തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ- റെയിൽ) പദ്ധതിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്.
പദ്ധതിയുടെ സമഗ്ര പാരിസ്ഥിതികാഘാത പഠനം നടത്തി വിശദ പദ്ധതി രേഖ ജനങ്ങൾക്ക് ചർച്ചക്ക് നൽകണമെന്നും അതുവരെ പദ്ധതി നിർത്തിവെക്കണമെന്നും പരിഷത്ത് സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ദിനംപ്രതി യാത്ര ചെയ്യുന്നവരല്ല കേരളത്തിൽ കൂടുതലെന്നും റെയിൽവേ സർവീസിലൂന്നിയ പൊതുഗതാഗതം കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും പരിഷത്ത് അഭിപ്രായപ്പെട്ടു. റെയിൽ പാത ഇരട്ടിപ്പിക്കൽ, സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്തൽ എന്നിവയിലൂടെ വേഗത ഇപ്പോഴത്തേതിനേക്കാൾ കൂട്ടാനാകും.
സിൽവർ ലൈൻ പദ്ധതി പൂർത്തിയാകുമ്പോൾ രണ്ടു ലക്ഷം കോടി രൂപയാണ് വേണ്ടിവരിക. ഈ പണം കടം വാങ്ങേണ്ടിവരും. അത് കേരളത്തെ വലിയ കടക്കെണിയിലാക്കും.

പണി പൂർത്തിയാകുന്ന വർഷം, 2025-26ൽ പ്രതിദിനം 80,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 74 ട്രിപ്പും. ഒരു യാത്രയിൽ പരമാവധി 675 പേർ. യാത്രാക്കൂലി പരമാവധി 1500 രൂപ. ഈ കണക്കുവെച്ച് ടിക്കറ്റിൽനിന്ന് കിട്ടുന്ന പണം കൊണ്ട് കിഫ്ബി ഈടാക്കുന്ന നിരക്കിൽ പോലും കെ. റെയിലിന്റെ വായ്പക്ക് പലിശ നൽകാൻ കഴിയില്ല.
ലഭ്യമായ രേഖകൾ പ്രകാരം 88 കിലോമീറ്റർ പാടത്തിലൂടെയുള്ള ആകാശപാതയാണിത്. 4-6 മീറ്റർ ഉയരത്തിൽ തിരുവനന്തപുരം- കാസർകോട് വരെ മതിലുകളുണ്ടാകും. ആയിരക്കണക്കിന് വീടുകളും പൊതുകെട്ടിടങ്ങളും ഇല്ലാതാകും. പാത കടന്നുപോകുന്ന ഭൂമിയിൽ നല്ലൊരു ഭാഗം സി.ആർ.ഇസഡ് പരിധിയിൽ വരുന്നതാണ്. ജനങ്ങളെ വൻതോതിൽ കുടിയൊഴിപ്പിക്കേണ്ടിവരും. ഇത് വൻ പാരിസ്ഥിതികാഘാതം സൃഷ്ടിക്കും.
അതിവേഗ യാത്രക്കാർക്കായി കേരളത്തിലെ നാലും ഒപ്പം കോയമ്പത്തൂർ, മംഗാലപുരം വിമാനത്താവളങ്ങളും ചേർന്ന ചെലവു കുറഞ്ഞ കെ. എയർ പദ്ധതി ആലോചിക്കാൻ കഴിയില്ലേ? വിദേശ രാജ്യങ്ങളിൽ അതിവേഗ റെയിലിന്റെ ചെലവിനെയും വേഗതയെയും താരതമ്യം ചെയ്യുന്നത് വിമാനയാത്രയുമായി ബന്ധപ്പെടുത്തിയാണ്, പാസഞ്ചർ ട്രെയിനുകളുമായി ബന്ധപ്പെടുത്തിയല്ല.
കെ- റെയിലുമായി ബന്ധപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിഗമനങ്ങൾ വായിക്കാം.