കോങ്ങാടിന്റെ മുഖം മാറും

Election Desk

ആരു മൽസരിച്ചാലും പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിന്റെ മുഖം മാറും. 2016ൽ വിജയിച്ച സി.പി.എമ്മിലെ കെ.വി. വിജയദാസ് അന്തരിച്ചതോടെ, ഇടതുസ്വഭാവമുള്ള ഇവിടേക്ക് പുതുമുഖങ്ങളെ തേടുകയാണ് സി.പി.എം. മണ്ഡല രൂപീകരണത്തിനുശേഷം രണ്ട് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫാണ് ജയിച്ചത്. കഴിഞ്ഞ തവണ വിജയദാസ് 13,271 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ പന്തളം സുധാകരനെ തോൽപ്പിച്ചത്.

കെ.എ. തുളസി / വര: ദേവപ്രകാശ്

എ.ഐ.സി.സി അംഗം കെ.എ. തുളസിയുടെ പേരാണ് കോൺഗ്രസ് ക്യാമ്പിൽ സജീവം. പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് അവർ തന്റെ സന്നദ്ധതയും പ്രകടിപ്പിച്ചു കഴിഞ്ഞു. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണവർ. 2016ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രേണു സുരേഷ് 23,800 വോട്ട് നേടിയിരുന്നു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

പാലക്കാട് മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന സംവരണ മണ്ഡലമാണ് കോങ്ങാട്. ശ്രീകൃഷ്ണപുരം പേരുമാറിയാണ് 2011ൽ കോങ്ങാടായത്. പഞ്ചായത്തുകളിൽ ടോസിലൂടെ ഭരണം ലഭിച്ച മങ്കര മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്.

കർഷക തൊഴിലാളി പ്രക്ഷോഭം മുതൽ നക്‌സലൈറ്റ് മുന്നേറ്റം വരെ രേഖപ്പെടുത്തിയ ഇടം. അരനൂറ്റാണ്ടുമുമ്പാണ്, കോങ്ങാട്ടെ ജന്മിയായിരുന്ന എ.എം. നാരായണൻകുട്ടി നായർ നക്‌സലൈറ്റ് ആക്ഷനിൽ കൊല്ലപ്പെട്ടത്.


Comments