കൊച്ചി മെട്രോ നഷ്ടത്തിലാണെങ്കിൽ, ഉത്തരം നൽകേണ്ടത് കള്ളക്കണക്കുണ്ടാക്കിയവർ

യാഥാർഥ്യവുമായി ബന്ധമില്ലാത്ത കള്ളക്കണക്കുകൾ കാണിച്ച് പദ്ധതിക്ക് അനുമതി നേടിയെടുത്തതാണ് കൊച്ചി മെട്രോയുടെ നഷ്ടത്തിന് പ്രധാന കാരണം. നഷ്ടം എന്ന് പറയുമ്പോൾ പ്രതീക്ഷിച്ച ലാഭം ഇല്ലെന്നതാണ് യാഥാർഥ്യം. വാസ്തവത്തിൽ ഉണ്ടാകുന്ന യാത്രക്കാരുടെ എണ്ണത്തേക്കാൾ പത്തിരട്ടി പെരുപ്പിച്ച് കാണിച്ചാണ് 2015-ൽ തന്നെ മെട്രോ പദ്ധതി അവതരിപ്പിച്ചത്.

കൊച്ചിയുടെ നഗരയാത്രകളെ സുഖകരവും അതിവേഗവുമാക്കാൻ അവതരിപ്പിച്ച ‘കൊച്ചി മെട്രോ’ വളരെ വേഗം ലാഭത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ്. ബ്ലോക്കിൽ പെട്ട് സ്തംഭിച്ച കൊച്ചിക്കുമുകളിലൂടെ മെട്രോ ട്രെയിനുകൾ കുതിച്ചുതുടങ്ങിയപ്പോൾ, പ്രതീക്ഷകൾക്കൊത്തുള്ള സ്വീകരണമാണ്​ ലഭിച്ചത്. കൊച്ചിക്കാരും അല്ലാത്തവരുമായി ആയിരക്കണക്കിനാളുകൾ ദിവസവും മെട്രോ യാത്ര അനുഭവിക്കാനെത്തി. എന്നാൽ ഈ ആവേശമടങ്ങിയപ്പോൾ മെട്രോയിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ സർവീസ് തുടങ്ങി നാലുവർഷം പിന്നിടുമ്പോൾ കൊച്ചി മെട്രോ നഷ്ടക്കണക്കിൽ കിതയ്ക്കുകയാണ്. ഇത്രയും വലിയ ഒരു പദ്ധതിക്ക് ലാഭത്തിലെത്താൻ സമയമായിട്ടില്ല. പക്ഷേ പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ പ്രവചിക്കപ്പെട്ട ലാഭക്കണക്ക് വെച്ച് നോക്കുമ്പോഴാണ് നഷ്ടം എന്നുതന്നെ പറയേണ്ടിവരുന്നത്.

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായി അവതരിപ്പിച്ചതാണ് കൊച്ചി മെട്രോ റെയിൽ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെട്രോകളിലൊന്നായി കരുതപ്പെടുന്ന ഡൽഹി മെട്രോ റെയിൽ കോർപറേഷനെ നിർമാണം ഏൽപ്പിക്കുകയും ഇ. ശ്രീധരനെന്ന മികച്ച എൻജിനീയർ നേതൃത്വം നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ നിർമാണം കുറ്റമറ്റ രീതിയിൽ നടക്കുകയും കാലതാമസമില്ലാതെ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുകയും ചെയ്തു. എന്നാൽ ഇത്രയും വലിയ പദ്ധതി നാലുവർഷം പിന്നിടുമ്പോൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ കാരണം പരിശോധിക്കപ്പെടേണ്ടതുണ്ട്. കോടികൾ മുടക്കി വലിയ പദ്ധതികൾ തുടങ്ങുമ്പോൾ, അത് നാടിന് എത്രത്തോളം ആവശ്യമാണ് അല്ലെങ്കിൽ എങ്ങനെ, എവിടെ നടപ്പാക്കണം എന്ന കാര്യത്തിൽ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ട്. ഊതിപ്പെരുപ്പിച്ച കള്ളക്കണക്കുകളുടെ ബലത്തിൽ പദ്ധതികൾ നടപ്പാക്കുമ്പോൾ പ്രതീക്ഷിച്ച ലാഭം കിട്ടുകയില്ല. കോവിഡും ലോക്ക്ഡൗണും ഇല്ലാതിരുന്നാലും പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോർട്ടിൽ (സാധ്യതാ റിപ്പോർട്ട്) അവകാശപ്പെട്ടത്രയും യാത്രക്കാരോ ലാഭമോ മെട്രോയ്ക്ക് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

നഷ്ടക്കുതിപ്പ്​ ഇങ്ങനെ

5000 കോടി രൂപയിലധികം ചെലവിട്ട് പൂർത്തിയാക്കിയ കൊച്ചി മെട്രോ നാലുവർഷം പൂർത്തിയായപ്പോൾ 1092 കോടി രൂപയുടെ നഷ്ടത്തിലാണ്
ഓടുന്നത്. ഓരോ വർഷം കഴിയുമ്പോഴും നഷ്ടക്കണക്ക് വർധിക്കുകയാണ്, 2017-18 സാമ്പത്തികവർഷം 167 കോടി രൂപയായിരുന്നു നഷ്ടം. 2018-19-ൽ 281 കോടിയായിരുന്നു. 2019-2020-ൽ 310 കോടിയായി നഷ്ടക്കണക്ക് ഉയർന്നു. 2020-21-ൽ നഷ്ടം 334 കോടിയായി.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തമുള്ള കൊച്ചി മെട്രോ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 5181.79 കോടി രൂപയാണ്. പ്രതിദിനം 3.8 ലക്ഷം യാത്രക്കാർ മെട്രോ ഉപയോഗിക്കുമെന്നായിരുന്നു തുടക്കത്തിലെ അവകാശവാദം. 2020 ഓടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 4.6 ലക്ഷമായി ഉയരുമെന്നായിരുന്നു ഡീറ്റെയിൽ പ്രൊജക്റ്റ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ സർവീസ് തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും ഒരു ദിവസം പോലും പ്രതീക്ഷിച്ചതിന്റെ പകുതി യാത്രക്കാർ മെട്രോയിൽ കയറിയിട്ടില്ല.

യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 2020-2021-ൽ ആകെ വരുമാനത്തിൽ വർധനവാണുണ്ടായിട്ടുള്ളത് / Photo: Kochi Metro, Facebook

2021 ഡിസംബർ അഞ്ചിന് വൈകീട്ട് മൂന്നുമണി മുതൽ നാലുവരെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യയാത്ര ഓഫർ നൽകിയ ദിവസവും യാത്രക്കാരുടെ എണ്ണം 50,233 ആയിരുന്നു. കോവിഡ് ലോക്ക്ഡൗണിനുശേഷമുള്ള ഏറ്റവും ഉയർന്ന യാത്രക്കാരുടെ എണ്ണമാണിത്. കോവിഡിനുമുമ്പ് ശരാശരി 65,000 പേരാണ് ഒരു ദിവസം മെട്രോയിൽ യാത്ര ചെയ്തിരുന്നത്. മെട്രോ സർവീസ് തുടങ്ങിയശേഷം ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായ ദിവസം 2018 ജൂൺ 19 ആണ്. 1.56 ലക്ഷം ആളുകളാണ് അന്ന് യാത്ര ചെയ്തത്. 2019 ഡിസംബർ 31-ന് 1.25 ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു.

കോവിഡ് ലോക്ഡൗണിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിലുള്ള കുറവുണ്ടായി. ആദ്യത്തെ ലോക്ക്ഡൗണിനുശേഷം പ്രതിദിനം 18,361 പേർ മാത്രമാണ് പ്രതിദിനം മെട്രോയിൽ യാത്ര ചെയ്തിരുന്നത്. രണ്ടാം ലോക്ഡൗണിനുശേഷം ഇത് 26,043 ആയി വർധിച്ചു.

സൗജന്യയാത്ര അനുവദിച്ച ദിവസം പോലും യാത്രക്കാരുടെ എണ്ണം 50,000 കടന്നിട്ടേയൂള്ളൂ എന്നതാണ് കൊച്ചി മെട്രോയെ ഇനി ലാഭത്തിലാക്കാൻ എത്ര കാലം വേണ്ടിവരുമെന്ന ആശങ്കയുണ്ടാക്കുന്നത്. കോവിഡിന് മുമ്പുണ്ടായിരുന്ന പ്രതിദിന യാത്രക്കാർ പോലും സൗജന്യം നൽകിയിട്ടും കയറിയില്ല. അവധി ദിവസം, ഏറ്റവും കൂടുതൽ ആളുകൾ പോകാനിടയുള്ള റൂട്ടുകളിലാണ് സൗജന്യയാത്രയ്ക്ക് അവസരം നൽകിയത്. എന്നിട്ടുപോലും തുടക്കത്തിൽ പറഞ്ഞ കണക്കിന്റെ അടുത്തുപോലും എത്തിയില്ല. ഇക്കണക്കിന് പോയാൽ കൊച്ചി മെട്രോ പ്രതീക്ഷിക്കുന്ന ലാഭത്തിലേക്കെത്താൻ കാലമേറെ വേണ്ടിവരും.

കോവിഡ് മഹാമാരി ലോകത്താകെ പൊതുഗതാഗത സംവിധാനത്തെ ബാധിച്ചിട്ടുണ്ടെന്നത് ശരിയാണ്. കേരളത്തിലും ഇന്ത്യയിലാകെയും പൊതുഗതാഗതം നിലച്ച കാലമായിരുന്നു ലോക്ക് ഡൗൺ കാലം. 2020 മാർച്ച് 22 മുതൽ സെപ്റ്റംബർ ആറുവരെയാണ് സർക്കാർ നിയന്ത്രണങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചത്. സർവീസില്ലാതിരുന്ന അഞ്ച് മാസത്തിലധികം കാലം ഉണ്ടാക്കിയ നഷ്ടത്തിൽ നിന്ന് കരകയറാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. യാത്രക്കാരെ ആകർഷിക്കുന്നതിനായി ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിയും സ്ഥിരം യാത്രക്കാർക്കും വിദ്യാർഥികൾക്കും വ്യത്യസ്തമായ പാക്കേജുകൾ അവതരിപ്പിച്ചും വരുമാനം കൂട്ടാൻ ശ്രമം നടത്തി. സ്റ്റേഷനുകളിൽ കിയോസ്‌കുകളും ഓഫീസ് സ്‌പേസുകളും നൽകി.

യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 2020-2021-ൽ ആകെ വരുമാനത്തിൽ വർധനവാണുണ്ടായിട്ടുള്ളത്. 2020-2021 സാമ്പത്തികവർഷം 167.46 കോടി രൂപയാണ് ടിക്കറ്റ്, ടിക്കറ്റേതര വരുമാനത്തിലൂടെ കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. 2019-2020-ൽ ഇത് 134.95 കോടിയായിരുന്നു. പരസ്യത്തിലൂടെയും മെട്രോ സ്‌റ്റേഷനിലെ സ്‌പേസ് വ്യാപാരാവാശ്യത്തിന് നൽകിയുമാണ് ഈ വരുമാനമുണ്ടാക്കിയത്.

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടമായ ആലുവ- പേട്ട പാതയുടെ നിർമാണ ചെലവ് 6218.14 കോടി രൂപയാണ്. പേട്ട-എസ്.എൻ. ജംഗ്ഷൻ പാത പൂർത്തീകരണത്തിന് 710.93 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് 2022 മാർച്ചിൽ പൂർത്തിയാകും. അടുത്ത ഘട്ടമായ എസ്.എൻ. ജംഗ്ഷൻ -തൃപ്പൂണിത്തുറ പാത 2022 ഡിസംബറോടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 448.33 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.
മെട്രോയുടെ രണ്ടാംഘട്ടമായി കലൂരിൽ നിന്ന് കാക്കനാട് ഇൻഫോ പാർക്കിലേക്ക് 11.2 കിലോമീറ്ററും മൂന്നാം ഘട്ടമായി ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് 14 കിലോമീറ്ററും പാത നിർമിക്കും. 1957.05 കോടിയാണ് രണ്ടാം ഘട്ടത്തിന് ചെലവ് കണക്കകാക്കുന്നത്. രണ്ടാം ഘട്ടം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

ദീർഘകാല പ്രവർത്തനത്തിലൂടെ മാത്രമെ വലിയ പദ്ധതികളെ വിലയിരുത്താനാകൂ എന്നത് ശരിയാണ്. കൂടാതെ മഹാമാരിയുണ്ടാക്കിയ ആഘാതം വളരെ വലുതുമാണ്. മാത്രമല്ല, കോവിഡ് വ്യാപിച്ചതോടെ ആളുകൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്തു. നേരത്തെ ചെറിയ ദൂരത്തേക്കൊക്കെ മെട്രോയിൽ പോയിരുന്നവർ യാത്ര സ്വന്തം വാഹനത്തിലാക്കി. ദിവസവും ജോലിക്ക് പോകുന്നവരിൽ സാധിക്കുന്നവരൊക്കെ സ്‌കൂട്ടർ വാങ്ങി. ഇത് മെട്രോയിലെ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി. കോവിഡ് കാലം പരിഗണിക്കാതിരുന്നാൽ പോലും മെട്രോ വൻ നഷ്ടത്തിലാണെന്ന് കാണാൻ കഴിയും.

കുതിച്ച് ടിക്കറ്റേതര വരുമാനം

മെട്രോ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തെ കോവിഡ് ബാധിച്ചെങ്കിലും ടിക്കറ്റേതര വരുമാനം കൂടിയതായാണ് കാണുന്നത്. 2020-2021 സാമ്പത്തികവർഷത്തിൽ കൊച്ചി മെട്രോയുടെ ടിക്കറ്റേതര വരുമാനം 127.49 കോടി രൂപയാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2019-2020 സാമ്പത്തിവർഷം ഇത് 40.92 കോടി മാത്രമായിരുന്നു. മെട്രോ സ്‌റ്റേഷനുകളിലെ സ്ഥലം വ്യാപാര ആവശ്യങ്ങൾക്കായി നൽകുന്നതിലൂടെയും പരസ്യങ്ങളിലൂടെയുമാണ് ടിക്കറ്റിതര വരുമാനത്തിൽ വർധനവുണ്ടാക്കിയത്.

കോവിഡ് കാരണം അഞ്ച് മാസം സർവീസ് പൂർണമായും നിലച്ച 2020-ൽ ടിക്കറ്റ് വിൽപനയിലൂടെയുള്ള വരുമാനം 39.96 കോടി രൂപയാണ്. 2019-ൽ ഇത് 94.02 കോടിയായിരുന്നു.

യാത്രക്കാരുടെ എണ്ണം കുറയുമ്പോൾ, വരുമാനം ഉയർത്താനുള്ള പദ്ധതികളാണ് കൊച്ചി മെട്രോ നടപ്പാക്കുന്നത് / Photo: Kochi Metro, Facebook

യാത്രക്കാരെ ആകർഷിക്കാൻ വിവിധ പദ്ധതികളാണ് കൊച്ചി മെട്രോ അവതരിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് സർവീസ് പുനരാരംഭിച്ചതിനുശേഷം ടിക്കറ്റിൽ നിരക്കിൽ പലപ്പോഴായി ഇളവുകളും പലതരം ഓഫറുകളും നൽകുന്നുണ്ട്. ഡിസംബർ അഞ്ചിന് രണ്ട് റൂട്ടുകളിൽ പൂർണമായും സൗജന്യ യാത്ര അനുവദിച്ചു. എല്ലാ ദിവസവും പീക്ക് അവർ അല്ലാത്തപ്പോൾ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുന്നുണ്ട്. രാവിലെ 5.30 മുതൽ എട്ടുവരെയും രാത്രി എട്ടുമുതൽ 11 വരെയുമാണ് ടിക്കറ്റ് നിരക്കിന്റെ പകുതി മാത്രം നൽകി എല്ലാ സ്റ്റേഷനുകളിൽ നിന്നും യാത്ര ചെയ്യാനാകുന്നത്.

ന്യൂ ഇയർ ആഘോഷം മുതൽ സൂപ്പർ മാർക്കറ്റ് വരെ

യാത്രക്കാരുടെ എണ്ണം കുറയുമ്പോൾ, വരുമാനം ഉയർത്താനുള്ള പദ്ധതികളാണ് കൊച്ചി മെട്രോ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി മെട്രോ സ്‌റ്റേഷനുകളിലെ കിയോസ്‌ക് സ്‌പേസിന്റെ ലേലം കഴിഞ്ഞ ദിവസം നടന്നു. സ്‌റ്റേഷനുകളിൽ സൂപ്പർ മാർക്കറ്റ് തുടങ്ങാൻ സ്ഥലം നൽകാനും മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്കായി നറുക്കെടുപ്പ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒരുവർഷത്തെ സൗജന്യ മെട്രോ യാത്രയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്നയാൾക്ക് ആറുമാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് മൂന്ന് മാസവും മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. 2021 ഡിസംബർ 24, 25, 31, ജനുവരി 1 തീയതികളിൽ യാത്ര ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് എല്ലാ സ്റ്റേഷനുകളിലും സജ്ജമാക്കുന്ന ലക്കി ഡ്രോ ബോക്‌സിൽ നിക്ഷേപിക്കണം. ഇതിൽ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുക.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾക്കും മെട്രോ സ്‌റ്റേഷനുകൾ വേദിയാകും. ഡിസംബർ 31 വരെയാണ് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം. കേക്ക് ഫെസ്റ്റ്, ഫൊട്ടോഗ്രാഫി മത്സരം, പെയിന്റിങ് മത്സരം തുടങ്ങിയവയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇക്കാലയളവിൽ സംഘടിപ്പിച്ചിട്ടുണ്ട്.

നഷ്ടത്തിന്റെ കാരണമെന്ത്?

യാഥാർഥ്യവുമായി ബന്ധമില്ലാത്ത കള്ളക്കണക്കുകൾ കാണിച്ച് പദ്ധതിക്ക് അനുമതി നേടിയെടുത്തതാണ് കൊച്ചി മെട്രോയുടെ നഷ്ടത്തിന് പ്രധാന കാരണം. നഷ്ടം എന്ന് പറയുമ്പോൾ പ്രതീക്ഷിച്ച ലാഭം ഇല്ലെന്നതാണ് യാഥാർഥ്യം. വാസ്തവത്തിൽ ഉണ്ടാകുന്ന യാത്രക്കാരുടെ എണ്ണത്തേക്കാൾ പത്തിരട്ടി പെരുപ്പിച്ച് കാണിച്ചാണ് 2015-ൽ തന്നെ മെട്രോ പദ്ധതി അവതരിപ്പിച്ചത്. മെട്രോ വേണമെന്നതിനെ ആരും എതിർക്കാൻ സാധ്യതയില്ല. ലോകത്ത് പലയിടത്തും ഇത്തരം പദ്ധതികൾ വലിയ ലാഭത്തിലുമല്ല. പക്ഷേ ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഏത് റൂട്ടിലാണ് കൂടുതൽ ആളുകൾ പോകുന്നത്, ഏത് റൂട്ടിലാണ് ഭാവിയിൽ കൂടുതൽ ആളുകൾ പോകാൻ സാധ്യതയുള്ളത് തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിച്ചാണ് പ്രയോറിറ്റി തീരുമാനിക്കേണ്ടത്. ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി എന്നത് ലോകത്ത് എല്ലാ മെട്രോകളുടെയും അടിസ്ഥാന സ്വഭാവമാണ്. അതായത് പുറപ്പെടുന്ന സ്ഥലത്തുനിന്ന് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി തുടങ്ങിയ ഇടങ്ങളിലേക്ക് പോകാൻ കഴിയണം. കൊച്ചി മെട്രോയ്ക്ക് അതില്ല. ഈ ബുദ്ധിമുട്ട് കാരണം പലരും മെട്രോ യാത്ര ഒഴിവാക്കുന്നു.

കള്ളക്കണക്ക്: പരസ്യമായ രഹസ്യം

കള്ളക്കണക്കിലാണ് കൊച്ചി മെട്രോ ഉണ്ടാക്കിയതെന്നത് പരസ്യമായ രഹസ്യമാണെന്ന് അഡ്വ. ഹരീഷ് വാസുദേവൻ പറയുന്നു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാർ മുകുന്ദൻ ഉൾപ്പെടെയുള്ള ആളുകൾ കൊച്ചി മെട്രോയുടെ ഫീസിബിലിറ്റി റിപ്പോർട്ടിലെ പെരുപ്പിച്ച കണക്കുകളെക്കുറിച്ച് ഫേസ്ബുക്കിലെഴുതുകയും പിന്നീടത് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ എൽ.ഡി.എഫിന് യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനത്തെ പരസ്യമായി എതിർക്കാൻ എന്തുകൊണ്ടോ കഴിഞ്ഞില്ലെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു.

അഡ്വ. ഹരീഷ് വാസുദേവൻ

സാധ്യതാ പഠനം ശാസ്ത്രീയമായി ചെയ്യുകയാണെങ്കിൽ നഷ്ടം ഇത്രകണ്ട് ചർച്ച ചെയ്യപ്പെടില്ല. 2028-ലേ ലാഭം കിട്ടൂ എന്ന് ഫീസിബിലിറ്റി റിപ്പോർട്ടിൽ തന്നെ വന്നാൽ അതുവരെ നഷ്ടം നേരിടാനുള്ള നടപടികൾ സ്വീകരിക്കും. എന്നാൽ ഇങ്ങനെ പ്രഖ്യാപിച്ചാൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടില്ല. കണക്കുകൾ കൃത്യമായിരുന്നെങ്കിൽ ടിക്കറ്റേതര വരുമാനത്തിനുള്ള കാര്യങ്ങൾ ആലോചിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ഇത് ഓട്ടത്തിനിടയിൽ വരുന്ന അപ്രതീക്ഷിത നഷ്ടമായിട്ടാണ് കാണുന്നത്.

കോവിഡ് കാലം മാറ്റിനിർത്തി 2018-2019 കാലം മാത്രമെടുത്താലും ഉണ്ടായിട്ടുള്ള നഷ്ടം ഫീസിബിലിറ്റിക്ക് എതിരായിട്ടുള്ളതാണ്. ലാഭം കിട്ടാൻ കൂടുതൽ കാലമെടുക്കുമെന്ന് നേരത്തെ പറഞ്ഞാൽ, വരുമാനത്തിന് മറ്റു മാർഗങ്ങൾ തുടക്കത്തിൽ തന്നെ ആലോചിക്കണമായിരുന്നു. എന്നാൽ ഇപ്പോഴാണ് മെട്രോ റെയിൽ ലിമിറ്റഡ് ടിക്കറ്റേതര വരുമാനം കൂട്ടാനുള്ള നടപടികൾ ചെയ്യുന്നത്. "മെട്രോയുടെ ഭരണതലത്തിലുള്ളവരെല്ലാം ആളുകൾ കയറാൻ സാധ്യതയുണ്ട്, ലാഭത്തിലാകും എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്ര ആളുകൾ ആലുവയിൽ നിന്ന് എറണാകുളത്തേക്ക് പോകുമെന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എന്നാൽ ഇതത്രയും കള്ളക്കണക്കാണ്. ഇത് തന്നെയാണ് കെ റെയിലിന്റെയും പ്രശ്‌നം. പ്രതീക്ഷിക്കപ്പെടുന്ന യാത്രക്കാരുടെ കണക്കെടുക്കുമ്പോൾ നിലവിലുള്ള സംവിധാനങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. എല്ലാ ആളുകളും എല്ലാ സംവിധാനങ്ങളും ഒരുപോലെ ഉപയോഗിക്കില്ലെന്ന് മനസ്സിലാക്കണം.'- ഹരീഷ് വാസുദേവൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലുമെല്ലാം തെറ്റായ ഫീസിബിലിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് ഹരീഷ് ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനത്തിൽ ലാഭം നോക്കേണ്ടതില്ലെന്ന് പറഞ്ഞാലും കണക്കുകൾ കൃത്യമാണെങ്കിൽ ലാഭം നേരിടാനുള്ള വഴികളെങ്കിലുമുണ്ടാകും. ഫീസിബിലിറ്റി റിപ്പോർട്ടികൾ കള്ളക്കണക്ക് ചേർക്കുകയെന്നത് ഭരണസംവിധാനത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ്. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ തകർക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.

കൈയടി നേടിയവർ മറുപടി പറയണം

ഭരണവുമായി അടുത്ത ആളുകൾ താമസിക്കുന്ന സ്ഥലമായതുകൊണ്ടാണ് കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും വികസനകാര്യത്തിൽ മുൻഗണന ലഭിക്കുന്നതെന്നും അല്ലാതെ നഗരമായതുകൊണ്ട് മാത്രമല്ലെന്നും അഡ്വ. ഹരീഷ് വാസുദേവൻ അഭിപ്രായപ്പെടുന്നു. "സർക്കാരുകൾക്ക് ഭരണപരമായ മുൻഗണനകളും താൽപര്യങ്ങളുമുണ്ടാകും. ഏത് പദ്ധതിയും വേണമെന്നോ വേണ്ടെന്നോ വെക്കാം. പക്ഷേ അത് സത്യസന്ധമായ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ ആരുടെയെങ്കിലും താൽപര്യത്തിന്റെയോ ജനങ്ങളുടെ വികാരത്തിന്റെയോ അടിസ്ഥാനത്തിലാവരുത്. വസ്തുതാവിരുദ്ധമായ കണക്കുകളുണ്ടാക്കിയവർ ആരൊക്കെയായാലും ഈ നഷ്ടം അവരിൽ നിന്ന് ഈടാക്കണം. മെട്രോ ഉണ്ടാക്കിയത് ഞങ്ങളാണെന്ന് അഭിമാനം കൊള്ളുന്നവർ ഈ നഷ്ടക്കണക്കിന് മറുപടി പറയണം.'- ഹരീഷ് വാസുദേവൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ കൈയടികൾ നേടിയവർ പലരുമുണ്ട്. യു.ഡി.എഫ്., എൽ.ഡി.എഫ്. സർക്കാരുകളുടെ ഭാഗമായവരും ഉദ്യോഗസ്ഥരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഭരണവിഭാഗത്തിലുള്ള ഇതേ ആളുകൾ തന്നെയാണ് ഊതിപ്പെരുപ്പിച്ച കണക്കുണ്ടാക്കി പദ്ധതിക്ക് അനുമതി നേടിയെടുത്തതും. ഭരണസംവിധാനത്തിന്റെ മുൻഗണനകളാണ് പദ്ധതികളുടെ നടത്തിപ്പിൽ ഒരു പ്രധാന ഘടകം. അടിസ്ഥാനസൗകര്യ വികസനത്തിലടക്കം ഇതുണ്ട്. സർക്കാരിന്റെ മുൻഗണനയ്ക്ക് പുറത്തുനിൽക്കുന്ന മനുഷ്യർ വികസനത്തിന്റെയും പുറത്തായിപോകുന്നത് കാലങ്ങളായി ഇവിടെ നടക്കുന്നതാണ്. അട്ടപ്പാടിയിലേക്ക് ഒരു ബസ് ഓടിക്കുമ്പോൾ ദിവസം 2000 രൂപ നഷ്ടമാണെന്ന് പറഞ്ഞ് അത് നിർത്തുകയും, അതേസമയം കൊച്ചിക്ക് കോടികൾ കൊടുക്കുകയും നഷ്ടത്തിലായാൽ സഹിക്കുകയും ചെയ്യുന്നത് സ്വാഭവികമാകുന്നത് അങ്ങനെയാണ്.

Comments