ഇന്ത്യയിൽ ദലിത് സമുദായത്തിൽനിന്ന് കൂടുതലായി മതപരിവർത്തനം നടത്തുന്നത് ജാതി പീഡനങ്ങളിൽനിന്ന് രക്ഷ തേടിയാണ് എന്നത് വസ്തുതയാണ്. അതൊരു സാമൂഹിക വിപ്ലവം കൂടിയാണ്. അതിനാലാണ് കോടിക്കണക്കിന് ദലിതർ മുസ്‌ലിം- ക്രൈസ്തവ മതങ്ങളിലേക്ക് പരിവർത്തനം ചെയ്തത്. മാത്രമല്ല, ഹൈന്ദവ വേദപ്രമാണങ്ങളിൽ പറയുന്നതുപോലെ, മനുഷ്യർ തമ്മിലുള്ള തരംതിരിക്കലുകൾ മേൽപ്പറഞ്ഞ സെമറ്റിക് മതങ്ങളുടെ പ്രമാണഗ്രന്ഥങ്ങളിൽ ഇല്ല. കുറഞ്ഞപക്ഷം ദൈവത്തിന്റെ മുമ്പിലെങ്കിലും മനുഷ്യർ സമത്വമുള്ളവരാണെന്ന് ഈ മതപ്രമാണങ്ങൾ ആദർശപരമായി ഉൾക്കൊള്ളുന്നുണ്ട്. ഇത്തരം വിമോചനകരമായ ആദർശങ്ങളാൽ പ്രചോദിതരായിട്ടാണ് ദലിതർ മതപരിവർത്തനം നടത്തിയത്.
എന്നാൽ, ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിതരെ ഉൾക്കൊള്ളാൻ ആദ്യകാല മിഷനറിമാർ മുതൽ പിൽക്കാല സഭാധികാരികൾ വരെ വിസമ്മതിച്ചു. ബ്രാഹ്മണരിൽനിന്നും ഉയർന്ന സവർണരിൽനിന്നും തോമാശ്ലീഹ നേരിട്ട് മതം മാറ്റിയവരുടെ പിൻമുറക്കാരാണ് തങ്ങളെന്ന വംശീയ മനോഭാവമാണ് ഇതിന് കാരണം. മാത്രമല്ല, ദലിത് ക്രൈസ്‌വതരെ സഭയിലേക്ക് ഉൾക്കൊള്ളിച്ചാൽ തങ്ങളുടെ വംശീയമേന്മ തകരുമെന്നും സഭയുടെ കൈവശമുള്ള ഭീമമായ സമ്പത്തും സവിശേഷമായ അവകാശങ്ങളും ദലിത് ക്രൈസ്തവർക്കുകൂടി പങ്കിടേണ്ടിവരുമെന്നതും കൊണ്ടുകൂടിയാണ് ഈ വിലക്ക് നിലനിർത്തിയത്.
ഇതിനെതിരെ നവോത്ഥാന കാലത്തുതന്നെ പാമ്പാടി ജോൺ ജോസഫിന്റെയും മറ്റു പല സുപ്രധാന വ്യക്തികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ സമരം നടന്നിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഈ സമരം മുന്നോട്ടുനയിച്ചത് വി.ഡി. ജോണിന്റെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ദലിത് ക്രൈസ്തവർക്ക് ഇപ്പോൾ ലഭിക്കുന്ന ഒ.ഇ.സി അവകാശങ്ങൾ ലഭ്യമായത്. പിന്നീട് വിജയപുരം രൂപത കേന്ദ്രീകരിച്ചും കുറവിലങ്ങാട്ടെ പ്രത്യേക സെമിത്തേരിക്ക് എതിരായും ദലിത് ക്രൈസ്തവരിൽനിന്ന് ശക്തമായ സമരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി പറപ്പള്ളികൾ, പുലപ്പള്ളികൾ പോലുള്ള ഏർപ്പാടുകളും പ്രത്യേക സെമിത്തേരികളും ഒഴിവാക്കാൻ സഭാ നേതൃത്വം നിർബന്ധിതമായി. എങ്കിലും ക്രൈസ്തവ സഭകളിലെ ജാതിവിവേചനം തുടരുകതന്നെയാണ്.
പാർലമെന്റിലും നിയമസഭകളിലും ദലിത് ക്രൈസ്തവർക്കും ദലിത് മുസ്‌ലിംകൾക്കും സംവരണത്തിലൂടെയുള്ള പ്രാതിനിധ്യമുണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഭരണഘടയുടെ 25, 26 വകുപ്പുകൾ പ്രകാരം ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളിലെ ദലിതരെ മാത്രമേ ഇത്തരം അവകാശങ്ങളുള്ളവരായി പരിഗണിക്കുന്നുള്ളൂ. 1950 ലെ ഒരു എക്‌സിക്യൂട്ടീവ് ഓർഡറിലൂടെയാണ് ദലിത് ക്രൈസ്തവരുടെ സംവരണം നഷ്ടപ്പെടുത്തിയത് എന്ന് പറയാമെങ്കിലും ആ ഉത്തരവിനാധാരമായ ഭരണഘടനയുടെ വ്യവസ്ഥ നിലനിൽക്കുന്നു എന്നതാണ് പ്രശ്‌നം. ഇതിനർഥം, ദലിത് ക്രൈസ്തവർക്കും ദലിത് മുസ്‌ലിംകൾക്കും പാർലമെന്റിലും നിയമസഭകളിലും സംവരണത്തിലൂടെ പ്രാതിനിധ്യം ലഭിക്കാൻ ഭരണഘടനാ ഭേദഗതി ചെയ്യേണ്ടിവരുമെന്നു തന്നെയാണ്.
ഇപ്പോഴുള്ള അവസ്ഥയിൽ ഭരണഘടനാഭേദഗതിക്ക് സാധ്യത ഒട്ടുതന്നെയില്ല. പാർലമെന്റിൽ ഇപ്പോൾ 140 ദലിത് എം.പിമാരാണുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും ഹിന്ദു പട്ടികജാതിവിഭാഗങ്ങളിൽ പെട്ടവരാണ്. ഇവർ ഇത്തരമൊരു നീക്കത്തിന് സമ്മതിക്കുമെന്ന് കരുതുന്നതിൽ അർഥമില്ല. മാത്രമല്ല, ഇന്ത്യയിലെ മുഖ്യാധാരാ കക്ഷികൾ- ബി.ജെ.പി മുതൽ ഇടതുപക്ഷം വരെയുള്ള എല്ലാവരും- ഹിന്ദു ഭൂരിപക്ഷത്തിന്റെ മനോഭാവവും അഭിപ്രായവും അനുസരിച്ചാണ് നിലപാട് എടുക്കാറ്. ഇവരിൽ ചില കക്ഷികൾ ഭംഗിവാക്ക് എന്ന നിലയിൽ സെമറ്റിക് മതങ്ങളിലെ ദലിതർക്ക് സംവരണം കൊടുക്കണമെന്ന് പറയുമെങ്കിലും പ്രായോഗിക തലത്തിൽ ഹിന്ദു ഭൂരിപക്ഷ പൊതുബോധത്തിനനുസരിച്ചേ പ്രവർത്തിക്കുകയുള്ളൂ.
ഈ അവസ്ഥയിൽ, ദലിത് ക്രൈസ്തവരെയും ദലിത് മുസ്‌ലിംകളെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന വാദം മുന്നോട്ടുവച്ചാൽ ഈ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത കൂടുമെന്നതല്ലാതെ ഫലമുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് അവർക്ക് പ്രത്യേക ലിസ്റ്റ് വേണം എന്ന അഭിപ്രായം 1990 കളിലെ ദലിത് പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ചത്. ഈ വാദവും നടപ്പിലാക്കാൻ സംവരണ പരിധി ഉയർത്തേണ്ടിവരും.
ഇപ്രകാരം സങ്കീർണമായ സ്ഥിതിയിലാണ് മതം മാറിയ ദലിതരുടെ സംവരണ പ്രശ്‌നം നിലനിൽക്കുന്നത്. പ്രായോഗികമായി തോന്നുന്നത്, ദലിത് ക്രൈസ്തവർ കൂടുതലായുള്ള കേരള കോൺഗ്രസ്, കോൺഗ്രസ്, മാർക്‌സിസ്റ്റ് പാർട്ടി മുതലായ കക്ഷികൾ അവരുടെ സ്ഥാനാർഥി പട്ടികയിൽ മതപരിവർത്തിത ദലിതർക്ക് അർഹമായ പങ്കാളിത്തം കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭരണകൂട നിലപാടിൽ മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ്. മാത്രമല്ല, കേരളത്തിൽ നിലനിൽക്കുന്നതുപോലുള്ള ഒ.ഇ.സി സംവരണം ഭരണതലങ്ങളിലേക്കുകൂടി വിപുലീകരിക്കാൻ സംസ്ഥാനങ്ങൾക്ക് ശ്രമിക്കാവുന്നതാണ്.
ഇസ്‌ലാമിന്റെ കാര്യത്തിൽ ദലിത് ക്രൈസ്തവരുടേതുപോലുള്ള ഗുരുതര ജാതി വിവേചനം നിലനിൽക്കുന്നില്ല. ആ മതം ദലിതരെ വളരെയധികം ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക പള്ളികളോ ഖബറിടങ്ങളോ ദലിതരെ ഒഴിവാക്കി പള്ളി കമ്മിറ്റികളോ ആ മതത്തിലുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. എന്നാൽ, ആ മതത്തിൽ വരേണ്യരും അല്ലാത്തവരും തമ്മിലുള്ള വിവേചനം നിലനിൽക്കുന്നുണ്ട്. ഇതിൽ കുറെയൊക്കെ ജാതിപ്രശ്‌നങ്ങൾ കാണാമെങ്കിലും പൂർണമായി ജാതിവേർതിരിവാണ് എന്ന് പറയാൻ പറ്റില്ല. അതേസമയം, ഉത്തരേന്തയിലെ മുസ്‌ലിംകളിൽ പ്രത്യക്ഷമായി ജാതിവിവേചനം നിലനിൽക്കുന്നതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായാലും ദലിത് ക്രൈസ്തവർക്കും ദലിത് മുസ്‌ലിംകൾക്കും സംവരണ അവകാശം ലഭിക്കേണ്ടതാണ്. ശക്തമായ ഹൈന്ദവ പൊതുബോധമാണ് അതിന് തടസം നിൽക്കുന്നത്. ഇത് പരിഹരിക്കാൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഭരണസംവിധാനവുമാണ് മുന്നോട്ടുവരേണ്ടത്.
ദേവികുളം എം.എൽ.എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ കോടതിവിധി ഹൈക്കോടതി പത്തുദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ടല്ലോ. ഈ വിധി സുപ്രീംകോടതി റദ്ദ് ചെയ്യാനാണ് സാധ്യത. അദ്ദേഹം റീ കൺവെർഷൻ നടത്തിയ ആളാണെന്നാണ് അറിവ്. സമാന വിധികൾ കൊടിക്കുന്നിൽ സുരേഷിന്റെയും പി.കെ. ബിജുവിന്റെയും കാര്യത്തിലുണ്ടായെങ്കിലും പിന്നീട് അവ റദ്ദാവുകയാണല്ലോ ഉണ്ടായത്.