ഇളകില്ല കൊണ്ടോട്ടി

Election Desk

ലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗിന്റെ തകരാത്ത കോട്ട.
1957 മുതൽ ലീഗിനൊപ്പം. 2016ൽ ലീഗിലെ ടി.വി. ഇബ്രാഹിം 10,654 വോട്ടിന് ഇടതുസ്വതന്ത്രൻ കെ.പി. ബീരാൻകുട്ടിയെ തോൽപ്പിച്ചു. ഉറച്ച സീറ്റായതുകൊണ്ട് ഇബ്രാഹിമിനുപകരം ചില പ്രാദേശിക നേതാക്കളെ മുന്നിൽനിർത്തി ചില ‘കളി'കൾക്ക് ശ്രമമുണ്ടെങ്കിലും നടക്കില്ല എന്ന് കളിക്കാർക്കുതന്നെ നന്നായി അറിയാം.

മണ്ഡലം ലീഗ് പ്രസിഡന്റ് പി.എ. ജബ്ബാറിന്റെ പേരാണ് പകരം കേൾക്കുന്നത്. എന്നാൽ, രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ് മഞ്ചേരി, ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളിൽ ഏതിലെങ്കിലും മൽസരിക്കുമെന്ന പ്രചാരണം ശക്തമാണ്.

കുഞ്ഞാലി / ചിത്രീകരണം: ദേവപ്രകാശ്
കുഞ്ഞാലി / ചിത്രീകരണം: ദേവപ്രകാശ്

ഏറനാട് എം.എൽ.എ പി.കെ. ബഷീറിനെ കൊണ്ടോട്ടിയിൽ മൽസരിപ്പിക്കാനും നീക്കമുണ്ട്. അങ്ങനെയാണെങ്കിൽ ഇബ്രാഹിമിന് മറ്റൊരു മണ്ഡലം നൽകും.

1957ൽ മുസ്‌ലിംലീഗിലെ എം.പി.എം. അഹമ്മദ് കുരിക്കൾ 7115 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആദ്യ എം.എൽ.എയായി. ഉമ്മർ ബാഫക്കി (1967), സി.എച്ച്. മുഹമ്മദ് കോയ (1970), പി. സീതി ഹാജി (1977- 1987), കെ.കെ. അബു (1991), പി.കെ.കെ. ബാവ (1996), കെ.എൻ.എ. ഖാദർ (2001), കെ. മുഹമ്മദുണ്ണി ഹാജി (2006, 2011) എന്നിവരാണ് ടി.വി. ഇബ്രാഹിമിന്റെ മുൻഗാമികൾ.

ഏറനാട് താലൂക്കിലെ ചീക്കോട്, ചെറുകാവ്, കൊണ്ടോട്ടി, പുളിക്കൽ, വാഴക്കാട്, നെടിയിരുപ്പ്, വാഴയൂർ, മുതുവല്ലൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം. പുളിക്കലിൽ മാത്രമാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. കൊണ്ടോട്ടി നഗരസഭയിൽ യു.ഡി.എഫിന് 32 സീറ്റും എൽ.ഡി.എഫിന് ആറ് സീറ്റുമാണുള്ളത്. മഹാകവി മോയിൻകുട്ടിവൈദ്യരുടെ ജന്മദേശം.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ഏറനാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിലെ ആദ്യ എം.എൽ.എയാകുകയും ചെയ്ത സഖാവ് കുഞ്ഞാലിയുടെ ദേശം കൂടിയാണ് കൊണ്ടോട്ടി. 1969 ജൂലൈ 28ന് നിലമ്പൂരിലെ ഒരു എസ്‌റ്റേറ്റിൽവച്ച് കുഞ്ഞാലി വെടിയേറ്റു മരിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി. കോടതി അദ്ദേഹത്തെ വെറുതെവിടുകയായിരുന്നു.

കുഞ്ഞാലിയെ വെടിവെച്ചു എന്ന് ആരോപിക്കപ്പെടുന്ന ഗോപാലൻ എന്ന കോൺഗ്രസ് അനുഭാവിയെ 1971 ഫെബ്രുവരി 12ന് സി.പി.എം പ്രവർത്തകർ കുത്തിക്കൊന്നു- കൊണ്ടോട്ടിയുടെ രാഷ്​ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത ഒരധ്യായമാണിത്​.

കൊണ്ടോട്ടി നഗരസഭയും വാഴയൂർ, വാഴക്കാട്, ചീക്കോട്, പുളിക്കൽ, ചെറുകാവ്, മുതുവല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് മണ്ഡലം.


Comments