പിണറായിയുടെ കിറ്റും കിറ്റെക്‌സിന്റെ കിറ്റും ഒന്നല്ല

മുതലാളിത്ത വിപണിയുക്തിയുടെ കാലത്ത്​. ആളുകൾക്ക് ജീവിക്കാൻ പലവിധത്തിലുള്ള ക്ഷാമം നേരിടുമ്പോൾ അവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാനും മഹാമാരിയിൽ ചികിത്സ നൽകാനും പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്താനുമൊക്കെയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ശ്രമിക്കേണ്ടത് എന്ന രാഷ്ട്രീയബോധത്തെ ഒട്ടും ചെറുതാക്കിക്കണ്ടുകൂടാ. അതാകട്ടെ കേരളം അതിന്റെ ചരിത്രസമരങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യതുല്യതയുടെ രാഷ്ട്രീയബോധത്തിനോട് ചേർന്നുനിൽക്കുന്ന ഒന്നാണ്

കേരളത്തിലെ തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഫലം സവിശേഷമായ പല രാഷ്ട്രീയ സ്വഭാവങ്ങളും പ്രകടിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനം, ആറുമാസക്കാലമായി നടന്ന അതിരൂക്ഷമായ മാധ്യമ വിചാരണയെ അതിജീവിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വലിയ വിജയമാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭക്കെതിരെ (1957 ഏപ്രിൽ 5 - 1959, ജൂലൈ 31) നടന്ന വിമോചന സമരക്കാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള സംഘപരിവാർ ശക്തികളും മറ്റ് സാമുദായിക സംഘങ്ങളും ഇടതുപക്ഷത്തിനെതിരെ ഒന്നിച്ചത്. സ്വാഭാവികമായും 1957-ൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ-സാമൂഹികാന്തരീക്ഷമാണ് അറുപതു കൊല്ലങ്ങൾക്കിപ്പുറം കേരളത്തിലുള്ളത് എന്നതുകൊണ്ട് ഈ പുത്തൻ വിമോചന സമരത്തിന് ഒന്നാം വിമോചന സമരത്തിന്റെ നേർപ്പകർപ്പാകാൻ കഴിയില്ല. അത്തരത്തിലുള്ള ചില വ്യത്യാസങ്ങൾ അതിനുണ്ട്. എന്നാൽ പ്രത്യക്ഷത്തിലും ഉള്ളടക്കത്തിലും അതിന്റെ ലക്ഷ്യം ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കുക എന്നതാണ്. അത് കേവലം സി.പി.എം വിരുദ്ധതയോ പിണറായി വിജയൻ വിരുദ്ധതയോ അല്ല എന്നതാണ് വസ്തുത.

വിധിയെഴുത്തിന് ദേശീയ രാഷ്ട്രീയവും

ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് അടർത്തിമാറ്റി ഈ തെരഞ്ഞെടുപ്പിനേയോ അതിന്റെ ഫലത്തെയോ കാണാനാകില്ല. രാജ്യത്ത് രണ്ടാം തവണയും അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഹിന്ദുത്വ രാഷ്ട്രീയവും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും ഒന്നാം മോദി സർക്കാരിനേക്കാൾ തീവ്രമായി നടപ്പാക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രവും പുതുതായി പണിയുന്ന പാർലമെന്റ് മന്ദിരവും ഏതാണ്ട് ഒരേ ഹൈന്ദവ സ്വാഭിമാന ചിഹ്നങ്ങളായി അവതരിപ്പിക്കപ്പെടുന്നു. സങ്കുചിത ദേശീയവാദം രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിക്കുന്നു. ഭീമ കോരേഗാവ് കേസിൽ ഒന്നിനുപിറകെ ഒന്നായി മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തകരെ തടവിലാക്കിക്കൊണ്ടിരിക്കുന്നു.

ഭീമ കൊറഗാവ് വാർഷികത്തിൽ വിജയ സ്തൂപത്തിന് സമീപം ഒത്തുചേർന്ന ജനങ്ങൾ. / Photo: VBA Tweets

ഭരണഘടനാസ്ഥാപനങ്ങൾ കേവലം കേന്ദ്രസർക്കാർ ജിഹ്വകളായി മാറുന്നു.

സുപ്രീംകോടതി ഭരണഘടനാപരമായ ചുമതലകൾ കയ്യൊഴിഞ്ഞ് സർക്കാർ ഉത്തരവുകളുടെ നടത്തിപ്പ് സ്ഥാപനമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന വിമർശനമുയരുന്നു. ഇത്തരത്തിലൊരു ദേശീയ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തിലായിരുന്നു കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്. സ്വാഭാവികമായും ഈ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം കേരളത്തിൽ ചർച്ചാവിഷയമായിരുന്നു.

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹി ഉപരോധിച്ച് ഐതിഹാസിക സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാം മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധം എതിരാളികളില്ലാത്ത ഹിന്ദു സാമ്രാജ്യത്തിന്റെ ചക്രവർത്തിയെക്കുറിച്ചുള്ള ബി.ജെ.പി പ്രചാരണത്തിനൊപ്പം ജനം ഓർത്തു എന്നതും വസ്തുതയാണ്.

കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കാൻ ദൽഹിയിലേക്ക് പുറപ്പെട്ട കർഷകർ സിങ്കു അതിർത്തിയിലെത്തിയപ്പോൾ. / ഫോട്ടോ: അയാൻ മൃണാൾ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ദേശീയ സാഹചര്യങ്ങൾക്ക് സ്വാധീനമില്ല എന്നത് ശരിയായ വിലയിരുത്തലല്ല. ഒരു പക്ഷെ മുമ്പെന്നത്തേക്കാളും കൂടുതലായി ദേശീയ സാഹചര്യത്തോട് വളരെ സൂക്ഷ്മമായി പ്രതികരിക്കേണ്ട രാഷ്ട്രീയ ജാഗ്രത തങ്ങൾ കാണിക്കേണ്ടതുണ്ട് എന്ന് കേരളത്തിലെ ജനങ്ങൾ മനസിലാക്കിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. ദേശീയ വിമോചന സമരത്തിന്റെ നാനാവിധ ധാരകളുടെ ആശയങ്ങളുടെ സ്വാധീനം ചെലുത്തിയ ഇന്ത്യ എന്ന ആശയം ഒരു ദേശ-രാഷ്ട്ര രൂപത്തിലേക്കും ഒരു ജനാധിപത്യ മതേതര ഭരണഘടനാ റിപ്പബ്ലിക് എന്ന രാഷ്ട്രീയ രൂപത്തിലേക്കും വന്നതിനുശേഷം മുക്കാൽ നൂറ്റാണ്ടിലെത്തുമ്പോൾ അത്തരത്തിലൊരു രാഷ്ട്രീയ ആശയം അവസാനിക്കുന്നതിന് ആരംഭമായിരിക്കുന്നു. ഏതെല്ലാം രാഷ്ട്രീയ മൂല്യങ്ങളാണോ കൊളോണിയൽ വിരുദ്ധ വിമോചന പോരാട്ടം നടത്തിയത് അതിന്റെയെല്ലാം എതിർധ്രുവത്തിൽ നിന്നിരുന്ന ഹിന്ദുത്വ സങ്കുചിത ദേശീയതയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയം ഇന്ത്യയെന്ന ആശയത്തെ അതിന്റെ ഉള്ളിൽ നിന്ന് തകർത്തുകൊണ്ടിരിക്കുകയാണ്.

കോൺഗ്രസിന്റെ രാഷ്ട്രീയ മരണം

ഇതിനോടൊപ്പം കാണേണ്ടത്, ഈ ദേശീയ സാഹചര്യത്തോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന, കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കക്ഷി, ദേശീയതലത്തിലും കേരളത്തിലും എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ്. നരേന്ദ്ര മോദിയെ നേരിടാൻ പ്രചാരണത്തിനിടെ പരമാവധി ക്ഷേത്രസന്ദർശനം നടത്തുക എന്ന മൃദു ഹിന്ദുത്വ തന്ത്രമാണ് രാഹുൽ ഗാന്ധി പ്രയോഗിച്ചത്. തെരഞ്ഞെടുപ്പ് മാത്രമായി രാഷ്ട്രീയത്തെ ചുരുക്കുകയും അധികാരം ജന്മാവകാശമായി കരുതുകയും ചെയ്യുന്ന കോൺഗ്രസ് അതിന്റെ രാഷ്ട്രീയ മരണത്തെപ്പോലും തിരിച്ചറിയുന്നില്ല എന്നിടത്തോളം അത് ദേശീയതലത്തിൽ സ്വയം അപ്രസക്തമാവുകയാണ്.

വാസ്തവത്തിൽ കോൺഗ്രസിന്റെ ശോഷണം 1960-കളുടെ അവസാനത്തിൽത്തന്നെ പ്രകടമായിത്തുടങ്ങി. പിന്നീട് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അടുത്ത ഒന്നര പതിറ്റാണ്ട് ബംഗ്‌ളാദേശ് യുദ്ധവും അടിയന്തരാവസ്ഥയും കവർന്ന ദേശീയ സാഹചര്യത്തിലായിരുന്നു കോൺഗ്രസ് അധികാരം നിലനിർത്തിയത്. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ജനതാപരീക്ഷണം തകർന്നശേഷമുള്ള ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവ് കൂടുതൽ മോശമായ സാമ്പത്തിക-ആഭ്യന്തര സംഘർഷങ്ങളുടെ കാലത്തേക്കാണ് ഇന്ത്യയെ നയിച്ചത്. ഒട്ടും രാഷ്ട്രീയമല്ലാത്ത, ഇന്ത്യൻ ജനതയുടെ ഫ്യൂഡൽ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമായ സഹതാപതരംഗത്തിലായിരുന്നു ഇന്ദിര വധത്തിനുശേഷമുള്ള തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി അധികാരത്തിലെത്തിയത്.

അതുകൊണ്ടുതന്നെ അഞ്ചു വർഷം കഴിഞ്ഞ് 1989-ആയപ്പോൾ പിന്നീടൊരിക്കലും തിരിച്ചുപോകാനോ ശക്തിയാർജിക്കാനോ ആകാത്ത വിധത്തിൽ ദുർബലമായിരുന്നു കോൺഗ്രസ്. അയോദ്ധ്യയിലെ ശിലാന്യാസം മുതൽ രാമായണ-മഹാഭാരത ടെലിവിഷൻ പരമ്പരകൾ വരെ നിറഞ്ഞ, ഇന്ത്യൻ രാഷ്ട്രീയത്തിലും പൗരസമൂഹത്തിലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് മേൽക്കൈ നേടിക്കൊടുക്കാൻ സഹായിച്ച വലതുപക്ഷ നയങ്ങൾ കൂടിയായപ്പോൾ കോൺഗ്രസ് ചരിത്രപരമായ ഇല്ലായ്മയിലേക്ക് അതിവേഗം നടന്നടുത്തു. പിന്നീട് കൂട്ടുകക്ഷി, പ്രവിശ്യാ രാഷ്ട്രീയത്തിന്റെ പിന്തുണയോടെ രണ്ടു തവണ അധികാരത്തിൽ എത്തിയെങ്കിലും തീർത്തും ജനവിരുദ്ധമായ നവ-ഉദാരീകരണ സാമ്പത്തിക നയങ്ങളും Operation Green Hunt പോലുള്ള ഭരണകൂട ഭീകരതയുമായി തങ്ങളുടെ പതനത്തിൽ സഹതപിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിലേക്ക് വാശിയോടെ ഓടിക്കയറി കോൺഗ്രസ്. ഇന്ന് മോദി സർക്കാർ നടപ്പിലാക്കുന്ന മിക്ക സാമ്പത്തിക നയങ്ങളും കോൺഗ്രസ് കുത്തിയിട്ട വിത്തുകളാണ് എന്നതൊരു വാസ്തവമാണ്. അതായത്, ഇന്ത്യയിലെ ധനിക ഭരണവർഗം തങ്ങൾക്കു വേണ്ടി ഭരിക്കാൻ ജനപിന്തുണ നഷ്ടപ്പെട്ട കോൺഗ്രസിനെ മാറ്റി, അതിദേശീയതയുടെയും ഹിന്ദുത്വ മതഭീകരതയുടെയും ഉന്മാദവുമായി ജനങ്ങളെ അണിചേർക്കുന്ന ഫാസിസ്റ്റുകളെ തെരഞ്ഞെടുത്തു എന്നുമാത്രം.

ഈ ഫാസിസ്റ്റ് വാഴ്ചയുടെ വരവറിയിക്കലിനോട് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ പേരിലെങ്കിലും കാമ്പുള്ളൊരു കലാപമുയർത്താൻ കോൺഗ്രസിനായില്ല. ഭരണഘടനാസ്ഥാപനങ്ങൾ ഒന്നൊന്നായി മോദി സർക്കാരിന്റെ രാഷ്ട്രീയ ജിഹ്വയായി മാറിയപ്പോൾ രാജ്യത്തെ തെരുവുകൾ ഒന്നും സംഭവിക്കാത്തതുപോലെ ആ 'പുതിയ സ്വാഭാവികതയെ'' (New Normal ) സ്വീകരിച്ചത് അതിന്റെ തെളിവായിരുന്നു. കേന്ദ്ര സർക്കാർ UAPA നിയമത്തിൽ കൊണ്ടുവന്ന തീർത്തും ജനാധിപത്യവിരുദ്ധമായ ഭേദഗതികളെപ്പോലും കോൺഗ്രസ് പിന്തുണച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദൽഹിയിലെ ഷഹീൻ ഭാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്. / Photo: Wikimedia Commons

ഈയൊരു സാഹചര്യത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം പടർന്നുപിടിച്ചത്. രാജ്യത്തെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്ന, ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാർ ലക്ഷ്യത്തിന് സാധുത നൽകുന്ന ഈ നീക്കത്തിനെതിരെ രാജ്യത്തെങ്ങും ഉയർന്ന പ്രതിഷേധങ്ങളുടെ മുന്നിൽ നിൽക്കാൻ കോൺഗ്രസിനായില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് ഷാഹീൻബാഗിലേതു പോലുള്ള ചെറുത്തുനിൽപ്പ് സമരങ്ങളിൽ മാത്രമായി അത് ചുരുങ്ങിപ്പോയത്. പൊതുബോധമെന്ന പേരിൽ സംഘപരിവാർ ഉയർത്തിക്കാട്ടിയ ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധത്തോടും അതുയർത്തുന്ന വെല്ലുവിളിയോടും നേർക്കുനേർ എതിരിടാനുള്ള രാഷ്ട്രീയാർജ്ജവം കോൺഗ്രസ് ഒരു കാലത്തും കാണിച്ചില്ല.

ഇതിന്റെ മറ്റൊരു പ്രതിഫലനമെന്നോണം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മധ്യപ്രദേശിലടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരുന്നു. ബി.ജെ.പിയിലേക്കുള്ള പ്രവേശന പരീക്ഷയാണ് കോൺഗ്രസ് സ്ഥാനാർത്ഥിത്വം എന്ന മട്ടിലെത്തി കാര്യങ്ങൾ. 1980-കളുടെ അവസാനത്തോടെ ആരംഭിച്ച മണ്ഡൽ രാഷ്ട്രീയം പരമ്പരാഗത വോട്ടുബാങ്കുകളെ അപ്പാടെ റാഞ്ചിയെടുത്തതോടെ ഇതുവരേക്കും തിരിച്ചുവരാനാകാത്ത വിധത്തിൽ ഉത്തർപ്രദേശിൽ നിന്ന് ഇല്ലാതായ കോൺഗ്രസ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഏതാണ്ട് അലിഞ്ഞില്ലാതാവുകയാണ്.

ചരിത്രപരമായ കോൺഗ്രസിന്റെ പതനത്തെ പുത്തൻ രാഷ്ട്രീയസാധ്യതകളിലേക്ക് സംക്രമിപ്പിക്കാവുന്ന നേതൃത്വമോ പരിപാടികളോ അവർക്കില്ലതാനും. ഇപ്പോഴും നെഹ്റു കുടുംബവും ഇന്ദിര- രാജീവ് കാലത്ത് അധികാരരാഷ്ട്രീയത്തിന്റെ ചുറ്റുവട്ടത്ത് പരിലസിച്ച നേതാക്കളുമാണ് പ്രശ്‌നപരിഹാര സമിതി. തിരിച്ചുവരവില്ലാത്തവിധം തകർന്നിരിക്കുകയാണ് കോൺഗ്രസ് എന്ന ദേശീയ യാഥാർത്ഥ്യത്തിൽ നിന്ന് കേരളത്തിലെ കോൺഗ്രസിന് ഒഴിഞ്ഞുനിൽക്കണമെങ്കിൽ അതിനുവേണ്ടത് ചെറിയ പരിശ്രമമല്ല.

പരസ്പരം മാറിപ്പോകുന്ന കോൺഗ്രസും ബി.ജെ.പിയും

എന്നാൽ അത്തരത്തിലൊരു ബോധപൂർവ ശ്രമമല്ല കേരളത്തിലെ കോൺഗ്രസ് നടത്തിയത് എന്നുമാത്രമല്ല, ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയെ തങ്ങൾക്കു കൂടി അനുകൂലമാക്കാൻ സാധിക്കുമെന്ന ദുഷ്ടലാക്കായിരുന്നു അവർ കാണിച്ചത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ശബരിമല സമരം. സ്ത്രീകളെ ശബരിമലയിൽ കയറ്റുന്നതിനെതിരെ, സുപ്രീം കോടതി വിധിക്കെതിരായി സംഘപരിവാറിനും എൻ.എസ്.എസ് പോലുള്ള സവർണ ജാതി സംഘടനകൾക്കുമൊപ്പം ചേർന്നുനിന്ന് തീർത്തും പിന്തിരിപ്പനായ ലഹള സംഘടിപ്പിക്കുകയായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചെയ്തത്. വിമോചന സമരത്തിനുശേഷം കേരളത്തെ ഇത്ര മത, ജാതി പിന്തിരിപ്പൻ മൂല്യങ്ങളുടെ നുകത്തിൽ കെട്ടിയ മറ്റൊരു പ്രത്യക്ഷ സമരം ഉണ്ടായിട്ടില്ല.

സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജണ്ടകൾ പൊതുസമൂഹത്തിലേക്ക് പ്രചരിപ്പിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ കേവലം ഒരു തെരഞ്ഞെടുപ്പ് വിജയം എന്നതിലൂന്നിയ ആ നിലപാട് വാസ്തവത്തിൽ കോൺഗ്രസിന്റെ മതേതര കക്ഷിയെന്ന വിശ്വാസ്യതയെയാണ് തകർത്തുകളഞ്ഞത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ എളുപ്പം മാറിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് മലയാളികളെ അത് മനസിലാക്കിക്കൊടുത്തു. അതുകൊണ്ടുതന്നെ മതേതരത്വത്തിനെതിരായ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കാനോ തോൽപിക്കാനോ കോൺഗ്രസിനാകില്ല എന്ന വസ്തുത കേരളീയ പൊതുസമൂഹത്തിന്റെ ബോധാബോധങ്ങളിലേക്ക് അതിവേഗം പടർന്നു. അത് വാസ്തവവുമാണ്.

അന്വേഷണ ഏജൻസികളുടേത് ഒരു ആക്രമണമായിരുന്നു

ഇത്തരത്തിലൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ് തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പ് വരുന്നത്. അഞ്ചുമാസം കേരളത്തിൽ നിലനിൽക്കുന്ന പൊതു രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള സകല ചേരുവകളും ചേർന്നതായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ ഒരു സമാന്തര സർക്കാരിനെപ്പോലെയാണ് ഇടപെട്ടുകൊണ്ടിരുന്നത്. ഫെഡറൽ സംവിധാനത്തെ നോക്കുകുത്തിയാക്കി സംസ്ഥാന സർക്കാരിന്റെ ഭരണഘടനാനുസൃതമായ നയരൂപവത്ക്കരണ അധികാരത്തെയടക്കം കേന്ദ്ര ഏജൻസികൾ റദ്ദാക്കുന്ന അവസ്ഥയിലെത്തി. അഴിമതി എന്നൊരു പൊതുതലക്കെട്ടിന്റെ മറവിൽ കേരളം എന്ന രാഷ്ട്രീയ അസ്തിത്വത്തിനു മുകളിൽ ഒരു അധിനിവേശം നടക്കുന്നുവെന്ന് മലയാളികൾ തിരിച്ചറിഞ്ഞു. ഇത്തരമൊരു തിരിച്ചറിവ് കേരളീയ സമൂഹത്തിൽ ഉണ്ടാകുന്നു എന്നത് മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കർ ചോദ്യം ചെയ്യപ്പെടാനായി കൊച്ചിയിലെ എൻ.ഐ.എ ഓഫിസിലെത്തിയപ്പോൾ.

വാസ്തവത്തിൽ കേരളത്തിലേക്കുള്ള അന്വേഷണ ഏജൻസികളുടെ വരവ് അഴിമതിവിരുദ്ധതയാൽ പ്രചോദിതമായിരുന്നില്ല. അത് സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും മോദിയുടെ ഹിന്ദു സാമ്രാട്ട് പദവിക്കും ഇപ്പോഴും കീഴടക്കാൻ കഴിയാത്തൊരു ജനതയെ കീഴടക്കാനുള്ള ആക്രമണമായിരുന്നു. ഒരു ജനതയുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക അസ്തിത്വത്തിന് അഴിമതിയുടെ നിരന്തര ശീലത്തേക്കാൾ പ്രാധാന്യമുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം സംഘപരിവാറിന്റെ പിന്തുണയോടെ നടന്നത് ചരിത്രത്തിന്റെ ഓർമയാകണം.

മാധ്യമ രാഷ്ട്രീയം വെളിപ്പെടുന്നു

ഇതോടോപ്പമാണ് മലയാള വാർത്താ മാധ്യമങ്ങൾ തങ്ങളുടെ ഇടതുപക്ഷ വിരോധത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ആക്രമണം അഴിച്ചുവിട്ടത്. വസ്തുതകളുടെ കുഴമറിച്ചിൽ മാത്രമല്ല, ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്ന ഒരൊറ്റ അജണ്ടയിലായിരുന്നു അത് നടന്നത്. ഇത് സംഘപരിവാറിന്റെ ദേശീയ അജണ്ടയാണ്. അതുകൊണ്ടാണ് സംഘപരിവാറിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായ വെല്ലുവിളിയൊന്നും അല്ലാതിരുന്നിട്ടും ഇടതുപക്ഷത്തെ വിട്ടുവീഴ്ചയില്ലാതെ ആക്രമിക്കാൻ കേന്ദ്ര സർക്കാരും ബി.ജെ.പിയും മറക്കാത്തത്. അവരാക്രമിക്കുന്നത് ഇടതുപക്ഷം എന്ന ആശയത്തെയാണ്. ഇത്തരത്തിലൊരു ആശയത്തിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അതേ ആവശ്യമാണ് അവരുടെ വിശ്വസ്തരായ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റുകൾക്കുമുള്ളത്.

ഇതിന്റെ ഭാഗമായാണ് urban -naxal എന്ന പുതിയ ശത്രുവിനെ വരെ ഉണ്ടാക്കിയത്. ആ പുത്തൻ ആഖ്യാനത്തിനു അവർ ഉപയോഗിച്ചത് വാർത്താ മാധ്യമങ്ങളെയായിരുന്നു. ഇന്ത്യയിലെ വാർത്താ മാധ്യമങ്ങൾ ഏതാണ്ടെല്ലാം മോദി സർക്കാരിന്റെ അജണ്ടകൾക്കപ്പുറം പോകുന്നില്ല എന്നുറപ്പുവരുത്തിയ കാലത്ത് മലയാള മാധ്യമങ്ങളുടെ കഥയും വ്യത്യസ്തമല്ല. ബി.ജെ.പി എം.പിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്, കമ്യൂണിസ്റ്റ് വിരോധം പ്രാരംഭകാലം മുതൽക്കേ കൊണ്ടുനടക്കുന്ന മലയാള മനോരമ, ചരിത്രപരമായ കമ്യൂണിസ്റ്റ് വിരോധത്തിനൊപ്പം സംഘപരിവാർ അജണ്ടയിലേക്ക് വ്രതമെടുത്ത മാതൃഭൂമി, ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയ വൺ/മാധ്യമം തുടങ്ങിയ വാർത്ത മാധ്യമങ്ങൾ ഇടതുപക്ഷവിരുദ്ധത ഒരു രാഷ്ട്രീയ അജണ്ടയായി കൊണ്ടുനടക്കുന്നു എന്നും അത് സകല മാധ്യമ നൈതികതകളേയും ലംഘിക്കുന്നു എന്നും ജനങ്ങൾക്ക് മനസിലാകില്ല എന്ന് കരുതിയിടത്താണ്, ഈ മാധ്യമങ്ങളുടെ എതിർപക്ഷത്തുള്ള ഒരു രാഷ്ട്രീയം കേരളത്തിൽ വേരൂന്നിയത് സുദീർഘമായ സമരങ്ങളിലൂടെയും മനുഷ്യരുടെ ജീവിതത്തിലൂടെയുമാണെന്ന വാസ്തവം അവർ വിസ്മരിച്ചത്.

അതുകൊണ്ടുതന്നെതദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങൾക്ക് സ്വയം വിമര്ശനത്തിനുള്ള സമയമല്ല, മറിച്ച് മലയാളിക്ക് പുതിയ മാധ്യമ രാഷ്ട്രീയത്തെ ഒന്നുകൂടി മനസിലാക്കാനുള്ള സമയമാണ്. എന്തെങ്കിലും തിരിച്ചടികൊണ്ട് തങ്ങളുടെ വർഗസ്വഭാവം മാറ്റുക എന്നത് അവർക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. ഗതികെട്ടാൽ പുല്ലുതിന്നുക എന്നത് പുലിയുടെ ദിനചര്യയാക്കാൻ കഴിയില്ല, അത് ചോരയുള്ള ഇരയെത്തേടി വേട്ട തുടരും.

സംഘ്പരിവാറിന്റെ ‘പന്തളം മോഡൽ'

ഇപ്പോഴുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം തുടർന്നാൽ കേരളത്തിന് അതിന്റേതായ നിലനിൽപ്പ് സ്വന്തം നിലയിൽ ഉറപ്പുവരുത്തേണ്ടിവരും എന്നതൊരു അടിയന്തര സാധ്യതയാണ്. കാൽ ഭാഗത്തിലേറെ മുസ്ലിം ജനസംഖ്യയും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയവും മതേതര സാമൂഹ്യബോധവുമുള്ള കേരളം എന്ന ഭൂപ്രദേശം സംഘപരിവാറിന്റെയും മോദിയുടെയും ഇന്ത്യയുടെ പുറത്താണ്. ആ പുറത്താകലിന് കേരളം നൽകുന്ന വില ചെറുതല്ല. അത്തരത്തിലൊരു രാഷ്ട്രീയ ചെറുത്തുനിൽപ്പ് കേരളം സാധ്യമാക്കുന്നു എന്നുതന്നെയാണ് തദ്ദേശ തെരഞ്ഞെപ്പ് ഫലം സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ വോട്ടു ശതമാനം 14% എന്ന ദീർഘനാളായുള്ള അവസ്ഥയിൽ നിന്ന് മുന്നോട്ടു പോകുന്നില്ല എന്നത് ഇതാണ് കാണിക്കുന്നത്.

പക്ഷെ കോൺഗ്രസിന്റെ രാഷ്ട്രീയ ദൗർബല്യം സ്വാഭാവികമായും ബി.ജെ.പിയെ ശക്തിപ്പെടുത്തും. ഒപ്പം കേരളത്തിലെ സവർണ ഹിന്ദുക്കൾക്കൊപ്പം ധനിക ക്രിസ്ത്യൻ സഭകളേയും കൂടെനിർത്താനുള്ള ബി.ജെ.പി ശ്രമം വളരെ ചെറുതാണെങ്കിലും ഫലം കണ്ടേക്കാം എന്നൊരു സാധ്യതയാണ് പന്തളം നഗരസഭയിൽ ഓർത്തഡോക്‌സ് സഭ നേതൃത്വത്തിന്റെ പിന്തുണയിൽ എൻ.ഡി.എ സ്ഥാനാർത്ഥികളായി നിന്ന് ജയിച്ച ക്രിസ്ത്യാനികൾ കാണിക്കുന്നത്. ലൗ ജിഹാദ് പോലെ സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ ക്രിസ്ത്യൻ സഭകൾ ഏറ്റുപിടിക്കുന്നു എന്നതും കാണേണ്ടതുണ്ട്. മുസ്ലിം വിരുദ്ധതയിൽ സംഘപരിവാറിന്റെ സഖ്യകക്ഷിയാകാൻ ക്രിസ്ത്യൻ സഭകൾ തയ്യാറാക്കുന്നതിന് മതത്തിനപ്പുറം വ്യാപകമായ സാമ്പത്തിക താത്പര്യങ്ങൾ കൂടിയുണ്ടെങ്കിലും ഫലത്തിൽ ബി.ജെ.പിക്ക് കേരളത്തിൽ ലഭിക്കാവുന്ന സഖ്യകക്ഷി ക്രിസ്ത്യൻ സഭകളിൽ ചിലതാണ്.

ബി.ജെ.പി താരതമ്യേന ശക്തമായ മത്സരം നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ പോലുള്ള പ്രദേശങ്ങളിലെല്ലാം കോൺഗ്രസിന്റെ സവർണ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ് ചെയ്തത്. ഇത് തിരിച്ചുപിടിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കാരണം താരതമ്യേന സമ്പന്നരും മധ്യവർഗക്കാരുമായ സവർണ ഹിന്ദുക്കൾ ബി.ജെ.പിക്കൊപ്പമാണ് നിൽക്കുക. അവരുടെ സാമൂഹ്യ സുരക്ഷിതത്വത്തെ അതൊട്ടും മുറിവേൽപ്പിക്കില്ല എന്നതുതന്നെയാണ് കാര്യം. അവരെ ആകർഷിക്കാവുന്ന ഒന്നുംതന്നെ ഇപ്പോൾ കോൺഗ്രസിനിന്റെ പക്കൽ ഇല്ല തന്നെ. തങ്ങളുടെ സ്വന്തം കക്ഷിയായി ബി.ജെ.പിയുള്ളപ്പോൾ കോൺഗ്രസുമായി ഒരു ഏച്ചുകെട്ടലിന് ഇപ്പോൾ ബി.ജെ.പിയിലേക്ക് കൂറുമാറിയ സവർണർ തയ്യാറാകില്ല.

ഇടതുപക്ഷ വിരുദ്ധതക്ക് മതവർഗീയ രാഷ്ട്രീയം

ഇത്ര ആക്രമണമുണ്ടായിട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി എങ്ങനെ വലിയൊരു വിജയം നേടി എന്നതിന് പ്രതിപക്ഷ നിരയുടെ മേൽപ്പറഞ്ഞ ശക്തിദൗർബല്യമല്ലാത്ത കാരണങ്ങൾ ഇടതുപക്ഷത്തു നിന്നും വിലയിരുത്തേണ്ടതുണ്ട്. വിട്ടുവീഴ്ചയില്ലാത്തവിധം മതേതര രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നു എന്ന് കൃത്യമായി ഇടതുമുന്നണിക്ക് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ മതേതര സമൂഹത്തോട് പ്രതിബദ്ധതയുള്ള വലിയൊരു ജനസമൂഹം, തങ്ങളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ ബി.ജെ. പിയുടെ വെല്ലുവിളി നേരിടാൻ കോൺഗ്രസിനേക്കാൾ എന്തുകൊണ്ടും മെച്ചം ഇടതുമുന്നണിയാണെന്ന തീരുമാനത്തിൽ എത്തി. ശബരിമല സമരം മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് ബന്ധം എത്ര അപകടകരമായ രീതിയിലാണ് കോൺഗ്രസ് മതവർഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുമ്പോഴും ഇസ്​ലാമിക രാഷ്ട്രീയത്തെ ഇടതുപക്ഷ വിരുദ്ധതയുടെ ചെലവിൽ വളർത്തിവലുതാക്കാനുള്ള അപകടകരമായ ശ്രമത്തോട് കേരള സമൂഹം വളരെ ശക്തമായാണ് പ്രതികരിച്ചത്.

ചാവക്കാട് മുനിസിപ്പാലിറ്റി 10-ാം വാർഡിലെ യു.ഡി.എഫ്.-വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്.

ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയം ഉയർത്തുന്ന വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും പോലുള്ള കക്ഷികൾ ഈ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ചെറിയ നേട്ടങ്ങളെ നിസാരമായി കാണേണ്ടതല്ല. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ ഇസ്ലാമിക മതവർഗീയ രാഷ്ട്രീയം ഒറ്റുകാരുടെ പണിയാണ് എടുക്കുക എന്ന ചരിത്രബോധം ഉണ്ടാക്കിയെടുക്കുക എന്നതുമാത്രമാണ് ഇതിനുള്ള മറുപടി.

ട്വന്റി 20 എന്ന അപകടം

കിഴക്കമ്പലം പഞ്ചായത്തിൽ കിറ്റെക്‌സ് ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനം ചെല്ലും ചെലവും നടത്തിക്കൊണ്ടു പഞ്ചായത്ത് ഭരണം നടത്തിയ ഒരു സംഘം ഇപ്പോൾ അടുത്ത മൂന്നു പഞ്ചയാത്തുകളിലേക്കും തങ്ങളുടെ ഭരണം നീട്ടിയിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അപകടകരമായ മറ്റൊരു രാഷ്ട്രീയ സൂചന. നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അവർ വിജയിച്ചാലെന്താണ് കുഴപ്പം എന്ന മട്ടിൽ വലതുപക്ഷ രാഷ്ട്രീയക്കാർ മാത്രമല്ല, പൊതുരാഷ്ട്രീയകക്ഷികളെ അപഹസിച്ചുകൊണ്ട് കിഴക്കമ്പലം മാതൃകയെ പ്രകീർത്തിക്കുന്ന നിഷ്പക്ഷ നാട്യക്കാർ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്.

കിഴക്കമ്പലം പഞ്ചായത്ത് ഓഫിസ് കെട്ടിടം

എങ്ങനെയാണ് ഒരു വ്യവസായ സ്ഥാപനം അഥവാ മുതലാളി ജനാധിപത്യ പ്രക്രിയയെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ മധ്യസ്ഥതയില്ലാതെ നേരിട്ട് നിയന്ത്രിക്കുന്നത് എന്നതിന്റെ സൂക്ഷ്മ മാതൃകയാണ് ട്വന്റി 20 എന്ന് വേണമെങ്കിൽ ലളിതവത്കരിക്കാം. അദാനിയും അംബാനിയും വിലക്കെടുക്കുന്ന രാഷ്ട്രീയക്കാർ ഭരിക്കുന്ന നാട്ടിൽ അംബാനി നേരിട്ട് ഭരണം നടത്തിയാലെന്താണ് കുഴപ്പം എന്ന മട്ടിൽ. പക്ഷെ അത് വലിയൊരു കുഴപ്പമാണെന്ന് മനസിലാക്കാനുള്ള രാഷ്ട്രീയത്തെയാണ് ചുരുങ്ങിയത് ജനാധിപത്യ രാഷ്ട്രീയം എന്നുവിളിക്കുന്നത്.

ഇടതുപക്ഷത്തിനുമുണ്ട് പിഴവുകൾ

കഴിഞ്ഞ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷത്തെ അതിന്റെ രാഷ്ട്രീയ പാളിച്ചകളിൽ നിന്ന് മുക്തരാക്കുന്ന ഒന്നല്ല. ഉമ്മൻചാണ്ടിയുടെ അദാനി-വിഴിഞ്ഞം പദ്ധതി പിണറായി വിജയൻ സർക്കാരിന്റെ കാലത്തും ഒരു തടസ്സവുമില്ലാതെ എല്ലാ പാരിസ്ഥിതിക-സാമ്പത്തിക ക്രമക്കേടുകളേയും നിസാരമാക്കി മുന്നോട്ടു പോകുന്നത് കോർപ്പറേറ്റ് മൂലധനത്തോടുള്ള ഈ സർക്കാരിന്റെയും അതിനു നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെയും അടിസ്ഥാനപരമായ പിഴവുകളുടെ ഭാഗമാണ്. UAPA ചുമത്തി തടവിലിടലും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അടക്കമുള്ള ഭരണകൂട അമിതാധികാര പ്രകടനം ഈ സർക്കാരിന്റെ നിഴലാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളോട് തികഞ്ഞ അവഗണനയാണ് സർക്കാർ പ്രകടിപ്പിച്ചത്. അത് മാത്രമല്ല, മിക്കപ്പോഴും പരിസ്ഥിതി വിഷയങ്ങളിൽ മൂലധനത്തിന്റെ താൽപര്യത്തിനൊത്താണ് സർക്കാർ പ്രവർത്തിച്ചതും. വികസന പദ്ധതികളിൽ പലപ്പോഴും കേവലമായ മുതലാളിത്ത വികസന മാനദണ്ഡങ്ങളാണ് ഇപ്പോഴും സർക്കാർ പുലർത്തുന്നത്.

വിഴിഞ്ഞം തുറമുഖം / Photo: adaniports.com

കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് അധികമിടത്തുനിർത്താതെ പാഞ്ഞുപോകുന്ന ഒരു തീവണ്ടിപ്പാതയുടെ കൂടെയാണ് ഇപ്പോഴും വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ കാഴ്ചപ്പാട് സഞ്ചരിക്കുന്നത് എന്നത് ഇതാണ് കാണിക്കുന്നത്. പ്രളയാനന്തരമുള്ള കേരളനിർമ്മാണവും ഇത്തരത്തിലുള്ള വികസന പരിപ്രേക്ഷ്യങ്ങളുടെ കീഴിലായിരുന്നു.
എന്നാൽ, ഇതിനൊന്നുമുള്ള പ്രതിരാഷ്ട്രീയം ഐക്യജനാധിപത്യ മുന്നണിയോ ബി.ജെ.പിയോ അല്ല എന്നൊരു രാഷ്ട്രീയബോധ്യം കേരള സമൂഹത്തിനുണ്ടെങ്കിൽ അതൊരു ചെറിയ കാര്യമല്ല. ഭരണഘടന നൽകുന്ന പരിമിത ജനാധിപത്യ സാധ്യതകളെ നിലനിർത്തുക എന്നൊരു അടിയന്തര കടമയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്കുണ്ടാകേണ്ടത്. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതിഫലിക്കും. താൽക്കാലിക നേട്ടങ്ങൾക്കായി ദീർഘകാല ലക്ഷ്യങ്ങളെ ബലികൊടുക്കാതിരിക്കുക എന്നതുപോലെ സുപ്രധാനമാണ് ദീർഘകാല ലക്ഷ്യങ്ങളെന്ന ഒഴിവുകഴിവ് പറഞ്ഞുകൊണ്ട് അടിയന്തര രാഷ്ട്രീയ കടമകളെ തള്ളിപ്പറയുക എന്നത്. അത് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. എപ്പോൾ വേണമെങ്കിലും നമ്മുടെ രാഷ്ട്രീയം പറയാൻ പാകത്തിൽ സമൂഹം ഇതുപോലെ നിലനിൽക്കും എന്ന അബദ്ധധാരണയിൽ നിന്നാണ് അതുണ്ടാകുന്നത്. നിരന്തരമായി ഇടപെട്ടുകൊണ്ട് മാത്രമേ സാമൂഹ്യമാറ്റത്തിനായുള്ള ഏതൊരു രാഷ്ട്രീയത്തിനും മുന്നോട്ടുപോകാനാകൂ.

അതൊരു അരാഷ്ട്രീയ പുച്ഛം

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കോവിഡ് കാലത്തും പ്രളയ കാലത്തും നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ അവർക്കനുകൂലമായി പ്രതിഫലിച്ചു എന്നതൊരു വാസ്തവമാണ്. അതൊരു മോശം കാര്യവുമല്ല. സർക്കാർ കിറ്റും കിറ്റക്‌സ് മുതലാളിയുടെ സൗജന്യങ്ങളും സമീകരിച്ചുകൊണ്ടുള്ള അരാഷ്ട്രീയ പുച്ഛം ഉത്തരവാദിത്തരഹിതമായ അരാഷ്ട്രീയ വാചാടോപം മാത്രമാണ്. നവ-ഉദാരീകരണ കാലം ലോകത്ത് ശക്തിപ്രാപിച്ചതു തന്നെ എല്ലാവിധത്തിലുള്ള ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിൻവലിഞ്ഞുകൊണ്ടാണ്. ക്ഷേമ പെൻഷനുകൾ ഇല്ലാതാക്കുക എന്നത് താച്ചർ-റീഗൻ കാലത്തിന്റെ തുടർച്ചയായിരുന്നു. സബ്സിഡി എന്നത് നഷ്ടമാണ് എന്നത് അക്കാലത്തു നിന്നും കയറിവന്നതാണ്. പൊതുവിതരണ സമ്പ്രദായത്തിന് പകരം പണം നേരിട്ട് നൽകിയാൽ മതി എന്നത് വിപണിയെ സമ്പൂർണമായി സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായിരുന്നു. സർക്കാർ ആശുപത്രി ഇല്ലെങ്കിലും കുഴപ്പമില്ല, പകരം സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് ജനങ്ങൾക്ക് നൽകിയാൽ മതിയെന്നതും ഇതേ യുക്തിയുടെ ഒളിച്ചുകടത്തലായിരുന്നു. ഇത്തരത്തിലൊരു മുതലാളിത്ത വിപണിയുക്തിയുടെ കാലത്ത്​, ആളുകൾക്ക് ജീവിക്കാൻ പലവിധത്തിലുള്ള ക്ഷാമം നേരിടുമ്പോൾ അവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാനും മഹാമാരിയിൽ ചികിത്സ നൽകാനും പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്താനുമൊക്കെയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ശ്രമിക്കേണ്ടത് എന്ന രാഷ്ട്രീയബോധത്തെ ഒട്ടും ചെറുതാക്കിക്കണ്ടുകൂടാ. അതാകട്ടെ കേരളം അതിന്റെ ചരിത്രസമരങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യതുല്യതയുടെ രാഷ്ട്രീയബോധത്തിനോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു സർക്കാർ ഇടപെടലിനെ കേവലമായ സൗജന്യം എന്നതിനപ്പുറം കേരളത്തിന്റെ ക്ഷേമ രാഷ്ട്രീയ സങ്കല്പത്തോട് ചേർന്ന് നിൽക്കുന്ന ഒന്നായി ജനങ്ങൾ കണ്ടത്.

അത്തരത്തിലൊരു രാഷ്ട്രീയ ഇടപെടലിനോട് സക്രിയമായി പ്രതികരിക്കേണ്ടതുണ്ട് എന്നാണവർ തീരുമാനിച്ചത്. ഈ രാഷ്ട്രീയ ഇടപെടലിന്റെ ഗുണഭോക്താക്കളാകട്ടെ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരും വർഗ രാഷ്ട്രീയത്തിൽ ഇടതുപക്ഷമാകുന്നവരും ആയിരുന്നു. തങ്ങളെ കണക്കിലെടുക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ പരാജയമായിട്ടാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെടുന്നത് എന്ന് കേരളത്തിലെ ഈ സാമാന്യ ജനവിഭാഗം കണക്കാക്കി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിജയയാഹ്ളാദങ്ങളുടെ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് കാണാനാകും. ഇതിനുമുമ്പുള്ള ഇടതുപക്ഷ വിജയത്തിലെ ആഹ്‌ളാദപ്രകടനങ്ങൾ പോലെയല്ല അത്. ഇപ്പഴല്ലെങ്കിൽ ഒരിക്കലുമില്ല എന്ന മട്ടിൽ നടത്തിയ ഒരു തെരഞ്ഞെടുപ്പായിരുന്നു അവർക്കുള്ളിൽ അതെന്ന് കാണിച്ചുതരുന്നു ആ ദൃശ്യങ്ങൾ. തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ, കണ്ടുമടുത്ത പ്രഹസനങ്ങളായി ആവർത്തിക്കുമ്പോൾ താരതമ്യേന തങ്ങൾക്ക് കൂടി ഇടമുള്ളൊരു സാധ്യതയെ തെരഞ്ഞെടുക്കുകയായിരുന്നു വലിയൊരു വിഭാഗം ജനങ്ങൾ.g

ഐക്യജനാധിപത്യ മുന്നണിയും ബി ജെ പിയും നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇനി ഇതായിരിക്കാനാണ് സാധ്യത. ജനങ്ങൾ ഒരു രാഷ്ട്രീയപക്ഷത്തെ തങ്ങളുടെ ഇടം എന്ന നിലയിൽ തെരഞ്ഞെടുക്കുക എന്നത് വലിയൊരു മാറ്റമാണ്. അത് ഗുണപരമായൊരു മാറ്റമാണ്. അത്തരമൊരു മാറ്റത്തിന്റെ ഗുണഭോക്താവാകാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട് ഈ തെരഞ്ഞെടുപ്പിൽ എന്നത് ചെറിയ കാര്യമല്ല. നേരത്തെ സൂചിപ്പിച്ച നിരവധിയായ പ്രശ്‌നങ്ങൾക്കൊപ്പവും തങ്ങൾക്ക് വ്യവഹാരത്തിലേർപ്പെടാൻ സാധ്യതയുള്ള ഒരേയൊരിടം ഇടതുപക്ഷമാണ് എന്നാണ് ആ രാഷ്ട്രീയ ബോധ്യം. കൂടുതൽ ഇടതുപക്ഷമായിക്കൊണ്ടാണ് ആ രാഷ്ട്രീയ സാധ്യതയെ ഉപയോഗിക്കാനാവുക.

കേരളത്തിന് എങ്ങനെ ബദലാകാം?

ഒരു മതേതര, ഇടതുപക്ഷ സമൂഹം എന്ന നിലയിൽ ഇനി കേരളത്തിന് മോദിയുടെ ഇന്ത്യയുമായുള്ള കൊടുക്കൽ വാങ്ങലുകൾ വളരെ കുറവായിരിക്കും. ജി.എസ്.ടി വന്നതോടെ നികുതി വരുമാനത്തെക്കുറിച്ചുള്ള ഫെഡറൽ അധികാരം നഷ്ടപ്പെട്ട സംസ്ഥാനത്തിന് ഇനി നിലനിൽപ്പിന് പുതിയ സാദ്ധ്യതകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി കേരളത്തിന്റെ ഉത്പാദന, വിപണന മേഖലയിൽ നടത്തേണ്ട ഇടപെടലുകളുടെ പ്രാധാന്യം.ജനങ്ങൾക്കുള്ള സേവനങ്ങൾ സൗജന്യമായി നൽകുക എന്നതാണ് ഒരു പൊതുസ്ഥാപനത്തിന്റെ ഏക ഉത്തരവാദിത്തം എന്ന ലളിതവത്ക്കരണത്തിലാണ് നാമിപ്പോഴും നിൽക്കുന്നത്. ഈ ധാരണയെ പൊളിക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഇടപെടാൻ കഴിയുന്ന വിധത്തിലുള്ള ഉത്പാദന, വിപണന മേഖലകളിലേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കടക്കുകയും വേണം.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ തൃശ്ശൂർ പൂമംഗലത്ത് ഒത്തുകൂടിയ എൽ.ഡി.എഫ്. പ്രവർത്തകർ.

കൃഷി, ഊർജം, നിത്യജീവിതത്തിനു വേണ്ട സാമഗ്രികളുടെ നിർമാണം തുടങ്ങിയ മേഖലകളിൽ ഇത്തരം പദ്ധതികൾ ഉണ്ടാകണം. ഇതിനു വേണ്ടത് ഉൽപാദനത്തിന് മാത്രമല്ല ഉപഭോഗത്തിനു കൂടി തയ്യാറാകുന്ന ഒരു രാഷ്ട്രീയ ബോധമാണ്. ഉദാഹണത്തിന്, മലയാളി നിത്യം രണ്ടുനേരം ധൂർത്തടിച്ചു പതച്ചുകളയുന്ന സോപ്പിന്റെ കാര്യമെടുക്കാം. കേരളത്തിലെ ഒന്നിലേറെയുള്ള പഞ്ചായത്തുകളുടെ ഒരു കൂട്ടത്തിന് ഒരു സംയുക്ത പദ്ധതിയെന്ന നിലയിൽ സോപ്പ് നിർമ്മിക്കാം. അങ്ങനെ പ്രാദേശികമായി തൊഴിൽ നൽകുന്ന ഇത്തരം നിർമ്മാണശാലകളിൽ നിന്നുള സോപ്പ് ഉപയോഗിക്കാൻ ആ പ്രദേശത്തെ ജനം തയ്യാറാവുക എന്നതൊരു രാഷ്ട്രീയ തീരുമാനം കൂടിയാണ്. ഒപ്പം, ഈ യൂണിറ്റുകൾക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം സൗജന്യമായിത്തന്നെ ആദ്യഘട്ടത്തിൽ സർക്കാരിന് ഉറപ്പുവരുത്താനാകണം. ഗുണനിലവാരമുള്ള പല തരം സോപ്പുകൾ ഇത്തരം പഞ്ചായത്ത് സംഘങ്ങൾക്ക് ഉണ്ടാക്കാനാകും. അതിനുള്ള വിപണിയാകട്ടെ ഒരിക്കലും ആവശ്യക്കാരില്ലാതെ വരുന്ന ഒന്നല്ല താനും. എന്തിനാണ് മലയാളി കുളിക്കാൻ ഏതോ മുതലാളിമാർക്ക് കേരളത്തിന് പുറത്തേക്ക് പണം കൊടുക്കുന്നത് എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ ഉത്തരം ഒരു സമൂഹം എന്ന നിലയിൽ നാം പറഞ്ഞാൽ മാത്രം മതി.

ഇത്തരത്തിൽ നമ്മൾ നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്തവിധം ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ നിസാര സാങ്കേതികവിദ്യയുടെ ആവശ്യം മാത്രമുള്ളതാണ്. അത്തരം ഉൽപന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തുടങ്ങണം. ഇത്തരം സംരംഭങ്ങളുടെ ഉടമസ്ഥതയും അതിനാവശ്യമുള്ള മൂലധനത്തിന്റെ ഒരു ഭാഗം കണ്ടെത്തലും അത്തരം സംരഭങ്ങളിൽ പങ്കാളികളാകുന്ന ജനങ്ങളുടെ സഹകരണ സംഘങ്ങൾ വഴി കണ്ടെത്തണം. മറ്റൊരു പങ്ക് മൂലധനം പൊതുവായ്പകൾ വഴി ഉണ്ടാക്കാം. ഇത്തരത്തിലുള്ള സംരഭങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിപണി കണ്ടെത്തലും ഗുണമേന്മ ഉറപ്പാക്കലുമാണ്. ആദ്യത്തേതിന് ഒരു രാഷ്ട്രീയ തീരുമാനവും രണ്ടാമത്തേതിന് ഒരു സർക്കാർ ഉത്തരവാദിത്തവും ഉണ്ടാകേണ്ടതുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി കടന്നുചെല്ലേണ്ട ഒന്നാണ് സൗരോർജ വൈദ്യുതി ഉൽപാദനം. കേരളത്തിൽ ഇപ്പോൾ ഉണ്ടാക്കിയതും ഇനി ഉണ്ടാക്കാൻ പോകുന്നതുമായ വീടുകളിൽ അവയുടെ വിസ്തീർണവും നിർമ്മാണച്ചെലവും ഉടമയുടെ വരുമാനവും കണക്കിലെടുത്ത് അതിന് ആനുപാതികമായി സൗരോർജ്ജ ഫലകങ്ങൾ സ്ഥാപിക്കേണ്ടത് നിയമപരമായി ഉറപ്പാക്കണം. പഞ്ചായത്തീ രാജ് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാകണം ഇതിനുള്ള സബ്സിഡി അടക്കമുള്ളവ നൽകേണ്ടത്.

കാർഷിക മേഖലയിലും ഇതേ മാതൃകയിൽ ഉത്പാദന, വിപണന സംരഭങ്ങൾ ഉണ്ടാകണം. കൃഷി മാത്രമല്ല കാർഷികോൽപ്പന്ന വിപണിയും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനു പ്രാദേശിക സംഭരണ കേന്ദ്രങ്ങൾ, ശീതീകൃത സംഭരണ ശാലകൾ എന്നിവ തുടങ്ങണം. ഇത് കാർഷിക ഉൽപാദന, വിപണന സഹകരണ സംഘങ്ങളുമായി ചേർന്നുകൊണ്ട് ഒന്നിലേറെ പഞ്ചായത്തുകൾക്ക് കൂട്ടമായി ചെയ്യാം.

കേവലമായ സേവന ദാതാക്കളും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ പ്രാദേശികമായി കണ്ടെത്തുന്ന, അല്ലെങ്കിൽ ഏത് റോഡ് പണിയണം എന്ന് തീരുമാനിക്കുന്ന തരം വികേന്ദ്രീകൃത അധികാരങ്ങളിൽ നിന്ന് ഉത്പാദന, വിപണന മേഖലയിലെ വൈവിധ്യമാർന്ന ജനകീയ സംരഭങ്ങളിലേക്ക് കടന്നില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കേരളത്തിന് കേരളമായിരിക്കാനുള്ള രാഷ്ട്രീയ സമരത്തിൽ ഏറെയൊന്നും സംഭാവന ചെയ്യാൻ കഴിയില്ല.

ജനങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് വിലയുണ്ട്

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വിജയത്തെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയമായി മാറ്റേണ്ടത് കേരളമെന്ന ഭാഷാഭൂപ്രദേശവും അവിടുത്തെ സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങളും ആത്മാഭിമാനത്തോടെ ജീവിക്കാൻ വേണ്ടി നൽകിയ രാഷ്ട്രീയ തീരുമാനമായി ഈ തെരഞ്ഞെടുപ്പിനെ കാണുമ്പോഴാണ്. അത്തരത്തിൽ അതിനെ മുന്നോട്ട് കൊണ്ടുപോയില്ലെങ്കിൽ അമ്പരപ്പിക്കുന്ന വേഗത്തിൽ വലതുപക്ഷവത്കരണത്തിലേക്ക് ജനസമൂഹം എത്തിപ്പെടും എന്നതിന് യു.എസും ബ്രസീലും ഇന്ത്യയുമടക്കമുള്ള പുതുകാല വലതുപക്ഷ രാഷ്ട്രീയ മാറ്റങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അടുത്ത ദശാബ്ദങ്ങളിലൊന്നും കാണാത്ത വിധം ഇടതുപക്ഷം എന്ന ആശയം തന്നെ ആക്രമിക്കപ്പെട്ടപ്പോൾ, അതിന്റെ സംഘടനാ രൂപങ്ങളുടെ വലിയ പാളിച്ചകളെ തിരുത്താനുള്ള സന്നദ്ധതയ്ക്കായി വീണ്ടും മാറ്റിവെച്ചുകൊണ്ട്, വാർത്താമാധ്യമങ്ങളുടെ വിവരവിനിമയത്തിന് വലിയ സ്വാധീനമുള്ള ഈ നാട്ടിൽ, അതിനെയെല്ലാം പ്രതിരോധിച്ച് സാധ്യമായ വലിയൊരു രാഷ്ട്രീയ തീരുമാനമാണ് കേരളജനത എടുത്തത്. അതിനെ കേവലം കിറ്റിനുള്ള നന്ദിയായി ചുരുക്കുന്നവരെ ഗൗനിക്കേണ്ടതില്ല. പക്ഷെ ആ രാഷ്ട്രീയ തീരുമാനത്തെ, അതിന്റെ ഇടതുപക്ഷ സത്തയെ പ്രായോഗികമാക്കേണ്ട ഭാരിച്ച രാഷ്ട്രീയചുമതല കേരളത്തിലെ ഇടതുപക്ഷ കക്ഷികൾക്ക് മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയ സമൂഹത്തിനുകൂടിയുണ്ട്.

Comments