പേരും പെരുമയും അവകാശപ്പെടുന്ന കേരള പൊതു ജനാരോഗ്യ മേഖല കിതയ്ക്കുകയാണോ? മുൻപെങ്ങുമില്ലാത്ത വിധത്തിൽ ആരോപണങ്ങളും അന്വേഷണങ്ങളും ഉയർന്നുവരുന്നത് ഒട്ടും ശുഭസൂചകമല്ല.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നൂറുക്കണക്കിന് സ്‌പെഷ്യലിസ്റ്റുകളും സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരും സേവനസന്നദ്ധരായി കടന്നുവരുന്ന മേഖലയാണ് കേരള സർക്കാറിന്റെ ആരോഗ്യ വിഭാഗങ്ങൾ. ഇന്നത്തെ അവസ്ഥ വെച്ച് നോക്കുകയാണെങ്കിൽ വലിയൊരു ശതമാനം ജനങ്ങൾ ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. ഇന്ന് സർക്കാർ സ്ഥാപനങ്ങൾ കെട്ടിട സൗകര്യം, ഒ.പി സേവനങ്ങൾ, മരുന്നുവിതരണം, രോഗനിർണ്ണയം, ചികിത്സാ സംവിധാനങ്ങൾ എന്നിവയിൽ മറ്റ് വൻകിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്നവയാണ്. വിദഗ്ദ ഡോക്ടർമാർ, മറ്റ് പാരാ മെഡിക്കൽ വിഭാഗങ്ങൾ എന്നിവയിൽ തികച്ചും ഉന്നത നിലവാരവും വിശ്വാസ്യതയും പുലർത്തുന്നത് സർക്കാർ സ്ഥാപനങ്ങൾ തന്നെയാണ്.
പക്ഷേ പൊതു ധനം വിനിയോഗിക്കപ്പെടുന്ന ഒരു പ്രധാന മേഖല എന്ന നിലയിൽ ചില പ്രശ്നങ്ങൾ നേരിടുന്നത് പതിവുമാണ്. അതിൽ, മനുഷ്യ വിഭവശേഷിയും പശ്ചാത്തല സൗകര്യങ്ങളുമാണ് പൊതുവെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാറ്. മരുന്നുകൾ, ഉപകരണങ്ങൾ, മറ്റ് അവശ്യ ഘടകങ്ങൾ എന്നിവ ലഭ്യമാകുന്നത്തിലുള്ള ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല എന്നത് എല്ലാവർക്കും അറിയുന്നതുമാണ്. മാറിമാറി വരുന്ന സർക്കാരുകൾ ക്രിയാത്മകമായി ഇടപെടാത്തതു കൊണ്ടുതന്നെയാണ് സർക്കാർ ആതുരാലയങ്ങൾ പരാതിയുടെയും മുറവിളികളുടെയും. കേന്ദ്ര ബിന്ദുവാകുന്നത്. അന്തിമമായി ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്നതാവട്ടെ, സാധാരണക്കാരിൽ സാധാരണക്കാരും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉയർന്നു വന്ന ചികിത്സോപകരണങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒറ്റപ്പെട്ടതല്ല എന്നത് പകൽ പോലെ വ്യക്തമാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളിൽ ഒരു ഘട്ടം കഴിയുമ്പോൾ എല്ലാം കെട്ടടങ്ങുന്നു എന്നതാണ് സത്യം. സംഘടിതമായ ആക്രമണവും അച്ചടക്ക നടപടി തുടങ്ങിയ ഭീഷണികളും ഡോക്ടർമാരുടെയും മറ്റുള്ളവരുടെയും ഉത്സാഹം കെടുത്തുന്നു എന്നതും വ്യക്തമാണ്. ഒറ്റയാൾ പോരാട്ടം നടത്തുന്ന ചുരുക്കം ചില വ്യക്തികൾ ഉണ്ടെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. പൊതുസമൂഹവും മാധ്യമലോകവും ഡോ. ഹാരിസ് ചിറക്കലിന്റെ കൂടെ നിൽക്കുന്നു എന്നത് അതിലേറെ ആശ്വാസവും പ്രത്യാശയും നൽകുന്നു. ഡോക്ടറുടെ ഭാഗം ശരിയാണെന്നും നടപടി വരുമെന്നും ആരോഗ്യ മന്ത്രി തന്നെ പറയുമ്പോൾ നമ്മൾ അന്തിച്ചു പോവുന്നുവെന്നു മാത്രം.
ഒരു പൊളിച്ചെഴുത്ത് വേണമെന്നത് തർക്കമില്ലാത്ത സംഗതിയാണ്. അതെങ്ങനെ വേണം എന്നത് ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയവുമാണ്. പരമപ്രധാനമായ ആരോഗ്യ മേഖലയിൽ സുതാര്യതയും വിശ്വാസ്യതയും പുലരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞു. ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സം വരാത്ത രീതിയിൽ സംവിധാനങ്ങൾ ഉടച്ച് വാർക്കപ്പെടണം. വിഭവ സമാഹരണത്തിന് ധന വിനിയോഗം, പർച്ചേസ്, തുടർ സേവനങ്ങൾ എന്നിവയ്ക്കായി പ്രത്യേക സംവിധാനം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. സ്ഥാപനത്തിലെ വിവിധ വിഭാഗം ഡോക്ടർമാരെ കൂടെ ഉൾപ്പെടുത്തി വേണം ഇത്തരം കമ്മിറ്റികൾ രൂപീകരിക്കുവാൻ. എങ്കിൽ മാത്രമേ ഗുണനിലവാരം, പർച്ചേസ് എന്നിവയിൽ സുതാര്യതയും വിശ്വാസ്യതയും വെച്ച് പുലർത്താൻ സാധിക്കുകയുള്ളൂ. അന്തിമമായി ധന വിനിയോഗത്തിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് ഇത് തികച്ചും സഹായകവുമായിരിക്കും.

ഓരോ ആരോഗ്യ സ്ഥാപനത്തിലും നിലവിലുള്ള സംവിധാനമാണ് ആശുപത്രി വികസന സമിതികൾ. ആശുപത്രികളുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ ബാധ്യസ്ഥമായ ഈ സമിതികൾ പലപ്പോഴും വീഴ്ചകൾ എടുത്ത് കാണിക്കുവാനും രാഷ്ട്രീയ നീക്കങ്ങൾക്കുമുള്ള വേദിയായി മാറുന്നു എന്നതാണ് വാസ്തവം.
മേൽത്തട്ടിൽ തീരുമാനിക്കേണ്ട ഉത്തരവുകളും നടപടികളും പലപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി തടസ്സപ്പെടുന്നത് സമൂഹം അംഗീകരിച്ച മട്ടാണ്.അഴിമതിയും സ്വജന പക്ഷപാതവും തന്നെയാണ് പലപ്പോഴും പ്രതിസന്ധികൾക്ക് കാരണമാകുന്നത്. എല്ലാവരും പലപ്പോഴും പറയുന്നത് പോലെ മനുഷ്യ ജീവൻ കൊണ്ടുള്ള 'കളി' തന്നെയാണ് ചികിത്സാരംഗം. അതിന്റെ നിർവഹണത്തിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തി തക്കതായ നടപടികൾ എടുക്കുന്നതിന് പകരം പലപ്പോഴും പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന വ്യക്തികളെ തേജോവധം ചെയ്യാനും ഒറ്റപ്പെടുത്താനുമാണ് നീക്കങ്ങൾ നടക്കുന്നത്. ഇത് മുന്നിൽ കാണുന്ന ബഹു ഭൂരിപക്ഷം പുലർത്തുന്ന നിസ്സംഗതയാണ് ഇത്തരം കെടുകാര്യസ്ഥത തുടരുവാൻ ഇടവരുത്തുന്നതും.
ഒരു രോഗിയുടെ ചികിത്സയും അനുബന്ധ ആവശ്യങ്ങളും ഏറ്റവും നന്നായി മനസ്സിലാകുന്നത് ചികിത്സിക്കുന്ന ഡോക്ടർക്കാണ്. അതിനാൽ തന്നെ അത്തരം ആത്മാർത്ഥമായ പ്രതിഷേധങ്ങൾ അവഗണിച്ച് നീങ്ങാൻ ഒരു ഭരണകൂടത്തിനും സാധിക്കുമെന്ന് തോന്നുന്നില്ല. ആത്മാർത്ഥമായി പ്രവർത്തിക്കുമ്പോൾ നമുക്കും വേണമല്ലോ സംതൃപ്തി. ഇത് രണ്ടിനും വിഘാതമായി നിൽക്കുന്നത് എന്തുതന്നെ ആയാലും അതിനെയൊക്കെ തുറന്നുകാണിക്കുവാൻ തയാറാകുന്നവരാണ് ശരി.
പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ഭരണ നേതൃത്വവും ഈ ശരികൾക്കുവേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിന് മാത്രമേ വലിയ പരിഹാരങ്ങൾക്ക് സാദ്ധ്യമാവുകയുള്ളൂ. അത്തരമൊരു കാലത്തിലേക്കുള്ള വ്യക്തമായ ചൂണ്ടു പലകയാണ് ഡോ. ഹാരിസ് ചിറക്കലിന്റെ ധീരവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങൾ
