വാദി പ്രതിയാവുന്ന പൊലീസ് ഭരണം

നിയമപരമായ അവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമാണെന്ന രാഷ്ട്രീയത്തിന്റെ കോഡ് വാക്ക്. കുറ്റാന്വേഷകരെന്ന നിലയിൽ നിന്ന് പൊലീസ് കുറ്റവാളികളായി മാറുന്ന പ്രക്രിയയും ഈ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാവുന്നു. കേരളത്തിലെ ഭരണനിർവഹണത്തിന്റെ ഏറ്റവും നിഷേധാന്മക പ്രവണതകളുടെ ഒരു ഇൻഡക്സ് തയ്യാറാക്കുകയാണെങ്കിൽ അതിൽ മുമ്പന്തിയിൽ വരുന്ന ഒരു വിഭാഗം പൊലീസാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ലെന്ന കാര്യം ഭരണാധിപന്മാർ തിരിച്ചറിഞ്ഞില്ലെങ്കിലും ജനങ്ങൾ മറക്കാനിടയില്ല.

ലതുപക്ഷ സർവാധിപത്യത്തിന്റെ തേർവാഴ്ച രാജ്യമാകെ ഒരേ തോതിൽ വ്യാപിക്കുന്നതിനെ തടയിടുന്ന തരത്തിലുള്ള ഒരുതരം ‘കീഴാള ജനാധിപത്യം' ഇന്ത്യയിലാകെ പ്രവർത്തിക്കുന്നതായി കരുതേണ്ടിവരുമെന്ന് പകുതി ഫലിത രൂപേണ വിഖ്യാത നരവംശ- സാമൂഹ്യ ശാസ്ത്രജ്ഞനായ അർജുൻ അപ്പാദുരെ നിരീക്ഷിക്കുന്നു. 1നിയമ പരിപാലനത്തിൽ പ്രകടമാകുന്ന അരാജകത്വം അതിന്റെ ലക്ഷണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗതാഗത നിയമങ്ങൾ മുതൽ ഗഹനമായ ഭരണഘടനാതത്വങ്ങളിൽ വരെ സംഭവിക്കുന്ന നിയമലംഘനങ്ങളുടെ ‘ഭരണമില്ലായ്മ' (നോൺ-ഗവേണൻസ്) വലതുപക്ഷ അധീശത്വത്തിന്റെ തേർവാഴ്ചയെ പരോക്ഷമായെങ്കിലും പ്രതിരോധിക്കുന്നതിന് ഉതകുമെന്ന അപ്പാദുരെയുടെ ഫലിതോക്തി അവഗണിക്കാനാവാത്ത ഇന്ത്യൻ യാഥാർത്ഥ്യമാണ്.

നിയമപരിപാലനവും, ലംഘനവും തമ്മിൽ വേർതിരിക്കാനാവത്ത സ്ഥലരാശിയിൽ പുലരുന്ന ഈ കീഴാള ജനാധിപത്യത്തിന്റെ ‘ജുഗാഡുകളിലാണ്' 2 90 ശതമാനം ഇന്ത്യക്കാരുടെയും ദൈനംദിന ജീവിതം. അപ്പാദുരെ പറയുന്ന ജുഗാഡുകളുടെ വിപരീത ദിശയിലുള്ള സർവാധിപത്യത്തിന്റെ ഏകതാനതയിലാണ് പൊലീസ് ഭരണത്തിന്റെ സഞ്ചാരപഥം. കേരളത്തിൽ നടമാടുന്ന പൊലീസ് രാജിനെ മനസ്സിലാക്കുവാൻ ഈയൊരു സമീപനം സഹായകമാവും. ‘കളവു കേസിൽ ആദ്യം വിസ്തരിക്കേണ്ടത് അന്യായം കൊണ്ടു വന്ന റാസ്‌കലിനെയല്ലേ'3 എന്ന ഭാഷ്യമാണ് (വി.കെ.എൻ കഥാപാത്രം) പൊലീസ് ഭരണത്തിന്റെ അടിസ്ഥാന യുക്തി.

കണ്ണൂർ അഴീക്കലിൽ ലോക്ഡൗൺ ലംഘിച്ചവരെ കണ്ണൂർ എസ്.പി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഏത്തമിടീക്കുന്നു. (2020)

നിയമത്തിന്റെ പരിപാലനവും, ലംഘനവും തമ്മിൽ വേർതിരിക്കാനാവാത്ത ഭരണമില്ലായ്മയുടെ ചതുപ്പുകളിൽ കഴിയുന്ന കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ ദൈനദിന ജീവിതക്രമത്തെ പൊലീസിനെ ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധം അസഹനീയമാക്കുന്നതിന്റെ പശ്ചാത്തലമിതാണ്. രോഗപ്രതിരോധത്തിനായുള്ള അച്ചടക്കം നടപ്പിലാക്കുവാനും, അച്ചടക്കം ലംഘിക്കുന്നവർക്ക് പിഴയിടാനും വാദിയെ പ്രതിയാക്കുന്ന പൊലീസ് യുക്തി ഉപയോഗിച്ചാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളു. അനീതികൾക്കും, അസമത്വങ്ങൾക്കും കാലങ്ങളായി ലോഭമില്ലാത്ത ഒരു സാമൂഹ്യഘടനയുടെ സാന്നിദ്ധ്യത്തെ പാടെ അവഗണിക്കുന്ന ഭരണസംസ്‌ക്കാരമാണ് അതിൽ നിഴലിക്കുന്നത്. പൊലീസിനെ ഉപയോഗിച്ചുള്ള അച്ചടക്ക പരിപാലനവും, പിഴയിടലും രോഗ പ്രതിരോധത്തിനുള്ള സിദ്ധൗഷധങ്ങൾ അല്ലെന്ന കാര്യം കേരളത്തിലെ രോഗവ്യാപനത്തിന്റെ ഏറ്റിറക്കങ്ങളുടെ കാലഗണന പരിശോധിച്ചാൽ വ്യക്തമാവും. ജനങ്ങൾ സ്വമേധയാ സ്വീകരിച്ച നിയന്ത്രണങ്ങളും, ജനങ്ങളെ ജാഗരൂകരാക്കുന്നതിൽ സംസ്ഥാന സർക്കാർ വഹിച്ച പങ്കും രോഗബാധയുടെ ആദ്യ തരംഗത്തെ കേരളത്തിൽ ഒരു പരിധി വരെ ഫലപ്രദമായി തടഞ്ഞു നിർത്തിയതിൽ നിർണായകമായിരുന്നു. സാധാരണക്കാരായ ജനങ്ങളുടെമേൽ കുതിര കയറുന്ന പൊലീസിന്റെ സ്വഭാവം കേരളത്തിലും ഇന്ത്യയിലും പുതിയതല്ല. അമേരിക്കയിൽ ഒട്ടുമല്ലെന്ന് ശ്വാസം കിട്ടാതെ മരിച്ച ജോർജ് ഫ്ളോയിഡിന്റെ വംശം സാക്ഷി. കോവിഡിന്റെ കാലത്തും അതിൽ മാറ്റമില്ല. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ പൊലീസിന്റെ ഭാഗത്തു നിന്നുളള അധികാര പ്രയോഗം കേരളത്തിൽ പ്രകടമായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന നിലയിൽ അവയെ അവഗണിക്കുന്ന സമീപനമാണ് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങളിൽ നിന്നുണ്ടായിട്ടുള്ളത്. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സ്വമേധയ സ്വീകരിച്ചതിന്റെ ഫലമായിരുന്നു രോഗബാധ അനിയന്ത്രിതമായ നിലയിൽ പകരാതിരിക്കുന്നതിനുള്ള പ്രധാന കാരണം. അല്ലാതെ പൊലീസ് റോന്തു ചുറ്റിയതു കൊണ്ടല്ല. ജനങ്ങളുടെ ഭാഗത്തു നിന്ന് സ്വമേധയ ലഭിക്കുന്ന സഹകരണം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യം നേരിടുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൊള്ളാവുന്ന ഡോക്ടർമാരും അല്ലാത്തവരും അക്കാര്യം പൂർണമായും സമ്മതിക്കും. ‘മാസ്‌ക്' ധരിക്കാത്ത ഒരാളും കേരളത്തിലെ നിരത്തുകളിലും, പൊതുസ്ഥലങ്ങളിലും പൊതുവെ കാണില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതി. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ മൂർദ്ധന്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തിയ മലയാളികൾ അതിന്റെ സാക്ഷികളായിരുന്നു.

കറുത്തവർഗക്കാരനായ ജോർജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അമേരിക്കയിലുടനീളം നടന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിൽ നിന്ന്. / Photo: Geoff Livingston, Flickr

രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിലെ ജനങ്ങളുടെ സ്വന്തം ഭാഗത്തുനിന്നുള്ള മുൻകരുതലുകൾ സർക്കാരിന്റെ രക്ഷകർതൃ സമീപനത്തിന്റെ ഫലമാണെന്നുള്ള ധാരണയിലാണ് കോവിഡ് മാനദണ്ഡങ്ങൾ നിർണയിക്കുന്ന കൽപ്പനകൾ ഭരണാധികാരികൾ പുറപ്പെടുവിക്കുന്നത് എന്നു കരുതേണ്ടി വരും. അച്ചടക്കവും, ശിക്ഷയും വിധിക്കാനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം സർക്കാരിൽ മാത്രം നിക്ഷിപ്തമാണെന്ന ബോധമാണ് ഇത്തരം കൽപ്പനകളുടെ അടിത്തറ. മഹാമാരി ക്രമസമാധന പ്രശ്നം അല്ലെന്ന ബോധ്യം സർക്കാരിന്റെ കൽപ്പനാസുരന്മാരുടെ തലയിൽ ഒരിക്കലും ഉദിച്ചതായി തോന്നുന്നില്ല. സർക്കാരിന്റെ ഉന്നതങ്ങളിലെ കൽപ്പനാസുരന്മാർ പുലർത്തുന്ന ഈ അധികാരഭാവം പൊലീസിലെത്തുമ്പോൾ പ്രത്യക്ഷത്തിലുള്ള മർദ്ദക സ്വഭാവം കൈവരിക്കുന്നു. വഴിവാണിഭം നടത്തുന്നവരുടെ ജീവനോപാധികൾ നശിപ്പിക്കുന്നതും അതിൽ ഏർപ്പെടുന്നവരെ ശാരീരികമായി ഭേദ്യം ചെയ്യുന്നതും കേസിൽ കുടുക്കുന്നതുമെല്ലാം സ്വാഭാവികമായ നിയമപരിപാലനത്തിനുള്ള അവകാശമായി അപ്പോൾ മാറുന്നു. ഭരണകൂടത്തിന്റെ ശ്രേണീബദ്ധമായ അധികാര സമുച്ചയത്തിലെ ഒരു ഭാഗം മാത്രമായ പൊലീസിനെ ഒറ്റപ്പെടുത്തി സകല പഴിയും അവരുടെ മേൽ ചാരുന്നതുകൊണ്ടു മാത്രം പൊലീസ് രാജിന്റെ നാൾവഴികൾ മനസ്സിലാക്കാനാവില്ല. എന്നാൽ രോഗബാധയുടെ രണ്ടാം തരംഗത്തിന്റെ കാലയളവിൽ ചിത്രം മാറി. രണ്ടാം തരംഗത്തിന്റെ സാധ്യത മുൻകൂട്ടി കാണുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനാവശ്യമായ മുൻകരുതലകൾ സ്വീകരിക്കുന്നതിനും ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിലായിരുന്നു രണ്ടാം തരംഗത്തിന്റെ ഇൻകുബേഷൻ. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഏറ്റവും ജാഗ്രത പുലർത്തേണ്ടിയിരുന്ന മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കേരളത്തിലെ ഭരണ- പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആഘോഷതിമിർപ്പിലായിരുന്നു. തെരഞ്ഞെടുപ്പിന്റെ വീറിലും, വാശിയിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മുൻഗണനാവിഷയം അല്ലാതായതോടെ രോഗവ്യാപനം മെയ്- ജൂൺ മാസങ്ങളിൽ രൂക്ഷമായി. അതിന്റെ തിക്തഫലം കേരളം ഇപ്പോഴും അനുഭവിക്കുന്നു.

പൊലീസ് സഹായത്തോടെ ഇപ്പോഴത്തെ അവസ്ഥ മറികടക്കാമെന്നുള്ള വ്യാമോഹം ഉപേക്ഷിക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പൂർണ സഹകരണവും, പിന്തുണയും എങ്ങനെ ഉറപ്പാക്കാനാവുമെന്ന ഗൗരവമായ ആലോചനകളുമാണ് ഉത്തരവാദിത്തമുള്ള ഭരണ നേതൃത്വത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയം.

കർഷക സമരത്തെ നേരിടാൻ ഡൽഹി അതിർത്തിയിൽ ഒരുക്കിയ പൊലീസ് സന്നാഹം / Photo Q.Naqvii

ഭരണകൂട സമുച്ചയത്തിന്റെ അധികാര ശ്രേണിയിലെ പ്രാഥമിക ഉപകരണങ്ങൾ എന്ന നിലയിൽ പോലീസ് സംവിധാനത്തിന്റെ ജനിതക ഘടനയിൽ അങ്ങനെയൊരു ബോധോദയത്തിനുള്ള സ്ഥാനമില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യം മാത്രമാണെന്ന ബോധം ഉറപ്പിക്കുകയാണ് പൊലീസ് സംവിധാനത്തിന്റെ ജന്മദൗത്യം. നാൽക്കവലകളിലും, പൊലീസ് സ്റ്റേഷനുകളിലും തങ്ങളുടെ ഈ ദൗത്യം പൊലീസ് ദിവസവും നിറവേറ്റുന്നു. ഭരണഘടനാപരമായി ഉറപ്പാണെന്നു പറയപ്പെടുന്ന അവകാശങ്ങൾ കാക്കിക്കുപ്പായത്തിന്റെ മുന്നിൽ ഒന്നുമല്ലാതാവുമെന്ന ഭീതി അബോധ മനസ്സിൽ പേറുന്ന ജനങ്ങളെ സംബന്ധിച്ച് പൊലീസുമായുള്ള ഒരോ മുഖാമുഖവും അവകാശ സംരക്ഷണത്തിനായുള്ള ജീവന്മരണ വിഷയമായി മാറുന്ന സാഹചര്യമിതാണ്. പൊലീസിന്റെ അന്യായങ്ങളെ കുറിച്ച് പ്രതികരിക്കുന്നവരോടുള്ള "നിയമം പഠിപ്പിക്കേണ്ട' എന്ന പൊലീസ് ഭാഷ്യം യഥാർത്ഥത്തിൽ ഭരണകൂടത്തിന്റെ കോഡ് വാക്കാണ്. നിയമപരമായ അവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമാണെന്ന രാഷ്ട്രീയത്തിന്റെ കോഡ് വാക്ക്. കുറ്റാന്വേഷകരെന്ന നിലയിൽ നിന്ന് പൊലീസ് കുറ്റവാളികളായി മാറുന്ന പ്രക്രിയയും ഈ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാവുന്നു. കേരളത്തിലെ ഭരണനിർവഹണത്തിന്റെ ഏറ്റവും നിഷേധാന്മക പ്രവണതകളുടെ ഒരു ഇൻഡക്സ് തയ്യാറാക്കുകയാണെങ്കിൽ അതിൽ മുമ്പന്തിയിൽ വരുന്ന ഒരു വിഭാഗം പൊലീസാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ലെന്ന കാര്യം ഭരണാധിപന്മാർ തിരിച്ചറിഞ്ഞില്ലെങ്കിലും ജനങ്ങൾ മറക്കാനിടയില്ല. പൊലീസിന്റെ ഭാഗത്തു നിന്നുള്ള അന്യായമായ പെരുമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം റിപ്പോർട്ടു ചെയ്തതിട്ടുള്ള സംഭവങ്ങളിൽ സ്ഥിരമായി ഇടം പിടിക്കുന്ന ഒന്നാണ് "പൊലീസിനെ നിയമം പഠിപ്പിക്കേണ്ട' അല്ലെങ്കിൽ ‘പൊലീസിനെ നിയമം പഠിപ്പിക്കാൻ മാത്രം വളർന്നോ' തുടങ്ങിയ പരാമർശങ്ങൾ. നിത്യജീവിതത്തിൽ മാത്രമല്ല ജനപ്രിയ സിനിമകളിലും, കഥകളിലുമെല്ലാം പൊലീസ് പേറ്റന്റു പതിഞ്ഞ പെരുമാറ്റസംഹിതയുടെ ഉദാഹരണമായി ഈ പരാമർശങ്ങൾ സ്ഥിരമായി ഇടം പിടിക്കുന്നു. പൊലീസിനെ നിയമം പഠിപ്പിക്കുന്നതിനുപകരം പൗരന്റെ ന്യായമായ അവകാശങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന ബോധം ഇത്തരം സന്ദർഭങ്ങളിൽ ഒരിക്കലും പ്രകടമാകാറില്ല.

1: സിദ്ധാർത്ഥ് ഭാട്ടിയ അർജുൻ അപ്പാദുരയുമായി നടത്തിയ അഭിമുഖം; ദി വയർ (വീഡിയോ) 06-8-21. .
2: ജുഗാഡ്: ഉപായത്തിൽ കാര്യങ്ങൾ നടത്തിയെടുക്കകെന്ന എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഹിന്ദി പദം.
3: വികെഎൻ: ക്രമസമാധാനം (ഒരു നൂറു മിനിക്കഥകൾ).

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 37 ൽ പ്രസിദ്ധീകരിച്ച ലേഖനം

Comments