മലപ്പുറം പാര്‍ട്ടിയുടെ
വാസ്തു മാറ്റുമ്പോള്‍

സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന്​ പുതിയ കെട്ടിടം പണിയാൻ പഴയ കെട്ടിടം പൊളിക്കുകയാണ്​. പ്രസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്ന ലക്ഷണങ്ങള്‍ അത് പ്രതിനിധാനം ചെയ്യുന്നുണ്ടോ? പണ്ട് മലപ്പുറം ദേശാഭിമാനിയ്ക്ക് സ്ഥലമെടുത്തതു പോലെയാണോ കാര്യങ്ങള്‍?.

ഖയാല്‍ കെസ്സ് കിസ്സ

രര്‍ത്ഥത്തില്‍ കമ്യൂണിസത്തിന് എപ്പോഴും മലപ്പുറത്തേക്കു തിരിച്ചുവരേണ്ടതുണ്ട്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ എന്ന കമ്യൂണിസ്റ്റ് മുദ്രാവാക്യം തെക്കേ മലബാറുകാര്‍ എന്നേ നടപ്പാക്കിയിരുന്നു.

തങ്ങള്‍ പില്‍ക്കാലം നടത്താന്‍ പോകുന്ന ബോള്‍ഷെവിക് വിപ്ലവത്തിനു മുന്നോടിയായി, മാര്‍ക്‌സ് പറഞ്ഞപോലെ, 'അവര്‍ സ്വര്‍ഗ്ഗത്തെ കടന്നാക്രമിക്കുകയായിരുന്നു' എന്ന നിലയില്‍, മലബാര്‍ പ്രക്ഷോഭങ്ങള്‍ ഒരു പാരീസ് കമ്യൂണ്‍ ആണെന്ന് പിന്നീട് എ.കെ.ജി പെരിന്തല്‍മണ്ണയില്‍ പ്രസംഗിച്ചു. മലപ്പുറംകാരനായ ഇ.എം.എസ്, കലാപങ്ങളുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും താക്കീതിനെതിരെ ജാഗ്രതപ്പെടണമെന്നും എഴുതി പ്രസിദ്ധീകരിച്ചതിന്, ദേശാഭിമാനി ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി. ചവിട്ടിയും മെതിച്ചും മലപ്പുറത്തേക്കുതന്നെ മടങ്ങിവരേണ്ട നില.

ഇ.എം.എസ്‌

മലപ്പുറം സി.പി.ഐ- എം ആസ്ഥാനം പൊളിച്ചു നീക്കി പുതിയൊരെണ്ണം വരുമ്പോള്‍ വരുന്ന ചിന്തയുടെ മലനാടന്‍ പ്രളയം.

ഒരു വാസ്തു പൊളിച്ചു മാറ്റാന്‍ മനുഷ്യര്‍ തീരുമാനിക്കുന്നത് എപ്പോഴാണ്?
തങ്ങള്‍ പെരുമാറി പരിചയിച്ചുപോന്ന ഇടങ്ങള്‍ പുതിയ നിലയില്‍ വിന്യസിക്കപ്പെടേണ്ടതാണ് എന്ന തോന്നല്‍ ഒരു സാംസ്‌കാരിക പ്രതികരണമാണോ? സൗകര്യക്കുറവ് എന്ന കേവല കാരണപ്പുറത്താണോ?
പുതിയ കാലത്തിന് പുതിയ വാസ്തു എന്ന പരസ്യവാചക പ്രേരണയായോ?
പ്രസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്ന ലക്ഷണങ്ങള്‍ അത് പ്രതിനിധാനം ചെയ്യുന്നുണ്ടോ?
പണ്ട് മലപ്പുറം ദേശാഭിമാനിയ്ക്ക് സ്ഥലമെടുത്തതു പോലെയാണോ കാര്യങ്ങള്‍?

നാം കൂട്ടമായി വെച്ചുപുലര്‍ത്തുന്ന സങ്കല്‍പ്പങ്ങളുടെയും ജീവിതസന്ദര്‍ഭങ്ങളുടെയും സ്വത്വതന്മകളുടെയും വിനിയോഗ സാധ്യതകളുടെയും സൗന്ദര്യബോധത്തിന്റെയും ആകത്തുകയാണ് ഒരു വാസ്തു. അതുകൊണ്ട് വാസ്തു പൊളിച്ചുമാറ്റി മറ്റൊന്ന് പണിയുമ്പോള്‍ അതൊരു പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു അധികാര ശക്തിയായി മാറി, അതിന് ആസ്ഥാനങ്ങള്‍ വേണ്ടിവരുമ്പോഴാണ് പാർട്ടിഓഫീസുകളുണ്ടായി വന്നത്. ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഉറുമ്പിന്‍പറ്റങ്ങളെ പോലെയും തേനീച്ചകളെപ്പോലെയുമായിരുന്നു. അണ്ടര്‍ഗ്രൗണ്ടിലായിരുന്നു നെറ്റ്​വർക്കുകള്‍. വെളിച്ചത്തു വന്ന്, ഭരണകൂടവും സിവില്‍സമൂഹവുമായി പ്രവര്‍ത്തിവിഭജനം നടക്കുമ്പോഴാണ് ആസ്ഥാനങ്ങളും ഘടകങ്ങളും ഉണ്ടായിത്തീര്‍ന്നത്.

കോഴിക്കോട്ടെയും കണ്ണൂരിലെയും തറവാട്ടുകോലായകളുടെ വാസ്തുവിലുള്ള ആസ്ഥാനങ്ങളൊഴിച്ചാല്‍, കോണ്‍ക്രീറ്റ് സാധ്യമാക്കിയ സ്റ്റാലിനിസ്റ്റ് വരാന്തകളും കൊറിഡോറുകളുമായിരുന്നു പാർട്ടി ഓഫീസുകളുടെ ആകര്‍ഷണം.

ആസ്ഥാനങ്ങള്‍ ആധികാരികതയുടെയും അധികാരത്തിന്റെയും ഇരിപ്പിടം തന്നെ. ലെനിനിസ്റ്റ് ഒളിവിടങ്ങളില്‍നിന്ന് സ്റ്റാലിനിസ്റ്റ് ഭരണകാലത്തേക്ക് ഒരു പാര്‍ട്ടി വളരുന്നതിന്റെ അടയാളവുമാണ്. അതേസമയം, ഒരു പ്രൊഫഷണല്‍ വിപ്ലവപാര്‍ട്ടി എന്ന സങ്കല്‍പ്പനം ലെനിന്റേതുതന്നെയായിരുന്നു. ആ നിലയില്‍, സ്റ്റാലിനിന്റെ രാഷ്ട്രസങ്കല്പനം ലെനിനില്‍ നിലീനമായിരുന്നു. സ്റ്റാലിനിസ്റ്റ് വ്യക്തിപ്രഭാവത്തിന്റെ ഇടങ്ങളായി പാർട്ടിയുടെ തത്വവും വാസ്തുവിന്യാസങ്ങളും മാറുന്നത് അങ്ങനെ ഒരു ലെനിനിസ്റ്റ് സൈദ്ധാന്തിക പ്രശ്‌നമാണെന്നു വരുന്നു.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ്

പീടികക്കോലായകളും വീട്ടുവരാന്തകളും ലോഡ്ജ് മുറികളും കര്‍ഷകതറവാടുകളും മീന്‍ച്ചാപ്പകളും എന്നിങ്ങനെ രഹസ്യവും പാതി പരസ്യവുമായി പുലര്‍ന്ന ലെനിനിസ്റ്റ് കാലം, പിന്നീട് ഒളിവിടങ്ങളില്‍ നിന്ന് 'ഏഴാമെടങ്ങള്‍' തീര്‍ക്കുന്ന കാലമായിരുന്നു സ്റ്റാലിന്‍കാലം. ഇക്കാലത്താണ് പാര്‍ട്ടിഓഫീസുകളും ആസ്ഥാനമന്ദിരങ്ങളും അഭിമാനമാര്‍ജ്ജിച്ച് തല പൊക്കാന്‍ തുടങ്ങിയത്. ലെനിന്റെ 'അണിമാ'സിദ്ധിയല്ല, സ്റ്റാലിന്റെ 'ഗരിമാ'സിദ്ധിയാണ് ഇക്കാലത്ത് നാം കണ്ടത്. നെഞ്ചൂക്കിന്റെ കാര്‍ഷികാഭിമാന ഗരിമ. നമ്മുടെ പാര്‍ട്ടിഓഫീസുകളുടെ പില്‍ക്കാല വാസ്തുവിദ്യയില്‍ ഈ സ്റ്റാലിന്‍ കാലമാണ് നിഴലിക്കുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി സെന്ററും മലപ്പുറം പാർട്ടി ഓഫീസുമെല്ലാം 'കോണ്‍ക്രീറ്റ് സോഷ്യലിസ്റ്റ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പു'കളാകുന്നത് ഇങ്ങനെ തന്നെ. നെഞ്ചിടിപ്പോടെ മാത്രം കയറിച്ചെല്ലാവുന്ന കൊളോസ്സസുകള്‍. കോഴിക്കോട്ടെയും കണ്ണൂരിലെയും തറവാട്ടുകോലായകളുടെ വാസ്തുവിലുള്ള ആസ്ഥാനങ്ങളൊഴിച്ചാല്‍, കോണ്‍ക്രീറ്റ് സാധ്യമാക്കിയ സ്റ്റാലിനിസ്റ്റ് വരാന്തകളും കൊറിഡോറുകളുമായിരുന്നു അവയുടെ ആകര്‍ഷണം. സ്റ്റാലിനിസ്റ്റ് ചിട്ടയും നിഗൂഢതയും രഹസ്യവും പട്ടാളച്ചിട്ടയുമുള്ള പാര്‍ട്ടിയുടെ മനോവ്യവഹാരത്തിന് യോജിച്ച അകങ്ങളും പുറങ്ങളും.

മലപ്പുറം കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്ര വഴിയില്‍ എം എസ് പി ക്യാമ്പിനു സമീപം നിലകൊള്ളുന്ന സി.പി.ഐ-എം പാര്‍ട്ടി ഓഫീസ് നിലവിലുള്ളത് നീക്കി പുതുതായി നിര്‍മ്മിക്കുന്നത് ജില്ലയില്‍ പാര്‍ട്ടിയുടെ പുതുപ്പിറവിയാകുമോ?

പില്‍ക്കാല കമ്യൂണിസ്റ്റ് ആസ്ഥാനങ്ങളുടെ വാസ്തുവിദ്യയെ മൊത്തത്തില്‍ വിശകലനം ചെയ്താല്‍ ഇതു കാണാം. ചത്വരങ്ങളും വെളിച്ചം കമ്മിയായ മുറികളും ആരെയും പ്രത്യേകമായി പരിഗണിക്കാത്ത കോലായകളും വരാന്തകളും. പാര്‍ട്ടി നേതാക്കള്‍ വിഹരിക്കുന്ന നിഗൂഢമായ സ്ഥലങ്ങളും മുറികളും വരാന്തകളും. വിശാലമായ മുറികള്‍ പോലെ തന്നെ കുടുസായ മുറികളും. നോ മാന്‍ ലാന്‍ഡ് പോലെ കിടക്കുന്ന ഇടങ്ങള്‍. പൂര്‍ണ്ണമായി വെളിച്ചത്തിനു വിട്ടുകൊടുക്കാത്ത നിഴല്‍ നാടകങ്ങള്‍. പാർട്ടിസ്‌നേഹത്തിന്റെ വരാന്തകളും ഉമ്മറപ്പടികളും ചുമരുകളും. രാത്രികള്‍ പുലര്‍ന്ന ചര്‍ച്ചകള്‍. പട്ടിണിയായിപ്പോയ ദിനങ്ങള്‍. ബീഡിപ്പുകയില്‍ വിരിഞ്ഞ ചിന്താമയങ്ങള്‍. ആക്ഷന്‍ പ്ലാനുകള്‍. രഹസ്യ പ്രേമങ്ങള്‍.

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ്

പട്ടാള ബാരക്ക് പോലുള്ള അതിന്റെ സ്വഭാവം സ്വതന്ത്രചിന്തയെ എപ്പോഴും പിടികൂടുന്ന തരത്തിലാണ്. പ്രത്യേകമായ പ്രത്യയശാസ്ത്ര പരിസരം തളംകെട്ടിക്കിടക്കുന്ന സ്‌പേസുകള്‍. ഒരേ മുഖമുള്ള മനുഷ്യരെ നിര്‍മ്മിക്കുന്ന ഇടങ്ങള്‍. ഒരേ മനോഭാവമുള്ള, ഒരേ തരത്തിലുള്ള പ്രതികരണ പാറ്റേണുകളുള്ള മനുഷ്യര്‍. തിരുവനന്തപുരം എ.കെ.ജി സെന്ററിന്റെ വാസ്തുവിശകലനത്തില്‍ നിന്ന് ഒരാള്‍ എത്തിച്ചേര്‍ന്നക്കാവുന്ന നിഗമനങ്ങളാണിവ.

മലപ്പുറത്ത് നിലനിന്ന പാര്‍ട്ടി ഓഫീസും ആ നിലയില്‍ എ.കെ.ജി സെന്ററിന്റെ വാസ്തുവിനെ അനുകരിക്കുന്നത് തന്നെ. പോളിഷ് ചലച്ചിത്രകാരന്‍ ആന്ദ്രെ വാവയ്​ദയുടെ സിനിമകളിലെ വരാന്തകളും കൊറിഡോറുകളും പോലെ.

ദാരിദ്ര്യവും കഷ്ടപ്പാടും സാമ്പത്തിക പരാധീനതയും മുന്നിട്ടു നിന്ന മലയോരങ്ങളിലും തീരദേശങ്ങളിലും ഒരു മധ്യവര്‍ഗം ഉയര്‍ന്നു വന്നു. ഗള്‍ഫ് പ്രവാസം ഈ ദിശയ്ക്ക് ആക്കം കൂട്ടി. മതം സാമുദായിക സംഘടനകളെയും മുസ്​ലിം ലീഗിനെപ്പോലെയുള്ള പ്രസ്ഥാനങ്ങളെയും ശക്തമാക്കി.

ഇത്തരത്തില്‍ പുലര്‍ന്ന ഒരു വാസ്തുവിദ്യാപരിസരത്തെ എങ്ങനെ മാറ്റിത്തീര്‍ക്കാം എന്നതാകണം, കൊല്ലം പാര്‍ട്ടി ഓഫീസ് പുതിയ നിലയില്‍ പണിത, വിവാദമായ ചിന്തയിലേക്ക് ബേബി സഖാവിനെ നയിച്ചത്. വിദ്യാര്‍ഥി വിപ്ലവകാലത്തെ റൊമാന്റിസിസം അദ്ദേഹത്തെ നാലുകെട്ടില്‍ ഒരു പാര്‍ട്ടിവാസ്തു പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചു. പാര്‍ട്ടി ഫ്യൂഡല്‍ കാലത്തേക്കോ എന്ന വിമര്‍ശനം വന്നു. നാലുകെട്ടില്‍ കവിഞ്ഞ്​ മലയാളിക്ക് ഒരു ഭാവന ഇല്ലാത്തപോലെ വാസ്തു ദാരിദ്ര്യം.

കോഴിക്കോട്ടെയും കണ്ണൂരിലെയും ആപ്പീസുകള്‍ പഴയ തറവാട് വീടുകള്‍ പരിഷ്‌ക്കരിച്ചതാണ്. പോയകാലത്തെ, ഒരു വാസ്തുവിദ്യയില്‍ വീണ്ടും കാണുമ്പോഴുണ്ടാകുന്ന നൊസ്റ്റാള്‍ജിയയെ, ആധുനികമായ രീതിയില്‍ പുനഃസൃഷ്ടിക്കാനാകുമോ എന്നായിരുന്നു ബേബി സഖാവ് പരീക്ഷിച്ചത്. അതിനാണ് പൊന്നായും ഭൂമിയായും സംഭാവന ആവശ്യപ്പെട്ടത്. മറിച്ച്​, കാര്‍ഷിക സമരങ്ങളുടെ ഭൂതകാലത്തില്‍ പിറന്ന ഒന്നായി പാർട്ടിആസ്ഥാനമന്ദിരങ്ങളെ സങ്കല്പിച്ചു വിഭാവനം ചെയ്യുകയാണെങ്കിലോ?

ഇ.കെ. ഇമ്പിച്ചി ബാവ

മൃതതത്വങ്ങളുടെ ധൈഷണികതയും വിഭാഗീയതയുടെ ബലതന്ത്രവും വെളിച്ചമില്ലാത്ത നോട്ടങ്ങളും ആത്മാവില്‍ സ്പര്‍ശിക്കാത്ത നീക്കങ്ങളുമായി നാം സ്വയം സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിനനുസൃതമായ ഒരു വാസ്തുവിലാകുമോ നമ്മെ നാം പുനര്‍നിര്‍മ്മിക്കുക?

ജീവിതമാകെ മാറിപ്പോയിട്ടുണ്ട്. നാം ഒരു കെട്ടുകാഴ്ച്ചയായിത്തീര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റിന്റെ ഒരു അടഞ്ഞ വ്യവസ്ഥ. കോണ്‍ക്രീറ്റ് റിയാലിറ്റി. മൂര്‍ത്ത യാഥാര്‍ഥ്യം. പ്രകൃതി പ്രതിഭാസങ്ങളോടുള്ള വിമുഖത. അവയില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണത. സ്‌പെയ്സിങ്ങിലെ ധൂര്‍ത്ത്. പുറം മെറ്റീരിയലുകളുടെയും ഇറക്കുമതി സ്റ്റോണുകളുടെയും വിനിയോഗം. എല്ലാ സൗന്ദര്യ മാനദണ്ഡങ്ങളേയും നവോത്ഥാന യുക്തിയുടെ അളവുകോലുകളേയും നിരാകരിക്കുന്ന പോസ്റ്റ് മോഡേണ്‍ സ്ഥല-കാല ഭാവനകള്‍. 'അവിയല്‍' ആയ സാംസ്‌കാരിക ജീവിതം. മൊസൈക് മോഡിലുള്ള ആവിഷ്‌കാരങ്ങള്‍. നങ്കൂരം നഷ്ടമായ ഒരു കപ്പല്‍. അപ്പോള്‍ മലപ്പുറം വാസ്തുവിനും ആ ഇമ്പിച്ചിക്കോയ കാലം പിന്നിട്ടു പുതുപാലങ്ങള്‍ കയറണമല്ലോ.

സൈതാലി

മലപ്പുറം കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്ര വഴിയില്‍ എം എസ് പി ക്യാമ്പിനു സമീപം നിലകൊള്ളുന്ന സി.പി.ഐ-എം പാര്‍ട്ടി ഓഫീസ് നിലവിലുള്ളത് നീക്കി പുതുതായി നിര്‍മ്മിക്കുന്നത് ആ നിലയില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ പുതുപ്പിറവിയാകുമോ? ആദ്യകാലത്ത് ഇ.എം.എസും കെ. ദാമോദരനും നല്‍കിയ സിദ്ധാന്ത- പ്രയോഗ സമീകരണ മാതൃക, കൊളാടിയും ഇമ്പിച്ചിബാവയും പിളര്‍പ്പിനു ശേഷമുള്ള പ്രായോഗികവാദകാലത്തും ഉയര്‍ത്തിപ്പിടിച്ചു. എ.കെ.ജി യുടെ അതേ ശൈലിയില്‍, ഇ.എം.എസ് വിശേഷിപ്പിച്ച പ്രകാരം 'കമ്യൂണിസ്റ്റ് മുസ്​ലിം തറവാട്ടിലെ കാരണവരായി' ഇമ്പിച്ചി ബാവ ഒരു മിത്തായിത്തീര്‍ന്നു. കൃഷിക്കാരുടേയും മീന്‍പിടിത്തക്കാരുടെയും ബീഡിത്തൊഴിലാളികളുടെയും ചുമടെടുക്കുന്നവരുടെയും ചങ്ങാതി. ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും നേതാവ്. സിഗരറ്റുകൂടില്‍ ജോലി ശിപാര്‍ശ എഴുതി നല്‍കുന്ന മന്ത്രി. ആ മാതൃകയുടെ പ്രകാശം ഒരു കമ്യൂണിസ്റ്റ് ദ്യുതിയായി നിലകൊണ്ടു. നൂറ്റാണ്ടുകളുടെ പൊന്നാനി ചരിത്രത്തോടോപ്പം ആ സമകാല മാതൃകയും ചരിത്രമായി എണ്ണി.

ഏറനാട്ടെ മാപ്പിളമാരില്‍ നിന്നുള്ള കമ്യൂണിസ്റ്റ് കേഡര്‍ എന്ന നിലയില്‍ സൈതാലിക്കുട്ടിയെ പോലെ നിരവധി ഉശിരന്‍ നേതാക്കള്‍ ഉയര്‍ന്നു വന്നു.

ശേഷം വന്ന കാലം, പാലോളിയുടെ പുതുകാലം. ജില്ലാരൂപീകരണത്തെ തുടര്‍ന്നുള്ള പാർട്ടിയുടെ അമരത്ത് പാലോളിയുടെ കര്‍ഷക മഹിമ. സംശുദ്ധിയുടെ പാലോളി മോഡല്‍. പൊന്നാനിയെ പില്‍ക്കാലത്ത് തിരിച്ചുപിടിച്ച ജനനായകന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ സര്‍റിയല്‍ സാന്നിധ്യം. മോഹമുക്തനായ കമ്യൂണിസ്റ്റ്. ഗാന്ധി തോല്‍ക്കുന്ന ലാളിത്യം. എളിമയുടെ മ്യൂസിയം പീസ്.

ഏറനാട്ടെ മാപ്പിളമാരില്‍ നിന്നുള്ള കമ്യൂണിസ്റ്റ് കേഡര്‍ എന്ന നിലയില്‍ സൈതാലിക്കുട്ടിയെ പോലെ നിരവധി ഉശിരന്‍ നേതാക്കള്‍ ഉയര്‍ന്നു വന്നു. സൈതാലി എന്ന സൂര്യന്‍ രക്തസാക്ഷിയായി. പട്ടിണിപ്പാവങ്ങളുടെ പാർട്ടി എന്ന ആകര്‍ഷക വസ്ത്രം പാര്‍ട്ടി പതുക്കെ മാറ്റി. പ്രസ്ഥാനം പാർട്ടിയും ജനങ്ങളുമായി പിരിഞ്ഞു.

പാലോളി മുഹമ്മദ് കുട്ടി

ദാരിദ്ര്യവും കഷ്ടപ്പാടും സാമ്പത്തിക പരാധീനതയും മുന്നിട്ടു നിന്ന മലയോരങ്ങളിലും തീരദേശങ്ങളിലും ഒരു മധ്യവര്‍ഗം ഉയര്‍ന്നു വന്നു. ഗള്‍ഫ് പ്രവാസം ഈ ദിശയ്ക്ക് ആക്കം കൂട്ടി. പുതിയ സാമ്പത്തിക ജീവിതത്തിനുപുറത്ത് ഒരു പുതിയ ഉപരിഘടന നിലവില്‍ വന്നു. മതം സാമുദായിക സംഘടനകളെയും മുസ്​ലിം ലീഗിനെപ്പോലെയുള്ള പ്രസ്ഥാനങ്ങളെയും ശക്തമാക്കി. ഇമ്പിച്ച ബാവയുടെ സാമ്പത്തിക മാര്‍ക്‌സിസം സമുദായ സമവാക്യങ്ങളുടെ പ്രത്യയ ശാസ്ത്രമായി. പാര്‍ട്ടി 'അകത്താക്കിയ കുടുംബ'ങ്ങളുടെ അഗ്രഹാരമായി. ആപ്പീസ് സെക്രട്ടറിമാരുടെ പുതുകാലം. ലെനിനിസം സ്റ്റാലിന്റെ വ്യക്തിപ്രഭാവ സിദ്ധാന്തത്തിന്റെ ബ്യൂറോക്രസിയായി പരിണമിച്ചു. ശേഷം വന്ന പാര്‍ട്ടി, വര്‍ത്തമാനം. വര്‍ത്തമാനം ഉണ്മയാണ്. അത് ഭൂതകാലത്തിന്റെ ബാക്കിയാണ്. ഭാവിയിലേക്ക് നാം നീക്കി വയ്ക്കുന്നതും.

അതിനിടയില്‍ അലിയുടെയും ഹംസയുടെയും ഒരു കാലം പിറന്നിരുന്നു. അവ കമ്യൂണിസ്റ്റ് ബദര്‍ പടപ്പാട്ടായി മാറിയിരുന്നു. എന്നാല്‍ 'ഉഹുദി'ല്‍ ശ്രദ്ധ സമ്പത്തിലായി. തുടര്‍ന്ന് മലപ്പുറത്ത് പാര്‍ട്ടിയുടെ ഒരു ലാറ്റിനമേരിക്കന്‍ കാറ്റു വീശി. സംസ്ഥാന സമ്മേളന വേദിയായി. കുന്നുമ്മല്‍ ഒരു കാല്‍വരിയായി. ചെഗുവേര നായകനായി. മലപ്പുറം പിന്നേയും ഒരു ചരിത്രമായി. വി.എസിന്റെ ഹൃസ്വകാലം കഞ്ഞിക്കുഴി വിപ്ലവമായി. പിണറായിയുടെ ഹനുമാന്‍ ചാലീസ. രണ്ടാം വരവ്. മലപ്പുറത്തും മാറ്റങ്ങള്‍.

Comments