കൊച്ചിയുടെ രാത്രിയെ പൊലീസ് പൂട്ടിയിടരുത്

“കൊച്ചിയിലെ മറൈൻഡ്രൈവിൽ രാത്രി കാലത്ത് മനുഷ്യരെ നിരോധിച്ച് കേരളസർക്കാരും അക്കൂട്ടത്തിൽ കൂടരുത്. കൊച്ചിയുടെ ലോകം അനന്തതയിലേക്ക് തുറക്കുന്നത് മറൈൻഡ്രൈവിൽ തുടങ്ങുന്ന കായൽ വഴി കടലിലൂടെയാണ്. രാക്കാലത്ത് ആ വാതിൽ അടയ്ക്കരുത്.”

ഒരു സമൂഹത്തിൽ, വ്യക്തി സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചു കൊണ്ടുള്ള എന്ത് തരം നിയമ നടപടികളും സമൂഹത്തെ കൂടുതൽ സങ്കീർണതകളിലേക്ക് മാത്രമേ കൊണ്ടുപോകുകയുള്ളൂ. പൊതുഇടങ്ങളിൽ മനുഷ്യർ സ്വതന്ത്രമായി ഇടപഴകുന്നതിനെ സ്ത്രീ സുരക്ഷ, മയക്കുമരുന്ന് എന്നീ പേരുകൾ പറഞ്ഞ് അടിച്ചമർത്തുക മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാത്ത എല്ലാ ഭരണകൂടങ്ങളും ചെയ്യും. അത് അഫ്ഗാനിസ്ഥാനിൽ ആയാലും റഷ്യയിൽ ആയാലും ചൈനയിൽ ആയാലും ഇറാനിൽ ആയാലും. കൊച്ചിയിലെ മറൈൻഡ്രൈവിൽ രാത്രി കാലത്ത് മനുഷ്യരെ നിരോധിച്ച് കേരളസർക്കാരും അക്കൂട്ടത്തിൽ കൂടരുത്. കൊച്ചിയുടെ ലോകം അനന്തതയിലേക്ക് തുറക്കുന്നത് മറൈൻഡ്രൈവിൽ തുടങ്ങുന്ന കായൽ വഴി കടലിലൂടെയാണ്. രാക്കാലത്ത് ആ വാതിൽ അടയ്ക്കരുത്.

ഭരണകൂടം മനുഷ്യന്റെ സ്വകാര്യജീവിതത്തിൽ നിന്ന് കഴിയുന്നത്ര- അക്രമം നടക്കാത്തിടത്തോളം- ഇടപെടാതിരിക്കുകയാണ് വേണ്ടത്. ആര് ആരെ എവിടെ വച്ച് ഉമ്മ വയ്ക്കുന്നു എന്നത് ഭരണകൂടം അന്വേഷിക്കേണ്ട കാര്യമല്ല. ആരെങ്കിലും ആരോടെങ്കിലും എന്തെങ്കിലും ബലപ്രയോഗത്തിലൂടെ ചെയ്യുന്നു എങ്കിലേ സർക്കാരിനും പോലീസിനും കോടതിക്കും രംഗപ്രവേശം ചെയ്യാൻ അധികാരമുള്ളൂ. മനുഷ്യന്റെ കിടപ്പറകളിൽ നിന്നും പൊലിസ് പുറത്തിറങ്ങണം.

ഭരണകൂടം മനുഷ്യന്റെ സ്വകാര്യജീവിതത്തിൽ നിന്ന് കഴിയുന്നത്ര- അക്രമം നടക്കാത്തിടത്തോളം-  ഇടപെടാതിരിക്കുകയാണ് വേണ്ടത്. ആര് ആരെ എവിടെ വച്ച് ഉമ്മ വയ്ക്കുന്നു എന്നത് ഭരണകൂടം അന്വേഷിക്കേണ്ട കാര്യമല്ല.
ഭരണകൂടം മനുഷ്യന്റെ സ്വകാര്യജീവിതത്തിൽ നിന്ന് കഴിയുന്നത്ര- അക്രമം നടക്കാത്തിടത്തോളം- ഇടപെടാതിരിക്കുകയാണ് വേണ്ടത്. ആര് ആരെ എവിടെ വച്ച് ഉമ്മ വയ്ക്കുന്നു എന്നത് ഭരണകൂടം അന്വേഷിക്കേണ്ട കാര്യമല്ല.

നഗരത്തിന്റെ നടുവിലുള്ള മറൈൻ ഡ്രൈവ് പോലെയുള്ള, പൊതു ഇടങ്ങളിൽ, പ്രവേശന സമയത്തിൽ നിയന്ത്രണങ്ങൾ വരുത്തിയാൽ, സ്വാഭാവികമായും, അവിടെയെത്തുന്നവർ, അത്രയേറെ ശ്രദ്ധയിൽപ്പെടാത്ത, സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാത്ത, മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോവാനാണ് സാധ്യത. അത് ക്രൈം വർദ്ധിപ്പിക്കുവാൻ മാത്രമേ, അല്ലെങ്കിൽ നിയമ സംവിധാനത്തിന്റെ ശ്രദ്ധ ലഭിക്കാതിരിക്കാൻ മാത്രമേ ഉപകരിക്കൂ.

കൊച്ചി ഇന്ന് കേരളത്തിലെ യുവതലമുയുടെ നഗരമാണ്. നമ്മുടെ ആഗോളനഗരം. ഇവിടെ വന്നു പാർക്കുന്ന നമ്മുടെ പുതിയ തലമുറയിൽവലിയൊരു പങ്കും വിദേശ കമ്പനികളിൽ ജോലി ചെയ്യുന്നവരും, എന്നാൽ വർക് ഫ്രം ഹോം സംവിധാനത്തിൽ ഏർപ്പെടുന്നവരും ആണ്. അല്ലെങ്കിൽ അങ്ങനെ ഒരു ലോകം ഇഷ്ടപ്പെടുന്നവരാണ്. പഴയ തലമുറയിലെ പോലെ രാത്രിയും പകലും കൃത്യമായി വേർതിരിച്ച് ഒരു ജീവിത സംവിധാനത്തിൽ അല്ല അവർ ഏർപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം,അത് ആണായാലും പെണ്ണായാലും,വിലപ്പെട്ടതാണ്. അവരവരുടെ സമയം എങ്ങനെ ഉപയോഗിക്കണം എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. ഇന്നത്തെ യുവാക്കളിൽ പലരും പകൽസമയം മുഴുവൻ വിശ്രമിക്കുന്നവരും രാത്രിയിൽ അവരുടെ സ്ഥാപനത്തിന്റെ ജോലിസമയത്ത് വർക്ക് ചെയ്യുന്നവരും ആണ്. അങ്ങിനെയുള്ളവർ അവരുടെ അവധി ദിവസ രാത്രികളിലാണ് പുറത്തിറങ്ങാൻ സാധ്യത. എന്റെ മക്കളൊക്കെ തന്നെ, അവർ വിദേശത്ത് ആയിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും, സമയത്തെ ബന്ധിതമല്ലാതെ ഉപയോഗിക്കാറുണ്ട്.

ഒരു നാടിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നായി പറയുന്നത് രാത്രികാലത്തെ പൊതു സഞ്ചാരം മികച്ചതാകുമ്പോഴാണ്. നഗരത്തിലെങ്കിലും ലഭിക്കുന്ന ഒരു വലിയ സ്വാതന്ത്ര്യമായിട്ടാണ് ഇത്തരം സ്ഥലങ്ങളും സമയവും, പുതുതലമുറ കാണുന്നത്. അവരെ പ്രകോപിപ്പിക്കുവാനും നാട്ടിൽ നിന്ന് അകറ്റുവാനും വിദേശത്തേക്ക് ചേക്കേറുവാനുമേ ഇത്തരം സംവിധാനങ്ങൾ പ്രേരിപ്പിക്കൂ..

ഒരു പുരുഷനും സ്ത്രീയും സ്വന്തം തീരുമാനം അനുസരിച്ച് ഒരുമിച്ചിരിക്കുന്നത് തടഞ്ഞാൽ നഷ്ടപ്പെടുത്താൻ സാധിക്കുന്നത് അവരുടെ സന്തോഷം മാത്രമാണ്. സമൂഹസുരക്ഷയുടെ ഭാഗമായി, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി, പൊതു ഇടങ്ങളിലെ സമയ നിയന്ത്രണം പോലെ വിഡ്ഢിത്തം മറ്റൊന്നില്ല. സ്വകാര്യസ്ഥാപനങ്ങളിൽ എല്ലാം സമയ നിയന്ത്രണം ഉള്ളതാണ്. വളരെ ചുരുക്കമായി ഓരോ പ്രദേശത്തും ഉള്ള ഇത്തരം പൊതു ഇടങ്ങൾ കൂടി അടച്ചാൽ, കൂടുതൽ ക്രൈം സമൂഹത്തിൽ ഉണ്ടാകുക തന്നെ ചെയ്യും.

വീട്ടിലിരിക്കുന്ന കുറ്റവാളികൾ പൊതു ഇടങ്ങളിൽ ഇരിക്കുന്നവരെക്കാൾ അപകടകാരികളാണ്. കൃത്യമായ നിരീക്ഷണങ്ങളോടുകൂടിയ പോലീസ് സംവിധാനങ്ങളാണ് ഇത്തരം അവസരത്തിൽ വേണ്ടത്. പൊതു ഇടങ്ങൾക്കും പൊതുജനങ്ങൾക്കും ദോഷകരമായി പ്രവർത്തിക്കുന്നവരെ അവരുടെ കുറ്റത്തിന്റെ തോതനുസരിച്ച് ശിക്ഷിക്കുക കൂടെ ചെയ്താൽ ഒരു പരിധി വരെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കും.

സ്വതന്ത്രനായ ഒരു വ്യക്തി എന്ന നിലയിൽ അഭിമാനത്തോടെ ജീവിക്കുന്നവരുടെ, ആത്മാഭിമാനത്തെ നശിപ്പിക്കുന്ന ഇത്തരം നിയമങ്ങൾ നടപ്പാക്കരുത് എന്ന് ശക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒരു നാടിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നായി പറയുന്നത് രാത്രികാലത്തെ പൊതു സഞ്ചാരം മികച്ചതാകുമ്പോഴാണ്. നഗരത്തിലെങ്കിലും ലഭിക്കുന്ന ഒരു വലിയ സ്വാതന്ത്ര്യമായിട്ടാണ്  ഇത്തരം സ്ഥലങ്ങളും സമയവും, പുതുതലമുറ കാണുന്നത്
ഒരു നാടിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നായി പറയുന്നത് രാത്രികാലത്തെ പൊതു സഞ്ചാരം മികച്ചതാകുമ്പോഴാണ്. നഗരത്തിലെങ്കിലും ലഭിക്കുന്ന ഒരു വലിയ സ്വാതന്ത്ര്യമായിട്ടാണ് ഇത്തരം സ്ഥലങ്ങളും സമയവും, പുതുതലമുറ കാണുന്നത്

ഇതിനർത്ഥം നാളെ അവിടെ ഒരു വ്യക്തി അത് സ്ത്രീയോ പുരുഷനോ ആകട്ടെ ഉപദ്രവിക്കപ്പെട്ടാൽ സമയ നിയന്ത്രണം കൊണ്ടുവരാൻ സമ്മതിക്കാത്തതു കൊണ്ടാണെന്ന് പറയുകയല്ല. പൊലീസ് സംവിധാനങ്ങൾ ശക്തമായി ഈ പരിസരത്തെ പൊതുജനങ്ങൾക്ക് ഏതുസമയവും ഉപയോഗിക്കാൻ തക്കവണ്ണം തുറന്നിടുകയാണ് വേണ്ടത്.

മുംബൈയിലെ മറൈൻഡ്രൈവ് രാത്രി അടച്ചിടുന്ന കാര്യം മുംബൈക്കാർക്ക് ആലോചിക്കാൻ പറ്റുമോ? ലോകം മുഴുവൻ മനുഷ്യര്, സ്ത്രീകൾ പ്രത്യേകിച്ചും രാവിനെ തിരിച്ചു പിടിക്കുകയാണ്. ഉറങ്ങാത്ത നഗരങ്ങളിലെ സ്വതന്ത്ര മനുഷ്യരാണ് ആധുനിക രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഒരുക്കുന്നത്. ആ കാലത്ത് കൊച്ചിയുടെ രാത്രിയെ പൊലീസ് പൂട്ടിയിടരുത്.


Summary: Kochi Marine Drive entry restriction Thanuja Bhattathiri writes


തനൂജ ഭട്ടതിരി

കഥാകൃത്ത്, നോവലിസ്​റ്റ്​. താഴ്​വരയിൽ നിന്ന്​ ഒരു കാറ്റ്, സെലസ്റ്റിയൻ പ്ലെയ്ൻ (കഥകൾ), ഗ്രാൻഡ്​​ ഫിനാലേ (നോവൽ) തുടങ്ങിയവ പ്രധാന കൃതികൾ

Comments