വിഭാഗീയതയിലും വി.എസ്സിന്റെ സഖാവ്

സി.പി.ഐ.എമ്മിൽ വിഭാഗീയതയുടെ കൊട്ടിക്കലാശം നടന്ന ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനൊടുവിൽ പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു "പാർട്ടി നിലനിൽക്കും, പാർട്ടിയിൽ ഉള്ളവരും നിലനിൽക്കും'. പാർട്ടിയേയും പാർട്ടി ശത്രുക്കളെത്തന്നെയും സ്തബ്ധരാക്കിക്കൊണ്ട് സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി.എസ്. അച്യുതാനന്ദൻ ഇനി പാർട്ടിയിൽ ഉണ്ടാകുമോ എന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയരുമ്പോൾ കോടിയേരി ബാലകൃഷ്ണൻ നടത്തിയ ഈ പ്രതികരണം പുതിയ പാർട്ടി സെക്രട്ടറിയേയും സെക്രട്ടറിയുടെ നിലപാടിനേയും അടയാളപ്പെടുത്തുന്നതായിരുന്നു.

മാധ്യമങ്ങളുടെ "ഊഹക്കച്ചവടത്തിന്റെ' പൊടി അടങ്ങിയപ്പോൾ കേരളം കണ്ടത് പാർട്ടിയുടെ വേലിക്കകത്ത് നിൽക്കുന്ന വി.എസിനെയാണ്. നേരത്തെ പ്രമേയത്തിലും പിന്നീട് സംസ്ഥാന സമ്മേളന വേദിയിൽ പ്രവർത്തന റിപ്പോർട്ടിലും പൊതുചർച്ചയിലും നിശിത വിമർശനം ഏറ്റുകൊണ്ടിരിക്കുമ്പോഴും വി.എസിന് വേദിയിൽ വന്നിരുന്ന് കുശലം പറഞ്ഞ് ചിരിക്കാൻ കോടിയേരി തന്നെയായിരുന്നു കൂട്ട്. ഔദ്യോഗിക പക്ഷത്തിന്റെ പ്രമുഖനും പിണറായി വിജയന്റെ എക്കാലത്തേയും വിശ്വസ്തനുമായിരിക്കുമ്പോഴും കോടിയേരി ബാലകൃഷ്ണൻ വി.എസിന്റെ സഖാവായിരുന്നു. വിഭാഗീയതയുടെ ഉച്ചവെയിലിൽ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന് പാർട്ടി നിഷേധിച്ച ആഭ്യന്തരവകുപ്പ് കോടിയേരി ഭരിക്കുന്ന കാലത്തും വി.എസിന് കോടിയേരിയേക്കുറിച്ച് പരിഭവമില്ലായിരുന്നു.

എക്കാലവും പാർട്ടിക്ക് വിധേയനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പക്ഷേ ഒരിക്കലും വിഭാഗീയതയിൽ ഇടറിയ സഹപ്രവർത്തകരോട് വിദ്വേഷം വച്ചുപുലർത്തിയില്ല. മന്ത്രിയും എം.എൽ.എയും ഒക്കെയായിരുന്നെങ്കിലും കോടിയേരി ഓർമ്മിക്കപ്പെടുക വിഭാഗീയതയില്ലാതെ പാർട്ടിയെ നയിച്ച സെക്രട്ടറി എന്ന നിലയ്ക്കാവും. അമ്പത്തിനാല് വയസ്സിൽ പാർട്ടി പോളിറ്റ് ബ്യൂറോയിലെത്തിയ കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങുന്നത് പോളിറ്റ് ബ്യൂറോ അംഗമായിരിക്കെത്തന്നെയാണ്.

പാർട്ടിയിൽ മാത്രമല്ല പാർട്ടിക്കതീതമായ ഇടപെടൽ ശേഷി മുന്നണിയിലും മുന്നണിക്ക് പുറത്തും ഉണ്ടായിരുന്ന നേതാവാണ് കോടിയേരി. ഉമ്മൻ ചാണ്ടി സർക്കാർ വീണേക്കുമായിരുന്ന രാഷ്ട്രീയ നീക്കം കെ.എം. മാണി നടത്തിയത് ആദ്യന്തം അറിഞ്ഞിരുന്ന ആൾ കോടിയേരി ബാലകൃഷ്ണനാണ്.
കെ.എം. മാണിക്കെതിരെ പിന്നീട് അഴിമതി ആരോപണമുയർന്നപ്പോൾ അതിനെ വ്യക്ത്യാധിക്ഷേപത്തിലേക്ക് എത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ ബുദ്ധിയും കോടിയേരി ബാലകൃഷ്ണൻ കാട്ടി.

"സൗമ്യഭാവത്തേക്കുറിച്ചുള്ള' പുകഴ്ത്തലുകൾക്കപ്പുറം ഒരിക്കലും ഒരിളവും മാധ്യമങ്ങൾ കോടിയേരി ബാലകൃഷ്ണനോട് കാട്ടിയിട്ടില്ല. ഇന്ന് നുണപ്രചാരണങ്ങൾക്കെതിരെ ശിൽപശാല സംഘടിപ്പിക്കുന്ന പല മാധ്യമങ്ങളും കോടിയേരി ബാലകൃഷ്ണനെതിരെ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ചിട്ടുണ്ട്. "ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിപ്പട്ടികയിൽ കോടിയേരി ബാലകൃഷ്ണനും' എന്ന് ബ്രേക്കിങ്ങ് ന്യൂസ് കൊടുത്ത ചാനലും കോടിയേരിയുടെ കൈത്തണ്ടയിൽ കണ്ട ഗ്ലൂക്കോസ് മോണിറ്ററിനെ "ഏലസാക്കി' വാർത്ത കൊടുത്ത മാധ്യമങ്ങളും മാപ്പ് പറഞ്ഞതായി അറിവില്ല. ചാനൽ ഭാഷയിൽ പറഞ്ഞാൽ "സൗമ്യസ്മിതത്തോടെ' കോടിയേരി പിന്നെയും മാധ്യമ പ്രവർത്തകരെ കണ്ടു. കോടിയേരിയേയും കുടുംബത്തേയും ഇടതടവില്ലാതെ കൈകാര്യം ചെയ്യുമ്പോഴും മാധ്യമങ്ങൾ കോടിയേരി ബാലകൃഷ്ണന്റെ "സൗമ്യ ഭാവത്തിന്' മത്സരിച്ച് മാർക്കിട്ടത് പിണറായിക്ക് കൽപ്പിച്ച് കൊടുത്ത "കർക്കശ ഭാവത്തെ' സ്ഥാപിച്ചെടുക്കാൻ ആയിരുന്നിരിക്കണം

സ്റ്റാലിനിസമെന്ന് വിമർശകരും ലെനിനിസമെന്ന് പാർട്ടിയും വ്യാഖ്യാനിക്കുന്ന സംഘടനാ ശരീരത്തിൽ പലപ്പോഴും ഒരു പുഞ്ചിരി വിപ്ലവമാണ്, ആ അർത്ഥത്തിൽ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർട്ടിക്ക് ഒരു വിപ്ലവ നഷ്ടമാണ്.

Comments