കോവളം: നീലൻ വീണ്ടും വരുമ്പോൾ

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലാണ്​ കേരളം. ​കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

72 കാരനായ മുതിർന്ന നേതാവ് നീലലോഹിതദാസൻ നാടാരെ തന്നെ ഒടുവിൽ കോവളം തിരിച്ചുപിടിക്കാൻ ജെ.ഡി- എസ് ഏൽപ്പിച്ചു. തിങ്കളാഴ്ച പത്രിക നൽകി അദ്ദേഹം പ്രചാരണം ഊർജിതമാക്കി. മത്സരിക്കാനില്ലെന്നു പറഞ്ഞ് ആദ്യമേ മാറിനിന്ന നീലനെ, പാർട്ടിയിലെ എല്ലാ അവകാശവാദങ്ങൾക്കുമുള്ള മറുപടി എന്ന നിലക്കുകൂടിയാണ് പാർട്ടി ദേശീയനേതൃത്വം തീരുമാനിച്ചത്.

നീലന്റെ ഭാര്യയും മുൻ എം.എൽ.എയുമായ ജമീല പ്രകാശം സ്ഥാനാർഥിത്വത്തിന് രംഗത്തുണ്ടായിരുന്നു. നീലൻ വിസമ്മതം അറിയിച്ചതിനെതുടർന്നാണ്, വിജയസാധ്യത തനിക്കെന്നു പറഞ്ഞ് ജമീല രംഗത്തുവന്നത്. നീലനുപകരം പുതുമുഖങ്ങൾക്ക് അവസരം വേണമെന്നു പറഞ്ഞ് ‘യുവതുർക്കി'കളും രംഗത്തെത്തി. ജില്ലാ പ്രസിഡന്റ് ഫിറോസ് ലാൽ, സെക്രട്ടറി ആർ.എസ്. പ്രഭാത് എന്നിവരെയാണ് ഇവർ മുന്നോട്ടുവച്ചത്. ഇതോടെ, നീലലോഹിതദാസൻ നാടാരുടെ പേര് പാർലമെന്ററി ബോർഡ് ദേശീയ അധ്യക്ഷൻ ദേവഗൗഡക്കുമുന്നിൽ സമർപ്പിക്കുകയായിരുന്നു സംസ്ഥാന നേതൃത്വം.

നീലനെ തന്നെ മത്സരിപ്പിച്ചാൽ എല്ലാ തർക്കങ്ങളും തീരുമെന്ന വിശ്വാസത്തിൽ അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിക്കുകയും ചെയ്തു. ഫലം: ഒരു വനിതക്ക് അവസരം നിഷേധിക്കപ്പെട്ടു.

45 വർഷത്തിനിടയിൽ ആറുതവണയാണ് നീലൻ കോവളത്ത് മത്സരിച്ചത്, അഞ്ചുതവണയും ജയിച്ചു. അടിയന്തരാവസ്ഥയെതുടർന്ന് ഇന്ദിരാഗാന്ധിക്കെതിരെ പ്രതിഷേധിച്ച് എ.ഐ.സി.സി അംഗത്വം രാജിവെച്ച അദ്ദേഹം 1977ൽ കോവളത്ത് സ്ഥാനാർഥിയായിരുന്നു. കേരള കോൺഗ്രസിലെ എൻ. ശക്തനെയാണ് തോൽപ്പിച്ചത്. 1987 മുതൽ 2006 വരെ കോവളത്തിന്റെ എം.എൽ.എയായിരുന്നു. നിലവിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാണ്.
2016ൽ സിറ്റിങ് എം.എൽ.എയായിരുന്ന ജമീല പ്രകാശത്തെ കോൺഗ്രസിലെ എ. വിൻസെന്റ് 2615 വോട്ടിനാണ് തോൽപ്പിച്ചത്. 2011ൽ കോൺഗ്രസിലെ ജോർജ് മെർസിയറെ 7205 വോട്ടിനാണ് ജമീല തോൽപ്പിച്ചത്.

കദനകഥകളുടെ എം.എൽ.എയാണ് എ. വിൻസെൻറ്​. ഈയിടെ അദ്ദേഹം, സ്വന്തം കാറിന്റെ വായ്പ അടച്ചുതീർത്ത സംഭവം ഫേസ്ബുക്കിലൂടെ കോവളത്തെ വോട്ടർമാരെ അറിയിച്ചു: ''ലോൺ അടഞ്ഞു തീർന്നു, ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി... കഴിഞ്ഞ 5 വർഷമായി 2,23,000 കിലോമീറ്റർ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എം.എൽ.എമാർക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീർന്നതോടെ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി. കടപ്പാട്: കോവളത്തെ ജനങ്ങളോട്''.

ഇതിനും മുമ്പ് എം.എൽ.എയുടെ വീടും വാർത്തകളിൽ ഇടം പിടിച്ചു. ഒന്നേമുക്കാൽ സെന്റിൽ 650 ചതുരശ്ര അടിയിലുള്ള വീടാണ് എം.എൽ.എയുടേത്. ഷീറ്റ് മേഞ്ഞ മേൽക്കൂര. ഒരു മുറിയിൽ അമ്മ. രണ്ടാമത്തെ മുറിയിൽ അഞ്ചുപേർ- എം.എൽ.എയും ഭാര്യയും മുന്നുമക്കളും. വായ്പയിൽ ബാക്കിയുള്ള 1.45 ലക്ഷം രൂപ അടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നു കാണിച്ച് സംസ്ഥാന സഹകരണ ബാങ്ക് കത്തും അയച്ചിട്ടുണ്ടത്രേ.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

എന്നാൽ, ഇത് എം.എൽ.എയുടെ തട്ടിപ്പാണെന്നും ഇലക്ഷൻ അടുത്ത സമയത്ത് സഹതാപതരംഗമുണ്ടാക്കാനാണെന്നും ചില കുബുദ്ധികൾ ആരോപിച്ചു. മാത്രമല്ല, എം.എൽ.എക്കുണ്ടെന്നു പറയുന്ന മറ്റൊരു വീടിന്റെയും കടമുറിയുടെയും പടങ്ങളും പുറത്തുവിട്ടു. സ്വന്തം വീടും കടമുറിയും വാടകക്കുനൽകി എം.എൽ.എ ആളുകളെ പറ്റിക്കുന്നുവെന്നായിരുന്നു ആരോപണം. ഭാര്യക്ക് ലഭിച്ച നാലുസെന്റിൽ പണിതതാണ് ആ വീടെന്നും ഇതിനുവേണ്ടി എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ലെന്നും ആ കെട്ടിടത്തിൽനിന്ന് കിട്ടുന്ന വരുമാനം കുടുംബച്ചെലവിനാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു എം.എൽ.എയുടെ മറുപടി.

എന്തായാലും ഷീറ്റുമേഞ്ഞ വീടും ലോണിൽ വാങ്ങിയ കാറും വോട്ടായി മാറില്ലെന്ന് ഉറപ്പ്.

നീലൻ വന്നതോടെ കോവളത്തെ മത്സരം കടുപ്പിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. മണ്ഡലം പിടിച്ചെടുക്കാൻ പറ്റിയ സാഹചര്യവുമാണുള്ളത്. ക്രിസ്ത്യൻ മതവിഭാഗത്തിൽ എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള തീരുമാനം എൽ.ഡി.എഫിന് ഗുണം ചെയ്യും. കോവളത്ത് നാടാർ സമുദായത്തിന് നിർണായക സ്വാധീനമുണ്ട്. ഇപ്പോൾ ഹിന്ദു നാടാർ, എസ്.ഐ.യു.സി വിഭാഗങ്ങൾക്ക് ജോലിയിൽ ഒരു ശതമാനം സംവരണമാണുള്ളത്. ലത്തീൻ സഭയിലെ നാടാർ വിഭാഗത്തിനും ആ സഭയുടെ സംവരണമുണ്ട്. ഇതിലൊന്നും ഉൾപ്പെടാത്ത വിഭാഗക്കാർക്കാണ് പുതിയ സംവരണം കിട്ടുക. തദ്ദേശ െതെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനാണ് ലീഡ്.

തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം.

Comments