കൊല്ലത്തെ സിറ്റിങ് പോരിൽ ആര് സീറ്റുറപ്പിക്കും?

പത്ത് വർഷമായി, കൊല്ലത്ത് ആർ.എസ്.പി നേടുന്ന കുത്തക വിജയം തകർക്കാൻ സി.പി.എമ്മിന് സാധിക്കുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ നിർണായകമാകുന്നത്.

Election Desk

സംസ്ഥാനത്തെ വാശിയേറിയ മത്സരം നടക്കുന്ന ലോകസഭാ മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. സിറ്റിങ്ങ് എംപിയും സിറ്റിങ്ങ് എം.എൽ.എയും നേരിട്ടുള്ള പോരാണ്. സ്ഥാനാർഥികളുടെ ഭരണമികവുകൂടി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം.

റവ്യൂലഷണറി സോഷ്യലിസ്റ്റ് പാർട്ടി നേതാവും സിറ്റിങ് എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാല് വിജയങ്ങൾക്കു (1996, 1998, 2014, 2019) ശേഷമുള്ള പ്രേമചന്ദ്രന്റെ അഞ്ചാം മത്സരം കൂടിയാണിത്. കൊല്ലം എം.എൽ.എയും ചലച്ചിത്രതാരവുമായ എം. മുകേഷിനെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്.

രണ്ടു തവണ കൊല്ലം നിയമസഭാ സീറ്റിൽ വിജയിച്ച (2016, 2021) മുകേഷ്, നല്ലൊരു എതിരാളിയാണ്. പത്ത് വർഷമായി, കൊല്ലത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേടുന്ന കുത്തക വിജയം തകർക്കാൻ സി.പി.എമ്മിന് സാധിക്കുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ നിർണായകമാകുന്നത്.

എന്‍.കെ. പ്രേമചന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

2019- ൽ 4,99,677 വോട്ടു (51.61%) നേടിയാണ് പ്രേമചന്ദ്രൻ എം.പി സ്ഥാനം നിലനിർത്തിയത്. സി.പി.എം സ്ഥാനാർഥിയായ കെ.എൻ. ബാലഗോപാലിന് 3,50,821 ( 36.24%) വോട്ടും ബി.ജെ.പി സ്ഥാനാർഥി കെ.വി. സാബുവിന് 1,03,339 (10.6%) വോട്ടും കിട്ടി. 2014-ലും 4,08,528 വോട്ടു (46.46%) നേടാൻ എൻ.കെ പ്രേമചന്ദ്രന് കഴിഞ്ഞിരുന്നു. അന്ന് സി.പി.എം സ്ഥാനാർഥി എം.എ. ബേബിക്ക് 3,70,879 (42.18%) വോട്ടാണ് കിട്ടിയത്. 2014-ൽ നിന്ന് 2019 ലേക്കെത്തിയപ്പോൾ പ്രേമചന്ദ്രന്റെ വോട്ടുവിഹിതം ഉയരുന്നത് കാണാം.

ഐക്യകേരളം നിലവിൽ വരുന്നതിന് മുമ്പുള്ള 1952-ലെ കൊല്ലം- മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് റവ്യൂലഷണറി സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥി എൻ.കെ. ശ്രീകണ്ഠൻ നായരും സ്വതന്ത്രനായ ആർ. വേലായുധനുമാണ് ആദ്യമായി വിജയിക്കുന്നത്.

1957- ൽ കൊല്ലം മണ്ഡലമായതിന് ശേഷം ഇടതുപക്ഷ ഐക്യമുന്നണിയുടെ വി. പരമേശ്വരൻ നായർ, സി.പി.ഐയുടെ പി.കെ. കൊടിയൻ (1957-1962) എന്നിവരാണ് വിജയിച്ചത്. അതുവരെ കൊല്ലം ദ്വയാംഗ മണ്ഡലമായിരുന്നു. 1962, 1967, 1971, 1977 വർഷങ്ങളിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെല്ലാം ആർ.എസ്.പിയുടെ കരുത്തനായ നേതാവ് എൻ. ശ്രീകണ്ഠൻ നായരാണ് വിജയിച്ചത്. കൊല്ലത്തുനിന്ന് അഞ്ചുതവണയാണ് അദ്ദേഹം ജയിച്ചു കയറിയത്.

1980-ൽ കോൺഗ്രസ്- ഐ സ്ഥാനാർഥിയായ ബി.കെ. നായരുടെ വിജയത്തിലൂടെ (1980-1984) ഈ കുത്തക തകരുകയും കോൺഗ്രസ് ആദ്യമായി കൊല്ലം സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ കൂടിയായ എസ്. കൃഷ്ണകുമാർ (1984-1989, 1989-1991, 1991-1996) ഹാട്രിക്ക് വിജത്തിലൂടെ കൊല്ലം സീറ്റ് കോൺഗ്രസിന്റെ സ്വന്തമാക്കി.

മുകേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

1996-ൽ മത്സരത്തിനിറങ്ങിയ എൻ.കെ. പ്രേമചന്ദ്രനിലൂടെയാണ് ആർ.എസ്.പി വീണ്ടും കൊല്ലത്ത് ജയിക്കുന്നത്. 1996- ലെ അട്ടിമറി വിജയം, 1998- ലും പ്രേമചന്ദ്രനിലൂടെ ആവർത്തിച്ചു.

1999, 2004 തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പിയുമായുള്ള ഭിന്നതയെ തുടർന്ന്, സി.പി.എമ്മിലെ പി.രാജേന്ദ്രനാണ് മത്സരിച്ച് വിജയിച്ചത്. 2009-ൽ കോൺഗ്രസിലെ എൻ.പീതാംബര കുറുപ്പ് കോൺഗ്രസിനെ തിരിച്ചു വരവിന് തുടക്കമിട്ടു. 2014- ൽ സീറ്റുതർക്കത്തെതുടർന്ന് യു.ഡി.എഫിലെത്തിയ പ്രേമചന്ദ്രനിലൂടെ (2014, 2019) കൊല്ലത്തെ യു.ഡി.എഫ് വിജയഗാഥ തുടരുകയാണ്.

കൊല്ലത്തെ ജനകീയനായ നേതാവാണ് പ്രേമചന്ദ്രൻ. കൊല്ലത്തുനിന്ന് നാലുതവണ ലോക്‌സഭാംഗമായ അദ്ദേഹം 2000-ൽ രാജ്യസഭാംഗമായിരുന്നു. 2006-2011 കാലത്ത് വി.എസ് അച്യുതാനന്ദന്റെ മന്ത്രിസഭയിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു. സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് യു.ഡി.എഫിലെത്തിയെങ്കിലും 2014ലും 2019ലും കൊല്ലം പ്രേമചന്ദ്രനൊപ്പമായിരുന്നു.

പിണറായി വിജയൻ അന്ന് നടത്തിയ ‘പരനാറി’ പ്രയോഗത്തിനൊന്നും പ്രേമചന്ദ്രന്റെ പ്രതിച്ഛായ തകർക്കാനായില്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടുവെങ്കിലും ഒന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിലായിരുന്നു ജയം.

ഇത്തവണയും ചില വിവാദങ്ങൾ പ്രേമചന്ദ്രനുപുറകെയുണ്ട്. ലോക്‌സഭാ സമ്മേളനത്തിന്റെ സമാപനവേളയിൽ പ്രധാനമന്ത്രി നരേന്ദമോദിയുമൊത്തുള്‌ള വിരുന്ന് സി.പി.എം ചർച്ചയാക്കിയിരുന്നു.

കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുതവണ വിജയിക്കാനായെങ്കിലും ആർ.എസ്.പിയുടെ കൈയ്യിൽ നിന്ന് ലോക്‌സഭാ സീറ്റ് തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ എം.എ. ബേബിയെയും കെ.എൻ. ബാലഗോപാലനെയും ഇറക്കിയിരുന്നെങ്കിലും ഫലം കണ്ടില്ല. സിറ്റിങ്ങ് എം.എൽ.എ മുകേഷിനെ കൊണ്ടുവന്ന് വേറിട്ടൊരു മത്സരത്തിനാണ് സി.പി.എം ശ്രമിക്കുന്നത്.

മുകേഷിന്റെ ഇടതുപക്ഷ കുടുംബ പശ്ചാത്തലവും നടനെന്ന ജനകീയതയും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ കൊല്ലത്ത് നിന്നുണ്ടായ വിജയത്തിന്റെ ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ട്. കൊല്ലത്തെ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ കുണ്ടറയൊഴികെ എല്ലാ മണ്ഡലങ്ങളിലും ഇടത് എം.എൽ.എമാരാണുള്ളത്.

ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുണ്ട്. 2019- ൽ ഒരു ലക്ഷത്തോളം വോട്ട് ബി.ജെ.പി നേടിയിരുന്നു.

Comments