ചെറുപ്പത്തിലേ
ഇങ്ങനെ കൊല്ലരുത്,
പി.എസ്.സീ…

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലുള്ളവർ നിരവധി പ്രതിസന്ധികളാണ് ഇന്ന് നേരിടുന്നത്. അവിടെനിന്ന് ​തൊഴിലന്വേഷകരായി എത്തുന്നവരെയും അതിലും വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത് എന്നു വരുന്നത്, ഭരണകൂട- രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ചു മാത്രമല്ല, കേരളീയ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുകൂടി ആശങ്കാജനകമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്- നിഖിൽ സജി തോമസ് എഴുതുന്നു.

തൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നത് യുവജനതയാണ്. അവരുടെ തൊഴിൽ, സാമൂഹിക ബോധം, ശാരീരിക- മാനസിക ആരോഗ്യം എന്നിവയാണ് ഒരു രാജ്യത്തിന്റെ പുരോഗതിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. ഇന്ത്യ ഇന്ന് ലോകത്ത് ഏറ്റവും യുവജനസംഖ്യയുള്ള രാജ്യമാണ്. എന്നാൽ തൊഴിലില്ലായ്മയും ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വവും ഇന്ത്യൻ യുവജനങ്ങളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നു.

യുവാക്കളെ വെറും വോട്ട് ബാങ്കായാണ് രാഷ്ട്രീയപ്പാർട്ടികൾ കാണുന്നത്. ഓരോ ഇലക്ഷനു മുമ്പും പാർട്ടികൾ വാരിക്കോരി വാഗ്ദാനങ്ങൾ നൽകും. എന്നാൽ അധികാരത്തിൽ വന്നശേഷം ഇതൊന്നും പാലിക്കപ്പെടാറില്ല. തൊഴിലില്ലായ്മ എന്ന പ്രശ്നം അജണ്ടയിലില്ലാത്ത സർക്കാറാണ് കേന്ദ്രത്തിലുള്ളത്. മാത്രമല്ല, റെയിൽവേയും പ്രതിരോധമേഖലയും ഉൾപ്പെടെ സുപ്രധാന വകുപ്പുകളിലെ സ്ഥിരം നിയമനങ്ങൾ വെട്ടിക്കുറക്കുകയുമാണ്.

തൊഴിൽരഹിതരുടെ ഇന്ത്യ

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മ തന്നെയാണ്. ILO യും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റും (IHD) ചേർന്ന് പുറത്തിറക്കിയ 'ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് 2024' പ്രകാരം, തൊഴിലില്ലാത്തവരിൽ ഭൂരിഭാഗവും യുവാക്കളാണ്. കൂടാതെ, തൊഴിലില്ലാത്ത യുവാക്കളിൽ സെക്കൻഡറി വിദ്യാഭ്യാസമോ അതിന് മുകളിലോ ഉള്ളവരുടെ വിഹിതം 2000- ൽ 35% ആയിരുന്നെങ്കിൽ 2022` ൽ അത് ഏകദേശം 66%- മായി ഉയർന്നു. അതായത്, വിദ്യാഭ്യാസത്തിന് അതിനനുസരിച്ചുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല.

പി എസ് സി നിയമനങ്ങൾ കുറയ്ക്കുകയും പിൻവാതിൽ നിയമനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നത് ഒരു ഗുരുതരപ്രശ്നമാണ്.

അസിം പ്രേംജി സർവകലാശാല പ്രസിദ്ധീകരിച്ച 'സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ- 2026' റിപ്പോർട്ട് ഇന്ത്യയിലെ യുവജന തൊഴിലില്ലായ്മയുടെ ഗൗരവം വ്യക്തമാക്കുന്നു. 15–25 വയസുകാരിൽ തൊഴിലില്ലായ്മ ഏകദേശം 40 ശതമാനവും, 25–29 വയസുകാരിൽ 20 ശതമാനവുമാണ്. നാലു പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസത്തിലേക്കുള്ള എൻറോൾമെന്റ് വർധിച്ചിട്ടും അതിനനുസരിച്ച് തൊഴിലുണ്ടാകുന്നില്ല എന്നതാണ് റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തൽ. വിദ്യാഭ്യാസവും തൊഴിലും തമ്മിൽ വർധിച്ചുവരുന്ന വിടവ് ഇന്ത്യൻ യുവത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ, പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് നരേന്ദ്ര മോദി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, രാജ്യത്തെ തൊഴിൽ സാഹചര്യം പരിശോധിക്കുമ്പോൾ ആ വാഗ്ദാനം എത്രമാത്രം വ്യാജമായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) നടത്തിയ സർവേകൾ പ്രകാരം 2016-17 കാലഘട്ടത്തിൽ രാജ്യത്താകെ 41.27 കോടി ജനങ്ങൾക്ക് തൊഴിലുണ്ടായിരുന്നെങ്കിൽ, 2022-23 ൽ 40.57 കോടിയായി കുറഞ്ഞു. അതായത്, തൊഴിൽ ചെയ്യാൻ പ്രായമുള്ളവരുടെ എണ്ണം വർഷംതോറും വർധിച്ചിട്ടും അതിനനുസരിച്ച് തൊഴിലവസരം വർധിക്കുന്നില്ല.

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മ തന്നെയാണ്. ILO യും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റും (IHD) ചേർന്ന് പുറത്തിറക്കിയ 'ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് 2024' പ്രകാരം, തൊഴിലില്ലാത്തവരിൽ ഭൂരിഭാഗവും യുവാക്കളാണ്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മ തന്നെയാണ്. ILO യും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റും (IHD) ചേർന്ന് പുറത്തിറക്കിയ 'ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് 2024' പ്രകാരം, തൊഴിലില്ലാത്തവരിൽ ഭൂരിഭാഗവും യുവാക്കളാണ്.

ഈ യാഥാർത്ഥ്യം മറച്ചുവെക്കാൻ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് നിരത്തുന്നത്. പ്രൊവിഡന്റ് ഫണ്ട് രജിസ്ട്രേഷൻ വർധനവ്, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിന്റെ തെളിവായി കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ ഈ കണക്ക് പുതിയ തൊഴിലവസരങ്ങളുടെ തെളിവായി കാണാൻ കഴിയില്ല. പഴയ ജീവനക്കാരെ പുതുതായി രജിസ്റ്റർ ചെയ്തതും, കരാർ തൊഴിലാളികളെ നിർബന്ധമായി പി.എഫ് സ്കീമിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയുമാണ് ഈ വർദ്ധനവിന് കാരണം. പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽനിന്ന് ലക്ഷക്കണക്കിന് തൊഴിലാളികൾ പുറത്തുപോകുകയും പിന്നീട് വീണ്ടും രജിസ്റ്റർ ചെയ്യപ്പെടുന്നതും കാണിക്കുന്നത്, തൊഴിൽ മേഖലയിലെ കടുത്ത അസ്ഥിരതയെയാണ്.

കാർഷിക മേഖലയിൽ നിന്ന് കൂടുതൽ സുരക്ഷിതവും ഉയർന്ന ശമ്പളവുമുള്ള ഉൽപ്പാദന മേഖലയിലേക്കോ സേവനമേഖലയിലേക്കോ തൊഴിൽശക്തിയെ മാറ്റുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ജി.ഡി.പിയിൽ ഉൽപ്പാദനമേഖലയുടെ പങ്ക് 17 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തുമെന്നും 10 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം 2014-15 ൽ 16 ശതമാനമായിരുന്ന ഉൽപ്പാദനമേഖലയിലെ ജി ഡി പി വിഹിതം 2022-23ൽ 16.4% മാത്രമാണ്. വാഗ്ദാനം ചെയ്ത 10 കോടി തൊഴിലവസരങ്ങൾ ഇന്നും യാഥാർത്ഥ്യമായിട്ടില്ല.

നഗരങ്ങളിലെ രൂക്ഷമായ തൊഴിൽ പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടിവരികയും കൃഷിയെ ആശ്രയിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. ഇന്ത്യയിലെ തൊഴിൽശക്തിയുടെ 46 ശതമാനവും കുറഞ്ഞ വരുമാനമുള്ള കാർഷിക മേഖലയിലാണ്. ഗ്രാമീണ തൊഴിൽശക്തിയുടെ നാലിലൊന്നും വളരെ കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന താൽക്കാലിക തൊഴിലാളികളാണ്. ഇവരെല്ലാം 'തൊഴിലുള്ളവർ' എന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് ‘മറഞ്ഞ തൊഴിലില്ലായ്മ’ (Hidden Unemployment) മാത്രമാണ്.

പരിമിതമായ തൊഴിലവകാശങ്ങൾ കൂടി ഇല്ലാതാക്കി എല്ലാ തൊഴിൽ മേഖലകളും പൂർണമായും കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കുന്നതിന്റെ അവസാന പടിയാണ് ലേബർ കോഡുകൾ.

ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധിയുടെ തീവ്രത മനസ്സിലാകണമെങ്കിൽ തൊഴിലുറപ്പ് പദ്ധതിയുടെ കണക്കുകൾ കൂടി പരിശോധിക്കണം. 2014-15 ൽ 5.8 കോടിയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം 2022-23 ൽ 8.8 കോടിയായി കുതിച്ചുയർന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം വർഷത്തിൽ ശരാശരി 50 ദിവസം മാത്രമാണ് ജോലി, അതും പ്രതിദിനം 237 രൂപ (ശരാശരി) എന്ന തുച്ഛവേതനത്തിൽ. എന്നിട്ടും ഈ പദ്ധതിയെ ഇത്രയാളുകൾ ആശ്രയിക്കുന്നത് രാജ്യത്തെ തൊഴിൽ ദാരിദ്ര്യത്തിന് തെളിവാണ്. ഫണ്ട് വെട്ടിക്കുറച്ചും ആധാർ അധിഷ്ഠിത പണമിടപാട് രീതി അടിച്ചേൽപ്പിച്ചും ഈ പദ്ധതിയെ ശ്വാസം മുട്ടിച്ചശേഷം, ഇപ്പോൾ അത് പൂർണമായും അട്ടിമറിച്ച്, വിബി- ജി- റാം ജി (Viksit Bharat-Guarantee for Rozgar and Ajeevika Mission Gramin- VB-G RAM G) എന്ന പുതിയ രൂപത്തിലാക്കിക്കഴിഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് വലിയ തോതിൽ സംസാരിക്കുന്നുണ്ടെങ്കിലും അവരുടെ തൊഴിലവസരങ്ങൾ പരിതാപകരമാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മാനിരക്ക് ഗ്രാമങ്ങളിൽ പുരുഷന്മാരേക്കാൾ ഇരട്ടിയും നഗരങ്ങളിൽ മൂന്നിരട്ടിയുമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിച്ചതായി കാണിക്കുന്ന സമീപകാല സർവേകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാരണം ഈ വർദ്ധനവ് ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബവരുമാനത്തെ സഹായിക്കാൻ സ്ത്രീകൾ ചെയ്യുന്ന 'സ്വയം തൊഴിൽ', 'പ്രതിഫലമില്ലാത്ത ജോലികൾ' എന്നിവയിലാണ്.

സ്ത്രീകളുടെ തൊഴിലില്ലായ്മാനിരക്ക് ഗ്രാമങ്ങളിൽ പുരുഷന്മാരേക്കാൾ ഇരട്ടിയും നഗരങ്ങളിൽ മൂന്നിരട്ടിയുമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിച്ചതായി കാണിക്കുന്ന സമീപകാല സർവേകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
സ്ത്രീകളുടെ തൊഴിലില്ലായ്മാനിരക്ക് ഗ്രാമങ്ങളിൽ പുരുഷന്മാരേക്കാൾ ഇരട്ടിയും നഗരങ്ങളിൽ മൂന്നിരട്ടിയുമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിച്ചതായി കാണിക്കുന്ന സമീപകാല സർവേകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) പ്രകാരം 2017-18 ൽ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾ 52 ശതമാനമായിരുന്നെങ്കിൽ 2022-23 ൽ 65 ശതമാനമായി ഉയർന്നു. ഇതിൽ തന്നെ പ്രതിഫലമില്ലാതെ കുടുംബത്തെ സഹായിക്കുന്ന സ്ത്രീകളുടെ പങ്ക് 32 ശതമാനത്തിൽ നിന്ന് 38 ശതമാനമായി വർദ്ധിച്ചു. അതേസമയം സ്ഥിര ശമ്പളമുള്ള ജോലി ചെയ്യുന്ന സ്ത്രീകൾ 21 ശതമാനത്തിൽ നിന്ന് 16 ശതമാനമായും, താൽക്കാലിക ജോലി ചെയ്യുന്നവർ 27ൽ നിന്ന് 19 ശതമാനമായും കുറഞ്ഞു. ഇത് തൊഴിൽ സൃഷ്ടിയല്ല, മറിച്ച് ദാരിദ്ര്യം മൂലം പ്രതിഫലമില്ലാതെ പോലും പണിയെടുക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്ന സാഹചര്യമാണ്.

തൊഴിൽ അനിശ്ചിതത്വവും കുറഞ്ഞ തൊഴിൽ അവസരങ്ങൾക്കുവേണ്ടിയുള്ള കടുത്ത മത്സരവും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന (WHO) മാനസികാരോഗ്യം ഒരു വ്യക്തിയുടെ ജീവിതനിലവാരത്തിന്റെയും ഉൽപ്പാദനക്ഷമതയുടെയും അടിസ്ഥാനമാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ തോതിൽ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നതായി WHO വിലയിരുത്തുന്നു. തൊഴിൽ സമ്മർദ്ദം, പരീക്ഷാഭാരം, സാമൂഹിക സമ്മർദ്ദം, ഏകാന്തത എന്നിവ യുവജനങ്ങളിൽ വിഷാദവും ഉത്കണ്ഠയും വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണ്. ഈ സാഹചര്യത്തിലാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെ എണ്ണം വീണ്ടും വർധിച്ചതായി രേഖപ്പെടുത്തുന്നത്.

തൊഴിൽവകുപ്പും മറ്റു സർക്കാർ സംവിധാനങ്ങളും ഇടപെട്ട് നടത്തിയ ഒത്തുതീർപ്പുചർച്ചകളി​ലെ ധാരണകളെ പോലും മറികടന്ന്, മനുഷ്യവിരുദ്ധമായി കോറോ ഹെൽത്ത് എന്ന കമ്പനിയ്ക്ക് മു​ന്നോട്ടുപോകാൻ ധൈര്യം പകരുന്നത്, ലേബർ കോഡുകളാണ് എന്നതിൽ സംശയമില്ല.

നോയ്ഡ മുതൽ കോറോ ഹെൽത്ത് വരെ:
ലേബർ കോഡ് പ്രയോഗങ്ങൾ

സ്ഥിരതയുള്ള തൊഴിലുകൾ സൃഷ്ടിച്ച് മാതൃകാ തൊഴിൽദാതാവായി മാറേണ്ട സർക്കാർ മേഖല, അത് ഏതാണ്ട് പൂർണമായും കൈയൊഴിഞ്ഞിരിക്കുന്നു. പരിമിതമായ തൊഴിലവകാശങ്ങൾ കൂടി ഇല്ലാതാക്കി എല്ലാ തൊഴിൽ മേഖലകളും പൂർണമായും കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കുന്നതിന്റെ അവസാന പടിയാണ് ലേബർ കോഡുകൾ. തൊഴിൽ വകുപ്പിന്റെ അധികാരവും തൊഴിലാളികളുടെ വിലപേശൽശേഷിയും സംഘടനാഇടപെടലും പൂർണ്ണമായും ഇല്ലാതാക്കുന്ന ലേബർ കോഡുകളിലൂടെ കരാർ നിയമനങ്ങളാണ് ലക്ഷ്യം വെക്കുന്നത്. മാത്രമല്ല, ജീവനക്കാരെ എപ്പോൾ വേണമെങ്കിലും യാതൊരു ആനുകൂല്യവും നൽകാതെ പിരിച്ചുവിടാൻ കഴിയുന്ന നിയമപരമായ അനുമതി കൂടി ഭരണകൂടം കോർപറേറ്റുകളടക്കമുള്ള തൊഴിലുടമകൾക്ക് നൽകുന്നു. ​

ലേബർ കോഡ് നടപ്പിലാക്കാൻ സഹായകമായ അന്തരീക്ഷം കേന്ദ്രം ബോധപൂർവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു, കഴിഞ്ഞ വർഷങ്ങളിൽ.

കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരുടെ എണ്ണത്തിൽ 2013 നും 2022 നും ഇടയിൽ 2.7 ലക്ഷത്തിന്റെ കുറവുണ്ടായി. അതേസമയം കരാർ / ഔട്ട്സോഴ്സിംഗ് തൊഴിലാളികളുടെ വിഹിതം 19 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും വിറ്റഴിക്കലും കാരണം സ്ഥിരം ജോലി ഇല്ലാതാകുകയും കുറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളുമില്ലാത്ത കരാർ ജോലികൾ വർദ്ധിക്കുകയും ചെയ്തു. ബിബേക് ദേബ്രോയ് കമ്മറ്റി ശുപാർശ പ്രകാരം റെയിൽവേയിലെ ജീവനക്കാരെ വെട്ടിക്കുറക്കാനും (rationalisation) സ്വകാര്യവൽക്കരിക്കാനുമുള്ള നടപടികൾക്ക് റെയിൽവേ തുടക്കമിട്ടിരുന്നു.

കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരുടെ എണ്ണത്തിൽ 2013 നും 2022 നും ഇടയിൽ 2.7 ലക്ഷത്തിന്റെ കുറവുണ്ടായി. അതേസമയം കരാർ / ഔട്ട്സോഴ്സിംഗ് തൊഴിലാളികളുടെ വിഹിതം 19 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഉയർന്നു.
കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരുടെ എണ്ണത്തിൽ 2013 നും 2022 നും ഇടയിൽ 2.7 ലക്ഷത്തിന്റെ കുറവുണ്ടായി. അതേസമയം കരാർ / ഔട്ട്സോഴ്സിംഗ് തൊഴിലാളികളുടെ വിഹിതം 19 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഉയർന്നു.

റെയിൽവേ മന്ത്രാലയം പാർലമെന്റിന് നൽകിയ കണക്കനുസരിച്ച് 2018–19 മുതൽ 2021–22 വരെ 92,000 ത്തിലധികം തസ്തികകളാണ് വിവിധ വിഭാഗങ്ങളിലായി റെയിൽവേയിൽ ഒഴിവാക്കിയത്. അതോടൊപ്പം റെയിൽവേ അടക്കം തന്ത്രപ്രധാനമായ മേഖലകളിൽ നടത്തുന്ന സ്വകാര്യവൽക്കരണവും ഔട്ട്സോഴ്സിംഗും മൂലം പുതിയ തൊഴിലവസരങ്ങൾ കുറയുകയാണ്. യുവാക്കൾക്ക് വൻ​തോതിൽ തൊഴിൽ നൽകിയിരുന്ന സൈനിക മേഖലയിലും ‘അഗ്നിവീർ’ എന്ന പേരിൽ സ്ഥിരനിയമനം വലിയ തോതിൽ ഇല്ലാതാക്കി.

പൊതുമേഖലയുടെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണം വഴി ലക്ഷ്യം വെക്കുന്നത് സ്ഥിരതസ്തികകൾ ഇല്ലാതാക്കി താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പണിയെടുപ്പിക്കുക എന്നതാണ്. എണ്ണത്തിൽ തീരെ കുറഞ്ഞ സീറ്റുകളിലേക്ക് ലക്ഷക്കണക്കിന് യുവാക്കൾ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അൺ സ്കിൽഡ്, സെമി സ്കിൽഡ് ജോലിക്ക് പിഎച്ച്ഡിയും പിജിയും തുടങ്ങി ഉന്നത ബിരുദമുള്ളവർ വരെയാണ് അപേക്ഷിക്കുന്നത്.

ലേബർ കോഡ് അടക്കമുള്ള തൊഴിലാളിവിരുദ്ധനടപടികളുടെ തുടർച്ചയായിരുന്നു, നോയ്ഡയിൽ സമരം നടത്തിയ തൊഴിലാളികൾക്കെതിരെ ഭരണകൂടം നടത്തിയ വേട്ട. എട്ടു മണിക്കൂറിനുപകരം പത്തും പന്ത്രണ്ടും മണിക്കൂറാണ് ഇവിടെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. ശമ്പളം 20,000 രൂപയിൽ താഴെ മാത്രം. അസംഘടിത മേഖലയായതിനാൽ തൊഴിൽ നിയമങ്ങളുടെ സംരക്ഷണവുമില്ല.

വിവിധ സംസ്ഥാനങ്ങളിലായി 1.04 ലക്ഷം ഒഴിവുകളിലേക്ക് നടന്ന പരീക്ഷകളിൽ 41 തവണയാണ് ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉണ്ടായത്

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് (Corro Health) കോഴിക്കോടും കൊച്ചിയിലും ജോലി ചെയ്തിരുന്ന എണ്ണൂറോളം ജീവനക്കാരെയാണ് ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടത്. രാവിലെ ജോലിക്കെത്തിയപ്പോഴാണ്, നോട്ടീസും അറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതായി ഇവരെ അറിയിക്കുന്നത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനും കരാർ കാലാവധി അവസാനിച്ചാൽ ജോലി സ്വാഭാവികമായി അവസാനിപ്പിച്ച് ഒഴിവാക്കാനും പുതിയ ആളുകളെ നിയമിക്കാനും തൊഴിലുടമയ്ക്ക് അവകാശം നൽകുന്ന ലേബർ കോഡിലെ വ്യവസ്ഥയാണ് കമ്പനി നടപ്പാക്കിയത്. അതുകൊണ്ടാണ്, ലേബർ കോഡിന്റെ പേരിൽ ​അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ ഈ കൂട്ടപ്പിരിച്ചുവിടലിനെ കമ്പനി ന്യായീകരിക്കുകയും നടപടിയ്ക്ക് നിയമപ്രാബല്യമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തത്. തൊഴിൽവകുപ്പും മറ്റു സർക്കാർ സംവിധാനങ്ങളും ഇടപെട്ട് നടത്തിയ ഒത്തുതീർപ്പുചർച്ചകളി​ലെ ധാരണകളെ പോലും മറികടന്ന്, മനുഷ്യവിരുദ്ധമായി ഈ കമ്പനിയ്ക്ക് മു​ന്നോട്ടുപോകാൻ ധൈര്യം പകരുന്നത്, ലേബർ കോഡുകളാണ് എന്നതിൽ സംശയമില്ല. ലേബർ കോഡ് അനുസരിച്ചായാലും, മുന്നൂറിലേറെ പേർ ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടുന്നതിനുമുമ്പ് തൊഴിൽ വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം എന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറയുന്നുണ്ടെങ്കിലും അത്തരം നിയമങ്ങൾ ബാധകമല്ല എന്ന നിലയിലാണ് കോറോ ഹെൽത്ത് മുന്നോട്ടുപോകുന്നത്. ഭാവിയിൽ രൂക്ഷമാകാൻ പോകുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.

റെയിൽവേ മന്ത്രാലയം പാർലമെന്റിന് നൽകിയ കണക്കനുസരിച്ച് 2018–19 മുതൽ 2021–22 വരെ 92,000 ത്തിലധികം തസ്തികകളാണ് വിവിധ വിഭാഗങ്ങളിലായി റെയിൽവേയിൽ ഒഴിവാക്കിയത്.
റെയിൽവേ മന്ത്രാലയം പാർലമെന്റിന് നൽകിയ കണക്കനുസരിച്ച് 2018–19 മുതൽ 2021–22 വരെ 92,000 ത്തിലധികം തസ്തികകളാണ് വിവിധ വിഭാഗങ്ങളിലായി റെയിൽവേയിൽ ഒഴിവാക്കിയത്.

പരീക്ഷ എന്ന അഴിമതി

കടുത്ത തൊഴിൽ പ്രതിസന്ധികൾക്കിടയിലാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ ആവർത്തിക്കുന്ന പരീക്ഷാഅട്ടിമറികളും ക്രമക്കേടുകളും. ഒരു പ്രമുഖ പത്രം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്, വിവിധ സംസ്ഥാനങ്ങളിലായി 1.04 ലക്ഷം ഒഴിവുകളിലേക്ക് നടന്ന പരീക്ഷകളിൽ 41 തവണയാണ് ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉണ്ടായത് എന്നാണ്. ഇത് 1.4 കോടിയോളം ഉദ്യോഗാർത്ഥികളെയാണ് നേരിട്ട് ബാധിച്ചത്. പരീക്ഷകൾ സ്വകാര്യ ഏജൻസികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉറവിടം.

മെഡിക്കൽ പ്രവേശനത്തിനായുള്ള NEET പരീക്ഷയിലും സമാന അട്ടിമറികളാണ് നടക്കുന്നത്. മെയ് മൂന്നിനു നടന്ന നീറ്റ് പരീക്ഷ 22.8 ലക്ഷം വിദ്യാർത്ഥികളാണ് എഴുതിയത്. എയർഫോഴ്സിന്റെ സഹായത്തോടെയാണ് പരീക്ഷാപേപ്പറുകൾ കേന്ദ്രങ്ങളിൽ എത്തിച്ചത്. ക്രമക്കേട് തടയാൻ 1.3 മില്യൺ ക്യാമറകളും 51,311 ജാമറുകളും, ദേഹപരിശോധനയ്ക്കായി 39,000 ജീവനക്കാരെയും വിന്യസിച്ചിരുന്നു. ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, സുരക്ഷയ്ക്കായി ഡ്രോണുകളും ഡോഗ് സ്ക്വാഡുകളും വരെ ഉപയോഗിച്ചിരുന്നു. 180 ചോദ്യങ്ങളടങ്ങിയ, മൂന്നു മണിക്കൂറും 15 മിനിറ്റും മാത്രം ദൈർഘ്യമുള്ള ഒരു പരീക്ഷയ്ക്കു വേണ്ടിയായിരുന്നു ഇത്രയും സന്നാഹം.

അമിതമായി കേന്ദ്രീകരിക്കപ്പെട്ട ഒരു പരീക്ഷാ സംവിധാനത്തിൽ വലിയ തോതിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ദേശീയതലത്തിൽ മാത്രമല്ല, സംസ്ഥാനതലത്തിൽ തന്നെ ഇത്തരം കടുത്ത അനുഭവങ്ങളുണ്ട്. മധ്യപ്രദേശിൽ നടന്ന കുപ്രസിദ്ധമായ വ്യാപം അഴിമതി ഒരുദാഹരണം മാത്രം. മെഡിക്കൽ പ്രവേശന പരീക്ഷകളിലും സർക്കാർ നിയമനങ്ങളിലും നടന്നുവരുന്ന ഭീമമായ ക്രമക്കേട് പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന, അക്കാദമിക് മേഖല മുതൽ കോച്ചിങ് സെന്ററുകൾ വരെ പങ്കാളികളായ മാഫിയാ സംവിധാനത്തിന് വിത്തും വളവും നൽകുന്നത്, ദേശീയ വിദ്യാഭ്യാസ നയങ്ങൾ തന്നെയാണ് എന്നതാണ് ദുരന്തം.

3,00,773 നിയമനം നടത്തിയെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നുവെങ്കിലും, അത് യഥാർത്ഥ നിയമനങ്ങളുടെ കണക്കല്ല, നിയമന ശുപാർശകളുടെ എണ്ണം മാത്രമാണ്.

ഒടുവിൽ കേരള പി.എസ്.സിയും

കേരളവും ഈ ദൂഷിതവലയത്തിൽനിന്ന് മുക്തമല്ല എന്നാണ് പി.എസ്.സിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിക്കുന്നത്. കേരളത്തിലെ യുവാക്കളായ തൊഴിലന്വേഷകർ പ്രതീക്ഷയർപ്പിക്കുന്ന ഈ ഭരണഘടന സ്ഥാപനത്തിനെതിരെയാണ്, പരീക്ഷാനടത്തിപ്പും മൂല്യനിർണയവും മുതൽ രാഷ്ട്രീയ നിയമനങ്ങൾ, യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റൽ, അഴിമതി തുടങ്ങിയ ആരോപണങ്ങളുയരുന്നത്.

പി.എസ്.സി നിയമനങ്ങളിൽ കേരളമാണ് മുന്നിൽ എന്നായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ അവകാശവാദം. ഇതിനെ സാധൂകരിക്കാൻ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകളും സർക്കാർ അവതരിപ്പിക്കാറുണ്ട്. ഇന്ത്യയിലെ പി എസ് സി. നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിലാണ് എന്നായിരുന്നു LDF അവകാശവാദം. 2025-ൽ മാത്രം 36,813 നിയമനം നടത്തിയതായും 2016 മെയ് മുതൽ 2025 ഒക്ടോബർ 31 വരെ 3,00,773 നിയമനങ്ങൾ നടത്തിയതായും ഇലക്ഷൻ കാമ്പയിനിൽ മുന്നണി അവകാശപ്പെട്ടിരുന്നു.

എന്നാൽ, റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും തസ്തികകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതെ നിയമനം നടത്താതിരിക്കുകയും ചെയ്യുന്ന ശൈലി പത്ത് വർഷത്തിലേറെയായി പി എസ് സി തുടരുകയാണ്. പി എസ് സി നിയമനം വളരെക്കുറഞ്ഞ കാലഘട്ടമാണിത് എന്നുകൂടി വസ്തുതകൾ അടിവരയിടുന്നു.

3,00,773 നിയമനം നടത്തിയെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നുവെങ്കിലും, അത് യഥാർത്ഥ നിയമനങ്ങളുടെ കണക്കല്ല, നിയമന ശുപാർശകളുടെ (Advice Memo) എണ്ണം മാത്രമാണ്. ഒരേ ഉദ്യോഗാർത്ഥിക്കുതന്നെ ഒന്നിലധികം റാങ്ക് ലിസ്റ്റുകളിൽനിന്ന് ഒന്നിലധികം അഡ്വൈസ് മെമ്മോ ലഭിക്കാറുണ്ട്. അതിനാൽ അഡ്വൈസ് മെമ്മോയുടെ എണ്ണത്തെ യഥാർത്ഥ നിയമനമായി അവതരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.

നിയമനശുപാർശ ലഭിച്ച എല്ലാവർക്കും ജോലി ലഭിക്കുന്നില്ല എന്ന യാഥാർത്ഥ്യവുമുണ്ട്. ചട്ടപ്രകാരം മൂന്നു മാസത്തിനുള്ളിൽ നിയമനം നൽകണം എന്നുണ്ടെങ്കിലും, നിരവധി റാങ്ക് ലിസ്റ്റുകളിൽ ഈ നിർദ്ദേശം പാലിക്കപ്പെടുന്നില്ല. കാലാവധി കഴിഞ്ഞ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ല. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ മലപ്പുറം സ്വദേശി റഷീദ ഒരു ഉദാഹരണം മാത്രം.

റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും തസ്തികകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതെ നിയമനം നടത്താതിരിക്കുകയും ചെയ്യുന്ന ശൈലി പത്ത് വർഷത്തിലേറെയായി പി എസ് സി  തുടരുകയാണ്.
റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും തസ്തികകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതെ നിയമനം നടത്താതിരിക്കുകയും ചെയ്യുന്ന ശൈലി പത്ത് വർഷത്തിലേറെയായി പി എസ് സി തുടരുകയാണ്.

നിരവധി പ്രധാന റാങ്ക് ലിസ്റ്റുകൾക്കും ഇതേ അവസ്ഥയാണ്. 11,758 പേരുൾപ്പെട്ട എൽ.പി. സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നടന്നത് വെറും 260 നിയമനങ്ങൾ. ഏറ്റവും കൂടുതൽ നിയമനം നടന്നിരുന്ന എൽ ഡി ക്ലാർക്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 353 നിയമന ശുപാർശകളാണ് അയച്ചിട്ടുള്ളത്. കഴിഞ്ഞ നഴ്സിംഗ് ഓഫീസർ ലിസ്റ്റിൽ നിന്ന് 10 ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടത്തിയത്. സർക്കാർ ആശുപത്രികളിൽ ആയിരക്കണക്കിന് നഴ്സുമാരുടെ ഒഴിവുകൾ നിലനിൽക്കെയാണ് ഈ നിയമനനിഷേധം.

കേരള പി എസ് സി ആരംഭിച്ചതുമുതൽ താരതമ്യേന സുതാര്യമായി നിയമനം നടന്നുവരുന്ന സംസ്ഥാനമാണ് കേരളം. ഉയർന്ന വിദ്യാഭ്യാസ നിലവാരവും പൊതുജനജാഗ്രതയുമാണ് പി എസ് സിയുടെ സുതാര്യത ഉറപ്പുവരുത്തിയിരുന്നത്. ഇതിനകം പുറത്തുവന്ന ക്രമക്കേടുകൾ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി ചോദ്യം ചെയ്യുന്നുണ്ട്.

ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈ.എസ്.പി. (സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.), സർവകലാശാല പി.ആർ.ഒ., ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഓഫീസർ, ഡയറ്റ് ലക്ചറർ തുടങ്ങി നിരവധി പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും അഭിമുഖത്തിന്റെയും കാര്യത്തിലാണ് പരാതികളുയർന്നിരിക്കുന്നത്.

ഏറ്റവും കൂടുതൽ നിയമനം നടന്നിരുന്ന എൽ ഡി ക്ലാർക്ക് ലിസ്റ്റിൽനിന്ന് 353 നിയമന ശുപാർശകളാണ് അയച്ചിട്ടുള്ളത്. നഴ്സിംഗ് ഓഫീസർ ലിസ്റ്റിൽ നിന്ന് 10 ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടത്തിയത്. സർക്കാർ ആശുപത്രികളിൽ ആയിരക്കണക്കിന് നഴ്സുമാരുടെ ഒഴിവുകൾ നിലനിൽക്കെയാണ് ഈ നിയമനനിഷേധം.

സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷ എഴുതിയ, ഒരു ക്രിമിനൽ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവരുടെ വീട്ടിൽ നിന്ന് പി.എസ്.സിയുടെ യഥാർത്ഥ ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും പോലീസ് കണ്ടെത്തിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമനത്തിലെ ക്രമക്കേടാണ് ഇപ്പോൾ വലിയ കോളിളക്കം സൃഷ്ടിച്ചത്. പൊതുപരീക്ഷയിലെ 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തിയെന്നായിരുന്നു കണ്ടെത്തൽ. ഒരു ഉദ്യോഗാർഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് പി.എസ്.സി ഈ ക്രമക്കേട് സമ്മതിച്ചത്. പരീക്ഷാരേഖകൾ പരാതിക്കാരന് കൈമാറാനാകില്ല എന്ന ദുരൂഹ നിലപാടും പി.എസ്.സി സ്വീകരിച്ചു. എന്നാൽ, പരീക്ഷയിൽ ലഭിച്ച മാർക്കുകളടക്കം പരാതിക്കാരൻ ആവശ്യപ്പെട്ട രേഖകൾ ഏഴു ദിവസത്തിനകം നൽകാനായിരുന്നു വിവരാവകാശ കമീഷൻ ഉത്തരവ്.

കേരളത്തിന്റെ ഐ എ എസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന KAS (Kerala Administrative Service) രണ്ടാം ബാച്ചിന്റെ ഇന്റർവ്യൂവിൽ വലിയ അട്ടിമറി നടന്നതായി ആരോപണമുണ്ട്. മെയിൻ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി മുന്നിലെത്തിയവരെ, കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ഇന്റർവ്യൂവിൽ 50 ൽ പത്തും പന്ത്രണ്ടും മാർക്ക് നൽകി ബോധപൂർവ്വം റാങ്ക് ലിസ്റ്റിന്റെ പിന്നിലേക്ക് മാറ്റി. അതേസമയം മെയിൻ പരീക്ഷയിൽ പിന്നിലായിരുന്ന ചിലർക്ക് ഇന്റർവ്യൂവിൽ 40 നു മുകളിൽ മാർക്ക് വാരിക്കോരി നൽകി റാങ്ക് ലിസ്റ്റ് തന്നെ അട്ടിമറിച്ചതായാണ് ആരോപണം.

പരീക്ഷ നടത്തി, റാങ്ക് ലിസ്റ്റ് വൈകി പ്രസിദ്ധീകരിക്കുകയും നിയമനം നടത്താതെ, അല്ലെങ്കിൽ വളരെ കുറഞ്ഞ നിയമനങ്ങൾ നടത്തി റാങ്ക് ലിസ്റ്റുകൾ റദ്ദ് ചെയ്യുന്നത് വൻകിട സ്വകാര്യ കോച്ചിംഗ് സെന്ററുകളുമായി ചേർന്നു നടത്തുന്ന ഇടപാടാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷ എഴുതിയ, ഒരു ക്രിമിനൽ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവരുടെ വീട്ടിൽ നിന്ന് പി.എസ്.സിയുടെ യഥാർത്ഥ ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും പോലീസ് കണ്ടെത്തിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷ എഴുതിയ, ഒരു ക്രിമിനൽ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവരുടെ വീട്ടിൽ നിന്ന് പി.എസ്.സിയുടെ യഥാർത്ഥ ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും പോലീസ് കണ്ടെത്തിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

പി എസ് സി നിയമനങ്ങൾ കുറയ്ക്കുകയും പിൻവാതിൽ നിയമനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം. സ്ഥിരനിയമനങ്ങൾ വെട്ടിക്കുറയ്ക്കുന്ന സർക്കാർ എല്ലാ മേഖലയിലും കരാർ, താൽക്കാലിക നിയമനങ്ങൾ നടത്തുകയും പിന്നീട് അവരെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അനധികൃതമായി സ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബർ 23ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി ഐ ടി യു (കേരളാ ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷൻ) മന്ത്രിയ്ക്കയച്ച കത്ത് പുറത്തുവന്നു. കെ എം എം എൽ, ബാംബു കോർപ്പറേഷൻ, ഓയിൽ പാം തുടങ്ങിയ പല പൊതുമേഖലാകമ്പനികളിലും കോർപ്പറേഷനുകളിലും വൻ തോതിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുകയാണെന്ന ആരോപണമുണ്ട്. കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിലിൽ താൽക്കാലികക്കാരായ സി ഐ ടി യുക്കാരെ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നീക്കം നടന്നതായി പരാതിയുയർന്നു.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ സർവീസായ കെ എസ് ആർ ടി സിയിൽ 13 വർഷമായി പി എസ് സി നിയമനം നടന്നിട്ടില്ല. 2017- ലെ റിസർവ് ഡ്രൈവർ- കണ്ടക്ടർ റാങ്ക് ലിസ്റ്റിലെ ഏകദേശം 3000 ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ ലഭിച്ച് വർഷങ്ങൾ കഴിഞ്ഞു, നിയമനം നൽകിയിട്ടില്ല.

സ്ഥിരനിയമനം വെട്ടിക്കുറയ്ക്കുന്നതിന്റെ വ്യക്തമായ കണക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ കാണാം. 2013- ൽ കെ എസ് ആർ ടി സിയിൽ ഏകദേശം 38,000 ജീവനക്കാരുണ്ടായിരുന്നത് 2025 ആയപ്പോഴേക്കും 22,000 ആയി കുറഞ്ഞു. കെ എസ് ഇ ബിയിൽ 2010- ൽ 32,500 ജീവനക്കാരുണ്ടായിരുന്നത് 2025-ൽ 24,500 ആയി ചുരുങ്ങി.

പി.എസ്.സി അംഗങ്ങളുടെ എണ്ണവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളും കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് താങ്ങാവുന്നതാണോ എന്ന ചർച്ചയും ഇതോടൊപ്പം നടക്കുന്നുണ്ട്.

കെ എസ് ആർ ടി സിക്കകത്തുതന്നെ കെ സ്വിഫ്റ്റ് (K SWIFT) എന്നൊരു താൽക്കാലിക സ്വകാര്യ കമ്പനി മാതൃകയുണ്ടാക്കി എട്ടു മണിക്കൂർ തൊഴിൽ നിയമം പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് പത്തും പന്ത്രണ്ടും മണിക്കൂർ വരെ പണിയെടുപ്പിക്കുന്നത്. K Swift (താൽക്കാലിക) ജീവനക്കാർക്ക് എട്ടു മണിക്കൂർ പണിയെടുത്താൽ ലഭിക്കുന്നത് 715 രൂപ മാത്രം. പെൻഷനും കൃത്യമായ ശമ്പളവുമില്ലാതെ കെ എസ് ആർ ടി സി തൊഴിലാളികൾ നരകിക്കുമ്പോഴാണ് കെ സ്വിഫ്റ്റ് പോലുള്ള സംവിധാനങ്ങളിലൂടെ കരാർ നിയമനങ്ങൾ മാത്രം നടത്തി പൊതുമേഖലയെ തകർക്കുന്നത്.

പി.എസ്.സി അംഗങ്ങളുടെ എണ്ണവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളും കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് താങ്ങാവുന്നതാണോ എന്ന ചർച്ചയും ഇതോടൊപ്പം നടക്കുന്നുണ്ട്. ജനസംഖ്യാനുപാതികമായി നീതീകരിക്കാനാകാത്തതാണ് അംഗങ്ങളുടെ എണ്ണം, ചെയർമാനടക്കം 21 പേർ. ഈ നിയമനങ്ങളെല്ലാം രാഷ്ട്രീയനിയമനങ്ങളാണ് എന്നതാണ് മറ്റൊരു കൗതുകം. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന ചെയർമാനും അംഗങ്ങളും അടക്കം 1700-ലേറെ ജീവനക്കാരുള്ള ഒരു സംവിധാനത്തിനെതിരെയാണ് ഇത്ര ഗുരുതരമായ ആരോപണങ്ങളുയരുന്നത്.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ സർവീസായ കെ എസ് ആർ ടി സിയിൽ 13 വർഷമായി പി എസ് സി നിയമനം നടന്നിട്ടില്ല.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ സർവീസായ കെ എസ് ആർ ടി സിയിൽ 13 വർഷമായി പി എസ് സി നിയമനം നടന്നിട്ടില്ല.

ചെയർമാനും 20 അംഗങ്ങൾക്കുമായി പ്രതിമാസം സർക്കാർ ചെലവാക്കുന്നത് 83.67 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷമാണ് ചെയർമാന്റെ ശമ്പളം 2,24,100 രൂപയായും അംഗങ്ങളുടേത് 2,19,090 രൂപയുമായി വർധിപ്പിച്ചത്. ഇതിനുപുറമേ 53% കേന്ദ്ര ഡി.എ, 16% വീട്ടുവാടക അലവൻസ്, മറ്റ് ആനുകൂല്യങ്ങളും. ചീഫ് സെക്രട്ടറിയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ചെയർമാനും അംഗങ്ങൾക്കും ലഭിക്കും. ആറു വർഷത്തെ കാലാവധി കഴിഞ്ഞ് ഒഴിയുമ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ 45% പെൻഷനും കിട്ടും. മരണം വരെ ചികിത്സാചെലവ് സർക്കാർ വഹിക്കും. മാറിമാറി അധികാരത്തിലെത്തുന്ന മുന്നണി ഘടകകക്ഷികൾക്ക് ഉൾപ്പെടെ നല്ലൊരു വരുമാന മാർഗ്ഗമാണ് പി എസ് സി.

പി എസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. രാഷ്ട്രീയ നിയമനങ്ങൾ പൂർണ്ണമായും ഒഴിവാക്കി, യോഗ്യതയുള്ളവരെ മാത്രം നിയമിക്കുന്നു എന്നുറപ്പാക്കുകയാണ് ആദ്യ വേണ്ടത്. വകുപ്പുകൾ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. പി എസ് സി അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി പുനഃസംഘടിപ്പിക്കണം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലുള്ളവർ നിരവധി പ്രതിസന്ധികളാണ് ഇന്ന് നേരിടുന്നത്. അവിടെനിന്ന് ​തൊഴിലന്വേഷകരായി എത്തുന്നവരെയും അതിലും വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത് എന്നു വരുന്നത്, ഭരണകൂട- രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ചു മാത്രമല്ല, കേരളീയ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുകൂടി ആശങ്കാജനകമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Comments