സി.പി.എമ്മിന്റെ ‘രണ്ടു ടേം’ കടമ്പയിൽ തട്ടി അങ്ങനെ കൊട്ടാരക്കരയിൽനിന്ന് ഇത്തവണ പി. ഐഷ പോറ്റി ഒഴിവാകുന്നു. ഐഷ പോറ്റിക്ക് ഒരു വട്ടം കൂടി നൽകണമെന്നായിരുന്നു ജില്ല സെക്രട്ടറിയേറ്റിന്റെ നിർദേശം. എന്നാൽ, രണ്ടോ അതിലധികമോ തവണ തുടർച്ചയായി ജയിച്ചവരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള തീരുമാനം കർശനമാക്കിയതോടെയാണ് ഐഷ പോറ്റിയെ മാറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാലിനെ തീരുമാനിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ ഐഷ പോറ്റിക്കായിരുന്നു ജയം. കഴിഞ്ഞ തവണ 42,632 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അവർ കോൺഗ്രസിലെ സവിൻ സത്യനെ തോൽപ്പിച്ചത്.
കൊട്ടാരക്കരയെന്നുകേട്ടാൽ ആദ്യ ഓർമ വരുന്ന എം.എൽ.എ ആർ. ബാലകൃഷ്ണപിള്ളയാണ്. വീട്ടിൽ വിശ്രമത്തിലാണ് പിള്ളയെങ്കിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പുവന്നാൽ, കൊട്ടാരക്കരയുടെ കാര്യത്തിൽ പിള്ളക്ക് അങ്ങനെ വിശ്രമിക്കാൻ കഴിയില്ല. കൊട്ടാരക്കരയിൽ കാലിടറിയിട്ടുണ്ടെങ്കിലും പിള്ളയുടെ ഉള്ളിൽ കൊട്ടാരക്കരയല്ലാതെ മറ്റൊരു മണ്ഡലമില്ല. 1977 മുതൽ 2001 വരെ തുടർച്ചയായി പിള്ള കൊട്ടാരക്കര എം.എൽ.എയായി. 2006 ൽ ഐഷ പോറ്റിയോട് 12,000ലേറെ വോട്ടിന് തോറ്റു. മണ്ഡലത്തിൽ സി.പി.എമ്മിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.
പത്തനാപുരത്തിനുപുറമേ കൊട്ടാരക്കര കൂടി ചോദിക്കുമെന്ന് ഗണേഷ് കുമാർ പറയുന്നുണ്ടെങ്കിലും അത് അനുവദിച്ചുകിട്ടുമെന്ന് അദ്ദേഹത്തിനുപോലും പ്രതീക്ഷയില്ല. യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോൺഗ്രസ് (ബി) മത്സരിച്ചിരുന്ന രണ്ട് സീറ്റുകളാണ് പത്തനാപുരവും കൊട്ടാരക്കരയും. ആ ഓർമയിലൊന്ന് പറഞ്ഞുനോക്കിയതാണ് ഗണേഷ്. പത്തനാപുരത്തുനിന്ന് അദ്ദേഹം കൊട്ടാരക്കരയിലേക്ക് മാറുമെന്നും പ്രചാരണമുണ്ടായിരുന്നു. ഐഷ പോറ്റി മത്സരരംഗത്തുണ്ടാകില്ല എന്ന സൂചന ലഭിച്ചതോടെയാണ് പിതാവിന്റെ പഴയ തട്ടകത്തിലേക്ക് മകനെ മാറ്റുമെന്ന പ്രചാരണമുണ്ടായത്. എന്നാൽ, പത്തനാപുരം വിടാൻ ഗണേഷിന് സമ്മതമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത തോൽവി എൽ.ഡി.എഫ് പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.
ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി, പി. ഹരികുമാർ, പഴകുളം മധു, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവരാണ് കോൺഗ്രസ് പട്ടികയിലുള്ളത്. എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ തയാറാക്കി ഹൈക്കമാൻഡിന് സമർപ്പിച്ച പട്ടികയിലുള്ളത് പി.സി. വിഷ്ണുനാഥ് ആണ്. ഐ.എൻ.ടി.യു.സി കൊട്ടാരക്കരക്കുവേണ്ടി ശക്തമായി പിടിമുറുക്കുന്നുണ്ട്.
2016ൽ ബി.ജെ.പിയുടെ രാജേശ്വരി രാജേന്ദ്രൻ 23,962 വോട്ട് നേടിയിരുന്നു. പാർട്ടി ലക്ഷ്യം വെക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ ഇവിടെ രാമൻനായർ, ഡോ. എം.എൻ. മുരളി, ജി. ഗോപിനാഥ് എന്നിവരുടെ പേരാണ് പരിഗണനയിൽ. കെ. സുരേന്ദ്രന്റെ യാത്ര വെള്ളിയാഴ്ച ജില്ലയിലെത്തുമ്പോൾ അന്തിമ രൂപമാകും.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥി ഇ. ചന്ദ്രശേഖരൻ നായരാണ് ജയിച്ചത്. 28ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മത്സരം. ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സർക്കാറിലെ യുവമുഖങ്ങളിൽ ഒരാളായിരുന്നു ചന്ദ്രശേഖരൻ നായർ. വിമോചന സമരം കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽനിന്നുതന്നെ മത്സരിച്ചെങ്കിലും തോറ്റു. ദാമോദരൻ പോറ്റിയായിരുന്നു എതിർ സ്ഥാനാർഥി. 1964ൽ പാർട്ടി പിളർന്നു. 1965 ലും തോൽവി.
1967ൽ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് വീണ്ടും സഭയിൽ. രണ്ടാമത്തെ ഇ.എം.എസ് മന്ത്രിസഭക്കുശേഷം 1969 നവംബർ ഒന്നിന് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായത് സി. അച്യുതമേനോൻ. മുഖ്യമന്ത്രിക്ക് മത്സരിക്കാൻ 1970 ഏപ്രിലിൽ ചന്ദ്രശേഖരൻ നായർ എം.എൽ.എ സ്ഥാനം രാജിവച്ച് കൊട്ടാരക്കര ഒഴിഞ്ഞുകൊടുത്തു. എം.എൻ. ഗോവിന്ദൻ നായർ അന്ന് പുനലൂർ എം.എൽ.എയാണ്, അദ്ദേഹം രാജിവെക്കാമെന്നും അച്യുതമേനോനെ പുനലൂരിൽ മത്സരിപ്പിക്കാം എന്നും നിർദേശവുമുണ്ടായി. പുനലൂരിൽ ജയിക്കുമോ എന്നുറപ്പുണ്ടോ എന്ന ചന്ദ്രശേഖരൻ നായരുടെ ചോദ്യത്തിന്, ഉറപ്പില്ല എന്നായിരുന്നു പ്രവർത്തകരുടെ മറുപടി. അങ്ങനെ, ആ ഉപതെരഞ്ഞെടുപ്പിൽ അച്യുതമേനോൻ 26,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കൊട്ടാരക്കരയിൽനിന്ന് ജയിച്ചു. കോൺഗ്രസിലെ അഡ്വ. ശങ്കരനാരായണപിള്ളയായിരുന്നു എതിർ സ്ഥാനാർഥി.
1970ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനോട് ബാലകൃഷ്ണപിള്ളതോറ്റു. സംഘടനാ കോൺഗ്രസുമായി ചേർന്നാണ് കേരള കോൺഗ്രസ് അന്ന് മത്സരിച്ചത്. പിള്ളയുടെ രണ്ടാമത്തെ തോൽവി, 4677 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു കൊട്ടറക്ക്. 1977ൽ പിള്ള കൊട്ടറയെ തോൽപ്പിച്ചു, 14,155 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ചു. അന്നുമുതൽ 2006 വരെ ബാലകൃഷ്ണപിള്ളയായിരുന്നു കൊട്ടാരക്കര എം.എൽ.എ. മന്നത്തു പത്മനാഭനും ആർ. ശങ്കറും പട്ടം താണുപിള്ളയും പനമ്പിള്ളിയും പി.ടി. ചാക്കോയും നിറഞ്ഞുനിന്ന കാലത്താണ് ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. അത് സംഭവ- വിവാദ ബഹുലമായിരുന്നു.
1982- 87ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരിക്കേയാണ് ഇടമലയാർ അഴിമതിക്കേസിനിടയാക്കിയ സംഭവം. വി.എസ്. അച്യുതാനന്ദൻ വിട്ടുവീഴ്ചയില്ലാതെ നടത്തിയ നിയമപോരാട്ടത്തിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ. അങ്ങനെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മന്ത്രിയായി. അതിനുമുമ്പ്, പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം പോയിട്ടുണ്ട്, കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ എം.എൽ.എയാണ്. മന്നത്ത് പത്മനാഭന്റെ ശിഷ്യനായി ആറു പതിറ്റാണ്ടിന്റെ എൻ.എസ്.എസ് പ്രവർത്തനവും പിള്ളക്കുണ്ട്.