മോദിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാൻ കോൺഗ്രസിന് കഴിഞ്ഞില്ല- കെ.പി. ഉണ്ണികൃഷ്ണൻ

‘‘​നരേന്ദ്രമോദിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് അവിടെയിവിടെയുമൊക്കെ കൊള്ളാം എന്ന നിലയ്ക്കാണ് ഇന്നത്തെ പോക്കു കണ്ടാല്‍ തോന്നുക. ചില സ്ഥലത്തൊക്കെ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍പന്തിയിലുണ്ട്, എല്ലാ സ്ഥലത്തും കഴിഞ്ഞിട്ടുമില്ല’’- മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.

കെ. കണ്ണൻ: വടകരയില്‍ മാത്രമല്ല, കേരളത്തില്‍ തന്നെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ എം.പിയായ ആളാണ് കെ.പി. ഉണ്ണികൃഷ്ണന്‍. വടകര ഇത്തവണയും കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു മത്സരമാണ് നടക്കുന്നത്. വടകരയുടെ വോട്ടിന്റെ സ്വഭാവം, അതായത്, പൊളിറ്റിക്കൽ വോട്ടിങ്ങിന്റെ സ്വഭാവം എന്താണെന്ന് പറയാമോ?

​കെ.പി. ഉണ്ണികൃഷ്ണൻ: കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലങ്ങളില്‍ ആദ്യത്തെ ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ ഒന്നായിരിക്കും വടകര. വടകര, കൊയിലാണ്ടി. തലശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ സ്വാതന്ത്ര്യ സമരകാലത്തും അതിനുശേഷവും ഇടതുപക്ഷ ചായ്‌വുള്ള മണ്ഡലങ്ങളായി വളര്‍ന്നുവന്നതാണ്. ആദ്യം വയനാടും ഈ മണ്ഡലത്തിലായിരുന്നു. പിന്നീട് തലശ്ശേരിയും പാനൂരും ഇന്നത്തെ കൂത്തുപറമ്പും വന്നു. അതുകൊണ്ട് രാഷ്ട്രീയ പ്രബുദ്ധത വളരെയുള്ള ഒരു മണ്ഡലം എന്ന് വിശേഷിപ്പിക്കാം.

ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷമുള്ള ഓരോ തെരഞ്ഞെടുപ്പിലും ഈ വിഷയം റിസൾട്ടിനെ സ്വാധീനിക്കാറുണ്ട് എന്നു പറയാറുണ്ട്. ടി.പി. ചന്ദ്രശേഖരനുമായി താങ്കൾക്ക് പേഴ്സണൽ ബന്ധവും ഉണ്ടായിരുന്നു​വല്ലോ.

ടി.പി. ചന്ദ്രശേഖരന്‍
ടി.പി. ചന്ദ്രശേഖരന്‍

പേ​ഴ്സണൽ ബന്ധമുണ്ടായിരുന്നു. ഞാന്‍ അവിടെനിന്ന് വിട്ടതിനുശേഷമാണ് ഈ സംഭവമുണ്ടാകുന്നത്.
വടകര അസംബ്ലി മണ്ഡലത്തിലെ ഒഞ്ചിയും പോലുള്ള ചില പഞ്ചായത്തുകളിൽ അത് തീര്‍ച്ചയായും ബാധിക്കും. എന്നാല്‍, അത് മാത്രമാണ് തെരഞ്ഞെടുപ്പുഫലത്തിന്റെ തീര്‍പ്പു കല്‍പ്പിക്കാനുള്ള ഘടകം എന്നു ഞാന്‍ പറയില്ല.

കേരളത്തിലെ കോൺഗ്രസ് രണ്ട് ടേമുകളിലായി പ്രതിപക്ഷത്താണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ കക്ഷി എന്ന നിലയ്ക്കുള്ള കോൺഗ്രസിന്റെ പ്രകടനത്തിൽ, തെരഞ്ഞെടുപ്പുഫലത്തെ അവർക്ക് അനുകൂലമാക്കുന്ന എന്തെങ്കിലും ഘടകമുണ്ടോ?

കോണ്‍ഗ്രസിന്റെ നിയമസഭാപ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കുകയില്ല ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം. ഗ്രൗണ്ടിലുള്ള പ്രവര്‍ത്തനം എങ്ങനെയിരിക്കും എന്നതിനനുസരിച്ചിരിക്കും. പല ഘടകങ്ങളും സ്വാധീനിക്കാം. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളും പോരായ്മകളുമൊക്കെ ഘടകമാകും. ഇതെല്ലാം മാധ്യമങ്ങളിലുടെ ജനങ്ങളിലേക്ക് നിമിഷംതോറും എത്തുന്നുമുണ്ടല്ലോ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും ദേശീയ തലത്തില്‍ ഒരു രാഷ്ട്രീയ ബദലുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ ആളാണ് താങ്കള്‍. ഇപ്പോൾ ദേശീയതലത്തില്‍ ഇന്ത്യ മുന്നണി എന്ന പ്രതിപക്ഷ സഖ്യമുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എക്കെതിരെ, അതിശക്തമായി നിൽക്കുന്ന ബി.ജെ.പിക്കെതിരെ ‘ഇന്ത്യ’ മുന്നണി എത്രമാത്രം ശക്തമാണ്?

അത് ഈ തെരഞ്ഞെടുപ്പുകഴിഞ്ഞാലേ പറയാന്‍ പറ്റൂ. പല സംസ്ഥാനങ്ങളിലും പല ഘടകങ്ങളും വെവ്വേറെയാണ്. കേരളത്തിലെ രാഷ്ട്രീയത്തില്‍നിന്ന് ഭിന്നമായിരിക്കും മറ്റു സംസ്ഥാനങ്ങളില്‍, തമിഴ്‌നാട്ടില്‍ പോലും. തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. ഒരു ധാരണയുണ്ട്, ബി.ജെ.പി വലിയ ശക്തിയാണ് വടക്കേ ഇന്ത്യയില്‍ എന്ന്. തെറ്റായ ധാരണയാണത്. അതിന് ഒരു അടിസ്ഥാനവുമില്ല. വടക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച്, യു.പിയിലും ബിഹാറിലും വലിയ സ്വാധീനശക്തി ജാതിയാണ്. ഉയര്‍ന്ന ജാതികളും പിന്നാക്ക ജാതികളും തമ്മില്‍ ഒരു സമരം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് ഇന്ദിരാഗാന്ധിയുടെ വധം പോലുള്ള സംഭവങ്ങൾ നടന്നു. അതെല്ലാം വേറെ ചില ഘടകങ്ങളാണ്. അതെല്ലാം മാനസികമായ അവസ്ഥയെ സ്വാധീനിക്കുമെന്നുമാത്രം. അതുകൊണ്ട്, പലരും ധരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ബി.ജെ.പിക്ക്.

ഇന്ത്യ മുന്നണി / Photo: Quick Spice, Flickr
ഇന്ത്യ മുന്നണി / Photo: Quick Spice, Flickr

കാസ്റ്റിനെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ബി.ജെ.പിക്ക​ല്ലേ?

അല്ല, ബി.ജെ.പിക്കുള്ളത് അപ്പര്‍ കാസ്റ്റിന്റെ സ്വാധീനമാണ്. പണ്ട് അത് കോണ്‍ഗ്രസിനായിരുന്നു. ബ്രാഹ്മണ, ഭൂമിഹാര്‍ തുടങ്ങി വടക്കേ ഇന്ത്യയിലെ പ്രബല സമുദായങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ്.

ദലിത്, ഒ.ബി.സി വോട്ടുകള്‍ വോട്ടുബാങ്ക് എന്ന നിലയില്‍ ബി.ജെ.പിക്ക് ഉപയോഗപ്പെടുത്താനാകുന്നില്ലേ?

ദലിത് അവര്‍ക്കില്ല, അത് മായാവതിയുടെ ബി.എസ്.പിക്കാണ്. അപ്പര്‍ കാസ്റ്റിന്റെ വലിയൊരു ശക്തി ബി.ജെ.പിക്കുണ്ട്. അധികാരമുപയോഗിച്ച് അവര്‍ മറ്റു കാസ്റ്റുകളിലേക്ക് കയറിച്ചെല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ബിഹാറില്‍ നിതീഷ് കുമാറിനെ ഉപയോഗിച്ച്. നിതീഷ് കുമാര്‍ പക്ഷെ പിന്നണി ജാതികളില്‍ ഏറെ സ്വാധീനമുള്ള ഒരാളല്ല. അന്നുമിന്നും യാദവ് ആണ് അവിടുത്തെ ഏറ്റുവം വലിയ ജാതിയും രാഷ്ട്രീയ ശക്തിയും.

നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതിസന്ധിക്ക് കാരണമായി തോന്നുന്നത് എന്താണ്?സോണിയ- രാഹുൽ- പ്രിയങ്ക എന്ന നിലയ്ക്കുള്ള കുടുംബാധിപത്യ ലീഡർഷിപ്പ് ആണോ കോൺഗ്രസിനെ പുറകോട്ടുവലിയ്ക്കുന്നത്?

കോണ്‍ഗ്രസിന് ഇന്ന് സംഘടനാപരമായ പല ന്യൂനതകളുമുണ്ട്. ഏത് നേതൃത്വമായാലും അതിനെ എങ്ങനെ ഡീൽ ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അവസ്ഥ കൊള്ളാം, ചില സംസ്ഥാനങ്ങളില്‍ മോശമാണ്. ഗ്രൂപ്പു വഴക്കും മറ്റു പലതുമുണ്ടെങ്കിലും കേരളത്തില്‍ പൊതുവെ പറഞ്ഞാൽ മോശമില്ല. പക്ഷെ, ആഴത്തിലേക്കിറങ്ങിയാല്‍ പല ന്യൂനതകളും കാണാം.

രാഹുൽ ഗാന്ധി രണ്ട് ഭാരത് ജോ​​​ഡോ യാത്രകൾ നടത്തി. അവയിലൂടെ, ജനകീയമായ ഒരു ലീഡർഷിപ്പ് കോൺഗ്രസിനുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന് വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ കാണുമ്പോൾ തോന്നിപ്പോകും. രാഹുലിന്റെ നേതൃത്വത്തെ എങ്ങനെയാണ് കാണുന്നത്?

അത് പറയാന്‍ വിഷമമാണ്. ഞാന്‍ പറയുന്നത് ശരിയായിരിക്കില്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം കുറവാണ്. രാഷ്ട്രീയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള ഒരാളാകണമെങ്കില്‍ കുറച്ചുകൂടി കഴിയും എന്നാണ് എന്റെ അഭിപ്രായം.

ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി

അഴിമതിക്കെതിരായ ​ശക്തമായ ഫൈറ്റ് നടത്തിയ ആളാണ് താങ്കൾ. എന്നാല്‍ ഇപ്പോള്‍ അഴിമതി എന്നത് ഒരു ഇൻസ്റ്റിറ്റ്യൂഷൻ പോലെ, കോർപറേറ്റ് അഴിമതി എന്നത്, ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥാപനവൽക്കരിക്കപ്പെട്ട സംഭവമായി മാറിയിരിക്കുന്നു. രാഹുലിനെപ്പോലുള്ളവർ പാർലമെന്റിൽ അദാനിയുമായുള്ള മോദിയുടെ ബന്ധത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നുണ്ട്. എന്നാൽ, അഴിമതിക്കെതിരായ ഒരു ഫൈറ്റ് നടത്താൻ, സംഘടന എന്ന നിലയ്ക്ക് കോൺഗ്രസിന് കഴിയാത്തത് എന്തുകൊണ്ടാണ്?

കോണ്‍ഗ്രസിന്റെ സംഘടനാപരമായ പല ബലഹീനതകളില്‍ ഒന്നാണിത്. കോണ്‍ഗ്രസിനിപ്പോള്‍ അത്തരം പരിപാടികളോ അത് നടത്താന്‍ കെല്‍പ്പുള്ള കാഡറോ ഇല്ല. ആദ്യം അങ്ങനെയൊരു ഡയറക്ഷൻ കൊടുക്കേണ്ടിവരും.

സാറിന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം സോഷ്യലിസ്റ്റുകളോടൊപ്പമായിരുന്നുവല്ലോ. അവരുമായി വേര്‍പിരിഞ്ഞാണ് കോണ്‍ഗ്രസിലെത്തിയത്. ഇപ്പോൾ, സോഷ്യലിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പറയുന്ന നിതീഷ്കുമാറിനെപ്പോലുള്ള ഏറ്റവും പുതിയ ജനറേഷൻ, ബി.ജെ.പിയിലേക്ക് പോകുകയാണ്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ​ സോഷ്യലിസ്റ്റുകളുടെ റോൾ എന്താണ് എന്നാണ് തോന്നുന്നത്?

യു.പിയിലും ബിഹാറിലുമായിരുന്നു അവര്‍ക്ക് കൂടുതല്‍ സ്വാധീനം. ഡോ. രാം മനോഹ്യര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ അവർ ശക്തി പ്രാപിച്ചെങ്കിലും അത് കാസ്റ്റ് ബേസ്ഡ് മൂവ്‌മെന്റായി മാറി. വെറും കാസ്റ്റ്. അങ്ങനെ ഒരു പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ വിഷമമാണ്. മാത്രമല്ല, നെഹ്‌റു വിരുദ്ധ സമീപനത്തിന് ഒരടിസ്ഥാനവുമുണ്ടായിരുന്നില്ല. നെഹ്‌റുവിന്റെ പ്രത്യേക പരിപാടികളോ സമീപനങ്ങളൊ വിമര്‍ശനത്തിന് വിധേയമാക്കാം എന്നല്ലാതെ നെഹ്‌റു എന്തുതൊട്ടാലും അത് അയിത്തമാകും എന്ന സമീപനം ശരിയായിരിക്കുകയില്ല. പ്രത്യേകിച്ച് ഡോ. ലോഹ്യയെപ്പോലെ, നെഹ്‌റുവിന്റെ കൂടെ വര്‍ക്കു ചെയ്തുവന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇത് ശരിയായിരിക്കുകയില്ല എന്നാണ് പിന്നീട് എനിക്ക് തോന്നിയത്.

നെഹ്റുവിനൊപ്പം റാം മനോഹര്‍ ലോഹ്യ
നെഹ്റുവിനൊപ്പം റാം മനോഹര്‍ ലോഹ്യ

ഇന്ത്യയിലെ പ്രമുഖ പൊളിറ്റിക്കൽ ലീഡർഷിപ്പിനൊപ്പം വർക്കു ചെയ്തയാളാണ് താങ്കൾ. രാം മനോഹര്‍ ലോഹ്യ, വി.കെ. കൃഷ്ണമേനോന്‍, ഇന്ദിരാഗാന്ധി തുടങ്ങിയവർ. ആ അനുഭവം വച്ച്, ഇപ്പോഴത്തെ പൊളിറ്റിക്കൽ ലീഡർഷിപ്പിനെക്കുറിച്ച് എന്താണ് തോന്നുന്നത്?.

ഇപ്പോള്‍ പുതിയൊരു നേതൃത്വം ഉരുത്തിരിഞ്ഞുവരുന്നുണ്ട്. അത് പ്രാദേശികമായ പ്രശ്‌നങ്ങളുടെ പേരിലുള്ള സമീപനങ്ങളുാമയി ബന്ധപ്പെട്ടാണ്. അല്ലാതെ ദേശീയ കാഴ്ചപ്പാടില്‍നിന്നുകൊണ്ടല്ല. സ്വാഭാവികമായും അതിന് ദേശീയ സമീപനമില്ലാതാകുന്നു. അത് വളരെ ട്രാജിക്കാണ്. ഇക്കാര്യത്തിൽ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, ബി.ജെ.പിയും ആ വഴിക്കുതന്നെയാണ്. ബി.ജെ.പിക്ക് പക്ഷെ, ആര്‍.എസ്.എസിന്റെ സംഘടനാ പിന്‍ബലമുണ്ട്. ആര്‍.എസ്.എസ് വെറും വര്‍ഗീയ സമീപനമുള്ളവരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഹൈന്ദവ വര്‍ഗീയ സമീപനം വളരെ ആപല്‍ക്കരമാണ്, ഇന്ത്യയെ സംബന്ധിച്ച്.

ഉത്തരേന്ത്യയിൽ കോൺഗ്രസ് പല സന്ദർഭങ്ങളിലും ഹൈന്ദവ വർഗീയതയുടെ പു​റകേ പോകുന്നതായി കാണാറുണ്ടല്ലോ?

അത് വിവരമില്ലാത്തതുകൊണ്ടാണ്. അങ്ങനെ പോകേണ്ട ആവശ്യമില്ല, പോകുന്നത് തെറ്റാണ്, താല്‍ക്കാലിക നേട്ടങ്ങളുണ്ടാക്കാമെന്നു മാത്രം.

നരേന്ദ്ര മോദിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടോ?

കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് അവിടെയിവിടെയുമൊക്കെ കൊള്ളാം എന്ന നിലയ്ക്കാണ് ഇന്നത്തെ പോക്കു കണ്ടാല്‍ തോന്നുക. ചില സ്ഥലത്തൊക്കെ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍പന്തിയിലുണ്ട്, എല്ലാ സ്ഥലത്തും കഴിഞ്ഞിട്ടുമില്ല.

രാഹുല്‍ ഗാന്ധിയും കമല്‍നാഥും ഭാരാത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ മഹാകാളി ക്ഷേത്രത്തില്‍
രാഹുല്‍ ഗാന്ധിയും കമല്‍നാഥും ഭാരാത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ മഹാകാളി ക്ഷേത്രത്തില്‍

സംഘടനാപരമായ പ്രശ്‌നമാണോ, ലീഡര്‍ഷിപ്പിന്റെ പ്രശ്‌നമാണോ കോൺഗ്രസിനെ അലട്ടുന്നത്?

സംഘടനാപരം എന്നാൽ ലീഡര്‍ഷിപ്പും പെടുമല്ലോ.

മീഡിയ പേഴ്‌സണ്‍ എന്ന നിലയ്ക്കാ​ണല്ലോ ഡൽഹി ജീവിതം തുടങ്ങുന്നത്, മാതൃഭൂമി ലേഖകനായി…

മാതൃഭൂമിക്കുമുമ്പ് ബ്ലിറ്റ്‌സിലുണ്ടായിരുന്നു.

ഇപ്പോഴത്തെ മാധ്യമപ്രവർത്തനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്? പ്രത്യേകിച്ച്, നരേന്ദ്രമോദി അധികാരത്തിൽവന്നതിനുശേഷമുള്ള പത്തു വർഷങ്ങളിൽ മാധ്യമപ്രവർത്തനത്തിലുണ്ടായ മാറ്റം നിരീക്ഷിച്ചിട്ടുണ്ടോ?

ഇപ്പോള്‍ മാധ്യമങ്ങള്‍ ചെണ്ട കൊട്ടി നടക്കുന്നതുപോലെയാണ്. അധികാരത്തിലിരിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നിലയിലേക്ക് അധഃപ്പതിച്ചില്ലേ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്. അത്തരമൊരു രൂപവും ഭാവവുമാണ് ഇന്നത്തെ മീഡിയക്കുള്ളത്, പ്രത്യേകിച്ച് പത്രമാധ്യമങ്ങള്‍ക്ക്.

കേരളത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫിന് 20-ൽ 19 സീറ്റിലും ജയിക്കാൻ കഴിഞ്ഞു. ഇത്തവണ അങ്ങനെയൊരു വിജയം ആവർത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടോ?

അത്രയും എണ്ണം ഒരു പക്ഷെ ലഭിച്ചെന്നുവരില്ല. പക്ഷെ, അവര്‍ തന്നെയായിരിക്കും മുന്നില്‍ എന്നാണ് എന്റെ അഭിപ്രായം.

താങ്കളുടെ ഒരു പുസ്തകത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്, രണ്ടുവർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കമന്റ് പറഞ്ഞു; കോൺഗ്രസിൽ തിരിച്ചെത്തി മൂന്നു പതിറ്റാണ്ടോളം കെ.പി. ഉണ്ണികൃഷ്ണന്റെ കഴിവ് ഉപയോഗപ്പെടുത്തുന്നതിൽ കേരളത്തിലെ കോൺഗ്രസ് പരാജയപ്പെട്ടു എന്ന്. അങ്ങനെ തോന്നിയിട്ടുണ്ടോ?

ഞാന്‍ എന്നെക്കുറിച്ചുതന്നെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. മറ്റു പലര്‍ക്കും അതുമാതിരി അഭിപ്രായമുണ്ട്.
എനിക്ക് കഴിവുണ്ടോ എന്ന പ്രശ്‌നം, ഉണ്ടെങ്കില്‍ ഏതു നിലയ്ക്കാണ് ഞാനത് ഉപയോഗിച്ചത്.
ഞാന്‍ ഇന്ദിരാഗാന്ധിയുമായി വളരെ അടുപ്പമായിരുന്നു. അവരുടെ അടിയന്തരാവസ്ഥ ശരിയല്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ അവരോടുതന്നെ പറഞ്ഞിട്ടുളളതാണ്. അവര്‍ അത് മനസ്സിലാക്കിയ ഒരാളാണ്, ഞാന്‍ പറയുന്നത് ആത്മാര്‍ഥതയോടുകൂടിയാണ് എന്ന്. അങ്ങനെ ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവന്നു.

Comments