രണ്ട് എം.പിമാര്‍ തമ്മിലെ രാഷ്ട്രീയ മത്സരം

കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതരായ രണ്ട് എം.പിമാര്‍ തമ്മിലെ മത്സരം കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമാകുകയാണ്.

Election Desk

നിയമസഭയിലേക്ക് രണ്ട് പതിറ്റാണ്ടായി ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചിട്ടില്ലാത്ത കോഴിക്കോട് ജില്ലയില്‍ നിന്നാണ് എം.കെ. രാഘവന്‍ എന്ന കണ്ണൂരുകാരനായ കോണ്‍ഗ്രസുകാരന്‍ ഹാട്രിക് തികച്ച് നാലാം അങ്കത്തിനിറങ്ങുന്നത്. 2009- ല്‍ പി.എം. മുഹമ്മദ് റിയാസിനെ 838 എന്ന നേരിയ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് തുടങ്ങിയതായിരുന്നു രാഘവന്റെ വിജയയാത്ര. 2014- ല്‍ എ. വിജയരാഘവനെയും 2019- ല്‍ എ. പ്രദീപ് കുമാറിനെയും തോല്‍പ്പിച്ച് ഹാട്രിക്ക് നേടിയ രാഘവന്‍ ഇത്തവണ നേരിടുന്നത് എളമരം കരീമെന്ന തൊഴിലാളി നേതാവായ രാജ്യസഭാ എം.പിയെ.

ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കോഴിക്കോട്ടെ കോൺഗ്രസ് കുതിപ്പ് അവസാനിപ്പിക്കുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫും. ‘രാഘവേട്ടന്‍’ എന്ന കോഴിക്കോടിന്റെ സൗമ്യ സാന്നിധ്യത്തിനെതിരെയാണ് എല്‍.ഡി.എഫിന്റെ തൊഴിലാളി നേതാവ് കൂടിയായ ‘കരീംക്ക’ എന്ന പാര്‍ലമെന്റേറിയന്‍ മത്സരിക്കുന്നത്. ‘രാഘവേട്ട’നാണോ ‘കരിംക്ക’യാണോ ജനമനസിലെന്നറിയാന്‍ കാത്തിരിക്കണം. എങ്കിലും കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതരായ രണ്ട് എം.പിമാര്‍ തമ്മിലെ മത്സരം കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമാകുമെന്ന് ഏതാണ്ട് ഉറപ്പായി.

പ്രചാരണത്തിനിടെ എം.കെ. രാഘവന്‍

ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. ഇതില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം വിജയിക്കുന്നത് എല്‍.ഡി.എഫ് ആണ്. കൊടുവള്ളിയില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.കെ. മുനീര്‍ വിജയിച്ചു. ബാലുശേരിയില്‍ കെ.എം. സച്ചിന്‍ദേവ്, എലത്തൂരില്‍ എ.കെ. ശശീന്ദ്രന്‍, കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂരില്‍ പി.എ. മുഹമ്മദ് റിയാസ്, കുന്ദമംഗലത്ത് പി.ടി.എ റഹീം എന്നിവരാണ് എല്‍. ഡി.എഫിനുവേണ്ടി വിജയം നേടിയത്. എല്‍.ഡി.എഫിന് ലോകസഭയിലേക്കുള്ള പ്രതീക്ഷ നല്‍കുന്നതും 2021ലെ ഈ വിജയമാണ്.

ഏക സിവില്‍ കോഡ്, പലസ്തീനെതിരായ ഇസ്രായേല്‍ അധിനിവേശം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നിലപാട് വോട്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് എല്‍.ഡി.എഫ്. കാലങ്ങളായി കോണ്‍ഗ്രസിനെ സഹായിക്കുന്ന മുസ്‌ലിം വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തെ തുണയ്ക്കുമെന്നും പാര്‍ട്ടി വോട്ടുകള്‍ ചോരാതെ നോക്കിയാല്‍ വിജയം സാധ്യമാണെന്നും കണക്ക് കൂട്ടുന്നു എല്‍.ഡി.എഫ്.

ബി.ജെ.പിക്കൊപ്പം പോകാന്‍ തിരുമാനിച്ച ആര്‍.ജെ.ഡി നേതൃത്വത്തെ തള്ളി എം.വി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡി കേരളഘടകം എല്‍.ജെ.ഡിയില്‍ ലയിച്ചതും എല്‍.ഡി.എഫിലേക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കുമെന്നും സി.പി.എം കരുതുന്നു.

എന്നാൽ, സി.പി.എം കണക്കുകൂട്ടലുകളെ, കോഴിക്കോടിന്റെ തെരഞ്ഞെടുപ്പു ചരിത്രം വച്ചുകൊണ്ട് കോൺഗ്രസ് നേരിടുന്നു. മണ്ഡലത്തില്‍ ചെയ്തു തീര്‍ത്ത വികസന പ്രവര്‍ത്തനങ്ങളും പതിനഞ്ച് വര്‍ഷത്തോളം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം.പി. എന്ന നിലയിലെ ജനകീയതയും വോട്ടാകുമെന്ന വിശ്വാസം യു.ഡി.എഫിനുണ്ട്. നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി എല്‍.ഡി.എഫിനൊപ്പമെത്താനും കഴിഞ്ഞിട്ടുണ്ട് യു.ഡി.എഫിന്. ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കുമ്പോള്‍ ഇരുമുന്നണികളുടെയും പ്രധാന പ്രചാരണായുധം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തന്നെയാണ്.

എളമരം കരീം കോഴിക്കോട്ട് പ്രചാരണത്തിനിടെ

കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂറുമാറുന്നതും എല്‍. ഡി.എഫ് പ്രചാരണവിഷയമാക്കുന്നുണ്ട്. രാജ്യസഭാ എം.പിയും ലോകസഭാ എം.പിയും തമ്മിലുള്ള പോരാട്ടത്തില്‍ കോഴിക്കോട് വികസനവും പ്രധാന ചര്‍ച്ചാവിഷയമാണ്. ഒന്നര പതിറ്റാണ്ടായി കോഴിക്കോടിനെ ലോകസഭയില്‍ പ്രതിനിധീകരിച്ച് എം.കെ രാഘവന്‍ വലിയ പദ്ധതികെളൊന്നും കോഴിക്കോട് എത്തിച്ചില്ലെന്നാണ് എല്‍.ഡി.എഫ് പ്രചാരണം.

കോഴിക്കോട്ടെ വോട്ടര്‍മാരുടെ പ്രതീക്ഷക്കൊത്ത് ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിക്കാന്‍ എം.കെ രാഘവന്‍ ലോകസഭയിലോ പുറത്തോ ശ്രമിച്ചില്ലെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. കുടിശിക ലഭിക്കാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്ന് വിതരണം നിലച്ചതിനെ തുടര്‍ന്ന് എം.കെ രാഘവന്‍ നടത്തിയ സമരം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. കോഴിക്കോട് വഴിയുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, ദേശീയപാതാ വികസനം, മെഡിക്കല്‍ കോളേജ് വികസനം, ബേപ്പൂര്‍ തുറമുഖത്തെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍, എയിംസ് അടക്കമുള്ള കാര്യങ്ങളില്‍ എം.പിയെന്ന നിലയില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ല തുടങ്ങിയ കാര്യങ്ങളെല്ലാം എല്‍.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്.

അതേസമയം 15 വര്‍ഷത്തിനിടെ എം.കെ രാഘവന്‍ കോഴിക്കോട് മണ്ഡലത്തില്‍ വലിയ വികസനങ്ങള്‍ സാധ്യമാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കുന്നതില്‍ എം.കെ രാഘവന്‍ സജീവമായി ഇടപെട്ടു. മരുന്ന ക്ഷാമത്തിനെതിരെ ഉപവാസസമരം സംഘടിപ്പിച്ചു. എല്‍.ഡി.എഫിന് ഈ പ്രശ്‌നത്തില്‍ ആദ്യം മുതല്‍ തന്നെ ഇടപെടുകയും സര്‍ക്കാരിനെക്കൊണ്ട് പണം അനുവദിപ്പിച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ എല്‍.ഡിഎഫിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. എം.കെ രാഘവന്‍ ഉപവാസം നടത്തിയതോടെയാണ് വിഷയം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ രാജ്യസഭാ എം.പി എന്ന നിലയില്‍ മണ്ഡലത്തിന്റെ വികസനത്തിന്റെ കാര്യത്തില്‍ എളമരം കരീം ഒരു പങ്കും വഹിച്ചില്ലെന്നും യു.ഡി.എഫിന്റെ ആരോപണങ്ങളാണ്.

കോഴിക്കോടിന്റെ ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരു തവണ മാത്രമേ സി.പി.എം കോഴിക്കോട്ടുനിന്ന് ലോക്സഭയിലെത്തിയിട്ടുള്ളൂ, ഇ.കെ. ഇമ്പിച്ചി ബാവ, 1980- ല്‍. 96-ലും 2004-ലും ജനതാദള്‍ സ്ഥാനാര്‍ത്ഥി എം.പി. വീരേന്ദ്രകുമാര്‍ജയിച്ചത് ഒഴിച്ചാല്‍ കോഴിക്കോട്ടുനിന്ന് ലോകസഭയിലെത്തിയത് കോണ്‍ഗ്രസും മുസ്‍ലിം ലീഗും മാത്രമാണ്. ഈ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനെ ഇത്തവണയും നയിക്കുന്നത്. ഇത്തവണയും കോഴിക്കോട് കോണ്‍ഗ്രസിനൊപ്പം പോകുമോ അതോ സി.പി.എം ചരിത്രം രചിക്കുമോ എന്നാണ് അറിയാനുള്ളത്.

2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച എം.ടി. രമേശാണ് ഇത്തവണ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുവമോര്‍ച്ച നേതാവ് അഡ്വ സുരേഷ് ബാബു പിടിച്ച 1,61,216 വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ട് നേടി വോട്ട് വിഹിതം മെച്ചപ്പെടുക എന്നത് മാത്രമാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ റോള്‍.

Comments