്തികളായി മാറിയിരുന്ന മത- സാമുദായിക സംഘടനകളെ മേൽ ചർച്ചചെയ്ത ഘടകങ്ങൾ ഒന്നുകൂടി ശാക്തീകരിച്ചു. കേരളത്തിന്റെ തുടർ ജനാധിപത്യവൽക്കരണത്തിനായുള്ള സർക്കാർ ശ്രമങ്ങളെയും നയതീരുമാനങ്ങളെയും തന്നെ ഇത് കൂടുതൽ ദുർബലപ്പെടുത്തുകയാണ്. ശബരിമല-സ്ത്രീപ്രവേശം, ജെൻഡർ ന്യൂട്രൽ സ്‌കൂൾ യൂണിഫോം, അന്ധവിശ്വാസ നിരോധനനിയമം, ഹിജാബ് വിവാദം, പൗരോഹിത്യത്തിനെതിരെ കന്യാസ്ത്രീകൾ നടത്തിയ ചെറുത്തുനിൽപ്പ്, മലയോരമേഖലകളിലെ പരിസ്ഥിതിസംരക്ഷണം എന്നീ വിഷയങ്ങളിലെല്ലാം ഈ ദൗർബല്യം പ്രതിഫലിക്കുന്നുണ്ട്.

സാമൂഹ്യവും രാഷ്ട്രീയ സമ്പദ് ഘടനാപരവുമായ സ്ഥൂല സൂക്ഷ്മ പ്രശ്നങ്ങളെ കൂടുതൽ കണ്ടറിഞ്ഞും നവലിബറൽ- ഫാഷിസ്റ്റു വിരുദ്ധ ജനാധിപത്യമുന്നേറ്റത്തിന്റെ ഭാഗമായി നിന്നും മാത്രമേ കേരളത്തിന്റെ തിരിച്ചുപോക്കിനെ തടയാൻ കഴിയുകയുള്ളൂ.

Comments