കോടിയേരിയും രാഷ്ട്രീയ ധാർമികതയും സി.പി.എം പ്രവർത്തകരുടെ പ്രതിസന്ധികളും

എൽ.ഡി.എഫിന് എന്തിന് വോട്ടു ചെയ്യണം എന്ന് ഒരു സി.പി.എം പ്രവർത്തകന് പറയാൻ നിരവധി കാരണങ്ങളുണ്ട്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പൊലീസ് എന്ന ഒരു കളങ്കമൊഴികെ. അത് മാറ്റിവെച്ചാൽ സാമാന്യം വൃത്തിയായി ഭരിച്ച സർക്കാറാണിത്. അത് പറഞ്ഞുകൊണ്ടുതന്നെ അവർക്ക് വോട്ടു ചോദിക്കാവുന്നതേയുള്ളൂ. പക്ഷേ, നിങ്ങളുടെ പാർട്ടി സെക്രട്ടറിയെന്താണ് ഇങ്ങനെ എന്ന ചോദ്യം വരുമ്പോൾ പാർട്ടി പ്രവർത്തകന് അത് ഡിഫന്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും. അത്തരം ചർച്ചകൾ ഒഴിവാക്കുന്നതിന് കോടിയേരി ബാലകൃഷ്ണൻ മാറിനിൽക്കുന്നത് നല്ലതാണ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. തുടർ ചികിത്സക്ക് അദ്ദേഹത്തിന് അവധി നൽകുകയാണെന്നാണ് മാധ്യമങ്ങൾ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന് അസുഖമുണ്ട്, അത് ഗുരുതരമാണ്, ചികിത്സവേണ്ട അസുഖമാണ് എന്ന കാര്യത്തിൽ തർക്കമില്ല. അവധിയായാലും അല്ലെങ്കിലും അദ്ദേഹം ഇപ്പോൾ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയല്ല എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രാഥമികവസ്തുത.

ഇതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ കാരണങ്ങളിലേക്ക് പോകുന്നില്ല. രാഷ്ട്രീയമായി അത് എത്ര പ്രതിഫലിക്കും എന്നതാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയെന്നു പറയുന്നത് വളരെ തിരക്കുള്ള, വളരെ കാര്യങ്ങൾ ഓർഗനൈസ് ചെയ്യേണ്ട ഒരു പദവിയാണ്. രണ്ടു തെരഞ്ഞെടുപ്പുകൾ അടുത്തടുത്ത് വരുന്നു, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ടും സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സംബന്ധിച്ചും അതിലുപരി ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചുപോലും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്. കാരണം, ഏകദേശം വിമോചന സമരകാലത്തുള്ളതുപോലെ ഒരു വിശാല ഐക്യമുന്നണി ഇടതുമുന്നണിക്കെതിരെ വരുന്നുണ്ട്.

അതിൽ സാധാരണ രാഷ്ട്രീയ എതിരാളികളായ യു.ഡി.എഫുണ്ട്, ബി.ജെ.പിയുണ്ട്. ഇതുവരെ കാണാതിരുന്നതുപോലെ മാധ്യമങ്ങളുടെ വലിയൊരു കൂട്ടുകെട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ ഏജൻസികൾ നേരിട്ട് രംഗത്തിറങ്ങി കളിക്കുന്നുമുണ്ട്. ഇതെല്ലാം ചേർന്ന വളഞ്ഞിട്ടുള്ള ആക്രമണം എന്നുതന്നെ പറയാവുന്ന തരത്തിൽ ഒരു വിശാല മുന്നണി ഇടതുമുന്നണിക്കെതിരെ രൂപപ്പെട്ടുവരുന്നുണ്ട്.

അത് രാഷ്ട്രീയമാണ് എന്ന് നമ്മൾ കണക്കാക്കിയാൽ മതി, അതിൽ തെറ്റുണ്ട് എന്ന് പറയുകയല്ല. ഭരിക്കുന്ന സർക്കാറിനെതിരെ ബാക്കി മനുഷ്യർക്കെല്ലാം ഒരുമിച്ചുവരാനുള്ള, തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഇതിനകത്ത് കാണേണ്ടത് ഓരോരുത്തരും അവരവരുടേതായ റോൾ ഭംഗിയായി നിർവഹിക്കുന്നുവെന്നുള്ളതാണ്. അതിലുപരി കേന്ദ്രഏജൻസികളും കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ഏകോപനം ഗംഭീരമായി പോകുന്നതുപോലെ എനിക്കു തോന്നുന്നു. അതിലേക്ക് രണ്ടാമത് വരാം.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും

ഇത്തരമൊരു സാഹചര്യത്തിൽ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി, മുഴുവൻ സമയവും പാർട്ടി പ്രവർത്തനത്തിന് മാറ്റിവെയ്ക്കാൻ കഴിയുന്ന ഒരാളായിരിക്കുകയെന്നത് അനിവാര്യമാണ്. അതിന് കോടിയേരി ബാലകൃഷ്ണൻ മാറിനിന്ന് മുഴുവൻ സമയവും ചുമതല വഹിക്കാൻ കഴിയുന്ന ഒരാൾ വരികയെന്നത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. അതുകൊണ്ടുതന്നെ, അത് സ്വാഗതാർഹമാണ്.

മകനുമേലുള്ള അച്ഛന്റെ ഉത്തരവാദിത്തം

രണ്ടാമത്തെ കാര്യം കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട കേസാണ്. മകൻ ചെയ്യുന്ന കാര്യങ്ങൾക്ക് അച്ഛൻ ഉത്തരവാദിത്തം വഹിക്കേണ്ടതില്ല എന്നാണ്​ സി.പി.എമ്മിന്റെ സ്ഥിരം വ്യാഖ്യാനം. അത് പരിമിതമായ രീതിയിൽ വേണമെങ്കിൽ അംഗീകരിക്കാം. കാരണം മുതിർന്ന മനുഷ്യർക്കുമേൽ മാതാപിതാക്കൾക്ക് വളരെ ചുരുക്കം രീതിയിലേ നിയന്ത്രണം ഉണ്ടാവാൻ സാധ്യതയുള്ളൂ. ജ്യോതി ബസുവിന്റെ മകൻ ചന്ദൻ ബസു ബിസിനസ് നടത്തിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹവുമായി ഒരു ബന്ധവുമില്ല, ബിസിനസ് വേറെയാണ് എന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

പക്ഷേ എനിക്ക് ആ വാദം മുഴുവനായി വിശ്വസിക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ട്. മക്കളുടെ എല്ലാ കാര്യത്തിലുമെന്നല്ല, അവരുടെ ബേസിക്കായ ചില കാര്യങ്ങളിൽ മാതാപിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. ഉത്തരവാദിത്തമുണ്ടായേ പറ്റൂ.

നമ്മൾ ചെയ്യുന്നതിനെല്ലാം മാതാപിതാക്കൾ ഉത്തരവാദികളാണോ, നമ്മളുടെ മക്കൾ ചെയ്യുന്നതിനെല്ലാം നമ്മൾ ഉത്തരവാദികളാണോ എന്ന് ചോദിച്ചാൽ അതിന്റെ പ്രശ്നം വരുന്നത്, കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചും അതിലെ അംഗങ്ങൾ പുലർത്തേണ്ട മര്യാദകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള കേഡർ പാർട്ടിയാണ് സി.പി.എം എന്നതാണ്. അങ്ങനെ വരുമ്പോൾ സി.പി.എം സെക്രട്ടറിയായ ഒരാൾക്ക് പാർട്ടി അംഗങ്ങളുടെ മേലുള്ളത് സൈദ്ധാന്തികമായ, തത്വശാസ്ത്രപരമായ, പാർട്ടി നിലവാരത്തിൽ മാത്രമുള്ള ഒരു ധാർമികാധികാരം മാത്രമല്ല. അതിനപ്പുറത്തേക്ക് അവരുടെ ജീവിതങ്ങളെക്കൂടി നിയന്ത്രിക്കാൻ- നിയന്ത്രിക്കാൻ എന്നു പറഞ്ഞാൽ ഡേ റ്റുഡേ കാര്യങ്ങൾ നിയന്ത്രിക്കുകയെന്നതല്ല ഉദ്ദേശിക്കുന്നത്- പൊതുമണ്ഡലത്തിൽ അവരുടെ പ്രവർത്തനം എങ്ങനെയായിരിക്കണം, സ്വകാര്യ ജീവിതത്തിൽ അവർ പുലർത്തേണ്ട അടിസ്ഥാനപരമായ ബാധ്യതകൾ, ധാർമികതകൾ എന്തായിരിക്കണം എന്നുകൂടി പറയുന്ന പാർട്ടിയാണ് സി.പി.എം.

ഒരു അംഗം മദ്യപിക്കാൻ പാടില്ല എന്ന് പറയുന്ന പാർട്ടിയാണ് സി.പി.എം. അതുപോലെ സാമൂഹ്യമായ പെരുമാറ്റചട്ടങ്ങളുള്ള പാർട്ടിയാണ്. ആ പാർട്ടിയിലെ അംഗങ്ങളെല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടിരിക്കുന്ന, പൊതുവായി ഷെയർ ചെയ്യുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന കുറേയേറെ കാര്യങ്ങളുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി അതിന്റെയൊക്കെ തലപ്പത്തിരിക്കുന്നയാളാണ്. അപ്പോൾ അദ്ദേഹത്തിന് സ്വന്തം പാർട്ടിക്കാരോട് നമ്മൾ അങ്ങനെയല്ല ചെയ്യേണ്ടതെന്ന് പറയാൻ പറ്റണം. അങ്ങനെ വരുമ്പോൾ പാർട്ടി സെക്രട്ടറിക്കൊരു ധാർമിക അധികാരമുണ്ടായിരിക്കണം.

പാർട്ടിയുടെ ധാർമിക അധികാരത്തെക്കുറിച്ച്

ബിനീഷ് കോടിയേരിയുടെ കേസിൽ അവസാനം എന്തെങ്കിലും കണ്ടുപിടിക്കുമെന്ന ഒരു ധാരണയും എനിക്കില്ല. കാരണം അദ്ദേഹത്തിന്റെ പേരിൽ കേസന്വേഷിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇന്നുവരെ പത്രവാർത്തകളല്ലാതെ ഏതെങ്കിലും തരത്തിൽ ഇൻക്രിമിനേറ്റിങ്ങായിട്ടുള്ള സാധനം കിട്ടിയതായി സോളിഡായ ഒരു പ്രൂഫും ഇതുവരെ കണ്ടിട്ടില്ല.

ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് വ്യാപാരമാണെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം അതിന് പണംമുടക്കുകയോ അതിൽ നിന്ന് പണം സമ്പാദിക്കുകയോ അതുവെച്ച് വേറെന്തെങ്കിലും ബിസിനസ് ചെയ്യുകയോ പണം ഒളിപ്പിക്കുകയോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കീഴിൽവരുന്ന ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായോ ഇന്നുവരെ നമ്മുടെ മുമ്പിൽ സോളിഡായ തെളിവില്ല.

പക്ഷേ, സി.പി.എം പ്രവർത്തിക്കുന്നത് ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിലാണ്. അതിൽ അദ്ദേഹത്തിന്റെ മകനെതിരെ വരുന്ന ആരോപണങ്ങൾ ഏതുരൂപത്തിലും വരുന്ന സാഹചര്യം നാട്ടിലുണ്ട്.

എൽ.ഡി.എഫിന് എന്തിന് വോട്ടു ചെയ്യണം എന്ന് ഒരു സി.പി.എം പ്രവർത്തകന്, എൽ.ഡി.എഫ് പ്രവർത്തകന്, സാധാരണക്കാരനായ ഒരു പാർട്ടിക്കാരന് പറയാൻ നിരവധി കാരണങ്ങളുണ്ട്. സർക്കാറിന്റെ പെർഫോമെൻസ് പറയാം, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയാം, പാർട്ടി നിലപാട് പറയാം, പെൻഷൻ കൊടുത്തതിനെക്കുറിച്ചു പറയാം. താരതമ്യേന ബെറ്ററായി ഭരണം നടത്തിയ ഒരു സർക്കാറാണിത്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പൊലീസ് എന്ന ഒരു കളങ്കമൊഴികെ. അത് മാറ്റിവെച്ചാൽ സാമാന്യം വൃത്തിയായി ഭരിച്ച സർക്കാറാണിത്. അത് പറഞ്ഞുകൊണ്ടുതന്നെ അവർക്ക് വോട്ടു ചോദിക്കാവുന്നതേയുള്ളൂ.

പക്ഷേ, നിങ്ങളുടെ പാർട്ടി സെക്രട്ടറിയെന്താണ് ഇങ്ങനെ എന്ന ചോദ്യം വരുമ്പോൾ പാർട്ടി പ്രവർത്തകന് അത് ഡിഫന്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും. എന്നുവെച്ചാൽ ചർച്ച അതിലേക്ക് പോകും. സർക്കാറിനെക്കുറിച്ചും പാർട്ടിയെക്കുറിച്ചും മനുഷ്യർക്ക് വിമർശനങ്ങളുണ്ടാവും. പാർട്ടിക്കാരന് അതിന് മറുപടി പറയാം. അത് ജനാധിപത്യത്തിന്റെ പ്രോസസാണ്.

ഒരു പാർട്ടി പ്രവർത്തകനോട് അവരുടെ പാർട്ടി നിലപാടുകളെക്കുറിച്ചും നയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ നാട്ടുകാർ ചോദ്യം ചോദിക്കും. പ്രവർത്തകർ മറുപടി പറയണം. അത് നമ്മുടെ നാട്ടിലെ അടിസ്ഥാനപരമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. പക്ഷേ ആ ചോദ്യം പാർട്ടി സെക്രട്ടറിയുടെ മകന്റെ കാര്യത്തിലേക്ക് ആകുകയും അത് പാർട്ടിയുടെ ധാർമിക അധികാരത്തിലേക്കുമാകുമ്പോൾ അത് അനാവശ്യമായ ഒരു ചർച്ചയായി മാറും. അതല്ല നമ്മൾ ചർച്ച ചെയ്യേണ്ടത് എന്നതാണ് പ്രാഥമികമായ കാര്യം. അങ്ങനെ വരുമ്പോൾ അത്തരം ചർച്ചകൾ ഒഴിവാക്കുന്നതിന് കോടിയേരി ബാലകൃഷ്ണൻ അവിടെ നിന്ന് മാറിനിൽക്കുന്നത് നന്നായിരിക്കും.

പാർട്ടിക്ക് വേറെ വഴിയില്ല

ഈ തീരുമാനത്തിന്റെ ഫോളൗട്ട് എന്നുപറയുന്നത്​, കുറച്ചുകൂടി മെച്ചമായി രാഷ്ട്രീയ കാലാവസ്ഥയെ അഭിമുഖീകരിക്കാൻ ഈ പ്രവർത്തനം സി.പി.എം പ്രവർത്തകരെ സഹായിക്കും എന്നതാണ്. മുന്നോട്ടേക്ക് പോകുമ്പോൾ ഇനിയും എൽ.ഡി.എഫ് ഏറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന, ഇന്നുവരെ അടിസ്ഥാനമുണ്ട് എന്ന് ഒരു മനുഷ്യന് ബോധ്യമാകാത്ത കഥകളും കെട്ടുകഥകളും ഇല്ലാക്കഥകളുമൊക്കെയായിട്ട് അന്തരീക്ഷം നിറഞ്ഞുനിൽപ്പുണ്ട്. സർക്കാർ നേരിട്ട് പങ്കാളികളല്ലയെന്നൊക്കെ പറഞ്ഞ് സർക്കാറിന് പിടിച്ചുനിൽക്കാൻ പറ്റുമെങ്കിലും പാർട്ടി സെക്രട്ടറിയുടെ മകൻ ഏതെങ്കിലുമൊരു കേസിലുണ്ട് എന്നു പറയുന്നത് ഡിഫൻസീവായിപ്പോകും. അനാവശ്യമായ ഒരു ഡിഫൻസിലേക്ക് പാർട്ടി പോകുന്ന അവസ്ഥയുണ്ടാവും. ആ അവസ്ഥയിൽ നിന്ന് സി.പി.എം പ്രവർത്തകർക്ക് രക്ഷപ്പെടാൻ പറ്റും എന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു ഫോളൗട്ട്. അത് സി.പി.എമ്മിനെ സഹായിക്കുമെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

എ വിജയരാഘവൻ

80 തുടങ്ങിയുള്ള തെരഞ്ഞെടുപ്പുകളെക്കുറിച്ച് എനിക്ക് ഓർമയുണ്ട്. ഇന്ത്യയിലെയും ലോകത്തിലെയും തെരഞ്ഞെടുപ്പുകളൊക്കെ മാറി. രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിൽ നിന്ന് മാറി ഉപരിപ്ലവമായ കാര്യങ്ങൾ എടുത്ത് അതിനകത്ത് ഏറ്റവും ജ്യൂസിയായ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം എത്തിപ്പെട്ടിട്ടുണ്ട്. അതിൽ, നമ്മുടെ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

അതായത്, സബ്സ്റ്റാൻസീവായ, മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയം സീരിയസായി ചർച്ച ചെയ്യാത്ത ഒരു സമൂഹമായി നമ്മൾ മാറി. അതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾക്ക്, ഇടതുപക്ഷ പാർട്ടികൾക്ക് അവരുടെ പൊളിറ്റിക്സിനെ ഡിഫന്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. വളരെ എളുപ്പം സി.പി.എമ്മിനെ ഡിഫൻസീവാക്കി മാറ്റാൻ കഴിയും.

കാരണം, കേരളത്തിൽ കോവിഡ് വരാൻ തുടങ്ങിയപ്പോൾ നമ്മൾ പറഞ്ഞുതുടങ്ങിയത്, ഒരാളെപ്പോലും മരണത്തിനു വിട്ടുകൊടുക്കില്ല, എല്ലാവരെയും സംരക്ഷിക്കും എന്നാണ്. എല്ലാവരെയും സംരക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും സർക്കാർ നടത്തി. ഒരു ഘട്ടത്തിൽ അത് കൈവിട്ടുപോയി. അപ്പോൾ അത്രയുംകാലം ചെയ്ത വലിയ പ്രവർത്തനങ്ങളൊക്കെ ഇല്ലാതാവുകയും ഒരാൾ പോലും മരിച്ചാൽ അത് സർക്കാറിന്റെ പിടിപ്പുകേടായി മാറുകയും ചെയ്യുന്നു. അതേസമയം കേന്ദ്ര സർക്കാറിനെ നോക്കൂ, ആദ്യം തൊട്ടേ പ്രത്യേകിച്ച് ഒരു പ്ലാനുമില്ല. എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അത് പോസിറ്റീവാകുകയും ചെയ്യണം. ഇങ്ങനെ വിചിത്രമായ അന്തരീക്ഷത്തിലാണ് നമ്മുടെ രാഷ്ട്രീയം എത്തിനിൽക്കുന്നത്.

എന്നുപറഞ്ഞാൽ സബ്സ്റ്റാന്റീവായ ഒരു കാര്യം പറയാൻ പറ്റാത്ത, വിശദീകരിക്കാൻ പറ്റാത്ത, അത് വിശദീകരിച്ചാൽ കേൾക്കാൻ ആളില്ലാത്ത അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. ഏറ്റവും ജ്യൂസിയായ കാര്യങ്ങളിലാണ് ആൾക്കാർക്ക് താൽപര്യം. അനാവശ്യമായി സർക്കാറിനെ വളരെ പെട്ടെന്ന് ഡിഫൻസീവാക്കാൻ കഴിയുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയല്ലാതെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേറെ വഴിയില്ല. അത്തരമൊരു തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം വന്നത് എന്നു വിശ്വസിക്കാനാണ് എനിക്ക് എളുപ്പം.

Comments