കേരളം എന്ന രാഷ്ട്രീയ സ്വത്വം

സ്വയംഭരണവും സ്വയംപര്യാപ്തതയുമുള്ള സംസ്ഥാനങ്ങളുടെ സ്വമേധയാലുള്ള ഐക്യപ്പെടൽ ഇന്ത്യയുടെ ദേശീയ ഐക്യത്തിന് വഴിതെളിക്കുമെന്ന കാഴ്ചപ്പാട് അന്നത്തെ ഇന്ത്യയിലെ ഇടതുപക്ഷ ചിന്തകരിൽ പ്രബലമായിരുന്നു.

കേരളം പിറവികൊണ്ട് 66 വർഷം തികയുകയാണ്. ‘കേരള വികസന മാതൃക’ എന്ന പുതിയ മാതൃക തന്നെ ലോകത്തിന് സംഭാവന ചെയ്യാൻ ഈ കൊച്ചു സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. വിമർശനങ്ങൾക്കു പഞ്ഞമില്ലെങ്കിൽക്കൂടിയും ആർക്കും അവഗണിക്കാൻ കഴിയാത്തത്ര നേട്ടങ്ങളാണ്  ഈ കാലയളവുകൊണ്ട് കേരളം സ്വായത്തമാക്കിയത്. ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹിക സൂചകങ്ങളിൽ വികസിത രാജ്യങ്ങളോടൊപ്പമോ അവയേക്കാൾ ഏറെ മെച്ചപ്പെട്ടതോ ആയ നേട്ടമുണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരളം കൈവരിച്ച പുരോഗതിക്കുപിന്നിൽ പല ഘടകങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ സമഗ്രപുരോഗതിക്കും വികസനമുന്നേറ്റത്തിനും അടിത്തറയിട്ടത് സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളാണ്.

ഭാഷാടിസ്ഥാനത്തിലുള്ള കേരള സംസ്ഥാന രൂപീകരണത്തിന് കമ്യൂണിസ്റ്റ് പാർട്ടി ഗൗരവത്തോടെ ഇടപെട്ടിരുന്നു. ദേശീയതയുടെ സ്വയംനിർണായക സങ്കൽപനത്തെക്കുറിച്ചുള്ള ലെനിനിസ്റ്റ് സിദ്ധാന്തത്തിന്റെ ആശയപിൻബലത്തോടുകൂടിയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണമെന്ന എന്ന ആശയം ഉയർത്തിപ്പിടിച്ചത്. ഇന്ത്യയുടെ ദേശീയപ്രശ്നത്തെ കുറിച്ച് സ്വാതന്ത്ര്യസമരകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി ആഴത്തിൽ ചർച്ച നടത്തിയിരുന്നു. അവയുടെ അടിസ്ഥാനത്തിൽ പല നിഗമനങ്ങളും ഉരുത്തിരിഞ്ഞുവന്നു.

 ഇ.എം.എസ്. നമ്പൂതിരിപ്പാട് 

ഇന്ത്യയിൽ വികസിച്ചുവന്നിരുന്ന ഉപദേശീയതകളെ പാർട്ടി തിരിച്ചറിഞ്ഞിരുന്നു. കൊളോണിയൽ ഭരണകാലത്ത് ഉരുത്തിരിഞ്ഞ് വികസിച്ചുവന്ന ഉപദേശീയതകളുടെ സ്വയംനിർണയാവകാശവും സ്വയംഭരണവും ഗൗരവതരമായ കാര്യങ്ങളായിരുന്നു. സ്വയംഭരണവും സ്വയംപര്യാപ്തതയുമുള്ള സംസ്ഥാനങ്ങളുടെ സ്വമേധയാലുള്ള ഐക്യപ്പെടൽ ഇന്ത്യയുടെ ദേശീയഐക്യത്തിന് വഴിതെളിക്കുമെന്ന കാഴ്ചപ്പാട് അന്നത്തെ ഇന്ത്യയിലെ ഇടതുപക്ഷ ചിന്തകരിൽ പ്രബലമായിരുന്നു.

കേരളത്തിന്റെ ചരിത്രസ്വത്വത്തെക്കുറിച്ചും, സാഹചര്യങ്ങളെക്കുറിച്ചും ഇ.എം.എസ്. നമ്പൂതിരിപ്പാട് ഗഹനമായ പഠനങ്ങൾ നടത്തിയിരുന്നു. തെലുങ്കുഭാഷക്ക് പ്രാമുഖ്യമുണ്ടായിരുന്ന ആന്ധ്രപ്രദേശിന്റെ സ്വത്വസംസ്കാരത്തെക്കുറിച്ച് സുന്ദരയ്യയുടെ  പഠനങ്ങളും ബംഗാൾ സാഹചര്യങ്ങളെക്കുറിച്ച് ഭവാനിസെൻ നടത്തിയ വിശകലനങ്ങളും ശ്രദ്ധേയമായിരുന്നു. അത്തരം പഠനങ്ങളൊക്കെയും ഇന്ത്യയിലെ ഭാഷാപരമായ ദേശീയതയെകുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനുതകുന്നവയായിരുന്നു.

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവും സമരപ്രവർത്തനങ്ങളും ഇന്ത്യയിൽ ഭാഷാപരമായ ദേശീയതയെ  പരിപോഷിപ്പിച്ചു. സ്വാഭാവികമായും അത് ഐക്യ കേരള പ്രസ്ഥാനത്തിനും പ്രചോദനപ്രദമായി. കൊളോണിയൽ ഭരണാധികാരികളുടെ ഭിന്നിപ്പിച്ചുഭരിക്കൽ നയവും (Divide and  Rule policy) അതിനെതിരായി ഉയർന്നുവന്ന ശക്തമായ സമരങ്ങളും ഭാഷാദേശീയതയുടെ ശാക്തീകരണത്തിന്റെയും അതുവഴി ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെയും പ്രധാന കാരണങ്ങളിൽ  ചിലതായിരുന്നു. 1905-ലെ ബംഗാൾ വിഭജനവും തുടർന്നുണ്ടായ വിഭജന വിരുദ്ധ സമരങ്ങളും ഇക്കാര്യത്തിലുള്ള ഉത്തമ ഉദാഹരണങ്ങളാണ്.

ശ്രേണീബദ്ധമായ ജാതിസമ്പ്രദായത്തെയും ജാതിമേധാവിത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനമുളവാക്കിയത് ശ്രീനാരായണ ഗുരുനടത്തിയ പ്രതീകാത്മക പ്രതിഷ്ഠകര്‍മങ്ങളായിരുന്നു.

ഐക്യകേരള രൂപീകരണത്തിന് ഈ നാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തമിഴ് - കന്നഡ ദേശങ്ങളിൽനിന്ന് വ്യത്യസ്തമായി പശ്ചിമഘട്ടത്താൽ  സംരക്ഷിക്കപ്പെട്ട  കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും അറബിക്കടലിനാൽ അനുഗ്രഹീതമായ തീരപ്രദേശവുമൊക്കെ ഇവിടെ തനതായൊരു സാംസ്‌കാരവും പൈതൃകവും രൂപപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് കേരളത്തെക്കുറിച്ച് വിശദപഠനം നടത്തിയ ആസ്‌ത്രേലിയൻ പണ്ഡിതനായ റോബിൻ ജെഫ്രിയടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാംസ്‌കാരിക സ്വത്വ വികാസത്തിന്റെ ഊർജ്ജസ്രോതസായി വർത്തിച്ചത് മലയാളഭാഷ തന്നെയാണ്. ഭാഷാസ്വത്വ രൂപീകരണത്തിന്റെ കാര്യത്തിൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവസ്ഥയും സമാനമായിരുന്നു. മലയാള ഭാഷയോടൊപ്പം അനുഷ്ടാനകലകളും വിവിധ മത ആശയങ്ങളുടെ വ്യാപനവും കൂട്ടുകുടുംബ വ്യവസ്ഥിതിയും മരുമക്കത്തായ സമ്പ്രദായവും വൈദേശികരുമായുണ്ടായിരുന്ന വ്യാപാര- വാണിജ്യ ബന്ധങ്ങളും  മിഷനറിമാരുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുമൊക്കെ   ഈ നാടിന്റെ സംസ്കാരത്തെ സമ്പന്നമാക്കി. മലയാള ഭാഷ അടിസ്ഥാനമാക്കിയുള്ള കേരള സംസ്ഥാന രൂപീകരണത്തിന് വഴിതെളിച്ച കാര്യങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് കേരളത്തിലെ നവോത്ഥന പ്രസ്ഥാനമാണ്.

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ജാതിമേധാവിത്വത്തോടും വിവേചനങ്ങളോടും പൊരുതി സൃഷ്ടിച്ചെടുത്തത് ജ്ഞാനോദയത്തിന്റെ ഉദാത്തമായ പ്രതലത്തെയായിരുന്നു. ശ്രേണീബദ്ധമായ ജാതിസമ്പ്രദായത്തെയും ജാതിമേധാവിത്വത്തെയും ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിർണായക സ്വാധീനമുളവാക്കിയത് ശ്രീനാരായണഗുരു നടത്തിയ പ്രതീകാത്മക പ്രതിഷ്ഠകർമങ്ങളായിരുന്നു. തുടർന്നുവന്ന സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങളൊക്കെയും അടിസ്ഥാന ജനവിഭാഗങ്ങളിൽ ആത്മാഭിമാനമുണർത്തി.

റോബിൻ ജെഫ്രി

നവോത്ഥാന പ്രവർത്തനങ്ങളുടെ സൃഷ്ടിയായിരുന്ന സാംസ്‌കാരിക പുരോഗതി ഭാഷാസ്വത്വത്തെ ബലപ്പെടുത്തി. തിരുവിതാംകൂറിലെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും കേരളത്തിന്റെ ഭാഷാ സ്വത്വരൂപീകരണത്തിന് വഴിതെളിച്ചിട്ടുണ്ട്. 1891- ലെ ‘മലയാളി മെമ്മോറിയൽ’ തന്നെയാണ് എടുത്തുകാട്ടാവുന്ന ആദ്യ ഉദാഹരണം. ഇത് മലയാളികളുടെ ഭാഷാഭിമാനത്തെ ഉത്തേജിപ്പിച്ചതുപോലെതന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്രാധിപ ലേഖനങ്ങളും ഗ്രന്ഥശാലാപ്രസ്ഥാനവുമൊക്കെ കേരളീയതയേയും മലയാളഭാഷാ സ്വത്വത്തെയും പ്രചോദിപ്പിച്ചത് ഐക്യ കേരള പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി.

നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന ക്ഷേത്രപ്രവേശന സമരങ്ങളിൽ മലബാറിലും മധ്യകേരളത്തിലും തിരുവിതാംകൂറിലുമുള്ളവർ പങ്കെടുത്തിരുന്നുവല്ലോ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ, പ്രത്യേകിച്ച് മലബാറിലെ ഉപ്പുസത്യാഗ്രഹവും മറ്റും പ്രചോദനഘടകങ്ങൾ തന്നെയായിരുന്നു. ദക്ഷിണ കാനറാ ജില്ലയുടെ ഭാഗമായിരുന്ന കാസർകോടിനെ മലബാറിന്റെ ഭാഗമാക്കുന്നതിന് ടി.എസ്. തിരുമുമ്പിന്റെ  നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും എടുത്തുപറയേണ്ടവയാണ്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയും ഐക്യകേരള പ്രസ്ഥാനത്തിന്റെ മുന്നേറ്റവും സമാനമായി സംഭവിച്ച കാര്യങ്ങളായിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഇടതുപക്ഷം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതും കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഘടകം ഒന്നടങ്കം കമ്യൂണിസ്റ്റ് പാർട്ടിയായി പരിവർത്തിക്കപ്പെട്ടതും കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം ഭാഷാടിസ്ഥാനത്തിലുള്ള ഐക്യ കേരള രൂപീകരണത്തിന് നടത്തിയ പ്രവർത്തനങ്ങളുമാണ് യഥാർത്ഥത്തിൽ മലയാള ഭാഷ സംസാരിക്കുന്ന ജനസഞ്ചയത്തിന്റെ അധിവാസമേഖലയെ  അടിസ്ഥാനത്തിലുള്ള കേരള സംസ്ഥാന രൂപീകരണത്തെ സാക്ഷാത്കരിച്ചത്.

ടി.എസ്. തിരുമുമ്പ്

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെയിടയിൽ നടത്തിയ പ്രവർത്തനങ്ങൾ, എ.കെ.ജിയുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ പട്ടിണിജാഥ, സാമ്രാജ്വത്വത്തിനും ജന്മിത്വത്തിനും എതിരായി നടത്തിയ കർഷക സമരങ്ങൾ, തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും പ്രക്ഷോഭങ്ങൾ എന്നിങ്ങനെയുള്ള സംഭവവികാസങ്ങൾക്കൊക്കെയും കേരളീയതയുടെ സ്വഭാവം കൂടിയുണ്ടായിരുന്നു. 1940-കളുടെ തുടക്കത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി ഭാഷാ അടിസ്ഥാനത്തിലുള്ള ഐക്യകേരളത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളുയർത്തിയിരുന്നു.

ഇ.എം.എസ് രചിച്ച "ഒന്നേകാൽ കോടി മലയാളികൾ" എന്ന ലഘുപുസ്തകവും അത് വികസിപ്പിച്ച "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകവും ഭാഷാടിസ്ഥാനത്തിലുള്ള കേരളം സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി. നാടുവാഴിത്തത്തിൽനിന്നും ജന്മിത്തത്തിൽനിന്നും ജാതീയ ഉച്ചനീചത്വത്തിൽനിന്നും മോചനം നേടുന്ന ഐക്യ കേരളത്തെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്തിരുന്നത്.

കേരളം സംസ്ഥാന രൂപീകരണത്തിനുവേണ്ടി ഒട്ടേറെ ഘടകങ്ങൾ പ്രവർത്തിക്കുകയുണ്ടായി. എന്നാൽ അതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഏറ്റവും ഫലപ്രദമായിത്തീർന്നത്. അങ്ങനെ 1956 നവംബർ ഒന്നിന് മലയാളികളുടെ സ്വത്വ സാക്ഷാത്കാരമായി കേരളം സംസ്ഥാനം രൂപീകൃതമായി. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത് കേരളത്തിന്റെ ആധുനിക പുരോഗതിയിലേക്കുള്ള മുന്നേറ്റത്തിന് അടിത്തറ പാകിയ ഘടകങ്ങളിൽ ഒന്നാണ്.


ഡോ. പി.എം. സലിം

സാമൂഹ്യശാസ്ത്ര ഗവേഷകൻ. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചന സമരവും: ഒരു ചരിത്രന്യോഷണം എന്ന പുസ്തകം മലയാളത്തിലും കന്നടത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments