കെ. സുധാകരൻ മനസിലാക്കേണ്ട ഒരു കാര്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ജാത്യാധിക്ഷേപം വിവാദവും ചർച്ചയുമാകുകയും പ്രതിഷേധമുയരുകയും ചെയ്തിട്ടും, പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ. മാത്രമല്ല, തുടക്കത്തിൽ സുധാകരനെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാക്കൾ പിൻവാങ്ങുകയും വിമർശനം ഉന്നയിച്ച ഷാനിമോൾ ഉസ്മാനെക്കൊണ്ട് ക്ഷമ ചോദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ഡോ.ബി.ആർ. അംബേദ്കർ ചെയർമാനായ ഭരണഘടനാ അസംബ്ലിയിൽ നടന്ന വാദപ്രതിവാദങ്ങൾ കോൺഗ്രസ് നേതാക്കൾ വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് ലേഖകൻ

നാധിപത്യം എന്നത് അടിസ്ഥാനപരമായി സഹജീവികളോടുള്ള ബഹുമാനവും ആദരവുമാണെന്ന് പറഞ്ഞത് ഡോ. ബി. ആർ. അംബേദ്കർ ആണ്. ജനാധിപത്യത്തിന് ഇത്തരം ഒരു വിശാല വ്യാഖ്യാനം നൽകുന്ന വേളയിൽ, വരും തലമുറയിലെ തന്റെ പിൻഗാമികളായ പാർലമെന്റ് അംഗങ്ങൾ ജാതിവെറി പൂണ്ട കാപട്യക്കാർ ആയി അധഃപതിക്കുമെന്ന് അംബേദ്കർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണ പ്രക്രിയക്കായി അംബേദ്കർ ചെയർമാനായ ഭരണഘടനാ അസംബ്ലി ആദ്യമായി പാർലമെന്റിൽ ചേരുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റേറിയനുമായ കെ. സുധാകരൻ ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.

കോൺഗ്രസ് നേതാക്കൾ സമത്വത്തെക്കുറിച്ച് വാചാലരാവാൻ ഭരണഘടന വായിക്കാൻ എടുക്കുന്നതിന് മുമ്പ്, ഭരണഘടനാ അസംബ്ലിയിൽ നടന്ന വാദപ്രതിവാദങ്ങൾ വായിച്ചു മനസ്സിലാക്കിയാൽ നന്നായിരിക്കും. നമ്മെ ഭരിക്കുന്ന ചരിത്രപരമായ മുൻധാരണകളിൽ നിന്ന് മനസ്സിനെ ഉപനിവേശ മുക്തമാക്കുകയും, ശുചീകരിക്കുകയും, തുരത്തുകയും ചെയ്തില്ലെങ്കിൽ സാമൂഹിക യാഥാർഥ്യത്തിന്റെ ഘടന എന്ന നിലയിൽ ജാതീയത എക്കാലവും നിലനിൽക്കും എന്ന് അംബേദ്കർ താക്കീത് ചെയ്തിട്ടുണ്ട്.

താൻ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടു, അല്ലെങ്കിൽ, താൻ പറഞ്ഞതിനെ വിശാലാർത്ഥത്തിൽ കാണണമായിരുന്നു എന്നു തുടങ്ങുന്ന ന്യായീകരണങ്ങളുമായി സുധാകരൻ വീണ്ടും വരുമോയെന്ന് ഞാൻ അത്ഭുതപ്പെടുന്നു. രണ്ടു വർഷം മുമ്പ് സമാനമായൊരു സംഭവം ഉണ്ടായപ്പോൾ മാപ്പു പറഞ്ഞെങ്കിലും, അതിനെ പിൻതുടർന്ന് ന്യായീകരണങ്ങളും വന്നിരുന്നു.

ഒ.ബി.സി വിഭാഗത്തിന്റെ ക്ഷേമ സമിതിയിൽ ഉത്തരവാദിത്തങ്ങളുള്ള പാർലമെന്റേറിയൻ എന്ന നിലയ്ക്ക് ജാതി അധിക്ഷേപത്തിന്റെയും, മുൻവിധികളുടെയും സൂക്ഷമഭേദങ്ങൾ സുധാകരൻ കൂടുതൽ ഗൗരവമായി മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ, അത് പ്രധാനമന്ത്രിക്കെതിരാവട്ടെ, മുഖ്യമന്ത്രിക്കെതിരാവട്ടെ, അതുമല്ലെങ്കിൽ സാധാരണ പൗരനെതിരാവട്ടെ, അത് നമ്മുടെ ഭരണഘടനാ മര്യാദകളോടും പ്രമാണങ്ങളോടുമുള്ള വെല്ലുവിളിയാണ്.

Comments