സമുദായ
മുതലാളിത്തത്തിനും
ഹിന്ദുത്വത്തിനും
റദ്ദാക്കാനാകാത്ത ഗുരു

സാഹോദര്യവും അപരപ്രിയത്വവും സുപ്രധാന മൂല്യങ്ങളായി കാണുന്ന ശ്രീനാരായണഗുരുവിന്റെ ആശയലോകത്തെ കീഴ്പ്പെടുത്താൻ ഹിന്ദുത്വത്തിന് കഴിയില്ലെന്ന് എഴുതുന്നു കെ.എസ്. ഇന്ദുലേഖ.

മത്വവിരുദ്ധവും സഹിഷ്ണുതാരഹിതവുമായ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വമെന്നിരിക്കെ അതിന്, സാഹോദര്യവും അപരപ്രിയത്വവും സുപ്രധാന മൂല്യങ്ങളായി കാണുന്ന ശ്രീനാരായണഗുരുവിന്റെ ആശയലോകത്തെ കീഴ്പ്പെടുത്താനാകില്ല.

ഏതുവിധേനയും ഗുരുവിനെ ഹിന്ദുത്വവല്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സംഘപരിവാർ നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഇതിനെതിരെ ശ്രീനാരായണപ്രസ്ഥാനങ്ങൾക്കകത്തുനിന്നുതന്നെ പ്രതിരോധങ്ങളുയർന്നുവരികയും ഗുരുദർശനത്തിൻ്റെ വെളിച്ചത്തിൽ അതിനെ ചെറുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ശ്രീനാരായണപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവരെ ഉപയോഗിച്ചുതന്നെ ഹിന്ദുത്വപ്രചാരണം നടത്തുവാൻ വർഗീയ ശക്തികൾക്ക് കഴിയുന്ന സാഹചര്യം സംജാതമായിരിക്കുന്നു. കേരളത്തിൻ്റെ മതനിരപേക്ഷ മനഃസാക്ഷിയെ തകർത്തുകളയുന്ന ഒന്നായി അപകടകരമായ ഈ പ്രവൃത്തി മാറിത്തീർന്നിട്ടുണ്ട്.

ജാതിയും മതവും വിട്ട ഗുരുവിനെ ഒരു പ്രത്യേക മതത്തിൻ്റെ മാത്രം ആളായി ചിത്രീകരിക്കുന്നവർ പരത്താൻ ശ്രമിക്കുന്ന ഇരുട്ട് ഗുരുവചനങ്ങളുടെ പ്രകാശത്തിലൂടെ ദൂരികരിക്കാനാവുകതന്നെ ചെയ്യും.

ഗുരുവിൻ്റെ ആശയലോകത്തെ മുൻനിർത്തി വർഗീയതയുടെ അന്ധകാരത്തെ ഉന്മൂലനം ചെയ്യാനുള്ള ദൗത്യം കേരളീയ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ‘ഒരുപീഡയെറുമ്പിനും വരുത്തരുതെന്ന’ അനുകമ്പയുടെ സന്ദേശവുമായി ജീവിച്ച ഗുരുവിനെ അപരഹിംസയിലാനന്ദിക്കുന്ന വർഗീയവാദികൾക്ക് വിട്ടുകൊടുക്കുന്നതിൽപരം ഗുരുനിന്ദ വേറെയില്ലല്ലോ.

പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം
എന്ന ‘ആത്മോപദേശശതക’ത്തിലെ വരികൾ ഗുരുവിൻ്റെ അപരത്വസങ്കൽപ്പത്തെ വ്യക്തമാക്കുന്നുമുണ്ട്.

അപരരോടുള്ള കരുതലിൽ മാനവികതയും ജനാധിപത്യവും ഉള്ളടങ്ങിയിട്ടുണ്ട്. ഗോത്രബോധത്തിൻ്റെ സങ്കുചിതത്വത്തിൽനിന്നും കലഹവിചാരങ്ങളിൽനിന്നും വിമുക്തി നേടുമ്പോൾ മാത്രമാണ് മനുഷ്യകുലത്തിലെ ഒരംഗത്തിന് അപരപ്രിയത്തെപ്പറ്റി ചിന്തിക്കാനാവുക. ഇത്തരമൊരു വിമുക്തി സ്വയം കൈവരിക്കുകയും ഒരു സമൂഹത്തെയാകെ ആ മൂല്യബോധത്തിലേക്ക് മനോഹരമായി പരിവർത്തിപ്പിക്കുകയും ചെയ്തിടത്താണ് ഗുരുവിൻ്റെ പ്രസക്തി. അദ്ദേഹത്തിൻ്റെ പ്രവൃത്തികളത്രയും മനുഷ്യരെ ഒന്നായിച്ചേർക്കുന്നതായിരുന്നു. അരുവിപ്പുറത്തെ പാറയിൽ ശിവനെ പ്രതിഷ്ഠിച്ച ഗുരു ദൈവാധികാരം പൗരോഹിത്യത്തിൽനിന്ന് പിടിച്ചുവാങ്ങി സാധാരണ മനുഷ്യർക്കു നൽകുക മാത്രമല്ല ചെയ്തത്, മനുഷ്യർക്ക് ഒന്നായിച്ചേരാനുള്ള വിശാലലോകം സൃഷ്ടിക്കുകകൂടിയായിരുന്നു.

അരുവിപ്പുറത്തെ പാറയിൽ ശിവനെ പ്രതിഷ്ഠിച്ച ഗുരു ദൈവാധികാരം പൗരോഹിത്യത്തിൽനിന്ന് പിടിച്ചുവാങ്ങി സാധാരണ മനുഷ്യർക്കു നൽകുക മാത്രമല്ല ചെയ്തത്, മനുഷ്യർക്ക് ഒന്നായിച്ചേരാനുള്ള വിശാലലോകം സൃഷ്ടിക്കുകകൂടിയായിരുന്നു.
അരുവിപ്പുറത്തെ പാറയിൽ ശിവനെ പ്രതിഷ്ഠിച്ച ഗുരു ദൈവാധികാരം പൗരോഹിത്യത്തിൽനിന്ന് പിടിച്ചുവാങ്ങി സാധാരണ മനുഷ്യർക്കു നൽകുക മാത്രമല്ല ചെയ്തത്, മനുഷ്യർക്ക് ഒന്നായിച്ചേരാനുള്ള വിശാലലോകം സൃഷ്ടിക്കുകകൂടിയായിരുന്നു.

‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
എന്ന് ഗുരു വിഭാവനം ചെയ്യുന്നത് കേവലം തൻ്റെ പുതിയ അമ്പലപ്പറമ്പിനെയല്ലെന്നും കോടാനുകോടി മനുഷ്യരധിവസിക്കുന്ന ഈ വിശാലഭൂമിയെ ഒട്ടാകെയാണെന്നും തിരിച്ചറിയുമ്പോഴാണ് നാം ഗുരുവിലേക്ക് വളരുന്നത്. ഈ വളർച്ച കൈവരിക്കാത്തവർ ഗുരു രൂപീകരിച്ച സംഘടനകളുടെ തലപ്പത്തിരിക്കുന്നു എന്നതാണ് ഇന്നിൻ്റെ ദുര്യോഗം.

‘‘നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗ്ഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു" എന്ന് ഗുരു പരസ്യം ചെയ്യുന്നുണ്ട്. ഇതിലെ ‘ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും’ എന്ന പ്രസ്താവനയിലൂടെ, തന്നെ പൂർണാർത്ഥത്തിൽ ഗ്രഹിക്കാനുള്ള വിശാലത കൈവരിക്കാത്തവരെ ഗുരു ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രകാശിക്കുന്ന വിളക്കുമരത്തിൻ്റെ ചുവട്ടിലെ ഇത്തിരി വെട്ടത്തിലൊളിച്ചിരിക്കുന്നവരാണ് അവരെന്ന് അത്തരക്കാരെക്കുറിച്ച് ഗുരുവിൻ്റെ മതാതീതമായ ആത്മീയതയെ മനസ്സിലാക്കിയവർ നിരീക്ഷിച്ചിട്ടുമുണ്ട്.

ഇന്ന് ഇരുട്ടിൻ്റെ ലോകത്തിൻ്റെ വിസ്തീർണം വർദ്ധിക്കുകയും അതിൽ കൂടാരംകെട്ടി ജീവിക്കാൻ കൂട്ടത്തോടെ മനുഷ്യർ ചെന്നുചേരുകയുമാണ്. ഈ സാഹചര്യത്തിൽ നിരാശയുടെ പടുകുഴിയിലേക്ക് വീണു പോകുന്നതിനുപകരം ഗുരു സൂചിപ്പിച്ചപോലെ ഇരുട്ടിനുമേൽ വെളിച്ചമായി മാറുകയാണ് നമ്മൾ ചെയ്യേണ്ടത്.

ഇരുളടഞ്ഞുകിടന്ന മുറിയുടെ ഒരു ഉപമ ഗുരുവിൻ്റെ മൊഴികളിലുണ്ട്. വർഷങ്ങളോളം ഇരുളടഞ്ഞുകിടന്ന മുറിയിൽ വെളിച്ചം വരാൻ ഒരു വിളക്കുവക്കുന്ന സമയം മതി, അല്ലാതെ അത് ഇരുട്ടിൽ കിടന്ന കാലത്തോളം സമയം വേണ്ടല്ലോ എന്ന് ഗുരു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജാതിയും മതവും വിട്ട ഗുരുവിനെ ഒരു പ്രത്യേക മതത്തിൻ്റെ മാത്രം ആളായി ചിത്രീകരിക്കുന്നവർ പരത്താൻ ശ്രമിക്കുന്ന ഇരുട്ട് ഗുരുവചനങ്ങളുടെ പ്രകാശത്തിലൂടെ ദൂരികരിക്കാനാവുകതന്നെ ചെയ്യും.

സഹജീവിതത്തിൻ്റെ അനുഭവപാഠങ്ങളിൽ നിന്നും കൂടി ഉരുവം കൊണ്ട ഒന്നാണ് ശ്രീനാരായണ ഗുരുവിൻ്റെ മതാതീത ജീവിതദർശനമെന്നിരിക്കെ അതിനെയപ്പാടെ റദ്ദു ചെയ്യാൻ ഗുരുവിനെ വില്പനച്ചരക്കായിമാത്രം കാണുന്ന സമുദായ മുതലാളിത്തത്തിനാവില്ല.

‘‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്ന് യാതൊരു ദോഷവുമില്ല’’ എന്ന് സ്വന്തം കൈപ്പടയിലെഴുതി ഒപ്പിട്ടു നൽകിയ ഗുരുവിനെ നമുക്കറിയാം. സഹോദരൻ അയ്യപ്പന് ശ്രീനാരായണഗുരു എഴുതിനൽകിയ മഹാസന്ദേശമാണിത്. ഗുരുവിൻ്റെ വാക്കുകൾ ചരിത്രത്തിൽ നിലനിൽക്കുന്നിടത്തോളം ഗുരുവിനെ വേഷത്തിൻ്റെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ വെറുപ്പും വിദ്വേഷവും ഹിംസയും നടത്തുന്നവർക്ക് സ്വന്തമാക്കാനാകില്ല.

ഗുരുവിൻ്റെ വിയോഗത്തെത്തുടർന്ന് സഹോദരൻ അയ്യപ്പൻ എഴുതിയ സമാധിഗാനത്തിൽ ഗുരുവിൻ്റെ മതദർശനത്തെ ലളിതമായി വിശദീകരിക്കുന്നുണ്ട്:

"മതമേതായാലും മനുജൻ‍ നന്നായാൽ
മതിയെന്നുള്ളൊരു സ്വതന്ത്രവാക്യത്താൽ
മതനിഷേധവും മതസ്ഥാപനവും
പരിചിൽ‍ സാധിച്ച പരമസദ്ഗുരോ’’ എന്ന് ശിഷ്യൻ ഗുരുവിനെ കാണുന്നു.

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഗുരുവചനത്തെ ‘സ്വതന്ത്രവാക്യം’ എന്നാണ് അയ്യപ്പൻ വിശേഷിപ്പിക്കുന്നത്. മതത്തിൻ്റെ മതിലുകൾക്കകത്ത് തളച്ചിടപ്പെട്ട മനുഷ്യരെ സ്വതന്ത്രരാക്കുന്ന വാക്യം എന്ന അർത്ഥത്തിലും ഇതെടുക്കാം. സങ്കുചിതമായ വിഭാഗീയ ചിന്തകളിൽ നിന്ന് മാനവികതയുടെ വിശാലതയിലേക്ക് മനുഷ്യർ ചിറകുവിരിക്കുമ്പോൾ കൈവരുന്ന ചിന്താസ്വാതന്ത്ര്യവും പ്രവൃത്തിസ്വാതന്ത്ര്യവും വ്യവഹാരസ്വാതന്ത്ര്യവും സീമാതീതമാണ്. അതുവരെ തങ്ങളുടെ ഓരോ ദൈനംദിന വ്യവഹാരങ്ങൾക്കുപോലും ആചാരങ്ങളുടെ സമ്മതിയും മാമൂലുകളുടെ സാധുതയും മതത്തിൻ്റെ പ്രമാണവുമുണ്ടോയെന്നു നോക്കി മാത്രം പ്രവൃത്തിച്ചിരുന്ന മനുഷ്യർക്ക് മതത്തെ കൂസാതെ ജീവിക്കാനുളള ആത്മബലം നൽകുന്ന വാക്യം കൂടിയാണ് ഗുരുവിൻ്റേത്. മനുഷ്യർ തമ്മിലുള്ള നിത്യവ്യവഹാരങ്ങളിൽ മതത്തിനേക്കാൾ മേലെ മനുഷ്യാന്തസ്സിനെ പ്രതിഷ്ഠിക്കുന്ന മഹാവാക്യം കൂടിയാണത്. മതത്തെ ഈവിധം വിശദീകരിച്ച ഗുരുവിനെ ഹിന്ദുത്വശക്തികൾക്ക് അടിയറവയ്ക്കാൻ ഒരു സമുദായ നേതാവിനെയും കേരളം അനുവദിക്കില്ല.

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഗുരുവചനത്തെ ‘സ്വതന്ത്രവാക്യം’ എന്നാണ് സഹോദരൻ അയ്യപ്പൻ വിശേഷിപ്പിക്കുന്നത്. മതത്തിൻ്റെ മതിലുകൾക്കകത്ത് തളച്ചിടപ്പെട്ട മനുഷ്യരെ സ്വതന്ത്രരാക്കുന്ന വാക്യം എന്ന അർത്ഥത്തിലും ഇതെടുക്കാം.
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഗുരുവചനത്തെ ‘സ്വതന്ത്രവാക്യം’ എന്നാണ് സഹോദരൻ അയ്യപ്പൻ വിശേഷിപ്പിക്കുന്നത്. മതത്തിൻ്റെ മതിലുകൾക്കകത്ത് തളച്ചിടപ്പെട്ട മനുഷ്യരെ സ്വതന്ത്രരാക്കുന്ന വാക്യം എന്ന അർത്ഥത്തിലും ഇതെടുക്കാം.

തങ്ങളുടെ മനസ്സിലുള്ള അപരമതവിദ്വേഷം ഗുരുവിലേക്ക് വ്യാപിപ്പിക്കാൻ  ശ്രമിക്കുന്നവർ ഗുരുവിൻ്റെ ഒരു ജീവചരിത്രമെങ്കിലും വായിച്ചു നോക്കേണ്ടതുണ്ട്. നാരായണഗുരുസ്വാമിയിൽ എം. കെ. സാനു ഉദ്ധരിക്കുന്ന ഒരു ഉദ്ധരണിയുണ്ട്:

‘‘സ്വാമികൾ ത്യാഗിയായി തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് അവിടുത്തെ ആദരിച്ചത് അധികവും തമിഴരും ചുരുക്കം നായന്മാരും ആയിരുന്നു. ഡോക്ടർ പല്പുവിൻ്റെ കുടുംബം ഒന്നൊഴികെ ഈഴവരാരും സ്വാമികളെ ആദരിച്ചില്ലെന്നു മാത്രമല്ല, പലരും ഭ്രാന്തനെന്നും മറ്റും പറഞ്ഞു നിന്ദിക്ക പോലും ചെയ്തിട്ടുണ്ട്. എന്നാൽ ഡോക്ടർ പല്പുവിൻ്റെ വീട്ടിൽച്ചെന്ന് പലപ്പോഴും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. നാടാൻന്മാരുടെയും ചാന്നാന്മാരുടെയുംകൂടെ സ്വാമികൾ സഹവസിക്കുകയും ക്രിസ്ത്യാനികളുടെയും മുസൽമാന്മാരുടെയും സ്നേഹ ബഹുമാനങ്ങൾക്കു പാത്രമാവുകയും ചെയ്തിരുന്നു. മുസൽമാന്മാരുടെ കൂടെ ഒന്നിച്ചുപഴകിയിരുന്നുവെന്നുമാത്രമല്ല, അവർ ബിരിയാണിയും പുലാവും കോഴിക്കറിയും മറ്റും ഉണ്ടാക്കി സ്വാമികൾക്കു പലപ്പോഴും വിരുന്നുകൊടുത്തുമിരുന്നു. അവരുടെ കൂടെ ഒന്നിച്ചു പലരും കൂടി ഒരേ പാത്രത്തിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ടെന്നും സ്വാമികൾ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്’’.

സഹജീവിതത്തിൻ്റെ അനുഭവപാഠങ്ങളിൽ നിന്നും കൂടി ഉരുവം കൊണ്ട ഒന്നാണ് ശ്രീനാരായണ ഗുരുവിൻ്റെ മതാതീത ജീവിതദർശനമെന്നിരിക്കെ അതിനെയപ്പാടെ റദ്ദു ചെയ്യാൻ ഗുരുവിനെ വില്പനച്ചരക്കായിമാത്രം കാണുന്ന സമുദായ മുതലാളിത്തത്തിനാവില്ല.

തങ്ങളുടെ മനസ്സിലുള്ള അപരമതവിദ്വേഷം ഗുരുവിലേക്ക് വ്യാപിപ്പിക്കാൻ  ശ്രമിക്കുന്നവർ ഗുരുവിൻ്റെ ഒരു ജീവചരിത്രമെങ്കിലും വായിച്ചു നോക്കേണ്ടതുണ്ട്.

ഗുരുവിൻ്റെ മതദർശനത്തെക്കുറിച്ച് ഗുരു നേരിട്ട് വിശദീകരിക്കുന്ന വാക്യങ്ങൾ സാനു മാഷ് എഴുതിയ ജീവചരിത്രത്തിൽ കാണാം:

‘‘എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നു തന്നെ. നദികൾ സമുദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ? ജീവാത്മാക്കൾക്ക് ഊർദ്ധമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാൽ സൂക്ഷ്മം താനെ അന്വേഷിച്ചു കണ്ടെത്തികൊള്ളും. സൂഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗ്ഗദർശികൾ മാത്രമാണ് മതങ്ങൾ. സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവൻ പ്രമാണമാണ്’’.

മതത്തിൻ്റെ പ്രാമാണികതയിൽ വിശ്വസിക്കാത്ത, യുക്തിയിലും അനുഭവത്തിലും അന്വേഷണത്തിലും ഊന്നി സ്വന്തം ദർശനം രൂപപ്പെടുത്തിയെടുത്ത ഒരു ദാർശനികനെ അദ്ദേഹം അടിത്തറ തകർത്തുവിട്ട ഒരു മനുഷ്യത്വവിരുദ്ധ സംഹിതയുടെ ആളായി ചിത്രീകരിക്കുന്ന ചരിത്രവിരുദ്ധതക്ക് നിലനിൽപ്പില്ലെന്ന സത്യം താല്ക്കാലിക നേട്ടത്തിനായി അത്തരം പ്രവൃത്തികളിലേർപ്പെടുന്നവർ മനസ്സിലാക്കണം.

ശ്രീനാരായണഗുരു ആലുവയിൽ വിളിച്ചുചേർത്ത സർവമതസമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തിയത് സ്വാമി സത്യവ്രതനാണ്. അദ്ദേഹം ആ പ്രസംഗം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനമെന്ന് ഞങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുന്നത് എന്തൊകൊണ്ടെന്ന് മഹാജനങ്ങൾക്കിപ്പോൾ വിശദമായെന്ന് വിശ്വസിക്കുന്നു".

നൂറു വർഷങ്ങൾക്കിപ്പുറവും അത് മനസ്സിലാകാത്തവർ ഗുരു സ്ഥാപിച്ച സംഘടനകളുടെ തലപ്പത്തുപോലുമുണ്ടെന്ന് അവരിൽ ചിലരുടെ പ്രസ്താവനകൾ തെളിയിക്കുന്നു.


Summary: K.S. Indulekha writes that Hindutva cannot suppress Sree Narayana Guru’s ideals of love, equality which remain timeless and powerful.


കെ.എസ്​. ഇന്ദുലേഖ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ‘ശിൽപകലയും സംസ്കാര ചരിത്രവും: കേരളത്തി​ലെ മാതൃകകൾ മുൻനിർത്തിയുള്ള പഠന’ത്തിൽ ഗവേഷണം പൂർത്തിയാക്കി. കലാചരിത്രം, സംസ്കാര ചരിത്രം, നവോത്ഥാനം, സ്ത്രീമുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തുന്നു

Comments