കെഫോണ്‍: ഒരു ജനപക്ഷ ബദല്‍

രാജ്യത്തെ ആദ്യ ഐടി പാര്‍ക്കിന്റെ സ്ഥാപനം, ഐടി മിഷന്‍, സ്വതന്ത്ര സോഫ്റ്റ്വയറിന്റെ ഉപയോഗം, ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുക തുടങ്ങി വിവര സാങ്കേതികവിദ്യ വികാസത്തിന്റെ വിവിധ തലങ്ങളില്‍ കേരളത്തിലെ ഇടത് സര്‍ക്കാരുകള്‍ വ്യതിരിക്തവും നേതൃപരവുമായ പങ്ക് മുന്‍കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇടപെടലുകളില്‍ ഒന്നാണ് കെഫോണ്‍.

ടിസ്ഥാന സൗകര്യ നിര്‍മാണത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപിത പദ്ധതികളില്‍ ഒന്നാണ് കെ ഫോണ്‍. 1,548 കോടി രൂപയുടെ പദ്ധതി വഴി 30,000 കിലോമീറ്ററിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്രിംഖല സൃഷ്ടിച്ചിരിക്കുന്നത്. വകയിരുത്തിയ തുകയുടെ അടിസ്ഥാനത്തിലല്ല കെഫോണ്‍ ബൃഹത്തായ ഒരു പദ്ധതിയായി മാറുന്നത്. മറിച്ച്, ഇടത് രാഷ്ട്രീയത്തിന് മാത്രം സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോളാവും കെഫോണിന്റെ മൗലികതയും വ്യാപ്തിയും വ്യക്തമാവുന്നത്.

രാജ്യത്തെ ആദ്യ ഐടി പാര്‍ക്കിന്റെ സ്ഥാപനം, ഐടി മിഷന്‍, സ്വതന്ത്ര സോഫ്റ്റ്വയറിന്റെ ഉപയോഗം, ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുക തുടങ്ങി വിവര സാങ്കേതികവിദ്യ വികാസത്തിന്റെ വിവിധ തലങ്ങളില്‍ കേരളത്തിലെ ഇടത് സര്‍ക്കാരുകള്‍ വ്യതിരിക്തവും നേതൃപരവുമായ പങ്ക് മുന്‍കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇടപെടലുകളില്‍ ഒന്നാണ് കെഫോണ്‍. ആഗോള വിവരകൈമാറ്റത്തിന്റെ കമ്പോള ലാഭസാധ്യതകളെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കാതെ പൊതുഉടമസ്ഥതയിലുള്ള ഒരു വിവരക്കൈമാറ്റ മഹാവീഥി സൃഷ്ടിക്കുന്നു എന്നതാണ് കെ ഫോണിനെ ഒരു ബദല്‍ ആക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങളിലേക്ക് തുല്യമായ ലഭ്യത ഉറപ്പ് വരുത്തുകയും അതിന്റെ പ്രാപ്യതയെ ജനാധിപത്യവല്‍ക്കരിച്ചു എന്നതും കെഫോണിനെ ഒരു ബദലാക്കി മാറ്റുന്നു. സാങ്കേതിക വിദ്യയുടെ ജനപക്ഷ പ്രയോഗവും ഡിജിറ്റല്‍ സമത്വത്തിലേക്കുള്ള ചുവടുവെപ്പുമാണിത്. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഡാറ്റ കൈമാറ്റത്തിന്റെ പിന്നിലുള്ള അന്താരാഷ്ട്ര ഉള്ളുകളികള്‍ അറിഞ്ഞാല്‍ മാത്രമേ ഈ പദ്ധതിയുടെ പ്രത്യയശാസ്ത്ര മാനത്തെ വേണ്ടവണ്ണം മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഇരുപതാം നൂറ്റാണ്ട് പെട്രോളിയം കേന്ദ്രീകൃത എണ്ണ വിപണിയുടേത് ആയിരുന്നെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ഡാറ്റയുടേതാണ്. ഇരുപതാം നൂറ്റാണ്ടില്‍ പെട്രോളിയം ഉല്പാദനത്തെയും വിതരണത്തെയും നിയന്ത്രിക്കാന്‍ വന്‍ശക്തി ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും ശ്രമിച്ചതിന് സമാനമായി ഡാറ്റ അഥവാ വിവരങ്ങളുടെ ഉത്പാദനം, കൈമാറ്റം എന്നിവയെ നിയന്ത്രിക്കാനുള്ള കൊടുംമത്സരം ഇപ്പോള്‍ നടക്കുന്നുണ്ട്. ഒരുപക്ഷേ കഴിഞ്ഞ ദശകത്തില്‍ ഏറ്റവും കോളിക്കമുണ്ടാക്കിയ സംഭവങ്ങളില്‍ ഒന്ന് ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ടതാണ് ; വിക്കിലീക്സും പനാമ പേപ്പറുകളും അടക്കമുള്ള വിവരചോര്‍ച്ചകള്‍ കുടം തുറന്നുവിട്ട ഭൂതങ്ങള്‍ പോലെ ഇപ്പോഴും ഭരണകൂടങ്ങളെ വേട്ടയാടുന്നുണ്ട്. ലോകത്ത് അനുനിമിഷം നിര്‍മിക്കുന്ന ഡാറ്റയുടെ അളവ് അമ്പരപ്പിക്കുന്നതാണ്. നിര്‍മിത ബുദ്ധിയുടെ വരവോടെ ഈ ഡാറ്റ ഉല്പാദനം പതിന്മടങ്ങ് ത്വരിതപ്പെടുകയും ചെയ്തിട്ടുണ്ട്. ഡാറ്റയും അതിന്റെ വിവിധ രൂപങ്ങളും ലോകത്തെ നിയന്ത്രിക്കുന്നെന്ന് പറയുമ്പോഴും ആരാണ് ഡാറ്റയെ നിയന്ത്രിക്കുന്നതെന്നത് പൊതുവില്‍ അത്ര ശ്രദ്ധിക്കാറില്ല. ഡാറ്റയെ നിയന്ത്രിക്കുകയും വിവരക്കൈമാറ്റ ശൃംഖലക്ക് മേല്‍ കുത്തക അധികാരം ഉറപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ആഗോള അധികാര ബലതന്ത്രത്തില്‍ നിര്‍ണായക സ്വാധീനം നേടാനാവുമെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ജനമനസുകളെ സ്വാധീനിക്കുന്ന സവിശേഷ നിലപാടുകള്‍ മുതല്‍ പൊതുബോധം വരെ നിര്‍മിച്ചെടുക്കുന്നതില്‍ വിവരകൈമാറ്റത്തെ നിയന്ത്രിക്കുന്ന ശക്തികള്‍ക്ക് ഇടപെടല്‍ ശേഷിയുണ്ടെന്നത് തള്ളിക്കളയാനാവില്ല.

ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട ഉല്‍പാദന ക്രമത്തിന് കുതിപ്പേകിയത് പെട്രോളിയം ആയിരുന്നു. തൊള്ളായിരത്തി എഴുപതുകളില്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ പെട്രോളിയം ഉലപാദനത്തിലും വിപണനത്തിലും നടത്തിയ ഓയില്‍ ഷോക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഇടപെടല്‍ ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എണ്ണയുടെയും അത് ഉത്പാദിപ്പിക്കുന്ന ഭൂപ്രദേശങ്ങളുടെയും മേലുള്ള തന്ത്രപരമായ നിയന്ത്രണം അന്താരാഷ്ട്ര ശാക്തിക ബലതന്ത്രത്തിലെ നിര്‍ണായക ഭാഗമായിരുന്നു. എഴുപതുകളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള മൂലധന വിപണിയില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വന്‍കിട ഉല്‍പാദന കേന്ദ്രങ്ങളെയും ഫാക്ടറി അസംബ്ലി ലൈനുകളെയും ഉപേക്ഷിച്ച് വികേന്ദ്രീകൃത ഉല്‍പാദനത്തിലേക്ക് വിപണി സംഘാടനം മാറുകയുണ്ടായി. അക്കാലത്ത് വളര്‍ന്നു വികസിച്ച ഐസിടി എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി എന്ന വിവര-വിനിമയ സാങ്കേതിക വിദ്യക്ക് ഈ വികേന്ദ്രീകരണത്തില്‍ വലിയ പങ്കാണുള്ളത്.

അറുപതുകളില്‍ തന്നെ ഉത്തരാധുനിക ചിന്തയുടെ ആദ്യ പഥികരില്‍ ഒരാളായിരുന്ന ഴാങ് ഫ്രാങ്‌സ്വ ലോയ്ട്ടാഡിനെപ്പോലുള്ളവര്‍ കമ്പ്യൂട്ടറിന്റെ ഉപയോഗത്തെയും അതിന്റെ സ്വാധീനത്തെയും കണ്ടിട്ട് 'സമൂഹത്തിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം' എന്ന പേരില്‍ വിശേഷിപ്പിക്കുകയുണ്ടായി. വ്യാവസായിക ഉല്പാദന സമൂഹത്തില്‍ നിന്ന് വിവര സാങ്കേതിക സമൂഹത്തിലേക്കുള്ള വലിയ കുതിച്ചുചാട്ടമാണ് നടക്കുന്നതെന്ന് പ്രഘോഷണങ്ങള്‍ ഉണ്ടായി. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന നവഉദാരവാദ കാലത്ത് രൂപപ്പെടുത്തിയെടുത്ത അയവേറിയതും ചിതറിയതുമായ ഉല്പാദന മേഖലയെ കൂടുതല്‍ വികേന്ദ്രീകരിക്കാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഉല്പാദനം, വിതരണം, ഉപഭോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തിയായി വിവര സാങ്കേതിക വിദ്യ മാറുന്നുണ്ട്. ഏകോപനം എന്നതിനേക്കാള്‍ ചിതറിക്കലിന് പ്രാധാന്യം കൂടിയതോടെ സംഘടിത തൊഴിലാളി മുന്നേറ്റത്തെയും അത് പ്രതികൂലമായി ബാധിക്കുകയുണ്ടായി.

വിവര വിനിമയം ആരംഭകാലം മുതല്‍ക്കേ മനുഷ്യസമൂഹത്തിന്റെ കൂട്ടുജീവിതത്തിന്റെ നിര്‍ണായക ഭാഗമായിരുന്നു. അറിവുരൂപങ്ങളുടെ നിര്‍മാണം, സൂക്ഷിക്കല്‍, പ്രസരണം എന്നിവക്ക് ജീവിതം സാധ്യമാക്കിയതില്‍ നിര്‍ണായക പങ്കാണുള്ളത്. ഇന്നോളമുള്ള സാമൂഹിക പുനരുല്പാദനത്തില്‍ പത്രം, റേഡിയോ, ടെലിഫോണ്‍, ഫോട്ടോഗ്രാഫ്, സിനിമ, ടെലിവിഷന്‍, ഫാക്‌സ്, കമ്പ്യൂട്ടര്‍ അടക്കമുള്ള മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് (വഹിക്കുന്നുണ്ട്). സാമൂഹിക ഘടനയെ നിര്‍ണയിക്കുന്നതില്‍ ഈ അറിവുല്പാദന, വിതരണ രൂപങ്ങള്‍ക്ക് നിര്‍ണായകമായ സ്ഥാനമാണുള്ളത്. ഇന്റര്‍നെറ്റിന്റെ വരവോടെ വിവര (അറിവ്) നിര്‍മാണത്തിലും പ്രക്ഷേപണത്തിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. ഉപഗ്രഹങ്ങള്‍ വഴിയും ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്രിംഖല വഴിയും ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍ അഥവാ വിവരവിനിമയ മഹാവീഥികള്‍ സൃഷ്ടിക്കപ്പെട്ടു. ഈ സഹസ്രാബ്ദത്തിന്റെ ആരംഭത്തില്‍ അമേരിക്കയും ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരം വിവര മഹാവീഥികളുടെ നിര്‍മാണത്തില്‍ മുതല്‍ മുടക്കുന്നുണ്ട്.

ഈ വിവര മഹാവീഥികള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി നിക്ഷേപിച്ച മൂലധനത്തിന് മേല്‍ സ്വകാര്യ ഉടമസ്ഥതക്ക് ആയിരുന്നു പ്രാമുഖ്യം. ഈ മേഖലയിലുള്ള മൂലധന മുതല്‍മുടക്ക് ഏറിയതോടെ വിവരകൈമാറ്റത്തിന് മേലുള്ള കമ്പോള താല്പര്യവുമേറി. ഡാറ്റ/ വിവരങ്ങള്‍ ഒരു ചരക്ക് ആവുകയും അതിന്റെ പ്രസരണം കമ്പോള നിയമങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഒരു വാണിജ്യ പ്രക്രിയയായി മാറുകയും ചെയ്തു. കമ്പോള വിലയുടെ അടിസ്ഥാനത്തില്‍ ഡാറ്റ / വിവരങ്ങള്‍ എന്ന ചരക്ക് വാങ്ങുവാന്‍ കഴിയുന്നവര്‍ ആരൊക്കെയെന്ന് കമ്പോളം തീരുമാനിച്ചു, അതിന് സാധിക്കുന്നവര്‍ക്ക് ഇടയില്‍ മാത്രം വിവര വിനിമയ സേവനം ചുരുങ്ങുകയും ചെയ്തു. ഡാറ്റായിലേക്കുള്ള പ്രവേശനത്തെ വാങ്ങല്‍ ശേഷി നിര്‍ണയിച്ചപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും, നാടുകളും തഴയപ്പെട്ടു. അറിവ് കോളനിവല്‍ക്കരിക്കപ്പെട്ടു. സാമാന്യ ജനത്തിന് അതിലേക്കുള്ള പ്രവേശനം നിഷിദ്ധമാക്കപ്പെട്ടു. പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടിയിരുന്ന ഭരണകൂടങ്ങളുടെ കാര്യം പരിശോധിച്ചാല്‍ അവ മൂലധന താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയോ വിവിധ നിയന്ത്രണങ്ങളില്‍പ്പെട്ട് കുഴങ്ങുകയോ ചെയ്തു. ഈ മേഖലയുടെ വരാനിരിക്കുന്ന കാലത്തെ പ്രാമുഖ്യം മുന്‍കൂട്ടികണ്ട ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ആഗോള തലത്തില്‍ തന്നെ തങ്ങളുടെ നിയന്ത്രണം സ്ഥാപിക്കുകയുണ്ടായി. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വെളിയില്‍ ഒരൊറ്റ ദേശരാഷ്ട്രത്തിന് പോലും ഈ ഡാറ്റ നിയന്ത്രണ മത്സരത്തില്‍ ഇടപെടുക പോലും അസാധ്യമായ കാര്യമായി മാറി. ഇത് കടുത്ത വൈരുദ്ധ്യവും അസമത്വവുമാണ് ആഗോള തലത്തില്‍ തന്നെ സൃഷ്ടിച്ചത്.

ഇന്ത്യയിലും കഴിഞ്ഞ ദശകത്തിലെ പ്രധാന സംവാദങ്ങളില്‍ ഒന്ന് വിവര സാങ്കേതിക വിദ്യയുടെ സ്വഭാവവുമായി ബന്ധപ്പെട്ടായിരുന്നു. നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംവാദങ്ങള്‍ ആയിരുന്നവ. ടെലികോം സേവന ദാതാക്കള്‍ തങ്ങളുടെ സേവനം പ്രദാനം ചെയ്യുമ്പോള്‍ എല്ലാ വെബ്‌സൈറ്റുകളെയും ഒരേപോലെ പരിഗണിക്കണമെന്നും ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നും, ഒരു ഓണ്‍ലൈന്‍ വിഭവത്തിലേക്ക് ഒരേ വേഗതയിലും ഒരേ ചിലവിലും എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നുമുള്ള വാദമാണ് നെറ്റ് ന്യൂട്രാലിറ്റി. 2014ല്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് ഫ്രീ ബേസിക്‌സ് എന്ന പേരില്‍ റിലയന്‍സ് മൊബൈല്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്ക് മാത്രം പ്രവേശനം സൗജന്യമായി നല്‍കുന്നത് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് എന്ത് വേണം എന്നത് സേവന ദാതാക്കള്‍ നിര്‍ണയിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞതിനെതിരെ നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുന്ന പൗര സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയരുകയുണ്ടായി. ഇതേ സമയത്താണ് ചില പ്രത്യേക ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തങ്ങള്‍ അധിക ചാര്‍ജ് ഈടാക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ഈ രണ്ട് സംഭവങ്ങളെ തുടര്‍ന്ന് നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണുണ്ടായത്. 2016ല്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) സേവന ദാതാക്കള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനത്തില്‍, പ്രത്യേകിച്ചും ഈടാക്കുന്ന ചര്‍ജുകള്‍ക്ക് മേല്‍ പക്ഷാഭേദം ഉണ്ടാവരുതെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് ഉത്തരവിറക്കുകയുണ്ടായി. എന്നാല്‍ റിലയന്‍സ് ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ ഉണ്ടായ മത്സരത്തില്‍ സേവന ധാതാക്കളുടെ എണ്ണം കുറയുകയും, ടെലികോം മേഖലയില്‍ മൂന്ന് കമ്പനികളുടെ കുത്തക സൃഷ്ടിക്കുകയും ചെയ്തു. നെറ്റ് ന്യൂട്രാലിറ്റി എന്ന ആശയം അപകടത്തില്‍ ആവുന്ന സ്ഥിതി വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്തു.

വിവര സാങ്കേതിക വിദ്യയുടെ കാലത്ത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തിലും വലിയ മാറ്റം ഉണ്ടായെന്നാണ് പാശ്ചാത്യ വിവര വിനിമയ പഠിതാക്കള്‍ നിരീക്ഷിക്കുന്നത്. മനുഷ്യരെ ഒരു വിവര വിനിമയജീവി അഥവാ ഹോമോ കമ്യൂണിക്കന്‍സ് എന്ന നിലക്കാണ് ഇവര്‍ വിവക്ഷിക്കുന്നത്. ചിന്തിക്കുന്ന, അനുഭവത്തെ അറിവാക്കി പരിവര്‍ത്തനം ചെയ്യുന്ന ജീവവര്‍ഗം എന്നതിനേക്കാള്‍ പുറമെ നിന്നുവരുന്ന വിവരങ്ങളോട് പ്രതികരിക്കുക മാത്രം ചെയ്യുന്നവരായിട്ടാണ് ഇവിടെ മനുഷ്യരെ വിഭാവനം ചെയ്യുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിയോ ലിബറല്‍ കാലത്തെ ചിന്താപദ്ധതിയാണിതെന്ന് മനസിലാകും. അറിവ് നിര്‍മാണത്തില്‍ സക്രിയമായി പങ്കെടുക്കാത്ത, മറ്റാരോ നിര്‍മിച്ചു നല്‍കിയ അറിവിനെ സ്വീകരിക്കുക മാത്രം ചെയ്യുന്നവരായിട്ടാണ് ഇവിടെ മനുഷ്യനെ പ്രതിഷ്ഠാപനം ചെയ്തിരിക്കുന്നത്; അതായത് ഒരു ഉപഭോക്താവ് എന്ന നിലക്ക് മാത്രം. അറിവുല്പാദനമെന്ന വലിയ പുരോഗമനാത്മക മാനവിക പ്രക്രിയയില്‍ സക്രിയമായ പങ്കില്ലാത്ത, ആരോ സൃഷ്ടിക്കുന്ന അറിവിനെ സ്വീകരിക്കുക മാത്രം ചെയ്യുന്ന, ആന്തരിക ജീവിതം ഇല്ലാത്ത യന്ത്രങ്ങളായാണ് മനുഷ്യരെ വിഭാവനം ചെയ്യുന്നത്. അല്ലെങ്കില്‍ തന്നെ സാമ്പത്തിക, ഭൂമിശാസ്ത്രപരവുമായ പരിമിതികള്‍ ലോകമെങ്ങും മനുഷ്യരെ സാങ്കേതിക വിദ്യ ഉപയോഗത്തെ തടയുന്നുണ്ട്. ഇന്ത്യയുടെ ഈ മേഖലയിലെ പിന്നാക്കാവസ്ഥ കോവിഡ് മഹാമാരിക്കാലത്ത് കൂടുതല്‍ വെളിവായതാണ്. ഡിജിറ്റല്‍ ഡിവൈഡ് എന്ന ഭീകര യാഥാര്‍ഥ്യം മറനീക്കി പുറത്തുവരികയുണ്ടായി. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഹാജര്‍ ബുക്കില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിലെ ഭൂരിപക്ഷവും പുറത്തായ അനുഭവമാണ് നമുക്കുണ്ടായത്. ഘടനാപരമായ ഇത്തരം പിന്നാക്കാവസ്ഥയോടൊപ്പമാണ് നവലിബറല്‍ ക്രമം ഒപ്പം ചേര്‍ന്ന് സാഹചര്യം കൂടുതല്‍ മോശമാക്കുന്നത്.

ഈയൊരു പരിതസ്ഥിതിയിലാണ് കെഫോണ്‍ എന്ന ജനകീയ ബദലിന്റെ പ്രാധാന്യം. വിവരസാങ്കേതിക വിദ്യയിലെ അനുദിനം ഉണ്ടാകുന്ന കുതിച്ചുചാട്ടങ്ങളെപ്പറ്റി വലിയ വാചാടോപം നടത്തുകയും അതിനെ തന്നെ അറിവായി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കമ്യൂണിക്കേഷന്‍ ഉട്ടോപ്യകാലത്ത്, സാങ്കേതിക വിദ്യ ഒരു ടൂള്‍ അഥവാ ഉപകരണം ആണെന്നും അതിനെ അറിവായി കണ്ട് അമ്പരന്നു നില്‍ക്കുന്നതിന് പകരം അതിനെ ക്രിയാത്മകമായി ഉപയോഗിച്ച് അറിവുല്പാദനം നടത്തണമെന്നുമുള്ള സവിശേഷമായ ബോധ്യം കെഫോണിന്റെ പിറകിലുണ്ട്. ഈ പദ്ധതിയുടെ സവിശേഷമായ ഉള്‍ക്കൊള്ളലാണ് നവലിബറല്‍ കാലത്തെ ബദലാക്കി കെഫോണിനെ മാറ്റുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി സേവനം ലഭ്യമാകും എന്ന് പറയുമ്പോള്‍ കേരളത്തിലെ ഇരുപത്തഞ്ച് ശതമാനം കുടുംബങ്ങളും അതിലെ മനുഷ്യരും ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഉള്ളിലേക്ക് വരുകയാണ്. അതിനോടൊപ്പം മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് നല്‍കുക, മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാലങ്ങളിലും ഇന്റര്‍നെറ്റ് നല്‍കുക, പൊതുഇടങ്ങളില്‍ രണ്ടായിരം സൗജന്യ വൈഫൈ സ്‌പോട്ടുകള്‍ എന്നിവയെല്ലാം വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ അറിവിലേക്ക് പ്രവേശനം നല്‍കുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ബദലായി മാറുകയാണ്. തൊഴിലാളികളെ ചിതറിക്കാനാണ് നവലിബറലിസം വിവര വിനിമയ സാങ്കേതിക വിദ്യയെ ഉപയോഗിച്ചതെങ്കില്‍ ഇവിടെ അസംഘടിത തൊഴിലാളികള്‍ക്കും ചെറുകിട ഉത്പാദക യൂണിറ്റുകള്‍ക്കും കമ്പോളം കണ്ടെത്തുന്നതിനും സംഘടിക്കുന്നതിനുമുള്ള സാധ്യതയാണ് കെഫോണ്‍ തുറക്കുന്നത്.

ഏതെങ്കിലും ഒരു സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തം കൊണ്ട് നവമായ ഒരു സാമൂഹിക ക്രമം ഉരുത്തിരിഞ്ഞു വരണമെന്നില്ല. മറിച്ച് ഇത്തരം സാങ്കേതിക വിദ്യകളുടെ സാര്‍വത്രികമായ പ്രാപ്യതയും ലഭ്യതയില്‍ ഉള്ള തുല്യതയും ജനാധിപത്യ സ്വഭാവവുമായിരിക്കും അത്തരമൊരു പുതുസാമൂഹിക ക്രമത്തെ നിര്‍ണയിക്കുക. അങ്ങനെ ഒരു സാമൂഹികക്രമം രൂപപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും കേവല സാങ്കേതിക വികാസത്തിന്റെ എന്നതിനേക്കാള്‍ അതൊരു സമരത്തിന്റെ ഉത്പന്നമായിരിക്കും എന്ന പ്രസിദ്ധ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ സമീര്‍ അമീന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ നൂറ്റാണ്ട് കാലം മേല്‍ക്കെ ഒരു ജനത എന്ന നിലക്ക് നാം നടത്തിയ സമരമാണ് നിലവിലെ ജനാധിപത്യ ബോധം നമുക്ക് നല്‍കിയത്. ജീവിതത്തിലെ ഏത് തുറസുമായും അതിനെ ബന്ധിപ്പിക്കാനും വിമര്‍ശനാത്മകമായി സമീപിക്കാനും നമുക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. ഒരു മൂന്നാം ലോക രാജ്യത്തെ, ഒരു ചെറിയ ഭൂവിഭാഗത്തിലെ മനുഷ്യര്‍ തങ്ങളുടെ സകല പരിമിതികള്‍ക്ക് ഇടയിലും നേടിയെടുത്ത സാങ്കേതികവിദ്യയിലെ ജനാധിപത്യവല്‍ക്കരണം ആഗോള തെക്കന്‍ പ്രദേശങ്ങള്‍ക്ക് മുഴുവനും മാതൃകയാണ്. തങ്ങള്‍ ഉപയോഗിക്കുന്ന ഡാറ്റാ പ്രസരണം ചെയ്യുന്ന വിവരമഹാവീഥി തങ്ങളുടെ തന്നെ പൊതു ഉടമസ്ഥതയിലുള്ളതാണെന്ന ബോധ്യം ഒരു ജനത എന്ന നിലക്ക് കേരളത്തിന് അഭിമാനിക്കാന്‍ വകയുള്ളതുമാണ്.

Comments